ശ്രീമഹാഭാഗവതം/ചതുർത്ഥസ്കന്ധം/ദക്ഷയാഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

എന്നിങ്ങനെ മുനീന്ദ്രോക്തികൾ കേട്ടുട-
നന്നേരമാനന്ദശാലിവിദുരരും
ചെമ്മേ തൊഴുതു ചോദിച്ചാ “ നതെന്തഹോ
തന്മകൾ തന്നെ വേട്ടോരു മഹേശനിൽ
വൈരം പ്രജാപതിക്കുണ്ടായ് ചമഞ്ഞതിൻ
കാരണം നേരേ തിരിച്ചരുൾ ചെയ്ക മേ.”
എങ്കിലോ കേട്ടുകൊൾകെന്നുരചെയ്തഥ
സങ്കലിതാനന്ദമോടരുളിച്ചെയ്താൻ:-
‘മുന്നം പ്രജാപതിമാർ ചെയ്ത സത്രഭൂ
തന്നിലമ്മാറെഴുന്നള്ളി മഹേശ്വരൻ.
ചെന്നനവിടേയ്ക്കു ദക്ഷനും കൂടവേ
വന്നതുകണ്ടഖിലേശ്വരനീശൻ
പ്രത്യുപോത്ഥാനങ്ങളാദികളൊന്നുമ-
ങ്ങത്യരം ചെയ്തതില്ലായ്കയാലക്ഷണം
കോപം വളർന്നു ശപിച്ചാൻ മഹേശനെ
താപേന സത്രഹവിർഭാഗമങ്ങുതേ
മേലിലിതുമുതലായൊഴിഞ്ഞീടുമേ,
കാലവും നന്നായിരുന്നുകൊൾകെന്നവൻ-
താ നഭിഷംഗവും ചെയ്തിരിക്കും വിധൗ,
മാനം കലർന്നെഴും നന്ദികേശൻ തദാ,
ദക്ഷനേയുമനുചാരികൾ തമ്മെയും
ഉൾക്കാമ്പിൽ നേരറിവില്ലായ്കയാലിനി
തത്ത്വാർത്ഥബോധവിചാരമില്ലായ്കയെ-
ന്നുൾത്തൂർന്ന കോപാൽ ശപിച്ചിതു കൂടവേ.
ഭൃത്യരെക്കൂടെ ശപിച്ചതു കേൾക്കയാൽ
എത്രയും കോപം കലർന്നു ഭൃഗുമുനി
ചിത്തേ വളർന്ന പരിഭവത്തോടുടൻ
മൃത്യുഞ്ജയ ഭക്തരാമവർതമ്മെയും
പാഷണ്ഡികളായ് ചമകെന്നു ശാപവും
രോഷേണ ചെയ്തു വേഗേന വാങ്ങീടിനാൻ.
ഭൂതേശനുമെഴുന്നള്ളിനാൻ, ദക്ഷനും
യാതനായങ്ങു ബൃഹസ്പതി യജ്ഞവും
കോപ്പിട്ടു കൊണ്ടാൻ, ജഗത്ത്രയവാസികൾ
കോപ്പിട്ടതിന്നു ചെന്നീടിനാരൊക്കവേ.
നാനാദിഗന്തരം തോറും മരുവിന
നാനാപ്രമുഖരും ദക്ഷയാഗോത്സവം
കാണ്മതിന്നും ശ്രമിപ്പാനുമായ്ക്കൊണ്ടധി-
കാ മ്നായ സംഭരിതോപചാരൈസ്സമം
പോകുന്നഘോഷങ്ങൾ കണ്ടു മാഹന്ത! താൻ
ഏകാഗ്രചിത്തയാ കേട്ടും സതീദേവി,
പോകയിലങ്ങു തനിക്കുമകതാരിൽ
ആകാക്ഷയുണ്ടായ് ചമഞ്ഞതു തന്നുടെ
ജീവനാഥൻ പരമേശ്വരനോടനു-
ഭാവമോദാലുണർത്തിച്ചാൾ പുണർന്നുടൻ
“നാഥ! ഭവാൻ കേട്ടതില്ലയോ മൽ പിതാ-
വാദരാലങ്ങൊരുമ്പെട്ടയാഗോത്സവം?
നാനാമഹത്തുക്കളും പുനരങ്ങതി-
നാനന്ദമോടുപോകുന്നു നിരന്തരം
നാമെന്തടങ്ങിയിരിക്കുന്നതിങ്ങനെ
കാമപ്രദ! പ്രഭോ! പോകേണ്ടതല്ലയോ?
ഇന്നിതിന്നങ്ങു നാം ചൊന്നതില്ലെങ്കിൽ മ-
റ്റെന്നിനി വേണ്ടൂ വിചാരിക്കമാനസേ.
പോകേണമിന്നെനിക്കമ്മയേയും മമ
പ്രാഗ്ജാതമാരെയും കാണുമാറില്ല ഞാൻ.
എല്ലാരുമുണ്ടങ്ങു വന്നിട്ടവിടെ നാ-
മല്ലാതെയുള്ളവരില്ലൊരു സംശയം.
അച്ഛനും നമ്മോടു പണ്ടുള്ള വൈരങ്ങ-
ളിച്ഛയാതീരുമൊരുമിച്ചു കാണുമ്പോൾ.”
