ശിവപുരാണം/ശനിപ്രദോഷമാഹാത്മ്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
  • സാരമാം കഥാമൃതമിനിയും ചൊല്ലീടുന്നേൻ
  • ഘോരമാമഘാമയം നീങ്ങുവാൻ മഹൌഷധം
  • ജീവനും ശരീരവും ചിത്തവും കരുണവും
  • ഭാവവും കർമ്മങ്ങളും ദുഃഖവും സുഖങ്ങളും
  • ധർമ്മവുമധർമ്മവും പുത്രമിത്രാദികളും
  • ധർമ്മവും സമസ്തവും ശർവ്വനെന്നറിഞ്ഞാലും
  • ഹോമതർപ്പണം ജപദ്ധ്യാനമെന്നിവയെല്ലാം
  • വാമദേവനെക്കുറിച്ചാസ്ഥയാ ചെയ്യുന്നാകിൽ
  • സീമയില്ലതിൻ ഫലം മാമുനിശ്രേഷ്ഠന്മാരേ!
  • സോമശേഖരൻ കാമദായകൻ സദാ നൃണാം!
  • ശൂദ്രനും ചണ്ഡാലനും മൂകനും മുക്തന്മാർക്കും
  • രുദ്രസേവയാ ഗതി സംഭവിച്ചീടും നൂനം
  • ഇന്നജാതിയെന്നില്ല ശംഭുസേവനം ചെയ്കി-
  • ലുന്നതി ലഭിച്ചുടൻ മോക്ഷവും പ്രാപിച്ചീടും
  • എങ്കിലോ മഹാകാളക്ഷേത്രവാസിയാം മഹാ-
  • ശങ്കരൻ തന്റെ ഭക്തൻ ചന്ദ്രസേനനാം നൃപൻ
  • ഉജ്ജയിന്നാഖ്യേ പുരേ വാണിതു യഥാസുഖം
  • ദിഗ്‌ജയം ചെയ്തു മഹായാഗങ്ങൾ പല ചെയ്തു
  • അർത്ഥികൾക്കസംഖ്യമാമർത്ഥദാനവും ചെയ്തു
  • പാർത്ഥിവൻ കൃതാർത്ഥനായ് മേവുന്ന കാലത്തിങ്കൽ
  • മാണിഭദ്രനെന്നുള്ള ദേവപാർഷദശ്രേഷ്ഠൻ
  • ക്ഷോണിപന്നൊരു ചിന്താമണിയും ദാനം ചെയ്തു.
  • ദിവ്യമാം ചിന്താമണി മേടിച്ചൂ നരേന്ദ്രനും
  • ദ്രവ്യസമ്പന്നൻ മഹാഭാഗ്യവാൻ വിളങ്ങിനാൻ
  • അച്ഛിന്നപ്രകാശംകൊണ്ടർക്കതുല്യമാം മണി
  • ഇച്ഛിച്ച വസ്തുക്കളെത്തൽക്ഷണം ദാനം ചെയ്യും
  • ദുഷ്ടമെങ്കിലും ശ്രുതമെങ്കിലും ധ്യാനിക്കിലും
  • ഇഷ്ടമൊക്കെയും നൽകും ദിവ്യമാം ചിന്താരത്നം
  • ഉല്ലസന്മണിയുടെ തേജസ്സു തട്ടുന്നേരം
  • കല്ലുകൾ സുവർണ്ണമാം; കാടുകൾ കല്പദ്രുമം;
  • മന്നിടം തന്നിൽ സാരദിവ്യമാം ചിന്താരത്നം
  • തന്നുടെ ഗളം തന്നിലണിഞ്ഞു ചന്ദ്രസേനൻ
  • ചന്ദ്രനെ ധരിക്കുന്ന മന്ദരാചലം പോലെ
  • ചന്ദ്രസേനനാം നൃപനേറ്റവും പ്രകാശിച്ചു.
