Jump to content

ശ്രീതിലകം/സായൂജ്യദീപ്തി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സായൂജ്യദീപ്തി

നിന്നെയും കാത്തുകാത്തിപ്പുഴവക്കിൽ ഞാൻ
നിർന്നിമേഷനായ് നിൽക്കെ;
തന്നെത്താൻ പാടുമൊരായിരം വീണക-
ളൊന്നിച്ചുകൂടിയപോലെ;
ഓമൽപ്പുളകങ്ങൾ പൂവിട്ടൊരാരാമ-
സീമയിലെത്തിയപോലെ;
ഏതോപരമാനുഭൂതിതൻ മാറി,ലെൻ
ചേതനചേർന്നുലയിപ്പൂ

നീളെത്തെളിഞ്ഞു നിരന്ന തേജോമയ-
ഗാളായുതങ്ങളിൽനിന്നും
നിന്നംഗുലിസ്പർശമാത്രയിൽ; സംഗീത-
ബിന്ദുക്കൾതെറ്റിത്തെറിക്കെ;
മംഗളഗാനപ്രളയമൊന്നിൽ, താണു-
മുങ്ങുകയാണിപ്രപഞ്ചം.
ആയതിൻ കല്ലോലമാലകളോടൊപ്പ-
മാടിയാടി, സ്വയമെങ്ങോ
നിശ്ചയമില്ലാതൊഴുകുകയാണൊരു
പച്ചിലത്തോണിയായ് ഞാനും!

മുന്നിലുള്ളെത്രയോ ചക്രവാളങ്ങൾ ഞാൻ
പിന്നിട്ടു പിന്നിട്ടു പോയി!
എന്നിട്ടു,മാദിയില്ലന്തമില്ലദ്ഭുത-
മെങ്ങു ഞാനെങ്ങു ഞാനെത്തി?
ചഞ്ചലബ്രഹ്മാണ്ഡബുദ്ബുദകോടികൾ
സഞ്ചരിക്കുന്നൊരച്ചാലിൽ,
ആയിരംപൊട്ടിത്തകര,ലയ്യായിര-
മാവിർഭവിച്ചും ഞൊടിയിൽ
മഹേന്ദ്രജാലങ്ങൾ കാണിക്കുമെത്രയോ
മായോത്സവങ്ങൾ ഞാൻ കണ്ടു!
വാപിളർത്തുന്നോരതിന്റെ ഗർത്തങ്ങളിൽ
വാടിവീഴുന്നു ദിനങ്ങൾ!
എന്നല്ല ജന്മാന്തരങ്ങൾ ചിറകടി-
ച്ചൊന്നിച്ചതിൽ ചെന്നൊളിപ്പു.
ഒപ്പ,മിരുട്ടും വെളിച്ചവും, തങ്ങളിൽ
കെട്ടിപ്പിടിച്ചും, പിരിഞ്ഞും;
അന്തമ,റ്റോളമടിച്ചു കിടക്കുമ-
തെന്തൊരപാരതയാവോ!
നിന്നിടുകയാണിവയ്ക്കൊക്കെയപ്പുറം
വിണ്ണിൻവെളിച്ചമേ, നീയും!
അദ്ഭുത, മെങ്ങനെ പിന്നെ, നീ, യിക്കാട്ടു-
പുഷ്പത്തിലുംകൂടിയെത്തി?
എമ്മട്ടു നിന്മഹൽചൈതന്യസിന്ധു വ-
ന്നിമ്മഞ്ഞുതുള്ളിയിൽ തങ്ങി?
അന്തമില്ലാത്ത നിൻ വിസ്തൃതി,യെമ്മട്ടീ
മൺതരിക്കുള്ളിലൊതുങ്ങി?
ഇച്ചെറുനീർപ്പോള, യെങ്ങനെ, വറ്റാത്തൊ-
രുജ്ജ്വലവാരാശിയായി?
നിസ്സാരമായൊരിപ്പുഞ്ചിരിയെങ്ങനെ
നിത്യപ്രകാശമായ് മാറി?
സത്യമേ, കാണുമിതൊക്കെ, നിൻ ശക്തിതൻ
പ്രത്യക്ഷചിഹ്നങ്ങൾ മാത്രം!-
അത്രയ്ക്കജയ്യമാമേതോമഹിമത-
ന്നസ്പഷ്ടചിത്രങ്ങൾ മാത്രം!-
എന്നാ, ലിവയ്ക്കേകകാരണമായ് നിൽപ-
തെങ്ങു നീ, ദിവ്യമഹസ്സേ?

എങ്ങാ-നിടയ്ക്കിടയ്ക്കവ്യക്തമായ്, നിന്റെ
സംഗീതവീചികാലേശം
എത്തിയാലെന്നടുത്തപ്പൊഴെല്ലാം ഗാഢ-
സുപ്തിവന്നെന്നെച്ചതിക്കും.
ഞാനുണരുമ്പോഴേ,ക്കാ മനോമോഹന-
ഗാനം മുഴുവൻ നിലയ്ക്കും.
വാർമഴവില്ലിൻ വർണ്ണങ്ങൾമാത്ര, മാ-
വാനിൽ, ചിലപ്പോൾ വരയ്ക്കും.
പിന്നത്തെമാത്രയിലേതോ കരപുട-
മൊന്നിച്ചതൊക്കെത്തുടയ്ക്കും.
ശാരീരമൊപ്പിച്ചു പാടാനതെന്നു, മ-
ശ്ശാരികാസഞ്ചയം നോക്കും.
അക്കാഴ്ചയോരോന്നു കണ്ടിടുന്തോറു, മെ-
ന്നുൾക്കാമ്പിലാകാംക്ഷയേറും!-
എന്തിനൊളിച്ചുകളിക്കുന്നു ഹാ, നിത്യ-
സൗന്ദര്യമേ നീയിനിയും?
നിന്നിലലിഞ്ഞലിഞ്ഞില്ലാതെയായിട-
ട്ടെന്നിലെ ഞാനാത്തവേഗം!
വാടാവെളിച്ചമേ, തെല്ലിട നീ, നിന്റെ
മൂടുപടമൊന്നു മാറ്റൂ!

                               -ഏപ്രിൽ 1937