ശ്രീതിലകം/പാപത്തിന്റെ പുഷ്പങ്ങൾ
പാപത്തിന്റെ പുഷ്പങ്ങൾ
മുക്തിമൊട്ടിട്ടൊരെൻ മുറ്റത്തണഞ്ഞു, നിൻ
രക്തക്കൊടിയുമായ് നിൽപ്പു പാപമേ!
ലോകം വിറച്ചു നിന്നാധിപത്യത്തിന്റെ
ഭീകരത്വത്തിൽ, ഭയന്നീല തീരെ ഞാൻ.
നിൻ തുറുകണ്ണിൽ നിന്നാളീപുറത്തേക്കു,
ചെന്തീപ്പടർപ്പിന്റെ ചഞ്ചല ജ്വാലകൾ
മണ്ണിലിതളറ്റു വീണു തെരുതെരെ
നിന്നാഗമത്തിൽ, കുളിരിളന്താരുകൾ,
വൃക്ഷങ്ങളാകെ കരിഞ്ഞു നിന്നുഗമാ-
മക്ഷിപാതത്തിൽത്തെറിച്ചുപോയ് കുന്നുകൾ!
വിശ്വം ശപിച്ചു, ഹാ, നിന്നെ-ഞാനോ, നിന്റെ
വിശ്വസ്തമിത്രമായ് നിൻ മുന്നിൽ നിൽപിതാ!
കെട്ടിപ്പിടിക്കട്ടെ നിന്നെ ഞാൻ പേർത്തു, മെ-
ന്നിഷ്ടസഖാവേ!മറന്നതെന്തെന്നെ നീ?
ലോകം വിറയ്ക്കുന്നു നിന്നെ നോക്കാൻപോലു-
മാകാതെ,-ഞാനിതാ ചുംബിപ്പു നിന്മുഖം!
പോര നിന്മദ്യം കുടിച്ചതെനിക്കു, നീ
പോരൂ തമസ്സിൻ പ്രിയദ സന്താനമേ!
എന്മനം നോവുന്നു-മിഥ്യയാണൊക്കെയും
നിന്മദ്യമൊന്നേ യഥാർത്ഥമെൻ ദൃഷ്ടിയിൽ.
പിന്നാലെ പാഞ്ഞിട്ടു കിട്ടാത്തൊരായിരം
പൊന്നിൻകിനാക്കളും രോമഹർഷങ്ങളും,
എന്നെത്തിരക്കി വരികയാണിങ്ങു, നീ-
യെന്നടുത്തേവം വിരുന്നിനണകയാൽ!
പോകായ്ക, പോകായ്ക, ശാശ്വതമാക്കട്ടെ
ലോകം കൊതിക്കുമീസ്വപ്നശതങ്ങൾ ഞാൻ!
ഭഗ്നാശതയിലടിഞ്ഞൊരെൻ മൗലിയിൽ
രത്നകോടീരമെടുത്തു ചൂടിപ്പു നീ.
കഷ്ടം, പ്രകൃതിതൻ കാൽക്കലടിമയായ്
കെട്ടിപ്പിടിച്ചിത്രനാളും കരഞ്ഞു ഞാൻ;
ആത്താനുകമ്പം കരാംഗുലി നീട്ടിയെ-
ന്നാത്മക്ഷതങ്ങളൊന്നൊപ്പിയുണക്കുവാൻ!
നിഷ്ഫലം-മൂഢൻ മനുഷ്യൻ!-പ്രകൃതിതൻ
നിർദ്ദയത്ത്വം കണ്ടു നൈരാശ്യമായി മേ.
ഞാൻ പകവീട്ടും!-വരൂ, നിനക്കെന്റെവെൺ-
ചാമ്പലിൽക്കൂടിച്ചിരിക്കാം-ജയിപ്പൂ നീ
നിൻ ചങ്കൊടിക്കു നിറപ്പകിട്ടേറ്റുവാൻ
നെഞ്ചിതിൽ ചെഞ്ചോര ബാക്കിയുണ്ടിപ്പൊഴും.
എന്നെ നീയേറ്റുവാങ്ങിക്കൂ-ജഗത്തിന്റെ
നിന്ദയെത്തീരെത്തൃണവൽഗണിപ്പൂ ഞാൻ!
നീയെന്റെ മിത്രം-നിനക്കു സാധിക്കുമെൻ
നീറും മനസ്സിലമൃതം തളിക്കുവാൻ!
പാപമേ, നീയെനിക്കേകുക, നിൻ കൈയിലെ-
പ്പാഷാണപുഷ്പങ്ങൾ, മാലകോർക്കട്ടെ ഞാൻ!
എന്നി, ട്ടതും ചാർത്തിനിന്നു, ലോകത്തോടു
ചൊന്നിടും നിൻ പേരി, ലെൻ നന്ദിവാക്കുകൾ.
"എല്ലാരുമെന്നെ വെടിഞ്ഞു നിശിതമാ-
മല്ലി, ലെന്നാലും തളർന്നു വീണില്ല ഞാൻ.
കണ്ടകം പാകീ വഴിക്കൊക്കെ, യെങ്കിലും
കൊണ്ടീലതിലൊന്നുപോലുമെൻ കാൽക്കളിൽ.
നിങ്ങളെക്കാളുമെളുപ്പം, സുഖമായി,
നിങ്ങളെത്തും മുൻപു ലക്ഷ്യത്തിലെത്തി ഞാൻ.
പോകട്ടെ ഞാനിനി, പ്പശ്ചാത്തപിക്കാത്ത
ലോകമേ, പാപം ജയിപ്പൂ!-വിജയി ഞാൻ!
ഒക്റ്റോബർ 1939