Jump to content

വേദാധികാരനിരൂപണം/വേദസ്വരൂപം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വേദാധികാരനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
വേദസ്വരൂപം


വേദസ്വരൂപം

[തിരുത്തുക]

1. ലോകത്തിൽ മിക്കപെരും ഗൗരവമായി വച്ചിരിക്കുന്ന ഗ്രന്ഥം ഏതാകുന്നു എന്നു വിചാരിച്ചാൽ വേദമത്രേ: സന്ദേഹമില്ല. സൃഷ്ടിയിൽ അടങ്ങിയ സകലജനങ്ങളും നാസ്തികന്മാർ, ആസ്തികന്മാർ എന്നിങ്ങനെ രണ്ടു വകുപ്പിലുൾപ്പെടും. ഈശ്വരനേ ഇല്ല എന്നുള്ളവർ നാസ്തികന്മാർ ആകുന്നു. നാസ്തികവാദം ചെയ്യുന്നവർ ചിലരുണ്ടായിരുന്നാലും വാസ്തവത്തിൽ ആ മതത്തെ ആന്തരമായി വിശ്വസിച്ച് അനുഷ്ടിക്കുന്നവർ ഒരുത്തരും കാണുകയില്ല. ആ പാരാത്പര വാസ്തു ഉണ്ടെന്നു വിശ്വസിച്ചു നടക്കുന്നവർ ആസ്തികന്മാരാകുന്നു. ഇവരുടെ സംഖ്യ വളരെയുണ്ട്. എങ്കിലും ഈശ്വര സ്വരൂപത്തെയും ഈശ്വരനും പ്രപഞ്ചത്തിനുമുള്ള സംബന്ധങ്ങളെയും ഈശ്വരന്റെ ശക്തിഗുണാതിശയങ്ങളെയും കുറിച്ചുള്ള ബോധാചരണങ്ങളിൽ ഇവർ പല വകക്കാരായിരിക്കും.

ഈ വർഗ്ഗങ്ങളിൽ ശ്രൗതന്മാർ, പ്രവഞ്ചവേദികൾ എന്ന രണ്ടു വകുപ്പുകാരപറ്റി പ്രകൃതത്തിൽ വിചാരിച്ചാൽ മതികായും. ധർമ്മാധർമ്മജ്ഞാനമുണ്ടാകുന്നതിലേയ്‍ക്ക് ഈശ്വരൻ തന്നെ ദയവുചെയ്തു വേദമെന്ന ഒരു പുസ്തകത്തെ നമുക്കു തന്നുവെന്നു വിശ്വസിച്ചിരിക്കുന്നുന്നവരെല്ലാവരും ശ്രൗതന്മാരാണ്. ഇപ്രകാരമല്ലാതെ ഈശ്വരൻ ഒരുത്തൻതന്നെ രക്ഷിതാവെന്നും, അദ്ദേഹം സൃഷ്ടിച്ച പ്രപഞ്ചംതന്നെ വേദമെന്നും വിശ്വചിച്ചിരിക്കുന്നവർ പ്രപഞ്ചവേദികളാണ്. വേദവിഷയത്തെക്കുറിച്ചു വിചാരിക്കുമ്പോൾ ഈ വകുപ്പുകാരുടെ അഭിപ്രായങ്ങളെയും ഒന്നോടൊന്നിപ്പിച്ചു നിരുപണം ചെയ്യുന്നതെ അനാവശ്യകാമയില്ലെന്നു കരുതുന്നു.


2. വേദമെന്നത് എന്ത്? അതിന്റെ കർത്താവ് ആർ? അതിന്റെ സംഖ്യ എത്ര ? അതെങ്ങനെയുള്ളതാണ്. എന്നു വിചാരിക്കുമ്പോൾ അതിനു കർത്താവില്ലെന്നു ചിലരും, അത് ഋഷിപ്രോക്തമെന്നു മറ്റു ചിലരും. അതിനെ ഈശ്വരൻ സൃഷ്ടിച്ചുവെന്നു വേറേ ചിലരും. വേദത്തിനു സംഖ്യയില്ല എന്ന് ഏതാനും ചിലരും. സകല പ്രമാണങ്ങളിലുംവച്ച് വേദം തന്നെ മുഖ്യമെന്ന് ഒരു കൂട്ടരും. അത് മനുഷ്യ കർത്ത്യകമാണെന്നു പിന്നെ ചിലരും. ശംബ്ദപ്രമാണങ്ങളിൽ വെച്ച് ഇതു മുഖ്യം തന്നെ എന്നു വരികിലും, പ്രത്യക്ഷാനുമാനാപേക്ഷയാ ഇതു താഴ്ന്ന്തെന്നു ചിലരും വിശ്വസിച്ചിരിക്കുന്നതായി അറിയുന്നതിനാൽ ഈ വിഷയങ്ങളെയെല്ലാം ഒരോന്നായിട്ടു നിരുപണം ചെയ്യേണ്ടത് ആവശ്യമായിരിക്കുന്നു.


