വാൽമീകിരാമായണം/അയോദ്ധ്യാകാണ്ഡം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അയോദ്ധ്യാകാണ്ഡം (വാൽമീകിരാമായണം)


ശരഥസുതഗുണഗണങ്ങളെ
ദശശതമുഖഫണിതാൻ ചൊൽകിലും
ദശാകൃതിമഖപുരോഹിതൻ‌താനും
ദശകോടിവർഷം മതിയല്ല ചൊൽ‌വാൻ
അപകാരം പലതൊരുവൻ‌ചെയ്താലും
കൃപമുഴുക്കയാലുടൻ‌മറന്നീടും
ഉപകാരമൊന്നും കുറഞ്ഞൊന്നു ചെയ്താ-
ലപസ്മരിക്കയില്ലൊരിക്കലുമതു
വിശദവിജ്ഞന്മാർ പഴമയുള്ളവർ
നിശിതമാംതത്വമറിഞ്ഞവർകളും
ദൃശമവരോടു കഥിച്ചിരുന്നീടും
വശമായ ശാസ്ത്രം പഴകുന്നേരത്തു
കടുത്ത വാക്യങ്ങൾ പറകിലും പരൻ
കടുത്തൊരുത്തരം പറകയുമില്ല
പടുത്വമേറ്റവും പലതിലുമുണ്ടു
പടുഞാനെന്നഹം‌മതിയില്ല താനും
ബലം നിരവധിതനിക്കുണ്ടെങ്കിലും
ബലവാൻ ഞാനെന്ന മദമില്ലചെറ്റും
പതുക്കെ വല്ലതും വചിക്കുമല്ലാതെ
അതിക്രൂരമായൊട്ടൊരിക്കലുമില്ല
മതിമാനേവർക്കും പ്രിയം തന്നെ ചൊല്ലു
അസത്യമില്ലവനൊരിക്കലുംതന്നെ
അസത്സംസർഗ്ഗവുമൊരിക്കലുമില്ല
അനുരാഗമുണ്ടു പ്രജകൾക്കുമേറ്റ
മനുരഞ്ജിപ്പിക്കും പ്രജകളെ നന്നാ
യനുക്രോശമുണ്ടു മഹൽക്രോധമില്ല
അനുരതനേറ്റം ദ്വിജപ്രവരരിൽ
ദയാദീനന്മാരിൽ ജയമിന്ദ്രിയേഷു
ഭയമകൃത്യത്തിൽ നിയതികൃത്യേഷു
ശരണനെത്രയും ശരണാഗതന്നു
പരമാപുണ്യരെപരിപാലിച്ചിടും
പരിചിൽ ദുഷ്ടരെ പരിഭവിച്ചീടും
വരുന്ന പുണ്യമെവരും നമുക്കെന്നു
കരളിൽ നിശ്ചയം പരമായിട്ടുണ്ടു
വിരുദ്ധവാക്യരിൽ വിരക്തനത്യന്തം
മരുൾപതിഗുരുമറുത്തുചൊൽകിലു
മുരെക്കുമുത്തരമതിന്നുമേൽക്കുമേൽ
അരോഗഗാത്രനാമരുണതാരുണ്യൻ
ചരിതലക്ഷണ പരീതനേറ്റവു
മൊരിക്കൽ കാണുമ്പോൾ പുരുഷസാരത്തെ
പരിച്ഛേദിച്ചീടും പരമഗൻ സാധു
വരഗുണങ്ങൾ താൻ ശരീരിയാകയോ
പുരജനപദപരികുലത്തിന്നു
പുറത്തുമേവുന്നൊരസുക്കൾ തന്നെയോ
ഗുണങ്ങൾ കണ്ടാലും പ്രജകൾ തങ്ങടെ
ഇണക്കം കണ്ടാലുമിവണ്ണം തോന്നീടും
വിഹിതമാംവണ്ണം സകലവിദ്യയും
മഹൽബ്രഹ്മചര്യം ചരിച്ചു സാധിച്ചു
പുനസ്മൃതനായികൃതവിവാഹനാ
യ്മറകൾ സാംഗമായ് മറക്കാതെയോതി
മറകൾ തന്നുടെ മറപൊരുളെല്ലാം
രഹസ്യമായ് നന്നായ് ഗ്രഹിച്ചിരിക്കുന്നു
പറഞ്ഞാൽ വല്ലതും ഗ്രഹിക്കും വേഗത്തിൽ
മറക്കയില്ലതാനൊരുനാളും‌പിന്നെ
വ്യവഹാരത്തിങ്കലധർമ്മമെന്നിയേ
പ്രവർത്തിപ്പിച്ചീടുമവൻ ധർമ്മം തന്നെ
വിനയസമ്പന്നൻ സുനയമന്ത്രങ്ങൾ
മറച്ചുചെയ്തീടും പുറത്തുപോകാതെ
വിവൃതഭാവനല്ലൊരിക്കലുമവൻ
വികൃതിയുമില്ല സുഖദുഃഖാദിയിൽ
മഹാമതികളാം സഹായങ്ങളുണ്ടു
മഹാസ്ത്രങ്ങൾകൊണ്ടു മഹാൻ പിതാവേക്കാൾ
കുപിതനായാലും മുദിതനായാലും
ഫലമുടൻ തന്നെ ഫലിപ്പിക്കുമവൻ
വരുത്തേണ്ടുന്നനേരം വരുത്തുമർത്ഥവു
മഴിക്കേണ്ടുന്നനേരമഴിക്കയും ചെയ്യും
ഗുരുദ്വിജാദിയിലൊരു ഭക്തിനന്നായ്
ഒരിക്കലുമതിനിളക്കവുമില്ല
ഉറപ്പുണ്ടു ബുദ്ധിക്കു സൽഗ്രഹമില്ല
വെറുത്ത വാക്കുകളൊരിക്കലുമില്ല
പരനുടെ ദോഷമറിയുന്നപോലെ
പരനിജദോഷമറിഞ്ഞകറ്റീടും
മുഖത്തുനോക്കുമ്പോൾ പരനുടെ ഭാവ
മഖിലവുമറിവതിന്നുകോവിദൻ
പലേടത്തുനിന്നുഗുണമുള്ളപേരെ
പലതരത്തിലുംവരുത്തിനന്നായി
സ്വവശരാക്കീടുമവശരെങ്കിലും
അതിന്നുപായങ്ങൾ പലതരമുണ്ടു
ധനംധ്യായത്തോടെവരുത്തുവാൻ പണി
വരുത്തിയാലതുമിരുത്തുവാൻ പണി
ഇരുത്തിയാലതുപെരുക്കുവാൻ പണി
പെരുക്കിയാൽ പാത്രസമർപ്പണം പണി
ഇതൊക്കെയും രാമനിതമായിട്ടുണ്ടു
നിതെതരമായുമതിഗുണംകൊണ്ടു
പിഴയ്ക്കു തക്കതുദമനമേവർക്കും
മൊഴിക്കു തക്കതു വ്യവഹാരഗതി
പണം പലതരം വരുത്തീടുമവൻ
ഗുണക്കേടെന്നതു വരികയുമില്ല
വരവിൽ നാലൊന്നോ വരവിൽ മുക്കാലോ
വരവിൽ പാതിയോ ചിലവത്രെ ചെയ്‌വൂ
സകലശാസ്ത്രവും വരുമതിന്നർത്ഥം
സരഹസ്യമായ് ഗ്രഹിച്ചിരിക്കുന്നു
നടവിടഗാനവചനശാസ്ത്രവും
പഠിച്ചിരിക്കുന്നു പലതരമേറ്റം
അതാതുതാരതമ്യവുമറിവതി
ന്നതാതിലെപരിചയം കൊണ്ടേ വരൂ
പലവിദ്യകൊണ്ടു പലരും വന്നിടും
ഫലമതുകൊണ്ടങ്ങറികിലേയുള്ളൂ
ക്ഷിതീശനാകുമ്പോളിതൊക്കവേണ്ടിടും
അതുകൊണ്ടല്ലാതെയനുരാഗാലല്ല
ധനകാമനാശംവരുന്നധർമ്മവും
ധനുധർമ്മനാശം വരുന്ന കാമവും
ധൃതകാമധനത്തേയുമ്പിന്നെ
ധരിയ്ക്കയില്ലവനലസനുമല്ല
കുതിരയേറ്റത്തിലതിചതുരനാം
രഥഗജാദിയിലതുപോലെതന്നെ
സ്വഭാവദുഷ്ടമാംഗജതുരഗത്തെ
സ്വഭാവമാക്കുവാൻ പ്രഭാവമുള്ളവൻ
പെരുന്തേരാളികൾക്കഭിമതനേറ്റം
പെരുവില്ലാളിയിൽ പെരുമയുള്ളവൻ
കടും‌പകയാളികടും‌തയെയ്കയാൽ
ഉടഞ്ഞവൻപടതിരിഞ്ഞുമണ്ടുമ്പോൾ
എടുത്തുവെച്ചാകിൽ മടക്കിവാങ്ങാതെ
അടുത്തുപോർചെയ്യും നടക്കമെന്നിയേ
ചിതറിപ്പോയതങ്ങൊരുമിച്ചുകൂട്ടി
തളർന്നസേനയെപറഞ്ഞനുസരി
 
ച്ചൊരുമ്പാടുണ്ടാക്കിക്കൊടുത്തു ധൈര്യവും
കറുത്ത ഭാവമോടെ തൃത്തുതാന്തന്നെ
മതൃന്നുപോർചെയ്തു ജയംവരുത്തീടും
സുരാസുരന്മാരുമൊരുമിച്ചുവന്നു
പരിഭവിച്ചാലും ഭയമവനില്ല
ഒരുത്തരെക്കുറിച്ചവമാനമില്ല
ഒരുത്തരെക്കുറിച്ചസൂയയുമില്ല
പരാക്രമംകൊണ്ടു ശതക്രതുതുല്യൻ
വരനയംകൊണ്ടു ബൃഹസ്പതിതുല്യൻ
ക്ഷമാഗുണംകൊണ്ടു ക്ഷമാസദൃശനാം
ക്ഷമയല്ലോവേണ്ടൂ ബലമുണ്ടാകിലും
ഗുണങ്ങളിങ്ങിനെ സഹജങ്ങളായി
പലതുണ്ടുമുന്നം പറഞ്ഞതല്ലാതെ
ഇവ്വണ്ണമുള്ളൊരുസുതനെമന്നവ
നിളമയാക്കുവാൻ മനം മുഴുത്തിതു
ഇതരസംവാദമറിവതിന്നായി
ട്ടിതമോടുമന്ത്രിപ്രവരന്മാരെയും
പുരാതനാരായധരാസുരരേയും
പുരജനപദപരികുലത്തെയും
ഭരതമാതുലനേയുംജനകനാം
നരപതിയേയുമൊഴിച്ചു മറ്റുള്ള
നരപന്മാരെയും വരുത്തിയിട്ടുടൻ
ബഹുമാനിച്ചൊരു വചനം ചൊല്ലിനാൻ
ബഹുപ്രദനായ നൃപപ്രവരനും
മനുകുലജാതമഹീശരൊക്കവേ
അഹിതയായൊരുജരാവരുന്നേരം
മഹിതനായുള്ള സുതങ്കലെപ്പേരും
മഹീഭാരമാക്കി പരിശ്രമിച്ചീടു
മറിഞ്ഞല്ലോനിങ്ങളിരിക്കുന്നിതെല്ലാം
അതിന്നുതന്നെഞാൻ ത്വരിക്കുന്നിങ്ങിനെ
ചിരകാലം ഞാനും പരിപാലിച്ചിത
ങ്ങരുതാതെയായി ജരയും പ്രാപിച്ചു
അറുപതായിരം വരിഷമൊക്കെയും
ധരാപരിത്രാണം പരിചോടെ ചെയ്തേൻ
ഗുണജ്യേഷ്ഠനായ സുതജ്യേഷ്ഠന്തന്നെ
ഇളയരാജാവായഭിഷേകം ചെയ്‌വാൻ
എളിയമോഹമല്ലിനിക്കുനിങ്ങൾക്കു
മനുവാദമെങ്കിലവണ്ണം ചെയ്തിടാം
പ്രഭുക്കളാകിലുമിതൊന്നുചെയ്യുമ്പോൾ
പലർക്കും ചേരുമെന്നിരിക്കിലേയാവൂ
ഒരുത്തനെക്കുറിച്ചതിസ്നേഹമായാൽ
അവന്റെ ദോഷങ്ങളറിയാതെപോകും
സുതനില്ലാഞ്ഞിട്ടിങ്ങധികം പീഡിച്ചി
ട്ടിവർകളുണ്ടായിയതുകൊണ്ടും പിന്നെ
ഇവരുടെ ദോഷം തിരിയാകേവല
മിനിക്കതുമൂലം സുതസ്നേഹം കൊണ്ടു
മിതു നിങ്ങൾ വേറെ വിചാരിച്ചുനന്നായ്
ഗുണമതിലേതെന്നറിഞ്ഞുചൊല്ലുക
ഹിതാഹിതന്തന്നെവിചാരിക്കേവേണ്ടൂ
പ്രിയാപ്രിയങ്ങളെ വിചാരിച്ചീടാതെ
അതുകേട്ടുപൗരജനപദേശന്മാർ
പുരാതനരായധരാസുതന്മാരും
തിരിഞ്ഞു മന്ത്രശാലയിലിരുന്നവർ
നിരൂപിച്ചുവന്നിങ്ങറിയിച്ചാരേവം
ജയജയദിനകകുലമണേ
ജയജയനയജലാംബുധെദേവ
രതിപതിയോടുശരിപോരുന്നനി
ന്തിരുവടികൊന്നങ്ങുണർത്തുന്നുദേവ
അരുളിചെയ്തൊരുതിരുവചനങ്ങൾ
പെരികെ ഞങ്ങൾക്കു തെളിഞ്ഞുമന്നവ
ചിരകാലമുണ്ടു മനസ്സിങ്കലതി
പുരവാസികൾക്കു പെരുകിയ മോഹം
അഭിരാമനായതവസുതൻ രാമൻ
അഭിഷേകം വേണമിതെന്നെല്ലാവർക്കും
വെളുത്ത ഛത്രവും പിടിപ്പിച്ചു രാമൻ
മദിച്ചൊരാന തൻ കഴുത്തിലേറിയ
ങ്ങിതത്തിൽ ചാമരമിരുപാടും വീശി
ച്ചിരുന്നു കാണ്മാനായ്ക്കൊതിക്കുന്നു ഞങ്ങൾ
ഇതിന്നൊരന്തരമൊരുത്തർക്കുമില്ലെ
ന്നുരചെയ്തപ്പൊഴേ ദശരഥനൃപൻ
മനസ്സിലാനന്ദമധികമുണ്ടായി
മറച്ചുചൊല്ലിനാൻ മനസ്സറിവാനാ
യ്പലകാലം പാലിച്ചിരിക്കുമെന്നോടു
പ്രജകളെ നിങ്ങൾ പറഞ്ഞതുനന്നു
അനുരാഗമെന്നോടൊരുത്തർക്കുമില്ലെ
ന്നറിവാനായിതുമിനിക്കിപ്പോഴെല്ലോ
പറവിൻ ഞാനെന്തോരപരാധം ചെയ്തു
കുറവെന്തുകണ്ടുനമുക്കിപ്പോളെന്നു
നൃപനായിന്നുഞാനിരിക്കവെയെന്തു
നൃപാന്തരാന്വേഷംഭവാന്മാർക്കുണ്ടായി
അതുകേട്ടന്നേരമവർകളും നന്നാ
യടി വണങ്ങിയങ്ങറിയിച്ചാരേവം
ഇതുകൊണ്ടുതവതിരുമനസ്സിങ്ക
ലൊരുശങ്കയുണ്ടാകരുതുമന്നവ
തിരുമനസ്സിലെ ഗുണം പോരാഞ്ഞിട്ടും
പരിത്രാണെഭവാൻ മതിയല്ലാഞ്ഞിട്ടും
