ശ്രീതിലകം/മാഴ്കായ്ക മോഹിനി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മാഴ്കായ്ക മോഹിനി!

ആയിരം സ്വപ്നങ്ങൾ തിങ്ങിത്തുളുമ്പുമീ-
യാനന്ദരാത്രിയും തീരും മനോഹരി
വേദനമാത്രം വഴിയും മനസ്സുമായ്
വേർപെട്ടുപോണമുഷസ്സിനു മുൻപു നാം.
നിർദ്ദയലോകമുണരു,മസൂയത-
ന്നസ്ത്രങ്ങളെയ്തു മുറിക്കും മനസ്സിനെ!
കണ്ണീരിൽമുങ്ങിക്കഴിയുവാൻ മാത്രമാ-
ണൊന്നിച്ചുചേർന്നതീ മന്നിൽ നാമോമനേ!
ഓർത്തിരിക്കാതെ നാമൊത്തുചേർന്നെങ്കിലു-
മാർത്തരായ് വിട്ടുമാറേണമെന്നെങ്കിലും.
ജീവനായ് നിൽക്കുന്ന നീപോലുമെൻതപ്ത-
ജീവിതത്തിനു വെറുമൊരതിഥിയാം.
സൽക്കരിക്കുന്നു മുടങ്ങാതെ മുന്തിരി-
സ്സത്തുപകർന്നുതന്നോമനേ, നിന്നെ ഞാൻ.
എങ്കിലും, കേവലമന്യയാണിപ്പൊഴു-
മെൻ കളിത്തോഴിയായ്ക്കൂടിക്കഴിഞ്ഞ നീ!
നീയടുക്കുമ്പോളകന്നുമാറുന്നു ഞാൻ
നീയകലുന്നു ഞാൻ നിന്നോടടുക്കുകിൽ.
കഷ്ട, മീ മാന്ത്രികമായാവലയത്തെ
വിട്ടുമാറാനുമശക്തരായ്പോയി നാം!
ശോകാന്തമിപ്രേമനാടകമാടുവാൻ
ലോകമേ, ഞങ്ങളെക്കൂട്ടിമുട്ടിച്ചു നീ.
എന്നിട്ടൊഴിഞ്ഞിരുന്നേകാന്തതയിൽ നീ
മന്ദഹസിക്കയുംചെയ്യുന്നു നിർദ്ദയം.
ആകട്ടെ, ഞങ്ങളിതോതിയിനിമേലി-
ലാവലാതിപ്പെട്ടിടുകില്ലൊരിക്കലും
എന്തുവന്നാലും സഹിക്കണം, നീയതു
ചിന്തിച്ചു കണ്ണീർപൊഴിക്കരുതോമലേ!
കല്ലറക്കെട്ടിൽ നിലച്ചുപോകുന്നത-
ല്ലുല്ലസൽജീവിതം-മാഴായ്ക മോഹിനീ!

                               -ജൂലൈ 1938