3. ഇവിടെ ആദ്യമായി ശബ്ദത്തിന് അർത്ഥമെന്തെന്നാണു വിചരിക്കേണ്ടത്. ഒരു വസ്തുവിന്റെ പൂർണ്ണമായ ബോധം ഉണ്ടാകണമെങ്കിൽ അതിനുള്ള പല നാമങ്ങളുടെ അർത്ഥത്തേയും ഉദ്ദേശത്തേയും ഒന്നായിചേർത്തു യോജിപ്പിക്കയെന്നത് ആവശ്യമാകും. ആകയാൽ വേദമെന്ന ശബ്ദത്തിന്റെ അന്തരംഗത്തെ അറിവാനിച്ഛിക്കുന്നവർ അതിന്റെ പര്യായങ്ങളോട് അതിനെചേർത്ത് ആലോചിക്കേണ്ടതാണ്.

വേദം, ശ്രുതി, ആമ്നയം ഈ മൂന്നു പദങ്ങളും ഒരേ അർത്ഥത്തെക്കുറിക്കുന്നതായി അമരകോശകാരൻ പറഞ്ഞിരിക്കുന്നു. ഇവയിൽ വേദമെന്നതിന്റെ നിഷ്പത്തി പറയുമ്പോൾ "വിദന്ത്യനേന ധർമ്മധർമ്മവിതി വേദഃ" യാതൊന്നിന്റെ സഹായത്താൽ ധർമ്മാധർമ്മങ്ങളെ അറിയാനിടയാകുന്നോ അതിനെ വേദമെന്നു പറയുന്നു - എന്നു ചിലരും പറയും. "വേദയതീതി വേദഃ"- വേദിപ്പിക്കുന്നതിനാൽ [1] വേദമെന്നു മറ്റു ചിലരും പറയും. ഈ രണ്ടു നിഷ്പത്തികളിലും ശബ്‍ദങ്ങൾ വെവ്വേറെ എന്നുവരികലും അർത്ഥത്തിൽ ഭേദമില്ല. ഇനി ’ബ്രഹ്മം - നിഗമം’ ശബ്ദരത്നാവലിയും. ’പ്രവചനം’ അന്നു ജടാധരനും ഇതിനു പര്യായങ്ങൾ പറഞ്ഞിട്ടുണ്ട്. ’ബ്രഹ്മവേദേതി ബ്രാഹ്മണഃ" എന്ന പ്രമാണ പ്രകാരം ബ്രഹ്മത്തെ - പരമാത്മാവിനെ താനായി അറിയുന്നവൻ എന്ന വ്യുത്‍പത്തിയനുസരിച്ചുള്ള ബ്രഹ്മജ്ഞാനിയെ ഒഴിച്ച് ബ്രഹ്മ-ശബ്‍ദ ബ്രഹ്മ - ത്തെ പഠിച്ചിട്ടുള്ളവൻ ബ്രാഹ്മണപദവാച്യനായത് ഇതിലെ ബ്രഹ്മശബ്‍ദത്തിന്റെ സാർത്ഥക്യംകൊണ്ടാണെന്നു മനസ്സിലാക്കാം. വേദമെന്ന ഗ്രന്ഥം ജീവാത്മ പരമാത്മാകളുടെ ഇരിപ്പിനേയും. അവയുടെ സ്വരൂപ സംബന്ധാദികളേയും എങ്ങനെ പ്രകാശിപ്പിക്കുന്നോ അതുപോലെതന്നെ പ്രപഞ്ചവും അവയെ ശോഭിപ്പിക്കുന്നതിനാൽ വേദമെന്നതു പ്രപഞ്ചംതന്നെ: അല്ലാതെ അപ്രകാരം പറയപ്പെടുന്ന പുസ്തകം മാത്രമല്ല എന്നു പ്രപഞ്ചവേദികൾ അഭിപ്രായപ്പെടുന്നു.