കച്ചേൽ മുലത്തയ്യലിത്ഥമാകൂതങ്ങ-
ളുൾച്ചേർന്നതെല്ലാം പുണർന്നുണർത്തിച്ചതിൽ
വിശ്വേശനേറിയ കൗതുകം മായയോർ-
ത്തച്ചോ! ഭവിച്ചു വളർന്ന കുതൂഹലാൽ.
വിസ്മയം പൂണ്ടു മന്ദസ്മിതം ചെയ്തു സം-
വിത്സ്വതാരൂപിണിയോടരുൾച്ചെയ്താൻ:-
“ഭദ്രേ! തവഹിതമായതു ചെയ്തിലു-
ണ്ടെത്രയുമേറ്റമുപദ്രവമോമലേ!
ബന്ധുക്കളെച്ചെന്നു കാണേണമെന്നു നി-
ന്നന്തർമ്മനസിഭവിച്ചവിചിന്തിതം
പണ്ടേ പരക്കെയെല്ലാർക്കുമുള്ളൊന്നതി-
ന്നുണ്ടാകവേണമവർക്കുമങ്ങാഗ്രഹം.
ബന്ധമുണ്ടല്ലായ്കിലും ചൊല്ലുവാനതി-
ബന്ധുത്വമായതു വാത്സല്യ ലക്ഷണം
ബന്ധമില്ലാതെ വൈരാങ്കമരിത്വവും
ബന്ധുക്കൾ തമ്മിൽ വാത്സല്യമില്ലെങ്കിലോ
ബന്ധുക്കളല്ലവരെന്നുമറികനീ.
ബന്ധുവാത്സല്യ മദ്ദക്ഷനു നമ്മിലി-
ല്ലന്ധത്വമത്രേ നമുക്കു തോന്നുന്നതു;
ബന്ധുത്വമുണ്ടു ശത്രുത്വത്തിലും നല്ല-
ബന്ധു ശത്രുക്കൾ ശത്രുക്കളാകുന്നതും.
ബന്ധുത്വമോർത്തങ്ങു നാം ചെന്നകപ്പെട്ടാൽ
ബന്ധുത്വമാചരിച്ചീടുകയില്ലെടോ!
ബന്ധിച്ചു ധിക്കരിച്ചീടുകയും ചെയ്യും
ബന്ധമില്ലപ്പോളവിടെ നിന്നീടുവാൻ;
സന്ത്യജിച്ചിങ്ങു തിരിഞ്ഞു പോരുന്നതും
സന്താപ കാരണമായ് വരും വല്ലഭേ!
ചിന്തിക്ക വല്ലാതധിക്കൃതിയിങ്കൽ മ-
റ്റന്തർമ്മനസി മുഴുക്കുമമർഷവും;
ഏറ്റമമർഷം മുഴുത്തുവരുമ്പൊഴ-
തേറ്റുപോം ബന്ധുത്വവും മറന്നഞ്ജസാ;
ചീറ്റം തിരണ്ടുടനേറ്റു നിൽക്കുന്നവർ
തോറ്റീടരുതെന്നൊരുമ്പെടുമേവരും.
അപ്പോളവിടെ ബന്ധുക്കളായുള്ളവർ
ശില്പമാക്കീടുവാനുള്ളവരെല്ലെടോ!
ദക്ഷനറിയാതിരിക്കയല്ലങ്ങവ-
യൊക്കെനിരൂപിച്ചുപേക്ഷിച്ചുനമ്മെയും.
മുല്പാടവന്നു വാത്സല്യമങ്ങേറിയോ-
രല്പേതരാത്മജ, നീയതു നിർണ്ണയം.
ഇപ്പോളിവിടെയെന്നോടൊരുമിക്കയാ-
ലപ്രേമമങ്ങനെയുംകുറഞ്ഞൂതുലോം.
മുഗ് ദ്ധേ! മുഹുരിവയൊക്കെ നിരൂപിച്ചു
നിൽക്കേണമങ്ങുപോയാൽ ഗുണമായ് വരാ,
തപ്പില്ലതിന്നു നീതാൻ തന്നെ ചൊൽകിലും
മൽ പ്രിയയെന്നനാദൃതയായേ വരൂ
അപ്പോളതും ദുഃഖകാരണമായ്‌വരൂ-
മിപ്പോളിതെല്ലാമറിഞ്ഞു കൊണ്ടിന്നിനി
ഞാൻ പറയുന്നതു കേട്ടിങ്ങടങ്ങുക
തേഞ്ചോരുമാനന്ദവാണീ! ഗുണാലയേ!
മാതാവിനേയും മഹാജ്യേഷ്ഠമാരെയും
വ്രാതേന കാണ്മതിന്നാശയുണ്ടെങ്കിലോ
യാഗം കഴിഞ്ഞു പിരിഞ്ഞു പോം മുന്നമേ
വേഗേന ചെന്നു കാണാം കദാചിൽ പ്രിയേ!”
ഏവമരുൾചെയ്തുടൻ സമാധിസ്ഥനായ്
ദേവദേവേശനുറച്ചിരുന്നീടിനാൻ.
