ശ്രീമഹാഭാഗവതം/ദ്വിതീയസ്കന്ധം/ഭഗവത്‌ഭജനാരംഭം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ദ്വിതീയസ്കന്ധം[തിരുത്തുക]

ഭഗവദ് ഭജനാരംഭം

ചൊല്ലുചൊല്ലിനി ശ്ശേഷം നല്ലൊരു കഥാസാരം
കല്ല്യാണ ശീലേ! ശുകമൗലിമാലികേ! ബാലേ!
എന്നതുകേട്ടനേരം ശാരികപ്പൈതൽ താനും
നന്ദിച്ചു ജഗന്നാഥം വന്ദിച്ചങ്ങുരചെയ്താൾ-
പരക്കെസ്സുഖാസനേയിരിക്കുമൃഷികളാ-
ലുരുപ്രേരിതൻ ശുകനകക്കാമ്പുണർന്നുടൻ
പരബ്രഹ്മത്തെസ്സകലേഷുസംഗ്രഹത്തെയി-
ങ്ങുറച്ചുകണ്ടാചാര്യപദദ്വന്ദാഗ്രം കൂപ്പി
സമർപ്പിച്ചൊന്നായ് തെളിഞ്ഞിരിക്കും നരവര-
പ്രമുഖൻ തന്നോടരുൾ ചെയ്തിതു മന്ദം മന്ദം-
‘ഭൂപതേ! തവചോദ്യമെത്രയും നല്ലൊന്നിതു
പാപനാശനകരം പവിത്രമത്യത്ഭുതം
ആസന്നമൃത്യുവായുള്ളോർക്കിതു യോഗ്യം തന്നെ
വാസനയുള്ളോർ കുറഞ്ഞീടുമന്നേരത്തേവം
ബോധമുറ്റുറപ്പവരെങ്കിലോ പലവിധം
ബോധകശ്രോതവ്യങ്ങളുണ്ടല്ലോ ശാസ്ത്രങ്ങളിൽ
എന്നതിലെല്ലാറ്റിലും നല്ലതായെളുതായി
വന്നുകൂടുന്നു ഫലംഭഗവദ് ഭജനത്താൽ
സകലഭൂതങ്ങൾക്കുമാത്മാവയിരിക്കുന്ന
ഭഗദ്ഗുണനാമചരിത്രാദികളെല്ലാം
ശ്രോതവ്യമാകുന്നതു കേവലം തദ്രൂപങ്ങൾ
ചേതസിസദാകാലം സ്മർത്തവ്യമാകുന്നതും
പൂജനം കർത്തവ്യമാകുന്നതുമനുദിനം
വ്യാജമെന്നിയേ പല ജാതിയും ഭഗവാനെ
മനസാവാചാ പരികർമ്മണാ ശീലിപ്പതു
മാനുഷജന്മത്തിങ്കൽ നല്ലതു പുരുഷാർത്ഥം
സാധിച്ചു ജീവന്മുക്തരായ് വിളങ്ങീടും മഹാ-
ബോധികൾ പോലും ഭഗവദ്ഗുണങ്ങളിൽ ത്തന്നെ
കേവലം രമിക്കുന്നോരങ്ങനെ നിത്യം സുഖ-
സേവ്യമായിരിപ്പൊന്നു തദ്ഗുണമഹിമകൾ
ഞാനുമവ്വണ്ണം ഗുണാതീതനെന്നിരിക്കിലും
മാനസാനന്ദം പൂണ്ടുശീലിച്ചേൻ തൽ കീർത്തനം.
അതിനെപ്രതിപാതിച്ചീടുന്നു ഭഗവത-
മധികം പ്രധാനമായിരിക്കും പുരാണത്തിൽ.
