Jump to content

ശിവപുരാണം/ചതുർദ്ദശിമാഹാത്മ്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
  • പാർവതീപതിയുടെ സേവയാൽ ഫലം വരും
  • പൂർവ്വതോ മഹാത്ഭുതം കേട്ടരുളേണം നിങ്ങൾ
  • ശർവനെസ്മരിക്കയും ശർവനെബ്ഭജിക്കയും
  • സർവജാതികൾക്കിതുസർവദാ ചെയ്‌വാൻ യോഗ്യം
  • നീചനായ് നിരീഹരനായ് നിഷ്കൃപനായുള്ളവൻ
  • ലോചനം കൊണ്ടു ശിവലിംഗത്തെക്കണ്ടാൽ മതി
  • സപ്തജന്മങ്ങൾ ശിവഭക്തനായ് വരുമവൻ
  • മുക്തനായ് വരും പുനഃസത്യമേ ചൊല്ലീടുന്നേൻ
  • എങ്കിലോ കിരാതദേശങ്ങളിലൊരു നൃപൻ
  • ശങ്കരപ്രിയങ്കരനായതു കേട്ടീടേണം
  • വീര്യവാൻ വിമർശനനെന്നു പേരായുള്ളവൻ
  • ഭാര്യയാം കുമുദ്വതി തന്നോടുംകൂടിവാണാൻ
  • ക്രൂരനെത്രയുമവൻ വൈരിമണ്ഡലീകാലൻ
  • ഘോരമാം നായാട്ടിനു തല്പരൻ ദിനേദിനേ
  • എങ്കിലും ചതുർദ്ദശി രണ്ടിലും മാസേമാസേ
  • ശങ്കരാർച്ചനോപവാസങ്ങളുമവനുണ്ടു
  • വിത്തദാനവും നല്ല വസ്ത്രദാനവും ചെയ്തങ്ങു-
  • ത്തമദ്വിജന്മാർക്കു തൃപ്തിയുണ്ടാക്കുമവൻ
  • മൃത്യുവൈരിയെസ്മരിച്ചാനന്ദവിവശനായ്
  • നൃത്തഗാനങ്ങൾ ചെയ്തു വന്ദനം ചെയ്യുന്നവൻ
  • ഇന്നതേ ഭുജിക്കാവൂയിന്നതേ ചെയ്തീടാ‍ാവൂ
  • ഇന്നനാരിയേ നമുക്കാമെന്നുമവനില്ല
  • വല്ലജാതിയെന്നാലും കൊല്ലുവാൻ മനക്കാമ്പിൽ
  • തെല്ലുമേക്കില്ലാത നിഷ്ഠൂരനായുള്ളവൻ
  • ഭൂതകാലവും വർത്തമാനവും ഭവിഷ്യത്തും
  • ചേതസിവിചാരിച്ചാലപ്പൊഴേതോന്നുന്നവൻ
  • മന്നവൻ മഹാബലൻ മദ്യപൻ മാംസപ്രിയൻ
  • മന്നിടപ്രദേശത്തെപ്പാലനം ചെയ്തുവാണാൻ
  • ഏകദാഭർത്താവിന്റെ ദുഷ്ടചേഷ്ടിതംകൊണ്ടു
  • ശോകകുണ്ഠിതത്തോടെ മേവുന്ന കുമുദ്വതീ
  • കണ്ണുനീർകൊണ്ടു മുഖക്ഷാളനം ചെയ്തു പത്നി
  • തന്നുടേ രമണനെത്തൊഴുതുചൊല്ലീടിനാൾ
  • വല്ലഭ! ഭവാനിതു കേട്ടരുളേണം മഹാ-
  • ദുർല്ലഭം ഭവാനിതൻ വല്ലഭൻ തന്നിൽ ഭക്തി
  • ആർക്കിതു ഭവിക്കുമീശാശ്വതേശ്വരാർച്ചനം
  • ഓർക്കനീമഹാപുണ്യം കാരണമിതിന്നിപ്പോൾ
  • അങ്ങനെ ഭവിച്ചൊരു ശൈവവിശ്വാസമിപ്പോൾ
  • ഇങ്ങനെ ദുരാചാരം കൊണ്ടഹോ നശിച്ചിടും
  • നാലുജാതിയിലുള്ള നാരിമാരോടുകൂടി
  • ലീലയാടിയാൽ മഹാപാതകം മഹീപതേ!
  • ഹിംസയെന്നതും വ്രതഭംഗമല്ലയോ രാജൻ!
  • ധ്വംസകാരണം പലതുണ്ടഹോ മഹാകഷ്ടം
  • സർവമാംസങ്ങൾ ഭുജിച്ചീടുക വിധിച്ചതോ
  • ശർവഭക്തന്മാർക്കിതു യോഗ്യമോ മഹാമതേ!