  • എട്ടു ദിക്കിലുമുള്ള ഭൂമിപാലന്മാരെല്ലാം
  • കേട്ടിതു ചിന്താമണിപ്രാഭവം മഹാത്ഭുതം
  • ഒട്ടുമേസഹിച്ചീല മന്നവർക്കസൂയയാ
  • കിട്ടുമെന്നോർത്തു ചിലർ വന്നു യാചനം ചെയ്താർ;
  • കൊള്ളുവാൻ ചിലർ വന്നു ചോദിച്ചു തുടങ്ങിനാർ
  • കള്ളന്മാർ ചിലർ വന്നു മോഷ്ടിപ്പാനൊരുമ്പെട്ടാർ
  • രണ്ടു മാസത്തിനുള്ളിൽ കൊണ്ടന്നു ബോധിപ്പിക്കാം
  • രണ്ടുവാക്കെനിക്കില്ല തന്നാലുമെന്നു ചിലർ
  • ലോഭമോഹിതന്മാരാം ഭൂപതിമാർക്കു നൃപൻ
  • ശോഭനചിന്താരത്നമാർക്കുമേ കൊടുത്തീല
  • ലജ്ജയും ലഘുത്വവും ക്രോധവും കലർന്നുടൻ
  • ദുർജ്ജനങ്ങളാം നൃപന്മാരുടെ സമൂഹങ്ങൾ
  • ഒക്കവേ പരിഭവിച്ചങ്ങവർ പുറപ്പെട്ടു
  • ദിക്കുകൾ മുഴങ്ങുന്ന വാദ്യഘോഷങ്ങളോടും.
  • ആനകൾ കുതിരകൾ തേരുകൾ കാലാളുകൾ
  • സൈനികം ചതുർവിധം സംഭൃതമാക്കീടിനാർ
  • ഉജ്ജയിന്യാധീശന്റെ രാജ്യത്തെത്തകർത്തുകൊ-
  • ണ്ടിജ്ജനം ജയിച്ചുടൻ രത്നവും പറിക്കണം.
  • പോരിനു നടക്കെടോ! പാരിലെ പ്രജകളേ!
  • സാരമാം ചിന്താരത്നം കൈക്കലാക്കണം ജവാൽ
  • ഇങ്ങനെ പറഞ്ഞുവച്ചായുധങ്ങളുമെടു-
  • ത്തങ്ങു ചെന്നുജ്ജയിനീമന്ദിരം വിരോധിച്ചാർ.
  • രാജസംഘങ്ങൾ വന്നു പോരിനു തുനിഞ്ഞുടൻ
  • രാജധാനിയെച്ചുഴന്നൊക്കവേ പരന്നപ്പോൾ
  • രാജപുംഗവൻ ചന്ദ്രസേനനും പുറപ്പെട്ടു
  • രാജശേഖരൻ മഹാകാളനെസ്സേവ ചെയ്തു
  • സ്നാനശുദ്ധനായ് നൃപൻ ഭക്തിമാനനാതുരൻ
  • മാനസം മഹേശ്വരന്ത്തന്നിലങ്ങുറപ്പിച്ചു
  • ധൂപദീപങ്ങൾ കൊണ്ടു പൂജയും നിവേദ്യവും
  • ലോപമെന്നിയേ ജപധ്യാനവും ഹോമങ്ങളും
  • മാലകൾ വിളക്കുകൾ ശ്രീബലി പ്രദക്ഷിണം
  • നീലലോഹിതപ്രസാദാർത്ഥമായ് തുടങ്ങിനാൻ.
  • അപ്പൊഴുതൊരു ഗോപി ദേവനെക്കാണ്മതിന്നായ്
  • തല്പദം പ്രവേശിച്ചു വണങ്ങി നിന്നീടിനാൾ
  • അഞ്ചുവത്സരം വയസ്സുള്ളൊരു കുമാരനെ
  • ചഞ്ചലാക്ഷിയാമവൾ തട്ടിക്കൊണ്ടൊക്കത്തന്നു
  • ദേവന്റെ തിരുമുമ്പിൽ ചെന്നുടൻ വന്ദിപിച്ചു
  • സാവധാനയായ് നിന്നു ദേവന്റെ പൂജ കണ്ടാൾ
  • പിന്നെയും തൊഴുതവൾ തീർത്ഥവും വാങ്ങിക്കൊണ്ടു
  • തന്നുടെ വീട്ടിൽ ചെന്നു ഗോക്കളെക്കറന്നുടൻ
  • ക്ഷീരവും മോരും കൊണ്ടുനടന്നു വിറ്റുതിന്നു
  • പാരാതെ നെല്ലും കുത്തിക്കഞ്ഞിയും വച്ചീടിനാൾ
  • പുത്രനന്നേരം കളിക്കൊട്ടിലിലിരുന്നുടൻ
  • തത്ര നല്ലൊരു കല്ലും കൊണ്ടന്നു പ്രതിഷ്ഠിച്ചു
  • പത്രങ്ങൾ കൊണ്ടു കളിപൂജകൾ തുടങ്ങിനാൻ
  • എത്രയും ഭക്ത്യാ പൂഴിച്ചോർ കൊണ്ടു നിവേദ്യവും
  • ഉജ്ജയിന്യാധീശന്റെ പൂജനപ്രകാരവും
  • തൽജപധ്യാനങ്ങളും കണ്ടവൻ ഗ്രഹിക്കയാൽ
  • വാരികൊണ്ടഭിഷേകം, ലേപനം ഭസ്മം കൊണ്ടും
  • ദാരുപത്രങ്ങൾകൊണ്ടങ്ങർച്ചനം ക്രീഡാവശാൽ
  • വന്ദനം പ്രദക്ഷിണം പൂജനം നമസ്ക്കാരം
  • ചന്ദ്രശേഖരപ്രീതിപ്രാർത്ഥനസ്ത്രോത്രങ്ങളും
  • നീലകണ്ഠനെസ്സേവിച്ചങ്ങനെ സുഖിക്കുന്ന
  • ബാലനെ വിളിച്ചങ്ങു മാതാവുമുര ചെയ്താൾ:-
  • ഭക്ഷണത്തിന്നു വരികെന്നുടെ കുമാരക!
