ശ്രീമഹാഭാഗവതം/ചതുർത്ഥസ്കന്ധം/പുരഞ്ജന ചരിത്രം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

തൽക്കഥാമിത്ഥം നിശമ്യ മുനീന്ദ്രനോ-
ടുൾത്താരുണർന്നു നൃപതി ചൊല്ലീടിനാൻ-
“ഭദ്രം ഭവാനരുൾ ചെയ്ത വാഗർത്ഥമി-
സ്സന്ദേശസാധനമെന്നിയേ സാദരം
നന്നായറിയുമാറെന്നോടു വേർതിരി-
ച്ചൊന്നൊഴിയാതെ മുതിർന്നരുൾ ചെയ്കിലേ
ബോധിച്ചുകൂടുമുഹു” രെന്നതു കേട്ടു
ബോധിക്കുമാറരുൾ ചെയ്തു മുനീശ്വരൻ:-
“കേട്ടുകൊൾകെങ്കിൽ പുരഞ്ജനനായതു
വാട്ടമൊഴിഞ്ഞ ജീവാത്മാപരബ്രഹ്മം;
സാക്ഷിയാകും ശരീരം പുരമായതു
സാക്ഷാലതിനെജ്ജനിപ്പിക്കകൊണ്ടവൻ-
തന്നെ പുരജ്ജനനെന്നായ്ച്ചമഞ്ഞതു
മന്യൂനനാമവിജ്ഞാതനനീശ്വരൻ
നിത്യന പരിച്ഛിന്നൻ പരൻ കേവലൻ
തത്സ്വതാ‍മൂലപ്രകൃതി ഗുണങ്ങളെ
സദ്യോപി താനങ്ങനുഭവിപ്പാൻ ശരീ-
രത്തെയാരാഞ്ഞു പെരുമാറിനിന്നവൻ
മുഖ്യനാകും ഹിമവദ്ഗിരിതന്നുടെ
തെക്കെപുറം പുക്കു മർത്ത്യശരീരവും
കൈക്കൊണ്ടതിങ്കൽ പ്രമദോത്തമയെന്ന-
തുൾക്കാമ്പിലോർക്കതൽ ബുദ്ധിയാകുന്നതും;
നിത്യം ശരീരേന്ദ്രിയങ്ങളാൽ ജീവന-
ങ്ങത്യാദരേണ ഭുജിക്കും വിഷയങ്ങൾ-
ഇന്ദ്രിയവൃത്തി പാഞ്ചാലങ്ങളായതും;
ശബ്ദാദിപഞ്ചവിഷയങ്ങളായതും
തദ്ദേഹജീവനനുഭൂതികേവലം;
ദ്വാരങ്ങളൊമ്പതെന്നിങ്ങനെ ചൊന്നതു
നേരെ പരിചോടറിക തത്തദ്വിധം
ഖദ്യോതാവിർമുഖികൾ നയനദ്വയം;
തദ്യുമാനെന്നതുപോൽ ചക്ഷുരിന്ദ്രിയം
വിഭ്രാജിതമെന്ന രൂപം നളിനിയു-
മത്ഭുതം നാളിനെ നാസികാദ്വാരങ്ങൾ;
ഘ്രാണവധൂതനാം മുഖ്യനാസ്യവു-
മപ്പോലെ സൗരഭനെന്നതു ഗന്ധവും,
ജിഹ്വേന്ദ്രിയ വിപണനോ രസജ്ഞൻപോൽ
വാഗിന്ദ്രിയമാപേണോ വ്യവഹാരോത്ര
സവ്യനാനാദ്വിധാന്നദ്വിധം സംയുതം
പിന്നെപ്പിതൃഭൂവലത്തെച്ചെവി പുന-
രന്യഭാഗേ ദേവഭൂവെന്നു ചൊന്നതും
ഇതി ശ്രീമഹാഭാഗവതേ
ചതുർത്ഥസ്കന്ധം സമാപ്തം
തത്സാധനേന പ്രവൃത്തിനിവൃത്തിത-
ല്ലക്ഷണ ശാസ്ത്രങ്ങൾ കേട്ടു പിതൃയാനം-
ദേവയാനങ്ങളാകുന്ന മാർഗ്ഗങ്ങളെ-
