ശിഥിലചിന്ത
ശിഥിലചിന്ത രചന: |
നാകതിനുള്ളിൽ നരകം പണിഞ്ഞും
ശോകതിലാനന്ദമുദിച്ചുകണ്ടും
തീരാത്ത നാനാനിനവാർന്നോരറ്റിൻ -
തീരത്ത് ഞാനങ്ങനെ നിന്നുപോയി!
സമസ്തവസ്തുക്കളിലോന്നുപോലെ
സമത്വമില്ലായ്മ നിലച്ചിടാൻതാൻ
അമർത്യലോകത്തെയുമേക ഹസ്താ-
ലമർത്തി വാഴുന്നവനാശപോലും
വാനത്തു തൻ കീർത്തിയുയർന്നുപോവാ-
നായെതിനോക്കുന്ന ഗിരിപ്പരപ്പിൻ-
പാദങ്ങളോന്നു പരിചര്യചെയ് വു
പാവങ്ങൾ സാനുക്കൾ തൃണപ്രമാണർ.
നിലയ്ക്കു തെല്ലും കുറവേശിടാതെ
മലയ്ക്കു പച്ചക്കുട ചൂടുവാനായ്
താഴത്തു താപർത്തി സഹിച്ചു മേവും
സാനുക്കൾതൻ ജീവനധാര വേണം
ഒരിക്കലും തെല്ലലിവാർന്നിടാതെ-
യുറച്ച പാറക്കിടയിങ്കലൂടെ
ഒലിച്ചുപായുന്നു സരിൽക്കുലങ്ങ-
ളലച്ചിൽകൊണ്ടഷ്ടി കഴിചിടുന്നോർ.
സാധുക്കളക്കൂട്ടർ പരിശ്രമത്താൽ
സമ്പാദ്യമാർന്നീടിന മൌക്തികങ്ങൾ
പാറക്കു മാറത്തണിമാല ചാർത്താൻ
പാദത്തിൽ വെച്ചേ മതിയാകുകായുള്ളു.
പാരിന്റെ സൌന്ദര്യനിധാനമായി-
ത്താരിന്നു തൻ ശീർഷമുയർത്തി നിൽക്കാൻ
പരാതഹസ്സിൻ പരിഹാസഭാസ്സാൽ
താരാളി മങ്ങിതലചാചിടെണം
പാടചെളിച്ചാർത്തു മറച്ചുവെച്ചു
പാരിന്നു പച്ചപ്പുതുപ്പട്ടുടുപ്പാൻ
കാറായ കീറത്തുണി ചുറ്റി വാനം
തോരാതെ കണ്ണീരു ചോരിഞ്ഞിടെണം
ഇതാണു ലോകസ്ഥിതി, വിശ്വമതിൻ- -
വിശാലനെത്രങ്ങളോരെവിധത്തിൽ
ഇരിക്കയി,ല്ലോന്നു കരഞ്ഞിടുമ്പോൾ
ചിരിപ്പു മറ്റേ തിതിനെന്നോരന്ത്യം!
അതാ ശ്രവിപ്പുണ്ടകലെസ്സമത്വ -
വിവാദകോലാഹലവാദ്യഘോഷം;
അതിൽ പ്രപാതത്തെ നിനച്ചു പേടി-
ച്ചനേകവൃക്ഷങ്ങൾ വിറയ്ക്കയല്ലീ?
നിമ്നോന്നതാധ്വാക്കളനേകമെന്നും
പിന്നിട്ടു മുന്നോട്ടു കുതിച്ചു മേന്മേൽ
കാലപ്രവാഹം സമമായോലിക്കും
കാലം മനുഷ്യർക്കു വസന്തകാലം