ശിവപുരാണം/ഭസ്മമാഹാത്മ്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
  • കാമവൈരി ഭഗവാന്റെ ഗാഥ കേട്ടു രമിക്കുന്ന
  • മാമുനിമാരരുൾ ചെയ്തു മാനസത്തിൽക്കനിവോടെ
  • ചൊല്ലെടോ ചൊല്ലെടോ സൂത!ചൊല്ലെഴുന്ന കഥാസാരം
  • വല്ലഭത്വം കലർന്നുള്ള വാമദേവപ്രഭാവങ്ങൾ
  • വല്ലവർക്കും മനക്കാമ്പിലല്ലൽതീരും ശ്രവിച്ചാകിൽ
  • കല്യബുദ്ധേ! ശ്രവിച്ചാലും കാലദോഷം ശമിച്ചീടും
  • എന്നതുകേട്ടുരചെയ്തു ഭക്തിമാനാകിയ സൂതൻ
  • നന്നെടോ താപസന്മാരേ! നാഥനിൽ ഭക്തിവിശ്വാസം
  • വിശ്വനാഥൻ മഹാദേവൻ വിശ്വസാക്ഷി മഹാദേവൻ
  • വിശ്വദേവൻ മഹാദേവൻ വിശ്വജീവൻ മഹാദേവൻ
  • വിശ്വസിച്ചു വസിക്കുന്ന വിശ്വവാസി ജനങ്ങൾക്കു
  • വിശ്വസമ്പൽക്കരം ദേവൻ വിശ്വവന്ദ്യൻ വിരൂപാക്ഷൻ
  • ഭൂതിപുണ്ഡ്രം ധരിക്കുന്ന ഭൂസുരാദി ജനങ്ങൾക്കു
  • ഭൂതി നൽകുന്നവൻ ദേവൻ ഭൂതനാഥൻ ദയാശീലൻ
  • ഭൂതി തന്റെ മഹത്വത്തെക്കേട്ടു കൊൾവിൻ ബുധന്മാരേ!
  • ഭൂതഭവ്യം വർത്തമാനം ത്രിദോഷത്തെ നശിപ്പിക്കും
  • വാമദേവാഖ്യനായുള്ള യോഗി തന്റെ കഥ കേട്ടാൽ
  • വാമദേവപ്രസാദംകൊണ്ടാത്മശുദ്ധി ഭവിച്ചീടും
  • വാമദേവൻ മഹാവീരൻ ചീരധാരീ ജടാ‍ധാരീ
  • കാമദേവപ്രസാദത്തെ ശങ്കിയാതുള്ളവൻ ദേവൻ
  • കാമലോഭം മഹാമോഹം ക്രോധതൃഷ്ണം മദം മാനം
  • കാമിനീരാഗഭോഗാശവൈരമേവം വിധം ദോഷം
  • ഒന്നുമില്ലാത്തവൻ വിദ്വാൻ ഇന്ദുചൂഡപ്രിയൻ ധീമാ
  • നിന്നുകാണും പ്രപഞ്ചത്തിൻ ഭ്രാന്തിയില്ലാത്തവൻ ധീരൻ
  • കാഞ്ചനം ലോഷ്ടാവും തുല്യം കാഞ്ചിയും രജ്ജുവും തുല്യം
  • വാഞ്ഛയും വൈരിയും തുല്യം ദാരാവും ദാരുവും തുല്യം
  • ഇത്ഥമത്യുജ്ജാലാത്മാവാം വാമദേവൻ മഹായോഗി
  • സ്വസ്ഥചിത്തൻ സദാനന്ദൻ സഞ്ചരിച്ചു പലദിക്കും
  • പുണ്യദേവാലയം തോറും പുണ്യതീർത്ഥങ്ങളും സേവിച്ച-
  • ന്യചിന്താപരിത്യാഗി ധന്യയോഗിമഹായോഗി
  • ക്രൌഞ്ചമാം പർവതത്തിന്റെ തുംഗശൃംഗങ്ങളിൽച്ചെന്നു
  • സഞ്ചരിക്കുന്ന നാളേകം ബ്രഹ്മരക്ഷസ്സിനെക്കണ്ടാൻ
