ശ്രീമഹാഭാഗവതം/പ്രഥമസ്കന്ധം/വേദവ്യാസന് നാരദൻ ചെയ്ത ഭാഗവതോപദേശം
←സൂതൻ ശൗനകാദികൾക്ക് ചെയ്യുന്ന ഭാഗവതോപദേശം | ഭാഗവതം കിളിപ്പാട്ട് (കിളിപ്പാട്ട്) രചന: വേദവ്യാസന് നാരദൻ ചെയ്ത ഭാഗവതോപദേശം |
പരീക്ഷിത്തിന്റെ ജനനം→ |
ഇങ്ങനെ കേട്ടനേരം ശൗനകമഹാമുനി
മംഗലനായസൂതൻ തന്നോടു ചോദ്യം ചെയ്തു:-
‘ഏതൊരു കാലത്തിങ്കലാരുടെനിയോഗത്താ-
ലേതൊരു ദേശത്തുനിന്നെന്തൊരുനിമിത്തമായ്
ബാദരായണൻ മുനി ചമച്ചു ഭാഗവതം?
ഏതുമൊന്നിലുമൊരുകാംക്ഷയില്ലാത്ത ശുകൻ
ആദരാലതു പഠിച്ചീടുവാനെന്തുമൂലം?
എന്തിനു പരീക്ഷിത്തു ദീക്ഷിച്ചിതനശനം?
ബന്ധമെന്തവനു ശ്രീശുകനെ കണ്ടെത്തുവാൻ?
തങ്ങളിലുണ്ടായൊരു സംവാദനിമിത്തവു-
മെങ്ങനെയെന്നു നമ്മോടൊക്കവേ പറയണം.’
എങ്കിലോ കേൾപ്പിൻ മുന്നം ദ്വാപരയുഗത്തിങ്കൽ
പങ്കചവിലോചനനാകിയ നാരായണൻ
ശ്രീപരാശരസുതനായവതരിച്ചിതു
താപസനായിസ്സത്യവതിയാം നാരിതന്നിൽ
ലോകാനുഗ്രഹപരനായ വേദവ്യാസൻ
വേഗേന സരസ്വതീതീരത്തെ പ്രാപിച്ചുടൻ
ധ്യാനതല്പരനായിട്ടുള്ളിലെക്കണ്ണുകൊണ്ടു
മാനസമുറപ്പിച്ചു നോക്കിയ നേരത്തിങ്കൽ
വന്നിതു കലിയുഗമെന്നതുകാണായ വന്നു.
മുന്നേതിൽക്കുറയുന്ന ധർമ്മവും കാണായ്‌വന്നു,
കാലദോഷത്താൽ കുറഞ്ഞീടുന്ന ധർമ്മത്തിന്റെ
പാലനം ചെയ്‌വാനായിട്ടക്കാലം മുനിവരൻ
നാലായിപ്പകുത്തുവേദത്തെയതുപിന്നെ
നാല്വർക്കും പഠിപ്പിച്ചു വെവ്വേറെയോരോന്നെല്ലാം
വേദത്തിൻ പൊരുൾ വെളിച്ചത്തുകാട്ടീടുവാനാ-
യാദരാൽ പുരാണങ്ങൾ ചമച്ചു പഠിപ്പിച്ചു.
ലോകാനുഗ്രഹാർത്ഥമായിങ്ങനെ ചെല്ലും കാലം
വ്യാകുലം തീർന്നു ബുദ്ധിനന്നായിത്തെളിഞ്ഞീല.
എന്തൊരു കുറവെനിക്കിങ്ങനെ വന്നീടുവാൻ
ചിന്തിച്ചാലൊരുമൂലമെന്നെല്ലാം പലതരം
ചിന്തിച്ചുചിന്തിച്ചിരുന്നീടിനകാലത്തിങ്കൽ
അന്തരാകാണായ് വന്നു നാരദമുനിയേയും.
അന്തികേ കാണായ് വന്ന നാരദമുനീന്ദ്രനെ
സന്തോഷം വളർന്നൊരു വേദവ്യാസനുമേറ്റം
ഭക്തിപൂണ്ടെഴുന്നേറ്റുവന്ദിച്ചു നമസ്കരി-
ച്ചർഗ്ഘ്യ പാദ്യാദികളാലർപ്പിച്ചു പൂജിച്ചപ്പോൾ
സല് ക്കാരകുശല പ്രശ്നാദികൾ കഴിച്ചുടൻ
മുഖ്യനാം വേദമുനി നാരദനരുൾ ചെയ്തു:-
വിഖ്യാതഗുണാബുധേ, കേൾക്കണമിതു ഭവാ-
നുൾക്കാമ്പിലുണർവേറ്റമുണ്ടല്ലോ നിനക്കെന്നാൽ
ഋഗ്യജുസ്സാ മ്നായ ഭാഗാദികൾ ജഗത് ത്രയ
ഭദ്രസാധനം സർവ്വലോകസമ്മതം നൂനം.
