ശ്മശാനത്തിലെ തുളസി/പൂക്കളം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

സുപ്രഭാതത്തിന്റെ സുസ്മിതത്തിൽ-
പ്പൊൽപ്പനീർപ്പൂക്കൾ വിരിഞ്ഞിടുമ്പോൾ,
ആനന്ദസ്വപ്നങ്ങൾ പുൽകുമെന്നെ-
യാരോമൽപ്പൈതൽ വിളിച്ചുണർത്തി.
അപ്പിഞ്ചു ചുണ്ടിലാത്മോത്സവത്തിൻ
സ്വപ്നം ഗസിച്ചു വിടർന്നു നിന്നു.
അപ്പനിനീരലർത്തൂമുഖമെ-
ന്നക്ഷിക്കുമുത്സവമായിരുന്നു.
മഞ്ജുളപുഷ്പങ്ങളുല്ലസിക്കും
മഞ്ജുഷയൊന്നുണ്ടക്കൈത്തളിരിൽ.
അന്നെന്നെപ്പുൽകിയ കാവ്യലക്ഷ്മി-
യെന്നെന്നും മന്നിതിൽ മിന്നിയെങ്കിൽ!

വാരൊളിവെൺകതിർമാല ചിന്നി
വാനിൻ ഹൃദയം തെളിഞ്ഞു മിന്നി.
നീരണിച്ചോലകൾ പാട്ടുപാടി,
നീളെപ്പൂവല്ലികൾ നൃത്തമാടി.
പുൽക്കൊടിപോലും ശിരസ്സുപൊക്കി-
പ്പുത്തൻ പ്രപഞ്ചത്തെ യെത്തിനോക്കി.
ആനന്ദപുഞ്ചിരി തൂകിത്തൂകി
മാനുഷഹൃത്തിലുണർച്ച പാകി,
മാവേലിമാഹാത്മ്യം പാടിപ്പാടി
മാകന്ദമഞ്ജരി തേടിത്തേടി,
പാറിപ്പികങ്ങൾ പറന്നു ചാലേ
പാടുമാനന്ദങ്ങളെന്നപോലെ!
പൂഞ്ചിറകാട്ടിശ്ശലഭവൃന്ദം
പൂരിതാനന്ദം പറന്നുമന്ദം
മാരിയേറ്റേറ്റു വിറച്ചലോകം
മാറിത്തെളിഞ്ഞു രചിച്ചു നാകം
പച്ചപ്പുൽപ്പട്ടാലലങ്കരിച്ചു
കൊച്ചാറ്റുവക്കുകളുല്ലസിച്ചു.
മഞ്ജുമുകുളമുഖങ്ങൾതോറും
മന്ദസ്മിതാംശുക്കളങ്കുരിച്ചു
വെള്ളാമ്പൽ വീണ്ടും വയലുതോറും
തുള്ളിക്കളിക്കയായ്ത്തുമ്പിപോലും.
കറ്റകളെങ്ങും മെതിച്ചു തീർന്നു
ചിറ്റാടപൂത്തു മണം പരന്നു.
പിച്ചകപ്പൂത്തോപ്പിൽ പിച്ചവെച്ചു
കൊച്ചുകാറ്റങ്ങിങ്ങു സഞ്ചരിച്ചു.
സന്തതം മർത്ത്യനെ തൃപ്തനാക്ക-
നെന്തെല്ലാം വിശ്വപ്രകൃതി ചെയ്വൂ!

അത്തമാണത്തമാണദ്ദിനത്തി-
ലത്തലിങ്ങാലയം വിട്ടുപോണം
പത്തുനാളേവർക്കും ചിത്തതാരിൽ
മുത്തണിയിക്കുന്നൊരോണമെത്തി!

മുക്കുറ്റി, മന്ദാരം, ചെങ്കുറിഞ്ഞി
മറ്റും പലതരപുഷ്പജാലം
പച്ചിലക്കുമ്പിളിലാക്കിപ്പിന്നെ!
കൊച്ചുവിളക്കുകൊളുത്തി മുന്നിൽ,
മുറ്റത്തു നിർമ്മിച്ച പൂക്കളത്തിൽ,
കറ്റക്കിടാവിട്ടു കൈകൾ കൂപ്പി,
മാവേലിവന്നെത്താനാത്തമോദം
കൂവിത്തുടങ്ങുകയായി ബാലൻ,
വെൽക നീ ബാല്യമേ, യൗവനത്തിൻ
കൈകൾ നിൻ കണ്ണുപൊത്താതിരിക്കിൽ!....

മാവേലിവന്നെത്തും കാലമായി
പൂവേണിമാർക്കു കുതുകമായി.
ഖേലനലോലരായ് ബാലരെല്ലാം
കോലാഹലങ്ങൾ തുടങ്ങി നീളെ.
പൊയ്പ്പോയകാലത്തിൻ പുഞ്ചിരിയി-
ലൽപ്പമിന്നും ബാക്കി നിൽപതല്ലീ?
മന്നിനെപ്പുൽകിയുണർത്തിടുമി-
പ്പൊന്നോണനാളിൻ പുതുവിലാസം!
ഭൂതത്തോടൊത്ത നിൻ ഭൂതിയേറെ-
ഭൂതലം വിട്ടെങ്ങോ പാഞ്ഞൊളിച്ചു.

ഇത്തരം മുറ്റത്തെപ്പൂക്കളങ്ങൾ
ചിത്തത്തിലായിരം ചിന്ത ചേർപ്പൂ.
പണ്ടത്തെ വീരന്മാർ കേരളീയർ
കൊണ്ടാടിപ്പോന്നുള്ളോരോണനാളേ!
തല്ലിൽ ജയിക്കും തരുണരൊത്തു
വില്ലടിപ്പാട്ടു നടത്തും നാളേ!
ഇപ്പരിഷ്കാരകോലാഹലത്തിൽ
നിഷ്ഫലം തന്നെ നിൻ വേണുഗാനം!
മാവേലി വന്നെത്തുമോണനാളേ,
ഭൂവിൽ നീ നീണാൾ ജയിക്ക ചാലേ!