ശ്രീമഹാഭാഗവതം/ചതുർത്ഥസ്കന്ധം/ആകൂതി മുതലായവരുടെ സന്തതിചരിത്രം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ബാലേ! ശുകപ്പൈതലേ! വരികിന്നു നീ
കാലേ തെളിഞ്ഞു പറകെടോ! ശേഷവും
ഭാഗവതാർത്ഥമറിഞ്ഞുചൊല്ലീടുവാ-
നാഗമജ്ഞന്മാർക്കുമാവതല്ലെങ്കിലും
ഞാനറിഞ്ഞുള്ളതൊട്ടൊട്ടുചുരുക്കമായ്
ആനന്ദസാധനമാവതുചൊല്ലുവാൻ;
ഭാഷണം കേചിൽ തുടങ്ങുകിലും പരി-
ഭൂഷണം മാമകമില്ലൊരു സംശയം.
കേട്ടുകൊൾകെങ്കിൽ വിസർഗ്ഗം പറവതി-
ശ്രേഷ്ഠമായീടും ചതുർത്ഥഭാഗത്തിനാൽ,
കാര്യസംഭൂതിവിസർഗ്ഗമെന്നായതു
കാര്യം ജഗത്തിങ്കലിങ്ങനെമുമ്പിനാൽ
പ്രാണികളിൽ പ്രധാനം മനുഷ്യർക്കല്ലോ.
മാനവന്മാർ ഭഗവത് ഭജനത്തിനാൽ
മാനസാനന്ദം ഭവിപ്പതത്യുത്തമം.
കേവലം മാനവന്മാരിൽ മുമ്പുള്ളവ-
നാവിർഭവിച്ചാൻ മനുപ്രവരോത്തമൻ
സ്വായംഭ്യുവാഖ്യനവനു ശതരൂപാ
ജായാ മനോഹരിയാമവൾ പെറ്റുടൻ
മൂവർതനൂജമാർ മുമ്പിലേതാകൂതി,
ദേവാഹൂതി, തഥാസാപിപ്രസൂതിയും,
മോദേനചെമ്മേ വളർന്നരവർകളും.
സാദരമന്നു ശതരൂപയും നൃപൻ-
താനും മുതിർന്നതിലാകൂതിതന്നെയ-
ങ്ങാനന്ദമോടും രുചയേദദാവിയും.
മാനസകൗതുകം പൂണ്ടു പതിയുമായ്
മീനകേതുക്രീഡയാവസിക്കുന്നനാൾ,
വന്നുജഗന്മയനായ നാരായണൻ
നന്ദനനായ് ചമഞ്ഞീടിനാനഞ്ജസാ
യജ്ഞനെന്നുള്ളൊരു നാമധേയത്തൊടും
സുജ്ഞനാമീശ്വരൻ യൗവനാരംഭഗൻ
ലക്ഷ്മീഭഗവതിതൻ കുലജാതയാം
ദക്ഷിണതന്നെയും വേട്ടരുളീടിനാൻ
ദ്വാദശനന്ദനന്മാരവൾ പെറ്റുടൻ
ആദിയിൽ വന്നുളരായിതവരുടെ
നമങ്ങളേയും ക്രമേണ ചൊല്ലീടുവൻ,
ആമോദമുൾക്കൊണ്ടു കേട്ടുകൊൾകെങ്കിലോ.
തോഷൻ പ്രതോഷനും സന്തോഷനും ഭദ്രൻ
ഏഷ ശാന്തീഡസ്പതീദ്ധ്മ, കവിർവിഭു
സ്രഘ്നൻ, സുദേവൻ വിരോചനനെന്നവർ
വിഘ്നം വിനാ ദ്വിഷഡാത്മജൈരേവതൽ
സ്വായം ഭുവാന്തരത്തിങ്കലമരകൾ
ആയതവരിന്ദ്രനായതുയജ്ഞനും
ഏവമാകൂത്യ പത്യാനി വൈ തൗസുതൗ
ഏവം പ്രിയവ്രതനുത്താനപാദനും.