ദേവി പോകയിലാശമുഴുത്തു നിൽ-
ക്കാവതല്ലാഞ്ഞുഴറിപ്പുറപ്പെട്ടുതാൻ
താനേ നടന്നതുകണ്ടു ഭൂതങ്ങളും
മാനസ സംഭ്രമം പൂണ്ടുഴറിദ്രുതം
കൂടെപ്പുറപ്പെട്ടു ചെന്നുചുഴന്നുകൂ-
ടീടുന്നവർ വൃഷഭേന്ദ്രോ പരിമുദാ
ഭീതിയൊഴിച്ചുവച്ചുവച്ചാശുവളർന്നസം-
പ്രീതിയോടെ ബഹുമേളസമന്വിതം
ചെന്നങ്ങു ദക്ഷപ്രജാപതിതന്നുടെ
സന്നിധിയിങ്കലടുത്തോരുദേവിയെ-
ക്കണ്ടു ബഹുമാനമുൾക്കൊണ്ടവരവർ
കൊണ്ടാടിമാനിച്ചുവാഴ്ത്തിനിൽക്കുംവിധൗ
കണ്ടാരുടനങ്ങു ദക്ഷാനുചാരികൾ.
പണ്ടവർക്കുള്ളിൽ മഹേശനിൽ ചേർന്നെഴും-
വൈരം നിമിത്തമായപ്പോൾ മഹേശ്വരി
ഗൗരിയിലും വളർന്നുള്ള വൈരത്തിനാൽ
ഭാഷണം കേചിൽ തുടങ്ങിനാരീശ്വര-
ദൂഷണാദ്യങ്ങൾ തൊട്ടോരോ വിധങ്ങളാൽ
യോഷിൽ പ്രവരയും തന്മനോനായക-
ദ്വേഷികൾ തമ്മുടെ വൈരാനുബന്ധങ്ങൾ
ചേരാന്നതോരോന്നനേകവിധംകേട്ടു-
മോരോന്നുകണ്ടുമാഹന്തപോയ്ചെന്നുടൻ
നിജജനകനികടമുപഗമ്യനിന്നീടിനാൾ
നീരദശ്യാമളകോമളരൂപിണി.
തദനുമിഴിമുനകളിലണഞ്ഞിരിക്കുന്നവൻ
തൽ സുതതന്നെ ഞാൻ കണ്ടതില്ലെന്നെഴും
മതിഗതിയൊടധിഗതവെറുപ്പുകാട്ടിക്കുറു-
ത്തതു സഹചരൗഘമാഹന്ത! കണ്ടേറ്റവും
ബഹുവിധവിഭാഷണം പിന്നെയും ചെയ്‌വതും
വേണ്ടീലിതെന്നു ചൊല്ലീലപോലന്നവൻ,
സമയമതുപൊഴുതിലുടനഖിലജനനിക്കുതാൻ
സഹ്യമല്ലാത ശോകേന കോപാനലൻ
ബതമുദിരമഴകിനൊടെടുത്തുപൊങ്ങും വണ്ണം
വേഗാലഖിലമാതാവിൻ മുഖാംബുജം
മറയുമളവണിമിഴികളായകോണദ്വയേ
മാരിതൂകിത്തളർന്നീടും ദശാന്തരേ.

ചിത്തേ വിചാരിച്ചു കണ്ടാലിവനുടെ
പുത്രിയായ് നിന്നതുകൊണ്ടിസ്സഭാന്തരേ
വിദ്രുതമേറ്റം നിഷിദ്ധയായേനെനി-
ക്കിത്ഥംഭവിക്കും ഗമിക്കിലെന്നീശ്വരൻ
നിശ്ചയിച്ചെന്നൊടരൾചെയ്തതേറിയോ-
രിശ്ചാവശേനകേളാതകണ്ടിങ്ങുഞാൻ
പോന്നതൊരു പിഴയായി വന്നിതങ്ങിനി
ച്ചെന്നു ചേർന്നമ്പോടുണർത്തിച്ചു കേൾക്കുമ്പോൾ
പാരമിളിഭ്യമാകുന്നതെല്ലാർക്കുമി-
പ്പാരവശ്യാധീനയാകുന്നതല്ല ഞാൻ;
നേരേ വിചാരിച്ചു കാൺകിലിവിടെയി-
പ്പാരിലബലമാരായാലവർക്കു തൻ-
പ്രാണനാഥൻ ദൈവമാകിലുമമ്മയും
പ്രാണദാതാവാം പിതാവും വെറുക്കിലോ
മാനസസൗഖ്യമിവിടെയറ്റൂ നിഖി-
ലാനന്ദസാധ്യമനേകമുണ്ടെങ്കിലും
കേവലമാകയാലിന്നിവൻ തങ്കൽ നി-
ന്നാവിർഭവിച്ച ശരീര മതിന്നു ഞാൻ
കാരണത്തിങ്കലിവനുടെ മുമ്പിൽ വ-
ച്ചാരുമിനിയൊരിക്കൽ പിഴയാവണ്ണം
മൂലാനലേ ദഹിപ്പിപ്പനെന്നോർത്തു തൽ-
ക്കാലേ മനസ്സംശയം വിട്ടു തന്നുടെ
ഭക്തജനങ്ങൾക്കു വേണ്ടു മഭീഷ്ടസി-
ദ്ധ്യർത്ഥങ്ങളെല്ലാം കൊടുത്തു തെളിഞ്ഞുടൻ
വൈകാതെ യോഗാഗ്നി തന്നിൽ തിരുവുടൽ
വൈകാര്യമെന്നിയേ ഭസ്മമാക്കീടിനാൾ.
കണ്ടുനിന്നോരു ഭൂതങ്ങളപ്പോളുടൻ
മണ്ടിയണഞ്ഞു മഹാക്രതുശാലയിൽ
കണ്ടതെല്ലാം വാരിയാരാധനം ചെയ്തു-
കൊണ്ടങ്ങടുത്തു പൊടിച്ചിതു ശാലകൾ.
