Jump to content

ശ്രീമഹാഭാഗവതം/പഞ്ചമസ്കന്ധം/ഭൂഗുണിതം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

എങ്കിലോ ഭൂമണ്ഡല സംസ്ഥാനം നടേ ചൊല്ലാം;
മംഗലം വരേണമേ! ദൈവമേ! നാരായണ!
ഭൂമിയിൽ മദ്ധ്യസ്ഥമായിരുന്ന ജംബുദ്വീപം
ഭൂമിപാലക! സമവൃത്തമായുള്ളൂ കേൾ നീ
വിസ്താരം നൂറായിരം യോജനയുണ്ടുതാനും
പൃഥ്വീനായക! പുരരൊമ്പതുവരിഷവും,
മര്യാദാ പർവ്വതങ്ങളെട്ടുണ്ടെന്നറിയണം,
പര്യായത്തോടു പറഞ്ഞീടുവനവയും ഞാൻ:
ഇതിന്റെ നടുവിലായ്ച്ചൊല്ലെഴും മഹാമേരു-
വതിന്റെയുയരമോ യോജനനൂറായിരം.
മുകളിൽ മുപ്പത്തീരായിരം യോജനവഴി
സുഖമേ സമവൃത്തമായിരിപ്പോന്നു താനും
നീളത്തിൽ പതിനാറായിരം യോജനവഴി
മേളത്തിൽ കുഴിനാടുണ്ടായിരം മറ്റതെല്ലാം.
ഇങ്ങനെയിരിക്കുന്ന മേരുവാം മലതന്റെ-
യങ്ങഹോ വടക്കുണ്ടു മൂന്നു പർവ്വതങ്ങൾപോൽ.
അദ്രികളവ മൂന്നും കിഴക്കു പടിഞ്ഞാറാ-
മബ്ധികൾ രണ്ടിനോടും ചെന്നെത്തിക്കിടക്കുന്നു
മൂന്നിന്നു മേരുവിനോടടുത്തു തെക്കേശൈലം
നീലമാകുന്നിതല്ലോ നടുവിൽ ശ്വേതമല്ലോ.
ശൃംഗവാനെല്ലാറ്റിലും വടക്കേശ്ശൈലമല്ലോ.
തെക്കുമിങ്ങനെ മൂന്നുമര്യാദാപർവ്വതങ്ങൾ
വടക്കേതാദിയായിട്ടവറ്റിൻപേരും ചൊല്ലാം:-
നിഷധം, ഹേമകൂടം, ഹിമവാനെന്നും ക്രമാൽ;
അഴകോടധികന്മാർ ചൊല്ലുന്നു നടേനടേ
കിഴക്കുണ്ടൊരു ശൈലം ഗന്ധമാദനമതു;
വടക്കുണ്ടൊരു ശൈലം നിഷധത്തോളം തെക്കും
ഈവണ്ണം തെക്കുവടക്കുണ്ടല്ലോ പടിഞ്ഞാറും
മാല്യവാൻ നിഷധനീലങ്ങളോളവുമെടോ!
നീലത്തിൻ വടക്കേതു രമ്യകവർഷം പിന്നെ-
ക്കേളതിൻ വടക്കേതു ചൊല്ലെഴും ഹിരണ്മയം;
പിന്നെയങ്ങതിൻ വടക്കെതല്ലോ കുരുവർഷം;
എന്നതിനുടെ തെക്കേതായതു കിമ്പുരുഷം;
ഭൂമീശ! ഹിമവാനുതെക്കു ഭാരതവർഷം;
ഗന്ധമാദനത്തിനു കിഴക്കേതാകുന്നതു
സന്തതം ഭദ്രാശ്വമാം വർഷമെന്നരികെടോ!
മാല്യവദ്ഗിരിയുടെ പടിഞ്ഞാറേടം കേതു-
മാലമങ്ങെല്ലാറ്റിനും നടുവിലിളാവൃതം.
ഇച്ചൊന്നപർവ്വതങ്ങളെട്ടുമുണ്ടുയരങ്ങൾ
നിശ്ചയം പതുപ്പത്തു സഹസ്രം യോജനപോൽ
വണ്ണവും രണ്ടായിരം യോജനയുണ്ടെന്നല്ലോ.
പുണ്യവാന്മാരാം കാലവേദികൾ പറയുന്നു.
ഒമ്പതു വരിഷവും വിസ്താരമൊരുപോലെ
ഒമ്പതിനായിരം യോജനയുണ്ടറിഞ്ഞാലും.
പിന്നെയും മഹാമേരു തനിക്കൂന്നായിട്ടുണ്ടു
മന്നവ! നാലുപാടുമോരോരോ ശൈലേന്ദ്രന്മാർ
മന്ദരമെന്നും, മേരുമന്ദരമെന്നും ചെമ്മേ
പിന്നേതു സുപാർശ്വവും കുമദമെന്നും നാമം
നാലിനുമുണ്ടു പതിനായിരം യോജനകൾ
ചാലേ വിസ്താരമതിന്മേലോരോ മരങ്ങളും
കിഴക്കേതാദിയായിട്ടവറ്റിൻപേരും ചൊല്ലാം.