  • ഭീമരൂപി മഹാപാപി ക്ഷുല്പിപാസാതുരൻ നിത്യം
  • ഭൂമിഭാഗം തകർത്തുകൊണ്ടാർത്തുവന്നു പുരോഭാഗേ
  • വാമദേവാഖ്യനാം യോഗിവര്യനെക്കണ്ടതുനേരം
  • താമസിക്കാതവൻ വായും പിളർന്നു പാഞ്ഞടുത്താശു
  • ഭക്ഷണത്തിന്നിവൻ കൊള്ളാമിക്ഷണം നമ്മുടെ കുക്ഷി
  • രക്ഷണം സിദ്ധമെന്നോർത്തു രാക്ഷസൻ നേരിടുന്നേരം
  • ഏതുമൊന്നും കുലുങ്ങീല യോഗിനാഥന്മഹാദേവൻ
  • ഏതുമില്ല ഭയത്തിന്നു ദേഹജ സ്നേഹമില്ലാഞ്ഞാൽ
  • ബ്രഹ്മതത്ത്വജ്ഞനായുള്ള ദിവ്യയോഗീന്ദ്രനെച്ചെന്നു
  • ബ്രഹ്മരക്ഷസ്സതുനേരം വേഗമോടേപിടിപെട്ടു
  • ഭസ്മമംഗേ പിരണ്ടപ്പോൾ തത്ത്വമുള്ളിൽ പ്രകാശിച്ചു
  • വിസ്മയിച്ചു പുരാവൃത്തം സ്മരിച്ചു രാക്ഷസൻ ചൊന്നാൻ
  • ആരെടോ നീ മഹാത്മാവേ! നിന്നുടെ ഗാത്രസമ്പർക്കം
  • കാരണംമേമനോരംഗേ സാരഭൂതം സമുൽഭൂതം
  • ഇന്നുതൊട്ടിങ്ങിരുപത്തഞ്ചാമതാം മുന്നിലേ ജന്മം
  • തന്നിലുള്ള പരമാർത്ഥം മുന്നിലുണ്ടു നമുക്കിപ്പോൾ
  • ദുർജ്ജയനെന്നെനിക്കന്നു നാമമെന്നു ധരിച്ചാലും
  • ദിഗ്‌ജയം ഞാൻ പലവട്ടം ചെയ്തവൻ കൈതവാധീനൻ
  • ദുഷ്ടരായയവനന്മാർക്കീശ്വരൻ ഞാൻ മഹാദുഷ്ടൻ
  • കഷ്ടകർമ്മം പലചെയ്തേനെത്ര കഷ്ടം നിരൂപിച്ചാൽ
  • നൂതനസ്ത്രീകളുമായിസ്സർവകാലം വിനോദിപ്പാൻ
  • കൌതുകം പാരമക്കാലം തൃപ്തിയില്ല നമുക്കേതും
  • ദിക്കിലുള്ള നല്ല നല്ല ബാല സീമന്തിനീവൃന്ദം
  • ഒക്കവേ ഞാൻ വരുത്തിക്കൊണ്ടന്നു നന്നായ് വിനോദിക്കും
  • മുഷ്ക്കുകൊണ്ടു വശത്താക്കും മുഗ്ദ്ധനാരീ സമൂഹത്തെ
  • കൈക്കലായാലുപേക്ഷിപ്പാനൊട്ടുമിങ്ങു മനസ്സില്ല
  • മുറ്റുമെന്നോടോരുമിച്ചു രമിക്കും നാരിയെപ്പിന്നെ
  • മറ്റൊരുത്തൻ സ്മരിക്കേണ്ട നമുക്കുമായവൾ വേണ്ട
  • ഇന്നുസാധിച്ചവളെ ഞാൻ പിറ്റേന്നാൾ നോക്കുമാറില്ല
  • വന്നതൊന്നും ത്യജിക്കാതെ തടുത്തിട്ടു വലയ്ക്കും ഞാൻ
  • കൂറുമില്ല നമുക്കേതും നാരിമാർക്കങ്ങൊരുനേരം
  • ചോറു മാത്രം കൊടുത്തേക്കും മറ്റൊരന്വേഷണം നാസ്തി
  • നൂറു ചണ്ഡാലിമാരോടും സഹസ്രം ചേടിമാരോടും