മേലും "ശ്രുയതേ ധർമ്മധർമ്മദികം അനയാ ഇതി ശ്രുതിഃ" - ധർമ്മാധർമ്മാദികൾ ഇതിന്റെ സഹായത്താൽ കേൾക്കപ്പെടുകകൊണ്ട് ഇതിനു ശ്രുതിയെന്നു പേരുവന്നു - എന്നു ചിലരും "ശ്രുയത ഇതി ശ്രുതിഃ" - ശ്രവിക്കപ്പെടുകയാൽ ശ്രുതിയെന്നായി - അന്നു മറ്റു ചിലരും ഇതിനു നിഷ്പത്തി പറയുന്നു. ഈശ്വരങ്കൽനിന്നു നേരേ കേൾക്കപ്പെട്ടതുകൊണ്ട് ഇതിനു ശ്രുതി എന്ന നാമം സിദ്ധിച്ചതായി ശ്രൗതന്മാർ പറയുന്നു. പ്രപഞ്ചവേദികളുടെ അഭിപ്രായം വേറെ വിധത്തിലാണ്. എങ്ങനെയെന്നാൽ, വേദങ്ങളിൽ ഭൂരിപക്ഷവും എഴുത്തകൾ ഏർപ്പെടുന്നതിനു മുമ്പുതന്നെ ഉണ്ടായതുകൊണ്ട് മറ്റു ഗ്രന്ഥങ്ങളെപ്പോലെ ഇതു പുസ്തകങ്ങളിൽ പഠിക്കപ്പെടാതെ ഒരുത്തൻ മറ്റൊരുത്തനും, അവൻ വേറെ ഒരുത്തനും, അദ്ധ്യയനം ചെയ്യിച്ചുതന്നെ ’പ്രവചന’മായി എന്നത്രേ ഇതിനർത്ഥം എന്നു പ്രപഞ്ചവേദികൾ പറയും. വേദമെന്നതിനുള്ള മറ്റൊരു പര്യായം ഈ പ്രപഞ്ചവേദികളുടെ മതത്തെ ആദരിക്കുന്നു. "ആമ്നായതേ പാരംപര്യേണ ഇത്യാമ്നായഃ" - പരംപരയായി അഭ്യസിക്കപ്പെടുകയാൽ ഇതിനെ ആമ്‍നായമെന്നു പറയുന്നു - എന്ന് ഇതിനു നിഷ്‍പത്തി സാധിക്കുന്നു. അച്ഛൻ മകനും; മകൻ പൗത്രനും ഈ മാതിരിയിൽ പാഠം ചൊല്ലി നിലനിന്നു പോരുന്നതിനാൽ ഇതിന് "ആമ്നായം’ എന്നു നാമം ഈ രണ്ടുപേരുടേയും മതം ഭിന്നിച്ചിരിക്കയാൽ വേദം പൗരുഷേയമോ അപൗരുഷേയമോ എന്ന് ഒരു വിചാരം ഉണ്ടാകുന്നു.

വേദം പരമാത്മക്യതമെന്നല്ലാതെ മനുഷ്യകൃതമല്ല എന്നു ശ്രൗതന്മാർ അഭിപ്രായപ്പെടും. ഇതിന് ആധാരമായി അവർ പറയുന്ന ഹേതുക്കൾ എന്തെല്ലാമെന്നാൽ :-


1. വേദങ്ങളിൽ പറയെപ്പെട്ട സകലവും സത്യമാകയാലും, "സത്യസംഹിതാ വൈ ദേവാഃ, അന്യതസംഹിതാവൈ മനുഷ്യാഃ" - ദേവന്മാർ മാത്രം സത്യവാന്മാർ, മനുഷ്യർ അസത്യവാന്മാർ - എന്നു വേദത്തിൽതന്നെ പറഞ്ഞിരിക്കയാലും, അത് അപൗരുഷേയമയിട്ടെ ഇരിക്കു.


2. വേദങ്ങൾക്കു കർത്താവില്ല എന്ന് സ്മൃത്യാദികളിൽ സ്പഷ്ടമായി പറയപ്പെട്ടിരിക്കുന്നതിനാൽ അത് മനുഷ്യ കർത്തൃകമല്ല.


3. നാഗരികത്വം വർദ്ധിച്ച ഇക്കാലത്തുള്ളവരും ആദരിച്ച് ഗൗരവത്തോടെ സ്വീകരിക്കത്തക്ക ഇപ്രകാരമുള്ള ഗ്രന്ഥങ്ങളെ, ജ്ഞാനവും നാഗതികത്വവും ഉണ്ടായിട്ടില്ലാത്ത ആദികാലത്ത് കേവലം മനുഷ്യർ ഉണ്ടാക്കുകയെന്നത് അസാദ്ധ്യമോടിയിലാകയാൽ അതിനെ ദൈവികമെന്നുതന്നെ നിശ്ചയിക്കണം.


4. ദൈവികമായ ധർമ്മഗ്രന്ഥം ഒന്നിരുന്നാലല്ലതെ മനുഷ്യർക്കു ധർമ്മബോധം ഉണ്ടാകയില്ല. അതിനാൽ ഈ ആവശ്യത്തിന്റെ പേരിൽ അതിനെ ദിവ്യത്വമുള്ളതായി കരുതണം.