ഉണ്ടല്ലോതേന്മാവതിനുമ്പിലേതനുക്രമാ‍ൽ
രണ്ടാമതുട്റ്റൻ ഞാവൽകടമ്പും പേരാലന്ത്യം
ആയിരത്തൊരുനൂറു യോ‍ജനയുയരുമു-
ണ്ടായതശാഖകളുമത്രയുണെല്ലാറ്റിനും
ചുവടുചുറ്റും നൂറുയോജനയുണ്ടങ്ങെല്ലാം
അവിടെമുകളിണ്ടോരോരോ പൊയ്കകളും;
അവറ്റിൽ പാലും തേനും ശർക്കര ശുദ്ധജലം
അവറ്റെസ്സേവിച്ചല്ലോ ഗന്ധർവ്വാദികളെല്ലാം
യോഗങ്ങളൈശ്വര്യങ്ങളെന്നിവയുണ്ടാക്കുന്നു;
ഭാഗധേയത്താൽ സർവ്വകാമസിദ്ധിയുമുണ്ടാം
ഉൾത്താരിലത്യാനന്ദസിദ്ധമായ് വിളങ്ങീടും
ഉദ്യാനങ്ങളുമോരോന്നുണ്ടവനാലിന്മേലും
നന്ദനം, ചൈത്രരഥം, ചൊല്ലെഴും വൈഭ്രാജകം
പുണ്യവർദ്ധനകരം സർവ്വതോഭദ്രമെന്നും
ക്രമത്താലവറ്റിനുനാമങ്ങളിതുകളി-
ലമർത്ത്യജനം ക്രീഡിച്ചിരിപ്പു നിരന്തരം.
മന്ദരമൂർദ്ധാവിങ്കൽ നിന്നു തേന്മാവിൻഫല-
വൃന്ദങ്ങളെല്ലാം ചില പർവ്വതങ്ങളെപ്പോലെ
വളർന്നു പഴുത്തുവീണുടഞ്ഞു തകർന്നുടൻ
അലിഞ്ഞുകൂടീടുന്ന രസങ്ങളൊന്നിച്ചല്ലോ
തന്നുടെ മുകളിൽ നിന്നഹോ കിഴക്കോട്ടേ-
ക്കന്വഹമൊഴുകുന്നതരുണോദയനദി;
അതിലേ വെള്ളമനുഭവിക്കനിമിത്തമായ്
അധികം മനോജ്ഞമാം സൗരഭ്യമുണ്ടാകുന്നു;
അചലാത്മജയാകുമീശ്വരീദേവിയോടു-
മനിശമനുചരിച്ചീടിനദേവികൾക്കും.
അവ്വണ്ണം തന്നെമേരുമൂർദ്ധാവിങ്കൽ
സർവ്വദാ നിൽക്കും ഞാവൽ തന്നുടെ പഴങ്ങളും
കേവലമോരോന്നോരോ ഗജങ്ങളോളം പോരും
ആവോളം വളർന്നുമൂത്തവയും പഴുത്തുടൻ
വീണുടഞ്ഞൊരുമിച്ചുണ്ടാകുന്ന രസങ്ങളി-
ക്ഷോണിയിൽ ജംബുനദിയെന്നുള്ള നാമത്തോടും
കൂടവേ തെക്കോട്ടെയ്ക്കായൊഴുകീടുന്നതിരു-
പാടുമുള്ളൊരുമണ്ണുമതിന്റെ രസവുമായ്
ചേർന്നുണങ്ങീടുന്നേരത്തുണ്ടാകുന്നതു തന്നെ
പ്രാങ്നിഭംജാംബൂനദമെന്ന പൊന്നതിനാലെ
നിത്യവും ദേവാദികളൊക്കെയംഗങ്ങൾതോറും
പ്രത്യേകമലങ്കരിച്ചീടുന്നു നിരന്തരം.
പിന്നെയസ്സുപാർശ്വത്തിന്മേൽ നിൽക്കും കടമ്പതു-
തന്നുടെ ബാഹുക്കളാംശൃംഗങ്ങളിടതോറും
നിന്നുടൻ പൊട്ടിയൊലിച്ചയ്യഞ്ചു ചുറ്റായുള്ള
വിന്ദുക്കൾ മധുമയധാരകൾ വീണുവീണു
പടിഞ്ഞാറോട്ടു നോക്കിയൊഴുകീടുന്നു നിത്യം
തടഞ്ഞീടാതെ മഹാവാഹിനിപൂരത്തോളം.
അവറ്റെയുപജീവിക്കുന്നവരുടെ മുഖം
നൂറുയോജനവഴി സൗരഭ്യം പരത്തുന്നു.
കദംബവൃക്ഷത്തിന്റെ കോടരത്തിങ്കൽ നിന്നു
ജനിക്കകൊണ്ടു കാ‍ദംബരിയാം പേരുണ്ടായി.
