ശ്രീമഹാഭാഗവതം/ചതുർത്ഥസ്കന്ധം/പുരഞ്ജനോപാഖ്യാനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മുഖ്യതപോധനൻ നാരദനന്നതി-
വിഖ്യാതനായെഴും പ്രാചീനബർഹിസ്സിൻ-
പൂരിലമ്മാറെഴുന്നള്ളിയനേരത്തു
സാരനായുള്ള നരവരനും മുദാ
ഭക്ത്യാ നമസ്കൃതി ചെയ്തെഴുന്നേറ്റുടൻ
പ്രീതി കൈക്കൊണ്ടു കൂട്ടിക്കൊണ്ടുപോന്നുടൻ
അർഘ്യപാദ്യാസനപൂജകളേമുദാ-
രാജപ്രവരനും ചെയ്തിരുത്തീടിനാൻ.
അപ്പോൾ മഹാമുനിനാരദനാത്മജ്ഞാ-
നപ്രഭേദങ്ങളാമത്ഭുതവാണികൾ
ജല്പിച്ചതുകേട്ടു സംസാരവൈരാഗ്യ-
മുൾപ്പൂവിലുൾക്കലർന്നപ്പൃഥിവീശ്വരൻ
ജ്ഞാനോപദേശ ഗ്രഹണത്തിലാഗ്രഹം
മാനസേപൂണ്ടു ചോദിച്ചതിനുത്തരം
ചൊന്നാൻ മുനീന്ദ്ര “നെടോ! നൃപരീശ്വര!
മുന്നം ഭവാനാലഹോ! ഹനിച്ചീടിന-
യജ്ഞപശുക്കൾ ഭവാനെഹനിപ്പതി-
നജ്ഞാനികൾ പരലോകത്തുളരെടോ!”
എന്നുള്ളതിങ്കൽ പുരഞ്ജനവൃത്തമാ-
കുന്നോരിതിഹാസവുമരുളിച്ചെയ്താൻ-
“മുന്നം പുരഞ്ജനനാം നരേന്ദ്രോത്തമൻ
തന്നുള്ളിലങ്ങവിജ്ഞാതസഖനേയും
വിട്ടുകളഞ്ഞൊരു രാജധാനീന്ദ്രമുൽ‌-
കൃഷ്ടമായുണ്ടാക്കുവാൻ തിരഞ്ഞീടിനാൻ
കണ്ടീലതുതനിക്കുള്ളിൽ തെളിഞ്ഞതു-
കൊണ്ടഥപിന്നെയും നീളെ നടന്നവൻ
ഖിന്നനായേറ്റം പരവശനായുടൻ
ചെന്നു ഹിമവദ്ഗിരിവരൻ തന്നുടെ
താഴ് വരയിങ്കലാമ്മാറു തെക്കേപ്പുറ-
ത്താവോളമമ്പൊടുനോക്കി നടക്കുമ്പോൾ
ഒൻപതു വാതിലുള്ളോരു പുരവരം
മുമ്പിലാമ്മാറതിലക്ഷണയുക്തമായ്
കണ്ടാനവൻ, പുറമേബഹു ശോഭപൂ-
ണ്ടുണ്ടൊരുദ്യാനമതിങ്കൽ വിവിധമാം
പുഷ്പസൗരഭ്യസമൃദ്ധിഗുണങ്ങളാ-
ലുൾപ്പൂവിലാമ്മാറു ദർപ്പകഭ്രാന്തികൾ
വർദ്ധിതമായിരിക്കും പ്രദേശോത്തമേ
സുസ്ഥലത്തിങ്കലൊരുത്തിയെക്കേവലം
നൂറുനൂറുജനങ്ങൾ സഖിമാരുമാ-
യേറെയുള്ളൊരു ബഹുഭടന്മാരൊടും
പഞ്ചഫണനാമഹിവരന്തന്നൊടു-
മഞ്ചിതയാം പ്രമദോത്തമതന്നെയും.