5. ഋഷികൾ മുതലായവരാൽ നിർമ്മിക്കപ്പെട്ട ഇതിഹാസപുരാണാദി ഗ്രന്ഥങ്ങളേക്കാൾ ശ്രേഷ്ഠതരമായ പ്രമാണമായിട്ട് ആദിമുതൽക്ക് ആദരിച്ച് നടന്നുവരുന്നവിനാൽ അത് മനുഷ്യകൃതമല്ലെന്നു നിശ്ചയിക്കേണ്ടതാണ്.

ഇനി അനേകം ചില്ലറ ഹേതുക്കളെ അവർ പറയുന്നുണ്ട്.

ഇതിന് നേരേ വിരോധമായി പ്രപഞ്ചവേദികൾ പറയുന്ന ഹേതുക്കളേ കാണിക്കാം.


1. വേദത്തിൽ പറഞ്ഞിരിക്കുന്ന എല്ലവിഷയങ്ങളും സത്യമെന്നുവയ്‍ക്കാൻ പാടില്ല. അർത്ഥവാദപരമായും. ഉപാഖ്യാനാദി വിഷയമായും ഇരിക്കുന്നവ നോക്കുക. അതിൽ അധികഭാഗവും കർമ്മകാണ്ഡമായിട്ടു കുറച്ചുഭാഗം ബ്രഹ്മകാണ്ഡമായിട്ടും ഇരിക്കുന്നുവെന്ന് എല്ലാവർക്കും അറിയാമല്ലോ. ഈ കർമ്മകാണ്ഡങ്ങളിൽ പറഞ്ഞിട്ടുള്ള വിഷയങ്ങളിൽ പലതും ഹേയമായിത്തന്നെ ഇരിക്കുന്നുവെന്ന് പ്രസിദ്ധം. യാഗാദികളിൽ നടക്കുന്ന ഹിംസ എന്തുകാരണത്താലെങ്കിലുമാകട്ടെ. സാധുവാകുമോ? ഒരിക്കലുമില്ല.

"പരോക്ഷവാദോ വേദോ യം
ബാലനാമനുശാസനം."-

ആശയാന്തരത്തെ ഗർഭീകരിച്ച് ’ഗുഡജീഹ്വികാ’ ന്യായേന[2] കർമ്മത്തിൽ നിന്ന് നിവർത്തിപ്പിക്കുന്നതിനായി മാത്രം വേദം ക്രിയമാർഗ്ഗം നിർദ്ദേശിക്കുന്നതേ ഉള്ളു - എന്നും,

"തേ മേ മതമവിജ്ഞായ
പരോക്ഷം വിഷയാത്മകാഃ
വ്യഥാ പശൂൻ വിഹിംസന്തി
പ്രേത്യ ഖാദന്തി ത ച താൻ"

ഇപ്രകാരം നിഗൂഢമായിരിക്കുന്ന ഭഗവദഭിപ്രായം ഗ്രഹിക്കാതെ വിഷയഭ്രാന്തന്മാരായവർ ഹിംസാമയമായ യജ്ഞമനുഷ്ടിക്കുകയും ആ യജ്ഞീയ പശുക്കൾ ഭവാന്തരത്തിൽ ആ യാഗകർത്താക്കളെ കൊന്നുതിന്നുകയും ചെയ്യുന്നു എന്നും ശ്രീമദ്ഭാഗവതം പറയുന്നു.

"ന ഹിംസ്യാദിത്യേതദ് ധ്രുവമതിതഥം വാക്യമബുധൈരഥാഗ്നീഷോമീയം പശുമിതി തു വിപ്രൈർന്നിഗദിതം" -

സാധിഷ്ഠവും യഥാർത്ഥവുമായ 'മാ ഹിംസ്യാത് സർവ്വാഭൂതാനി’ [3] എന്ന വേദവിധിയെ ഉത്സർഗ്ഗമാക്കി [4] 'അഗ്നീഷോമീയം പശുമാലഭേത’ എന്ന വാക്യം വിശേഷവിധിയാകയാൽ, അതിനെ ബാധിക്കുന്ന വിധം (അപവാദകമാക്കി) മൂർഖന്മാരായ വിപ്രർവാദിക്കുന്നു എന്നു പറഞ്ഞ് ബ്രഹ്മനന്ദസരസ്വതി യജ്ഞീയ പശുഹിംസയേയും അപലപിക്കുന്നു. ’സർവ്വാണി’ എന്നതിന്റെ സ്ഥാനത്ത് ’സർവ്വാ ഭൂതാനി’ എന്നത് ഛാന്ദസമാണ് ഇത് ഭിന്നവിഷയമാകയാൽ ബാധകം ഇല്ലെന്ന് ആചാര്യ വാചസ്പതിമിശ്രൻ പറയുന്നു. മേൽ പറഞ്ഞപ്രകാരം കല്പിക്കയാൽ "പശുസമഃ" എന്ന് ഇവർക്ക് ഭട്ടതിരിപ്പാടിൽ[5] നിന്ന് അഭിധാനം നൽകിയിരിക്കുന്നതായി കാണുന്നുണ്ടെന്നുള്ളത് വലിയ ആശ്വാസംതന്നെ. യജ്ഞീയ പശുഹിംസയും ഹിംസതന്നെയെന്നാണ് യോഗസൂത്രവൃത്തികാരന്റെ അഭിപ്രായം.

