Jump to content

ശ്രീതിലകം/മായാചിത്രം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

മായാചിത്രം

അത്തപ്പൂവിട്ടപ്പോൾ 'കുട്ട'ന്റെ കണ്ണില-
ന്നശൃകണികയൊന്നങ്കുരിച്ചു-

ചിറ്റാടപ്പൂക്കളക്കുങ്കുമപ്പൊട്ടിട്ടാ
മുറ്റം കുളുർക്കെച്ചിരിച്ചുനിന്നു.

നീരാടിയെത്തിയോരമ്മയ്ക്കാ ദ്വാദശീ
പാരാണതീർത്ഥം പകർന്നശേഷം
ഉള്ളംകുളിർത്തുനിന്നക്കൽത്തറയിലെ
വെള്ളത്തുളസി തലകുലുക്കി.

അപ്പൂവിടൽ കാണാൻ വെമ്പിപ്പൂങ്കാറ്റിലൊ-
'രപ്പുപ്പന്താടി' യിറങ്ങിയെത്തി.
പൊന്നൊലിക്കുന്നോരിളവെയിലിൽ, മുറ്റത്തെ
മന്ദാരത്തയ്യിൻതലയ്ക്കുചുറ്റും,
കൊന്നപ്പൂന്തൊത്തുകൾപോലെഴും രണ്ടിളം
മഞ്ഞപ്പൂമ്പാറ്റ പറന്നു പാറി.
മുറ്റത്തു, മമ്മതൻ മുഗ്ദ്ധ മനസ്സിലും
മുത്തിട്ടു പൂവിടൽകൊണ്ടു കുട്ടൻ.
ഈറൻ പകർന്നിടാതോമനപ്പുത്രനെ
വാരിയെടുത്തമ്മയുമ്മവച്ചു.
ഹൃത്തിൽത്തുളുമ്പുന്നൊരാഹ്ലാദവായ്പിനെ-
പ്പൊട്ടിച്ചിരിയിൽപ്പകർത്തി ബാലൻ.
എന്നാലു, മാ മനം സീമാതീതോന്മദ-
തുന്ദിലമാകിലു, മെന്തുകൊണ്ടോ,
വള്ളിക്കറുകതൻ പച്ചിലത്തുമ്പിലെ-
ച്ചില്ലൊളിത്തൂമഞ്ഞുതുള്ളിപോലെ,
അപ്പൊഴും കുട്ടന്റെ കുഞ്ഞിക്കടക്കണ്ണി-
ലശൃകണികയൊന്നങ്കുരിച്ചു!

ഓണപ്പുടവയുടുത്തും, വിഷുവിന്റെ
നാണയത്തുട്ടിൽ മിഴി കുളിർത്തും,
കുട്ടന്റെ കൺ മുന്നിലോരോ പുതുമകൾ
മൊട്ടിട്ടു മൊട്ടിട്ടണിനിരന്നു.
കാണുന്നതെന്തിലും കാഞ്ചന സ്വപ്നങ്ങൾ
കാണുന്നതാണല്ലോ ബാല്യകാലം!
അസ്ഥികൾ മണ്ണിൽ മാച്ചും, മുലപ്പാലി-
നെപ്പൊഴും പുത്തനുറവുചേർത്തും,
കാണുന്നതോരോന്നായ് കാണാതെയാക്കിയും
കാണാത്തതോരോന്നും കാട്ടിത്തന്നും,
കാലിനുളുക്കൊരുകാലവും തട്ടാത്ത
കാലം മുന്നോട്ടു കുതിച്ചുപോയി!
വേനലിൽ തപ്തോഗഹോമവും, മഞ്ഞിന്റെ
പൂനിലാപ്പൈമ്പാലഭിഷേകവും,
വർഷത്തിൻ 'ധാര"യും സ്വീകരിച്ചങ്ങനെ
ഹർഷാദ്രയായ് നിന്നു ഭൂമിദേവി!
തൈച്ചെടി വൃക്ഷമായ്, വൃക്ഷം പൊടിമണ്ണായ്
വിശ്വമിതന്നത്തെതന്നെയിന്നും!