  • തൽക്ഷണം ചോറുണ്ടാക്കിപ്പാർക്കുന്നു നിനക്കു ഞാൻ
  • ക്രീഡകൊണ്ടെന്നുണ്ണിക്കു വിശപ്പു മറന്നിതോ
  • പീഡയുണ്ടെനിക്കു നീ ഭോജനം ചെയ്യായ്കയാൽ
  • മാതൃഭാഷിതം കേട്ടിട്ടേതുമേയിളകീല
  • ചേതസാ ശിവദ്ധ്യാനവ്യക്തനാം ഗോപീസുതൻ
  • പിന്നെയും വിളിച്ചിതു ബാലനെ ഗോപാലികാ
  • ധന്യനാം പുത്രനേതും കേട്ടില്ല സമാധിയാൽ
  • ഗോപികയതുനേരം ചെന്നിതു തദന്തികേ
  • കോപിച്ചു കുമാരനെത്താഡനം ചെയ്തീടിനാൾ
  • താഡനം കൊണ്ടുമൊരു ചഞ്ചലമില്ലായ്കയാൽ
  • ക്രീഡനം നശിപ്പിച്ചു തുടങ്ങീ ജനനിയും
  • അർച്ചന ബിംബം തച്ചുമുറിച്ചങ്ങെറിഞ്ഞുടൻ
  • മെച്ചമേറിന പുഷ്പമൊക്കവേ നശിപ്പിച്ചൂ.
  • ഇങ്ങനെ നശിപ്പിച്ചു തന്നുടെ ഗേഹം പുക്കു
  • തിങ്ങിന കോപത്തോടെ വാണിതു ജനനിയും.
  • ശങ്കര! ശിവ! ശിവ! ചന്ദ്രശേഖരാ! പോറ്റി!
  • സങ്കടം കളകെന്നു കരഞ്ഞൂ കുമാരനും
  • ഭൂതലേ വീണു ബോധം കെട്ടുടനരക്ഷണം
  • ജാതബോധനായുടൻ നേത്രങ്ങൾ മിഴിച്ചപ്പോൾ
  • മുന്നിലമ്മാറു കണ്ടാനെത്രയും മനോഹരം
  • തന്നുടെ നികേതനം പൊന്മയം മണിമയം;
  • പൊന്മണിസ്തംഭങ്ങളും മാളികകളും കണ്ടാൻ
  • അഗ്രതോ മണിസ്ഥലേ പാർവതീപതിയുടെ
  • വിഗ്രഹം വർണ്ണരത്നോജ്ജ്വലമായ് കാണായ് വന്നി-
  • തൊക്കെയും കണ്ടു ബാലൻ വിസ്മയം പൂണ്ടു മുദാ
  • ദീർഘമായ് നമസ്കരിച്ചാനന്ദമോടു ചൊന്നാൻ:-
  • ത്ര്യംബക! പുരാന്തക! പാഹി മാം ജഗല്പതേ!
  • അമ്മതാനപരാധം ചെയ്തതു ക്ഷമിക്കണം
  • ചിന്മായകൃതേ! ഭവാൻ കാരുണ്യം പൂണ്ടു മയി
  • ത്വല്പ്രഭാവത്തെ ഗ്രഹിക്കായ്കയാൽ വിമൂഢയാം
  • മൽ‌പ്രസ്ഥമഹാപാപം ചെയ്തിതു മഹേശ്വര!