രണ്ടുപേർക്കുംഭവിച്ചുള്ളപത്യങ്ങൾ മ-
റ്റുണ്ടാകയില്ലചൊൽവാൻ മനശ്ശക്തിമേ.
വണ്ടാർതഴക്കുഴലാൾദേവഹൂതിപോ-
ന്നുണ്ടായ് ചമഞ്ഞിതവൾക്കടുത്തന്തികേ;
കുണ്ഠത തീർന്നവൾ തന്നെയും കർദ്ദമ-
ന്നിണ്ടലൊഴിഞ്ഞു നൽകീടിനാനെന്നതോ
മുമ്പേ പറഞ്ഞേ, നവൾ പെറ്റു പുത്രിക-
ളൊമ്പതുപേരിൽ കലാ മൂത്തവ,ളവൾ
തൻ പ്രഥമാനന്ദയൗവനേ മാനസ-
കമ്പമൊഴിഞ്ഞനുകമ്പയാ താപസൻ
സമ്പ്രീതനായ് കൊടുത്താൻ മരീചിക്കവൻ
തൻ പുത്രനായ് കശ്യപൻ പ്രജാനായകൻ
താനുളനായാ, നവനുളവായ സ-
ന്താനജാതങ്ങളാലേ ഭുവനത്രയം
പൂർണ്ണമായ്‌ വന്നു; കശ്യപന്നിളയവൻ
പൂർണ്ണിമാ പുത്രി ഹരിപാദശൗചസം-
പൂർണ്ണയും പൂർണ്ണമാനഞ്ച തൽ കേവലം.
രണ്ടാമവളനസൂയയെക്കണ്ടക-
തണ്ടിളകിക്കനിവോടുടനത്രിതാൻ
കൊണ്ടാടിമാനിച്ചു വേട്ടാനവളിൽനി-
ന്നുണ്ടായിത ത്രിമൂർത്ത്യംശസുതത്രയം.
ദത്താബ്ജ ദുർവ്വാസസാ, വപിശ്രദ്ധായാഃ
സദ്യഃകരം പിടിച്ചംഗിരസ്സാം മുനി
നാലാത്മജമാരവൾ പെറ്റിതു സിനീ-
വാലി, കുഹൂ, രാകയും തഥാനുമതി
മൂവർ സുതന്മാരുതത്ഥ്യൻ ബൃഹസ്പതി
ദേവഗുരുസമൻ സംവർത്തനുമവർ
നാലാമതായ ഹവിർഭൂവിനെക്കര-
മാലംബിച്ചാൻ പുലസ്ത്യൻ മുഹുരേവ, താം
ഉണ്ടായിതങ്ങവൾ പെറ്റുടൻ വിശ്രവ-
സ്സുണ്ടായ കൗതുകത്തോടവൻ താനഥ
വേട്ടുകൊണ്ടീടിനാ, നമ്പോടിളിബിളാം;
വാട്ടമൊഴിഞ്ഞവൾ പെറ്റു ധനേശനെ;
പ്രാപ്തരായാർദശഗ്രീവാദിമൂന്നുപേ-
രാത്മജന്മാരഥകൈകസിക്കും തഥാ
രാക്ഷസാധീശ്വരന്മാർ; പുലഹൻ പ്രിയാ
സാക്ഷാൽ ഗതി; ക്രിയതാൻ ക്രതുവിൻ പ്രിയാ
പെറ്റുടൻ ബാലഖില്യാഖ്യർ കുമാരരാം
ഷഷ്ടിസാഹസ്രകംബ്രഹ്മർഷിമുഖ്യരും
തെറ്റെന്നുളവായ് ചമഞ്ഞാ; രരുന്ധതി
പെറ്റു വസിഷ്ഠനാൽ, സപ്തർഷിമാർകളും
സദ്യോഭവിച്ചാ; രഥർവ്വണനേറ്റവും
വിദ്യോതിതാംഗിയാം ശാന്തി മനോഹരാ;
ഖ്യാതി ഭൃഗുമുനിതൻ പ്രിയയായതി-
ഖ്യാതിപെറ്റുള്ള മൃകണ്ഡു മഹാമുനി
മാർക്കണ്ഡേയാഖ്യൻ മൃകണ്ഡു തന്നാത്മജൻ
കേൾക്കെടോ! വേദശിരസ്സുതൻ ഭ്രാതാവും.