  • നൂറുലക്ഷം വേശ്യാനാരീജനത്തോടും രമിച്ചേൻ ഞാൻ
  • ജാതിഭേദം നമുക്കില്ല ജാതിനാലും നമുക്കിഷ്ടം
  • പ്രീതിഭംഗം വരാതേ കണ്ടിരുന്നാൽ ചേരുമക്കാലം
  • കൂട്ടരോടേ വധൂവൃന്ദം കരഞ്ഞാലും പിഴിഞ്ഞാലും
  • കോട്ടമില്ല നമുക്കേതും കേട്ടിരുന്നു രസിക്കും ഞാൻ
  • ശുദ്ധിയില്ല നമുക്കേതും ബുദ്ധിപാകമതുമില്ല
  • ബൌദ്ധന്മാരും മഹാവിപ്രസ്ത്രീകളും ഭേദമില്ലേതും
  • ഇങ്ങനെ കശ്മലൻ ദുഷ്ടൻ നിഷ്ഠൂരൻ ഞാൻ ദുരാചാരൻ
  • തിങ്ങിന കൌതുകത്തോടെ കാമലീലയ്ക്കൊരുമ്പെട്ടേൻ
  • രാജസംകൊണ്ടതിപ്രൌഢസ്ത്രീനിഷേവാമഹാദോഷാൽ
  • രാജയക്ഷ്മാ പിടിപെട്ടു മരിച്ചേനെന്നതേ വേണ്ടൂ
  • അന്തകന്റെ പുരം പുക്കേനന്തികേ കിങ്കരന്മാരും
  • ഹന്ത വന്നു പിടിച്ചെന്നെ വലിച്ചു താഡനം ചെയ്താർ
  • കല്ലിലും മുള്ളിലുമിട്ടങ്ങിഴച്ചാരത്രയുമല്ല പല്ലുമെല്ലും
  • മുസലം കൊണ്ടടിച്ചാശു പൊടിപ്പിച്ചാർ
  • വിക്ലബത്വം കലർന്നേറ്റം കരഞ്ഞീടുന്നൊരു നമ്മെ
  • ശുക്ലകൂപേപിടിച്ചിട്ടു ശുക്ലപൂരം കുടിപ്പിച്ചാർ
  • പത്തുനൂറാ‍ായിരം വർഷം ശുക്ലകൂപേ കിടന്നേൻ ഞാൻ
  • ചിത്തമോഹാലകപ്പെട്ടോരനർത്ഥം നീ ധരിച്ചാലും
  • പാപശേഷത്തിനാൽപ്പിന്നെ പിശാചായിബ്ഭവിച്ചേൻ ഞാൻ
  • നൂറുവർഷം കൊണ്ടു നീങ്ങി നമുക്കങ്ങു പിശാചത്വം
  • കാറശേഷം ശമിക്കുമ്പോളംബരം സ്വച്ഛമാമല്ലോ
  • അന്നുതൊട്ടിങ്ങിരുപത്തുമൂന്നുജന്മം ജന്തുവായോ
  • നിന്നു ഞാൻ ബ്രഹ്മരക്ഷസ്സായ് ജനിച്ചേനിങ്ങനെ തത്ത്വം
  • ക്ഷുത്തുകൊണ്ടു തളർന്നിത്ഥം സഞ്ചരിക്കും വിധൌ നിന്നെ
  • സത്വരം കൊന്നു ഭക്ഷിപ്പാൻ വന്നു ഞാനെന്നറിഞ്ഞാലും
  • ദിവ്യമാകും ഭവൽ ഗാത്രം തൊട്ടനേരം നമുക്കിപ്പോൾ
  • ദിവ്യബോധം സംഭവിച്ചു ദുഷ്കൃതം നീങ്ങുവാൻ ബന്ധം
  • ചിത്തപത്മം പ്രസാദിച്ചു തത്ത്വമൊക്കെ പ്രകാശിച്ചു
  • ശുദ്ധിഗാത്രേ വിജൃംഭിച്ചു ശുദ്ധകീർത്തേ! നമസ്കാരം
  • ദൈവതാനുഗ്രഹം കൊണ്ടോ കേവലം നിൻ തപം കൊണ്ടോ
  • സേവകൊണ്ടോ മഹാതീർത്ഥ സ്നാനപാനവ്രതം കൊണ്ടോ