കുമുദത്തിങ്കൽ ശതവലിശമെന്ന പേരാ-
ലതിന്റെ സ്കന്ധങ്ങളിൽ‌ നിന്നുടനുണ്ടാകുന്നു
പാൽ‌, തയിർ‌, നെയ്യും, ചോറും, പുടവ, പട്ടുകളും
ആഭരണാ, സന, ശയ്യാദികളിവമറ്റും
നദങ്ങളായി വടക്കോട്ടൊഴുകുന്നു നിത്യം;
അതുകോണ്ടനുഭവിച്ചീടിന ജനങ്ങൾക്കു
തളർച്ച ജരാനരവ്യാധികളാധികളും
ഇളച്ചീടുന്നിതപമൃത്യുക്കളിവയെല്ലാം.
ഇങ്ങിനെ ഭൂമണ്ഡലമാകുന്ന കമലത്തിൻ‌-
കർണ്ണികയാകും മഹാമേരുവിൻ‌ ചുഴലവും
കേസര ഭൂതങ്ങളായ് പർവ്വതം പലതുണ്ടു
വാസവാദികളുടെ ദിക്കുകളിടതോറും
അരികേ മഹാമേരുവാകുമദ്രിക്കു പരി-
സ്തരണമായിട്ടേഴു പർവ്വതമുണ്ടു പിന്നെ
ഉയരം രണ്ടായിരം യോജനയവയെല്ലാം
ഇടവുമത്രതന്നെയുണ്ടേതും കുറയാതെ,
പതിനെണ്ണായിരം യോജന നീളവുമുണ്ട-
ങ്ങതിനൊക്കെയും തെക്കുവടക്കായ്ക്കിഴക്കല്ലോ
ജഠരദേവകൂടപർ‌വ്വതവരങ്ങൾ‌ മ-
ട്ടുടനേ കീഴ്മേലായനീളത്തിൽ തെക്കാകുന്നു.
കൈലാസകരവീരദ്വയങ്ങൾ‌ പടിഞ്ഞാറേ
ശൈലങ്ങൾ‌ നീളം തെക്കുവടക്കായതുപോലെ.
പാവനപാരിയാത്രാഖ്യാചലവരങ്ങൾമ-
റ്റവനീപതേ! നീളം കിഴക്കു പടിഞ്ഞാറായ്
ശ്രീശൃംഗമകരങ്ങളിങ്ങനെ പേരായ് നാലു-
ദിശയിങ്കലുമീരണ്ടചലവരങ്ങൾ പോൽ.
ഇങ്ങനെയെല്ലാമലംകൃതമാംമഹാമേരു-
വങ്ങതിന്മുകളിലുണ്ടൊൻപതു രാജധാനി;
എന്നതിൽ നടുവിലേതംബുജോത്ഭവൻ തന്നി-
ക്കിന്ദ്രാദിലോകപാലകന്മാർക്കു മറ്റെല്ലാമൊട്ടും.
ചിത്രമായ് പതിനാറായിരം യോജനവഴി-
വിസ്താരം സമചതുരശ്രമായുള്ളുതാനും;
മൂന്നുലോകവും മുന്നംഭഗവാൻ നാരായനൻ
മൂന്നടിയാക്കിയളന്നീടിനകാലത്തിങ്കൽ
മേല്പോട്ടേക്കുയർത്തിയതൃക്കാൽ തൻ‌നഖം കൊണ്ടി-
ട്ടാത്മയോന്യണ്ഡം പിളർന്നൂടെയങ്ങകം പുക്കു
ബാഹ്യജീവനാധാരഗംഗയെന്നെല്ലാടവും
പാവനകരം പാപശാന്ത്യർത്ഥം പ്രസിദ്ധയായ്,
ബ്രഹ്മാണ്ഡ കമലനാളാന്താഗ്രേപോയിവീണു
നി‌മ്നമാർ‌ഗ്ഗേണ നാലുകൈവഴിയൊഴുകിപ്പോയ്‌
നാലുദിക്കിലും നാലുനാമങ്ങളോടുകൂടി
നാലുസാഗരങ്ങളും പ്രാപിച്ചീടുന്നു നിത്യം.
എന്നതിൽ‌ക്കിഴക്കോട്ടേയ്ക്കൊഴുകുന്നതു സീതാ
ചെന്നുടനിന്ദ്രരാജധാനിതൻ‌ നടുവേ പോയ്
ഗന്ധമാദനമായ പർവ്വതത്തിന്മേൽ വീണു
സിന്ധുവിനോളം ഭദ്രാശ്വാഖ്യമാം വർഷത്തൂടെ
സന്തതം വേഗേന പോയീടുന്നു തെക്കോട്ടു ചെ-
ന്നന്തകപുരിയുടെ നിത്യവുമതുപോലെ
സമ്പ്രയതാകാരമായളകനന്ദാഖ്യയും
സം‌പ്രതിനിഷധവും ഹേമകൂടവും നേരേ
കടന്നു ഹിമവാൻ‌ മേൽ‌ വീണവിടന്നും പിന്നെ
പടർ‌ന്നു ചെന്നു ഭാരതാഖ്യമാം വർഷത്തൂടെ
ദക്ഷിണ സമുദ്രത്തിൽ‌ക്കൂടുന്നു. പടിഞ്ഞാറേ
ചക്ഷുസ്സാകുന്ന നദിവരുണ രാജ്യത്തൂടെ
പോയുടൻ‌ മാല്യവാന്റെ മുകളിൽ വീണു പിന്നെ
പ്പായുന്നു കേതുമാലമാകിയ വർഷത്തൂടെ
പാരാതെ പടിഞ്ഞാറെ സാഗരം പ്രാപിപ്പോളം.