കുണ്ഠതവിട്ടു സദസ്യാദികളെയും
കണ്ടുകൂടുമ്പൊഴുതൃത്വിക്കുകളെയും
തച്ചുകൊന്നൊക്കെത്തകർത്തുപൊടിച്ചുട-
നുച്ചൈസ്തരമലറിത്തിമിർക്കും വിധൗ
തച്ചരിത്രങ്ങൾ കണ്ടപ്പോൾ ഭൃഗുമുനി
പശ്ചാൽ പരിതാപയുക്തനായഞ്ജസാ
സൃഷ്ടിച്ചെഴും ദേവഭൂതഗണങ്ങള-
ങ്ങട്ടഹസിച്ചങ്ങവരോടെതിത്തീടിനാർ.
തമ്മിൽകതിർത്തു കറുത്തുപിണഞ്ഞുട-
നുന്മേഷമോടുരമിട്ടുതിക്കിദ്രുതം
നിന്നുകൂടാഞ്ഞൊഴിച്ചീടിനാരീശ്വരൻ-
തന്നനുചാരികളായ ഭൂതാന്വയം,
തത്രൈവ തൽ കാരണത്തിങ്കലങ്ങുചെ-
ന്നത്യരമൊക്കെയടങ്ങിമറ്റേവരും.
തൽക്കാലവേഗാലുളവായവസ്ഥക-
ളൊക്കവേ മുക്കണ്ണരോടു വീണാധരൻ
മുഖ്യമുനീന്ദ്രനുണർത്തിച്ചതുകേട്ടു
ദുഃഖവുമുൾക്കോപവും ബഹുചിന്തയും
വ്യഗ്രവുമിച്ഛയും ഗർവവും ലജ്ജയു-
മുഗ്രനകമേകലർന്നു സസംഭ്രമാൽ,
കോടീരമാശുപിടിച്ചു നിലത്തടി
ച്ചീടിനാനപ്പോളവിടെനിന്നെത്രയും
ഘോരാകൃതിയൊടും വജ്രനിഷ്പേഷവ-
ദാരാവപൂരമോടും കരതാരതിൽ
വീറോടെടുത്തു പിടിച്ചൊരു ശൂലവും
വീരഭദ്രൻ നമസ്കൃത്യനിൽക്കും വിധൗ
കാലാരിയുമരുൾചെയ്താൻ: “ഭവാനിതു-
കാലമിനിയങ്ങു ചെന്നവിളംബിതം
ദക്ഷപ്രജാപതിയെക്കൊലചെയ്ക” യെ-
ന്നുൾക്കോപമോടനുപ്രേരിതനാമവൻ
തൃക്കാലിണയിങ്കൽ വീണു നമസ്കരി-
ച്ചഗ്രം പരിചോടു തുള്ളുന്ന ശൂലവും
വ്യഗ്രം വരുമാരിളക്കിസ്സമുദ്രവു-
മുഗ്രനത്യുഗ്രവേഗാൽ നടന്നീടിനാൻ.
ചുറ്റും ചുഴന്നു തിമിർത്തലറിക്കുറ-
വറ്റു നടന്നിതു ഭൂതഗണങ്ങളും.
മുഷ്കരന്മാർ തുടർന്നൊക്കെ നടന്നള-
വക്ഷിതിചക്രം കിളർന്നു രേണുക്കളാൽ
പുഷ്കരദേശവും ദിക്കുകളും മുഹു-
രർക്കനും കൂടെ മറഞ്ഞളവതികേ
ദക്ഷാദ്ധ്വരക്ഷിതൗ നിൽക്കും മഹത്തുക-
ളൊക്കെയങ്ങാശു കേചിൽ പറഞ്ഞീടിനാർ:-
“എന്തൊരു മൂലം ജഗത്രയമീവണ്ണ-
മന്തരാ പാരം മറഞ്ഞിളകീടുവാൻ
ബന്ധമുണ്ടായതെ” ന്നിങ്ങനെ സർവരും
ചിന്തിച്ചനേകം വിധം പറയുന്നതിൽ
ചൊന്നാർചില “രിതുപന്നഗഭൂഷണൻ‌-
തന്നുടെ ദേവിതൻ വാർത്തകൾ കേവലം
തന്നുള്ളിലെല്ലാമറിഞ്ഞുകോപിച്ചുകൊ‌-
ണ്ടന്യൂനവേഗാലെഴുന്നള്ളത്തല്ലല്ലീ?
തിണ്ണമിതെങ്കിൽ മഹേശ്വരകോപമി-
ങ്ങിന്നു സഹിക്കുന്നതാരഹോ! ദൈവമേ!”
എന്നിത്തരം ചിലർ ചൊല്ലുന്നളവങ്ങു
ചെന്നടുത്തീടിനാർ ഭൂതഗണങ്ങളും.