ഇതിനെല്ലാം പുറമേ, -

"മമ നാമ്നാ അഥവാ യജ്ഞേ
പശുഹത്യാം കരോതി യഃ;
ക്വാപി തന്നിഷ്കൃതിർ നാസ്തി
കുംഭീപാകവാപ്നുയാൽ
ദൈവേ പൈത്രേ തഥാത്മാർത്ഥേ
യഃ കുര്യാത് പ്രാണിഹിംസനം
കല്പകോടിശതം ശേഭോ!
രൗരവേ സ വസേദ് ധ്രുവം.
യൂപേ ബദ്ധ്വാ പശൂൻ ഹത്വാ
യഃ കുര്യാദ്രക്ത കർദ്ദമം
തേന ചേൽ പ്രാപ്യതേ സ്വർഗ്ഗോ
നരകഃ കേന ഗമ്യതേ"

ശക്തിപൂജയെന്ന വ്യാജത്താലാകട്ടെ, യാഗത്തിനെന്നുവെച്ചാകട്ടെ പ്രാണിവധം ചെയ്യുന്നവർക്ക് കുംഭീപാകനരകമൊഴിച്ച് പ്രായശ്ചിത്തമില്ല; യാഗം, പിതൃകർമ്മം, ഉദരപൂരണ ഇതിൽ ഏതിനെ ആസ്പദമാക്കിയാലും പ്രാണിഹിംസ ചെയ്യുന്നവർ രൗരവനരകത്തിൽതന്നെ കിടക്കേണ്ടിവരും; യൂപത്തിന്മേൽ (യജ്ഞശാലയുടെ പൂർവ്വദ്വാരത്തിന് ഇടത്തുമാറി പ്രതിഷ്ഠിക്കപ്പെടുന്നതും 'ശമിതാ' എന്നു പറയുന്ന കൂട്ടരായ ആ കശാപ്പുകാരാൽ നവദ്വാരബന്ധനപൂർവ്വം മർമ്മസന്ധി മർദ്ദിച്ചു കൊല്ലപ്പെടുന്ന യജ്ഞീയ പശുവിന്റെ ബന്ധനത്തിനുള്ളതും ആയ സ്‍തംഭത്തിന്മേൽ) യജ്ഞപശുവിനെ കെട്ടി, അനന്തരം കൊലപ്പെടുത്തി, രക്തപങ്കം ഉണ്ടാക്കുന്നവർക്ക് ഇത് സ്വർഗ്ഗവാതിൽ തുറന്നുകൊടുക്കുമെങ്കിൽ പിന്നെ നരകദ്വാരം തുറക്കുന്നതിനുള്ള കർമ്മം ഏതായിരിക്കുമെന്നറിയുന്നില്ല - എന്ന് പാദ്മോത്തരത്തിലെ ശ്രീപാർവ്വതി പരമേശ്വര സംവാദം പറയുന്നു. യാഗത്തെക്കുറിച്ച് ഇതിലധികമായി ആക്ഷേപിക്കുന്നതിന് പാരമർഷവചനത്തിനു [6] കഴിവില്ലല്ലൊ.

പൗണ്ഡരീകയാഗത്തിൽ വിധവയും ബ്രഹ്മചാരിയും ചേർന്നു നടത്തുന്ന സംഭോഗത്തേയും, "അശ്വസ്യശിശ്നം പത്ന്യാ ഉപസ്ഥേ നിധത്തേ" [7] എന്ന് അശ്വമേധ പ്രകരണം പറയുന്നതിനേയും "മഹാവ്രതാഖ്യ യജ്ഞേ ബ്രഹ്മചാരീത്വര്യോ രതമഭിമതം[8] എന്നതിലെ ബ്രഹ്മചാരിയും കുലടയും തമ്മിലുള്ള സംയോഗത്തിന്റെ സമ്മതിയേയും, ആയിരം വേദങ്ങൾ ആദരിച്ചു, എന്നുവരികലും പരിശുദ്ധന്മാർ ആദരിക്കയില്ല. അതുകൊണ്ടല്ലയോ വേദത്തിൽ കാലദേശാദികളെ കണക്കാക്കാതെ പൊതുവായി വിധിച്ചിരിക്കുന്ന പല കാര്യങ്ങളേയും പല ധർമ്മശാസ്ത്രജ്ഞന്മാർ നിഷേധിപ്പാൻ തുനിഞ്ഞത്.