പാരതിൽ സോമപുരിയുടെ ഭദ്രയും പിന്നെ-
ക്കേവലം വടക്കോട്ടു നീലശ്വേതങ്ങൾ കട-
ന്നാവോളം വേഗത്തോടെ ശൃംഗവാന്തന്മേൽ വീണൂ
പോയുടൻ കുരുവർഷത്തൂടെ വാരിധിയോളം
മായമെന്നിയേ നീളെപ്പായുന്നു നിരന്തരം.
ഇങ്ങനെയുള്ള നവഖണ്ഡമീ ജംബുദ്വീപി‌
ലിങ്ങിഹ കർമ്മക്ഷേത്രം ഭാരതമൊന്നേയുള്ളൂ
എന്നതിൽ പ്രജകൾക്കു കർമ്മഭേദങ്ങൾക്കൊത്ത‌‌‌‌-
വണ്ണമുള്ളനുഭൂതി സർവ്വവും വന്നീടുന്നു
മറ്റുള്ളവർഷങ്ങളങ്ങെട്ടും കേൾ സ്വർഗ്ഗലോകം
മുറ്റുമങ്ങനുഭവിച്ചുള്ളവർക്കെല്ലാവർക്കും
പുണ്യശേഷങ്ങളനുഭവിപ്പാനായ്ക്കൊണ്ടത്രേ
പുണ്ഡരീകോത്ഭവൻ താൻ നിർണ്ണയിച്ചിരിക്കുന്നു.
അവറ്റിൽ പ്രജകൾക്കും പതിനായിരത്താണ്ടെ-
ത്തപസാഭേദമൊഴിഞ്ഞായുസ്സുണ്ടെല്ലാനാളും
പതിനായിരമാനയ്ക്കുള്ള ശക്തിയും പൂണ്ടു
ശതകോടികൾക്കൊക്കും ദേഹകാഠിന്യങ്ങളും
നാരികളൊടുക്കമോരോന്നുടൻ‌ ഗർഭിച്ചതിൽ
നാരിയും പുരുഷനും കൂടെയുണ്ടാകുന്താനും.
കാലവും ത്രേതായുഗതുല്യമായെല്ലാ നാളും
പാലിക്കുമല്ലോ ജഗന്നാഥനാം നാരായണൻ
ഭഗവാൻ വിഷ്ണു ചില മൂർത്തികളവലംബി-
ച്ചഖില ജനങ്ങൾക്കും നൽകുവോനനുഗ്രഹം
എന്നതിലിളാവൃതമാകിയ വർഷത്തിങ്കൽ
ചന്ദ്രശേഖരൻ തന്നെ പുരുഷനായിട്ടുള്ളു;
മറ്റുള്ള പുരുഷന്മാരവിടെച്ചെല്ലുന്നില്ല
മുറ്റും പാർവ്വതിദേവി തന്നുടെ ശാപത്തിനാൽ.
അവിടെപ്പുരുഷന്മാർ ചെല്ലുകിൽ സ്ത്രീകളായ്പോ-
മതിന്റെ ഹേതു ചൊല്ലും നവമസ്കന്ധത്തിങ്കൽ;
അവിടെ ശ്രീ പാർവ്വതീദേവിതാനാദിയായു-
ള്ളബലാജനങ്ങളാൽ സേവ്യനാം മഹാദേവൻ
ഹൃദയേ സങ്കർഷണമൂർത്തിയെ ബ്‌ഭജിക്കുന്നു,
ഭദ്രാശ്വവർഷത്തിങ്കൽ ധർമ്മദേവന്റെ പുത്രൻ
നിത്യവും ഭദ്രശ്രവാവാകിയ വിഷ്ണുഭക്തൻ
സേവിച്ചീടുന്നു ഹയഗ്രീവ മൂർത്തിയേയല്ലോ;
പ്രഹ്ലാദൻ നരസിംഹമൂർത്തിയെസ്സേവിക്കുന്നു;
മുദിതാത്മനാ ഹരിവർഷത്തിലിരുന്നല്ലോ
സുഖമേകാമദേവരൂപനായിരിക്കുന്ന
ഭഗവാൻ തന്നെക്കേതുമാലമാം വർഷത്തിങ്കൽ
നിറഞ്ഞതേജോമയം മാനസഭ്ക്തിപൂർവ്വം
ഇരുന്നു സേവിക്കുന്നു നിത്യവും പ്രജാപതി
തന്നുടെ പുത്രരോടുകൂടെ ശ്രീഭഗവതി
മന്നവ! രാത്രികളിൽ സ്ത്രീജനത്തോടും പകൽ
പുരുഷന്മാരോടുകൂടിരുന്നു ഭജിക്കുന്നു,
സംഖ്യയും മുന്നൂറ്ററുപത്താറുണ്ടു വക
അവിടെസ്സുദർശന തേജസാ ഗർഭമുണ്ടാ-
യബലാജനങ്ങൾക്കും സ്രവിച്ചീടുന്നു നിത്യം.