കുട്ടനൊരച്ഛനാ, ണച്ഛനാം കുട്ടന്റെ
കുട്ട, നാ മുറ്റത്തന്നുല്ലസിപ്പൂ.
പണ്ടത്തെക്കുട്ടന്റെ പാഴോലവീടില്ല
കണ്ടിടാ, നിന്നതു രമ്യഹർമ്മ്യം!
ചിറ്റാടപ്പൂക്കളക്കുങ്കുമപ്പൊട്ടിട്ടാ
മുറ്റമതെന്നും ചിരിച്ചുനിന്നു.
ഈറനായ് കൈകൂപ്പും ഭക്തിക്കാ ദ്വാദശീ-
പാരണാതീർത്ഥം പകർന്ന ശേഷം,
ഉള്ളം കുളിർത്തു തലകുലുക്കാനൊരു
വെള്ളത്തുളസിയിന്നില്ലവിടെ!
മോടിയിൽ, കുഞ്ഞിന്റെ മാതാവകത്തെങ്ങോ
'റേഡിയോ' കേട്ടു രസിച്ചിരുന്നു.
പൂവിടും കുട്ടനെപ്പുൽകീലെന്നല്ലവൾ
പൂവിടൽകൂടിയും കണ്ടതില്ല.
അച്ഛനാം കുട്ടന്റെ കണ്ണിലെന്നാലന്നു-
മശൃകണികയൊന്നങ്കുരിച്ചു!
തങ്കത്തടിൽക്കൊടിച്ചാർത്തുപോ, ലച്ചിത്ത-
സങ്കൽപത്തിന്റെ വിശാലതയിൽ
പൊയ്പ്പോയൊരായിരം നാളിനു പിന്നാലൊ-
രത്ഭുതചിത്രമുയർന്നു വന്നു!

ചിറ്റുഞാറോല നിവർന്ന നെൽപാടത്തു
ചിറ്റാടപൂക്കുന്ന ചിങ്ങമാസം,
കുട്ടനും, 'കൊച്ചമ്മുക്കുട്ടി'യു, മോണപ്പൂ
നട്ടുച്ചവെയിലിൽ പറിച്ചുനിൽപൂ.
ഒന്നിച്ചു ചേർന്നതാം രണ്ടു പിഞ്ചാത്മാക്ക-
ളന്യൂനനിർവൃതിയാസ്വദിപ്പൂ!
കാട്ടിലും മേട്ടിലുമോടിക്കിതച്ചിട്ടും
വാട്ടംവരാത്ത കുതൂഹലവും.
തീവെയ്ലുവാട്ടിക്കരിച്ചിട്ടും, വെൺചാമ്പ-
ലാവാതെ മിന്നുമുല്ലാസവായ്പും,
ഒന്നിച്ചുചേർന്ന, വരൊന്നിച്ചു പൂവിട്ട-
പ്പൊന്നോണനാളിനെസ്സൽക്കരിപ്പൂ!

കൊച്ചമ്മുക്കുട്ടിക്കു 'ചേച്ചി'യോടൊത്തൊരു
കൊച്ചേട്ടനെക്കൂടിക്കിട്ടിയന്നാൾ
താലമ്പിടിച്ചെതിരേറ്റു, കൊച്ചേട്ടനെ-
ച്ചെലിലപ്പന്തലിലാനയിക്കെ,
"ഏതാനുംകൊല്ലം കഴി, ഞ്ഞിതേരംഗത്തിൽ
നീതയായ് ഞാനും വരുന്നനാളിൽ
ആരാകാമന്നത്തെത്താലം പിടിക്കുന്ന
'ശാരി'തൻ 'കൊച്ചേട്ട'നാർക്കറിയാം?...."
ബാലതൻ പിഞ്ചുമനസ്സിൽക്കിളർന്നൊരു
മൂലയി, ലാ രംഗാത്തേജനത്തിൽ,
ലോലമാ, യിച്ചിന്ത ലോകമറിയാതെ
നൂലിട്ടിരുന്നില്ലെന്നാരു കണ്ടു?...
നാളുകൾ പോയി, നഭസ്സിൽ തുലാത്തിലെ-
ക്കാളാംബുദങ്ങളടിഞ്ഞുകൂടി.
തുള്ളിക്കൊരുകുടം പെയ്തെത്തി, പ്പേക്കോലം
തുള്ളിയലറിയിരുണ്ട രാക്കൾ!
പിച്ചുപുലമ്പും വിറപ്പനിക്കോളിലും
കൊച്ചമ്മുക്കുട്ടിയിതുച്ചരിപ്പൂ;
"ഓണപ്പൂ തേടേണ്ടേ പോവണ്ടേ നമ്മൾക്കെ-
ന്നോമനക്കുട്ടനിന്നെങ്ങുപോയി?"
അമ്മയും, കൊച്ചമ്മുക്കുട്ടിതന്നമ്മയും
കണ്ണീർതുളുമ്പുമക്കൺമുനയാൽ,
അന്യോന്യമാശ്ലേഷംചെയ്കെ, യെന്താണാവോ
കണ്ണീർപൊടിഞ്ഞു കുട്ടന്റെ കണ്ണിൽ!

ആർത്തണഞ്ഞെത്തിയില്ലക്കൊല്ലമാ വീട്ടിൽ
പൂത്തിരുവാതിര, യെന്തുകൊണ്ടോ!
കണ്ണീർപൊടിഞ്ഞ മിഴികളാലങ്ങോട്ടേ-
ക്കൊന്നെത്തിനോക്കിയുംകൂടിയില്ല.
സങ്കടമല്ലേ, യാരല്ലെങ്കിൽ നോക്കു,മ-
പ്പൈങ്കിളി പൊയ്പ്പോയ പഞ്ജരത്തെ!...