പറകയല്ലിതുതവതനൂജന്റെ
പരഗുണം കണ്ടങ്ങറിയിച്ചു ഞങ്ങൾ
ഗുണങ്ങൾ രാമകൽ ദ്രുവങ്ങൾ ഭൂപതെ
മിതഭാഷിനല്ല ദൃഢഭക്തിയുള്ളോൻ
അതിശൂരൻ രാമൻ കൃതജ്ഞൻ രാഘവൻ
ഗുണശീലൻ ദീനദയാപരനല്ലോ
സകലഭാഷയും ലിപികളുമെല്ലാം
സകലശാസ്ത്രവുമറിഞ്ഞവൻ രാമൻ
സകലലോകസമ്മതൻ രഘുപതി
സരസൻ സുന്ദരൻ സുമുഖനല്ലയോ
രണേതനുത്യാഗം പരിചൊടുചെയ്‌വാൻ
ഗുണനിധേചെറ്റും മടിപ്പവനല്ല
രണശൂരന്മാരെയനുസരിപ്പവൻ
രണപരിശ്രമം പെരികെയുള്ളവൻ
രണഭീരുക്കളെ കളയുന്നവീരൻ
പടയ്ക്കുള്ളകോപ്പുമുപായശക്തിയും
തടിച്ചുള്ള ഗദയെടുത്തുയുദ്ധവും
മിടുക്കനായുധമെടുത്തതിലെല്ലാം
പടുത്വമുള്ളവൻ നരവരാത്മജൻ
ചതുർവ്വേദഷഡംഗവും മീമാംസവും
ഇതിഹാസം കാവ്യം പുരാണനീതിയും
ജഗത്തുമോഹിക്കും മഹേന്ദ്രജാലവും
വിപത്തുനീക്കുന്ന രഹസ്യമന്ത്രവും
ധരിത്രിനായകധരിച്ചവനെല്ലൊ
യമനിയമാസനവും പ്രാണായാമം
വിമലമായുള്ള ഗണിതയുക്തിയും
ധനുർവ്വിദ്യകളാൽ പ്രധാനഭൂതനാം
മൃദംഗമദ്ദളപ്രമുഖവാദ്യങ്ങൾ
മൃദുവാദ്യം വേണു പലതരം വീണ
ഗുണമേറും വണ്ണം പ്രയോഗിച്ചീടുവൻ
സുഖദുഃഖജീവമരണമെന്നിവ
സുഖമേ കണ്ടറിഞ്ഞവൻ ധരാപതേ
സുഖമേറും ഗാനനടനനിർത്തവും
സുരുചിരമായ കുസുമക്രീഡയും
സുരതരുപോലെയഭീഷ്ടമൊക്കെയും
തരുവൻ ഞങ്ങൾക്കു പെരികെ മന്നവ
പെരുകിയരാജ്യം പരിപാലിപ്പാനും
പെരികെ ശക്തിയുള്ളവൻ മഹീപതേ
പല മന്ത്രങ്ങളും പല ശാസ്ത്രങ്ങളും
പല തന്ത്രങ്ങളുമറിഞ്ഞവനല്ലോ
നരകരിരഥതുരഗമെന്നതിൽ
പരീക്ഷകൾ നന്നായറിഞ്ഞവൻ രാമൻ
കരകുശലവും പെരികെയുള്ളവൻ
നരവരചിത്രമെഴുതും നന്നായി
മികച്ച ന്യായവും പഠിച്ചു നാടകം
പഠിച്ചവനെല്ലൊനൃപകുലമണെ
ഭരണശാസ്ത്രവും മദനശാസ്ത്രവും
മദമകന്നവൻ പഠിച്ചിരിക്കുന്നു
പരകായപ്രവേശവുമാകാശത്തിൽ
പരിചിനോടഥ ഗമിക്കയെന്നതും
കഴിഞ്ഞതും മേലിൽ വരുന്നതുമിപ്പോൾ
നടക്കും വർത്തമാനവുമറിഞ്ഞാൻ
ജലസ്തംഭമഗ്നിപവനസ്തംഭവും
രസനസ്തംഭനമറിഞ്ഞവൻ രാമൻ
കുടിലചിത്തന്മാരോടുപറവാനാ-
യ്കൊടിയ കൗടില്യമറിഞ്ഞിരിക്കുന്നു
അദർശനധ്യാനമറിയും ധാരണം
അണിമാദിയായിട്ടുളവാമൈശ്വര്യം
കളവല്ല സാമുദ്രികലക്ഷണവും
നലമൊടുരാമനറിയും ഭൂപതേ
വളരെയുണ്ടല്ലോ ബലവും ധൈര്യവും
പ്രമാദമജ്ഞാനമസൂയയേഷണി
മദം മാത്സര്യവും പെരികക്കോപവും
ഭയവും ചാപലം മികച്ചലോഭവും
പരിദ്രോഹം പേടിപെരുത്തനിദ്രയും
ഒരിക്കലുമില്ലെന്നുറയ്ക്കമന്നവ
നൃപവരൻ നിന്റെ മകനാം രാമന-
ങ്ങുപായങ്ങൾ നാലുമറിഞ്ഞിരിക്കുന്നു
നയങ്ങളാറുമങ്ങുട്യവനെല്ലോ
ത്രിവർഗ്ഗവും സിദ്ധിത്രയവും സപ്താംഗം
ത്രിശക്തിയും നന്നായവസ്ഥയും പിന്നെ
പരിചിൽ പന്തീരാണ്ടുടയമണ്ഡലം
അറിഞ്ഞിരിക്കുന്നു പലതരമെല്ലാം
ഉരുവിശ്വാസവും വിനയം സത്യവും
തരാതരം കണ്ടാലറികയെന്നതും
അറിവും ദൂരദൃഷ്ടിയും വിവേകവും
അറിവും ദൂതലക്ഷണവും മായയും
സകലമാംവ്യൂഹരചനസാമർത്ഥ്യം
സരസമേദുരനറിവനൊക്കയും
അറുപത്തുനാലുകലാവിദ്യകളും
അറിഞ്ഞിരിക്കുന്നു നരവരമണേ!
ഇനകുലജാതനൃപന്മാരിൽ മുന്നം
ഇവനുതുല്യനായൊരുവനുമില്ലാ
ഇനിയുണ്ടാവാനും പണിയത്രെ ദേവ
ഹരിവന്നിങ്ങവതരിക്കിലേയുള്ള
ദശമിയായിനിതരുണനായിപ്പോൾ
ദശരഥഭൂപപരിപാലിക്കേണം
പറഞ്ഞതിന്നേതും പരിതപിക്കേണ്ട
വിശേഷിച്ചു ഞങ്ങൾ തൊഴുതിരിക്കുന്നു
വിഃശയം കൂടാതെ രഘുപ്രവീരനെ
അഭിഷേകം ചെയ്കയുവരാജനായി
അഹിതനല്ലനിന്മകനിതാർക്കുമെ-
ന്നിതുമൊഴിചൊല്ലിയൊരുപോലെയവർ
കൃതാഞ്ജലികളായിരുന്നാരത്യന്തം
അതുപൊഴുതതി കുതുകമുൾക്കൊണ്ട
ങ്ങവനിനായകൻ പറഞ്ഞാനിങ്ങനെ
തെളിഞ്ഞുനിങ്ങടെ വചനം കേട്ടാറെ
ഇളമരാമനുകൊടുക്കുന്നു ഞാനും
അതിന്നുവേണ്ടുന്നതറിവതിന്നായി
വസിഷ്ഠാദികളെ വരുത്തേണമെന്നാൻ
അതുകേട്ടനേരമതിമോദംകൊണ്ടു
ജനകോലാഹലം വലുതായുണ്ടായി
വസിഷ്ഠനോടുചെന്നറിയിച്ചുവേഗം
വരുത്തിനാർ രാജപുരുഷന്മാരഥ
വസിഷ്ഠൻ വന്നപ്പോളിരുത്തി പൂജിച്ചു
വചിച്ചാനിങ്ങനെ വസുന്ധരാപതി
അഭിഷേകാർത്ഥമായൊരു പദാർത്ഥങ്ങൾ
അരുളിച്ചെയ്തുവരുത്തേണമെന്ന
ങ്ങരുളിച്ചെയ്തപ്പോൾ വസിഷ്ഠമാമുനി
അരുളിച്ചെയ്തിതു സഭയെന്നിങ്ങിനെ
വെളുത്ത മാലകൾ വെളുത്ത പുഷ്പങ്ങൾ
വെളുത്ത വസ്ത്രങ്ങൾ വെളുത്ത ചാമര
യുഗളവും നന്നായ്‌വെളുത്ത ഛത്രവും
വെളുത്ത നൽക്കൊടി വെളുത്തൊരു കാള
സുവർണ്ണശൃംഗമായ്‌വെളുത്തൊരു നാലു
കുതിരചേർത്തുള്ള രഥപ്രവരവും
മതിച്ചൊരാനയും സുവർണ്ണവും നല്ല
നവരത്നങ്ങളും സുവർണ്ണകുംഭങ്ങൾ
അതിലോരായിരം കൊടിയടയാളം
തളിരുകൾ കോടിപുടവകൾ നല്ല
നവധാന്യങ്ങളും ദധിമധുഘൃത
പൊരിപൂജാദ്രവ്യം സകലയൂഥങ്ങൾ
ചതുരംഗസേനപുലിത്തോലെന്നിവ
പുലർകാലെയെല്ലാം നൃപാഗ്നിശാലയിൽ
വരുത്തേണമെന്നാൻ ശതസഹസ്രമ
ന്തണർക്കൊരുപോലെ സുമൃഷ്ടമായന്നം
കൊടുക്കയും വേണമതിന്നവർകളെ
ക്ഷണിച്ചിന്നുതന്നെ വിധിപൂർവ്വമായോ
രുരുദക്ഷിണയും വ്യവസ്ഥവെക്കേണം
ഝടിതി വൈകാതെ നഗരദ്വാരം നൽ
പുരദ്വാരങ്ങളും മലയജമാല്യ
മലംകരിക്കേണം തെരുവീഥിതൂത്തു
തളിച്ചുതോരണം കൊടിക്കൂറ തൂക്കി
യലംകരിക്കേണം പ്രശസ്തവൃക്ഷങ്ങൾ
മതിലകങ്ങളും ചതുഷ്പഥങ്ങളെ
ന്നിവറ്റിലൊക്കവെനിവേദ്യദീപങ്ങൾ
വിധിച്ചവണ്ണമങ്ങതിൽ വിശേഷിച്ചും
നെടിയ പട്ടയും ധരിച്ചൊരു നല്ല
പടയാളികളും സസന്നദ്ധന്മാരാ
യ്മഹാരാജന്നുടെ ഗൃഹാംകണത്തിങ്കൽ
മഹിതമാംവണ്ണം മദിച്ചു നിൽക്കേണം
സകലവാദ്യങ്ങൾ ഗണികമാർകളും
നടനൃത്തകാദിഗണങ്ങളുമെല്ലാം
നൃപഗൃഹത്തിന്റെ ദ്വിതീയകക്ഷ്യയിൽ
സ്ഥിതി ചെയ്യെട്ടെ ഞാൻ വരുവോളമവർ
ഇതിങ്ങനെ മുനി വചനം കേട്ടുടൻ
പറഞ്ഞു മന്ത്രിമാരൊടു നൃപതിയും
വസിഷ്ഠവാമദേവരാദിയായുള്ള
വസിഷ്ഠരായൊരു മുനികൾ ഞങ്ങടെ
മഹീഷ്ടമായുള്ള നിയോഗത്താലെല്ലാം
വരുത്തുകയെന്നാൻ ദശരഥനാഥ
വരുത്തിനാരോരോപദാർത്ഥമൊക്കെയും
കരുത്തുള്ളരാജപുരുഷന്മാരപ്പോൾ
സുമന്ത്രരെ വിളിച്ചവനിനായകൻ
അനന്തരം മുദാ പറഞ്ഞിതിങ്ങിനെ
പരന്തപനായമമതതനൂജനെ
തെരുന്നനെച്ചെന്നു വരുത്തുകയെന്നാൻ
സുമന്ത്രരുമവൻ നിയോഗത്താൽ തന്റെ
മനം തെളിഞ്ഞുടൻ വണങ്ങിയപ്പോഴെ
സഭനടുവിന്നു നടന്നുപോയതി-
പ്രഭാവനായുള്ള രഘുപ്രവീരന്റെ
പദം വണങ്ങിയങ്ങറിയിച്ചാനേവം
മദമകന്നുള്ള സുമന്ത്രരുമപ്പോൾ
ധരാപതിയായ ദശരഥൻ നിന്റെ
തിരുമുഖം കാണ്മാൻ കൊതിയൊടുമെന്നെ
അയച്ചിതു വേഗം വരുത്തുവാനിഹ
മധുരമായുള്ള വചനം കേട്ടുടൻ
രഘുപതിവേഗമെഴുനേറ്റു തദാ
രഥമതിലേറി തെരുവീഥിയൂടെ
വിരഞ്ഞു ചെല്ലുമ്പോൾ വരുന്നതു കാണ്മാൻ
ഇരുന്നു ഭൂപതിയുയർന്നമേടമേൽ
അതിൽനിന്നു രഘുപതിയെ കണ്ടപ്പോൾ
പെരുകിനമോദമിയന്നിതിങ്ങിനെ
നിറന്നൊരു സൂര്യൻ വരുന്നതുപോലെ
സരസിജായതവിലോചനങ്ങളും
തിരുമുഖത്തിന്റെ വടിവും കേശവും
പരിചുള്ള വില്ലിൽ ചതുരത വെല്ലും
പുരികവും നാസാപുടമധരവും
പരദാരങ്ങൾങ്ങു ദരമരുളുന്ന
ഗളേഹാരാവലിഭുജയുഗളവും
കരകമലവുമുദരവും നല്ല
പരിചുടയൊരുദുകൂലശോഭയും
സുരപതിതന്റെ കരികരത്തിനു
ശരിപോരുന്നോരു തുടയുഗളവും
വരകാന്തി കണ്ടു നരപതി താനും
പരമാനന്ദമുൾക്കരുതി നിൽക്കുമ്പോൾ
ഉയർന്നമേടമേലിരുന്നതാതനെ
രഘുപതികണ്ടുരഥമിറങ്ങിനാൻ
നടന്നുഗോപുരം കടന്നുകെട്ടുക-
ളുയർന്ന പ്രാസാദമതിന്മേലേറിനാൻ
മഹീപതി തന്റെ സമീപത്താമ്മാറു
മഹിതമാം വണ്ണം സുകുമാരനായ
രഘുപതിതാനുമതിവിനീതനാ-
യ്‌വണക്കത്തിൽ ഭുവി നമസ്കരിച്ചുടൻ
സ്വനാമത്തെ ചൊല്ലിയഭിവാദ്യം ചെയ്തു
തൊഴുതരികിലങ്ങൊതുങ്ങിനിന്നപ്പോൾ
തൊഴുതകൈപിടിച്ചണച്ചു നന്നായി
പരമാനന്ദത്തിൽ മുഴുകിയിങ്ങിനെ
വരാസനത്തിങ്കലിരുന്നാലുമെന്നു
പിതൃനിയോഗത്തിലിരുന്നരാമന്റെ
വരകാന്തികൊണ്ടുനൃപസഭയെല്ലാം
സുമേരുമൂർദ്ധാവിലുദിച്ച സൂര്യനാൽ
സുരപത്മം‌പോലെ നിറന്നിതേറ്റവും
സ്മിതപൂർവ്വമിതെന്നരുൾചെയ്തുഭൂപൻ
സ്മയഹീനനായസുതനൊടുമന്ദം
പ്രഥമപത്നിയിൽ ഗുണിപ്രഥമനായ്
പ്രഥമൻ നീയല്ലാ ജനിച്ചതു രാമ!
അതുകൊണ്ടും പിന്നെ പ്രജകൾക്കു നിങ്കൽ
അനുരാഗം പാരമതുകൊണ്ടും തവ
യുവരാജത്വം ഞാൻ തരുന്നുണ്ടു നാളെ
ഒരു പുഷ്യംകൊണ്ടെന്നറിക രാഘവ!
