ശ്രീതിലകം/മാദകാലാപം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മാദകാലാപം

സുന്ദരവാരുണദിങ്മുഖത്തിൽ
മന്ദഹസിക്കുന്ന സാന്ധ്യതാരം
എന്നിലൊരാനന്ദസ്വപ്നലേശം
തുന്നിപ്പിടിപ്പിക്കയായിരുന്നു.

സൂര്യൻമറഞ്ഞു; നിലാവു വീണു;
സൂനം വിടർന്നു; മണം പരന്നു;
ആലോലമർമ്മരം തൂകിത്തൂകി
മാലേയവായു തക്കർന്നലഞ്ഞു.
നാണംകുണുങ്ങിക്കുണുങ്ങി മന്ദം
ഹേമന്തരാത്രിയും വന്നുചേർന്നു.

അശ്രാന്തം പാഞ്ഞുപോം ലോകചക്രം
വിശ്രാന്തിതേടുമിസ്സന്മുഹൂർത്തം,
സന്തോഷബാഷ്പത്തിൽ മുക്കുവാനീ
മുന്തിരിച്ചാറെനിക്കാരുതന്നു?
ആനന്ദ, മാനന്ദം! ഞാനിനിയെൻ
ഗാനം മുറയ്ക്കുതുടർന്നുകൊള്ളാം.
ദേവതാരാധനാകാലമായി
കോവിലിൽ കേൾപ്പൂ മണിയൊലികൾ.
ആഗതമാകയായ് ദൂരെനിന്നും
നാഗസ്വരത്തിൻ ഞെരുങ്ങലുകൾ.
കല്ലിന്റെ മുൻപിൽ കഴുത്തുചായ്ക്കാ-
നില്ലില്ലെനിക്കിന്നു നേരമില്ല.
മുന്തിരിമോന്തുമെൻ ചുണ്ടിനാൽ ഞാൻ
മന്ത്രംജപിക്കുവാനല്ല ഭാവം.
എല്ലാരും നിങ്ങളെടുത്തുവാഴ്ത്തും
കല്ലും മരവുമല്ലെന്റെ ദൈവം.
സ്വർല്ലോകമെന്നെത്തിരസ്കരിച്ചാൽ
പുല്ലാണെനിക്കു, ഞാൻ ഭീരുവല്ല.
മണ്ണിന്നടിയിൽ മറഞ്ഞു നിങ്ങൾ
വിണ്ണിലണഞ്ഞാലണഞ്ഞുകൊൾവിൻ.
എന്നെസ്സകൗതുകം സ്വീകരിപ്പാൻ
മന്നിലേക്കിന്നതു വന്നുകൊള്ളും!

ശങ്കിപ്പതെന്തിനാണോമലേ, നീ
തങ്കച്ചഷകം നിറച്ചുകൊള്ളൂ!
കേവലം മായികം സ്വപ്നമാണി-
ജ്ജീവിതമെങ്കിൽ, നാമോമലാളേ!
മണ്ണിന്നകത്തു ചൊരിഞ്ഞീടുമീ-
കണ്ണുനീർകൊണ്ടു പിന്നെന്തു സാദ്ധ്യം?

മന്ദാരത്തോപ്പിലപ്പൂങ്കുയിൽ വ-
ന്നെന്തെല്ലാം പാടിപ്പറന്നുപോയി?
എന്നാലസ്സാധുവിൻ പേരുപോലു-
മന്നേ മറന്നുകഴിഞ്ഞു ലോകം.
ഇന്നപ്പൂങ്കാവിൽ വിടർന്ന പുഷ്പം
കണ്ണും കരളും കവർന്നു- പക്ഷേ,
നാളെയാരുണ്ടതിൻ, വാടിവീണ
ലോലദളത്തിലൊരുമ്മവെയ്ക്കാൻ?
ഹാ കഷ്ട!മെന്തിനു സാക്ഷിനിൽക്കും
ലോകമേ! നീയും യഥാർത്ഥമാണോ?

അയേ്യാ വിഷമം! വിഷമമയ്യോ!
വയെ്യനിക്കോമലേ പാനപാത്രം!
വേവുമെന്നുള്ളിലെ വേദനകൾ
വേഗത്തിലൽപമൊന്നാറ്റുവാനായ്,
എന്തിലും മീതെ ഞാൻ വാഴ്ത്തീടുമീ
മുന്തിരിച്ചാറിനേ സാദ്ധ്യമാകൂ!
എന്നിൽനിന്നെന്നെപ്പറഞ്ഞയയ്ക്കും
സുന്ദരമായൊരിദ്ദിവ്യമദ്യം.
ആരെന്നൊടോതുന്നു കൈവെടിയാ-
നാരിതു മന്നിൽ നിഷിദ്ധമാക്കി?
ആചാര്യന്മാർ നിങ്ങൾ നെയ്തുതന്നോ-
രാചാരമാകും നനഞ്ഞവസ്ത്രം,
മാറിയുടുക്കാതിരിക്കുവോളം
മാമൂൽപ്പനിയെങ്ങു വിട്ടുമാറാൻ?
വേദനിക്കുന്നു മന്മാനസം!-ഹാ!
വേഗമാകട്ടേ നിറയ്ക്കു പാത്രം!

                               -ജനുവരി 1935

"https://ml.wikisource.org/w/index.php?title=ശ്രീതിലകം/മാദകാലാപം&oldid=52536" എന്ന താളിൽനിന്ന് ശേഖരിച്ചത്