ഭർത്താവിനെത്തിരഞ്ഞങ്ങു നടക്കുന്നോ-
രുത്തമയാമവളെക്കണ്ടു സാദരം
ചിത്തേ മുഴുത്ത മദനപരവശാ-
ലത്തേന്മൊഴിയാളൊടാശു ചോദിച്ചിതു:
എന്തെടോ സുന്ദരിയായ നീതാനുട-
നെന്തിനായിങ്ങനെ സഞ്ചരിക്കുന്നതും?
ആരുടെ നന്ദനയായതുനീയക-
താരിൽ നിരൂപിച്ച കായമെന്നെന്തെടോ?
ആരുനിനക്കിഹഭൃത്യരായ് മേവിന
വീരയോദ്ധാക്കളും നാരിമാരുമിവർ?
മുന്നിൽ നടക്കും ഫണീന്ദ്രനു നാമമെ-
ന്തൻപോടു നീ ഭുവനേശ്വരിയാകിയ
പാർവതിയോ രമാദേവിയോ കേവല-
മീവണ്ണമുള്ള നീ താനവരല്ലയോ?
ഭൂമൗ നടക്കുന്നതാകയാലെത്രയും
കോമളയായ നീ വീരനാമെന്നുടേ
മാനസനാഥയായെന്നോടുകൂടെവ-
ന്നാനന്ദമോടപ്പുരിയെ നിരന്തരം
നന്നായലങ്കരിപ്പാനുള്ള യോഗ്യമു‌-
ണ്ടിന്ദിരാദേവിയുമായ് മുകുന്ദൻ പരൻ
വൈകുണ്ഠലോകമലങ്കരിച്ചേതുമൊ-
രാകുലമെന്നിയേ വാഴുന്നവണ്ണമേ
എന്നെയും വച്ചുകൊണ്ടിപ്പുരിതന്നെയും
നന്നായലങ്കരിക്കേണം മനോഹരേ!
നിന്നെയും വച്ചുകൊണ്ടെന്നെപ്പൊരുന്നിതു
കന്ദർപ്പനെന്നതിനിന്നിനി നിന്നുടെ
വ്രീളയാ സാകമവനതമാകിയ
മേളമുഖാംബുജം കാട്ടി രക്ഷിക്ക മാം”
ഇത്ഥം പറയും പുരഞ്ജനനോടുട-
നെത്രയുമത്യാദരേണ പുരഞ്ജനി
ചൊന്നാൾ “പുരുഷോത്തമനായിരിക്കുന്ന
നിന്നോടു ഞാൻ പറയാമിതിന്നുത്തരം.
ഉല് പാദകനായതാതനെ ഞാനെന്റെ
ചിത്തേ ധരിച്ചിരിക്കുന്നതില്ലേതുമേ!
ഇസ്ഥലത്തിങ്കൽ വന്നെത്തിയേ നിന്നു ഞാ;-
നിസ്ത്രീജനങ്ങളെല്ലാം സഖിമാരല്ലോ;
നിത്യമിക്കാണായ്ച്ചമഞ്ഞ പുരുഷരു-
മത്ര മമ സഖന്മാരെന്നറിക നീ,
ഞാനുറങ്ങും പൊഴുതും പുനരന്തരാ
നൂനമുണർന്നിരിക്കും വിധിയിങ്കലും
താനിപ്പുരിപരിപാലിച്ചിരിപ്പവ-
നാനന്ദമുൾക്കൊണ്ടിവൻ ഫണീന്ദ്രോത്തമൻ.
എന്നിങ്ങനെയുള്ളതെൻ പരമാർത്ഥമി-
ന്നിന്നെയിങ്ങെത്തിച്ചതീശ്വരാനുഗ്രഹം-
തന്നേ, വിഷയങ്ങളിലിച്ഛിച്ചിരിക്കുന്ന
നിന്നെയനുഭവിപ്പിപ്പനെനിക്കുള്ള
ബന്ധുക്കളുമായനുഭൂതസിദ്ധനാ-
യന്ധതയെന്നിയേ നിത്യസുഖാന്വിതം
എന്നോടു ചേർന്നിപ്പുരിയിൽ നൂറ്റാണ്ടുവാ-
ഴ്കെന്നു തോന്നീടുകിൽ നന്നായ് വരും ദൃഢം.
