ശ്മശാനത്തിലെ തുളസി/മരണത്തിന്റെ മറവിൽ
അകളങ്കസ്നേഹത്തിൻ തൂമരന്ദ-
മകതാരിലാശു തുളുമ്പിനിൽക്കേ,
അനഘേ, നിൻ ധ്യാനത്തിൽ മഗ്നനായ് ഞാ-
നനവദ്യാനന്ദം നുകർന്നിരുന്നു.
അതുമമ ജീവിതവാടികതൻ
മധുമാസകാലങ്ങളായിരുന്നു-
ഒരുഞൊടിക്കുള്ളിലെൻ ഭാഗ്യതാര-
മിരുളിലെവിടെയോ പോയൊളിച്ചു.
മുകുളങ്ങളെല്ലാം വിടർന്നു വീണു
പികപാളി മാന്തോപ്പു വിസ്മരിച്ചു.
കരിമുകിൽ മാല പരന്നവാനിൽ
കതിരോന്റെ ചെങ്കതിർ തേഞ്ഞുമാഞ്ഞു.
ഇതുവരെക്കമ്രമായ്ക്കണ്ടു ലോകം
ഹതഭാഗ്യമ്മൂലമിരുണ്ടടിഞ്ഞു!
സ്വയനാശിയാകും നിയതിക്കുള്ള
കയമൊന്നുകൂടിക്കലങ്ങിപ്പൊങ്ങി.
ദ്യുതിയാളുമെത്രയോ നീർപ്പോളക-
ളതിനുള്ളിൽ പൊട്ടിത്തകർന്നിരിക്കാം.
അവസരമില്ലാത്ത 'കാല' ത്തിനി-
ന്നവയല്ലാം നോക്കിയിട്ടെന്തു കാര്യം?
ഒരു പിഞ്ചുചിത്തമുടങ്ങുവെങ്കിൽ
കരയുന്നതെന്തിനു യോകഗോളം?
അതിനേക്കാൾ മീതെയായെത്ര കാര്യ-
മതിനുണ്ടനുദിനം ചെയ്തുതീർക്കാൻ?
ചൊരിമണൽ തൃഷ്ണയ്ക്കൊരങ്കുശമായ്
ചൊരിയുകയാണെന്റെ കണ്ണുനീർ ഞാൻ.
ഗിരിനിരക്കോട്ടതൻ തുഞ്ചിൽനിന്നു
സുരപഥം ചുംബിക്കും വൻതരുവും
ഒരു ഫലമില്ലാത്ത കാട്ടുതാളിൻ
നറുകൂമ്പിൽത്തത്തും ജലകണവും
ഒരുപോലടിച്ചു നിലത്തു വീഴ്ത്തും
കരപുടം ചിത്രം പരം വിചിത്രം.
ഒരു ഭാഗം ലോലമാം ബാലിശത്വം
പര, മഹോ, പാരമ്യപാടവത്വം.
ഇവരണ്ടിൻ മദ്ധ്യത്തിലെത്രനേരം
സവിലാസസ്വപ്നം സമുല്ലസിക്കും?
വിവശമെൻ ചിത്തം വിശിഷ്ടചിത്രം
വിരചിച്ചതെല്ലാം വിഫലമായി.
അഴകേറും വാനിൽ ഞാനാഭകൂട്ടാൻ
മഴവില്ലിനേറെനാൾ നിന്നുകൂടേ?
പരിമളപൂരം പകർന്നുകൊൾവാൻ
വിരിമലരെന്നെന്നും മിന്നിക്കൂടേ?
ശരി, ശരി, ശൂന്യതയില്ലെങ്കിൽ
പരിപൂർത്തിയെന്താണെന്നാരറിയും?
ഇരുളെന്നൊന്നില്ലായ്കിൽ പൂനിലാവിൻ
തെളിമയറിഞ്ഞീടാൻ സാദ്ധ്യമാണോ?
നിലയറ്റെൻ നിശ്വാസം നീണ്ടു നീണ്ടു
നിയതിതന്നാഴമളന്നൊടുവിൽ
ഒരു രാഗനാളമായ് നിന്നടുക്കൽ
വരുവോളം കാക്കുവേനോമലേ ഞാൻ!...