"അശ്വാലംഭം ഗവാലംഭം
സംന്യാസം പലപൈതൃകം;
ദേവരേണ സുതോത്പത്തീം
കലൗ പഞ്ചവിവർജ്ജയേത്"

കലിയുഗത്തിൽ അശ്വമേധം, ഗോമേധം, സംന്യാസം, ശ്രാദ്ധത്തിൽ മാസംഭോജനം, ദേവരങ്കൽ[9] നിന്നു പുത്രോത്പത്തി ഈ അഞ്ചുകാര്യങ്ങളേയും മാറ്റേണ്ടത്താണ് - എന്നുണ്ടായ നിഷേധം[10] കൊണ്ട് വേദത്തിൽ പറയപ്പെട്ട വിഷയങ്ങൾക്കും ന്യൂനതയുണ്ടെന്നു കാണുന്നു. ഇതിരിക്കട്ടേ, ക്രിസ്ത്യന്മാർ ബൈബിളിനേയും, മഹമ്മദീയർ ഖുറാനെയും, ഹിന്ദുക്കൾ വേദത്തേയും ഭഗവദ്പ്രോക്തമെന്നു കൊണ്ടാടുന്നുണ്ടെന്നു പ്രസിദ്ധം. ഈ മൂന്നിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങളിൽ പലതും, ഒന്നിനൊന്നു നേരേ വിരുദ്ധമായിരിക്കുന്നു എന്നുള്ളത് ലോകപ്രസിദ്ധമാകയാൽ അതിലേയ്ക് ഉദാഹരണം‌ കൊടുത്തിട്ടാവശ്യമില്ല. ഇങ്ങനെ അന്യോനം വിരുദ്ധമായിരിക്കുന്ന രണ്ടു വിഷയങ്ങളും യഥാർത്ഥമായിരിക്കൽ സാദ്ധ്യമല്ലല്ലോ. അപ്രകാരമെല്ലെങ്കിൽ അസത്യം കൂടി ഒരു വേദത്തിൽ പറഞ്ഞിട്ടുള്ളതായി വരുന്നതാണല്ലോ. ആ ഭാഗവ്യും ഭഗവദ്പ്രോക്തമെന്നു വെയ്ക്കാമോ? ശ്രുതികളെന്നുവച്ചിരിക്കുന്ന ഈ മൂന്നിൽ ഒന്നും രണ്ടും ഈശ്വരകൃതമല്ല എന്നായാൽ മറ്റൊന്നുമാത്രം ഈശ്വരകൃതമെന്നെങ്ങനെ വരും? ഇരി, അതതിലെ പൂർവ്വികന്മാർ വിശ്വസിച്ചതുതന്നെ ശരിയെന്നു നിശ്ചയിക്കേണമെന്നാണെങ്കിൽ അതു കേവലം ദുരഭിമാനമെന്നല്ലാതെ വിവേകത്തിനടുത്തതല്ലല്ലോ. ആകയാൽ അവയിൽ ഇന്നത് ഭഗവൽ പ്രോക്തം ഇന്നത് മനുഷ്യപ്രോക്തം എന്നതിന് നിരാക്ഷേപമായ ആധാരം ഏർപ്പെടുത്താത്ത കാലത്തോളം അവയിൽ ഒന്നും തന്നെ ഈശ്വരപ്രോക്തമായി ഗണിച്ചുകൂടാ. എല്ലാം മനുഷ്യകൃതമെന്നു വയ്‍ക്കുന്നത് യുക്തിക്കും വിവേകത്തിനും അടുത്ത കാര്യമായിരിക്കും. ഭഗവദ് പ്രണീതമെന്നു ഗണിക്കപ്പെടാത്ത ഗ്രന്ഥത്തിൽതന്നെ അതു ഭഗവൽപ്രോക്തമെന്ന് എഴുതിയിരുന്നാലും അതുകൊണ്ടു ഫലമെന്താണുള്ളത്? പ്രപഞ്ചവേദിയല്ലാത്ത പ്രകൃതത്തിലുള്ള ഗ്രന്ഥകർത്താക്കളിൽ ഓരോരുത്തർ ചെയ്തിരിക്കുന്ന ഗ്രന്ഥം ഈ വേദങ്ങളിൽ എല്ലാവറ്റേക്കാളും വിസ്താരമായിരിക്കുന്നതിനേയും വേദകർത്താക്കളിൽ ഓരോരുത്തരും ചെയ്തഭാഗം സ്വല്പമായിരിക്കുന്നതിനേയും ആലോചിക്കനുണ്ട്. ഇനിയും ഇതു പ്രാചീനമായി ഏർപ്പെട്ടു നടന്നുവരുന്നല്ലോ എന്നുവെച്ച് ഭഗവത് പ്രോക്തമെന്നു നിരൂപിക്കാൻ പാടില്ല. എന്തെന്നാൽ സാധരണ ജനങ്ങളുടെ കൂട്ടത്തിൽ ഒന്നു രണ്ടു പണ്ഡിതന്മാരിരുന്നാൽ അവരെ മറ്റുള്ളവർ ദേവാംസമെന്നു നിശ്ചയിക്കുന്നത് ആശ്ചര്യമല്ല. ഇപ്രകാരമുള്ള പതിവു നമ്മുടെ ദേശത്തു മാത്രമല്ല, ഗ്രീസ്, റോമ, ഇംഗ്ലണ്ടു മുതലായ സ്ഥലങ്ങളിലും പൂർവ്വകാലത്തുണ്ടായിരുന്നതായി ചരിത്രങ്ങൾ തെളിയുന്നു. ഇപ്രകാരം സാധാരണന്മാരാൽ ഈശ്വരനെന്നു മതിക്കപ്പെട്ട മനുഷ്യരാൽ വേദങ്ങൾ നിർമ്മിക്കപ്പെട്ടു എന്നുവച്ച് അതിനെ ആക്ഷേപിക്കേണ്ട ആവശ്യമില്ല. ഭഗവദാവേശത്താൽ മനുഷ്യർ പറയുന്നതിനെയും ഭഗവത് പ്രോക്തമെന്നുതന്നെ സമ്മതിക്കേണമെന്നു ചിലർ പറഞ്ഞേക്കാം. പാമരന്മാർ, ഭ്രാന്തന്മാർ, കുടിയന്മാർ ഇവർക്കല്ലാതെ വേറേ ആർക്കും ആവേശമുണ്ടാകുന്നത് അസാദ്ധ്യമാകയാൽ ആ സ്ഥിതിയിലുള്ളവർ വേദപ്രണേതാക്കളെന്ന് ഒരുത്തരും സമ്മതിക്കയില്ല. അഥവാ സമ്മതിച്ചാലും അതിനു ഒരു ഗൗരവവുമില്ല. ധാരണാബുദ്ധി സിദ്ധിക്കുന്നതു ഭഗവത് പ്രസാദത്താലകയാൽ മേധാവികൾ ചെയ്തതിനെ ദേവകൃത്യമായി സമ്മതിക്കേണമെന്നു ചിലർ പറയും. അങ്ങനെയെങ്കിൽ നമുക്കു ധാരണാബുദ്ധി, വിവേകപ്രാപുര്യം മുതലായ സകലവും ഭഗവത്കടാക്ഷത്താൽ തന്നെ ഉണ്ടാകുന്നതിനാൽ നാം എഴുതുന്നതിനെയെല്ലാംകൂടി ഭഗവത്പ്രോക്തമെന്നും വേദമെന്നും പറയാമോ?