നിന്നെക്കണക്കേ സദൃശരായാരെയും
മന്നിടത്തിങ്കൽ ഞാൻ മറ്റു കണ്ടീലെടോ!
ധർമ്മാർത്ഥകാമമോക്ഷാനന്ദസന്തതി-
ധർമ്മയശസ്കരമാം ഗൃഹസ്ഥാശ്രമം
ദേവകൾക്കുമൃഷികൾക്കും പിതൃക്കൾക്കു
മേവം മനുഷ്യഭൂതങ്ങൾക്കുമാശ്രയം.
കേവലമീഗൃഹസ്ഥാശ്രമമെന്നറി-
ഞ്ഞാവിർമ്മുദാ ബത! സാധിച്ചുകൊള്ളുവാൻ
വീര്യബലാദ്യംഗസൗന്ദര്യമാദിയാം
കാര്യഗുണങ്ങൾ ചേർന്നീടും ഭവാനെ ഞാൻ
സൂനം വരിക്കുന്നതുണ്ടിതുഗ്ഗുണങ്ങൾ ചേർ-
ന്നാനന്ദവാനായ നിന്നെയുപേക്ഷിപ്പാൻ
മാനസേ തോന്നുകയില്ലൊരുത്തിക്കു”മെ-
ന്നാനന്ദവാണികളാൽ ഭ്രമിപ്പിച്ചുടൻ
ചെന്നു പുരഞ്ജനൻ തന്നെവരിച്ചു സം-
പൂർണ്ണമോദേന പുരഞ്ജനിയും തമ്മിൽ,
ദമ്പതിമാരായ്പ്പുരിയിലകം പുക്കു
സമ്പ്രതിനൂറ്റാണ്ടിരുന്നാർ സുഖാന്വിതം.
അങ്ങനെയുള്ള പുരിക്കേഴുവാതിലു-
ണ്ടങ്ങുയരത്തുതാഴത്തു രണ്ടും പ്രഭോ!
മംഗളമായതിലൂടെ നടന്നുട-
നെങ്ങും നടക്കും പുരഞ്ജനൻ തന്നുടെ
ഭൃത്യജനങ്ങളുമായൊരുമിച്ചുകൊ-
ണ്ടത്യന്തമാഹന്ത! വെവ്വേറെയും തദാ,
നിത്യമതിലഞ്ചുവാതിൽ കിഴക്കുഭാ-
ഗത്തു വാമേതരദിക്കിലോരോന്നെടോ!
പശ്ചിമഭാഗത്തു രണ്ടും പുനരതി-
ലിച്ഛാവശേന പുരഞ്ജനൻ താനവൻ
ഖദ്യോതയെന്നുമാവിർമ്മുഖിയെന്നുള്ള
വാതിൽദ്വയാന്തേ, കിഴക്കു ദ്യുമാനൊടു-
കൂടെപ്പുറപ്പെട്ടു വിഭ്രാജകനാമ-
മീടുന്ന രാജ്യമടക്കുന്നിതന്വഹം.
കേവലമങ്ങവറ്റിന്നടുക്കെത്തുലോ-
മേവ, നളിനിയുമന്യാപി നാളിനീ
രണ്ടുവാതിലതിലൂടെ പുറപ്പെട്ടു-
കൊണ്ടവധൂതസഖനോടുചേർന്നുടൻ
സൗ‍രഭമാകിയ രാജ്യമടക്കി വൻ-
പൂജ്യമാം മുഖ്യയാം വാതിലൂടെ തഥാ-
ചെന്നു രസജ്ഞവിപണരിരുവരോ-
ടൊന്നിച്ചുകൊണ്ടു ബഹുദനനാമവൻ
അന്വഹമാപണമായ രാജ്യം മുദാ
തന്നാലടക്കിവാഴുന്നു നിരന്തരം
തെക്കും വടക്കും പിതൃദേവഭൂക്കളെ-
ന്നൊക്കെ പ്രസിദ്ധങ്ങളാം വാതിലൂടെപോയ്
പുക്കുശ്രുതധരനായ സഖിയൊടും
ദക്ഷിണ പാഞ്ചാലവും പുനരന്യഥാ-
ചൊല്പൊങ്ങുമുത്തരമായ പാഞ്ചലവു-
മപ്പോലെ രാജ്യങ്ങൾ രണ്ടുമടക്കുന്നു.