  • യാഗമാർഗ്ഗങ്ങളെക്കൊണ്ടോ മന്ത്രസേവാബലം കൊണ്ടോ
  • നാഗഹാരം ധരിക്കുന്ന ദേവനിൽ ഭാവന കൊണ്ടോ
  • എന്തുകൊണ്ടു ഭവാനിപ്പോളിപ്രഭാവം വഹിക്കുന്നു
  • ശാന്തബുദ്ധേ! പറഞ്ഞാലും നിൻപദത്തെ വണങ്ങുന്നേൻ
  • എന്നതുകേട്ടരുൾ ചെയ്തു വാമദേവന്മഹായോഗി
  • എന്നുടെ ഭസ്മപുണ്ഡ്രത്താൽ നിന്നുടേ കൽമഷം തീർന്നു
  • ഭസ്മപുണ്ഡ്രപ്രഭാവത്തിനന്തമില്ലെന്നറിഞ്ഞാലും
  • വിസ്മയം പണ്ടൊരു വിപ്രൻ ഭസ്മനാ മുക്തനായല്ലോ
  • ദ്രമിളന്മാരുടെ നാട്ടിൽ ജനിച്ചാനങ്ങൊരു വിപ്രൻ
  • കമനിമാരുടെ ചൊൽക്കീഴമർന്നുമേവിനാൻ മൂഢൻ
  • കൃത്യമെല്ലാമുപേക്ഷിച്ചു കാമലീലയ്ക്കൊരുമ്പെട്ടു
  • നിത്യവും വേശ്യമാർ വീട്ടിൽ തൊട്ടുതിന്നു കിടക്കുന്നു
  • ഒട്ടുസന്ധ്യമയങ്ങുമ്പോൾ പുറപ്പെട്ടു പരദ്രവ്യം
  • കട്ടുകൊണ്ടന്നവൻ വേണ്ടും നാരിമാരെപ്പുലർത്തുന്നു
  • ശൂദ്രവീട്ടിൽക്കുലംകൂടി ശൂദ്രകർമ്മങ്ങളും ചെയ്തു
  • ശൂദ്രനോടു വെട്ടുകൊണ്ടുമരിച്ചു കാലനൂർ പുക്കാൻ
  • വീട്ടിലുള്ള പുരുഷന്മാർ ഭൂസുരന്റെ ശവം മെല്ലെ
  • കാട്ടിലാക്കിത്തിരിച്ചിങ്ങു പോന്നിതുരാത്രിയിൽത്തന്നെ
  • വെണ്ണുനീറ്റിൽക്കിടക്കുന്ന പട്ടി ചെന്നു ശവം തൊട്ടു
  • പുണ്യമാം ഭസ്മമംഗത്തിൽപ്പിരണ്ടു ദൈവയോഗാൽ
  • ഘോരമാകും നരകത്തിൽക്കിടക്കും വിപ്രനെച്ചെന്നു
  • മാരവൈരികിങ്കരന്മാരെടുത്താശു തേരിലേറ്റി
  • ദിവ്യമാകും വിമാനത്തിൽ വിളങ്ങും വിപ്രനെക്കണ്ടു
  • ഭവ്യനാകും ധർമ്മരാജാവരുൾ ചെയ്തു ദൂതരോടു
  • എന്തെടോ കിങ്കരന്മാരേ! ദുഷ്ടനാം വിപ്രനെച്ചെന്നു
  • ചന്തമേറും വിമാനത്തിലേടുവാനെന്തൊരുമൂലം
  • ജാതികൃഠ്യം ത്യജിച്ചോരോ നീചകർമ്മങ്ങളും ചെയ്തു
  • വീതശങ്കം നടന്നോരു വിപ്രനിപ്പോളിതോ യോഗ്യം?
  • ഉത്തരമങ്ങുരചെയ്തു ശങ്കരന്റെ കിങ്കരന്മാർ
  • ഉത്തമൻ ഭൂസുര ശ്രേഷ്ഠൻ നരകത്തിൽക്കിടക്കാമോ
  • നെറ്റിമേലും ശവത്തിന്റെ തോളിലും മാറിലും ഭസ്മം
  • പറ്റിമുറ്റിവിളങ്ങുന്നു നിങ്ങളാരും ഗ്രഹിച്ചീലേ?