പിന്നെരമ്യകത്തിൽ വൈവസ്വതൻ മനുവരൻ
നന്നായിസ്സേവിക്കുന്നു മത്സ്യമൂർത്തിയെ ബ്‌ഭക്ത്യാ
അര്യമാവായ പിതൃനായകൻ ഹിരണ്മയ-
വരിഷത്തിങ്കൽ കൂർമ്മമൂർത്തിയെസ്സേവിക്കുന്നു
നിത്യവും വരാഹമൂർത്തിയെസ്സേവിച്ചീടുന്നു
ഉത്തുംഗകുരുക്കളിരുന്നു ഭൂമിദേവി,
ശ്രീരാമൻ തന്നെസ്സേവിച്ചീടുന്നു ഹനുമാനും
മാരുതാത്മജൻ കിമ്പുരുഷാഖ്യവർഷത്തിങ്കൽ
ഭക്തനാം ഹനുമാനും രാഘവൻ തന്നെസ്സേവി-
ച്ചത്യന്തം കിമ്പുരുഷയുക്തനായ് വർത്തിക്കുന്നു.
സാവർണ്ണികാത്മജഞാനമുപദേശിച്ചീടുവാൻ
ഭാവിച്ചു വാണീടുന്ന നാരദമുനിശ്രേഷ്ഠൻ
കേവലം നരനാരായണന്മാർ തമ്മെസ്സേവി-
ച്ചാവിർമ്മോദേന നിത്യം ഭാരതേ വസിക്കുന്നു.
അങ്ങനെയുള്ള മഹാഭാരതവർഷത്തിങ്കൽ
എങ്ങുമുണ്ടസംഖ്യമാഹാത്മ്യങ്ങൾ വളർന്നോരോ
പുണ്യശൈലങ്ങൾ പുണ്യനദികൾ പലവിധം;
എണ്ണമില്ലവറ്റിന്റെ മഹിമ ചൊല്ലീടുവാൻ;
ഖണ്ഡങ്ങളെല്ലാറ്റിലുമുത്തമം ഭാരതമാം-
ഖണ്ഡമെന്നതു സർവ്വലോകസമ്മതമല്ലോ.
അവിടെജ്ജനിക്കുന്ന പുരുഷന്മാർക്കേ മോക്ഷം
വഴിയേ സാധിക്കാവൂ യജ്ഞകർമ്മങ്ങൾകൊണ്ടേ.
ഒമ്പതു ഖണ്ഡങ്ങളായിങ്ങനെയിരിക്കുന്ന
ജംബുദ്വീപത്തെച്ചുറ്റി ലവണാംബുധിയുള്ളു
വിസ്താരമതുലക്ഷം യോജനയാകുന്നിതു-
മത്യന്തമതു ചുറ്റിയിരിക്കും പ്ലക്ഷദ്വീപം
വിസ്താരമഹോ! രണ്ടുലക്ഷം യോജനയുണ്ടാം;
തത്രപൊന്മയമായോരത്തിയുണ്ടല്ലോ നില്പൂ
ചിത്രമായ്‌നൂറായിരം യോജനയുയർന്നുകൊ-
ണ്ടെത്രയും ശോഭിച്ചതിമുഖ്യമാം പ്രഭയോടും;
അതിനാൽ പ്ലക്ഷദ്വീപെന്നതിനു പേരായ്‌വന്നി
തവിടേയ്ക്കധിപതിയായഭിഷേകം ചെയ്താൻ
മകനാമിദ്ധ്മജിഹ്വൻ തന്നെയപ്രിയവ്രതൻ!
സുഖമായാത്മതുല്യമവനം ചെയ്താനവൻ.
ഇദ്ധ്മജിഹ്വനു മക്കളേഴുപേരാകുന്നിതു
പ്ലക്ഷദ്വീപേഴായ് പകുത്തവനും കൊടുത്താൻപോൽ
ശിവവും, യവസവും, സുഭദ്രം, ശാന്തം, ക്ഷേമം,
ശിവദ, മമൃതവു, മഭയമിവ നാമം.
നാമങ്ങളിവതന്നെയധിപന്മാർക്കുമെല്ലാം
അഥപുല്ലിംഗങ്ങളായ് പറകെന്നതേയുള്ളു.
അവിടെ ഖണ്ഡങ്ങൾ തന്നവധിക്കെല്ലാമോരോ-
രചലവരന്മാരുണ്ടതിരായറിഞ്ഞാലും;
സവിധേ നദികളുമുണ്ടോരോന്നെല്ലാറ്റിനും;
അവനീപതേ! പാർത്താലധികമത്യത്ഭുതം.
മണികൂടവും വജ്രകൂടവുമിന്ദ്രസേനം
മഹിമ വളർന്നെഴും ജ്യോതിഷ്മാൻ സുപർണ്ണവും
ഹിരണ്യഷ്ഠീവമേഘമാലയുമിവപേരായ്
ഇരിക്കും സേതു ശൈലവരങ്ങളേഴാകുന്നു.
