ശ്രീമഹാഭാഗവതം/പഞ്ചമസ്കന്ധം/മനുപുത്രനായ പ്രിയവ്രതന്റെ ചരിത്രം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മനുപുത്രനായ പ്രിയവ്രതചരിത്രം
ശ്രീശുകമഹാമുനി ശ്രീപരീക്ഷിത്തിനോടു'

കേശവചരിതങ്ങളാശയം തെളിവാനായ്
ആശുചൊല്ലിയതെല്ലാം സൂതനാം വ്യാസശിഷ്യ-
നാശീർവാദവും ചെയ്തു ശൗനകാദികൾക്കെല്ലാം
ഏഷണാദികളായ പാശങ്ങൾ നശിപ്പിപ്പാൻ
ദോഷമെന്നിയെചൊന്നരദ്ധ്യാത്മസാരമിപ്പോൾ
ശീശുകപ്പൈതലേ! നീ ചൊല്ലേണമെന്നോടെല്ലാ-
മാശകളകന്നുള്ളിലാനന്ദം വരും വണ്ണം
കേൾപ്പിപ്പാൻ പണിയതു പറഞ്ഞാലെനിക്കിപ്പോൾ
കേൾപ്പതിന്നപേക്ഷയുണ്ടെങ്കിലോ കേട്ടുകൊൾവിൻ
കേൾപ്പിപ്പാൻ പാതമല്ല ഞാനതെന്നിരിക്കിലും
താല്പര്യാർത്ഥമായൊട്ടു ചുരുക്കിപ്പറഞ്ഞീടാം.
സ്ഥാനമായതു ജഗദ്രക്ഷയെന്നറിഞ്ഞാലും.
രക്ഷിതമായിട്ടുള്ള ലോകസംസ്ഥാനങ്ങളും
ദിഗ്വിശേഷത്താലുണ്ടാമായുർഭേദാദികളും
ലോകത്തെപ്രിയവ്രതനാകിയ മനുപുത്രൻ-
തന്നുടെ ചരിതത്തെ ചൊല്ലുന്നു നടേയെങ്കിൽ;
സാരമാം നിവൃത്തിമാർഗ്ഗത്തെ വിസ്തരിച്ചൊക്കെ
നാരദനുപദേശിച്ചീടിനാനതുമൂലം
പാരിതു പാലിക്കെന്നു താതന്റെ നിയോഗത്തെ-
പ്പാരമൊന്നനുവദിച്ചീലേതും പ്രിയവ്രതൻ.
അക്കാലം വിധാതാവു താൻ തന്നെയെഴുന്നള്ളി
മുഖ്യനാം പൗത്രനോടു സല്ക്കർമ്മമരുൾ ചെയ്തു;
‘ഞാൻ പറയുന്നതിനെക്കേട്ടുകൊൾ കുമാരാ! നീ;
സാമ്പ്രതമതുകൊണ്ടു മോക്ഷത്തെ പ്രാപിച്ചീടാം.
ഈശ്വരൻ തന്നെ നിന്ദിച്ചീടൊലാ കുറഞ്ഞൊന്നു-
മീശ്വരാജ്ഞയാ തന്നെ ലോകങ്ങൾ വർത്തിക്കുന്നു;
ആരാലുമതിക്രമിക്കാവതില്ലിതു നൂനം.
നേരുള്ള മുക്തന്മാരായുള്ളവർ പോലുമൊക്കെ,
തങ്ങൾക്കു കർമ്മക്ഷയം വരുവോളം നാളേയ്ക്കു
തങ്ങടെ‍ ശരീരത്തെ രക്ഷിച്ചീടുന്നുവല്ലോ.
കേൾക്ക നീ മുമുക്ഷുവായിരിക്കുന്നവനേതു-
മോർക്കുമ്പോൾ ബന്ധമില്ലഗൃഹസ്ഥാശ്രമം കൊണ്ടും
ആകയാൽ നീയുമിന്നു ഭഗവൽ പാദാബുജം
ശോകശാന്തിക്കു നന്നായാശ്രയിച്ചെന്റെ ചൊല്ലാൽ
മഹത്വം വളരുമാറിരുന്നു വഴിപോലെ
ഗൃഹസ്ഥാശ്രമമവലംബിക്കമടിയാതെ;
ഈശ്വരാർപ്പണമായിക്കർമ്മങ്ങളനുഷ്ഠിച്ചാ
ലീശ്വരാജ്ഞയാവരും ഭോഗങ്ങൾ ഭുജിക്ക നീ.”