പിന്നെയപ്പശ്ചിമമാം വാതിലൂടെപ്പോയ്-
ച്ചെന്നു പുറപ്പെട്ടു ദുർമ്മദന്തന്നൊടും
കൂടെക്കലർന്നുടൻ ഗ്രാമ്യകമെന്നുപേ-
രാകും മഹാരാജധാനിയടക്കുന്നു.
പാടേ നിര്യതിയൂടെചെന്നു ലുബ്ധക-
നോടും മഹാവൈശസമെന്ന രാജ്യവും
നേരേ മുതിരുന്നടക്കുന്നു പുരഞ്ജനൻ.
പാരിലുപസ്തരനിർവാക്കുകളാകും
പൗരവരരോടുമൊന്നിച്ചു സന്തത-
മോരോരോ കർമ്മങ്ങളാചരിക്കുന്നതും.
കേവലമന്തഃപുരഗതനാകില-
ങ്ങാവിർമ്മുദാ വിഷൂചീനനോടും തഥാ
വാണു ഞായം; സുതദാരാലയാദിഭിർ-
മ്മാനേന ശോകമോഹങ്ങളുൾകൊണ്ടവൻ
കാമിനിയാകും പുരഞ്ജനിതൻ വശ-
പ്രേമബന്ധേന താനങ്ങവൾ ചെയ്‌വതും-
കൂടെപ്പരിചോടു ചെയ്യുന്നിതന്വഹം
കൂടിയാലങ്ങനെ വന്നുകൂടും ദൃഢം.
അങ്ങനെയുള്ള പുരഞ്ജനനാമവ-
നങ്ങുടനേ മുതിർന്നാഹന്ത! കേവലം
പഞ്ചാശ്വമായിപ്പരിചിൽ ദ്വിചക്രമാ-
യഞ്ചിതമായകൊടിമരം മൂന്നുമായ്,
സം പ്രതി ബന്ധുരമഞ്ചൊരു വായ്ക്കയ-
രിമ്പം കലർന്നൊരു സാരഥിതാനുമായ്
ഏകരഥേ രണ്ടു കൂബരമായുധ-
മാകുലമെന്നിയേ കേവലമഞ്ചുമായ്
ഏഴുവരൂഥങ്ങളോടുമൊരുമിച്ചു
കോഴയൊഴിഞ്ഞു പൊൻകൊണ്ടലം കൃതമായ്,
മേവുന്നതേർമേൽക്കരേറിക്കവചവും
കേവലം പൂണ്ടാവനാഴികയും കെട്ടി
ഏകാദശാക്ഷൗഹിണിപ്പടയോടുചേർ-
ന്നേകദിനേ പഞ്ചപ്രസ്ഥമ്മഹാവനം
പ്രാപിച്ചു നായാട്ടുടൻ തുടങ്ങീടിനാ-
നാപൂർണ്ണഗർവേണ ഭാര്യയുമ്മെന്നിയേ
കാനനത്തിങ്കൽപ്പെരുമാറിനിന്നതി-
ദീനനായ്പ്പോന്നുതന്നാലയം മേവിനാൻ.
സ്നാനവും ചെയ്തശനാദികളും കഴി-
ച്ചാനന്ദകുൾക്കൊണ്ടലംകരിച്ചുള്ളവൻ-
താനപ്പുരഞ്ജനിയെക്കണ്ടതില്ലയാ-
ഞ്ഞാനന്ദവും കുറഞ്ഞന്തഃപുരത്തിങ്കൽ
കാണായ നാരികളോടാശു ചോദിച്ചാ-
“നേണാക്ഷിമാരേ! സുഖമല്ലീയെല്ലാർക്കും?
ഇങ്ങു പുരഞ്ജനിതാനൊഴിഞ്ഞാകയാ-
ലിങ്ങനെ മങ്ങിയതെന്തിന്നിലയനം?