പരന്നപാരിനെപ്പരിചിനോടു നീ
പരിപാലിക്കേണം കുമാരസാദരം
ഗുണങ്ങളൊക്കെയും നിണക്കുണ്ടെങ്കിലും
നിയമാർത്ഥം സ്നേഹാൽ പറയുന്നു ഞാനും
വസുന്ധരാനിങ്കൽ വരുന്നോരു നേരം
മദാന്ധനായി നീ മദിച്ചുപോകാതെ
വിനയമിന്നിയും വഹിച്ചുകൊള്ളണം
വിജിതേന്ദ്രിയനായിരിക്കയും വേണം
മൃഗയചൂതുകൾ പകലുറക്കവും
പരിവദം പാനം പുരികുഴലാളും
നടനം പാടുക പരവാദ്യങ്ങളും
വൃഥായാഗം കാമവ്യസനങ്ങൾ പത്തും
പരന്നദോഷത്തെ പറഞ്ഞുകൊള്ളുക
പരഗുണങ്ങളെസ്സഹിയായ്കതാനും
പരഗുണങ്ങളിലൊരുദോഷാരോപം
പരദ്രോഹം വൃഥാപെരിയസാഹസം
പരിത്യാജ്യം തന്നെ പരിത്യജിപ്പാനാ-
യ്പൊരുകിയോരർത്ഥം പരിത്യജിക്കയും
പലർക്കുപകാരമെന്നു തോന്നും വണ്ണം
പരപീഡചെയ്ക പരുഷവാക്യവും
ഇവണം കോപമാം വ്യസനങ്ങളെട്ടു-
മിവ പതിനെട്ടും പരിത്യജിക്കേണം
ജലദുർഗ്ഗങ്ങളും ഗിരിദുർഗ്ഗങ്ങളും
രണശൂരന്മാരാം ഭടവരന്മാരും
ധനധാന്യായുധനിചയമുണ്ടാക്കി
ധരാപരിത്രാണം പരിചിൽ ചെയ്ക നീ
ഇതൊക്കെയും കേട്ടങ്ങിരിക്കുന്നവരും
ജനനിയോടുചെന്നുരത്താർവൃത്താന്തം
സുതാഭിഷേകം കേട്ടളവുകൗസല്യ
പറഞ്ഞവർകൾക്കും ബഹുമാനത്തൊടെ
അനേകം രത്നങ്ങളനേകം ഭൂഷണ-
മനേകം വസ്ത്രങ്ങൾ കൊടുത്തു മോദേന
അനന്തരം ദശരഥനുടെ പാദം
വണങ്ങിരാമനും സ്വമന്ദിരം പുക്കാൻ
നരപാലന്മാരും മുനിജനങ്ങളും
പുരോഹിതന്മാരും പെരിയ മന്ത്രികൾ
പുരവാസികളും ജനപദേശന്മാർ
നരപാലൻ തന്നോടയപ്പിച്ചുകൊണ്ടു
സ്വമന്ദിരങ്ങളിൽ നടന്നതിൻശേഷം
മൃഗപതിനല്ല ഗുഹ പൂകുംവണ്ണം
നൃപതിതാനന്തഃപുരവും പൂകിനാൻ
തരുണിമാരുടെ നടുവിലിങ്ങിനെ
നരവരൻ പാരം വിളങ്ങിനാനപ്പോൾ
നിരന്നതാരകാഗണങ്ങൾ തങ്ങടെ
നടുവിൽ താരേശൻ വിളങ്ങുന്നപോലെ
നരപതിതാനും കനിവിനോടഥ
ചുരുക്കത്തിൽ ചിലഹിതാമാത്യന്മാരോ-
ടൊരുമിച്ചുകൂടി നിരൂപിച്ചു ദൃഢം
സുനിശ്ചിതം ചെയ്തങ്ങഭിഷേകത്തിന്നു
സുമന്ത്രരെ പുനരയച്ചു ഭൂപതി
വണങ്ങിസൂതനും നടന്നുരാമന്റെ
ഗുണമേറുന്നോരു ഭവനം പുക്കപ്പോൾ
പ്രതീഹാരനാഥൻ സുമന്ത്രർ വന്നത-
ങ്ങതിവേഗം ചെന്നങ്ങറിയിച്ചപ്പോഴെ
കൃതിയായ രാമൻ മനസി ചിന്തിച്ചാ-
നിതെന്തിവനിപ്പോൾ വരുവാൻ കാരണം
ഇതിന്നൊരുവിഘ്നം വലുതായുണ്ടായി
ട്ടിവൻ വരികയോ സരഭസമെന്ന-
ങ്ങുടനെ സൂതനെ വിളിച്ചു കേട്ടോര-
ങ്ങളവു സൂതനും വിളിച്ചുചൊല്ലിനാൻ
തനിച്ചുചൊല്ലുവാൻ പലതുമുണ്ടെന്നു
മനുവരനെന്നെയയച്ചതെന്നപ്പോൾ
നടന്നുതേരതിലിരുന്നു വേഗത്തിൽ
കടന്നുശുദ്ധാന്തേ വണങ്ങി ഭൂപനെ
പരമസുന്ദരൻ വരുന്നതുകണ്ടു
പരമാനന്ദമായ്പറഞ്ഞുഭൂപതി
മദനസുന്ദര! മകനേ! ബാലക!
സുകുമാര! വത്സ! മനോഹരാകൃതേ!
പലരും നിൽക്കവേ പറയരുതാത
രഹസ്യമന്ത്രങ്ങൾ പലതുമുണ്ടിഹ
അറുപതായിരംവരിഷമൊക്കെയും
ധരാപതിയായിപ്പരിപാലിച്ചുഞാൻ
പല ധർമ്മങ്ങളും പല യാഗങ്ങളും
ഉരുതരമായിക്കൊടുത്തു ദക്ഷിണ
പലവട്ടം ചെയ്തുഫലശക്തിദൈവാൽ
അതുകൊണ്ടു നിയ്യും പിറന്നുണ്ടായിതു
പലസുഖങ്ങളുമനുഭവിച്ചു ഞാൻ
പലിതവും വന്നു മമകൃത്യമിനി
ത്വദഭിഷേകമെന്നിയേപരമില്ല
ത്വരയൊടിന്നതും പറഞ്ഞിടാമെങ്കിൽ
പല ദുസ്വപ്നങ്ങൾ പ്രതിദിനമുണ്ടു
പലവട്ടം കണ്ടാൽ ഫലം വരും താനും
അവനികമ്പവുമശനികൊള്ളിമീ-
നിവണ്ണമന്യങ്ങൾ പലതുമുണ്ടിഹ
ഇനകുജരാഹു പരീതമെപ്പൊഴും
പിറന്നനാളെന്നു പറഞ്ഞു ദൈവജ്ഞൻ
ഇവണ്ണമുള്ളൊരു നിമിത്തത്തിൻ ഫല-
മവനിനായക മരണമല്ലായ്കിൽ
അതിഘോരമായ വിപത്തിതെങ്കിലും
അനുഭവിക്കുമെന്നറിഞ്ഞോർ ചൊൽകയാൽ
ഉടൻ തന്നെ വേണമഭിഷേകമെന്ന-
ങ്ങതി ത്വരിക്കയും പരിഭ്രമിക്കയും
ഭരതനുമിങ്ങു വരുന്നതിന്മുമ്പേ
ഭവിക്കേണമിതെന്നഭിപ്രായം മമ
ഭരതനന്യായരുചിയല്ലതാനും
പരകൃതഭേദം വരികയില്ലല്ലി?
പലതുകൊണ്ടുമേനി നിരൂപിച്ചു കണ്ടാൽ
വിളംബമാകരുതഭിഷേകത്തിന്നു
അതിന്നുനിയ്യിന്നു വ്രതസ്ഥയാകേണം
ജനകപുത്രിയും വ്രതസ്ഥനാകേണം
ശുഭത്തിന്നു പല വിഘാതങ്ങളുണ്ടാം
സുഹൃത്തുക്കൾ നിന്നെ നിശി രക്ഷിക്കേണം
ഇതിങ്ങിനെ പറഞ്ഞതിന്നനന്തരം
നൃപവരന്റെ പദങ്ങളിൽ പണി-
ഞ്ഞഭിരാമനായ ഗുണപൂർണ്ണൻ‌രാമ-
നഭിവാദ്യം ചെയ്തു ജനനീഗേഹത്തിൽ
മനുകുലവരൻ ഗമിച്ചനന്തരം
ജനനിതന്നുടെ ചരണയുഗ്മത്തിൽ
അഭിവാദ്യം ചെയ്തു ദശരഥനുടെ
അഭിപ്രായം രാമനറിയിച്ച ശേഷം
അവിടെ ലക്ഷ്മണൻ സുമിത്രയും നിജ-
ദയിതയാകുന്ന ജനകപുത്രിയും
ശ്രവിച്ചുമോദിച്ചാരനന്തരമാശീ-
ർവ്വചിച്ചു കൗസല്യമകനോടോതിനാൾ
അനുജനാം നിന്റെ സുമിത്രസൂനുവെ
അനുസരിച്ചു നീ നടത്തികൊള്ളെണം
അതുപൊഴുതിലങ്ങഭിരാമൻ താനു-
മഭിഷേകമിനിക്കകപ്പെടുന്നതും
മനസ്സിൽ പീഡയോപെരുത്തമോദമോ
അനുജനെന്നതുമറിവതിന്നായി
മുഖവികാരത്തെപ്പരീക്ഷിച്ചുനോക്കി
തെളിഞ്ഞനുജന്റെ വദനം കണ്ടപ്പോൾ
ചിരിച്ചഥരാമൻ വിളിച്ചനുജനെ-
പ്പിടിച്ചണച്ചിതു വദിച്ചുമന്ദമായ്
എനിക്കുവന്നതു നിനക്കു ലക്ഷ്മണ
ഭരിക്കയെന്നോടു രമിച്ചുരാജ്യമെ-
ന്നിംഗിതത്തോടുനിജമഭിപ്രായം
പറഞ്ഞുവാസവപ്രഭാവനാം‌രാമ-
നഭിവാദ്യം ചെയ്തു ജനനിമാരുടെ
അനുവാദത്തോടു പുറപ്പെട്ടുരാമൻ
വിളിച്ചു സീതയോടനുനയം ചൊല്ലി
അയപ്പിച്ചുതന്റെ ഭവനം പൂകിനാൻ
വസിഷ്ഠനും രാജനിയോഗത്താലപ്പോൾ
വരിഷ്ഠമായൊരു രഥമതിലേറി
നൃപസുതഗൃഹമകം‌പുക്കുകെട്ടു
കടന്നുമൂന്നതിൽ രഥത്തോടുതന്നെ
ദശരഥസുതനെതിരേറ്റു ചെന്നു
രഥത്തിന്മേൽ നിന്നുമിറക്കിനാൻ മന്ദം
സ്വയം തന്നെ കരഗ്രഹണം ചെയ്തുടൻ
പെരികെസ്സന്തോഷിച്ചരുൾചെയ്തുഗുരു
പിതൃപ്രസാദത്താലഭിഷേകം നാളെ-
യതിന്നു നിയ്യിന്നു ജനകജയോടും
സഹിതനായുപവസിക്കേണമെന്നു
ഗുരുവരുൾ ചെയ്തു വിധിയാകും വണ്ണ-
മുപവസിപ്പിച്ചു സുദം പതിമാരെ
തിരിച്ചുപിന്നെയും നൃപഗൃഹം പുക്കു
നൃപനോടും ചൊല്ലി സ്വമന്ദിരം പുക്കാ
നഥരഘുവരൻ ഗുരുചൊന്നവണ്ണം
ഘൃതാഹുതിചെയ്തങ്ങതിനുടെ ശേഷം
പരിപ്രാശിച്ചതിമുദാധർമ്മപത്നി
സഹിതനായ് ദർഭശയനം പ്രാപിച്ചാൻ
ചതുർത്ഥയാമത്തിൽ സ്തുതിപാഠകന്മാർ
വചനങ്ങൾ കേട്ടങ്ങുണർന്നെഴുന്നേറ്റു
ഗൃഹസംസ്കാരാദിനിജനിജകൃത്യ-
മവരവർ വന്നുവഴിപോലെ ചെയ്താർ
ഉഷസിവിപ്രന്മാർ കുളിച്ചു സന്ധ്യയു-
മുപവസിച്ചുപട്ടുടുത്തനന്തരം
ഒരു പുണ്യാഹാദി പരിചോടെ ചെയ്താർ
മുദിതനായപ്പോൾ ജനകുതൂഹലം
മൃദംഗമദ്ദള പ്രമുഖവാദ്യങ്ങൾ
ഗുരുപുണ്യാഹാദിമഹാഘോഷംകൊണ്ട-
ങ്ങയോദ്ധ്യയാം പുരി നിറഞ്ഞിതന്നേരം
അഖിലലോകരും പ്രമുദിതരായി
പ്രശസ്തവൃക്ഷങ്ങൾ പെരിയവൃക്ഷങ്ങൾ
ചതുഷ്പഥദേവാലയങ്ങൾ തന്നിലും
തെരുവീഥികളിലൊരു കടകളിൽ
തെരുപെരുകിയ ഭവനങ്ങളിലും
പ്രധാനവേശ്മങ്ങൾ പലതിലും മറ്റും
ശുഭങ്ങളാം നല്ല സഭകൾ തന്നിലും
കൊടികൊടിക്കൂറ കുസുമങ്ങൾ കൊണ്ടു
നിറച്ചാരന്നേരം നിപുണരായുള്ളോർ
നടനർത്തകന്മാർ നടീജനങ്ങളും
വിടഭടന്മാരും നരനാരീജനം
കുമാരവൃദ്ധന്മാരിവർകൂടിക്കൂടി
ഇരുന്നദിക്കെല്ലാമഭിഷേകകഥ
പറയുന്നെന്നിയേയവിടെ മറ്റൊരു
കഥയില്ല കേൾപ്പാനെവിടെപ്പാർക്കിലും
അഗരുധൂപത്തിൻ പരിമളം കൊണ്ടു
നിരന്തരമായി നൃപമാർഗ്ഗമെല്ലാം
പുരിതന്നിലുള്ളോരലങ്കാരാദിയാം
പരികരം കൊണ്ടു തല നാൾ മന്ഥരാ
പെരിയ മേടയിൽ കരയേറിനോക്കി
പുരിതന്നിലുള്ളോരലങ്കാരങ്ങളെ
പരമദുഷ്ടയാം പെരിയകൂനിയും
ഭരതമാതാവു പിറന്ന രാജ്യത്തിൽ
ഇരുന്നുകൈകേയിവരുന്നനേരത്തി-
ലൊരുമിച്ചുകൂടിവരിക കൊണ്ടവൾ
നിരൂപിച്ചു തദാവിളിച്ചു ധാത്രിയോ-
ടിതിൻ മൂലമെന്തെന്നറിവതിനായി
ട്ടിതമോടു ചോദിച്ചതിരഹസ്യമായ്
ഇതെന്തൊരു ഘോഷം പുരം തന്നിൽ കാണു-
ന്നിതു ചൊല്ലീടുക പരം തരുണി!നീ!