പാരാ‍വാരം തിരമാലകളോടു ചേർ-
ന്നാരാവഘോരതരമടുക്കും വണ്ണം
ധീരതയോടു ചുഴന്നങ്ങവർ ഭൃശം
പാരാതെ യാഗ ശാലന്തരം പുക്കുടൻ
കാണായ സംഭാര പൂരങ്ങളൊക്കെയ-
ക്ഷോണിയിൽ വാരിയാരാധിച്ചു ചൂഴവും
യാജകനേയും പരികർമ്മികളേയും
വ്യാജമൊഴിച്ചടിച്ചൂഴിയിൽ മെല്ലവേ
ചാലെച്ചരിച്ചുകിടത്തിയിഴച്ചുത-
ച്ഛാലപ്പുറത്താക്കിവച്ചു, കടന്നുടൻ-
പാത്രങ്ങളും സ്രുവവും ജുഹൂവാദികൾ
നേത്രേന്ദ്രിയാർത്ഥങ്ങളായതെല്ലാം ദ്രുതം
തച്ചു തകർത്തു പൊടിച്ചു തീയുംകെടു-
ത്തുച്ചൈസ്തരമലറിപ്പുറപ്പെട്ടുടൻ
നിർജ്ജരന്മാരെയും താപസന്മാരെയു-
മുജ്ജ്വലിതാമർഷമോടു ചെറുത്തുടൻ
തച്ചു തച്ചാട്ടിപ്പരിചു കെടുത്തു തൻ-
കച്ചേൽമുലത്തയ്യൽമാരായഴകിയ
ധർമ്മദാരങ്ങളെയും പുനരാംവണ്ണം
നിർമ്മരിയാദകൾ ചെയ്തനേകം വിധം
ശാലകളെയും തകർത്തു കളയുമ്പോൾ
മാലേറിമണ്ടിത്തുടങ്ങിനാരേവരും.
അപ്പോൾ മണിമാൻ ഭൃഗുവിനെച്ചെന്നുടൻ
കെല്പോടടുത്തു പിടിച്ചു കെട്ടിക്ഷണാൽ
മുഷ്കോടിരുത്തിമീശപ്പെരുങ്കൊമ്പുക-
ളൊക്കെപ്പരിചോടു കൂട്ടിപ്പറിച്ചുത-
ദ്വക്ത്രാംബുജത്തിങ്കൽ നിന്നൊഴുകീടിന
രക്തക്കളികണ്ടു പൊട്ടിച്ചിരിച്ചഹോ!
“മല്പെരും പാഷണ്ഡവൃത്തികളിത്തര-
മുൾപ്പൂവിലോർത്തുകൊൾകെന്നുചൊല്ലുംവിധൗ
തിക്കിത്തിരക്കിയോടീടും ഭൃഗുവിനെ-
ച്ചിക്കനെ ചെന്നു പിടിച്ചു നന്ദീശ്വരൻ
മുഷ്കരൻ പാരം കുതർന്നവൻ തന്നുടൽ
ഞെക്കിപ്പിടിച്ചു കാലും കരയുഗ്മവും
കെട്ടുന്നളവു നോക്കുന്നവൻ തന്നുടെ
ദൃഷ്ടികൾ കുത്തിപ്പൊടിച്ചിരുത്തീടിനാൻ
ചണ്ഡേശ്വരൻ കരതാരിലകപ്പെട്ടി-
തന്നേരമാശു പൂഷാവവൻ തന്നുടെ
ദന്തങ്ങളെല്ലാമടിച്ചു കൊഴിച്ചഹോ!
“ചന്തമുണ്ടിപ്പോളി” തെന്നു ചൊല്ലിദ്രുതം
ബന്ധിച്ചു പന്തിയിലിട്ടളവേ പരി-
പന്ഥിയാം ദക്ഷപ്രജാപതിതന്നെയും
വീരഭദ്രപ്പെരുമാൾ ചെന്നുകൈപിടി-
ച്ചാരൂഢമോദേന കെട്ടിസ്സരഭസം
ശൂലമുനയാൽ കഴുത്തറുപ്പിച്ചുട-
നോലോലവാരുന്ന ചോരയോടത്തല-
തന്നുടെ കയ്യാലെടുത്തങ്ങു ദക്ഷിണ-
കുണ്ഡത്തിലാഹുതിയാക്കിക്ഷണാന്തരാൽ.
ചണ്ഡപരാക്രമന്മാരായഭൂതങ്ങൾ
ഖണ്ഡപരശുനിയോഗികളിങ്ങനെ
ദണ്ഡ മുസലശൂലങ്ങൾ ധരിച്ചുകൊ‌
ണ്ടണ്ഡകടാഹം നടുങ്ങുമാറൂറ്റമാം-
വണ്ണമലറിത്തിമിർത്തു ചെല്ലുമ്പൊഴു-
തെന്നെയെന്നെക്കൊലചെയ്യുമെന്നോർത്തഹോ!
വിണ്ണവരും മുനിമാരും പരവശാൽ
മന്നിടം ചെമ്മേ കുലുക്കിയോടീടിനാർ-
പേടിച്ചു കണ്ണു തുറിച്ചവരാശുതാൻ
ചാടിക്കിതച്ചു മണ്ടി ഭ്രമിച്ചേവരും
കൂടെച്ചുഴന്നു സരോജാസനൻ മരു-
വീടും മഹാസത്യലോകം പ്രവേശിച്ചാർ.
സംഭ്രമിച്ചംഭോജസംഭവൻ തൻ പദ-
മമ്പൊടു “പാലയേ” തിസ്വരൈരൊക്കവേ
കുമ്പിടുന്നോരളവെന്തൊരു ഘോഷമെ-
ന്നമ്പരന്നംഭോജസംഭവനുംതദാ
പേടികെടുമാറു ചോദിച്ചളവിട-
രോടെ സഗദ്ഗദം വേഗാലവർകളും
ചൊല്ലിനാരുണ്ടാവസ്ഥകളൻപിനോ-
ടെല്ലാമതുബത! കേട്ടു ചതുർമ്മുഖൻ
“കഷ്ടമേ! നിങ്ങളെല്ലാ‍വരും കൂടിയ-
ങ്ങൊട്ടും വിചാരമൊരുവർക്കുമെന്നിയേ
മൃത്യുഞ്ജയനീരസംചെയ്കമൂലമാ-
യിത്ഥമനർത്ഥമകപ്പെട്ടിതെത്രയും,
സത്തുക്കളാം മഹാത്മാക്കൾക്കു, ദൈവത-
ത്ത്വത്തെ മറന്നാൽ വരുമിതെല്ലാവർക്കും;
ദൈവമാകുന്നതു സാക്ഷാൽ മഹേശ്വരൻ
സർവ്വജ്ഞനെ മറന്നീടരുതാരുമേ.
