ശ്രീതിലകം/മങ്ങിയ കിരണങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മങ്ങിയ കിരണങ്ങൾ

പ്രിയകരമായുള്ളതാകമാനം
സ്വയമൊഴിഞ്ഞോരോന്നകന്നുപോയി.
അവയെക്കുറിച്ചുള്ളൊരോർമ്മപോലു-
മസഹനീയോൽക്കടശോകമായി.
എരിപൊരികൊള്ളുമെൻ മുന്നി,ലിപ്പോ-
ളിരുളും നിരാശയും മാത്രമായി.
അണയില്ലിനി വീണ്ടുമെന്നരികി-
ലവയിലൊരൊറ്റക്കിനാവുപോലും
സകലവുമൊന്നുചേർന്നസ്തമിച്ചു,
സകലവുമയേ്യാ, വിറങ്ങലിച്ചു!

നിരുപിച്ചിരിക്കാതരഞൊടിയി-
ലൊരുകൊച്ചു പൂക്കുറ്റിക്കുള്ളിൽനിന്നും,
പലപലവർണ്ണത്തിലുള്ളനേകം
ഗുളികപ്പൂപൊട്ടിയുയർന്നുപൊങ്ങി.
അവയെല്ലാമൊന്നുപോലൊന്നുമിന്നി
ജവമതേമട്ടിൽപൊലിഞ്ഞു മങ്ങി.
ഒരു വെറും സ്വപ്നം, മനോഹരമാ-
മൊരു തനിത്തങ്കത്തെളുതിളക്കം;
അതുകഴിഞ്ഞിട്ടോ?-തണുതണുത്ത
ഹതമാമൊരു വെറുമന്ധകാരം!
അവസാനമില്ലിതിനെങ്കി,ലയേ്യാ
ശിവനേ, യിതെന്തിന്റെ മാനദണ്ഡം?

ചിലമന്ദഹാസങ്ങളങ്ങുമിങ്ങും
ചിതറിക്കിടന്നവയാകമാനം
കനിവറ്റകാലമേ, നിർഭയം നീ
കരിതേച്ചു കഷ്ടം കളഞ്ഞുവല്ലോ.
അവകളെ ഞാനെന്റെ ജീവിതത്തോ-
ടഴിയാതെ ബന്ധിച്ചതായിരുന്നു.
അലിവെഴാതെന്നിട്ടും, നീയവയെ-
ക്കലിതവിനോദമഴിച്ചുവിട്ടു.

അവയെല്ലാം പോയി-മടങ്ങിവീണ്ടു-
മണയാത്തമട്ടിൽ പറന്നു പോയി.
ഇനിയെന്തുചെയ്യും, ഞാനെങ്ങുപോകു-
മിതിൽനിന്നു ഞാനെന്നു മുക്തനാകും?
നെടുവീർപ്പിൻ പശ്ചാത്തലങ്ങൾതോറും,
ചുടുബാഷ്പചിത്രം വരച്ചുമാച്ചും;
ഇരുളിൽ പലപ്പൊഴും നഷ്ടഭാഗ്യ-
സ്മരണയിൽ തോണിതുഴഞ്ഞുഴന്നും;
അവലംബാന്വേഷി ഞാനിപ്രകാര-
മവശനായ് വാഴണമെത്രകാലം?

സമുദായവേശ്യതൻ കണ്ണിണയിൽ
സമുദിതമാകുന്ന നക്രബാഷ്പം
സഹതാപചിഹ്നമായാദരിക്കാൻ
സതതോപദേശം തരുന്നു, ലോകം.
അതിൽ ഞാനൊരൽപം ബധിരനായാ-
ലതുകൊണ്ടു മറ്റുള്ളോർക്കെന്തുചേതം?

അമൃതമയോത്സവരംഗമോരോ-
ന്നമിതാനുമോദം ഞാനാസ്വദിച്ചു;
അവകളിലന്നെന്റെ ഭാവനക-
ളലസവിഹാരങ്ങളാചരിച്ചു;
അല,മാ വിഹാരങ്ങള്മൂല, മെന്നി-
ലതുലാനുഭൂതികളങ്കുരിച്ചു;
വിവിധമധുരവികാരമെന്നിൽ
വിതറിക്കൊ,ണ്ടന്നവയുല്ലസിച്ചു;
അനുപമമാകുമൊരന്തരീക്ഷ-
മവയെനിക്കന്നൊക്കെത്തന്നിരുന്നു;
അതിലെൻ കമനീയകൗതുകത്തിൻ
മൃദുലസല്ലാപം നടന്നിരുന്നു;
അനുമാത്രമെന്മനമന്നതിൽനി-
ന്നനഘനിർവ്വാണം നുകർന്നിരുന്നു;
അതുകൊണ്ടിനിയെന്തുകാര്യ,മിപ്പോ-
ളവയെല്ലാമൊന്നോടൊടുങ്ങിയല്ലോ!