അരുണരമണിയാംഗിയുമാഗിരസിയും
അരചാ, സാവിത്രി, സുപ്രഭതാ, ഋതംഭരാ;
പിന്നേതുസത്യംഭരാനദികളിവയേഴാ‍-
കുന്നിതു സേതുശൈല നന്ദിനികളായെങ്ങും.
വർണ്ണങ്ങൾ നാലാകുന്നു ഹംസന്മാർ പതംഗന്മാ-
രന്വഹമൂർദ്ധ്വായന സത്യാംഗന്മാരെന്നെല്ലാം.
ആയിരം സംവത്സരമായുസ്സുണെല്ലാവർക്കും
ആത്മാവാമാദിത്യനെസ്സേവിച്ചു മേവിടുന്നു.
സൂര്യനായതും നാരായണൻ താൻ തന്നെ നൂനം
ആര്യനാം മഹാവിഷ്ണുതാനല്ലോ ജഗത്തെല്ലാം
ചില്പുമാനുടെ മഹാമായകളിത്യാദിക
ളപ്പോലെതന്നെ പിന്നെ ദീപുകളഞ്ചിങ്കലും
വർഷത്തിൻ സംഖ്യകളും പുരുഷഗുണങ്ങളും
പരമായുസ്സുഭേദമില്ലെടോ ധരാപതേ!
പ്ലക്ഷദ്വീപിനെച്ചുറ്റിശർക്കരാംബുധിയുള്ളു.
വിസ്താരമതു രണ്ടുലക്ഷം യോജനതന്നെ.
അതിന്റെ പുറമല്ലോ ശാല്മലമെന്നുപേരാം
യതുമദ്വീപിന്നധിപതിയാം യജ്ഞബാഹു-
തന്നുടെ പുത്രന്മാർക്കു പകുത്തു കൊടുത്താൻ‌പോൽ‌.
എന്നതു സുരോചനം സൗമനസ്യവും ചെമ്മേ
കേട്ടാലും രമണകം ദേവവർഷവുമതി-
ശ്രേഷ്ഠമാം പാരിഭദ്രമാരാമതാപ്യായനം
ഏഴാമതവിജ്ഞാതമിങ്ങനെ വർഷനാമം.
ഏഴധിപതികൾക്കുപുല്ലിംഗമായും ചൊല്ലാം.
സ്വരസംശതശൃംഗം, വാമദേവവും, കുന്ദം
പെരിയമുകുന്ദവും, പുഷ്പവർഷവും, പിന്നെ
സഹസശ്രുതി, യെന്നും പർവ്വതങ്ങൾക്കുനാമം,
മഹത്വമേറുമനുമതിയും, സിനീ, ബാലി,
പിന്നേതു സരസ്വതി, കുഹുവും രജനിയും
നന്ദയും, രാകാ, നദികൾക്കുപേരിവയെല്ലാം.
വർണ്ണങ്ങൾ ശ്രുതിധരന്മാർ വീര്യധരന്മാരും
പിന്നെക്കേൾവസുന്ധരന്മാരിഷന്ധരന്മാരും
അവരെല്ലാരും വേദംകൊണ്ടു സോമനെസ്സേവി-
ച്ചവനീപതേ!പരിവർത്തിച്ചീടുന്നു നിത്യം.
ശാല്മദ്വീപമതുചുഴന്നുപരന്നെഴും
ചൊല്ലെഴും സുരാംബുധിവിസ്താരം നാലുലക്ഷം-
യോജനയതിൻപുറമായതുകുശദ്വീപം
യോജന, ലക്ഷമതുമെട്ടുണ്ടു പരപ്പെടോ!
അവിടെയൊരു കുശസ്തംഭമുണ്ടദ്ദിക്കുവിളങ്ങുന്നു
അതിനാൽ കുശദ്വീപമതിന്നു പേരായ് വന്നു
മതിമാനായ ഭവാനകമേ ധരിച്ചാലും
അവിടേക്കധിപതി ഹിരണ്യരേതാവുകേ-
ളവനുമേഴുപകുത്തേഴുപുത്രർക്കു നൽകി
പേരുകൾ വസുവസുദാനവും ദൃഢരുചി
പാരെഴും നാഭിഗുപ്തമങ്ങേതുസ്തുത്യവ്രതം
വിവിക്തം വാമദേവമെന്നിവവർഷങ്ങൾപോൽ
ചതുശ്ശ്യംഗവും, ചക്രം, കപിലം, ചിത്രകൂടം,
ദേവാനീകവുമൂർദ്ധ രോമാവും ദ്രവിണവും
കേവലം സേതുശൈലമേഴിതെന്നറിഞ്ഞാലും.
രസകുല്യയും, മധുകുല്യയും, മിത്രവിന്ദാ,
ശ്രുതവിന്ദയും, ദേവഗർഭയും, ഘൃതച്യുത,
മന്ത്രമാലയുമിവനദികളേഴാകുന്നു.