  • അല്പമെങ്കിലും മമ ത്വച്ചരിതത്തെക്കൊണ്ടു
  • തല്പാപം നശിപ്പിച്ചീടേണമേ പോറ്റിയിപ്പോൾ
  • ശങ്കര! നമോസ്തുതേ ശാശ്വത! നമോസ്തുതേ
  • തിങ്കൾ ശേഖര! ഹര! ധൂർജ്ജടേ! നമോസ്തുതേ
  • ഇങ്ങനെ നമസ്ക്കാരം ചെയ്തെഴുന്നേറ്റു ബാലൻ
  • മംഗലം ശിവാർച്ചനം പിന്നെയുമനുഷ്ഠിച്ചാൻ
  • വാസരാവസാനമേ വേഗമേ കുമാരകൻ
  • വാസമന്ദിരം പുക്കു മാതൃസന്നിധൌ ചെന്നാൻ
  • സ്വർണ്ണപര്യങ്കം തന്മേൽ സ്വൈര്യമായ് വസിക്കുന്ന
  • തന്നുടെ ജനനിയെക്കണ്ടുടൻ വണങ്ങിനാൻ
  • ഭദ്രഭൂഷണങ്ങളാൽ ഭൂഷിതാംഗിയാമവൾ
  • നിദ്രയാ നിമീലനം ചെയ്തുടൻ ശയിക്കുന്ന
  • ദേവനാരിയെക്കാളുമുജ്ജ്വലിച്ചീടുന്നൊരു
  • ലാവണ്യസ്വരൂപിണിയാകിയ മാതാവിനെ
  • സാദരം വീളിച്ചുണർത്തീടിനാൻ പതുക്കവേ
  • മോദമോടുണർന്നിരുന്നീടിനാൾ ജനനിയും
  • എത്രയും മഹാത്ഭുതം മന്ദിരവിഭൂതിയും
  • പുത്രവൈഭവങ്ങളുമീശ്വരപ്രസാദവും
  • ഒക്കവേ ധരിച്ചുടൻ പൂർണ്ണസന്തോഷത്തോടെ
  • തൽക്കരം പിടിച്ചുടനാശീർവാദവും ചെയ്തു
  • ഇക്കഥാവിശേഷങ്ങൾ ഗ്രഹിച്ചു മഹീപതി
  • സൽക്കരിച്ചവനുടെ മന്ദിരം പ്രവേശിച്ചു
  • മന്ത്രികൾ പൌരന്മാരും മറ്റുള്ള ജനങ്ങളും
  • അന്തണന്മാരും വന്നു നിറഞ്ഞു പൌരാലയേ
  • ഈശ്വരാർച്ചപ്രഭാവോദയം കേട്ടു മുദാ
  • വിശ്വവാസികളെല്ലാം വിസ്മയം പൂണ്ടു നിന്നാർ
  • പോരിനായ് വന്നു പുരം വളഞ്ഞു നിന്നീടുന്ന
  • പാരിടപ്രധാനികൾ കേട്ടിതു വിശേഷങ്ങൾ
  • വൈരവും വെടിഞ്ഞുടൻ വിസ്മയപ്പെട്ടു ചെന്നു
  • വീരനാം ചന്ദ്രസേനക്ഷ്മാപനെ പ്രശംസിച്ചാർ
  • ഉത്തമമഹാകാളക്ഷേത്രവും പ്രവേശിച്ചു
  • സത്വരം പശുപന്റെ പത്തനത്തിലും ചെന്നു
  • ശങ്കരപ്രസാദത്താൽ തൽക്ഷണം ജനിച്ചൊരു
  • ശങ്കരക്ഷേത്രം കണ്ടു വന്ദിച്ചു നിന്നാരവർ
  • ഗോപികാതനൂജനു രത്നവും രാജ്യങ്ങളു-
  • മാനതേർ കുതിരകളെന്നിവ ബഹുവിധം
  • ദാനവും ചെയ്തു മുദാ മാനവേന്ദ്രന്മാരെല്ലാം
  • ആനന്ദാംബുധി തന്നിൽ മുങ്ങി നിന്നരുൾ ചെയ്താർ:-
  • സർവദേശങ്ങൾ തോറും വസിക്കും ഗോപന്മാർക്കു
  • സാർവഭൌമനാം ഭൂപൻ നീയെന്നുമുര ചെയ്താർ.
  • ഇത്തരം മഹാജനം പറഞ്ഞുനിൽക്കുന്നേരം
  • സത്വരം ഹനൂമാനെ പ്രത്യക്ഷം കാണായ് വന്നു
  • അഞ്ജനാസുതൻ രഘുനായകപ്രിയങ്കരൻ
  • രഞ്ജിതാഖിലത്രിലോകീ ജനസ്വാന്തൻ കാന്തൻ
  • ജാനകീമനപ്രസാദൈകഭാജനം ഘനം
  • വാനരേശ്വരൻ വിളങ്ങീടിനാൻ സഭാന്തരേ
  • സർവഭൂപതികളും സാദരം വണങ്ങിനാർ
  • സർവവന്ദ്യനാം ഹനുമാനുമൊന്നരുൾ ചെയ്തു:-
  • ഒട്ടൊഴിയാതെയുള്ള മന്നവന്മാരെല്ലാരും
  • കേട്ടുകൊൾകെന്റെ വാക്യം കേസരീതനൂജൻ ഞാൻ
  • രാമന്റെ ദാസനെടോ! രാജപുംഗവന്മാരേ!