വിശേഷിച്ചുനല്ല മഹോത്സവങ്ങളോ
വിശേഷമെന്തിതു മഹാദാനങ്ങളോ
അതുകേട്ടോരളവഭിഷേകകഥ
പറഞ്ഞു ധാത്രിയുമവളൊടു നന്നായ്
അതുകേട്ടു കൂനിയതികുപിതയാ-
യുടനെകേകകയതനൂജയോടു ചെ-
ന്നസൂയ താൻ മൂർത്തീകരിച്ചു വന്നഗ്രേ
പറയുന്നപോലെ പറഞ്ഞുമന്ഥരാ
കിടക്കുന്നെന്തിനുമെഴുനേൽക്കവേഗം
കഠിനമായുള്ള ഭയമറിഞ്ഞില്ലേ
ഇവണ്ണം കേട്ടുടനെഴുനേറ്റപ്പൊഴേ
പറകയെന്നാളബ്‌ഭരതമാതാവും
അതുപൊഴുതവൾ പരിഭ്രമത്തോടെ
ഭരതമാതാവെപ്പറഞ്ഞുകേൾപ്പിച്ചാൾ
നരപതിരാമനഭിഷേകം നാളെ
നിറവേറ്റിക്കൊള്ളുംനരവരാത്മജേ
ഭരതനെപ്പറഞ്ഞയച്ചു ഭൂപതി
പരിപാകം നിനക്കതു സമയത്തിൽ
സരസമായ് ചൊല്ലി വരുത്തികൊള്ളാമേ
ഒരു ശഠതയെ നിരൂപിച്ചു ഭൂപൻ
വരുമതുനിന്റെ ജളതകൊണ്ടിപ്പോൾ
കരളിൽ നന്നായിട്ടുറച്ചുകൊള്ളുക
പലതുകൊണ്ടുമേനി നിരൂപിച്ചു കണ്ടാൽ
ഫലം കൗസല്യയ്ക്കായ് വരുമെന്നു നൂനം
അതുകേട്ടനേരമതിസന്തോഷത്താ-
ലെഴുനീറ്റു വേഗമുടനെ കൈകേയി
ഒരുമണിവള കൊടുത്തു പിന്നെയു
മിനിയെന്തു വേണ്ടൂ നിനക്കു ചൊല്ലുക
ഭരതജ്യേഷ്ഠനും ഭരതനും മമ
സദൃശസ്നേഹന്മാരറിക മന്ഥരേ
അതുകൊണ്ടു ചെറ്റും വ്യഥാവേണ്ടനിന-
ക്കതിമോദസ്ഥാനമിതെന്നറിഞ്ഞാലും
വടിവോടിങ്ങിനെ പറഞ്ഞതു കേട്ടു
കുടിലചിത്തയാം കൊടിയ കൂനിയും
എടുത്തെറിഞ്ഞാളാക്കൊടുത്ത ഭൂഷണ-
മടുത്തുചെന്നോരോ കടുത്ത വാക്കുകൾ
മുടക്കിച്ചൊല്ലിനാൾ മുടിപ്പതിന്നായി
പിടിയാത നിന്നെയടുത്ത ഞങ്ങൾക്കു
മൊടുക്കം വന്നിടും മുടിവു നിർണ്ണയം
അറിയപ്പോകാതെ ചപലേ! നിന്നോട-
ങ്ങിനിയെന്തു ഞാനും പറയുന്നിതിപ്പോൾ
അതിപ്രമാദമിങ്ങിവിടെ വന്നിപ്പോൾ
അതിമോദമല്ലോ നിനക്കു കാണുന്നു
ഭരതനെച്ചൊല്ലി‌ബ്ഭയമുണ്ടുരാമ-
ന്നതിന്നുകാരണം പറഞ്ഞിടാമെങ്കിൽ
രഘുപതിതങ്കലിരിപ്പുലക്ഷ്മണൻ
ഭരതനോടു ചേർന്നിരിപ്പു ശത്രുഘ്നൻ
രഘുവരൻ രാജ്യം ഭരിക്കിലും നിന്റെ
ഭരതൻ ഭൂപനായ്‌വരികിലും പിന്നെ
പരിതാപമില്ല സുമിത്രയ്ക്കേതുമേ
പരമാപത്തുകൾ നിനക്കു വന്നീടും
വയസ്സുകൊണ്ടുമങ്ങടുത്തതു നിന്റെ
ഭരതനല്ലയോ രഘുപ്രവരനു?
പലതുമെന്തിനു പറയുന്നിന്നു ഞാൻ
സുഭഗകൗസല്യ ശുഭമവൾക്കല്ലോ
ഇരിക്കേണമെന്നിങ്ങിരിക്കിലും പിന്നെ
പൊറുക്കേണമെന്നു വരികിലുമിനി
ഭരതൻ രാഘവനടിമയായിട്ടും
പരിചിൽ കൗസല്യയ്ക്കടിമയായ് നിയ്യും
ഇരിക്കുന്നാകിലേ പൊറുപ്പുനിർണ്ണയം
ഇതിത്തരം കേട്ടങ്ങിളക്കം വന്നില്ല
രഘുവരഗുണം പുകൾത്തിനാളപ്പോൾ
ഗുണങ്ങളെക്കൊണ്ടും വയസ്സുകൾ കൊണ്ടും
സുതജ്യേഷ്ഠനായ രഘുപ്രവീരനു
യുവരാജ്യത്വത്തിന്നവകാശം നൂനം
അതിനിതെന്തിനു വിഷാദിക്കുന്നിതു
പുനർദ്ദോഷങ്ങളെപ്പറഞ്ഞതുമൊന്നും
വരികയില്ലതിശുചി രഘുവരൻ
ഭരതനും ഞാനുമൊരു വിശേഷമി-
ല്ലവണ്ണം മാതൃഷു സമവൃത്തിയല്ലോ
സ്വമാതാവെക്കാളും വിശേഷിച്ചുമെന്നോ-
ടനുരാഗം പാരമവനു മന്ഥരേ
കുടിലതവ്യാജമസൂയയെന്നിവ
കരളിലില്ലേതും കരുണയും പൂർണ്ണം
അസാരവൃത്തിയുമവനില്ലനൂന-
മവനുടെ രാജ്യം ഭരതനുതന്നെ
ചിരകാലം ചെന്നാൽ ഭരതനു തന്നെ
വരികയും ചെയ്യും വയഃക്രമം കൊണ്ടും
സുമംഗല വസ്തു ഭവിക്കുന്നനേര
മമംഗലവാക്യം പറയരുതെടോ!
ഇതുചൊല്ലുന്നേരത്തെഴുന്നകോപത്താൽ
കുടിലയാം കൂനി സ്വയമവളോടു
പറഞ്ഞവാക്കുകൾ ഫലിയാഞ്ഞുകോപി-
ച്ചതിദിർഘശ്വാസമിയന്നു ചൊല്ലിനാൾ
പറഞ്ഞതൊക്കെയും ഫലിപ്പോളും നേരം
കുടിലചിത്തന്മാർ പ്രയത്നം ചെയ്തിടും
മതിമതിനിന്റെ വചനം കേട്ടതു
മതികെട്ടു പാരം നിനക്കു കൈകേയി
അനർത്ഥമർത്ഥ മെന്നൊരുമതിയിപ്പോ-
ളുറച്ചതിനെന്തു പറയുന്നു ബാലേ!
ചിരകാലം ചെന്നാൽ ഭരതനുരാജ്യം
വരുമെന്നു ചെറ്റും നിരൂപിച്ചീടാതെ
അതന്നുരാമന്റെ മകനു വന്നിടും
മഹീപതിയായതവനല്ലോയെന്നാൽ
ഒരുത്തനു മക്കൾ പലരുണ്ടെങ്കിലും
ഒരുത്തനെ രാജ്യം ഭരിപ്പു നിർണ്ണയം
സുതന്മാർ രാമനുമുളവായില്ലെങ്കിൽ
വയസ്സുരാമനു പെരികെ ചെന്നിട്ടു
വിരക്തിവന്നല്ലോ കൊടുപ്പുരാജ്യവും
അതിന്നു രാമനും ഭരതനും പിന്നെ
ഒരുദിനമല്ലോയിളമയുള്ളതു
അഭിഷേകം രാമനകപ്പെടുന്നേരം
മഭിഭവം നിന്റെ മകനു വന്നിടും
ചെറുപ്പത്തിൽ തന്നെ ഭരതനെ നീയും
പിതൃസമീപത്തിലിരുത്തിക്കൊള്ളാതെ
ഇതരരാജ്യത്തിലയക്കയും ചെയ്തു
പ്രണയമെപ്പോഴുമരികിൽ നിൽക്കുന്ന
സുതനോടല്ലയോ പിതാവിനു വരൂ
ശ്രവിച്ചില്ലേ കഥയിതങ്ങൊരിക്കലും
ശശിമുഖി! കേൾപ്പു പറഞ്ഞീടാമിതു
വനത്തിങ്കലോരോ വസതിയെക്കെട്ടി
വലുതായുള്ളോരോ മരങ്ങളെച്ചിലർ
മുറിച്ചുവീഴ്ത്തീട്ടുമതുകൊണ്ടുകാലം
കഴിച്ചിരിക്കവേ ഗൃഹസമീപത്തിൽ
ഒരുവൃക്ഷമുണ്ടായ്‌വളരുന്നകാലം
വലുതായാലിതു മുറിയ്ക്കാമെന്നവർ
പ്രതിദിനം നോക്കിയിരുന്നീടും കാലം
ചിരപരിചയമവർക്കു ചെന്നപ്പോൾ
അതിനോടുമൊരു കൃപയുണ്ടായ്‌വന്നു
അതിന്മേൽ ചുറ്റിന ലതമുള്ളെന്നിവ
മുറിച്ചുനീക്കിയുമതു രക്ഷിച്ചാർ പോൽ
അതുപോലെ നിത്യം പരിചയിക്കുമ്പോ-
ളരികളോടുമേ കൃപയുണ്ടായ്‌വരും
പലതുമെന്തിനു പറയുന്നതിപ്പോൾ
ഗുണഗണമുള്ള രഘുവരനോടു
പരിചയം കൊണ്ടു പിതാവിനുമേറ്റം
കൃപയുണ്ടായ്‌വരുമറിക കൈകേയി!
കഴിഞ്ഞതുചൊല്ലിത്തപിക്കുന്നെന്തിനു
കരുതാതെ കണ്ടങ്ങിരുന്നാലിന്നുനീ
അവനിരാമനുവരുന്നനേരത്തു
ഭരതനുഭയം വരുമെന്നുനൂനം
പ്രവാസമോപിന്നെമരണമോയെന്നു
വരുന്നനേരത്തേ തിരിക്കാവൂ രണ്ടും
അവിടന്നുതന്നെ ഭരതനും വേറെ
ഗമിപ്പാനായ് ചൊല്ലിയയ്ക്ക ദൂതരെ
ചിരകാലം ചൊന്നാലൊരുകാലം നല്ല-
തനുഭവിക്കിലാമറിയാതെ നിന്നാൽ
സുഭഗഞാനെന്നോരഹംഭാവംകൊണ്ടു
സപത്നിയോടവമതിവളരെ നീ
സഹിയാതവണ്ണമുരചെയ്തതെല്ലാ-
മനുഭവിപ്പിക്കും രഘുവരനിധി
വളരെയെന്തിനു പറയുന്നു ബാലേ
ജളതകൂടാതെ മനം ചെലുത്തുക
അഭിഷേകം രാമനകപ്പെടും മുമ്പേ
അതിപ്രയത്നം ചെയ്തതുമുടക്കുക
പരിരക്ഷിക്കനീ ഭരതനെയിന്നു
പ്രവാസം ചെയ്യിക്ക രഘുവരനെയും
അതിന്നുനിയ്യിന്നു മടിക്കിലോപിന്നെ
സുതനും തല്പത്നീ സഹിതയായ്നിയ്യും
രഘുപ്രവീരനുമവന്റെ ഭാര്യയ്ക്കും
ജനനിക്കും കൂടിയൊരുപോലെ ദാസ്യം
നിരന്തരം ചെയ്യാൻ തരം വരും താനും
ഇരിക്കുന്ന കോപ്പും നടപ്പും കാണുമ്പോൾ
നിനക്കുണ്ടാകുന്ന ഗുണദോഷങ്ങളി-
ന്നെനിക്കുമുണ്ടാമെന്നുറയ്ക്ക കൈകേയി!
അതുകൊണ്ടു ഞാനും പറഞ്ഞതല്ലാതെ
അസൂയകൊണ്ടെന്നു നിനയ്ക്കയും വേണ്ട
വലിയകാരിയമറിഞ്ഞുപോമ്മുമ്പേ
വളരെപ്പീഡിച്ചു തിരിച്ചുകൊള്ളണം
പെരുവെള്ളം വന്നു ചിറമുറിഞ്ഞാല-
ങ്ങണകെട്ടിയിട്ടാൽ ഫലമെന്തു പിന്നെ
ഇതിങ്ങിനെ നന്നായ്പറഞ്ഞുപിന്നെയും
രഘുപതിരാജ്യം പരിപാലിക്കുമ്പോൾ
മതിമറന്നവൾ മദിച്ചുകൗസല്യ
ഞെളിഞ്ഞവളുടെ ഞെളിവും ഗർവ്വവും
വളർന്നുകാൺകയിൽ മരിക്ക നല്ലതു
ഇതിങ്ങിനെ നന്നായ് പറഞ്ഞു ബോധിപ്പി-
ച്ചടങ്ങിനാൾ കൂനിയതിവിഷണ്ണയായ്
അനന്തരം കോപം കലർന്നു കൈകേയി
കുറഞ്ഞൊരുനേരം നിരൂപിച്ചുപിന്നെ
മനം തെളിഞ്ഞവൾ പ്രതിജ്ഞയും ചെയ്താൾ
പ്രവാസനം രഘുപ്രവരനുമെന്റെ
ഭരതനുരാജ്യപ്രദാനവുമിന്നു
വരുത്തുവനതിന്നുപായമെന്തുള്ളൊ
വദിക്ക മന്ഥരേ!യെനിക്കെന്നനേരം
ചിരിച്ചസന്തോഷം പെരുത്ത മന്ഥരാ
വചിച്ചാളിങ്ങിനെ മികച്ച പാതകി
പുരംസുരാസുരാരണമുണ്ടായന്നു
സുരപതിക്കായി സഹായം ചെയ്‌വാനായ്-
തവപതിരാജാമുനിമാരോടൊത്തു
മുദീചിദണ്ഡകാനനമകത്തിങ്കൽ
പെരുത്ത വൈജയന്തമെന്ന പട്ടണേ
തിമിദ്ധ്വജനെന്നൊരസുരനെക്കൊൽ‌വാൻ
ഗമിച്ചന്നുനീയും സഹഗമിച്ചുപോൽ
അസുരനും മഹാബലവാനായതു
പലരോടു യുദ്ധം പകൽ ചെയ്തു നൃപൻ
തളർന്നുരാത്രിയിലുറങ്ങുന്ന നേരം
പൊരുതസുരരും ബഹുശസ്ത്രം കൊണ്ടു
മുറിച്ചുപോലപ്പോൾ കരുത്തോടും കൂടി
കൃതസാരഥ്യയായൊരു നിയ്യുമപ്പോൾ
അവിടെന്നു മറ്റൊരിടത്തുകൊണ്ടുപോ-
യ്പരിരക്ഷിച്ചു നിൻ പതിയെയുമുടൻ
അവിടേയും വന്നു സുരാരികൾ മന്ത്ര -
പ്രയുക്തബാണങ്ങൾ പ്രയോഗിച്ചനേരം
പുനരവിടുന്നും വരാതെകൊണ്ടുപോ-
യ്പരിരക്ഷിച്ചു നീയതുകൊണ്ടു ഭൂപൻ
അതിസന്തോഷത്താൽ വരദ്വയം നൽകി
വരദ്വയം ഭൂപൻ തരുവാൻ കാരണം
നൃപനെ രണ്ടേടത്തിരുന്നു രക്ഷിച്ച-
തതുകൊണ്ടു രണ്ടു വരങ്ങൾ തന്നതും
വരദ്വയം നിക്ഷേപമായ് നൃപൻ കയ്യിൽ
വരങ്ങൾ കേൾക്കുമ്പോൾ തരികയെന്നതും
അതുമെന്നോടു നീ പറഞ്ഞിരിക്കുന്നു
മറന്നില്ലനിങ്കലതിസ്നേഹം കൊണ്ടു
മറന്നുപോയിതോയിതൊക്കെയും ദേവി!
അതിലൊന്നുകൊണ്ടു ഭരതാഭിഷേകം
ഇതരം കൊണ്ടു രാമനെ വനത്തിങ്ക-
ലയക്കയും വേണം മടിയ്ക്കാതെ ദേവി!