ഗർവ്വാനുകൂലമില്ലായ്കിലെല്ലാം വൃഥാ
സർവ്വലോകാർത്ഥവുമില്ലൊരു സംശയം.
തൽ‌പ്രസാദം കൊണ്ടൊഴിഞ്ഞു മറ്റേതുമൊ-
ന്നിപ്പാരിലാരും വഹിപ്പവരില്ലല്ലോ.
മുപ്പുരാരാരിതൻ‍ കോപം സഹിപ്പതി-
നുൾപ്പൂവിലോർക്കിലരുതൊരുവർക്കുമേ.
ദുർഗ്ഗർവ്വമുണ്ടെങ്കിലിന്നുമെല്ലാം കള-
ഞ്ഞൊക്കെയെല്ലാവരും കൂടവേ ചെന്നുടൻ
രുദ്രനെത്തന്നെ ശരണം ഭജിക്കിലേ
ഭദ്രമായ് വന്നുകൂടൂ ബത! നിർണ്ണയം;
നല്ലതിനിമേൽ വരേണമെന്നാകില-
ങ്ങെല്ലാവരുമൊരുമിച്ചു പോന്നീടുവിൻ;
വല്ലാതെ നിന്നുഴന്നാലിനിയും മുഹു-
രില്ലൊരു കാര്യം നശിക്കെന്നിയേ ദൃഢം.”
കല്യാണിനിയായ ഭാരതീവല്ലഭ-
നെല്ലാമരുൾചെയ്തതിങ്ങനെകേട്ടവർ.
ചൊല്ലിനാ “രെല്ലാരുമരുൾ‌ചെയ്തവണ്ണമാ-
യ്ക്കൊള്ളാമിനിയതിനില്ലൊരു സംശയം.”
“പോരുവിനെങ്കിലെല്ലാരുമൊരുമിച്ചു
മാരാരിയെച്ചെന്നു കൈതൊഴുതീടുവാൻ‌;
കാലംകളയരുതേതു” മെന്നാശു തൽ‌
ക്കാലെമുതിർന്നെഴുന്നള്ളി ചതുർ‌മുഖൻ‌‍.
കൂടെച്ചുഴന്നിടകൂടിത്തുടർ‌ന്നിട-
രോടും സുരമുനിമാരുമതിദ്രുതം
പാടേ പരിചോടുചെന്നുടൻ‌ ധൂർ‌ജ്ജടീ-
വാടം പ്രവിശ്യ ഭൂതാ‍വലി ചൂഴവേ
വാഴുമിളാവൃതവാസം മഹേശ്വരം
കോഴയൊഴിഞ്ഞുകണ്ടാനന്ദചേതസാ
പാദം നമസ്കരിച്ചാൻ വിധാതാ, വതി-
സാദം കലർന്നുമുനിസുരവൃന്ദവും
വീണുനമസ്കരിച്ചീടിനാരാശു തൽ‌-
പ്രാണരക്ഷാശയാ, “ദേവൻ‌വിധി തദാ
പാദേന നമസ്കരിച്ചാരൂഢ ഭക്തി ചേർ‌-
ന്നാദരവോടു നിന്നീടുന്നളവഥ
മോദേന ശ്രീപരമേശ്വരൻ ശങ്കരൻ‌
ധാതാവിനേയും നമസ്കരിച്ചീടിനാൻ‌‌.
സേവകന്മാരോടു കൂടവേ ശർവ്വന-
ങ്ങാവിർ‌മുദാവണങ്ങുമ്പോൾ‌ കൃതസ്തുതി
ധാതാവു പിന്നെയുമീശപാദാംബുജ-
മാധിശമനായ താണുതൊഴുതുടൻ‌
നിന്നപേക്ഷിച്ചളവുള്ളം തെളിഞ്ഞഥ
പന്നഗഭൂഷണൻ‌ താൻ‌‌ പ്രസാദിക്കയാൽ‌‌
ദക്ഷപ്രജാപതി തജ്ജീവനത്തെയും,
യജ്ഞാവസാനത്തെയും വരുത്തീടുവാൻ‌
കൽ‌പിച്ചനുഗ്രഹിച്ചീടിനാനേഷ സം-
കൽ‌പിതമാമുപായാർ‌ത്ഥ, മഹോ! ചില
സത്തുക്കൾ‌ക്കംഗഭംഗങ്ങൾ‌ഭവിച്ചതും
ചിത്തപ്രസാദേന നൽ‌കിനാനീശ്വരൻ‌.