  • എന്നതുകേട്ടു നൃപൻ ചിരിച്ചൊന്നുര ചെയ്തു
  • സുന്ദരി! കുമുദ്വതി! ഖേദിയായ്കെടോ ബാലേ!
  • മുന്നിലേജ്ജന്മം തന്നിൽ ഞാനൊരു ശ്വാവായിട്ടു
  • മന്നിടാം തന്നിൽപ്പിറന്നീടിനേൻ കൃശോദരി!
  • പട്ടിയായ് പമ്പാപുരം തന്നിലേ പലദിനം
  • പട്ടിണിയായിട്ടു നടന്നീടീനേനഹർന്നിശം
  • എത്രയും പ്രസിദ്ധമായുണ്ടൊരു ശിവക്ഷേത്രം
  • തത്ര ഞാനൊരുദിനം വിശന്നു ചെന്നീടിനേൻ
  • അന്നൊരുചതുർദ്ദശിപൂജയാം മഹോത്സവം
  • വന്നിതു മഹാജനം സ്ത്രീകളും പുമാന്മാരും
  • പായസംചതുശ്ശതമപ്പവുമടകളും
  • തോയധാരകൾ നിവേദ്യങ്ങളും ജപങ്ങളും
  • ധൂപദീപങ്ങൾ മണിഘട്ടനം നമസ്കാരം
  • ലേപനമലങ്കാരം നാമകീർത്തനങ്ങളും
  • ഇങ്ങനെ പലവിധം കണ്ടുഞാനകലെ നി-
  • ന്നങ്ങൊരു ദിക്കിൽ ശിവബിംബവും കണ്ടീടിനേൻ
  • മാലകൾ വിളക്കുകൾ ഗുൽഗ്ഗുലുധൂപങ്ങളും
  • ചാലവേകണ്ടു തത്ര ഞാനങ്ങു നിൽക്കുന്നേരം
  • പട്ടിയെ പ്രഹരിപ്പിനെന്നൊരു ഘോഷം കേട്ടു
  • കട്ട കൊണ്ടെറിഞ്ഞെറിഞ്ഞെത്തിനാർ ചിലരപ്പോൾ
  • പേടിച്ചു വാലും തേറ്റങ്ങോടിനേനഹം തദാ
  • താഡിച്ചു ചിലർ വന്നു വേർപെടുത്തിതുചിലർ
  • കിങ്കരന്മാരിൽ ഭയം കൊണ്ടു ഞാനെന്നാകിലും
  • ശങ്കരക്ഷേത്രം മൂന്നു വലം വെച്ചേനല്ലോ
  • പോന്നു ഞാനൊരുദിക്കിൽ വീണുടൻ പ്രാണൻ പോയി
  • വന്നിഹ നരേന്ദ്രനായ് ജാതനായെന്നേ വേണ്ടൂ
  • ശംഭുബിംബാലോകനം കാരണം നമുക്കിപ്പോൾ
  • ശംഭുസേവനം ചെയ്‌വാൻ ഭക്തിസംഭവിപ്പാനും
  • കണ്ടതു ഭുജിക്കയും കണ്ട ചേഷ്ടിതങ്ങളും
  • പണ്ടുപട്ടിയാകകൊണ്ടുള്ള ദുശ്ശീലങ്ങൾ
  • വാസനയ്ക്കൊരിക്കലും ഭംഗമില്ലറിക നീ
  • വാസനാധീനം ജഗച്ചേഷ്ടിതം സുലോചനേ!
  • ഈശനെബ്ഭജിക്കനീ സാദരം സംസാരമാം
  • പാശബന്ധനം പ്രിയേ! വേർപെടുത്തീടാമെന്നാൽ
  • എന്നിവകേട്ടു പറഞ്ഞീടിനാൾ കുമുദ്വതി
  • എന്നുടെ കാന്തൻ ത്രികാലജ്ഞാനനെന്നാകിൽ ഭവാൻ
  • എന്നുടെ നടേജന്മമേതെന്നു പറഞ്ഞാലും
  • എന്നതുകേട്ടു നൃപൻ ചൊല്ലിനാൻ കനിവോടെ
  • പണ്ടുനീകപോതിയായ്പിറന്നുപറന്നുടൻ
  • ചുണ്ടുകൊണ്ടൊരുമാംസമിറുക്കിക്കൊണ്ടുപോയാൾ
  • കണ്ടുകണ്ടടുക്കുന്നമറ്റൊരു മാടപ്രാവെ-
  • ക്കണ്ടു നീ ഭയപ്പെട്ടു മണ്ടിനാൾ ദൂരം ദൂരം
  • ഉത്തമശ്രീപാർവതീക്ഷേത്രത്തെപ്രാപിച്ചുനീ
  • സത്വരം പ്രദക്ഷിണം ചെയ്തിതു മൂന്നുവട്ടം
  • ഉന്നതദ്ധ്വജാഗ്രത്തെ പ്രാപിച്ചു വസിച്ചിതു
  • വന്നിതുകപോതവും മാംസപിണ്ഡത്തെത്തിന്മാൻ
  • ക്രൂരനാമവൻ നിന്നെകൊത്തിക്കൊന്നുടൻ തന്നെ
  • ചാരുമാംസവും കൊണ്ടു പറന്നുപോയീടീനാൻ
  • ത്ര്യംബകപ്രദക്ഷിണം കാരണം നീയുമിപ്പോൾ
  • അംബുജവിലോചനേ! രാജ്ഞിയായ്പ്പിറന്നിതു
  • ബുദ്ധിപൂർവമെന്നിയേ ചെയ്കിലും ശിവാർച്ചനം
  • സിദ്ധിതമതിന്നിഹ ദൃഷ്ടാന്തം നീയും ഞാനും
  • ചൊല്ലിനാൾ കുമുദ്വതി വിസ്മയം മനോഹരം
  • വല്ലഭാ! ശിവാർച്ചനം സർവദാ ചെയ്തിടുന്നേൻ!