രഘുവരൻ തന്നെ വനത്തിലാക്കാതെ
ഭരതനു രാജ്യം കൊടുക്കിലാപത്തു
ഭവിക്കുമെന്നതു ധരിക്ക കൈകേയി
ചതുർദ്ദശവർഷം വനത്തിലാക്കേണം
പതിന്നാലു വർഷം ഭരതനാളുമ്പോൾ
പ്രജകളൊക്കെയുമനുരഞ്ജിച്ചീടും
പതിന്നാലാമാണ്ടു കഴിഞ്ഞുവന്നെങ്കിൽ
ബലം കൊണ്ടുതന്നെ വധിക്കാം രാമനെ
പ്രചണ്ഡരാക്ഷസ പ്രചുരമായുള്ള
വനത്തിൽ ചെന്നാലങ്ങിവനുണ്ടോ പിന്നെ
തിരിച്ചുപോരുവാൻ തരം വരുന്നിതു
പെരിയ സിംഹങ്ങൾ കടുവ കാട്ടാന
പെരികെയുള്ളൊരു വനേ വസിക്കുമ്പോൾ
തിരിയെ പോരുവാൻ തരം വരാ നൂനം
മടിക്കാതെ കോപം നടിച്ചു ഭൂഷണ-
മൊടിച്ചെറിഞ്ഞു നീ കിടക്ക നിശ്ചലം
പൊടി പിരളുന്ന വെറും നിലം തന്നിൽ
അതിന്നു ചഞ്ചലം മനസ്സിൽ തോന്നാതെ
അതിന്നുവേണ്ടുന്ന ബലമുണ്ടുനിങ്കൽ
വെറുത്തു നിന്നെയിങ്ങൊരിക്കലും നൃപൻ
മറുക്കയില്ലയെന്നെനിക്കു നിർണ്ണയം
പലവസ്തുകൊണ്ടും പ്രലോഭനം ചെയ്താൽ
മനസ്സിലൊട്ടുമേയിളക്കം തോന്നല്ല
ഇതുരണ്ടും തന്നെ തരുവോളം നീയും
മുഖത്തുനോക്കല്ല വചിക്കയും വേണ്ട
നിനക്കു സൗഭാഗ്യമെളുതല്ല ബാലേ!
പതിക്കുനിന്നോടു പ്രണയമുണ്ടേറ്റം
വചിക്കുമെന്നു നീയിരിക്കിലോ ഭൂപൻ
പതിക്കുമഗ്നിയിൽ നടുക്കമെന്നിയെ
മടിക്കയില്ലതിനൊരിക്കലുമവൻ
നടിച്ചുകോപവുമുറച്ചുമാനസം
വിളിച്ചുരോദിച്ചു ശയിക്ക ഭൂതലേ
നരപതിയായ ദശരഥൻ വന്നു
പരിപാകം നിന്റെ കരളിലുണ്ടാവാൻ
പരിചിനോടനുസരിച്ചുമോരോരോ
സരസവാക്കുകൾ പറഞ്ഞീടുമവൻ
പെരുകിയ ഭൂമി ധനധാന്യങ്ങളും
തരാമെന്നു ചൊന്നാലിളകിപ്പോകാതെ
മടവയർകുലമകുടമാലികേ!
എടുത്തുനിന്നെയുമടുപ്പിച്ചു ഗാഢം
പിടിച്ചണയ്ക്കിലും മടിക്കൊല്ല മനം
മടിച്ചുവീടിക കടിച്ചു നൽകിലും
കുടിച്ചുകണ്ണുനീർ കിടക്കിലും ഭുവി
നടിച്ചുദീനനായ്പിടിക്കിലും പാദം
നടിച്ച കോപവുമടക്കൊല്ല ദേവി!
മുടി ഭരതനുമടവി രാമനും
മടിയാതെ ഭൂപൻ തരുവോളമേതും
മടങ്ങൊല്ല കോപം നടിച്ചാനെങ്കിലും
നടുങ്ങൊല്ല ചെറ്റു മിടുക്കുണ്ടെന്നാകിൽ
ഇതുകേട്ടുമോദമിയന്നു കൈകേയി
അതിപാപത്തിങ്കൽ കൃതമതിയായി
സ്തുതിച്ചാൾ കുബ്ജയെയതിമാത്രമപ്പോൾ
സ്തുതിയല്ലോമോദം വരുത്തുമെല്ലാർക്കും
ഇതിത്രനാളും ഞാനറിഞ്ഞില്ല നിന്റെ
മതിബലം കൂടിയതിചിത്രമെടോ!
പൃഥിവിയിലുണ്ടു പെരികക്കൂനികൾ
പൃഥു ബുദ്ധിയായിട്ടതിൽ നിയ്യേയുള്ളു
മദർത്ഥസാധനേ കൃതമതിയായി
ത്വദന്യയെക്കണ്ടില്ലിവിടെ ഞാനിപ്പോൾ
പെരികെക്കുബ്ജകൾ പൃഥിവിയിലുണ്ട-
ങ്ങഴകില്ല കണ്ടാലവർക്കു മന്ഥരേ!
അവണ്ണമല്ല നിൻ ശരീരത്തിലേറ്റ-
മഴകുണ്ടു ചെറ്റുമസത്യമല്ലിതു
വളഞ്ഞിരിക്കുന്ന സരോരുഹത്തിന്റെ
വടിവെന്നപോലെ വരാംഗി! നിന്നുടെ
വളഞ്ഞ ഗാത്രത്തിൽ വിളങ്ങുന്നരൂപ-
മനോജ്ഞത കണ്ടാൽ മതിയാകുന്നില്ല
തെളിഞ്ഞ മാറത്തുവളർന്ന വന്മുഴ
വളഞ്ഞഗാത്രത്തിലൊളിച്ചുദരവും
തടിച്ചുവട്ടമൊത്തിരിക്കുന്ന നല്ല
മുലത്തടങ്ങളും ഘനജഘനവും
കുളുർമതിപോലെ തെളിഞ്ഞൊരാനനം
നിരുപമായ നിതംബദേശവും
നിനാദിക്കുന്നൊരു രസനയും പിന്നെ
കണക്കിലേറ്റമക്കനത്തു നീണ്ടൊരു
തുടയും കാലുമങ്ങതിമനോഹരം
നടക്കുമ്പോളുടൽ കൊടുകൊടുത്തല്ലി-
യിടയും കൊട്ടുകാലടിയോളം മുടി-
യുടുത്തു പട്ടുകൊണ്ടഥ നടക്കുമ്പോൾ
അരയന്നത്തിന്റെ നടയെന്നും തോന്നും
അനേകമായകളനേകബുദ്ധിക-
ളനേകം ക്ഷത്രവിദ്യകളുമെന്നിവ
മനസ്സിൽ കൊള്ളാഞ്ഞുനിറഞ്ഞുവാങ്ങിയ-
ങ്ങുരസ്സിലുണ്ടായ മുഴയെന്നു തോന്നും
ഭരതനുരാജ്യമടവിരാമനു-
മിതുരണ്ടും വന്നാലുടനെ മന്ഥരേ!
കനത്തിൽ ചന്ദനം മുഴയിൽ തേപ്പിച്ചു
കനകമാലയുമിടുന്നുണ്ട് തവ
മദീയദാസിക്കൾക്കധിപയാക്കുവാൻ
രതിയുള്ളനിന്നെ മടിയാതെയെന്നു
പറഞ്ഞുപിന്നെയും കൊടിയ കൂനിയാൽ
പ്രചോദിതയായിട്ടുടങ്കോപഗൃഹ
മകം‌പുക്കുദേവിയതിശോകമോഹ-
മെഴുന്നകോപവും കലർന്നു കൈകേയി
അനർഗ്‌ഘരത്നങ്ങളമിഴ്ത്തിനനല്ല
പതർക്കംഹാരാദി വിഭൂഷണങ്ങളെ
മുറിച്ചെറിഞ്ഞവൾ വെറും നിലം തന്നിൽ
കിടന്നു കൈകേയി പറഞ്ഞു മന്ഥര
രഘുവരനെയിന്നഭിഷേകം ചെയ്കിൽ
ഭരതനുമൃതിവരുമെന്നുനൂനം
മറന്നുപോകാതെപറഞ്ഞതൊക്കെയെ-
ന്നരികിൽ ചെന്നവളിരുന്നു പിന്നെയും
പറഞ്ഞുറപ്പിച്ചോരനന്തരം ദേവി
ഉരത്തുമാനസമുറച്ചുമിങ്ങിനെ
ഭരതനുരാജ്യമരണ്യം രാമനും
വരുത്തുവൻ പക്ഷെ മരിപ്പനേന്നേവം
വചിച്ചിവതന്നെയയച്ചുകൂനിയെ
ഉറച്ചുകൈകേയി ശയിച്ചു ഭൂമിയിൽ
അതുസമയത്തിൽ ദശരഥനൃപ-
നഭിഷേകാർത്ഥമായൊരോപദാർത്ഥങ്ങൾ
ഒരുങ്ങിയൊക്കെയുമിവിടെയെന്നവ-
നമാത്യവൃദ്ധന്മാരറിയിച്ചശേഷ-
കൃത്യമായി കൃത്യം നമുക്കെന്നു ഭൂപൻ
കൃതിയാം രാമന്റെയഭിഷേകകഥ
ഭരതമാതാവെപ്പറഞ്ഞുകേൾപ്പിപ്പാൻ
പരിചിനോടവൻ ഭവനം പൂകിനാൻ
അവിടെ കാണാഞ്ഞു ദയിത തന്നെയും
മദനമാൽ പൂണ്ടു വലഞ്ഞുഭൂപതി
സുദതിമാർമണിയെവിടെപ്പോയെന്നും
സുമുഖനത്യന്തപരവശനായി
പ്രിയതമതന്നെത്തിരഞ്ഞു ഭൂപതി
പുറത്തുവന്നപ്പോൾ പ്രതിഹാരി ചൊന്നാൾ.
അറിഞ്ഞനന്തരൻ നടന്നുടൻ കോപ-
ഗൃഹമകം പുക്കു നൃപപ്രവീരനും
വടിവൊടുതലമുടി മടക്കീട്ടു
നെടിയ വേണിയും ധരിച്ചു കൈകേയി
സുരവരനാരി പതിച്ചതുപോലെ
ധരാതലത്തിങ്കൽ കിടന്നതുകണ്ട-
ങ്ങതിന്മൂലമേതെന്നറിവതിന്നായി
അരികെ ചെന്നിരുന്നവളേയും മെല്ലെ-
ന്നെടുത്തു തന്നുടെ മടിയിൽ വെച്ചഥ
പിടിച്ചുപൂണ്ടവൻ തുടച്ചുകണ്ണുനീർ
പറഞ്ഞാനിങ്ങിനെ പരിഭ്രമത്തോടേ
അറിഞ്ഞതില്ലഞാൻ തവശോകമൂലം
പറഞ്ഞാലും കോപമിയന്നതെന്തയ്യോ
കളകളഖേദം കളമൊഴിയാളേ!
വിളങ്ങുമാനനം തളർന്നതെന്തെടോ!
തെളിഞ്ഞ കണ്ണുകൾ കലങ്ങുന്നെന്തിനു
വളതളകൾ തോൾ വളകളെന്നിവ
കളവാനെന്തിപ്പോൾ നളിനലോചനേ!
കളിക്കാതെപൊടികലർന്നു ഭൂമിയിൽ
ശയിപ്പാൻ കാരണം വചിച്ചാലും പ്രിയേ!
വളർന്നുള്ള ശോകം പറയുന്നാകിലോ
കളയുന്നുണ്ടുഞാനുടനെവല്ലഭേ!
കളിച്ചുസുന്ദരി കലഹിച്ചീടാതെ
കിളിമൊഴിയാളേ! പിഴച്ചില്ലേതും ഞാൻ
നളിനസായഹശരങ്ങളേറ്റിഹ
നളിനലോചനേ വലഞ്ഞുദീനനായ്
മധുരമേറുന്നോരധരപീയൂഷം
തരികസാദരം തരളലോചനേ!
പരനാരീസംഗമെനിക്കുണ്ടെന്നതും
കരളിലേതുമേ കരുതീടായ്ക നീ
മതിമുഖംകണ്ടുമതിയിലേറ്റവും
കൊതിപെരുകുന്നുമതിനേരാനനേ!
രതിപതിശരതതി തറച്ചെന്റെ
മതികലങ്ങുന്നു മദിരലോചനേ!
വദവദബാലേ!കലഹകാരണം
മതിമതിതാപം മതിതളരാതെ
സരസിജം‌പോലെ നിറന്നൊരാനനം
കറുത്തുകാണുമ്പോൾ പൊറുക്കുന്നില്ലേതും
വെറുത്തുനിന്നോടു പറഞ്ഞതാരിന്നു
കറുപ്പുമാനസെ വരുവാനെന്തയ്യോ!
വശക്കേടെങ്കിലോ വചിച്ചാലും പ്രിയേ!
വിദഗ്ദ്ധവൈദ്യരുണ്ടതിങ്ങകറ്റുവാൻ
മനസ്സിലേതാനുമഭിപ്രായമെങ്കിൽ
മടിയാതെ ചൊന്നാൽ തരുവനല്ലോ ഞാൻ
ദരിദ്രരിലാരെദ്ധന്നവാനാക്കേണ്ടൂ?
ധനികളിലാരെദ്ദരിദ്രനാക്കേണ്ടൂ?
അവദ്ധ്യരിലാരെ വധിക്കേണ്ടൂ ചൊൽക
വധിക്കേണ്ടും പേരിലയക്കേണ്ടതാരെ?
പറഞ്ഞതൊക്കെയും തരുവനല്ലോ ഞാൻ
പറവാനെന്തിനു മടിക്കുന്നോമലെ!
അലകടൽ നാലുമവധിയായുള്ളോ-
രവനിയെന്നുടെ കുടക്കീഴല്ലയോ
കിഴക്കുതെക്കരും പ്രദീപ്യോദീപ്യന്മാർ
സുരാഷ്ട്രസൗവീരകലിംഗമാഗധർ
പെരിയവംഗാഗംഗസമത്സ്യസിന്ധുകൾ
സ‌മൃദ്ധകോസലമിവറ്റിലോരോന്നിൽ
വരും ധനങ്ങളുണ്ടതിലെന്തു വേണ്ടു?
ബഹുമാനത്തോടെ തരുന്നതുണ്ടു ഞാൻ
ഇതെന്റെ ജീവനം തരുവനോമലേ!
പൊടി പിരളുവാൻ വെറും നിലത്തു നീ
കിടക്കുന്നെന്തയ്യോ!കൃശാംഗി! ചൊല്ലുക
അതുകേട്ടുദേവി പതുക്കെച്ചൊല്ലിനാൾ
ഇതൊന്നുമല്ലെന്റെ വ്യസനകാരണം
മനസ്സിലൊന്നുണ്ടങ്ങഭിപ്രായമതി-
ങ്ങിനിക്കുനൽകാമെന്നിരിക്കിലിന്നു നീ
പ്രതിജ്ഞചെയ്യണമുടൻ തന്നെയെന്നാൽ
പറവനല്ലാതെ പറഞ്ഞെന്തു ഫലം?