  • ഞങ്ങളോടരുൾ ചെയ്തു കൊണ്ടു ചെൽ‌വാൻ മഹാദേവൻ
  • നിങ്ങളെപ്പേടിയില്ലേതും ഞങ്ങൾ കൊണ്ടു തിരിക്കുന്നു
  • കിങ്കരന്മാരിത്രമാത്രമുരചെയ്തുവിപ്രനെത്താൻ
  • ശങ്കരന്റെ തിരുമുമ്പിൽക്കൊണ്ടുചെന്നു വസിപ്പിച്ചു
  • അത്രയുണ്ടെന്നറിഞ്ഞാലും ഭസ്മസംഗപ്രഭാവങ്ങൾ
  • ഇത്രനന്നല്ലൊരുവസ്തു ശ്രീമഹേശൻ പ്രസാദിപ്പാൻ
  • നിത്യവും ഞാൻ മുടങ്ങാതെ ഭസ്മപുണ്ഡ്രം ധരിക്കുന്നേൻ
  • കൃത്തിവാസസ്സതുകൊണ്ടു നിത്യമെങ്കൽ പ്രസാദിച്ചു
  • ഏവനെന്നാകിലും ഭസ്മം മുടങ്ങാതെ ധരിച്ചാകിൽ
  • ശൈവലോകം ഗമിക്കാമെന്നേതുമേസംശയംവേണ്ടാ
  • ബ്രഹ്മരക്ഷസ്സുരചെയ്തു വാമദേവ! നമുക്കിപ്പോൾ
  • ബ്രഹ്മതത്ത്വം ഗ്രഹിപ്പാനും മോക്ഷമാശു ഭവിപ്പാനും
  • കർമ്മയോഗം വരുമെന്നു ശങ്കയുണ്ടു മനക്കാമ്പിൽ
  • ധർമ്മബുദ്ധേ! ഭവാനോടു സംഗമം വന്നതുമൂലം
  • ബൌദ്ധനായിട്ടിരിക്കും നാളൊന്നുമാത്രം ഗുണം ചെയ്തേൻ
  • ശുദ്ധനാം വിപ്രനു പണ്ടു ഭൂമി മാത്രം കൊടുത്തേൻ ഞാൻ
  • അത്രമാത്രം ഗുണം ചെയ്തേനതുകൊണ്ടു ധർമ്മരാജ-
  • ന്മാത്രമെന്നോടാരുൾ ചെയ്തു മേലിൽ മോക്ഷം നിനക്കുണ്ടാം
  • യോഗിനാഥൻ വന്നു നിന്നെ തത്ത്വമൊന്നു ഗ്രഹിപ്പിക്കും
  • വേഗമോടേ തവമോക്ഷം സംഭവിക്കും ക്ഷമിച്ചാലും
  • എന്നു ധർമ്മൻ കനിവോടൊന്നരുൾ ചെയ്തു കിടക്കുന്നു
  • ഇന്നു നാം തങ്ങളിൽ കാണ്മാൻ സംഗതി വന്നിതല്ലോ താൻ
  • എങ്കിലെന്റെ ദുരിതങ്ങൾ നീങ്ങുവാൻ വന്നിതോ കാലം
  • ശങ്കര! പാർവതീകാന്ത! ചന്ദ്രചൂഡ! നമസ്കാരം
  • യോഗിനാഥാ പറഞ്ഞാലും ഭസ്മമെപ്പോൾ ധരിക്കേണ്ടൂ
  • ഭാഗധേയം വരുത്തുന്ന മന്ത്രമേതു ജപിക്കേണ്ടൂ
  • സ്ഥാനഭേദങ്ങളും പിന്നെദ്ധ്യാനഭേദങ്ങളും ചൊൽക
  • ഞാനിതാ നിന്നുടെ ശിഷ്യൻ പാദപത്മേ പതിക്കുന്നേൻ
  • രാക്ഷസന്റെ ഗിരം കേട്ടു പറഞ്ഞാശു വാമദേവൻ
  • രൂക്ഷഭാവം ശമിപ്പാൻ നീ ഭസ്മപുണ്ഡ്രം ധരിക്കേണം
  • രുദ്രദേവനരുൾ ചെയ്തു തല്പ്രകാരം സുരന്മാരോ-
  • ടദ്രികന്യാസഹായൻ താൻ മന്ദരാദ്രൌ വസിക്കുമ്പോൾ
  • ശുദ്ധഭസ്മത്രിപുണ്ഡ്രത്തെദ്ധരിച്ചാലപ്പൊഴേപാപം
  • ദഗ്ദ്ധമാമേവനെന്നാലും നാലുജാതിക്കുമാംതാനും
  • ഗോമയം ചുട്ട ഭസ്മം താനുത്തമം സത്തമന്മാരേ!
