ശബ്ദശോധിനി/അവതാരിക
ഏതെങ്കിലും ഒരാഗ്രഹം മനസ്സിൽ ജനിച്ചാൽ നിങ്ങൾ അതിനെ നിങ്ങളുടെ അച്ഛനമ്മമാരോട് ചെന്ന് പറയുന്നു.നിങ്ങൾപറയുന്നത് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ജനിച്ച ആഗ്രഹം ഇന്നതെന്ന് അവർ ഗ്രഹിക്കുന്നു; ആഗ്രഹം സാധിക്കേണ്ടതാണെങ്കിൽ അതിനെ അവർ നടത്തിത്തരുകയും ചെയ്യുന്നു.ഇതിന്മണ്ണം എല്ലാ മനുഷ്യരും അവരവരുടെ മനസ്സിലുണ്ടാകുന്ന വിചാരങ്ങളെ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുന്നു. ഇങ്ങനെ ചില ശബ്ദങ്ങൾ പുറപ്പെടുവിച്ച്, അന്യോന്യം മനോഭേവങ്ങളെ ഗ്രഹിപ്പിക്കുന്നതിലേക്ക് ഏർപ്പെട്ടിട്ടുള്ള സമ്പ്രദായത്തിനു ഭാഷ യെന്നു പേർ.
എന്നാൽ പട്ടാണിമാരും, ധ്വരമാരും, ഗോസായിമാരും മറ്റും തങ്ങളിൽ സംസാരിക്കുന്നത് കേട്ടാൽ നിങ്ങൾക്ക് അവരുടെ മനേഭാവം വെളിപ്പെടുന്നില്ല. അതിന്മണ്ണം നിങ്ങൾ പറയുന്നത് അവർക്കും മനവ്വിലാവുന്നില്ല, നിങ്ങളുടേയും അവരുടേയും ഭാഷ വേറെയാകുന്നു. ഭാഷകൾ അതിനാൽ പലവകയുണ്ടെന്നു ധരിക്കണം. നാം സംസാരിക്കുന്ന ഭാഷയ്ക്കു മലയാളം എന്നു പേർ. എല്ലാ ഭാഷകൾക്കും ചില നിബന്ധനകളുണ്ട്. ഇവയെ ഗ്രഹിച്ചിരുന്നാലേ ഒരുവന് അവയെ ശരിയായിഉപയോഗക്കാൻ കഴിയൂ.ഭാഷയുടെ നിബന്ധനകളെ പ്രസ്താവിക്കുന്ന ഗ്രന്ഥത്തിനു് വ്യാകരണം എന്നു പേർ. സംസാരിച്ചു മാത്രമല്ല എഴുതിയും ഭാഷയെ ഉപയോഗിക്കാം. വാദ്ധ്യാന്മാർ പറഞ്ഞുതരുന്നതിനെ കേൾക്കുമ്പോൾ നിങ്ങൾ സംഗതികളെ ഗ്രഹിക്കുംപോലെ പുസ്തകത്തിൽ നോക്കി വായിക്കുമ്പോഴും നിങ്ങൾക്ക് കാര്യം മനസ്സിലാകുന്നുണ്ടല്ലോ. അതിനാൽ ഭാഷ രണ്ടുവിമുണ്ടെന്നു പറയാം. സംസാരിക്കുന്ന ഭാഷ വാമൊഴി എഴുതുന്ന ഭാഷ വരമൊഴി. വാമൊഴിയിൽ അധികം വരമൊഴിയിലാണു വ്യാകരണത്തിന്റെ ആവശ്യം. പ്രായേണ നാം വീടുകളിൽ സംസാരിക്കുമ്പോൾ ചെറിയ തുണ്ടുവാചകങ്ങളേ ഉപയോഗിക്കാറുള്ളൂ. അവയെ സംബന്ധിച്ചിടത്തോളം ഉള്ള വ്യാകരണ നിബന്ധനകളെല്ലാം ബാലൻമാർക്കു വിശേഷാഭ്യാസം കൂടാതെ തനിയേ മനസ്സിലാകുകയും ചെയ്യും. അതിനു പുറമേ, നേരേ സംസാരിക്കുമ്പോൾ ശ്രോതാവിനു സംഗതി മുഴുവൻ ബോധപ്പെട്ടില്ലെങ്കിൽ ആംഗികങ്ങളുടേയും മറ്റും സഹായം കൊണ്ടും, വ്യാഖ്യാനിച്ചുകൊടുത്തും അവനെ കാര്യം ഗ്രഹിപ്പിക്കാം. ഗ്രന്ഥമെഴുതുമ്പോഴാകട്ടെ ആവക സൌകര്യങ്ങളില്ലാത്തതിനാൽ വായനക്കാർക്കു വിവക്ഷിതം മനസ്സിലാക്കാതെ പോകയോ അന്യഥാ ഗ്രഹണം വരികയോ ചെയ്യാൻ ഇടയുണ്ട്. അതിനാൽ വരമൊഴിയിൽ വ്യാകരണനിബന്ധനകളെ അവശ്യം അനുഷ്ഠിച്ചേ തീരൂ.