സന്തതം കുശലന്മാർ കോവിദന്മാരും പിന്നെ
അഭിയുക്തന്മാർ കുശലന്മാരെന്നിവനാലു-
മഭിധാനങ്ങൾ വർണ്ണങ്ങൾക്കുമെന്നറിഞ്ഞാലും.
കർമ്മകൗശലങ്ങൾകൊണ്ടവരുമഗ്നിമയ-
ധരമ്മദേവനെത്തന്നെജയിച്ചു ഭജിക്കുന്നു.
അതിനുപുറം ചുഴന്നിരിക്കും ഘൃതാംബുധി
അതുമുണ്ടെട്ടു ലക്ഷം യോജനപരപ്പെടോ!
അതിനപ്പുറം ക്രൗഞ്ചദ്വീപെന്നു ധരിച്ചാലു-
മതുവിസ്താരം പതിനാറു ലക്ഷം യോജന
അവധി ക്രമേണ വച്ചിരിക്കുമവയെല്ലാം
അവിടെ ക്രൗഞ്ചമെന്ന പർവതമാകുന്നതും
അചലമതു സുബ്രഹ്മണ്യന്റെ ശക്തിയേറ്റി-
ട്ടതിപീഡിതമായിട്ടിരിപ്പൊന്നെന്നാകിലും
ക്ഷീരസാഗരത്തിലെ വാരികൊണ്ടനുദിനം
വാരിധി നാഥൻ നനച്ചാവോളം രക്ഷിക്കയാൽ
പീഡകൂടാതെ മരുവുന്നിതു തരാതരം;
പാഠമായ് ക്രൗഞ്ചദ്വീപെന്നതിനാൽ ചൊല്ലീടുന്നു
അദ്ദ്വീപിന്നധിപതിയായതുഘൃതപൃഷ്ഠൻ‌
പുത്രർക്കു പകുത്തുതാനൊക്കെവേ കൊടുത്താൻപോൽ‌.
ആമവുമ്മധുരൂഹമ്മേഘപൃഷ്ഠവും കേൾ‌ സു-
ധാമവും ഭ്രാജിഷ്ഠവും ലോഹിതാർണ്ണസ്സും തഥാ
പിന്നേതു വനസ്പതിവരിഷമിവയേഴും
എന്നതുപോലെ ശുക്ലം വർദ്ധമാനവും ചെമ്മേ
ഭോജനമുപബർഹണാഖ്യവും നന്ദമെന്നും
നന്ദനമെന്നും പിന്നെസ്സർവതോഭദ്രമെന്നും
സേതുശൈലനങ്ങളഭയാമൃതൗഘാര്യകയും
പൂതയാം തീർത്ഥവതിവൃത്തിരൂപവതിയും
ശുക്ലയും പവിത്രവത്യാഖ്യയുമേഴു നദി
മുഖ്യന്മാർ പുരുഷരുമൃഷഭദ്രവീണന്മാർ
ദേവകന്മാരുമിവ വർണ്ണങ്ങളറിക ഭൂ-
ദേവാദി ചതുർവർണ്ണമിവിടെയെന്നപോലെ.
ചിന്മയനായ ഭഗവാനെ നാരായണനെ
അഞ്ജലികൊണ്ടു സേവിച്ചീടുന്നിതവർകളും.
അങ്ങനെയുള്ള മഹാ ക്രൗഞ്ചദ്വീപത്തെച്ചുറ്റി-
പൊങ്ങിനിന്നെഴും ക്ഷീരവാരിധി വിളങ്ങുന്നു,
വിസ്താരമതുപതിനാറുലക്ഷം യോജന
ചിത്രമായതിമ്പുറം ശാകദ്വീപതു പിന്നെ
മുപ്പത്തിരണ്ടു ലക്ഷം യോജനവിസ്താരവും
മുല്പാടിങ്ങനുക്രമാൽ വർദ്ധിച്ചുവരുന്താനും
ശാകമെന്നൊരു വൃക്ഷസൗരഭ്യം പരന്നുള്ള-
താകെയദ്ദ്വീപമതുമൂലമായതു നാമം
അവിടേക്കധിപതിയായുള്ള മേധാതിഥി
അവനി സുതന്മാർക്കു പകുത്തു നൽകീടിനാൻ.
നാമങ്ങൾ പുരോജവവുമ്മനോജവമങ്ങേ
ഭൂമികൾ ഭവമാനധൂമ്രാനീകവും പിന്നെ
പാരതു ചിത്രരേഭം ബഹുരൂപവും വിശ്വ-
ധാരവുമിവയേഴു വർഷങ്ങളാകുന്നതും.
കേവലമധിപതികൾക്കു പുല്ലിംഗങ്ങളു-
മായ് വരുമഭിധാനമെന്നത്രേ ഭേദമുള്ളു;
ഈശാന, മുരുശൃംഗം, ബലഭദ്രവും, ശത-
കേസരം, സഹസ്രസ്രോതാ, ദേവപാലം, പിന്നെ
സേതുശൈലങ്ങൾ മഹാനസമെന്നിവയേഴും
ചേതസാ തെളിഞ്ഞു കേട്ടീടുക പുനരിന്നും.
