ശ്രീതിലകം/തപ്തസ്മൃതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

തപ്തസ്മൃതി

അപഹൃതാമോദമാകിലെ, ന്തോർമ്മയി-
ലലരുതിർക്കുന്നിതിന്നുമപ്പൂവനം.
ഭുവനഭാഗ്യങ്ങളസ്തമിച്ചെങ്കിലും
കവനസാന്ദ്രമാണിന്നുമെന്മാനസം.
കനകപത്രം വിടുർത്തി,യാമായിക-
ദിനശതങ്ങൾ പറന്നുപോയെങ്കിലും.
അണയുമാറുണ്ടിടയ്ക്കിടയ്ക്കിപ്പൊഴു-
മകലെനിന്നുമൊരവ്യക്തകൂജനം!

അവികലാവേശകോൽഫുല്ലകങ്ങളാം
നവവികാരങ്ങൽ ഞെട്ടടർന്നീടിലും,
പരിസരത്തെപ്പരിരംഭണങ്ങളാൽ
പരിചരിപ്പൂ പരിമളമിപ്പൊഴും!
നിഹതനല്ല മനുഷ്യൻ-സ്മൃതികൾതൻ
നിറമലർക്കാവധീനമായുള്ളവൻ!

മറവി മായ്ക്കിലും, മായാതെ നിൽപിതാ
മരതകോജ്ജ്വലമൈതാനമണ്ഡലം.
നഗരവാസി ഞാൻ കാണ്മിതെന്മുന്നിലാ
നഗവനങ്ങൾ നിറഞ്ഞ നാട്ടിൻ പുറം.

ഒഴുകിടുന്നിതെന്നാശപോൽ കുന്നിനെ-
ത്തഴുകിടും കുളിർനീരണിച്ചോലകൾ!
കളകളങ്ങളുതിർന്നുതിർന്നുന്മദ-
പ്പുളകിതങ്ങളാം മാമരത്തോപ്പുകൾ.
വിവിധചിത്രപതംഗകാശ്ലേഷിത-
വിവശകൾ, പുഷ്പിതാലോലവല്ലികൾ!
അനുപമോത്തമഗാമമേ, ഹന്ത, നി-
ന്നരികിലേക്കു കുതിക്കുന്നു മന്മനം!

അവിടെ, യപ്പുഴവക്കത്തു, പൂനിലാ-
വൊഴുകുമോരോ ശിശിരനിശകളിൽ
സിതമനോഹരച്ഛായയൊന്നിപ്പൊഴും
പതിവായ് വന്നലഞ്ഞീടുമാറില്ലയോ?

പരിസരങ്ങളിൽസ്സപ്തപർണ്ണോദിത-
പരിമളമിളങ്കാറ്റിൽത്തുളുമ്പവേ,
അവിടമാകെ, യൊരേകാഗശാന്തിയാ-
ലവിഭജിതമൗനാങ്കിതമാകവേ.
തരുനിരകൾതൻ നീലനിഴലുകൾ
തഴുകിടുമത്തടിനീതടങ്ങളിൽ,
അലതുളുമ്പുമാറില്ലയോ പാതിര-
യ്ക്കവിടെനിന്നുമൊരവ്യക്തഗദ്ഗദം!
അരനിമിഷമതോർക്കുമ്പൊഴിപ്പൊഴു-
മരുതെനിക്കെന്റെ കണ്ണുകളടക്കുവാൻ!

കരുതീ ശൈശവത്തിങ്ക,ലെൻ യൗവനം
കനകകാന്തികലർന്നതാണെന്നു ഞാൻ.
അനുനിമേഷകം പ്രാർത്ഥിച്ചു ഞാനതിൻ
പ്രണയദീപ്തമാം ദിവ്യാഗമോത്സവം.
അനുശയത്തിനധീനനായിന്നിതാ
മനമുരുകി ഞാൻ കേഴുന്നു നിഷ്ഫലം,
പുകളുമുന്നതവിദ്യയും വിത്തവും
പുണരുവാൻ നിൽക്കുമിപ്പുതുജീവിതം
മതിമതി,യെനിക്കാവശ്യമില്ലയീ
മണിമയോജ്ജ്വലമേടയും മോടിയും!
തിരികെയൊന്നിനിച്ചെന്നുചേർന്നെങ്കി,ലെൻ
തിരികൊളുത്താത്ത പുല്ലുമാടത്തിൽ ഞാൻ!
അതിനകത്തിരുൾ മാത്രമാണെങ്കിലെ-
ന്തവിടെയാണെന്റെ തങ്കക്കിനാവുകൾ!
ഇവിടെ,യെൻചുറ്റു,മീവിദ്യുതാഭയി-
ലിളകിടുന്നതോ രക്തരക്ഷസ്സുകൾ!
കുസുമതൽപമു, ണ്ടില്ലിങ്ങുറക്ക;മ-
ക്കുടിലിനുള്ളിലെ വയ്ക്കോല്വിരിപ്പിലോ,
സുരഭിലസ്വപ്നസാന്ദ്രമാം സുന്ദര-
സുഖസുഷുപ്തിതൻ സായൂജ്യസംഗമം!
മതിയെനിക്കിനിപ്പോകട്ടെ വീണ്ടുമെൻ
മഹിമതീണ്ടാത്ത മൺകുടിലിങ്കൽ ഞാൻ!