അതുകേട്ടു പംക്തിരഥൻ പറഞ്ഞിത-
ങ്ങവളോടു ശോകഹതമനസ്സായി
മമജീവനെക്കാളതിപ്രിയം നിയ്യ-
ങ്ങതിലതിപ്രിയനറികരാമനെ
അറിഞ്ഞല്ലോനിയ്യുമിരിക്കുന്നതെന്നാൽ
അവനാണതവതരുവൻ കാംക്ഷിതം
വഴിയെ കാണുമ്പോൾ മിഴി തണുത്തിടും
മൊഴികൾ കേൾക്കുമ്പോൾ ചെവികുളുർത്തിടും
അണക്കുമ്പോളംഗം കുളുർക്കുമത്യന്തം
മണക്കുമ്പോളുച്ചി തണുക്കുമേറ്റവും
ഇവണ്ണമത്യന്തം പ്രിയനവനിനി-
ക്കവനാണതവതരുവനിഷ്ടം ഞാൻ
മദീയരാജ്യം ഞാനവനുനൽകിലും
മദമെന്ന്യേയവനനുജന്മാരോടും
ഒരുമിച്ചുവാഴുമതിസ്നേഹത്തോടേ
ഒരുപോലെയവനവരജന്മാരിൽ
ഗുണവാനേറ്റവും ഗുരുഭക്തിയുള്ളോ-
നനസൂയൻ നല്ല ശമദമന്മാരിൽ
ഒരുഭേദമില്ലാത്തവനല്ലോ രാമ-
നവനാണതവതരുവൻ കാംക്ഷിതം
മദീയരാജ്യവും മദീയജീവനം
മദീയഭാര്യമാർമദീയപുത്രന്മാർ
ഇവരെയൊക്കെയും ത്യജിക്കാമെങ്കിലും
അരക്ഷണം പോലുമവനെ വേറിട്ടാൽ
എനിക്കുജീവിതമിരിക്കയുമില്ല
അവണ്ണമിഷ്ടനാമഭിരാമൻ‌രാമൻ
അജയ്യനാദിത്യദിതിസുതരാലും
അവനാണതവമനോരഥം തരാം
പറകകൈകേയി പരിതാപം വേണ്ട
പടുകുഴിയിൽ ഞാൻ പതിച്ചുപോകാതെ
വരനഭിപ്രായമറിഞ്ഞുചൊല്ലുക
അതുകേട്ടുദേവി പറഞ്ഞാളിവണ്ണ-
മവനീപാലനോടുറപ്പിച്ചുകൊണ്ടു
ഭവദുക്തമായ വചനമൊക്കയും
ത്രയത്രിംശൽ കോടി സുരഗണഭൂതം
പകലിരവുമപ്പനിമതിസൂര്യൻ
ജഗത്തുക്കൾദിക്കുവിദിക്കുകൾ താനും
ക്ഷിതിനഭോവനംശ്രുതിചതുഷ്ടയം
ശ്രുതങ്ങൾ ഗന്ധർവ്വപിശാചരാക്ഷസർ
ഗൃഹദേവതകൾ വനദേവതമാർ
ഗൃഹങ്ങൾ നാളുകളിവരെല്ലാം കേൾക്ക
പുരാരഘുകുലനരപാലന്മാരി-
ലൊരുവനും സത്യം കളഞ്ഞിട്ടില്ലല്ലോ
നരപതി സത്യമരുളിച്ചെയ്തതി-
ന്നൊരുമയിൽ സാക്ഷിയിവരെല്ലാവരും
ഇവണ്ണം ചൊല്ലിയങ്ങനന്തരം ദേവി
പറഞ്ഞാൾ ചിന്തിതം മനോരഥം തദാ
സുരാസുരരണസമയത്തിൽ നിന്നെ
ഉറങ്ങാതെകണ്ടു പരിത്രാണം ചെയ്തേൻ
അതുകൊണ്ടുനീയും പ്രസാദിച്ചുരണ്ടു
വരങ്ങൾ തന്നല്ലോയെനിക്കു ഭൂപതേ!
അതിലൊന്നുകൊണ്ടുയുവരാജനായി-
ട്ടങ്ങഭിഷേകം ചെയ്ക ഭരതനെ ഇപ്പോൾ
ദ്വിതീയംകൊണ്ടുനിൻ മകനാം രാമനെ
വനത്തിലാക്കുക മടിയാതെ ചെറ്റും
ഒരൊമ്പതുമഞ്ചും വരിഷമൊക്കെയും
വനത്തിങ്കൽ രാമൻ വസിക്കേണമെന്നും
പരുഷമാം വണ്ണം പറഞ്ഞു കൈകേയി
പുരുഷവര്യനോടതുനേരമവൻ
ഉലയിൽചുട്ടുതീയെരിയുംനാരാചം
ചെവിയിൽകൊണ്ടന്നുതിരുകിയപോലെ
പറഞ്ഞുകേട്ടുടൻ ദശരഥനൃപൻ
പരിഖിന്നനായി പ്രമോദമെന്നിയെ
കരുത്തേറുന്നവൻ പുലിയെക്കണ്ടുള്ള
കരുത്തില്ലാമാൻപിരണ്ടതുപോലെ
പ്രകോപശോകത്താൽ പതിച്ചുഭൂമിയിൽ
പ്രബുദ്ധനായുടൻ പറഞ്ഞാനീവണ്ണം
പരമദുഷ്ടെസൽകുലവിനാശിനി
പതിവ്രതാകുലകറയായുള്ളോവേ!
നിനക്കെന്റെരാമൻ പിഴച്ചതെന്തിപ്പോൾ
പറകഞാൻ തന്നെപിഴച്ചതെന്തയ്യോ!
സ്വമാതാവെപ്പോലെരഘുപതിനിന്നെ
പരിശുശുഷൂഷിച്ചാൽ ഫലമിതോവേണ്ടൂ
പെരുവ്യാളിപോലെനൃശംസയാംനിന്നെ
അറിയാതെകണ്ടുഗൃഹത്തിങ്കലാക്കി
പിതൃഭക്തനായതനൂജനെക്കാട്ടിൽ
കളകെന്നിങ്ങിനെ കളമൊഴിയാളേ!
അവനെക്കാണാതെയരക്ഷണം ജീവൻ
ഇരിക്കയില്ലെന്നുധരിക്കനീമമ
പകലോനെവെടിഞ്ഞുലകിരിക്കിലും
തനയനെവെടിഞ്ഞിരിയാകേവലം
തരുണി! ജീവിതമിനിക്കെന്നുനൂനം
ഇവണ്ണമുള്ളൊരുമതിവിടുകനീ
നമസ്കരിക്കുന്നേൻ നിനക്കു കൈകേയി!
സുകൃതമുണ്ടാമിന്നിതുമോഹിക്കാതെ
സുവദനേ!യെങ്കൽ പ്രസാദിച്ചീടേണം
മദപ്രിയമായ വചസ്സുചൊല്ലുവാൻ
മനസ്സിലുംകൂടി സ്മരിക്കയില്ലല്ലോ
ഇവണ്ണമേയൊരുനിരൂപണമിപ്പോൾ
നിനയ്ക്കരുതുനീയൊരിക്കലുമിതു
പരീക്ഷിപ്പാൻ‌തന്നെതുടങ്ങുന്നെങ്കിലും
പറയരുതല്ലോരഘുപ്രവീരനെ
വനത്തിലായിട്ടങ്ങയയ്ക്കയെന്നതു
സ്തുതിക്കും രാമനെപ്പലപ്പോഴും നന്നാ-
യതെന്റെ സേവക്കെന്നറിഞ്ഞു ഞാനിപ്പോൾ
കൃതമതിയായനിനക്കിതുതോന്നാൻ
പിശാചാദിവന്നുപിടിച്ചിട്ടില്ലയോ
സുകുമാരനായകകുമാരനെങ്ങിനെ
പതിന്നാലുവർഷം വനേവസിക്കുന്നു
ക്ഷമാദയാസത്യദശമങ്ങളും
വിതരണംശൌചംതപസ്സുമിത്രതാ
ഗുരുശുശ്രൂഷമൃജുത്വമെന്നിവ
ഗുണങ്ങൾ രാമങ്കൽ ധ്രുവങ്ങൾ ശോഭനേ!
ഇവണ്ണമുള്ളോരു സുതനെയെന്തിനു
പ്രവാസിപ്പിക്കുന്നു പരിവാദമുണ്ടാം
സകലവിദ്യകൾ പഠിച്ചതുകൊണ്ടും
വ്രതങ്ങളെ നന്നായനുഷ്ഠിക്കകൊണ്ടും
സുഖമില്ലാതെപോയവനിത്രനാളും
സുതനും കേവലം കൃശനാകകൊണ്ടു
സുഖങ്ങളെ ഭുജിച്ചിരിക്കുന്ന കാലം
സുദതി! പോവാനായ്പറയുന്നെങ്ങിനെ
അഭിഷേകത്തിന്റെ വിഘാതം രാഘവൻ
അറിയും മുമ്പേ ഞാൻ മരിയ്ക്കേണം വേഗം
അതല്ലയെങ്കിലിന്നിതു രജനിതാൻ
പുലരാതെതന്നെബ്ഭവിക്കയുംവേണം
ഒരുത്തരെക്കുറിച്ചൊരപ്രിയമെന്ന-
തൊരിക്കലെങ്കിലും സ്മരിക്കയില്ലവൻ
സകലസമ്മതൻ സുമുഖനത്യന്തം
അവനോടപ്രിയം പറയുന്നെങ്ങിനെ
ചതുസ്സരിൽ‌പതിയ്ക്കകത്തകപ്പെട്ട
ധരിത്രിയിലുള്ള ബഹുദ്രവ്യങ്ങളും
ഒരുവനപ്രിയമിതുപറയാതെ
തരുണിനല്ലതുവരുമിതുകേട്ടാൽ
ത്രിലോകനിന്ദിതവഴിയിൽ നിന്നുനീ
ഒഴിയേണമെന്നുവളരെയാചിച്ചു
ഇതിങ്ങിനെഭൂപൻ പലതരത്തിലും
പറഞ്ഞിട്ടുമൊരു കരുണകൂടാതെ
പറഞ്ഞാൾ കൈകേയി പരുഷവാക്യങ്ങൾ
സ്വകാര്യത്തിലുള്ളോരഭിനിവേശത്താൽ
തരാമെന്നുമുന്നം പ്രതിജ്ഞയും ചെയ്തു
തരാതിരിക്കുന്നതുചിതമല്ലെടോ
ശ്രവിച്ചില്ലേ പണ്ടുശിബിയെന്ന രാജാ
മഹത്തരമായുള്ളോറുമഖം ചെയ്യുന്നേരം
അവനെയിന്ദ്രനുമനലനുമായി
പരീക്ഷിപ്പാൻ മനം മുഴുത്തുടൻ തന്നെ
കപോതമായ്‌വന്നുകൃപീഡയോനിയും
പരുന്തായിന്ദ്രനും പിടിപ്പാൻ വന്നിതു
ഭയം നടിച്ചഗ്നിശിബിനൃപൻ കയ്യിൽ
പതിച്ചപ്പോൾ ഭൂപനഭയം നൽകിനാൻ
പറന്നു പിന്നാലെ പരുന്തുവന്നപ്പോൾ
പറഞ്ഞു മൽഭക്ത്യം തരിക മന്നവ!
ഇതിനെയിന്നുഞാൻ ഭുജിച്ചില്ലെങ്കിലോ
മരണം വന്നിടുമെനിക്കു ഭൂപതെ!
നിനക്കയോഗ്യമല്ലിനിയ്ക്കശനമാ-
യിരിക്കുന്ന വസ്തു കൊടുക്കുന്നതേതും
തരികയില്ലയെന്നിരിയ്ക്കിലോനിന-
ക്കതിഘോരമായനരകം കൈവരും
ഇവണ്ണമുള്ളോരുപതത്രിരാജന്റെ
വചനം കേട്ടുടൻ വചിച്ചാനിത്തരം
അഭയം നൽകിനേനതിനുമിന്നുഞാ-
നസത്യം ചൊൽകയല്ലറിക പക്ഷീന്ദ്ര!
ഇതരമാംസങ്ങൾ നിനക്കുതന്നീടാം
ഇതിനെഞാനിന്നുതരികയില്ലെന്നു
പറഞ്ഞുകേട്ടപ്പോൾ പതംഗരാജനും
പറഞ്ഞുപാർത്ഥിവവരനോടിങ്ങിനെ
അസത്യത്തിലത്രഭ്യമുണ്ടെങ്കിലോ
തവമാംസം തന്നെ തരിക മന്നവ!
കപോതതുല്യമായിനിയ്ക്കിപ്പോളെന്നു
ഖഗവരൻ ചൊന്നാൻ നൃപവരനോടു
തദ നൃപതിയും തുലാം കൊണ്ടു തൂക്കി
സ്വമാംസമാവോളമറുത്തതിൽ‌വെച്ചു
നിറച്ചിട്ടുമതിൽ സമതയല്ലാഞ്ഞു
സ്വയം തന്നെ തുലാം കരയേറി ഭൂപൻ
തദാസമമായിതുടൻ ക്ഷിതീശനും
മുദാപറഞ്ഞിതു ശകുനിവീരനോ-
ടിനിയെന്നെത്തന്നെ പതത്രിവര്യ നീ‍
ഭുജിച്ചാലുമെന്നങ്ങനുവദിച്ചപ്പോൾ
ഇരുവരുമുടൻ പരിതുഷ്ടന്മാരാ-
യ്ക്കൊടുത്തുടൻ ഗതിശിബിക്ഷിതീശനും
അതുതന്നെയല്ല പറഞ്ഞീടാമെന്നു
മവനിയിലുണ്ടു പലരുമിങ്ങിനെ
അളർക്കനെന്നൊരു മഹീപതിതാനും
ഉദഗ്രയായുള്ള പ്രതിജ്ഞചെയ്കയാൽ
നയനഹീനനാംദ്വിജവരനായി
അസത്യഭീതനായ്ക്കൊടുത്തുകണ്ണുകൾ
സമുദ്രമിന്നുമിന്നിലെയ്ക്കുനിൽക്കുന്നു
സുരന്മാർക്കുപണ്ടു സമയം ചെയ്കയാൽ
ഇതിങ്ങിനെ പണ്ടു നടന്നവർ സത്യ-
മറിഞ്ഞുസത്യത്തെ ത്യജിക്കരുതെടോ!
പറഞ്ഞ സത്യവും പഴുതാക്കിയിപ്പോൾ
രഘുവരൻ തന്നെയഭിഷേകം ചെയ്കീൽ
വിഷം കുടിച്ചു ഞാൻ മരിപ്പനിന്നെന്റെ
ഭരതൻ തന്നാണ വിഷാദമില്ലേതും
ഗരളം ഭക്ഷിച്ചു മരിച്ചനന്തരം
ഗമിയ്ക്കരാമന്റെജനനിയോടു നീ
ഇതുപറഞ്ഞതിവിഷണ്ഡചിത്തയാ-
യടങ്ങികേകയതനൂജയുമപ്പോൾ
മനുപ്രവീരനാം മനുവരൻ ദേഹ-
സ്മരണമെന്നിയേ പതിച്ചുഭൂമിയിൽ
ചിരേണബോധവും ലഭിച്ചുടൻ തന്നെ
ചുടുചുടനോക്കി പറഞ്ഞുപിന്നെയും
ഭരതനോനിന്റെ നിരൂപണമിതു
ഭരതനുകൂടി ഹിതമാകയില്ല
ഭരതനുത്തമൻ രഘുവരനെക്കാൾ
ചരിതങ്ങൾകൊണ്ടും ഗുണങ്ങളെക്കൊണ്ടും
പതിസുതൻ ലോകരിവരെല്ലാവർക്കും
ഹിതമല്ലചെറ്റുമിതെന്നു നിശ്ചയം
നിനക്കുതന്നെയുമൊടുക്കം തോന്നീടും
പിഴച്ചിതെന്നതുമൊടുക്കും വല്ലഭേ!
പ്രജകൾ മന്ത്രികൾ പുരോഹിതന്മാരും
ഒരുമിച്ചുകൂടി നിരൂപിച്ച കാര്യം
തിരിച്ചുവെക്കുമ്പോൾ മഹാലോകരെല്ലാം
മഹാപവാദത്തെ പറകയും ചെയ്യും
ഇതുസത്യമെന്നു നിനച്ചുചെയ്യുമ്പോൾ
അതിയായിട്ടുള്ളോരപകീർത്തിയുണ്ടാം
മഹാജനം രാമൻ പിഴച്ചതെന്തെന്നു
മടിയാതെചോദിച്ചളവുകൈകേയി
അവരോടെന്തുഞാൻ പറയുന്നതയ്യൊ!
അപരാധമില്ലാതൊരുമകനോട-
ങ്ങടവയിൽ‌പ്പോവാൻ പറയുന്നനേരം
അവൻ മുഖാംബുജം കറുത്തു കാൺകയിൽ
മരിയ്ക്കയല്ലോയിനിയ്ക്കുനല്ലതും
ഹരഹരയീതിൽ പരമുണ്ടിന്നിയും
ശിവശിവകണ്ടാൽ പൊറുക്കുന്നെങ്ങിനേ?