ഇങ്ങനെയുള്ള ധാതാതന്നുടെ നിയോഗങ്ങ-
ളങ്ങനെതന്നെയെന്നു കൈക്കൊണ്ടാൻ പ്രിയവ്രതൻ;
വിശ്വപാലനം ചെയ്തു വസിച്ചീടിന കാലം,
വിശ്വകർമ്മാവിൻ മകളാം ബർഹിഷ്മതി തന്നെ
കൈക്കൊണ്ടാനവൾ പെറ്റുപത്തു പുത്രരുമുണ്ടായ്
ചൊല്ക്കൊള്ളുമൂർജ്ജസ്വതിയെന്നൊരു കന്യകയും-
അഗ്നീദ്‌ധ്രനിദ്ധ്മജിഹ്വൻ യജ്ഞബാഹുവും പിന്നെ
ക്കേൾക്കണം മഹാവീരൻ ഹിരണ്യരേതാവെന്നും
ഘൃതപൃഷ്ഠനും സവനെട്ടാമന്മേധാതിഥി
വീതിഹോത്രനും കവിയെന്നവൻ പത്താമവൻ.
ഇവരിൽ മാ‍ഹാവീരനാമാവും കവിതാനും
സവനും സംന്യസിച്ചു സാധിച്ചാർ പുരുഷാർത്ഥം;
മറ്റൊരു ഭാര്യ പെറ്റിട്ടുത്തമൻ താമസനും.
രൈവതനെന്നു മൂന്നു പുത്രരുമുണ്ടായ് വന്നു.
അവർപോൽ മൂന്നാം മനുതുടങ്ങി ക്രമത്താലെ
തപസാമനുക്കളാകുന്നതെന്നല്ലോ കേൾപ്പൂ;
മാനവൻ പ്രിയവ്രതൻ താനൊരു പതിനൊന്നു
മാനമായിട്ടു പരിവത്സരകോടിവാണാൻ
മേരുവെ പ്രദക്ഷിണം ചെയ്തിടും ദിവാകര-
രശ്മികൾ കൊണ്ടുടൻ ഭൂമണ്ഡലമൊരുപാതി
സത്വരം പ്രകാശിച്ചീടുന്നിതു മറ്റേപാതി
യത്രനേരവും പ്രകാശത്തോടു കൂടായുന്നു.
ആരണമയൻ രശ്മികൊണ്ടു ഭൂചക്രം പാതി
കേവലം ദീപിക്കുന്നു മറ്റേടം പുനരപ്പോൾ
ദീപിച്ചീടുന്നതില്ല കേളെടോ കുറഞ്ഞൊന്നും
അക്കാലമാദിത്യനോടൊത്തൊരു വേഗം പൂണ്ടു
മുഖ്യമായ്ത്തേജോമയമായൊരു തേരിലേറി,
രാത്രിയെപ്പകലാക്കീടുന്നതുണ്ടെന്നു കല് പി-
ച്ചാസ്ഥയാ മനുപുത്രനായീടും പ്രിയവ്രതൻ
താൻ ക്കൂടേ പ്രദക്ഷിണം ചെയ്താനൊരേഴുവട്ടം
കാൺകെടോ! രണ്ടാമതൊരാദിത്യനെന്നപോലെ
തേരുരുൾ നടന്നൊരു വഴികളേഴുമേഴു-
വാരിധികളുമായി; തിടയിലിടമെല്ലാം.