വിസ്മയോദിതം ഭഗവദ്യശസ്സഹിതമായ്
തത്സമർപ്പണം ചെയ്കിലെത്രയുമത്യുത്തമം
ഭഗവദ്യശോയുതമല്ലായും പ്രബന്ധങ്ങൾ
സുഖമേ ശോഭിക്കയില്ലെന്നു കേട്ടിരിക്കുന്നു;
കവിനായകനായ നിന്മനോമാലിന്യവും
ഇവിടെ നീങ്ങീടാനായ്‌വാനതു കാരണം തന്നെ
സർവ്വലോകാനുഗ്രഹകരസാധനം തവ
സർവലോകേശനായഭഗവദ്യശസ്സോടു
സർവൈകസമ്മതമായുള്ളൊരുപുരാണം നീ
ചമയ്ക്ക വേണമിനിയെന്നാൽ നിന്മനസ്സപ്പോൾ
രമിക്കും പരമാത്മാവോടു ചേർന്നനുദിനം.
ക്രമത്താലാത്മാവിങ്കലഖിലകർമ്മങ്ങളും
സമർപ്പിച്ചിരിക്കുമ്പോളുദിക്കുമാത്മജ്ഞാനം
ജ്ഞാനമുണ്ടാകുന്നേരം മാനസമലിനങ്ങൾ
താനേപോയകന്നീടുമില്ല സംശയമേതും.
ഞാനൊരു ശൂദ്രൻ പണ്ടു ഭൂദേവകുലാജ്ഞയാ
മാനസഭക്ത്യാ സന്യാസികളെപ്പൂജിക്കയാൽ
കാരുണ്യം വളർന്നനുഗ്രഹിച്ചാരവരതു
കാരണമാത്മജ്ഞാനതല്പരനായോരെന്റെ
മാതാവുമരിച്ചതു ദൈവാനുഗ്രഹമെന്നോർ-
ത്തേതുമേ മനസ്താപമതിങ്കലുണ്ടാകാതെ
കേവലം ശേഷക്രിയചെയ്തുടൻ പുറപ്പെട്ടു
ഭാവനാവശാൽ സർവം ത്യജിച്ചു ജിതേന്ദ്രിയ
ഭഗവദ്ധ്യാനത്തോടുകൂടവേ വനം പുക്കു
ഭഗവതുപാസനാരതനായ് വാഴും കാലം
ധ്യാനവിസ് ഫുരിതനാമീശ്വരഗുണരൂപം
കാണാഞ്ഞു പരിഭ്രമിച്ചീടിനോരെനിക്കൊരു
വാണിചെഞ്ചെമ്മെ കേൾക്കായ് വന്നിതു നിനക്കെന്നെ-
ക്കാണണമെങ്കിലവകാശമില്ലിജ്ജന്മത്തിൽ;
താനേവന്നെത്തും മേലിലെന്നതുകേട്ടനേരം
ആനന്ദസമുദ്രത്തിൽ വീണുടൻ മുഴുകി ഞാൻ
മാനസഭക്ത്യാ ഭഗവദ്യശസ്സുകളേയും
ഗാനം ചെയ്തെങ്ങും നടന്നായുശ്ശേഷത്താലുള്ള
കാലങ്ങൾ കഴിച്ചേഴാം ബ്രഹ്മാനന്ദനനിപ്പോൾ
കാലാത്മാകാലംകൊണ്ടു സർവ്വവും സാധിപ്പിക്കും
എന്നെല്ലാം ഭഗവന്മാഹാത്മ്യങ്ങളരുൾ ചെയ്തു
പിന്നെയങ്ങുടനാത്മജ്ഞാനോപദേശത്തെയും
നിർണ്ണയാത്മകപ്രതിബിംബപാദാഗ്രദ്വന്ദ്വ-
മണ്ഡലം തന്നിൽ കാട്ടിക്കൊടുത്തു തെളിവോടെ
സന്ദേഹമൊഴിച്ചുറപ്പിച്ചെഴുന്നള്ളീടിനാൻ
വന്ദ്യനാം ദേവമുനിനാരദനതുകാലം.
പിന്നെയും സരസ്വതിതന്നുടെ തീരത്തിങ്കൽ
പർണ്ണശാലയിൽ തത്രവസിച്ചു വേദവ്യാസൻ
ബ്രഹ്മോപാസനംകൊണ്ടു ശുദ്ധമായ് ചമഞ്ഞൊരു
നിർമ്മലാത്മനാ പരമേശ്വരതത്ത്വത്തെയും
മായാകാരണമായ സംസാരബന്ധത്തെയും
മായാസംബന്ധം തീർപ്പാനുള്ള സാധനങ്ങളിൽ
ഭക്തിയോഗത്തെയും കണ്ടുൾക്കാമ്പിലുറപ്പിച്ചു
മുക്തി സന്മാർഗ്ഗപ്രതിപാദൈകകരണീയം
ശ്രീഭാഗവതം ചമച്ചീടിനാനതിഭക്ത്യാ
ശ്രീശുകൻ പഠിച്ചതു വിസ്തരിക്കയും ചെയ്തു
സൂതനാലുദിതമായിങ്ങനെ കേൾക്കായപ്പോൾ
പ്രീതനായ് മഹാമുനി ശൗനകൻ ചോദ്യം ചെയ്താൻ.