ഇങ്ങനെ ദേവഹൂത്യാത്മജമാരവർ
അങ്ങുമരീചിമുഖ്യപ്രിയമാരല്ലോ;
മംഗലമാരവർക്കുള്ള പത്യോത്ഭവം
എങ്ങനെ ഞാൻ പറയുന്നു ചിചാരിതേ;
പിന്നെ നാരായണൻ പത്താമതങ്ങവൾ-
തന്നിൽ നിന്നങ്ങവതീർണ്ണനായീടിനാൻ.
ശ്രീകപിലാചാര്യനയതവൻ സർവ്വ-
യോഗശാസ്ത്രജ്ഞയോഗീന്ദ്രഗുരുവരൻ;
അങ്ങനെയായിതതെല്ലാം; പ്രസൂതിയെ
തുംഗനാം ദക്ഷനായ് ക്കൊണ്ടു നൽകീടിനാൻ
മംഗലൻ സ്വായംഭുവൻ ശതരൂപയാ,
ഭംഗ്യാ പുനരവൽ പെറ്റഥസാമ്പ്രതം
ഷോഡശകന്യകമാരുളരാ‍, യതിൽ
വാടാതെ കണ്ടു പതിമ്മൂന്നു പേരെയും
ധർമ്മരാജന്നു കൊടുത്താനതിശയ-
സമ്മാനമാർ ഗ്ഗേണ ദക്ഷപ്രജാധിപൻ.
ശ്രദ്ധാപി മൈത്രീ, ദയാ, ശാന്തി, തുഷ്ടിയും,
മുഗ്ദ്ധാംഗിപുഷ്ടി, ക്രിയോ, ന്നതി, ബുദ്ധിയും
മേധാ, തിതിക്ഷിയും ഹ്രീ, മൂർത്തിയെന്നവർ-
ക്കാദിക്രമാദഭിധാനങ്ങളായതിൽ
ശ്രദ്ധപെറ്റുള്ളൊ ശുഭൻ, പ്രസാദൻ മൈത്രീ-
പുത്ര, നഭയൻ ദയാത്മജൻ, ശാന്തിജൻ
ഭദ്രൻ, മുദൻ തുഷ്ടിജൻ, സ്മയൻ പുഷ്ടിജൻ,
ഭദ്രപ്രദനായ യോഗൻ ക്രിയാത്മജൻ
ദർപ്പനാകുന്നതുങ്ങുന്നതീനന്ദനൻ.
ശില്പമെഴുമർത്ഥനായതു ബുദ്ധിജൻ,
മേധാത്മജൻ സ്മൃതിതാൻ, ക്ഷേമനന്വഹം
ബാധയൊഴിഞ്ഞ തിതിക്ഷാത്മജനപി,
ഹ്രീസുതൻ പ്രശ്രയൻപോ, ലഥകേവലം
മൂർത്തിജന്മാർ നരനാരായണരല്ലോ.
ഏവം പതിമൂവർ പെറ്റുള്ളവർ പതി-
ന്നാൽവ, രവർക്കനുജാതയാം സ്വാഹയെ
പാവകനങ്ങു കൊടുത്തു തെളിഞ്ഞതി-
പാവനയാം സ്വധതന്നെപ്പിതൃക്കൾക്കും
കേവലം ചെമ്മേ കൊടുത്തൊടുക്കം മഹാ-
ദേവനായ്ക്കൊണ്ടു കൊടുത്തു സതിയെയും.
പിന്നെസ്സതീവരൻ തന്നോടു ബന്ധത്താൽ
ബ്രഹ്മാത്മജനായ ദക്ഷപ്രജാപതി
ദുർമ്മത്സരേണ നശിച്ചുപോയാൻ ബലാൽ.”