ദ്വീപുകളായും വന്നിതക്കാലമവൻ പിന്നെ
ദ്വീപുകളേഴുമേഴുപുത്രർക്കും കൊടുത്തു പോൽ;
പുത്രിയാമൂർജ്ജസ്വതി തന്നെശ്ശുക്രനു നൽകി
പുത്രിയുമവൾ‍ പെറ്റിട്ടുണ്ടായി ദേവയാനി;
അവളെ യയാതിയാം ഭൂപതി കൈക്കൊണ്ടുപോ-
ലവിടെ പ്രിയവ്രതനായമന്നവൻ പിന്നെ
ചേതസി വിവേകവൈരാഗ്യങ്ങളോടും കൂടെ
ധാതൃജൻ പോക്കൽ നിന്നു കിട്ടിയോരുപദേശാൽ
ബ്രഹ്മോപാസനം ചെയ്തു സാധിച്ചാൻ പുരുഷാർത്ഥം
നിർമ്മലനവൻ തന്റെ നന്ദനനഗ്നീദ്‌ധ്രന്താൻ
ജംബുദ്വീപാധിപതി പർവ്വതഗുഹ തന്നി-
ലബുജ ജന്മാവു താന്നാജ്ഞയാ പോന്നുവന്നാ-
ളംബരേ നിന്നുപൂർവ്വചിത്തിയാമപ്സര: സ്ത്രീ
അവളെക്കണ്ടു മോഹിച്ചാ‍ഗ്നീദ്‌ധ്രനുരചെയ്താ-
നവളോ“ടാർനീയെന്നു ചൊൽകെടോ മടിയാതെ!”
“ഞാണില്ലാതൊരുവില്ലും മടമ്പില്ലാതോരമ്പു
മാനന്ദം വരുമാറു കൈക്കൊണ്ടു മനോജ്ഞമായ്
എന്തൊരു കായമായിപ്പെരുമാറുന്ന ഭവാ-
നെന്തൊരു ലോകത്തിങ്കലുണ്ടായി ഭവാൻ മമ
ചേതസി കൊതിയുണ്ടു കാൺകയിലവിടവും
യാതൊരു ലോകത്തു നിന്നിങ്ങനെ സമങ്ങളായ്
ചേതോമോഹനങ്ങളായ് ലോകലോഭിതങ്ങളായ്
മാറത്തു തഴമ്പുകളെത്രയും വലുതത്രെ,
മാമുനിശ്രേഷ്ഠ! നമസ്കാരം കൊണ്ടത്രയല്ലീ!
കേശവും നീളമുണ്ടങ്ങിളകാതിരിക്കയാൽ;
കേശവഭക്തന്മാരിൽ ചിന്തിക്കിൽ മുമ്പനല്ലോ.
ഉണ്ടിതു ചേതസ്സുകളെത്രയുമൂറ്റമത്രെ!
രണ്ടവയവങ്ങളതെങ്ങനെയുണ്ടായ്‌വന്നു?
കണ്ടോളം കൊതിവരും തടവീടുവാൻ തോന്നും”
ഇത്തരം ഗ്രാമ്യവിദഗ്ദ്ധങ്ങളാം വചനങ്ങൾ
സത്വരം പറയുന്നോരാഗ്നീദ്‌ധ്ര ഗുണങ്ങളാൽ
ആക്ഷിപ്തചിത്തയായ പൂർവ്വചിത്തിയുമപ്പോ‌-
ളീക്ഷണംകൊണ്ടു പറഞ്ഞവനെ മോഹിപ്പിച്ചാൾ
എങ്കിലോ സമങ്ങളായുന്നതതരങ്ങളായ്
കുങ്കുമപങ്കമലങ്കരിച്ചുള്ളവയവം
തൊട്ടാലുമണച്ചുടൻ മാറത്തു ചേർത്താലുമ-
ങ്ങിഷ്ടമുണ്ടെങ്കിലധരാമൃതം നുകർന്നാലും,
ഏറിയകാലം ചെയ്ത തപസ്സിൻ ഫലം കൊണ്ടു
പാരമൊരാനന്ദവുമാത്മനി ചേർത്തീടുവാൻ
ഉള്ളിലെക്കരണത്തിനാനന്ദമാശു പുറ-
ത്തുള്ളൊരു കരണങ്ങൾ കൊണ്ടു ഞാനുണ്ടാക്കുവാൻ
ഇത്തരം ചൊല്ലിസ്സമാശ്ലേഷചുംബനങ്ങളാൽ
ചിത്തവുമാർദ്രമാക്കിക്കേവലാത്മനാ നന്നാ-
യനോന്യം രമിച്ചനേകായിരം സംവത്സര-
മന്യൂനരാഗം പൂണ്ടു വസിച്ചാരിരുവരും.