  • ആമയം കൽമഷം ദുസ്വപ്നാദിയും ശാന്തമായീടും
  • ദോര്യുഗാന്തലേലലാടാന്തേഭസ്മപുണ്ഡ്രം ധരിക്കേണം
  • ആയുരാരോഗ്യവും ശ്രീയും മൂന്നുരേഖാഫലം പ്രോക്തം
  • കണ്ഠദേശേ ബാഹുമൂലേ നാഭിമീതേയുരോഭാഗേ
  • രണ്ടു പാർശ്വോജാനുയുഗ്മേ വേണ്ടു ഭസ്മാനുലേപങ്ങൾ
  • സൂര്യദേവനുദിക്കുമ്പോൾ ജലംകൂട്ടിദ്ധരിക്കേണം
  • സൂര്യനങ്ങസ്തമിക്കുമ്പോൾ ജലം കൂട്ടാതെയും വേണം
  • ശൈവ പഞ്ചാക്ഷരം മന്ത്രം സർവസാധാരണപ്രോക്തം
  • ദൈവകാരുണ്യമുണ്ടാവാനുത്തമകാരണം ഭസ്മം
  • അന്നു ചെയ്യും ദുരിതങ്ങളന്നു തന്നെ ശമിച്ചീടും
  • എന്നതല്ലന്യജന്മത്തിൽ ചെയ്തതും ശാന്തമായീടും
  • പുത്രസൌഖ്യം മിത്രയോഗം ദ്രവ്യലാഭം ദീർഘഭോഗം
  • ഗാത്രസൌഖ്യം കീർത്തിലാഭം മുക്തിയും സിദ്ധമാം നൂനം
  • രുദ്രവാക്യം മനക്കാമ്പിൽ ഭദ്രമായി ഗ്രഹിച്ചാലും
  • രുദ്രപാദങ്ങളെബ്ഭക്ത്യാ സർവകാലം സ്മരിച്ചാലും
  • എന്നുരചെയ്തുടൻ യോഗിവാമദേവൻ ദയാശീലൻ
  • തന്നുടെ ശിഷ്യനാം ബ്രഹ്മരാക്ഷസന്റെ ശുഭത്തിന്നായ്
  • ശുദ്ധഭസ്മം ജപിച്ചാശു കൊടുത്തുരാക്ഷസൻ മേടി-
  • ച്ചുത്തമാംഗേ ധരിച്ചപ്പോൾ ദിവ്യരൂപം പ്രകാശിച്ചു
  • ദിവ്യമാകും വിമാനത്തിൽ പ്രീതിയോടേ കരേറിക്കൊ-
  • ണ്ടവ്യയാനന്ദമാം ലോകം പ്രവേശിച്ചു സുഖം വാണാൻ
  • വാമദേവൻ താനുമപ്പോളെത്രയും കൌതുകത്തോടെ
  • വാമദേവാർച്ചനം ചെയ്തു തന്നുടെ ദേശികാദേശം
  • ഇക്കഥാകർണ്ണനം ചെയ്താലാശു പാപം ശമിച്ചീടും
  • പ്രക്രമങ്ങൾക്കനുരൂപം സർവസൌഖ്യം ലഭിച്ചീടും
  • ഭൂതിമാഹാത്മ്യവൃത്താന്തം ഭക്തിയോടേ സ്മരിച്ചാകിൽ
  • ഭൂതിയും ഖ്യാതിയും ചിത്തപ്രീതിയും നീതിയും സിദ്ധം
  • അലിവോടു മനക്കോട്ടുവാഴുമാനന്ദവാനാകും
  • ബാലരാമൻ മഹാധീരൻ നീലകണ്ഠപ്രിയൻ വീരൻ
  • ശൈലകന്യാരമണന്റെ നല്ല നല്ല കഥാസാരം
  • ചാലവേ കേട്ടുകൊള്ളേണം ശൈവഭക്ത്യാ ജപിക്കേണം

ഭസ്മമാഹാത്മ്യം സമാപ്തം