Jump to content

ശബ്ദശോധിനി/മുഖവുര

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മുഖവുര

ശബ്ദശോധിനിയുടെ രണ്ടാംപതിപ്പ് കുറെ തിടുക്കമായി തയ്യാറാക്കേണ്ടി വന്നതിനാൽ അതിൽ വിചാരിച്ചിരുന്ന പരിഷ്കാരമെല്ലാം ചെയ്‌വാൻ കഴിഞ്ഞില്ല.പ്രൂഫ് തിരുത്തുന്നതിന് എനിക്ക് തരപ്പെടാത്തതിനാൽ പ്രക്രീയ പറയുന്നിടത്തും മറ്റും പരാമർശസൌകര്യത്തിനുവേണ്ടി ചൂണ്ടിക്കാണിച്ചിട്ടുള്ള വകുപ്പുകളുടെ നമ്പർ പല ദിക്കിലും തെറ്റിപ്പോകാനിടവന്നിരുന്നു. ഈ വക ന്യൂനതകളെ പരിഹരിച്ചതിനുപുറമേ ഈ പതിപ്പിൽത്തന്നെ പല പരിശോധനകളും ചെയ്തിട്ടുണ്ട്. അവതാരികയിൽ ഭാഷാചരിത്രം എന്നൊരു പുതിയ വകുപ്പ് മധ്യമവ്യാകരണത്തിൽ നിന്ന് എടുത്ത് ചേർത്തിരിക്കുന്നു. ഷട്ടപുസ്തകങ്ങളിൽ ഷെഡ്യൂൾ (Schedule) എന്നു പറയുന്ന പട്ടികയുടെ രീതിയിൽ എഴുതീട്ടുള്ള സന്ധിപ്രകരണത്തിൽ വകുപ്പുകളുടെ ഉൾപ്പിരിവുകളെ വേർതിരിച്ചുകാണിപ്പാനായി അച്ചടിയിൽ പരിഷ്കാരങ്ങൾ ചേർത്തിട്ടുണ്ട്. പട്ടികാരീതി വിദ്യാർത്ഥികളുടെ കണ്ണിനെ സഹായിക്കും പോലെ ധാരണയെ സഹായിക്കാത്തതിനാൽ അവർക്ക് ഓർമ്മിക്കാൻ സൌകര്യത്തിനുവേണ്ടി സന്ധിസൂത്രങ്ങളെയെല്ലാം പ്രകരണാന്തത്തിൽ ശ്ലോകരൂപേണ സംഗ്രഹിച്ചിരിക്കുന്നു. ചുരുക്കത്തിൽ പുസ്തകം എഴുതുന്നവർ വിഷയത്തെ വ്യക്തമാക്കുന്നതിൽ എത്രത്തോളം അധികമധികം പ്രയാസം ചെയ്യുന്നുവോ അത്രത്തോളം വിദ്യാർത്ഥികൾക്ക് വിഷയം ഗ്രഹിക്കുന്നതിൽ പ്രയാസം കുറഞ്ഞുകുറഞ്ഞുവരുമെന്നുള്ള ന്യായം പ്രമാണിച്ച് ഈ പതിപ്പിൽ കഴിയുന്ന പരിഷ്കാരമെല്ലാം ചെയ്തിട്ടുണ്ട്.


൧൦൮൩ മിഥുനം ൧൯

ഗ്രന്ഥകർത്താ


തിരുവനന്തപുരം

"https://ml.wikisource.org/w/index.php?title=ശബ്ദശോധിനി/മുഖവുര&oldid=78938" എന്ന താളിൽനിന്ന് ശേഖരിച്ചത്