ഒമ്പതുപുത്രന്മാരുമുണ്ടായതതുകാല-
മൊമ്പതുപേർക്കും നാമം വെവ്വേറെ കേട്ടുകൊൾക-
നാഭിയും കിമ്പുരുഷൻ മൂന്നാമൻ ഹരിതാനും
നാലാമനിളാവ്രൃതൻ, രമ്യകൻ, ഹിര‍ണ്മയൻ
ഏഴാമൻ കുരുവെന്നു, മെട്ടാമൻ ഭദ്രാ‍ശ്വനും
കോഴയെന്നിയേ കേൾപ്പിൻ കേതുമാലനും പിന്നെ
ഒമ്പതു പുത്രന്മാരെയിങ്ങനെ ജനിപ്പിച്ചി-
ട്ടംബജോത്ഭവലോകം പൂർവ്വചിത്തിയും പൂക്കാൾ
അക്കാലാമഗ്നീദ്‌ധ്രനും തന്നുടെ ജംബുദ്വീപ-
മൊക്കവേ പകുത്തുതൻ നന്ദനന്മാർക്കു നൽകി;
താൻ പിന്നെ തപോബലങ്കൊണ്ടുപോ‍യ് ബ്രഹ്മലോകേ
സാമ്പ്രതം രമിച്ചുപോൽപ്പൂ‍ർവചിത്തിയുമായി
ആത്മതുല്യാഖ്യങ്ങളായൊമ്പതു ഖണ്ഡങ്ങളു-
മാത്മതുല്യങ്ങളായിരമിച്ചാരവർകളും.
ആഗ്നീദ്‌ധ്രതനയന്മാരക്കാലം മേരുവിന്റെ-
യാത്മജമാരാം നവകന്യകമാരെവേട്ടാർ
മേരുദേവിയും പ്രതിരൂപയും, മുഗ്രദംഷ്ട്രി,
ചാരുലോചനയാകും ലതയും, രമ്യതാനും
ശ്യാമയും, നാരിഭദ്ര ദേവഹൂതിയും, മിതി
നാമമങ്ങവർകൾക്കും വെവ്വേറെയെല്ലാം കേൾപ്പിൻ.
അവിടെ മേരുദേവിയാകിയ പത്നിയോടു-
മവനീപതി, നാഭിപുത്രസമ്പത്തിനായി
ദക്ഷിണസമുദ്രതീരത്തു ചെന്നിരുന്നുടൻ
ദക്ഷിണബഹുലമായ് യജിച്ചു ഭഗവാനെ;
അഗ്നികുണ്ഡത്തിങ്കൽ നിന്നാവിർഭൂതനുമായാൻ
ചിദ്ഘനനായപരൻഭഗവാൻ പരമാത്മാ
അക്കാലമൃത്വിക്കുകൾ സദസ്യന്മാരെന്നിവ-
രൊക്കവേ നമസ്കാര സ്തുതികളതും ചെയ്താർ:-
“ഈശ്വര! ഭഗവാനെ! പരബ്രഹ്മമേ! പോറ്റി!
ശാശ്വതമായമൂർത്തേ! ശരണം ജഗന്നാഥാ!
ഞങ്ങളാൽ ചെയ്യപ്പെട്ട പൂജയെ വഴിപോലെ
ഞങ്ങളിൽ വളർന്നൊരു കാരുണ്യമതിനാലെ
വൈകാതെ പരിഗ്രഹിക്കേണമേ ഭഗവാനെ!
വൈകാര്യമൂർത്തേ! ഭേദമാർക്കറിയാവതയ്യോ!