മംഗലശീലതാനെങ്ങുപോയാളവ-
ളംഗനമാരേ! പറവി”നെന്നിങ്ങനെ
സംഗതിയായവൻ ചോദിച്ചതിന്നഥ
മംഗലാപാംഗികളും പറഞ്ഞീടിനാർ:-
“ഞങ്ങളോ രാജപ്രവര! ദേവീനിന-
വങ്ങകതാരിലെന്തെന്നറിഞ്ഞീലഹോ!
ചെന്നു വെറും നിലത്തുണ്ടു കിടക്കുന്നു
മന്നവ! കേൾ” ക്കെന്നവർ പറയും വിധൗ
ചെന്നു പുരഞ്ജനൻ താനും പുരഞ്ജനി
തന്നിലെ സ്നേഹപരവശചേതസാ
നന്നായ്പ്പറഞ്ഞനുനയിപ്പിച്ചവൾ-
തന്നെക്കുളിപ്പിച്ചലങ്കരിപ്പിച്ചുടൻ
ചെമ്മേ ഭുജിപ്പിച്ചു തമ്മിൽപ്പിരിയാതെ
നിർമ്മായമാലിംഗനാദിഭിരന്വഹം
രാപ്പകലുമറിയാതെ രമിച്ചുകൊ-
ണ്ടാത്മ സുഖം പൂണ്ടിരുന്നാനനുദിനം.
അക്കാലമായിരത്തിന്മേലൊരുനൂറു-
മക്കളുമൻപോടൊരു നൂറ്റൊരുപതു
കന്യകമാരും ജനിച്ചവർതമ്മെയ-
ങ്ങന്യൂനമോദേന പിന്നെപ്പുരഞ്ജനൻ
ശിക്ഷയാചെമ്മേ വളർത്തുവേൾപ്പിച്ചിത-
ങ്ങൊക്കെക്കൊടുത്തിതു കന്യകമാരെയും.
പുത്രരവർക്കുമുണ്ടായിതനവധി
സത്രങ്ങളും ചെയ്തു കീർത്ത്യാ സുഖിച്ചവൻ,
പുത്രമിത്രാദികളോടു ചേർന്നങ്ങനെ
നിത്യമിരിക്കുന്നാളൻപതിനപ്പുറം
വത്സരം ചെന്നളവാപത്തുകാലവു-
മത്യന്തമാഹന്ത! വന്നടുത്തുബലാൽ.
ചണ്ഡവേഗാഖ്യാനാംഗന്ധർവനന്നു ഞാൻ
നന്നായ് വെളുത്തുള്ള മുന്നൂറ്ററുപതു
ഗന്ധർവന്മാരോടു കൂടവേ വന്നുട
നന്ധനായുൾല പുരഞ്ജനന്തന്നുടെ
നല്ല പുരത്തെച്ചെറുത്തീടിനാനവൻ
മെല്ലെ പ്രജാഗരനായ നാഗേന്ദ്രനും
തുല്യരംഗന്ധർവന്മാരോടുമൊന്നിച്ചു
വല്ലഭമോടു നൂറ്റാണ്ടുയുദ്ധം ചെയ്താൻ.
അന്നവസാനേ ബലക്ഷയ കാരണാൽ
തന്നിൽ വിവേകം കലർന്ന പുരഞ്ജനൻ
ചാരുപുരഞ്ജനിയിങ്കൽ മുഴുത്തെഴും
പാരവശ്യം കൊണ്ടുമന്ദമായ് മേവിനാൻ
പിന്നെയഗ്ഗന്ധർവന്മാർക്കു തുണയിങ്ങു
വന്നുകൂടി കാലദേവതനൂജയും
മുന്നമവളൊരു ഭർത്ഥാവിനെത്തിര-
ഞ്ഞന്യൂനകാലമാഹന്ത! ലോകങ്ങളിൽ
എങ്ങും പെരുമാറിനാളവൾ ദുർഭഗ-
യെന്നതുകൊണ്ടാരുമാദരിച്ചീലപോൽ.