മൃദുസൗരഭത്തെ,യുൽഫുല്ലപുഷ്പം
ഹൃദയത്തിൽ ചേർത്തുപിടിച്ചതല്ലേ?
ഫല, മെന്തതെന്നിട്ടും ചഞ്ചലമാം
കുളിർകാറ്റിൻപിന്നാലെ പാഞ്ഞുപോയി.

വ്യതിയാനമെന്തിനും സംഭവിക്കാം
വ്യസനിച്ചിടേണ്ടതില്ലായിരിക്കാം;
ശരിതന്നെ;-ഞാൻ പക്ഷേ, കണ്ടമാറ്റം
കരിതേച്ചൊരാവേശമായിരുന്നു.
അതുകണ്ടൊരാ നിമിഷത്തിൽ, ഞാനൊ-
രിടിവെട്ടുകൊണ്ടപോലായിപ്പോയി.
മഹിയിലന്നോളം കഴിഞ്ഞതോർക്കെ
മമ ചിത്തം പൊട്ടിത്തകർന്നുപോയി!

പ്രണയമേ, മന്മനമിത്രമാത്രം
വ്രണപൂർണ്ണമാക്കി നീ തീർത്തുവല്ലോ!
ഇനിയതിൻ സ്പന്ദനംകൂടി നീക്കാൻ
കനിവെന്നിലുണ്ടെങ്കിൽ നോക്കണേ നീ.
നിശിതനിരാശകൾ ഞെക്കിടുമ്പോൾ
നിലവിളിക്കുന്നു ഞാൻ നിസ്സഹായൻ.
അതുകേട്ടലിഞ്ഞെന്നരികിൽനിന്നോ-
രമൃതാംശുപോലുമകന്നുപോയാൽ,
ഇനിയെന്താണുള്ളതെൻ തപ്തചിന്ത
മിനുസപ്പെടുത്തി മിനുക്കിവെയ്ക്കാൻ?

മഹിയിലാരശ്മിക്കുവേണമെങ്കിൽ
മമ ജീവൻപോലും ഞാനേകിയേനേ!-
മരണത്തിൻ പിന്നിലും ഞാനൊരോമ-
ന്മധുരാനുഭൂതിയിൽ മുങ്ങിയേനേ!-
അനുമാത്രദു:ഖത്തിനായിമാത്ര-
മിനിയതു ചിന്തിച്ചിട്ടെന്തു കാര്യം?

ഫലമില്ല;-സർവ്വവും ശൂന്യമായി
വിലയത്തിലൊക്കെയും വീണൊടുങ്ങി.
ഒരു തെറ്റും ചെയ്യാതിരുന്ന തെറ്റി-
ന്നരുളിയ നീതിതൻ ശിക്ഷപോലെ
എളിയസുഖത്തിൻ ഗളത്തിലയേ്യാ
കൊലമാലയിട്ടുകഴിഞ്ഞു കാലം!
ഹൃദയത്തെപ്പുൽകിയൊരുത്സവങ്ങ-
ളതുലങ്ങളോരോരോ വിഭ്രമങ്ങൾ.
ക്ഷണികങ്ങളാണിവയൊക്കെയെങ്കി-
ലിനി, മന്നിലെന്തിനെ വിശ്വസിക്കാം?

അനുപമാദർശമേ, നിൻ നിലാവ-
ത്തലിയാം നിനവിന്റെ ചന്ദ്രകാന്തം.
അണുപോലുമെന്നാലലിഞ്ഞുകാണ്മീ-
ലനുഭവക്ഷിപ്താശ്മവീഥിയൊന്നും!
ഒരുവെറും സങ്കൽപമാത്രമാം നി-
ന്നരികിലേക്കുള്ളൊ,രെൻ ദീനയാനം
ഒരു, ചിറകറ്റ ശലഭികതൻ
സുരദീപസംഗമോദ്വേഗമായി!

പുളകാങ്കുരങ്ങളെസ്സാക്ഷിനിർത്തി-
പ്പലതുമായന്നു ഞാൻ കൂട്ടിമുട്ടി.
അവയെല്ലാമിന്നുഗവിസ്മൃതിതൻ
ശവകുടീരത്തിനകത്തടിഞ്ഞു.
അവയന്നെൻ ജീവിതത്തോടടുത്തോ-
രളവിൽ ഞാൻ മറ്റൊരാളായിരുന്നു;
മുരളിയെന്നോണ, മെന്നന്തരംഗം
മുഴുവനും സംഗീതമായിരുന്നു!
അരുതതിന്നോർക്കാനസഹ്യ, മയേ്യാ
പരിണാമമേ, ഹാ, ഭയങ്കരം നീ!
അപജയം, ചുറ്റുമൊരന്ധകാരം
അഖിലവും നാശം-അധ:പതനം!
സകലവും തീർന്നു, ഞാൻ മാത്രമായി
സകരുണം ഞാനും, ഹാ, യാത്രയായി.
എവിടെയ്ക്കാണെന്നോ?-സമസ്തവും ചെ-
ന്നെവിടെലയിപ്പ, തങ്ങോട്ടുതന്നെ! ....

                               -ജൂൺ 1935