നിന്തിരുവടിയുടെ ഗുണങ്ങൾ വർണ്ണിപ്പാനും
നിന്തിരുവടിയെ നന്നായ് പ്രസാദിപ്പിപ്പാനും
ഞങ്ങൾക്കു ശക്തിപോരാ പരമാനന്ദമൂർത്തേ!
ഞങ്ങളെയനുഗ്രഹിക്കേണമെങ്കിലും നാഥാ!
നിന്തിരുവടിയുടെ തിരുനാമങ്ങളെല്ലാം
സന്തതം വചനഗോചരമായ് വരേണമേ!
തൃക്കഴലിണ കൂപ്പി നിൽക്കുന്ന രാജർഷികൾ-
മുഖ്യനെക്കരുണയാ തൃക്കൺപാർത്തരുളേണം
നിന്തിരുവടി പോക്കൽ നിന്നൊരു തനയനെ-
യെന്തൊരു കഴിവിനിലഭിപ്പാനെന്നീവണ്ണം
ചിന്തിച്ചു നിൽക്കുന്നൊരു ഭൂപതി പ്രവരന്റെ
സന്തോഷം വരുത്തേണം നിന്തിരുവടി നാഥാ.”
ഇത്തരം നാനാവിധസ്തുതികൾ കൊണ്ടു നന്നായ്
പ്രസ്തുതനായ പരൻ ഭഗവാനതുനേരം,
സന്യാസധർമ്മസ്ഥിതിഭൂമിയിലുറപ്പിപ്പാൻ
ധന്യനാം നാഭി തന്റെ പത്നിയാം മേരുദേവി-
തന്നിലങ്ങവതരിച്ചീടിനാനതുകാലം;
മന്നവൻ താനും പ്രസാദിച്ചാനങ്ങതിശയം.
ഭഗവല്ലക്ഷണങ്ങൾ പലവും കാൺകകൊണ്ടും
ഋഷഭനെന്നു താതൻ നാമവുമരുൾ ചെയ്താ-
നൃഷികൾ ദേവാദികളേവരും സന്തോഷിച്ചാർ,
പുത്രന്റെ ഗുണാധിക്യം കണ്ടു നാഭിയുമന്നു
പൃഥ്വീപാലനത്തിനായഭിഷേകവും ചെയ്തു-
തന്നുടെ പത്നിയായ മേരുദേവിയുമായി
പ്പിന്നെപോയ് വിശാലയിൽത്തപസ്സു തുടങ്ങിനാൻ
നരനാരായണന്മാരാകിയ മൂർത്തികളെ
വിരവോടുപാസിച്ചു സാധിച്ചു പുരുഷാർത്ഥം
ധർമ്മസ്ഥാപനത്തിനായീശ്വരൻ തന്നെ വന്നു
നിർമ്മലനൃഷഭനായ് പിറന്ന ജഗന്നാഥൻ
കൈക്കൊണ്ടാനിന്ദ്രദത്തയാകിയ ജയന്തിയെ-
യക്കാലം നൂറുപുത്രരവൾ പെറ്റുണ്ടായ് വന്നു.
അവരിലേവരിലുമഗ്രജൻ ഭരതൻ പോ-
ലവനുമജനാഭം വരിഷം പാലിച്ചാൻപോൽ.
തന്നുടെ ഗുണാധിക്യം കൊണ്ടജനാഭവർഷ-
മന്നുതൊട്ടെല്ലാവരും ഭാരതമെന്നു ചൊല്ലും.
ഭാരതഖണ്ഡം നന്നായ് ഭരിച്ചു ഭരതനും
പാരീരേഴിലും നിജകീർത്തിയെപ്പരത്തിനാൻ
ഭരതസമന്മാർ പോലവരും ഗുണങ്ങളാൽ,
പേരുകൾ കുശാവർത്തൻ, പിന്നേവനിളാവർത്തൻ,
സാരനാം ബ്രഹ്മാവർത്തനാര്യാവർത്തനും പിന്നെ
മലയൻ കേതുഭദ്രസേനനു, മിന്ദ്രസ്പൃക്കും
ചലനമൊഴിഞ്ഞെഴും വിദർഭൻ, കീകടനും
ഇവർകൾക്കനുജന്മാർ നവയോഗികളല്ലൊ;
കവിയും ഹരിതാനുമന്തരീക്ഷനും പിന്നെ,
പ്രബുദ്ധൻ താനും പിപ്പലായനനാവിർഹോത്രൻ
ദ്രവിഡൻ ചമസനും കരഭാജനന്താനും
ഇവർകളെല്ലാമാത്മജ്ഞാനതല്പരന്മാരാ-
യവനി തന്നിൽ സന്യാസി പ്രവര‍ന്മാരായാർ.