പണ്ടവളെപ്പൂരുവാം നരേന്ദ്രോത്തമ-
നിണ്ടൽ പൂണ്ടാശു ധരിച്ചാനനേകം നാൾ
കുണ്ഠത തീർന്നു വരവും കൊടുത്തവൾ
രണ്ടാമതും സത്യലോകത്തുനിന്നിങ്ങു-
പോന്നുവന്നെന്നെ വരിപ്പതിന്നായിങ്ങു-
ചേർന്നുനിന്നേറ്റമത്യാഗ്രഹിച്ചീടിനാൾ.
ബ്രഹ്മചര്യാപരനായ ഞാനന്നതു
സമ്മതിച്ചീലതുകൊണ്ടവളേറ്റവും
ക്രോധം കലർന്നൊരേടത്തുമിരിക്കരു-
താതവാറെന്നെശ്ശപിക്കയും ചെയ്തുടൻ
പോരുമവളെൻ വചോമാർഗ്ഗഹേതുനാ
സാകം ഭയന്നാമകനാം യവനനെ
ഭർത്താവായ്കൊൾവതിന്നാഗ്രഹമുൾക്കലർ-
ന്നത്രയവനാധിപനോടു ചൊല്ലിനാൾ:-
“നിന്നെ വരിപ്പതിനായ്ക്കൊണ്ടു ഞാനിഹ
വന്നുനിന്നേൻ ലോകവൃത്തികൊണ്ടും ശാസ്ത്ര
നിർണ്ണയം കൊണ്ടും നിഷിദ്ധമല്ലാതതേ
കേൾക്കയുമാശു കൊടുക്കയും വേണമെ-
ന്നകയിൽ ഭദ്രനായ് മേവിന നിന്നെ ഞാൻ
സേവിക്കചെയ്യുന്നതെന്നിൽ മുഴുത്തദ-
യവുള്ളിലുണ്ടാകവേണ”മെന്നിങ്ങനെ
കാലകന്യാവചനം കേട്ടു നിന്നിതു
കാലമേ ദേവരഹസ്യസിദ്ധാശയാ
ഹാസപൂർവ്വം യവനാധിപൻ ചൊല്ലിനാ-
“നാസുരിയായ നിനക്കു ഞാൻ മുന്നമേ
ഭർത്താവിനെയുണ്ടു കല്പിച്ചിരിക്കുന്നി-
തത്ര നീ ദുർഭഗയാകയാലെന്നുമേ
കൈക്കൊൾകയില്ലയങ്ങാദരാൽ മാനുഷ-
രൊക്കെ മറഞ്ഞു നിന്നമ്പോടനുദിനം
നന്നായനുഭവിച്ചാലും പിരിയാതെ
നിന്നീടുമങ്ങിവൻ പ്രജ്വരനെന്നുടെ
സോദരി നീ നിങ്ങൾ തങ്ങളിരുവരും
ഞാനും ഭയങ്കരമായ പടയുമായ്
കാനനേ കൂടെ നടപ്പനങ്ങെങ്ങുമേ,”
എന്നിങ്ങനെയവൻ ചൊല്ലിനിന്നങ്ങവൻ-
തന്നുടെ സൈനികമദ്ധ്യേ സഹജനും
കാലകന്യാവുമായ് മേദിനിയിങ്കല-
ക്കാലം പെരുമാറിനിന്നവർ മെല്ലവേ.
വന്നു പുരഞ്ജനനെന്നുരപൊങ്ങിന
മന്നവൻ തൻപുരത്തെച്ചെറുത്തീടിനാർ.
അന്നവിടെക്കലഹത്തിൽ പ്രജാഗരി
യുന്നതനെത്രയും ഖിന്നനായാൻ തുലോം
എന്നതുകൊണ്ടളവേ കാലകന്യക
ചെന്നകം പുക്കു പുരഞ്ജനൻ തൻപുരം
തന്നുടെ പാട്ടിലാമ്മാറടക്കീടിനാൾ,
ചെന്നു ചുഴന്നുകൂടി യവനന്മാരും.