നദികളനഘയുമായുർദ്ദായെന്നുമങ്ങേ-
തുഭയപൃഷ്ടിയെന്നുമപരാജിതയെന്നും
പിന്നേതു പഞ്ചനദി സഹസ്രസ്രുതിയങ്ങേ
തുന്നതനിജധൃതിയെന്നുമേഴറിഞ്ഞാലും.
വർണ്ണങ്ങളൃതവ്രതന്മാർ; സത്യവ്രതന്മാരും,
പിന്നേതു ദാനവ്രതന്മാരനുവ്രതന്മാരും,
എന്നിവർ വായ്‌വാത്മകനാകുന്ന ഭഗവാനെ-
ത്തന്നെ സേവിപ്പുയമനിയമാദികളാലെ
ശാകദ്വീപതു ചുഴന്നരിക്കും നിത്യം ദധി-
സാഗരം ദ്വിഷോഡശലക്ഷം വിസ്താരത്തൊടും
നീളെയങ്ങതിൻ‌പുറം പുഷ്കരദ്വീപമതു
കേളറുപത്തിനാലു ലക്ഷം യോജനതന്നെ
വിസ്താരമവിടെപ്പൊന്മയമായിരിപ്പൊരു
പത്മമുണ്ടല്ലോ പതിനായിരമിതളോടും
ബ്രഹ്മാവിന്നിരിപ്പതിൻ നടുവിലാകുന്നിതു
തന്മൂലം പുഷ്കരദ്വീപെന്നു പേരുണ്ടായ്‌വന്നു.
അദ്വീപിന്മദ്ധ്യേയൊരു സേതുപർവ്വതം മാന-
സോത്തരമെന്നുണ്ടല്ലോ ലോകൈകപ്രസിദ്ധമായ്;
ഉയരമതുപതിനായിരം യോജനപോൽ
ഉയരത്തോളം തന്നെ പരപ്പുമുണ്ടുനൂനം.
നാലുദിക്കിലും ലോകപാലന്മാർ നാല്വർക്കുമു-
ണ്ടാലയങ്ങളുമോരോന്നങ്ങതിന്മുകൾ തന്നിൽ.
അങ്ങനെയുള്ള മഹാമാനസോത്തരത്തിന്മേൽ
എങ്ങുമേ പെരുമാറുമാദിത്യരഥചക്രം
എങ്ങനെയറിയുന്നു മായത്മഹിമകൾ?
ഇങ്ങനെയുണ്ടുകാണാകുന്നിതു ലോകങ്ങളിൽ.
പിന്നെയദ്വീപിന്നധിപതിയാം വീതിഹോത്രൻ
തന്നുടെ രമണകനാകിയതനയനും
ധാതകീയാകും പുത്രന്തനിക്കുമൊപ്പമൊപ്പം
പാതിവെവ്വേറെ പകുത്തോരോന്നു നൽകീടിനാൻ.
അവിടെ ബ്രഹ്മാത്മകനാം ഭഗവാനെ മുക്തി
ശിവസാധനമാകുമക്കർമ്മം കൊണ്ടു തന്നെ
ഭക്തിയോടിരുന്നു സേവിക്കുന്നു സകലരും.
പുഷ്കരദ്വീപത്തെയും ചുഴന്നുമരുവുന്നു
ശുദ്ധകീലാലാശയമത്യന്തമതുമുണ്ടു
പുഷ്കരദ്വീപത്തൊടും വിസ്താരമനുക്രമാൽ
അതിനുപുറം ലോകാലോകപർവ്വതത്തോളം
പ്രതികാഞ്ചന ഭൂമിമാനസവിമോഹനം,
ആദിത്യാദികളുടെ രശ്മികളെല്ലാമൊക്കെ.
സ്സാദരം ലോകാലോകത്തിന്നകത്തടങ്ങീടും
അവ്വണ്ണം വട്ടം കൂടിയുയർന്നോന്നതു പാർത്താൽ
അമ്പതുകോടി തന്നെ യോജനവിസ്താരമാം
ഇക്ഷോണീമണ്ഡലത്തിൻ നാലൊന്നുണറിഞ്ഞാലും
ശിക്ഷയാലോകാലോകത്തിന്നകമെന്നുനൂനം.
അങ്ങനെയുള്ള ലോകാലോകമാം ഗിരീന്ദ്രന്മേൽ
അങ്ങഹോ! ചതുർമ്മുഖൻ തന്നുടെ നിയോഗത്താൽ
നാലുദിക്കിലും നാലുദിഗ്ഗജവരന്മാരും
ആലംബഭൂതന്മാരായ് നിൽക്കുന്നോരെന്നു കേൾപ്പൂ
നാമങ്ങളൃഷഭനും പുഷ്കരചൂഡനെന്നും
വാമനനെന്നു, മപരാജിതനെന്നും തന്നെ.
ഈവണ്ണം ഭൂവിസ്താരമൊട്ടൊട്ടു ചൊല്ലിപ്പിന്നെ;
കേവലം സ്വർല്ലോകവും വിസ്താരം തത്തുല്യം പോൽ.