'ആന കരിമ്പുതിന്നുന്നു', 'എലി മുണ്ടുകരണ്ടു' എന്നും മറ്റും ഓരോ വാക്യം ആയിട്ട്, സംസാരിക്കാതെ, 'ആന','കരിമ്പ്','എലി'മുതലായ ഒറ്റപ്പദങ്ങളെ ഉച്ചരിച്ചാൽ, നമുക്ക് ഒരർത്ഥബോധവും ഉണ്ടാകുന്നില്ല. അതിനാൽ ഭാഷയുടെ നാരായവേരായതു പദമല്ല വാക്യംതന്നെ ആണ് എന്ന് സ്പഷ്ടമാകുന്നു. ബാലന്മാർക്ക് ശബ്ദവ്യുൽപ്പത്തി വരാൻവേണ്ടി വൈയ്യാകരണൻ വാക്യത്തെ പദങ്ങൾ ആയിട്ടും, പദങ്ങളെ പ്രകൃതിയും പ്രത്യയങ്ങളും ആയിട്ടും, പ്രകൃതി പ്രത്യയങ്ങളെ അക്ഷരങ്ങൾ ആയിട്ടും വിഭജിക്കുന്നു.
വാക്യം, പദം, അക്ഷരം ഈ മൂന്നുമാകുന്നു വ്യാകരണത്തിന്റെ പ്രതിപാദ്യവിഷയങ്ങൾ. അവയിൽ വാക്യത്തെക്കുറിച്ചു പ്രസംഗിക്കുന്ന ഭാഗത്തിനു ആകാംക്ഷാകാണ്ഡം എന്നും; പദത്തെപ്പറ്റിയുള്ളതിനു പരിനിഷ്ഠാകാണ്ഡം എന്നും; അക്ഷരത്തെപ്പറ്റിയുള്ളതിനു ശിക്ഷാകാണ്ഡം എന്നു പേരുകൾ ആകുന്നു. ഇവയ്ക്കു പുറമേ ശബ്ദങ്ങളുടെ ആഗമത്തെക്കുറിച്ചു വിവരണംചെയ്യുന്ന നിരുക്തം എന്ന ഭാഗംകൂടി വ്യാകരണഗ്രന്ഥങ്ങളിൽ ചേർക്കാറുണ്ട്.
ശാസ്ത്രഗ്രന്ഥങ്ങളെഴുതുന്നതിനു അപഗ്രഥനരീതി എന്നും ഉൽഗ്രഥനരീതി എന്നും രണ്ടുവക രീതികളുണ്ട്. വാക്യത്തെ എടുത്തു കൊണ്ട് അതിനെ പദങ്ങളായും, പദങ്ങളെ പ്രകൃതി പ്രത്യയങ്ങളായും, പ്രകൃതിപ്രത്യയങ്ങളെ,പുനശ്ച, അക്ഷരങ്ങളായും വിഭജിച്ചു പോകുന്നത് അപഗ്രഥനരീതി; ഇതിനു വിപരീതമായി അക്ഷരങ്ങളിൽനിന്നും വാക്യത്തിലേക്കു പോകുന്നതു ഉൽഗ്രഥനരീതി. ഇവയിൽ ഈ ശബ്ദശോധിനി രണ്ടാമതായിപ്പറഞ്ഞ ഉൽഗ്രഥനരീതിയിൽ നിർമ്മിക്കപ്പെട്ടതാകുന്നു.