തല്പരിപീഡകളാലേ പുരഞ്ജന-
നുൾപ്പൂവിലേറ്റം പരിതാപയുക്തനായ്
നിത്യമക്കാലകന്യാവിനാലെത്രയു-
മത്യരംമലിംഗിതനായ് ചമകയാൽ,
തേജോവിഹീനനായ് മോഹിച്ചു ഗന്ധർവ്വ-
രാജയവനന്മാരാൽ ഹൃതധൈര്യനായ്
പോരും നൃപതി ബഹുമാനഹീനരാ
യോരുതനയദാരങ്ങളേയും ക-
ണ്ടുൾത്താരിലുണ്ടായെഴും വിവേകങ്ങളാൽ
തൽ പ്രതികർമ്മമാഹന്ത! കാണാഞ്ഞുട-
നപ്പൊഴുതിച്ഛകൂടാതെ രാജ്യത്തെയും
വിട്ടുകളഞ്ഞു പുറപ്പെടുവാനൊരു-
മ്പെട്ട പുരഞ്ജനനെക്കണ്ടു കേവലം
പ്രജ്വരാനാം ഭയഭ്രാതാഭയപ്രിയം
വിശ്വാസമുൾക്കൊണ്ടു ചെയ്കയിലിച്ഛയാ
തൽ പുരി ചുട്ടു സംഹാരം തുടങ്ങിനാ-
നപ്പൊഴുതപ്പുരീപാലൻ പ്രജാഗരൻ
ചിത്തേ മുഴുത്ത പരിതാപയുക്തനാ-
യത്തലോടേ വിയോഗത്തിനാരംഭിച്ചാ
തത്സസമയേ പരിപീഡിതനാം നൃപൻ
വത്സങ്ങളിലും പ്രണയിനി തന്നിലും
സക്തികലർന്നു വിചാരം തുടങ്ങിനാ-
നിക്കാലമങ്ങു ഞാൻ പൊയ്ക്കളഞ്ഞാലിനി
മൽ സുതന്മാർക്കും കുടുംബിനിക്കും പുനർ-
മ്മിത്രങ്ങളായവർക്കെന്തൊരന്യാശ്രയം?
ഇങ്ങനെയുള്ള വിചാരം പുരഞ്ജന-
നങ്ങകതാരിലുൾക്കൊണ്ടിരിക്കും വിധൗ
നിന്നഭയൻ യവനന്മാരുമായ് മുതിർ-
ന്നുന്നതനാമവനെപ്പിടിച്ചഞ്ജസാ
ബന്ധിച്ചുകൊണ്ടങ്ങു പോകത്തുടങ്ങിനാൻ;
ബന്ധുക്കളും സുതദാരങ്ങളും ദൃഢം
സന്ത്യജിച്ചീടിനാരാഹന്ത! കൂടവേ
സന്തതപാലനടങ്ങിനാൻ നാഗവും,
മുന്നേകണക്കേ പരിക്ഷീണമായിതു
മന്നവൻ തന്നെയും ദുർഗ്ഗമാർഗ്ഗത്തൂടെ
കൊണ്ടുപോകുമ്പൊഴുതങ്ങു പുരഞ്ജനൻ
പണ്ടഹോ! തന്നാൽ ഹതങ്ങളായ് മേവിന-
ദുഷ്ടപശുക്കളാലെത്രയും ദണ്ഡങ്ങൾ
കഷ്ടതരങ്ങളനുഭവിച്ചീടിനാൻ;
മറ്റുമനേകദുഃഖങ്ങളനുഭവി-
ച്ചേറ്റമില്ലാതെ പീഡിച്ചാനൊരോവിധം‘
കാലധർമ്മാൻ സമയമായീടിന-
കാലസ്മരണനിമിത്തമായങ്ങവൻ
താനും പ്രമദോത്തമനായ് ജനിച്ചുടൻ
മാനേന വൈദർഭിയായ് ചമഞ്ഞുമുദാ-
പാണ്ഡ്യാധിപൻ മലയധ്വജൻ കീർത്തിയും
പൂണ്ടു ഭൂഭൃത്തുക്കൾ തമ്മെയെല്ലാരെയും
തന്നാൽ ജയിച്ചു മെതിയടിവീര്യമായ്
നിന്നവൻ വേട്ടുകൊണ്ടന്നവൾ തന്നിലേ-