ഇനിയും ധർമ്മാധർമ്മങ്ങളെ നാം അറിഞ്ഞുകൊള്ളുവാൻ ഒരു സാധനം ആവശ്യമാണെന്നുള്ളതു യഥാർത്ഥമത്രേ. ഈശ്വരൻ പ്രപഞ്ചത്തെത്തന്നെ അപ്രകാരമുള്ള സാധനമായിട്ടു സൃഷ്ടിച്ചിരിക്കുമ്പോൾ നാം അന്യസാധനങ്ങളെ അപേക്ഷിക്കുന്നതു കേവലം അലസ സ്വഭാവത്തെ കാണിക്കുന്നതാകുന്നു. അവനവൻ സ്വപ്രയത്നത്താൽ പ്രപഞ്ചത്തേ പരിശോധിച്ച് രക്ഷപ്പെടുന്നതു ദുസ്സാധമാകയാൽ ഒരു പുസ്തകരുപകായ സാധനം ദൈവികമായുണ്ടായിരുന്നാൽ ഉത്തമമല്ലയോ എന്നു ചോദിച്ചാൽ ഉണ്ടായിരുന്നെങ്കിൽ നല്ലതുതന്നെ. ഇല്ലാത്തപ്പോൾ ഉള്ളതായിട്ട് ആരോപിച്ചുകൊള്ളുന്നതിൽ പ്രയോജനമുണ്ടോ? പുസ്തകരൂപമായ സാധനത്തെ തരുന്നതിനേക്കാൾ ഈശ്വരൻ തന്നെ മൂർത്തിമാനായിവന്നു ദയവുചെയ്ത് ധർമ്മങ്ങളെ ഉപദേശിക്കുമെങ്കിൽ അത് സർവ്വോത്തമമല്ലയോ? എങ്കിലും അതു സാദ്ധ്യമാണോ?