അപ്പുരാണത്തെ മമ താതനാം വേദവ്യാസൻ
മുല് പ്പാടുചമച്ചെന്നെയെപ്പേരും പഠിപ്പിച്ചു
തൽ പ്രബന്ധത്തെ വിഷ്ണുരാതനാം നിനക്കു ഞാൻ
ഉൾപ്പൂവിലത്യാനന്ദസിദ്ധിദം ചെല്ലാമല്ലോ;
വ്യക്തമാമതിൽ കൃഷ്ണചരിതം മനോരമ്യം
എത്രയും സുഖസാധ്യമെന്നുകേട്ടിരിക്കുന്നു.
തച്ചരിതാനന്ദ പീയൂഷപാനത്തെക്കൊണ്ടു
തൽകൃതദ്വന്ദ്വം വിട്ടുമുക്തനായ് വരും ജീവൻ.
വിസ്തരിച്ചു ചൊല്ലിക്കേൾപ്പതിന്നേതും കാല-
വിസ്തരം മതിയല്ലെന്നുൾത്താരിൽ ശങ്കിക്കേണ്ട.
ഖട്വാംഗനെന്നുള്ളൊരു രാജർഷി ശ്രേഷ്ഠൻ പണ്ടു
ദിഷ്ടതയാലേ ദൈവാനുഗ്രഹബലവശാൽ
പൃഥ്വിവിലിനിജ്ജീവിച്ചിത്രനാളിരിപ്പൂതെ-
ന്നുൾത്താരിലറിഞ്ഞു സംക്രാന്തിമാത്രത്താലപ്പോൾ
മറ്റുള്ള സകല സംഗങ്ങളെ നിവർത്തിച്ചു
മുറ്റീടും ഭഗവദ്ഭക്ത്യാനന്ദരീത്യാ തൂർണം
മുക്തനായ് പുരുഷാർത്ഥം സാധിച്ചാനലസാതെ
സപ്തവാസരമായുസ്സുണ്ടല്ലോ ഭവാനിപ്പോൾ;
അപ്പോഴോ ഭഗവത് ഭക്തി പ്രവൃത്തിക്കു കാലം
ഇപ്പോഴിങ്ങിവിടെപ്പോരാഞ്ഞേതും ഖേദിക്കേണ്ട;
ഭക്തിമാർഗ്ഗത്തെപ്പറഞ്ഞീടുവാൻ ചുരുക്കി ഞാൻ:
ഉൾത്താരിലുറപ്പോളം കേട്ടാലും വഴിപോലെ.
മർത്യനാമവൻ മൃത്യുകാലമിങ്ങടുത്തു സ-
ന്ദിഗ്ദമെന്നിയേദൃഢചിത്തനായിരിപ്പവൻ
വിഗ്രഹാദ്യഖിലസംഗങ്ങളും ത്വജിച്ചുടൻ
തദ്ഗൃഗത്തിങ്കൽ നിന്നു സ്വസ്ഥനായ് നിവൃത്തനായ്
തീർത്ഥസ്നാനങ്ങൾ കൊണ്ടു ദേഹസുദ്ധിയും മുഹു-
രാത്മശുദ്ധിയെക്ഷേത്രോപാസനാദ്യങ്ങൾകൊണ്ടും
ചേർത്തതി വിവിക്തദിവ്യസ്ഥലം പ്രാപിച്ചിരു-
ന്നാസ്ഥയാ ജിതാസനസംസ്ഥനായ് വിനീതനായ്
ശാന്തനായ് പ്രാണായാമശീലനായ് മനോജയ-
സ്വാന്തനായനുദിനമിന്ദ്രിയജിതനായി
ചിത്തകാമ്പുറപ്പോളമീശ്വരദ്ധ്യാനം ചെയ്തു
മുക്തനായ് തൽ സാമിപ്യം പ്രാപിച്ചീടണമല്ലോ.
ഭക്തനാം നിനക്കുമവ്വണ്ണമീശ്വരദ്ധ്യാന-
മുൾത്താരിലുറപ്പിപ്പാൻ കാലമായ് വന്നിതിപ്പോൾ.