പിൽ‌പാടു സർ‌വ്വജഗദ്ഗുരു ശങ്കരൻ‌
മുപ്പുരാരാതിമൂലപ്രകൃതീശ്വരൻ‌
ചിൽ‌ പുരുഷൻ ചിദാനന്ദൻ ശിവാത്മകൻ‌
സൽ‌പുരുഷൻ‌ സദാനന്ദൻ‌ സദാശിവൻ‌‌
സർ‌പ്പവിഭൂഷണൻ‌ സർ‌വ്വജ്ഞനീശ്വരൻ‌
ദർ‌പ്പകദർപ്പവിനാശരൻ‌ പരൻ‌
രുദ്രൻ‌ പരമേശ്വരൻ‌ ദുരിതാന്തകൻ‌
ഭദ്രപ്രദൻ‌ ഭവമൃത്യുവിനാശനൻ‌
ഭക്തപ്രിയൻ‌ വരദൻ‌ ഭവസാഗരാൽ‌
മുക്തിപ്രദൻ‌ മുകുന്ദാദിനിഷേവിതൻ‌
മുക്കണ്ണരും വിധിയും ദേവവൃന്ദവും
കൂടെത്തെളിഞ്ഞു ദക്ഷാദ്ധ്വരശാലപു-
ക്കീടും വിധൗ വിരിഞ്ചാദിമുനികളും
കൂപ്പിത്തൊഴുതു നമസ്കരിക്കുമ്പൊഴു-
താത്മപ്രസാദ മുറ്റാത്മാനിരഞ്ജനൻ‌
ശാശ്വതൻ‌ ശർ‌വൻ‌ ജഗദ്ഗുരുശങ്കര-
നീശ്വരൻ‌താനങ്ങനുഗ്രഹം ചെയ്കയാൽ‌
മുന്നമേയുള്ള സവനപശുവതു-
തന്നെയറുത്ത ശിരസ്സതു കേവലം
പിന്നെപ്രജാപതി ദക്ഷ ശിരസ്സാക്കി
നന്നായൊരുമിച്ചു ചേർ‌ത്താരമരകൾ.
ദക്ഷനും ജീവിച്ചുണർ‌ന്നു തെളിഞ്ഞുടൻ‌
ഉക്ഷദ്ധ്വജനിലെ ദ്വേഷമൊഴിഞ്ഞെഴും-
ഭക്ത്യാ വണങ്ങി സ്തുതിച്ചാൻ‌ പലവിധം;
ഭക്തപ്രിയനും പ്രസാദിച്ചരുളിനാൻ‌.
അപ്പോലഖിലേശ്വരപ്രസാദത്തിനാ-
ലൃത്വിക്കുകളോടുമാചാര്യഭൂതാദി-
വഹ്നിഭിസ്സാകമാഹന്ത! സിച്ഛിന്നമായ്
വന്നൊരു യജ്ഞകർമ്മത്തിനു കേവലം
പിന്നെയും പ്രായശ്ചിത്തം ചെയ്തൊടുക്കിനാ‌‌‌-
നെന്നതിൽ‌ വൈഷ്ണവമാം പുരോഡാശകേ
കല്പിച്ചതിലേക്കെജമാനനാൽ പരി‌-
കല്പിത ധ്യാനശക്ത്യാ ജഗന്നായകൻ‌‌
വിഷ്ണുഭഗവാൻ‌ വിരിഞ്ചാദിവന്ദിതൻ‌‌
ഉഷ്ണേതരാംശു ദിവാകരലോചനൻ‌
പത്മനാഭൻ‌ പരമാത്മാ പരാപരൻ‌
പത്മജാ വല്ലഭൻ‌ പത്മായുധൻ‌ പരൻ‌
വിശ്വംഭരൻ‌ വൃഷവാഹനവന്ദിത‌
നച്യുത വ്യയന വ്യക്തനദ്വയൻ‌
നിഷ്കളങ്കൻ‌ നിർഗ്ഗുണൻ‌ നിഷ്ക്രിയൻ‌ നിർമ്മമൻ‌
നിഷ്കളങ്കൻ‌ നിരാതങ്കൻ‌ നിരുപമൻ‌
നിഷ്കാരണൻ‌ നിഗമാന്തവേദ്യാത്മകൻ‌
നിഷ്കിഞ്ചനപ്രിയൻ‌ നിത്യൻ‌ നിരാമയൻ‌.‌
നിർ‌മ്മലൻ‌ നിർ‌വ്വികല്പൻ‌ നിരൂപാശ്രയൻ‌
സന്മയൻ‌ സർ‌വസാക്ഷീശ്വൻ‌ സനാതനൻ‌
കൽമഷനാശനൻ‌ കർ‌മ്മധർ‌മ്മാത്മകൻ‌
ചിന്മയൻ‌ചിൽ‌പുമാനാത്മാശിവാനന്ദൻ‌-
തന്നെസുവർ‌ണ്ണാദ്രിമേലസിതാംബുദം
മിന്നൽ‌പിണർ‌നിരമിന്നിനിൽ‌ക്കും വണ്ണം
പന്നഗാരാതിഗളസ്ഥനായഞ്ജസാ
വന്നുനിന്നീടിനാനിന്ദിരനിഭൻ‌.
സൂര്യായുതപ്രഭയാവിളങ്ങീടിന
ചാരുകിരീടവും കുണ്ഡലശോഭയും
പീതാംബരാഭയും നാഭിസരോജവും
ധാതൃനിവാസവും കൗസ്തുഭമാലയും
ശ്രീവത്സവക്ഷസ്സും കണ്ഠദേശാഭയും
ഗ്രീവാസുശോഭയും ലക്ഷ്മീകരാഭയും
തൃക്കൈകളെട്ടും തിരുവായുധങ്ങളും
ഒക്കെത്തെളിവോടുകാണായിതന്തികേ.