നിന്നതി സുന്ദരിയായുളവായൊരു
കന്യകയ്ക്കങ്ങനുജാതരായേഴുപേർ
വന്നുളരായവർ ദ്വിഗ്വിഷയങ്ങളേ-
നിന്നുമധിപതിമാരവർ, തന്നുടെ
നന്ദനജാതങ്ങളായ്പ്പതുപ്പത്തുകോ-
ട്യുന്നതന്മാരവർകൾക്കുളവാകിയ
സന്തതികൊണ്ടു ഭൂമണ്ഡലമേഴുമൊ-
രന്തരമെന്യേയനുഭവിച്ചീടുന്നു;
സന്തതം മന്വന്തരങ്ങൾ മുഴുവനേ
സന്തുഷ്ടരായ് മലയദ്ധ്വജപുത്രിയെ-
സ്സം പ്രമോദാലഗ്സ്ത്യൻ വേട്ടവൾ തന്നി-
ലൻപോടുകൂടെ ദൃഢച്യുതൻ തന്നെയും
സമ്പ്രതി താൻ ജനിപ്പിച്ചാനവൻ പുത്ര-
നൻപെഴുമീദ്ധ്മവാഹൻ മലയദ്ധ്വജൻ
മുമ്പേ ഭഗവദാരാധനതല്പരൻ
കമ്പമൊഴിഞ്ഞതിലിച്ഛയാ സാദരം
ഭൂമണ്ഡലം സുതന്മാർക്കു കൊടുത്തുടൻ
ശ്രീമാൻ മഹാവിഷ്ണു പാദഭക്ത്യാ വനം
പ്രാപിച്ചു ദേഹധനതനയാദിക-
ളാപൽക്കരമെന്നുറച്ചഥ സർവവും
വൈദർഭിയോടും തപസ്സു ചെയ്തീടിനാ-
നാദരാൽ ചന്ദ്രവസാ താമ്രപർണിയും
മേദിനിയിങ്കൽ വടോദ, യെന്നും ജഗ-
ദാദിപ്രസിദ്ധകളായ നദികളിൽ
പുണ്യജലങ്ങളാൽ സ്നാനാചമനങ്ങ-
ളന്യൂനകാലമാഹന്ത ചെയ്തേറ്റവും
ശുദ്ധഫലമൂലപുഷ്കരാദ്യാഹാര-
വൃത്യാ പരിചോടു രക്ഷിച്ചു ദേഹവും
ശോഷണം ചെയ്തു ശീതോഷ്ണമുരുദ്വർഷ
ഭീഷണം ക്ഷുത്പിപാസാദി വിവിധങ്ങൾ
മാനസത്തിങ്കൽ സഹിച്ചു നിരന്തരം
മാനമദാദിഭ്രമങ്ങളൊഴിഞ്ഞുടൻ
താനും ഗുരുവുമഖിലപ്രപഞ്ചവും
നൂനം പരബ്രഹ്മവും മഹാമായയും
ഏകമയമായൊരുമിച്ചു കണ്ടുകൊ-
ണ്ടേകാന്തദേശേ സദാ ഭേദമെന്നിയേ
കേവലമാത്മയോഗേന സമാധിചേർ-
ന്നാവിർമുദാ പരമാനന്ദസംയുതം
വാണീടിനാൻ പലകാലം പ്രണവനാ-
ളേന പരം പരലീനനായാൻ ക്രമാൽ.
ഭക്ത്യാപുരുഷാർത്ഥസിദ്ധനായ്, മേവിന
ഭർത്തൃകളേബരം കണ്ടു വൈദർഭിയും
ദുഃഖേന സംസ്കാരവുംചെയ്തുടനുദ-
കക്രിയതൊട്ടു സപിണ്ഡാന്തകർമ്മവും
കൃത്വാപി താനും മരിപ്പതിനായ് നിന്ന-
വൃത്താന്തമാഹന്ത! കണ്ടു പുരാനിജ-
മിത്രമാം ബ്രഹ്മമുഖാദുക്തവാണിഭി-
രുൾത്താരിലുണ്ടായ മായാഭ്രമങ്ങളും
ത്യക്ത്വാപ്യനന്തരം ഹംസപാദങ്ങളി-
ലത്യാദരേണ സമാശ്രയിച്ചൂ പരം.