ശ്രീമഹാഭാഗവതം/ചതുർത്ഥസ്കന്ധം/ധ്രുവന്റെ സന്തതിചരിത്രം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ചിത്തം തെളിഞ്ഞന്നുമൈത്രേയവാക്കുകേ-
ട്ടത്യാദരാലുടനപ്രചേതാക്കളെ
സത്യം ഗ്രഹീതുമപേക്ഷിച്ചളവുട-
നുത്തരം ക്ഷത്താവിനോടരുൾ‌ ചെയ്യുന്നു:-
തദ് ധ്രുവൻ തൻ കുലത്തിങ്കലുള്ളോർ ചില-
രത്രേ പുനരപ്രചേതാക്കളായതും
പുത്രൻ ധ്രുവന്നുൽക്കലനവൻ‌ തൻ‌ പിതാ
മുക്തനായ് പോയൊരനന്തരം താൻ തഥാ
പൃഥ്വീപരിപാലനത്തിന്നഭിരുചി
ചിത്തേ പെരികയുണ്ടായീല ശാന്തനായ്
നിത്യം പരബ്രഹ്മതല്പരനായാത്മ-
തത്ത്വാർത്ഥവിജ്ഞാനിയായ് ചമഞ്ഞീടിനാൻ‌
തത്പ്രഭാവം കണ്ടു ഭൂപരിപാലന-
ശില്പമൊഴിഞ്ഞരാജത്വം ഭവിക്കയാൽ‌
സത്വരം തൽ‌പ്രജാവർഗ്ഗമൊരുമിച്ചു
ചിത്രചരിത്രവാനാം ധ്രുവപുത്രനെ
വത്സനാം വത്സനെ വാഴിച്ചിതങ്ങവൻ‌
പുത്രനാകുന്നതു പുഷ്പാർണ്ണനെന്നവൻ‌
പുഷ്പാർണ്ണ പത്നിയാകും പ്രഭപെട്ടത-
ങ്ങപ്രാതരുംബത മദ്ധ്യന്ദിനാസ്തനും
പെറ്റുടൻ‌ ദോഷം, തനൂജന്മാരെന്നതിൽ‌
വ്യഷ്ടനാകുന്നവൻ‌ വാണാനനന്തരം
വ്യുഷ്ടജൻ‌ സർ‌വതേജസ്സു ചക്ഷുസ്സജൻ‌
തത്പുത്രനാം മനു തത് പുത്രനുന്മുകൻ,
തത്പുത്രനംഗനാകുന്നവൻ‌ താൻ‌മുദാ
വിശ്വംഭരാപരിപാലനതല്പര-
നശ്വമേധക്രിയയാ യജിക്കും വിധൗ
നിർജ്ജരന്മാർ‌ ഹവിർ‌ഭാഗത്തിനായിങ്ങു-
നിർ‌ഗ്ഗമിച്ചീലയെന്നതൃത്വിക്കുകൾ‌ ചൊന്നാർ‌.
തൽ‌ക്കാരണമറിവാൻ‌ സദസ്യന്മാരോ-
ടക്കാലമങ്ങവൻ‌ ചോദിച്ചതിന്നവർ‌
ചൊന്നാർ‌, “നിനക്കപത്യം ഭവിക്കായ്കകൊ
ണ്ടിങ്ങു വരാഞ്ഞു ഹവിർ‌ഭാഗഭോജികൾ‌.
എന്നാലുടൻ‌ ജഗന്നായകാജ്ഞാവശാൽ‌
ഇന്നു നിനക്കപത്യം ഭവിച്ചീടിനാൽ‌
ഉള്ളകാലം കൊണ്ടു ദേവകൾ വന്നുടൻ‌
കൊള്ളും ഹവിർ‌ഭാഗ” മെന്നു സസസ്യന്മാർ‌
ചൊല്ലിയതാഹന്ത! കേട്ടു നൃപോത്തമൻ
നല്ലൊരു പുത്രകാമേഷ്ടി തുടങ്ങിനാൻ.
തത്ര കശ്ചിദ്ദിവ്യപൂരുഷനപ്പൊഴു-
തുത്ഥായ കുണ്ഡത്തിൽ നിന്നവന്തന്നുടെ
ഹസ്തേ പരിപൂർണ്ണപൊൻ‌പാത്രപായസ-
മത്യാദരേണ ഹോതാവു കൈക്കൊണ്ടുടൻ‌
പൃഥ്വീശനങ്ങു കൊടുത്തിതു ഭൂപതി-
സത്തമൻ‌ വാങ്ങി; ഹർ‌ഷാതിശയാത്മനാ
സത്വരം ചെമ്മേയതിന്നു സുനീഥയാം
പത്നിക്കു നൽ‌കിയതങ്ങവളും തഥാ
വാങ്ങിപ്പരിചോടശിച്ചു ഭർത്താവിനെ-
ത്താങ്ങിപ്പുണർ‌ന്നു ലഭിച്ചിതു ഗർ‌ഭവും,
വേനനെന്നിങ്ങനെ പേരായിരിപ്പൊരു
സൂനുതന്നയവൾ‌ പെറ്റുളനാ, യവൻ‌
മൃത്യുവിൻ‌ ദൗഹിത്രനാകയാലും, തനി-
യ്ക്കുൽ‌ ഭവമാംഹവിസ്സേറ്റമശുദ്ധമായ്
വർ‌ത്തിക്കയാലുമധാർ‌മ്മികനായ്ച്ചമ-
ഞ്ഞെത്രയും കശ്മലനായാൽ‌ ചെറിയന്നേ.