പ്രത്യക്ഷനായഖിലേശനെക്കണ്ടുടൻ‌
മത്സരാദിഭ്രമം തീർന്നോരു ദക്ഷനും
ഭൃത്യരുമൃത്വിക്കുകൾ‌ പരികർമ്മികൾ
അത്യന്തഭക്ത്യാ സദസ്യാദിസർ‌വരും
ദിക് പാലരും യജമാനാദിഭൂസുര-
മുഖ്യരൃഷികളമരമുനികളും
സിദ്ധരും സാദ്ധ്യരും വിദ്യാധരൗഘവും
രുദ്രർ‌ വസുക്കൾ‌ പിതൃക്കൾ‌ മരുത്തുകൾ‌
യക്ഷാപ്സരശ്ചാരണോരഗകിന്നര-
രക്ഷോഗണങ്ങളും ഗന്ധർവ്വ സംഘവും
പ്രേതപിശാചവേതാളഗണങ്ങളും
ഭൂതാവലിമുതലായവരേവരും
ഭക്ത്യാ ജഗന്നായകനെത്തൊഴുതുകൊ-
ണ്ടൊക്കെ സ്തുതിച്ചു നിന്നീടിനാരന്തികേ;
തൽ‌ക്ഷണം ബ്രഹ്മനുമീശ്വരനും പദ-
യുഗ്മം നമസ്കരിച്ചങ്ങെഴുന്നേറ്റുടൻ‌
ഹസ്താഞ്ജലിയോടുകൂടെ വേദാന്തസാ-
രാർ‌ത്ഥ പദവ്യക്തികളാൽ‌ സ്തുതിക്കുമ്പോൾ‌
വിശ്വംഭരനവരെക്കടാക്ഷിച്ചുകൊ-
ണ്ടുൾ ചേരുമാധികളെല്ലാമൊഴിച്ചുടൻ‌
ശശ്വൽ‌ പരബ്രഹ്മമൂർത്തി സനാതന-
നച്യുതനംഭുജസംഭവൻ തന്നെയും
രുദ്രനേയും പരിചോടു സംഭാവിച്ചു
ഭദ്രപ്രിയൻ മന്ദഹാസപുരസ്സരം
സർ‌വജനങ്ങളും കേൾ‌ക്കുമാറാദരാ-
ദുർ‌ന്നയമെല്ലാം കളഞ്ഞുകേട്ടീടുക.
ഞാനെന്ന ഭാവമകലെക്കളഞ്ഞു നീ
താനാത്മ സന്നിധി ചേർ‌ന്നു നിരന്തരം.
മത്സരാദ്യങ്ങളാം ദോഷങ്ങളെ ത്യജി-
ച്ചുൾ‌ത്താരിലാനന്ദമുൾ‌ക്കൊണ്ടനാരതം
മിത്ഥ്യാവിചാരഭ്രമങ്ങളൊഴിഞ്ഞു തൽ‌-
സത്യസ്വരൂപത്തെ വിശ്വസിച്ചാത്മ നീ
ഭക്ത്യാ പരബ്രഹ്മ മണ്ഡലൈകാന്ത സം-
സിക്തസ്വയം ജ്യോതിരഗ്രേ ലയിക്ക നീ.
തൽ‌പരബ്രഹ്മണി നിന്നുമായാവശാ-
ലുല്പന്നരായ ഗുണത്രയ രൂപികൾ‌
വിശ്വസൃട്ടും ഞാനുമീശ്വരനും മഹാ-
വിശ്വസൃഷ്ടിസ്ഥിതി സംഹാരലീലകൾ‌
നിത്യമനുസരിപ്പാനുളരായവ-
രി, ത്രയ വർ‌ണ്ണികളൊന്നു തന്നെ ദൃഢം.
ചിത്തവികല്പമുണ്ടാകൊലാമേലി”ലെ-
ന്നിത്ഥമരുൾ‌‌ ചെയ്തു പത്മനാഭൻ‌ പരൻ‌
സത്വരം വൈനതേയേന സാകം പുന-
രെത്രയും വേഗാൽ‌ മറഞ്ഞരുളീടിനാൻ‌.
തദ്ദിശി നോക്കി വന്ദിച്ചു കൊണ്ടാരഥ
രുദ്രാദികളായ സർ‌വജനങ്ങളും.
ദക്ഷനും വിച്ഛിന്നമായ യാഗം മുഹു-
രക്ഷണം പ്രായശ്ചിത്തം ചെയ്തു ശേഷവും
ചിത്തം തെളിഞ്ഞു ചെയ്താശു സമാപ്തിയും
കൃത്വാതി ഭക്ത്യാ നിരന്തരം തൽ‌ഫലം
സിദ്ധിച്ചവഭൃഥ സ്നാനവും പിമ്പവർ‌
കല്പിച്ചവണ്ണം കഴിച്ചിരുന്നീടിനാൻ‌
അങ്ങനെ യാഗം കഴിച്ചവന്തന്മക-
ളങ്ങു ദഹിച്ച സതീപരമേശ്വരി
പിന്നെത്തുഷാരാദ്രി നന്ദനയായിച്ചമ-
ഞ്ഞന്നുമാദേവിയെന്നുള്ള നാമത്തെയും,
ചെന്നു മഹേശ്വരൻ‌ തൻ‌ പ്രിയയായ് വന്നു-
ചേർ‌ന്നു കൊണ്ടാളഖിലേശ്വരി പിന്നെയും.