Jump to content

ശ്രീതിലകം/ആത്മഖേദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

    ആത്മഖേദം

അന്നത്തെദ്ദിനത്തിന്റെയന്ത്യനിശ്വാസം കേട്ടി-
ട്ടന്തരമണുപോലും കണ്ടീല ഞാനീമണ്ണിൽ.
ചരമാബ്ധിയിൽ താണ വാസരേശനുവേണ്ടി-
ക്കരയാനുണ്ടായീല കൊച്ചുപുൽക്കൊടിപോലും.
മാമല മാറ്റീലതിൻമൂകത; നീരാഴിതൻ
ഭീമഗർജ്ജനഘോഷമൽപവുമടങ്ങീല.
പ്രേമപാത്രത്തെത്തേടിയങ്ങിങ്ങായലഞ്ഞിതാ
മാമരക്കാവുതോറും മന്ദനാം മണിത്തെന്നൽ.
ശ്യാമനീലാഭാംബരത്താമരത്തടാകത്തിൽ
പൂമൊട്ടു മന്ദംമന്ദമോരോന്നായ് വികസിച്ചു.
തെളിഞ്ഞൂ ശശിലേഖ, യെങ്കിലു, മെന്നുൾത്താരിൽ
കിളർന്നീലൊരു കൊച്ചു കൗമുദീനാളം പോലും!

വിജനശ്മശാനത്തിന്വിരിമാറിടം, രാഗ-
ഭജനത്തിനായെനിക്കവശേഷിപ്പൂ, മൂകം.
തരുണാരുണൻ വീണ്ടുമെത്തിടാം - പക്ഷേ,യെനി-
ക്കൊരുതീരാത്ത കൊടും രാത്രി മാത്രമേയുള്ളു;
ആറടിപ്പൊടിമണ്ണിലെന്നാശാലതയിപ്പോ-
ളാഴക്കു വെൺചാമ്പലായ് വീണടിഞ്ഞിരിക്കണം.
സത്യസൗന്ദര്യത്തിന്റെ നാമ്പിലൊന്നിന്നേവരെ
നിത്യതപ്പൂങ്കാവിങ്കൽനിന്നു ഞാനറുത്തീല.
ഒരു വാർമഴവില്ലിലെന്റെ സൗഭാഗ്യാസവം
ചൊരിയാനൊരുമ്പെട്ടൊരീശ്വരൻ, ജയിക്കട്ടെ!

വസുധാംഗനയാൾതൻ താരുണ്യം, വർഷന്തോറും
വസന്താഗമത്തിങ്കൽ നൂതനമായേതീരൂ.
അംബരാരാമത്തിങ്കലമ്പിളിക്കുരുന്നുക-
ണ്ടംബുധിരോമാഞ്ചമാർന്നാനന്ദനൃത്തംചെയ്യും.
വിണ്ടലം വിളർക്കുമ്പോൾ തണ്ടലർ വിടർന്നീടും
വണ്ടു പാടീടുംനേരം ചെണ്ടു പുഞ്ചിരിക്കൊള്ളും.
നിത്യശാന്തിയിലെല്ലാം ലാലസിക്കുമ്പോളെന്റെ
തപ്തബാഷ്പാംബുമാത്രം വറ്റിടാതൊഴുകിപ്പോം!
സർവ്വവും സന്തോഷത്താൽ കോൾമയിർക്കൊള്ളുമ്പോൾ ഞാൻ
ദുർവ്വിധിപ്പുകക്കാട്ടിൽ വീർപ്പുമുട്ടണംപോലും!

മരവിപ്പിച്ചീലെത്ര വാചാലജിഹ്വാഞ്ചലം
മരണം, മന്ദ്രം മന്ത്രിച്ചീടുന്ന മായാമന്ത്രം!
ഒരുകാറ്റടിക്കുമ്പോളെത്ര വെണ്മലരുകൾ
വിറകൊണ്ടിതളറ്റുവീഴുകില്ലയേ്യാ, മണ്ണിൽ!
എത്രയോമിന്നൽക്കൊടിയിന്നോളം മറഞ്ഞതി-
ല്ലെത്രനീർക്കുമിളകൾ കിളർന്നുതകർന്നീല!
പ്രേമസൗരഭ്യംവാർന്ന തപ്തനിശ്വാസം കഷ്ടം
തൂമണിക്കുളിർകാറ്റിലെത്ര ചേർന്നലിഞ്ഞീല!
ഉത്തരം പറയാത്ത കാലത്തോടവയെല്ലാം
വ്യർത്ഥമായ് ചോദിക്കുവതെന്തിനെൻ ഹൃദയമേ?
നിത്യശക്തിതന്നോരോ ലീലാഭേദങ്ങൾതാനീ-
ച്ചിത്രങ്ങൾ വീണ്ടും വീണ്ടും മായ്ക്കലും വരയ്ക്കലും!
ഇക്കൊടുംചുടുകാട്ടിൻ വരണ്ട മണ്ണിൽത്തന്നെ-
പുക്കുവിശ്രമിക്കുകെൻ കണ്ണുനീർക്കണങ്ങളെ!
മായലു, തെളിയലാ, ണല്ലെങ്കിൽ, പണ്ടേതന്നെ
'മായ'യെന്നൊരു പദം മാനുഷൻ മറന്നേനേ!...

                               -ഏപ്രിൽ 1933

"https://ml.wikisource.org/w/index.php?title=ശ്രീതിലകം/ആത്മഖേദം&oldid=52530" എന്ന താളിൽനിന്ന് ശേഖരിച്ചത്