ശ്രീമഹാഭാഗവതം/തൃതീയസ്കന്ധം/വരാഹാവതാരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

എങ്കിലോ കേട്ടാലും നീ മുന്നമങ്ങൊരു ദിനം
പങ്കജസഖൻ മറഞ്ഞീടുവാൻ തുടങ്ങുമ്പോൾ
സന്ധ്യോപാസനം ചെയ്തുകശ്യപ പ്രജാപതി
ചന്തമായിരുന്നവളന്തികേചെന്നാളുടൻ
കാമപീഡിതയായ കാമിനി ദിതി മന-
സ്കാമവേഗേന ഭർത്താവോടുനപേക്ഷിച്ചാൾ:-
‘ഇപ്പൊഴിങ്ങെനിക്കുള്ളിലാഗ്രഹം രതിയിങ്കൽ
മുല്പാടീവണ്ണമൊരു ദർപ്പമുണ്ടായീലയോ.’
നിസ്ത്രപമേവം പറഞ്ഞീടിനമനമനോജ്ഞയോ-
ടുൾത്താരിൽ വിചാരിച്ചു കശ്യപൻ താനും ചൊന്നാൻ:
‘എന്തെടോ! മനോഹരേ! നിന്മനോഗതമിദ-
മെന്തൊരു കഷ്ടം കുറഞ്ഞോന്നുള്ളിൽ ക്ഷമിയാതെ
സന്ധ്യാവേളയിങ്കലിക്കൂട്ടനാചാരങ്ങളെ-
ച്ചിന്തിച്ചീടരുതെന്നു നീയറിയാഞ്ഞല്ലല്ലോ
പാർക്കേണം കുറഞ്ഞൊന്നെ’ന്നിങ്ങനെ പലവുരു
ചേൽ ക്കണ്ണാൽ തന്നോടനുസരിച്ചു വാത്സല്യത്താൽ
കശ്യപൻ പറഞ്ഞതുകേളാതെ മുതിർന്നുടൻ
ആശ്ലേഷിച്ചനംഗവേഗാശയാ മനോഹരി
വായ്ക്കുമാനന്ദത്തോടെ വായ്ക്കൊണ്ടാളധരവും
നീക്കിനാൾ നീവീബന്ധമെന്തൊരു പരാധീനം.
അങ്ങനെയെല്ലാമവൾ കോപ്പിട്ടോരളവിങ്കൽ
അംഗജൻ താനും മലരമ്പുകൾ തൂകീടിനാൻ.
തിങ്ങിനോരത്യാനന്ദമുൾക്കൊണ്ടു മുനീന്ദ്രനും
സംഗവേഗേന രമിച്ചീടിനാനാകും വണ്ണം.
ഗർഭവുമവൾക്കുടനുത്ഭവിച്ചതുപൊഴു-
തർ ഭകനുടെ കൊടും ക്രൂരമാം തേജോമയാൽ
ദിക്കെഴും ഘോരാകാരമായ് ചമഞ്ഞതുകണ്ടി-
ട്ടുൾക്കാമ്പിലതിഭയമുൾക്കൊണ്ടു ദേവാദികൾ
പുഷ്കരോത്ഭവനോടു ചോദിച്ചാ‘രതിൻ മൂലം
ഇക്കാലമെന്തെന്നരുൾ ചെയ്തീടണ’മെന്നീവണ്ണം
കേട്ടുടനവരോടു ബ്രഹ്മാവും ചിരിച്ചുടൻ
കേട്ടാലും പരമാർത്ഥേമെന്നരുൾചെയ്തീടിനാൻ:-
‘പണ്ടൊരു ദിനം സനകാദികൾ മുകുന്ദനെ-
ക്കണ്ടു വന്ദിപ്പാനങ്ങു വൈകുണ്ഠ ലോകത്തിങ്കൽ
ചെന്നടുത്തളവുതാൻ ഗോപുര ദ്വാരാന്തികേ
നിന്നുടൻ തടുത്തൊരു ജയനും വിജയനും
താപസ ശാപത്താലെ ദാനവന്മാരായ് വരും
ശ്രീപതി വധിച്ചു സായൂജ്യവും വരുത്തീടും.