ഋഷിമാർ പുരാണാദിഗ്രന്ഥങ്ങളെ വേദത്തിന്റെ ഉപപ്രമാണമെന്നു പറഞ്ഞതിനാൽ ഗൗണസാക്ഷ്യത്തേക്കാൾ മൂലസാക്ഷ്യം പ്രധാനമെന്ന് ഗൗരവബുദ്ധ്യാ ഗ്രഹിക്കപ്പെടണം; അല്ലാതെ ഭഗവത് പ്രോക്തമെന്ന് പറഞ്ഞതുകൊണ്ടുമാത്രം അത് അപ്രകാര പരിണമിക്കുമോ? ആദിവിവേകികൾ ശ്രമപ്പെട്ടു കണ്ടറിഞ്ഞു പറഞ്ഞ വിഷയങ്ങളിൽ നിരാക്ഷേപകരങ്ങളായ ഭാഗങ്ങളെ അംഗീകരിക്കയും ഗൗരവബുദ്ധ്യാ സ്വീകരിക്കയും ചെയ്യേണ്ടത് നമ്മുടെ സ്ഥിതിക്ക് അടുത്ത കാര്യം തന്നെ. ഭഗവത്പ്രോക്തമല്ലെന്നുള്ളതു കൊണ്ടുമാത്രം ആക്ഷേപകരമായിത്തീരുന്നതുമല്ല. അതിലുള്ള ഗുണങ്ങളെ ആദരിച്ചനുഷ്ഠിക്കുന്നതുതന്നെ നമുമ്മു സുലഭമായും പ്രയോജനകരമായും ഇരിക്കുമെന്നതിൽ സന്ദേഹമില്ല.

ഇനി, വേദബാഹുല്യത്തേക്കുറിച്ചു നോക്കാം. "അനന്താവൈ വേദാഃ" എന്ന പ്രമാണത്താൽ വേദങ്ങൾക്കു സംഖ്യയില്ലെന്ന് ശ്രൗതന്മാർ പറയുന്നു. ഇതിനെപറ്റി പ്രപഞ്ചവേദികൾക്കുള്ള അഭിപ്രായത്തെ കാണിക്കാം. ശബ്ദാർത്ഥപ്രകാരം ഈശ്വരന്റെ ഇരിപ്പിനേയും ധർമ്മാധർമ്മങ്ങളേയും വെളിപ്പെടുത്തുന്നവയെല്ലാം വേദങ്ങൾ തന്നെ. എന്നാലും അപ്രകാരം പ്രകാശിപ്പിക്കുന്നതിൽ പ്രപഞ്ചത്തേക്കാളും വിശേഷപ്പെട്ടതൊന്നുമില്ല. ആകയാലും പ്രപഞ്ചത്തിന്റെ വിസ്താരത്തേയും അതിലടങ്ങിയ പദാർത്ഥങ്ങളേയും ഒരിക്കലും കണക്കിട്ടു നിർണ്ണയിക്കാൻ കഴിവില്ലയ്കയാലും, പ്രപഞ്ചമായ വേദത്തിന് പരിമിതിയില്ല എന്നത് ഈ വാക്യത്തിന്റെ ഉദ്ദേശം എന്നല്ലാതെ പുസ്തകരൂപമായ വേദത്തിന് അളവില്ല എന്നതു ഘടിക്കുന്നില്ല.


കുറിപ്പുകൾ

[തിരുത്തുക]
  1. അറിയിപ്പിക്കുന്നതിനാൽ
  2. കയ്പുള്ള മരുന്ന് മുതലായവയെ മധുരം പൊതിഞ്ഞ് നൽകുന്ന പതിവിനെ ഇവിടെ ദൃഷ്ടാന്തമായി കാണിച്ചിരിക്കുകയാണ്. അജ്ഞാനികൾക്ക് അഭിരുചിയില്ലാത്ത ജ്ഞാനത്തെ കയ്പുള്ള വസ്തുവിനോടും അവർക്കു രുചിയുള്ളതായ കർമ്മകാണ്ഡത്തിനെ മധുരവസ്തുവിനോടും ഉപമിക്കാം.
  3. സകല ജീവിയേയും ഹിംസിക്കരുത്
  4. സാമാന്യവിധി
  5. മേൽപ്പത്തൂർ നാരായണഭട്ടതിരി
  6. പുരാണകർത്താവായ വ്യാസന്റെ വചനത്തിന്
  7. അശ്വത്തിന്റെ ലിംഗം പത്നിയുടെ യോനിയിൽ പ്രവേശിപ്പിക്കുന്നു എന്നർത്ഥം.
  8. മഹാവ്രതം എന്നു പേരുള്ള യജ്ഞത്തിൽ ബ്രഹ്മചാരിയും വേശ്യയുമായുള്ള സുരതം അനുവദനീയമാണ് എന്നർത്ഥം
  9. ഭർതൃസഹോദരനിൽ നിന്ന്
  10. ബൃഹന്നാരദീയ പുരാണത്തിൽ നിന്ന്