ക്കേവലം പ്രാപിക്കയാൽ നാമമെന്നതായ്
ശ്രോത്രേന്ദ്രിയം പോൽ ശ്രുതിധരനായതു;
മാസുരിയാകുന്നതായതു മേഢ്രവും
ദുർമ്മദനെന്നു പസ്ഥേന്ദ്രിയം ഗ്രാമ്യകം
നിർമ്മലസമ്മിതം പോൽ വ്യവസായവും;
ചെമ്മേ നിര്യതി ഗുദം ലുബ്ധകൻ പായു-
വിന്ദ്രിയം വൈശസമെന്ന നരകവും
കാൽ നൃപാഖ്യൻ കൈയുപസ്കാരനായതും
അന്തഃപുരമെന്നതല്ലോ ഹൃദയവും
മാനസം പോലെ വിഷൂചീനനാകുന്നതും
തേന തത്സ്വപ്ന ശരീരമാം സ്യന്ദനം
പഞ്ചേന്ദ്രിയങ്ങൾ കുതിരകളും പുന-
രഞ്ചിത പുണ്യപാപങ്ങൾ തച്ചക്രവും;
സത്വരജസ്തമസ്സല്ലോ കൊടിമരം
തൽബന്ധുരങ്ങൾ ബാണങ്ങളഞ്ചായതും;
മാനസം വായ്ക്കയർ, സാരഥിബുദ്ധിയു-
മാനതേർകൂടദ്വന്ദ്വങ്ങൾ കുബരങ്ങൾ;
നേരേ ഹൃദയശബ്ദാദിവിഷയങ്ങൾ
ഘോരമാമായുധപാണികൾ കേവലം
ഏകാദശേന്ദ്രിയമാകും പട ചണ്ഡ-
വേഗനാകുന്നതു സംവത്സവും ദൃഢം
ഗന്ധർവ്വന്മാരങ്ങഹസ്സുകൾ രാത്രികൾ
ഗന്ധർവ്വന്മാർ; കാലകന്യാ ജരാസംഖ്യയും;
സന്തതം മൃത്യു ഭയൻ; ആധിവ്യാധികൾ
ചിന്തയാകേൾക്കയവനന്മാരായതും
പ്രജ്വരനെന്നിതെല്ലാമപ്പുരഞ്ജനാ-
ത്യുജ്ജ്വലിത ചരിത്രം പവിത്രം പരം
തമ്മിൽ പ്പുരഞ്ജനൻ താനും പുരഞ്ജനി-
തന്വീമണിയും രമിച്ചുവാഴുന്നനാൾ
അനോന്യമുൾസ്മൃതിചേർന്നു രമിക്കയാ
ൽന്യജന്മേ പകർന്നുത്ഭവിച്ചീടിനാർ
വന്നതതിങ്കൽ മരിക്കുമ്പൊഴുതുത-
നൊന്നെന്തു ചിന്തിച്ചതങ്ങതായേ വരൂ.
പിന്നെയെന്നുള്ളതിനാലനിശം ഹൃദി
നിർണ്ണയിക്കേണം ഭഗവല്പദാബുജം
തന്നിലെ ബ്ഭക്തിയെന്നാലതിങ്കൽഗ്ഗതി
വന്നുകൂടീടുമെന്നൊന്നു സിദ്ധാന്തവും.
നന്നായതിന്നുകർമ്മാധീനമെന്നിയേ
തന്നിലൂന്നീടുകയില്ലതു നിർണ്ണയം
എന്നതിനാലും ഭഗവല്പദസ്മൃതി-
തന്നേ മനസാപി ശീലിക്കവേണ്ടതും,
പുണ്യപാപങ്ങളൊഴിഞ്ഞഖിലേശ്വരൻ-
തന്നനുകൂലമുണ്ടായ്‌വരുവോളവും-
കാല”മെന്നേവം ഭവാബ്ധിതരണൈക-
മൂലഭക്തി പ്രവിസ്താരഭേദങ്ങളെ
മോദാലരുൾ ചെയ്ത തത്ത്വാർത്ഥബോധവും
മേദിനീശന്നു നന്നായുറപ്പിച്ചുടൻ.