എത്രയും മഹത്വമുണ്ടപ്പരിഷകൾക്കതു
വിസ്തരിച്ചേകാദശസ്കന്ധത്തിൽ ചൊല്ലീടുന്നു
പിന്നെപ്പർവാദ്യാധികന്മാരായോരെൺപത്തൊന്നു-
മന്വഹം കർമ്മനിഷ്ഠ ബ്രാഹ്മണോത്തമന്മാരായ്.
ഋഷഭന്നിരാപേക്ഷനീശ്വരനെന്നാകിലും
വഴിയേ ലോകാനുഗ്രഹാർത്ഥമായ്ദ്ധർമ്മത്തോടെ
പരിപാലിക്കും കാലം സകലപ്രജകളും
പരിപൂർണ്ണാശാവശഗതന്മാരായാരല്ലോ.
ഋഷികൾ ധരാദേവന്മാരിവർ കേൾക്കെച്ചൊന്നാ
നൃഷഭദേവൻ നിജതനയന്മാരോടെല്ലാം:-
“ബുദ്ധികൊണ്ടെന്റെ ചൊല്ലു സർവരും ഗ്രഹിക്കേണം
ചിത്തത്തിലാക്കി നന്നായുറപ്പിക്കയും വേണം
മർത്ത്യവിഗ്രഹം നാനാഭോഗത്തിനുള്ളതല്ല
നിത്യമായിരിപ്പൊരു കൈവല്യം വരുത്തുവാൻ;
മറ്റുള്ള ജന്തുക്കൾക്കുമുണ്ടല്ലോ ഭോഗങ്ങളോ
മറ്റുള്ള ജനങ്ങൾക്കു മോക്ഷമോവരായല്ലോ
മാനുഷജനങ്ങൾക്കേ മോക്ഷത്തെസ്സാധിക്കാവൂ;
മാനസശുദ്ധിവരും തപസ്സുകൊണ്ടു തന്നെ.
മറ്റുള്ള ജനങ്ങളിൽ വച്ചു മാനുഷന്മാർക്കു
ചെറ്റു വൈശിഷ്ട്യമെന്തതല്ലായ്കിൽ നിരൂപിക്ക
സത്സംഗം നരകത്തിൻ ദ്വാരമെന്നറിഞ്ഞാലും.
സ്ത്രീസംഗം വിശേഷിച്ചും നരകദ്വാരമെന്നരിഞ്ഞാലും.
ഇത്തരം വിചാരിച്ചു തത്ത്വജ്ഞാനാർത്ഥം കൊണ്ടു
ചിത്തശുദ്ധിയെച്ചേർത്തു മുക്തിയെ ലഭിക്കേണം.”
പുത്രരിൽ വരിഷ്ഠനാം ഭരതൻ തന്നെ നന്നായ്
പൃഥ്വീപാലനത്തിനായഭിഷേകവും ചെയ്താൻ
സന്യാസാശ്രമമവലംബിച്ചു നിവൃത്തനായ്
ദ്ധന്യനാമൃഷഭനും തന്നുടെ തപോബലാൽ
ഉന്മത്തജളബധിരാന്ധമൂകരെപ്പോലെ
തന്മനോബലത്തോടും പെരുമറീടും കാലം
പ്രാകൃതജനം നാനാജാതിഭാഷിക്കും തോറു-
മേകനായ് മൗനവ്രതം ധരിച്ചാനനുദിനം.