ജലജലോചനൻ ജനമനോഹരൻ
ജലദശ്യാമളൻ വനേഗമിയ്ക്കുമ്പോൾ
ജലകണം കണ്ണീന്നൊഴുകിദീനയായ്
ജനകനന്ദന കരഞ്ഞുവീഴ്കയും
ജനനികൌസല്യഭുവിപതിയ്ക്കയും
ജനപദേശന്മാർ മുറവിളിയ്ക്കയും
ജരനരവന്നനൃപതിയ്ക്കിന്നിയും
ജയം കണ്ടില്ലേതും വിഷയാദികളിൽ
ജഗല്പതിമായാവിചിത്രമല്ലയോ
ജളതകണ്ടാലുമിവനുടെയെന്നു
ജനങ്ങൾ നിന്ദിച്ചു പറഞ്ഞിരിക്കയും
ജഗത്തിലെല്ലാരും പരിഹസിയ്ക്കയും
ജനകരാജൻ കേട്ടതിപീഡിയ്ക്കയും
ജനനിമാർ മനം കലങ്ങിയിട്ടൂണു-
മുറക്കും കൂടാതെ വ്യഥിച്ചിരിക്കയും
ഇതൊക്കെയും കണ്ടങ്ങിരിക്കുന്നെങ്ങിനെ
മികച്ച പാതകി വചിയ്ക്ക നീയിപ്പോൾ
മണിമാളികയിലിരിക്കുന്ന രാമൻ
വനത്തിലെങ്ങിനെ തനിയെ പോകുന്നു?
ഇണ പിരിയാതെ നടന്ന ലക്ഷ്മണൻ
ഇനിയുണ്ടോ ജീവിച്ചിരിപ്പാൻ പോകുന്നു
ജനകരാജന്റെ മകളും ജീവിത-
മിനിക്കളഞ്ഞിടുമരക്ഷണം കൊണ്ടു
അസതിയാം നിന്നെ സതിയെന്നു ചൊല്ലി
അറിയാതെ കണ്ടു വിവാഹം ചെയ്തു ഞാൻ
അതിൻ ഫലമിന്നങ്ങറിയാറുമായി
അസതിയെന്നതും പറയുന്നെന്തിനു
വിഷം കലർന്നുള്ള സുരാപാനം ചെയ്താ-
ലതിൻ ഫലം പിന്നെ വരുന്നതു തന്നെ
സുരാപാനം ചെയ്ത ധരാസുരനെക്കൊ-
ണ്ടപവാദം ചുറ്റും പറയുന്ന പോലെ
പിതൃഭക്തനായ സുതനെക്കാട്ടിങ്കൽ
കളഞ്ഞാലീവണ്ണം പറഞ്ഞിടും ലോകർ
സുതനെ ഞാനിന്നു വനത്തിന്നുപോവാൻ
വചിയ്ക്കുന്നനേരം മടിക്കാതെ രാമൻ
മറുത്തു ചൊല്ലാതെവനേ ഗമിയ്ക്കുമ്പോൾ
എനിയ്ക്കു ജീവനം സഹഗമിച്ചീടും
പലവിധം കൊണ്ടും നിനച്ചുകാണുമ്പോൾ
ഭരതനും നീയും പരിശേഷിച്ചീടും
ഒരുപോലെ മറ്റുള്ളവരെയൊക്കെയും
നരകത്തിലാക്കി പരിതാപമെന്യേ
പരിചിൽ വാഴുക ഭരതനും നിയ്യും
ശ്രവിയ്ക്ക കൈകേയി നിനക്കുള്ള ദുഷ്ട-
മതി ഭരതനുമനുഭവിച്ചെങ്കിൽ
അവനിനിയ്ക്കുള്ള പിതൃക്രിയ തന്നെ
കഴിയ്ക്കേണ്ട രാമൻ കഴിച്ചാലെ പോരൂ
ഇനിയ്ക്കവനോടു പിതൃപുത്രഭാവ-
മൊരിയ്ക്കലുമില്ലെന്നുറയ്ക്ക കൈകേയി!
വിധവയായി നീ മഹി പാലിക്കുമ്പോൾ
അപവാദം നിനക്കതിയായുണ്ടാകും
അതുനേരം തോന്നും നിനക്കുതന്നെയും
പിഴച്ചിതെന്നതു മനസ്സിൽ വല്ലഭേ!
അപാദചാരിയായ് നടന്ന രാമനെ
അടവിയിൽ പോവാൻ പറയുന്ന നേരം
മൃദുതരമായ തളിരുപോലുള്ള
പദങ്ങളാലവൻ നടക്കുന്നെങ്ങിനെ?
അതിഘോരമായ വനത്തിലിന്നിഹ
നിനയ്ക്കുമ്പോൾ തന്നെ നടുക്കമുണ്ടാകും
മഹാവസ്ത്രങ്ങളെ ധരിച്ചു ശീലിച്ചോൻ
മരവിരിയിന്നു ധരിക്കുന്നെങ്ങിനെ?
മടപ്പള്ളി വെപ്പാൻ പിശകി വന്നൊരോ
പടുത്വമുള്ളവർ ചമച്ചോരോ നല്ല
മധുരവസ്തുക്കൾ ഭുജിച്ച രാഘവൻ
ഫലമൂലം തിന്നു നടക്കുന്നെങ്ങിനെ?
മണിമയമായ തളികയിലുണ്ണും
മനുകുലവീരനിലയിലുണ്ണുമോ?
മൃദുതരമായ ദുകൂലം കൊണ്ടതി
മനോഹരമായിച്ചമച്ച മെത്തയിൽ
ശയിച്ചിരിക്കുന്ന മനുകുലോത്തമൻ
ശയിക്കുന്നെങ്ങിനെ തൃണപർണ്ണങ്ങളിൽ
നവമണികൾ കൊണ്ടണഞ്ഞുള്ള നല്ല
മണിഗേഹങ്ങളിലിരുന്ന ശ്രീരാമൻ
തുണയുമെന്നിയെയുടജം നിർമ്മിച്ചു
തനിയെ പൊന്മകൻ വസിക്കുന്നെങ്ങിനെ?
പ്രചണ്ഡരാക്ഷസരുളവായ കാട്ടിൽ
പതിന്നാലുവർഷം വസിക്കുന്നെങ്ങിനെ
പെരുകിയ ദുഷ്ടമൃഗങ്ങളുള്ളതിൽ
പരമദുഷ്ടേ പോയിരിക്കുന്നെങ്ങിനെ?
ഹരഹര കഷ്ടം ശഠത നിന്നുടെ
ശിവശിവയിതടങ്ങു ദുർമ്മതേ!
ജഗല്പ്രിയനായ രഘുപ്രവീരനെ
ജഗതി പാലിപ്പാൻ തുടങ്ങുന്ന നേരം
അടവിയിലോടി നടക്കയെന്നതും
കടുപ്പമായ് ചൊൽ‌വാൻ മടിയില്ലയെല്ലോ
ഗരംകൊണ്ടു നിർമ്മിച്ചിരിക്കുന്നല്ലല്ലി
തരുണിമാരുടെ കരളിതൊക്കെയും
അബലമാർ ജന്മമിതു തന്നേ കഷ്ടം!
അവരെയൊക്കെയും കുലത്തോടേ കുറ
പറയുന്നെന്തിനു സ്വകുലപാംസിനീ
ഭരതമാതാവിൻ ജനിതന്നേ കഷ്ടം!
നിഖിലപാതക നിലയഭൂതേ നീ
വിഷം കുടിച്ചുടൻ മരിക്കിലും പിന്നെ
മഹീതലത്തിങ്കലടിഞ്ഞു വീഴ്കിലും
കുപിതയായിത്ഥം പരുഷം ചൊൽകിലും
കുലഘ്നിനിൻ കാമം വരുത്തുന്നില്ല ഞാൻ
എരിയുമഗ്നിയിൽ പതിക്കിലും പിന്നെ
പെരിയ വെള്ളത്തിൽ കുടിച്ചുചാകിലും
നവവരനെയങ്ങയക്കയില്ല ഞാൻ
ഭരതനു രാജ്യം കൊടുക്കയുമില്ല
വരാതവസ്തുക്കൾ പറയുന്നെന്തിനു
വരാതവസ്തുക്കൾ വരാവരാനനേ!
മതിമതിയിതുമതികേടു നിന-
ക്കതിയായുണ്ടാവാൻ പറക കാരണം
നടിക്കൊല്ലാകോപമടക്കു നിന്നുടെ
പിടിക്കാമ്പിലെന്നു ദശരഥനൃപൻ
യയാതിപുണ്യങ്ങളൊടുങ്ങിയന്തത്തിൽ
പതിച്ചതുപോലെ പതിച്ചു ഭൂമിയിൽ
ഇവണ്ണം ദീനനായവനിയിൽ വീണോ-
രവനിപാൽന്റെ മുഖത്തുനോക്കാതെ
പരമദുഷ്ടയാം ഭരതമാതാവും
പരിപാകമെന്യേ പറഞ്ഞാൾ പിന്നെയും
അസത്യവാദിയെന്നപവാദത്തെ നീ
വരുത്തിക്കൊള്ളാതെ വസുന്ധരാപതേ!
മറകളും സത്യം നിഗമങ്ങൾ സത്യം
പരമമായുള്ളോരറിവും സത്യമാം
സകലകർമ്മവും സകലകാമവും
നൃപതേ! സത്യത്തിലിരിക്കുമെന്നറി
വരദ്വയം തരാം നിനക്കെന്നു മുന്നം
പറഞ്ഞതുപോലെ തരികയിന്നു നീ
വരദ്വയം വേണമെനിക്കിന്നുതന്നെ
മരിപ്പനല്ലായ്കിലിരിപ്പുമില്ലെന്ന-
തുറച്ചു ചൊല്ലിനാൾ വെറുത്തു ഭൂപനെ
മറുത്തുപിന്നെയുമ്മദിരലോചനാ
അനന്തരം ഭൂപനുണർന്നു കോപത്താൽ
അധികമാക്ഷേപിച്ചവളോടു ചൊന്നാൻ
പലപുണ്യങ്ങൾ ചെയ്തതിൻ ഫലത്തിനാൽ
പിറന്ന രാമനെ കളയുന്നെങ്ങിനെ?
അധികശൂരനായധികവിദ്വാനാ-
യധികമാനിയാമിവനെയെങ്ങിനെ
കളയുന്നു രഘുകുലവിനാശിനി!
കളഞ്ഞാലീശ്വരൻ സഹിക്കുമോ ബാലേ!
രഘുകുലകീർത്തിനിശാകരബിംബ
വിനാശനവ്യാളീ! പറകകൈകേയി!
കുവലയമ്പോലെ നിറമുള്ളമേനി
ചുരുണ്ടുനീണ്ടറ്റമിരുണ്ട കേശവും
മുരണ്ടുമണ്ടുന്നോരിരുണ്ടവണ്ടിനെ
നിറം കൊടുക്കുന്നോരളകഭംഗിയും
പ്രവാളവിദ്രുമപ്രഭാകലരുന്നോ-
രധരം കുണ്ഡലമണിഞ്ഞഗണ്ഡവും
മൃദുതരമായ വദനവും നല്ല
മതികളുർപ്പിക്കും മനോജ്ഞഹാസവും
തടിച്ചുരുണ്ടുള്ള ഭുജദ്വയങ്ങളെ
കളിക്കുന്ന ഹാരാവലിയും കൈവള
തുടിയിടപോലെ വടിവുടയൊരു
പിടിനടുവുമപ്പുടയുടകളും
ഉടഞാണും നല്ലതുടയിടഞാണും
കൊടിയകേതകിക്കിടഞ്ഞ ജംഘയും
അടിമലതൊട്ടു മുടിയോളം പാർത്താൽ
കുടിലചിത്തേ! ഞാൻ പിരിയുന്നെങ്ങിനെ?
മഹിതകേകയകുലവിനാശിനി!
മനസിജനോടു സമാനമാം രാമൻ
ജനമനോരാമൻ പരാക്രമശാലി
അവനെയിന്നിപ്പോൾ വനത്തിലാക്കുവാൻ
നിനക്കല്ലാതെ മറ്റൊരുത്തർക്കു തോന്നാ
വനത്തിലിന്നിവൻ ഗമിക്കുമ്പോൾ ഞാനും
മരിക്കുമപ്പോഴേ ധരിക്ക കൈകേയി
വരതനുമണേ! കുരുഭയാം മയി
സുരാംഗനപ്രാർത്ഥ്യതനുഗുണഗണേ!
പരിരക്ഷിക്കേണം മകനാം രാമനെ
പുരിതന്നിലെന്റെയരികിൽ വല്ലഭെ!