കഴിവതെന്തിനി,പ്പൊട്ടില്ലൊരിക്കലും
കഴലിലേന്തുമിച്ചങ്ങലച്ചുറ്റുകൾ.
അകലെ, നീലവിശാലഗഗനവും
അടവികളണിക്കുന്നു, മലകളും,
വെറുതെയോർത്തോർത്തു കാഞ്ചനക്കൂട്ടിലായ്
ചിറകടിക്കും പതത്രിപോലാണു ഞാൻ!
കവിയുമുല്ലാസവായ്പി,ലെൻ മുന്നില-
ക്കവിത കാണിച്ചകാല്യപ്രകാശമേ!
വരികയില്ലിനി നീയു,മെൻ ജീവനിൽ-
പ്പരിമളമ്പെയ്തകന്ന പൂക്കാലമേ!

നിയതമെന്നെപ്പിരിയാതെ നിന്നിതെൻ
നിഴലുപോ,ലെൻ കളിത്തോഴിയായി നീ!
ദിനശതങ്ങൾതൻ കോവണിത്തട്ടുകൾ
ജനിതഗർവ്വം ചവുട്ടിക്കുതിച്ചു ഞാൻ,
നവനവോൽക്കർഷമണ്ഡലത്തിങ്കലേ-
ക്കവസരോചിതം നിഷ്ക്രമിച്ചീടവേ,
അടിയിലാലംബമറ്റുനിന്നന്നുനീ
കുടുകുടെപ്പെയ്ത കണ്ണീർക്കണികകൾ,
ഒരു ഞൊടിയൊന്നു നോക്കുവാനെങ്കിലും
ഭരിതഗർവ്വൻ, തലതിരിച്ചില്ല ഞാൻ.
ഇവിടെയിത്തുംഗസോപാനമേറി ഞാ-
നവശനായ് നിന്നു കീഴോട്ടു നോക്കവേ,
സകലവും ശൂന്യ,മില്ല നീ,-യെന്മനം
തകരുമാറെന്നെ വിട്ടെങ്ങൊളിച്ചു നീ?
അവിടെ നീ നിന്ന മണ്ണിൽപ്പതിഞ്ഞൊര-
പ്പവിഴരേഖകൾ, നിൻ പാദ മുദ്രകൾ,
ഇവിടെനിന്നു ഞാൻ കാൺമു, നിന്നശ്രുവാ-
ലവിടമാകെക്കുതിർന്നുപോയെങ്കിലും!
പ്രണയപൂർവ്വമവയെത്തഴുകുവാൻ
വ്രണിതമെന്മനം വെമ്പിക്കുതിക്കയാം!

അനുശയത്തിനുമർത്ഥമി,ല്ലെന്മന-
സ്സനുവദിപ്പീലഹങ്കരിച്ചീടുവാൻ!
മറവിമാത്രം, ജയിക്കുന്നു ഭൂമിയിൽ!
അതിനഗാധമാം ഗർത്തമുണ്ടൊ,ന്നതി-
ലടിയണമേതൊരദ്ഭുതസിദ്ധിയും.
പ്രതിവിധിയില്ലതിനു, നാമൊന്നുപോൽ
പ്രതിനിമേഷം മറക്കപ്പെടുന്നവർ!
ഒടുവിലോളമെനിക്കുനിന്നോർമ്മയി-
ലടയിരിക്കുവാനെങ്കിലുമൊക്കുകിൽ.
ഇനിയൊരിക്കലും നിൻ ദുരന്തത്തെയോ-
ർത്തനുചിതാർത്തിക്കധീനനാവില്ല ഞാൻ!

                               -മാർച്ച് 1942.

"https://ml.wikisource.org/w/index.php?title=ശ്രീതിലകം/തപ്തസ്മൃതി&oldid=52532" എന്ന താളിൽനിന്ന് ശേഖരിച്ചത്