പിന്നത്തെക്കൊല്ലത്തിലോണപ്പൂവിട്ടപ്പോൾ
കണ്ണീർപൊടിഞ്ഞു കുട്ടന്റെ കണ്ണിൽ.
ചിറ്റാടപൂക്കുന്ന ചിങ്ങം പിറക്കുമ്പോൾ
കുട്ടന്റെ ചിത്തം തകർന്നിതെന്നും!

അച്ഛനാമിന്നത്തെക്കുട്ടന്റെ കണ്ണിലു-
മശ്രു നിറയ്ക്കുന്നിതോണപ്പൂക്കൾ...
അമ്മയെ,ങ്ങമ്മുവെ,ങ്ങാ നല്ല കാലമെ-
ങ്ങമ്മട്ടിൽത്താനേകനായി?
ഏകനോ?-രണ്ടിളം മഞ്ഞപ്പൂമ്പാറ്റകൾ
പോകുന്നു വട്ടമിട്ടാ വെയിലിൽ!
ഏകനോ?-ജീവനാം തന്മകൻ മുറ്റത്തു
നാകം രചിക്കുന്നു പൂവിടലാൽ!
പാടുന്നു റേഡിയോ!...ചങ്ങലക്കട്ടിലി-
ലാടിക്കൊണ്ടോമലാളുല്ലസിപ്പൂ!
ഏകനോ?-ദൂരെ,ച്ചിറകുരുമ്മിത്തത്തി-
പ്പോകുന്നു, ഹാ, രണ്ടരിപ്പിറാക്കൾ!
പേനയെഴുംവലംകൈയാൽത്തലതാങ്ങി-
ദ്ദീനനായ് മേവുകയാണു കുട്ടൻ!
പെട്ടെന്നക്കണ്ണിലെ മുത്തൊന്നു താഴത്തെ-
പ്പട്ടുവിരിപ്പിലടർന്നുവീണു!....
അന്ത്യനിമേഷങ്ങൾ ശ്വാസമ്പിടിച്ചുകൊ-
ണ്ടന്തികത്തങ്ങനെനിന്നിടുമ്പോൾ,
കർമ്മബന്ധത്തിൻശലാകയിലറ്റത്തെ-
ക്കണ്ണിയുമറ്റിടാറായിടുമ്പോൾ,
കൊച്ചമ്മുക്കുട്ടിയും, ചിറ്റാടപ്പൂക്കളും,
പച്ചനെൽപാടവു, മുച്ചവെയ്ലും
പാരണാതീർത്ഥത്തിനെത്തുന്നോരമ്മയും,
ചാരുവാം വെള്ളത്തുളസിത്തൈയും,
ആ രണ്ടു മഞ്ഞപ്പൂമ്പാറ്റയും, റേഡിയോ
ധാരയായ് പെയ്യുന്ന സംഗീതവും,
തമ്മിൽച്ചിറകുരുമ്മീടുമപ്രാക്കളും,
തന്മകൻ നിർമ്മിക്കും പൂക്കളവും,
പണ്ടെന്നോ, താനെങ്ങോ, പെട്ടെന്നൊരുനോക്കു
കണ്ടോരജ്ഞാതസുഹൃത്തു,മെല്ലാം;
ഒന്നൊന്നായ് വേറിട്ടനുക്രമമായിട്ടു-
മൊന്നിച്ചുചേർന്നു, മൊരുഞൊടിയിൽ,
വിങ്ങുമപ്രാണന്റെവിള്ളലോരോന്നിലും-
നിന്നൂയലാടില്ലെന്നാരു കണ്ടു?
മറ്റൊരുലോകമുണ്ടെങ്കി,ലിനിയങ്ങും,
ചിറ്റാട പൂക്കില്ലെന്നാരറിഞ്ഞു?....
ആ ലോകത്തിപ്പൊഴും ചിറ്റാട പൂക്കുമ്പോൾ
നീലക്കൺകോണിൽ ജലം തുളുമ്പി,
തൻകളിത്തോഴനെ കാത്തിരുന്നൊറ്റയ്ക്ക-
ത്തങ്കക്കിനാവു തപിക്കയാകാം!
മായും നിഴലെല്ലാം മറ്റൊരു ലോകത്തിൽ
മായാത്ത രശ്മിയായ് മാറിയേക്കാം
ആവില്ല തീർത്തോതാനാർക്കുമേ-ശാശ്വത-
ജീവരഹസ്യങ്ങളാർക്കറിയാം?....

                               -നവംബർ 1941.

"https://ml.wikisource.org/w/index.php?title=ശ്രീതിലകം/മായാചിത്രം&oldid=36414" എന്ന താളിൽനിന്ന് ശേഖരിച്ചത്