കേവലമവർ വന്നു ദിതിതൻ ഗർഭത്തിങ്കൽ
ആവിർഭൂതന്മാരാവാനാരംഭിച്ചതിനാലെ
ഘോരന്മാരുടെ തേജസ്സായതിക്കാണായ് വന്ന-
താരുമില്ലവരോടു നേരേ നില്പതിനെങ്ങും;
മാധവൻ ജഗൽ പതി താനവർകളെക്കൊല്ലും
ബാധകൾ നമുക്കേതുമില്ല പോയാലും നിങ്ങൾ.’
സാദരം ബ്രഹ്മാവരുൾ ചെയ്തതീവണ്ണം കേട്ടു
മോദേന തത്തൽ സ്ഥാനം പ്രാപിച്ചാരമരരും
ദാനവപ്രവരനാം ഹിരണ്യകശിപുവും
മാനിയാം ഹിരണ്യാക്ഷൻ താനുമങ്ങതുകാലം
ജാതരായപ്പോൾ കണ്ട ദുർന്നിമിത്തങ്ങൾ ചൊൽവാ-
നേതുമേ നമ്മാലരുതങ്ങവരിരുവരും
വേഗേന വളർന്നതി മുഷ്കരന്മാരായ് വന്നാർ
ഭാഗവതാഢ്യന്മാരെ ദ്വേഷിച്ചാരനുദിനം
വാരിജാസനൻ തന്നെസ്സേവിച്ചാർ വേണ്ടും വണ്ണം
പാരാതെ തങ്ങൾക്കുള്ളിൽ ചേരുന്ന വരങ്ങളും
വീരന്മാർ വരിച്ചുകൊണ്ടീരേഴുലോകങ്ങളും
വീറോടുകൂടെജ്ജയിച്ചേകശാസനയാലെ
മാരാരി മുരഹരന്മാരാദിനാഥന്മാരെ-
പ്പേരാരും പറയുമ്പോളരുതെന്നാക്കീടിനാർ
പാരാതെ തിരുനാമമാരാനും ചൊല്ലീടുകിൽ
പാരതിലവരുടെയല്ലാതെയരുതല്ലോ.
ലോകങ്ങൾക്കെല്ലാം നാഥന്മാർ തങ്ങളൊഴിഞ്ഞില്ലെ-
ന്നാകെയങ്ങടക്കിവാണീടിനാർ ജഗത്ത്രയം
അങ്ങനെ ഹിരണ്യാക്ഷൻ നാനാദിഗ്വിജയാർത്ഥ-
മങ്ങുതാനൊരു ഗദാപാണിയായകതാരിൽ
തിങ്ങിന മദം പൂണ്ടു സഞ്ചരിച്ചീടും കാല-
മങ്ങോടിങ്ങോടു പേടിച്ചൊളിച്ചാരെല്ലാവരും;
തന്നോടു നേരിട്ടാരുമില്ലാഞ്ഞോരളവവൻ
അർ ണ്ണവം തന്നിൽ ചെന്നങ്ങിറങ്ങിത്തിമിർപ്പോടെ
തിങ്ങീടും തിരനിരമാലകൾ ഗദകൊണ്ട-
ങ്ങങ്ങോടിങ്ങോടു തല്ലിത്തകർത്തു തകർത്തുടൻ
ചെന്നടുത്തളവതിഭീതനായൊളിച്ചോടി-
ച്ചെന്നു പാശിയും മധുവൈരിയോടവസ്ഥകൾ
ചെന്നളവതികോപം പൂണ്ടു മാധവനൊരു
പന്നിയാ, യരവിന്ദ സംഭവനാസാരന്ധ്രം-
തന്നിൽ നിന്നവതരിച്ചന്വേഷിച്ചീടുന്നേരം
ഖിന്നനായസുരനും ചെന്നുപാതാളം പുക്കാൻ.