പുത്രനെ ശ്ശിക്ഷിച്ചനേകം പ്രകാരത്തി-
ലത്യന്തമേറ്റം പണിപ്പെട്ടിതംഗനും
തച്ഛക്ഷയാലവനേയും വഴിവരാ-
ഞ്ഞച്ഛനും ദുഃഖിതനായാനനുദിനം.
പുത്രൻ‌ വശമല്ലയായ്കയാലെന്തിനി-
ങ്ങർ‌ത്ഥരാജ്യാദികളെന്നവൈരാഗ്യവും
ചിത്തേ വളർ‌ന്നുമുഴുത്തനിശം നിജ-
യത്നമശേഷമൊഴിച്ചു ഭൂപാലകൻ‌
രാത്രിയിൽ‌ രാജ്യവും ത്യക്ത്വാപി മാനസേ
ചീർ‌‌ത്തഴൽ‌‌ തീർ‌‌ത്തു പുറപ്പെട്ടുപോയവൻ‌‌
തീർ‌‌ത്ഥങ്ങളാടിയാടിത്തിരുനാമവും
കീർ‌ത്തനം ചെയ്തു ഗതിലഭിച്ചീടിനാൻ‌.
രാജ്യനിവാസികളെന്തിനി നല്ലതെ-
ന്നോർ‌ത്തു മുഴുത്തു കല്പിച്ച്യൃഷി വർ‌ഗ്ഗവും
ത്യാജ്യമല്ലെന്നതുറച്ചവർ‌ വേനനെ
രാജ്യാധിപത്യാർ‌ത്ഥമായ്ക്കൊണ്ടിരുത്തീടിനാർ‌.
ദുർവൃത്തനാകിയ വേനനുമിങ്ങനെ
സർ‌വാർ‌ത്ഥമെല്ലാം തനിക്കായ് ചമഞ്ഞപ്പോൾ‌
നിർ‌മ്മരിയാദങ്ങൾ‌ ചെയ്തഹോ! ഭൂമിയിൽ‌
ധർ‌മ്മമാർ‌ഗ്ഗങ്ങളെല്ലാമൊഴിച്ചീടിനാൻ‌.
ദുഷ്ടരായുള്ളവരെല്ലാം ഭയപ്പെട്ടു
ദുഷ്ടത വേനങ്കലാക്കിയൊളിച്ചപ്പോൾ‌
ശിഷ്ടരാം സാധുക്കൾ‌ തമ്മെയുപദ്രവി-
ച്ചൊട്ടും പൊറുതിയില്ലാതെ കണ്ടാക്കിനാൻ‌.
നിത്യം ജഗത്തിങ്കൽ‌ നാഥനാകുന്നതി-
പൃഥ്വീശനായ ഞാനെന്നു നിനച്ചവൻ‌
കഷ്ടം ജഗത്തിങ്കലീശ്വരനായതും
ദുഷ്ടനായുള്ള ഞാനെന്നുറച്ചീടിനാൻ‌,
എന്നെയല്ലാതെ മറ്റാരേയും കണ്ടിനി
വന്ദിച്ചു പൂജിക്കരുതൊരു ഭൂതരും
ഞാനൊഴിഞ്ഞില്ലൊരു നാഥനുലകിതിൽ‌
നൂനമെന്നെഭജിക്കേണമെല്ലാവരും.
നാരായണനെയുമീശാനനെയുമ-
ങ്ങാരും വണങ്ങരുതെന്തവരാൽ‌ഫലം?
നാമം ജപിപ്പതെന്റേതൊഴിഞ്ഞൊരുമി-
പ്പാർ‌മേലരുതിനിയെന്നേവമാദിയാം
നീതി നടത്തുകയാലധികം സഹി-
യാതെ വലഞ്ഞുഴന്നീടിനാരേവരും.
വാനവരും മുനിമാരുമതുകണ്ടു
ദീനതപൂണ്ടു ധർ‌മ്മത്തെ നടത്തുവാൻ‌
കൂടിനിരൂപിച്ചു വേനനെച്ചെന്നുക-
ണ്ടാടലൊഴിഞ്ഞു സമാദ്യുപായങ്ങളാൽ‌
നാനാവിധം ധർ‌മ്മനീതികൾ‌ ചൊന്നത-
ജ്ഞാനി താനാദരിച്ചീല ചെറ്റേതുമേ.
കോപം മുഴുത്തൃഷിമാർ‌ മഹാപാപിയെ-
ത്താപേന ഹുങ്കാരം കൊണ്ടു വധം ചെയ്താർ‌.
പോയാർ‌ പുനരവരാശ്രമന്തോറുമ-
ങ്ങായതലോചനനയായ സുനീഥയും
മാരിതനായവന്തന്നെ വിദ്യാബലാൽ‌
ധീരതയാ ബത! കാത്തുകൊണ്ടീടിനാൾ‌.