ദുർജ്ജനപരിഭവം പോക്കുവാൻ വിശേഷിച്ചു
വർജ്ജിച്ചാനശനാദി പലവുമതുമൂലം
തങ്ങളെപ്പോന്നുവന്ന യോഗസിദ്ധികളെയും
സംഗമാധിക്യം കൈക്കൊണ്ടാദരിച്ചീലയേതും.
എന്നതുകേട്ടു പരീക്ഷിത്താകും നൃപവര-
നന്നേരം ശുകനോടു വന്ദിച്ചു ചോദ്യഞ്ചെയ്താൻ:-
“നന്നുനന്നതു പാർത്താലെത്രയും, ചിത്രം ചിത്രം!
നന്നായിട്ടരുളിച്ചെയ്തീടേണമതിന്മൂലം,
ആത്മാരാമന്മാരായിട്ടുള്ള യോഗീന്ദ്രന്മാർക്കു-
മാത്മനാ തന്നെ ലഭിച്ചീടിനോരൈശ്വര്യങ്ങൾ
ബന്ധഹേതുക്കളാകയില്ലെന്നു കേൾപ്പുണ്ടെന്നാ-
ലെന്തവനനാദരിച്ചീടുവാന്മഹാമതേ?”
എന്നിവ ചോദിപ്പോരുമന്നവന്തന്നോടപ്പോൾ
മന്ദഹാസവും ചെയ്തു ശ്രീശുകനരുൾ ചെയ്തു-
“ഇഷ്ടമായുള്ള ലോകത്തൊക്കവേ നടന്നീടാ-
മഷ്ടൈശ്വരാദികൾ കൊണ്ടെന്നു വന്നീടും നേരം
ഓരോരോ ലോകങ്ങളിലോരോരോ ഭോഗങ്ങൾകൊ-
ണ്ടോരാതെ ചമഞ്ഞീടും യോഗീന്ദ്രന്മാരെങ്കിലും
പിന്നെവിശ്വസിക്കരുതാർക്കുമേ മനസ്സിനെ-
ത്തന്നുടെ വശത്തു വന്നീടുകയില്ലയല്ലോ;
എന്നലങ്ങേറിയോരു കാലം കൊണ്ടുണ്ടായ്‌വന്ന
തന്നുടെ തപോബലം ഭോഗത്താൽ നശിച്ചീടും
ഈശ്വരന്മാർക്കുപോലും തന്മനോവിശ്വാസംകൊ-
ണാശ്ചര്യംത്രേ തപസ്സൊക്കവേ നശിക്കുന്നു!
വിശ്വസിച്ചീടുന്നാകിൽക്കാമത്തെക്കൊടുത്തീടും
നിശ്ചയം മനസ്സെടോ കാണിനാഴികകൊണ്ടേ;
കാമത്താലവിവേകകോപങ്ങളകം പൂകും;
പോമത്രേ പിന്നെത്തപോബലവും ഗുനങ്ങളും;
മുക്തനായ് ചമഞ്ഞുള്ളോരിഋഷഭദേവൻ മുന്ന-
മിത്തരം നിരൂപിച്ചു യോഗസിദ്ധികളേയും
ആദരിയാഞ്ഞു മനോവിശ്വാസം വരായ്കയാൽ
മാധവനുടെ മായയ്ക്കെന്തരുതാതെയുള്ളു?
അങ്ങനെ തന്നെ നാനാദേശങ്ങൾ തോറുമങ്ങോ-
ടിങ്ങോടു പെരുമാറും കാലമന്നൊരു ദിനം
കുടകാചലത്തിങ്കൽക്കാട്ടുതീപിടിപെട്ടി-
ട്ടുടലും വെന്തുപോയിഋഷഭദേവൻ തന്റെ
അങ്ങനെ ഗതിവന്നോരിഋഷഭചരിതം കേ-
ട്ടംഗനാം നൃപശ്രേഷ്ഠനുണ്ടായി തത്ത്വജ്ഞാനം
തന്നുടെ ധർമ്മമെല്ലാം തന്നുടെ ബുദ്ധികൊണ്ടു
സംന്യാസം ചെയ്തു മോക്ഷം സാധിച്ചാൻ വഴിപോലെ.