ശ്മശാനത്തിലെ തുളസി/സഹതപിക്കുന്നു ഞാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ജീവിതപ്പൂവിലഴകും സുഗന്ധവും
താവിത്തുളുമ്പാനിടയ്ക്കെനിക്കേകി നീ,
സായൂജ്യരേഖകൾ വീശി നീ നീളെ നിൻ
സാഹചര്യത്തിനാലെൻ വഴിത്താരയിൽ.
നിഷ്കളങ്കാർദ്രസ്മിതവുമായ്, കൈകൂപ്പി
നിൽക്കുന്നുനിന്മുന്നി, ലെന്നന്ദിയിപ്പൊഴും!
പോകിലും ഞാൻ വെറും കണ്ണുനീർത്തുള്ളിയൊ-
ന്നേകുമോ നീ, യിക്കൃതജ്ഞതയ്ക്കെങ്കിലും?

ലോകസാധാരണം വിസ്മൃതി, സൗഹൃദം
ശോകാസ്പദം;-ഹാ, ചതിച്ചില്ല നിന്നെ ഞാൻ!
ആകയാൽ മാപ്പുചോദിക്കേണ്ടതില്ലെനി-
യ്ക്കാകണ്ഠമസ്സുധയാസ്വദിച്ചെങ്കിലും!
വിണ്ണിൽനിന്നിറ്റിറ്റുവീഴുന്ന നീഹാര-
ബിന്ദുക്കൾപോലെന്റെ ജീവിതവേദിയിൽ
ചിന്തകൾ വർണ്ണം പിടിപ്പിച്ചു പെയ്തു നീ
സന്തതം, നാനാനവോന്മദപൂർത്തികൾ!
എന്തതിലത്ഭുതമസ്വപ്നരംഗത്തി-
ലന്തരാ തെല്ലൊന്നഹങ്കരിച്ചെങ്കിൽ ഞാൻ?

പിന്നെയും പിന്നെയും വേലിയേറ്റത്തിലെ-
പ്പൊന്നൊളിക്കുഞ്ഞലച്ചാർത്തുകള്മാതിരി;
വന്നുചേരുന്നു മറഞ്ഞ ദിനങ്ങളെൻ-
മുന്നിലില്ലങ്ങോട്ടു നോക്കില്ല മേലിൽ ഞാൻ!
ഞെട്ടറ്റപൂക്കളെച്ചിന്തിച്ചുചിന്തിച്ചു
പൊട്ടിക്കരയാൻ തുനിയില്ല കോകിലം.
എന്നാലുമയ്യോ വിഷാദം ക്ഷണിക്കാതെ
വന്നു കേറുന്നു, കെടുന്നു ദീപാങ്കുരം.
തപ്പിത്തടഞ്ഞീയിരുട്ടത്തു പോകിലും
കെൽപറ്റു കാൽ തെറ്റി വീണുപോകില്ല ഞാൻ!

ലുബ്ധല്പമല്ല നിയതിക്കൊരാനന്ദ-
ലബ്ധിയുമെത്തിക്കുകില്ലതു പൂർത്തിയിൽ-
ഏതുപീയൂഷമാണെങ്കിലുമാരെയു-
മേറെ സ്വദിപ്പിക്കുകില്ലതീയൂഴിയിൽ!
എന്തസൂയാലു-തരില കൈ നീട്ടേണ്ട
നൊന്തിടുന്നൊരീമനസ്സു നിനക്കായി
വേണമെനിക്കത, സ്പന്ദങ്ങളെക്കൊണ്ടു
വീണവായിപ്പിച്ചിരുന്നു രസിക്കുവാൻ!
വേദനിക്കേണമതെപ്പൊഴു, മല്ലെങ്കി-
ലാദരിച്ചീടുകില്ലത്രമേൽ നിന്നെ ഞാൻ!

താരുണ്യലക്ഷ്മിക്കു താണ്ഡവമാടുവാൻ
താളംപിടിച്ചു നിൻ താരാട്ടിനൊത്തു ഞാൻ!
ആകർഷകങ്ങളായ്‌ത്തീർന്നൊരാ രംഗങ്ങ-
ളാകില്ലിനിത്തീരെ വിസ്മരിച്ചീടുവാൻ.
സങ്കൽപമൊക്കെപ്പൊതിഞ്ഞിതന്നായിരം
തങ്കക്കിനാവിൻ തണുത്തനിഴലുകൾ!
മോഹങ്ങളോരോന്നു മൊട്ടിട്ടുമൊട്ടിട്ടു
മോഹനോന്മാദപരിമളം വീശവേ;
സ്നേഹിച്ചുപോയ് നാം പരസ്പരമിന്നതു
സാഹസമായിക്കരുതുന്നു ലോകവും!
നീ വിഷാദിക്കേണ്ടനുപമേ, വാടാത്ത
നീരലരല്ല മനുഷ്യന്റെ ജീവിതം!
ആഴക്കു ചാമ്പലാണെല്ലാം!-അഴകറ്റു
വീഴും പുഴുക്കുത്തതിൻ ദളപാളിയിൽ!
പോകൂ, കരയാതെ പോകൂ, തണുത്ത നി-
ന്നേകാന്തതയിലേക്കെല്ലാം സഹിച്ചു നീ!
എങ്ങുമില്ലാർക്കും വിജയം!-വിജയമെ-
ന്നെണ്ണുന്നതെല്ലാം വെറുംവെറും വിഭ്രമം!
ഓങ്ങിടും ഖഡ്ഗം സ്വകണ്ഡത്തിലാപതി-
ച്ചേങ്ങിക്കിതച്ചു പതിക്കുന്നു ഘാതകൻ!
മുന്നിൽ വലവെച്ച വേട, നറിയാതെ
വന്നതിത്തന്നെ കുടുങ്ങുന്നവേളയിൽ;
ആകാശവീഥിയിലേക്കു പറക്കുന്നി-
താഹാരവും കൊക്കിലാക്കിപ്പതത്രികൾ!
കാണുന്ന ലോകമേ, കാണുന്നതല, നീ
കാണാൻ കഴിയില്ല നിന്നെ നീയായിനി!...

ഞാനൊന്നുകൊണ്ടും നിരാശനാവില്ലെന്തി-
നാണീ വിഫലപ്രയത്നം പ്രപഞ്ചമേ?
എന്നെച്ചവിട്ടി നീ താഴ്ത്തുമ്പൊഴൊക്കെയും
നിന്നിലും മീതെ ശിരസ്സു പൊക്കുന്നു ഞാൻ!
ഇത്ര കണ്ടിട്ടും മനസ്സിലായില്ലയോ
കഷ്ടം, ജഗത്തേ, സഹതപിക്കുന്നു ഞാൻ!