  • വാമദേവന്റെ ഭക്തൻ വാനരൻ വരപ്രദൻ
  • ശൈവപൂജയെന്നിയേ മറ്റൊരു ഗതിയില്ല
  • കൈവല്യം സാധിപ്പതിനെന്നതു ധരിക്കണം
  • ഗോപികാതനൂജനാമിവന്റെ മഹാവ്രതം
  • ഭൂപതിമാരേ! നിങ്ങൾ കേട്ടു ബോധിച്ചീടേണം
  • മന്ദവാരവും പുനഃ ശ്രീമഹാപ്രദോഷവും
  • ഒന്നിച്ചുവന്ന ദിനമീശനെസ്സേവിക്കയാൽ
  • വന്നിതു വിഭൂതിയും വിദ്യയും പ്രഭുത്വവും
  • വന്ദനീയനാം പശുപാലകബാലകനിപ്പോൾ
  • കൃഷ്ണപക്ഷത്തിൽ ശനിവാരവും പ്രദോഷവും
  • കൃഷ്ണമാനസന്മാർക്കു ലഭിപ്പാനെളുതല്ല
  • എത്രയും മനഃശുദ്ധിയുള്ളവൻ പ്രാപിച്ചീടും
  • ശത്രുസംഹാരം യശോവർദ്ധനം മഹാവ്രതം
  • ഉത്തമം മഹാപ്രദോഷോപവാസമാം വ്രതം
  • സത്യം മൽ ഗുരുനാഥൻ ശങ്കരനരുൾ ചെയ്തു
  • കഷ്ടമീ പ്രദോഷം നോറ്റീടുവാൻ മടിക്കുന്ന
  • ദുഷ്ടന്മാരുടെ ജന്മം വ്യർത്ഥമെന്നറിഞ്ഞാലും
  • ഒട്ടുമേ ബോധിക്കാതെ നോൽക്ക കാരണാൽ പോലും
  • പുഷ്ടസമ്പത്തു വന്നു ബാലനെന്നറിഞ്ഞാലും.
  • ശാന്തനാമിവൻ തന്റെ വംശത്തിലെട്ടാം പുരു-
  • ഷാന്തരേ നന്ദഗോപനെന്നൊരുവൻ താനുണ്ടാം.
  • തൽ സുതനായിജ്ജനിച്ചീടുമക്കാലം നാഥൻ
  • ചിത്സ്വരൂപനാം ജഗന്നായകൻ നാരായണൻ.
  • കംസനെക്കൊലചെയ്യും കൌരവവംശത്തിന്റെ
  • ധ്വംസവും വരുത്തീടും നന്ദഗോപന്റെ സുതൻ
  • ഇശ്ശിശുവിന്റെ വംശം വർദ്ധിപ്പാൻ വഴിപോലെ
  • വിശ്വനായകൻ ഗൌരീവല്ലഭൻ പ്രസാദിച്ചു
  • ഇക്കുമാരനു നാമം ശ്രീകരനെന്നാകുന്നു
  • ദിക്കുകൾ പുകഴ്ന്നൊരു ഗോപികാപുത്രനിവൻ
  • ഇത്തരമുര ചെയ്തു മാരുതാത്മജൻ മുദാ
  • സത്വരം മറഞ്ഞിതു മന്നവന്മാരും പോയാർ
  • ശ്രീകരൻ മഹാകാളക്ഷേത്രനാഥനെസ്സേവി-
  • ച്ചേകമാനസനായി വസിച്ചു യഥാസുഖം
  • ചന്ദ്രസേനനും പിന്നെ ശ്രീകരഗോപൻ താനും
  • സാന്ദ്രമാം ചിദാനന്ദം പ്രാപിച്ചു മുക്തന്മാരായ്;
  • ചന്ദ്രശേഖരപ്രീതികാരണാൽ ജനങ്ങൾക്കു
  • ധന്യമാം മോക്ഷം ലഭിച്ചീടുമെന്നറിഞ്ഞാലും.

ശനിപ്രദോഷമാഹാത്മ്യം സമാപ്തം