ഭൂമിയെദ്ധരിച്ചോടും ദാനവൻ താനസ്തബ്ധ
രോമാവായടുത്തൊരു നാഥനെക്കാണായപ്പോൾ
വേപഥു ശരീരനായാടുകാൽ തുടർന്നു സ-
ന്താപവേഗേന ചുഴന്നാഹന്ത! ചെറുത്തുടൻ
താഡനം ചെയ്താൻ ഗദകൊണ്ടതേലാതെ ചുഴ-
ന്നീടിന കിടീന്ദ്രനും കൂടവേ ലഘുതരം
ഭീതനാമവനുടൽ കീറുമാറുടനതി-
ക്രോധമുൾക്കലർന്നു നിന്നാശുതാൻ പൊങ്ങീടിനാൻ
താനുടൻ കുതിച്ചുയർന്നീടിനാനതിനു വേ-
ഗേന നാഥനുമവനിങ്ങിഴിഞ്ഞീടുന്നേരം
തീചിതറിന ദംഷ്ട്രാഗ്രേണപാഞ്ഞണഞ്ഞള-
വാചരണാനുവേഗാലാശുസംഭ്രമിച്ചുടൻ
ചീളെന്നു ചുഴന്നു വട്ടം തിരിഞ്ഞതുനേരം
വ്യാളിയെപ്പോലെ തുടർന്നീടിനാൻ മുകുന്ദനും.
മാറിനിന്നസുരനും കേവലം ഗദകൊണ്ടു
വീറോടു മുതുകിലാമ്മാറുടൻ താഡിക്കുമ്പോൾ
കൂടവേതിരിഞ്ഞു പാഞ്ഞീടിനാൻ ജഗന്നാഥൻ
പാടവം കലർന്നവന്താണനന്താന്തർഭാഗേ
താവിനാനതു കണ്ടു ദേവദേവേശൻ താനും
മേവിനാൻ ചിറകുള്ള ഘോണിയെന്നതു പോലെ
കീറിനാനതുപൊഴുതങ്ങവയവങ്ങള-
ങ്ങേറിനോരഴൽ പൂണ്ടു ദാനവപ്രവരനും
വാരിധിതന്നിൽ ഗദകൊണ്ടറഞ്ഞുന്തിത്തള്ളി-
പ്പാരാതെ ഗദാഗ്രംകൊണ്ടൂന്നി മുക്കിനാനപ്പോൾ
ക്ഷീണിതയൊഴിഞ്ഞുയർന്നങ്ങധോമുഖത്തൊടും
താണവൻ മുതുകുഴുതാറേഴുകീറും വിധൗ
ചോരകൊണ്ടഭിഷിക്തനായവൻ തളർന്നഹോ!
കാരണജലത്തിൽ വീണീടിനാനനേകധാ,
നാഥനും പല വാരിവീചിഭിരോരോവിധം
പ്രാഥനാകൃതേർ വിളയാടിനാനാകും വണ്ണം
കേവലം പലവുരുവിങ്ങനെ പലകാലം
ദേവാരി വാസുദേവന്മാർ കലഹിക്കും വിധൗ
വാരിജാസനൻ മുതലായവരെല്ലാമിനി-
പ്പോരുമിക്കളിയെന്നു നാഥനെ സ്തുതിക്കുമ്പോൾ
കാലമൊട്ടേറെക്കഴിഞ്ഞീടിനോരനന്തരം
കാലാത്മാജഗന്മയനാകിയ നാരായണൻ
ദാനവനുടൻ മദ്ധ്യേകീറിനാനെന്നുള്ളതേ
മാനസേ വിചാരിച്ചാലാവതെന്നുള്ളു ചൊൽ വാൻ.
മാനിയാമവൻ മരിച്ചീടിനോരനന്തരം
ക്ഷോണിയെദ്ദംഷ്ട്രാഗ്രേ ചേർത്താശു തൽ സ്ഥാനത്തിങ്കൽ
സ്ഥാപിച്ചീടിനാൻ മഹാ യജ്ഞാംഗ സ്വരൂപകൻ
താപത്യാഗായമുനി മണ്ഡലാൽ സ്തുതിച്ചീടും
ധാതാവുതന്നെക്കൊണ്ടു കേവലൻ സൃഷ്ടിപ്പിച്ചാൻ
പ്രീതയാമവനിയിലാമ്മാറുനിരന്തരം.