  • ഇന്നിനാമിരുവരുമേതൊരുകുലം തന്നിൽ
  • ചെന്നുടൻ ജനിച്ചീടുമെന്നതുപറഞ്ഞാലും
  • മന്നവൻ പറഞ്ഞിതു ഞാനിനിജ്ജനിച്ചീടും
  • മന്നിടം തന്നിൽ സിന്ധുരാജനായ് രണ്ടാം ഭവേ
  • സുജ്ജനേശ്വരനുടെ പുത്രിയായ്പിറക്കും നീ
  • മഞ്ജുഭാഷിണീമമവല്ലഭയാം നീയന്നു
  • പിന്നെ ഞാൻ മൂന്നാം ജന്മേ സൌരാഷ്ട്രക്ഷിതീശ്വരൻ
  • അന്നുനീകുലാംഗജാമല്പ്രിയാമനോഹരീ
  • ഞാനുടൻ നാലാം ഭവേ ഗാന്ധാരക്ഷമാപതി
  • മാനിനിനീയും മഗധാത്മജാ മദ്ഗേഹിനീ
  • പഞ്ചമജന്മം തന്നിലവന്തി ഭൂപാലൻ ഞാൻ
  • ചഞ്ചലേക്ഷണേ! ദശാർണ്ണാത്മജാനീയും തദാ
  • ഷഷ്ഠമാം ജന്മം തന്നിലാനർത്താധിപൻ ഞാനും
  • ശിഷ്ടനാം യയാതി തൻ വംശജാനീയും ബാലേ!
  • സപ്തമേഭവേശുഭേ! പാണ്ഡ്യരാജേന്ദ്രൻ ഞാനും
  • ഉത്തമൻ വിദർഭന്റെ പുതി നീ സുമദ്ധ്യമേ!
  • പത്മവർണ്ണനെന്നെനിക്കാഖ്യയും വരും തദാ
  • പത്മലോചനേ! നിനക്കാഖ്യയും വസുമതി
  • പത്മവർണ്ണനെന്നുള്ള ഞാനതി മനോഹരൻ
  • പത്മനാഭനെപ്പോലെ വീര്യവും സൌന്ദര്യവും
  • കന്യകാവസുമതിയാകിയ നീയും ഭദ്രേ!
  • ധന്യയാം മഹാലക്ഷ്മീസന്നിഭാമനോഹരീ
  • അന്നു നിൻ സ്വയംവരേ വന്നുടാൻ വാണീടുന്ന
  • മന്നവന്മാരെത്യജിച്ചെന്നെ നീ മാലയിടും
  • വൈരസേനിയെപ്പണ്ടു സാരയാം ദമയന്തി
  • സാരസേക്ഷണാവരിച്ചീടിനാളെന്നപോലെ
  • അങ്ങനെ രമിക്കുംനാമംഗനാതിലകമേ!
  • മംഗല ചതുർദ്ദശികർമ്മകർമ്മകന്മാരായ്
  • പുത്രനെജ്ജനിപ്പിച്ചു രാജ്യഭാരവുമെല്ലാം
  • തത്രകൈവെടിഞ്ഞുടൻ കാനനം പ്രവേശിക്കും
  • കുംഭജപ്രസാദത്താലാത്മതത്ത്വജ്ഞന്മാരായ്
  • ശംഭുസായൂജ്യാമൃതം നമുക്കു ലഭിച്ചീടും
  • ഇങ്ങനെ പറഞ്ഞുപണ്ടുത്തമൻ വിമർശനൻ
  • അങ്ങനെ തന്നെയെന്നനുഭൂതിയും പ്രാപിച്ചിതു
  • അത്ഭുതം ചതുർദ്ദശി പൂജനം മഹാവ്രതം
  • സല്ഫലം ശിവാർച്ചനം സർവകാമദം ശുഭം
ചതുർദ്ദശി മാഹാത്മ്യം സമാപ്തം