യിരുന്നുകൊള്ളുവാനനുവദിക്കേണം
പലതരമിതി പറഞ്ഞു ഭൂപതി
തൊഴുതിരന്നിട്ടും കനിവുണ്ടായീലാ
പറഞ്ഞതൊന്നുമേ ഫലിയാഞ്ഞമൂലം
പെരിയ ശോകത്താൽ പതിച്ചുഭൂമിയിൽ
ഇതിങ്ങിനെതമ്മിൽ കലഹിച്ചുപാര-
മിയന്നശോകത്താൽ പറഞ്ഞിരിക്കവെ
പുലരുവാൻ കാലമണഞ്ഞിതന്നേരം
പലവാദ്യംകൊണ്ടു പലഗായകന്മാർ
നലമൊടുപള്ളിയുണർത്തിനാരപ്പോൾ
വിമലനായുള്ള നൃപതിശോകത്താൽ
വിലക്കിനാമ്പള്ളിയുണർത്തേണ്ടയെന്നു
പെരുകിയശോകം വരുന്ന നേരത്തു
സുഖങ്ങളൊക്കെയും വിപരീതമാകും
പറഞ്ഞുരോദിച്ചും നൃപതിമോഹിച്ചും
വെറുത്തും കോപിച്ചുമിരിക്കുന്നനേരം
പുലർന്നുരാത്രിയുമുടനെസാന്ത്വമാ-
യ്പറഞ്ഞു കൈകേയി പതിയോടു മെല്ലെ
പലധർമ്മങ്ങളും നിരൂപിച്ചുകണ്ടാൽ
ഒരുധർമ്മം പോലുമിഹസത്യത്തോളം
വലുതായില്ലെന്നതറിഞ്ഞു സത്യത്തെ
പറഞ്ഞവണ്ണമേവരന്തരിക നീ
അസത്യത്തിനോളം സമമായിട്ടുള്ളോ-
രധർമ്മമില്ലല്ലോ ജഗതിയിലൊന്നും
അതുകൊണ്ടു നന്നായ്‌വിചാരിച്ചുധർമ്മം
അസത്യത്തെക്കളഞ്ഞുറയ്ക്കസത്യത്തിൽ
വരുത്തിരാമനെ വനത്തിനായിട്ട-
ങ്ങയക്കരാമനെദുരുക്തി ചൊല്ലാതെ
എനിക്കിതിന്നേതുമിളക്കമില്ലെന്ന-
ങ്ങുറച്ചുനന്നായിട്ടയക്കരാമനെ
ഭരതനുരാജ്യം കൊടുക്കയും ചെയ്ക
പറഞ്ഞെന്നു മൂന്നുരുവിശേഷമില്ലെന്നാൾ
ശതക്രതുപാശമൊഴിയ്ക്കരുതാഞ്ഞ-
ങ്ങിരിക്കുന്ന മഹാബലിയെന്നപോലെ
അതുകേട്ടു ഭൂപനതികുപിതനാ-
യ്പറഞ്ഞാനീവണ്ണം പരിഭവത്തോടെ
അഖിലപാതകനിലയഭൂതേ ഞാൻ
വിവാഹകാലത്തിൽ പിടിച്ച കയ്യിപ്പോൾ
ത്യജിച്ചുദുർമ്മതേ ധരിച്ചുകൊണ്ടാലും
നിനക്കുഞാനിനി പതിയല്ലനിയ്യു-
മിനിയ്ക്കു ഭാര്യയല്ലിനിയെന്നു നൂനം
ഭരതനുപിതാവിനി ഞാനുമല്ല
ഇനിയ്ക്കു പുത്രനുമവനല്ലയെന്നു
ഇനിയ്ക്കവൻ ശേഷക്രിയയും ചെയ്യേണ്ട
ജലക്രിയ രാമൻ വഹിച്ചാലേ പോരു
ഇതിങ്ങിനെ നൃപൻ പെരിക ശോകത്താൽ
പറഞ്ഞപ്പോളവൾ പറഞ്ഞുപിന്നെയും
അസത്യമായുള്ള വചനമെന്തിനു
ധരിത്രിനായക! പറയുന്നിങ്ങിനെ
മതിമതിയിനി വരുത്തുക നിന്റെ
മതിമാനായുള്ള മകനെ വേഗത്തിൽ
മടിയാതെ കാട്ടിൽ നടക്കട്ടേ രാമൻ
ഭരതനു രാജ്യം കൊടുക്കയും ചെയ്ക
ദുരിതമെന്തിനാചരിയ്ക്കുന്നു വൃഥാ
അറുത്തറുത്തെന്നെ നുറുക്കിലും ദേവ
പരിഭവിച്ചോരോ പരുഷം ചൊൽകിലും
പെരുകിയ ധനം തരുന്നതാകിലും
പറഞ്ഞതുരണ്ടും തരുന്നതല്ലാതെ
പരമൊരു വസ്തു പറകയും വേണ്ട
ഭരതന്തന്നാണവിശേഷമില്ലെന്നാൾ
ഇതിങ്ങിനെ ഭൂപൻ മതികേടായുള്ള
വചനങ്ങൾ കേട്ടു തളർന്നു ദീനനായ്
പറഞ്ഞാനീവണ്ണം പരിതാപത്തോടെ
നയധർമ്മംകൊണ്ടു വലഞ്ഞു പോയി ഞാൻ
നയനങ്ങൾ കൂടിത്തിരിയുന്നില്ലേതും
മനോജ്ഞനായുള്ള മകനെക്കാണാഞ്ഞാൽ
മതിയും കെട്ടു ഞാൻ മരിയ്ക്കയും ചെയ്യും
ഇതിത്തരം പറഞ്ഞിരിക്കവേ സൂര്യൻ
ഉദിച്ചുലോകവുമുദിതഹർഷമായ്
വസിഷ്ഠമാമുനി പരിഭ്രമിച്ചഥ
വരിഷ്ഠശിഷ്യരോടൊരുമിച്ചു വന്നു
ഗൃഹദ്വാരത്തിങ്കൽ സുമന്ത്രരെക്കണ്ടു
പരമാനന്ദത്താൽ പറഞ്ഞാനീവണ്ണം
സുമന്ത്രരേ! നിയ്യെന്തടങ്ങി നിൽക്കുന്നു
തുടങ്ങേണം രാശി കഴിഞ്ഞുപോകാതെ
അറിയിക്കരാമന്നഭിഷേകാർത്ഥമാ-
യൊരുപദാർത്ഥങ്ങളൊരുക്കിയൊക്കയും
നദനദിസിന്ധുജലങ്ങളും വന്നു
മൃദുപ്രദമായ മുഹൂർത്തവും വന്നു
വരകന്യകമാരിരുന്നാലും പൊന്നിൻ
കരകവും നല്ലൊരുഭയചാമരം
രുചിരമായുള്ള കനകപല്ലക്കും
മണികുംഭങ്ങളും മണിമയമായ
വരസിംഹാസനം കുടവ്യജനവും
മണിനിരകൊണ്ടങ്ങണിഞ്ഞതേറ്റവും
മദം പൊഴിയുന്നതൊരു പട്ടത്താന
തുരഗങ്ങൾ നാലുള്ളൊരു രഥമതും
കറുത്തിരിയ്ക്കുന്ന പശുക്കളായിരം
വരപതത്രികൾ വരമൃഗങ്ങളും
മരമത്തികൊണ്ടുചമച്ചപീഠവും
തരത്തിൽ വേശ്യമാർ ചമ്മന്നുവന്നിതാ
നരദേവന്മാരും ധരാദേവന്മാരും
നരനാരീജനം പുരവാസികളും
രഥികളും നല്ല കുതിരക്കാരരും
പഥികന്മാരായ പരദേശികളും
പെരികെവന്നിത നിറഞ്ഞിരിയ്ക്കുന്നു
പുറത്തുരാജാവേ വരുവാൻ ചൊല്ലേണം
ഇതിങ്ങിനെ മുനി വചനം കേട്ടപ്പോൾ
മുദിതനായസുതൻ നടന്നുവേഗത്തിൽ
അകത്തുചെന്നുടനുണർത്തിനാൻ മന്ദം
അതിശുഭങ്ങളാം വചനങ്ങൾ കൊണ്ടു
മറകൾ നാലുമാമറകളംഗങ്ങൾ
ഇതരവിദ്യകളിതൊക്കെയും നന്നായ്
വിരിഞ്ചനെച്ചെന്നങ്ങുണർത്തുന്നപോലെ
വിമലനാംനിന്നെയുണർത്തുന്നേൻ ഭൂപ!
അഹിമരശ്മിയുമവനിയേ നിത്യം
ഉണർത്തുന്നപോലെ ഉണർത്തുന്നേനിപ്പോൾ
ഉദിച്ച സൂര്യനുമൊരുപോലെയവൻ
ഗഭസ്തികൊണ്ടെങ്ങും നിറഞ്ഞിതുലോകം
മറഞ്ഞുതാരകഗണങ്ങളും നന്നായ്-
വിരിഞ്ജുതാമരയുറങ്ങികൈരവം
കരഞ്ഞുപക്ഷികൾ തിരഞ്ഞുഭക്ഷണം
പറന്നുദിക്കുകൾ നിറഞ്ഞിതൊക്കെയും
നിറഞ്ഞശോകവും കളഞ്ഞുമാനസം
തെളിഞ്ഞുകോകിയെയണഞ്ഞുകോകവും
അഭിഷേകത്തിനായൊരുങ്ങിയൊക്കയും
അവനിനായക!യെഴുന്നരുളുക
പുരന്ദരനഗ്നിപിതൃപതിതാനും
നിര്യതിയുമഥവരുണന്മാരുതൻ
കുബേരനീശാനിവരെല്ലാവരും
വിനയം നൽകട്ടേ നിനക്കു രാജേന്ദ്ര!
വസിഷ്ഠമാമുനി പരിഭ്രമം പൂണ്ടു
വസിയ്ക്കുന്നു പുറത്തെഴുന്നള്ളായ്കയാൽ
നഗരവാസികൾ ജനപദേശന്മാർ
സകലലോകരിൽ പ്രധാനഭൂതന്മാർ
ഇവരെല്ലാവരുമഭിഷേകത്തിനായ്
തിരുമുൽക്കാഴ്ചയുമെടുത്തുകൊണ്ടുവ-
ന്നൊരുമയോടവർ തിരുമുഖം കാണ്മാൻ
നിരന്നുകൂടിനാർ പരന്നപാരതിൽ
ഇതിങ്ങിനെ സൂതൻ പറഞ്ഞവാക്കുകേ-
ട്ടതിവിഷണ്ഡനായ്പറഞ്ഞുഭൂപതി
സുമന്ത്രരേ നീയ്യിപ്പറഞ്ഞതൊക്കയും
അറിഞ്ഞുഞാനിപ്പോഴുറങ്ങുന്നില്ലെടോ
എരിയുന്ന തീയിൽ പഴുത്ത നാരാചം
ചെവിയിൽ കൊണ്ടന്നു തിരുകുന്നപോലെ
പറയുന്നെന്തിനുസഹിയ്ക്കുന്നില്ലേതും
മതിമതി നിന്റെ വചനം കേട്ടതു
മതികലങ്ങിടുന്നെനിയ്ക്കു കേൾക്കുമ്പോൾ
നരപതിചൊന്ന വചനം കേട്ടുടൻ
തിരുമനസ്സല്ലെന്നറിഞ്ഞു സൂതനും
പരിഭ്രമം പൂണ്ടു നടുങ്ങി ദേഹവും
പരിഖിന്നനായി കലങ്ങി മാനസം
വങ്ങണിവാങ്ങിയൊതുങ്ങി നിന്നപ്പോൾ
പരമദുഷ്ടയാം ഭരതമാതാവും
മറച്ചുമന്നവൻ വചിച്ച വാക്കിനെ
ഉറച്ചുദേവിയും വിളിച്ചു സൂതനെ
നടിച്ച കോപവുമടക്കിമെല്ലവേ
വചിച്ചാളിങ്ങനെയഭിപ്രായമവൾ
ഉറങ്ങിയില്ലേതും മഹീപനിന്നലെ
ഉണർത്തിയില്ല ഞാനതുകൊണ്ടു സൂത!
സുതാഭിഷേകത്തെ നിനച്ചിരിക്കയാൽ
സുതമുഖം കാണാഞ്ഞിരിക്കയാലുമേ-
ന്നതല്ലാതെ നിങ്കൽ വിമുഖതയില്ല
ഝടിതിരാമനെവരുത്തുകചെന്നു
മഹീപതിയുടെ സമീപത്തിൽ നീയും
മഹിതനായുള്ള മകനുടെ നല്ല
മുഖാംബുജം കാണ്മാനഭിലഷിയ്ക്കുന്നു
ഇവണ്ണം കൈകേയി വചനം കേട്ടുടൻ
സുമന്ത്രർ രാമനെ വരുത്തുവാനായി
നൃപഗൃഹത്തിനു പുറത്തുവന്നപ്പോൾ
നഗരവാസികളിതരലോകരും
പരരാഷ്ട്രങ്ങളിലിരുന്നുവന്നുള്ള
നരപതികളും സകലരുമായി
സുമന്ത്രരെക്കൊണ്ടു പറഞ്ഞാരിങ്ങിനെ
പുറത്തു ഞങ്ങൾ വന്നിരിയ്ക്കുന്നു സൂത
തിരുമുഖം കാണ്മാൻ സകലരൊക്കെയും
അഭിഷേകത്തിനങ്ങൊരുങ്ങിയൊക്കയും
അഖിലരും വന്നിങ്ങിരിയ്ക്കുന്നു സൂത!
അഭിഷേകത്തിനു സമയം പോകാതെ
അറിയിക്ക ചെന്നു നരവരനോടു
ഇതിങ്ങിനെ ലോകർ പറഞ്ഞതു കേട്ടു
പറഞ്ഞുസൂതനുമവരോടന്നേരം
നരവരഞ്ചൊല്ലിഗമിയ്ക്കുന്നു ഞാനും
രഘുവരൻ തന്നെ വരുത്തുവാനായി
ഇനിയും നിങ്ങൾ വന്നിരിയ്ക്കുന്നതെല്ലാം
വിരിയച്ചെന്നു ഞാനറിയിയ്ക്കാമെന്നും
തിരിയെച്ചെന്നവൻ കടന്നുകെട്ടുകൾ
ദശരഥനുടെ ഝടിതിഗേഹത്തിൽ
തിരവളച്ചതിൽ പുറത്തു നിന്നഥ
തിരുമനസ്സിലങ്ങറിയിച്ച ശേഷം
ജയജയദേവ! മഹാരാജവിഭോ!
രഘുകുലശിഖാമഹിതരത്നമേ!
ജയജയദീനദയാപരദേവ!
പരദേശങ്ങളിലിരുന്നു രാജാക്കൾ
പെരികെ വന്നിങ്ങു നിറഞ്ഞിരിയ്ക്കുന്നു
പുരവാസികളും നരനാരീജനം
ഒരുപോലെനല്ലോരരമനയേല്ലാം
നിറഞ്ഞിരിക്കുന്നു പരന്നെല്ലെല്ലടെവും
തിരുമുൽക്കാഴ്ചയുമെടുത്തോരോജനം
തിരുമുഖം കാണ്മാൻ കൊതിക്കുന്നു ദേവ!
അവസരമെന്തെന്നറിഞ്ഞറിയിപ്പാൻ
അടിയനുമുടൻ തിരികെ വന്നതും
ഇവണ്ണം കേട്ടുടൻ പ്രകോപശോകത്താൽ
ഇനകുലമണി പറഞ്ഞാനിങ്ങിനെ
സുതമുഖം കാണ്മാനഭിലഷിച്ചു ഞാൻ
അയച്ച നീയെന്തു തിരിച്ചു പോരുവാൻ
ഒരുത്തരും കാണ്മാൻ വരികയും വേണ്ട
ഒരുത്തരേയുമിങ്ങിനിക്കു കാണേണ്ട
ഉണർത്തേണ്ടവന്നിങ്ങുടനുടനെന്നെ
യുറങ്ങിയില്ല ഞാനറികയെന്നപ്പോൾ
അടിവണങ്ങിയുടനേസൂതനും
രഥത്തിന്മേലേറി തെരുവീഥിയൂടെ
വരുന്നനേരത്തിലഭിഷേകത്തിന്റെ
അലങ്കാരങ്ങൾ കണ്ടതിമുദിതനായ്-
നടന്നുപിന്നെയും രഘുവരനുടെ
വടിവെഴും രാമഭവനേ ചെല്ലുമ്പോൾ
വളർന്ന കൈലാസശിഖരം പോലവേ
വളർന്ന മാളിക പരന്ന കെട്ടുകൾ
ഹിമഗിരിയോടു സമത കൊള്ളുന്ന
മണിഗോപുരങ്ങൾ മണിത്തറകളും
പ്രവാളങ്ങൾ കൊണ്ടു ചമച്ചിരിക്കുന്ന
പ്രധാനവേശ്മങ്ങൾ നിലാമുറ്റങ്ങളും
സുദർപ്പണങ്ങളാൽ ചമച്ചിരിക്കുന്ന
സുരതമന്ദിരമതിമനോഹരം
സുഗന്ധചന്ദനമരങ്ങളെക്കൊണ്ടു
നിരന്നഗേഹങ്ങൾ തരന്തരമതിൽ
വസന്തമണ്ഡപം സുമന്ത്രശാലകൾ
വസതിക്കുനല്ല സദനങ്ങൾ പല
മണിരഹിതമാം ശയനമഞ്ചങ്ങൾ
പണിയേറും നല്ല മണിമാളികയും
പണിയേറും പട്ടും രുചിയെഴും മറ്റും
തരന്തരമുള്ള ദുകൂലങ്ങൾ കൊണ്ടു
വിതാനങ്ങൾ ചിത്രമതിലതിലെല്ലാം
കുലവാഴതെങ്ങും കമുങ്ങുമെന്നിവ
പലപുഷ്പങ്ങളാൽ വിതാനിച്ചുനന്നായ്
മയൂരവും മാനും പറയും പൈങ്കിളി
ചകോരവും നല്ല കപോതനാരിയും
ഇണപിരിയാതെയിരിക്കും കോകിലം
പെരുത്ത പന്നിയും പിണങ്ങുമാടുകൾ
വളർത്തിയിട്ടുണ്ടു കളിപ്പതിന്നായി
തെളിഞ്ഞുമാതുലൻ കൊടുത്തൊരു ശത്രു-
ജ്ഞയമെന്നോരാനകതവിൽ നിൽക്കുന്നു
അതിനോടുകൂടിയൊരായിരമാന
യലംകരിച്ചതിൽ ചുഴലും നിൽക്കുന്നു
രഘുവരഞ്ചോറുകൊടുത്തുള്ള ജനം
രഘുപതിതനിയ്ക്കഭിഷേകമെന്ന-
ങ്ങതിമുദിതരായ്മദിച്ചെല്ലാവരും
സുഖിച്ചുചന്ദനകളഭവും തേച്ചു
സുഗന്ധപുഷ്പങ്ങളിഞ്ഞുവീരന്മാർ
സുവർണ്ണഭൂഷണം ധരിച്ചുനന്നായി
സുതരാമാനന്ദക്കടലിൽ വീണവർ
സുരുചിരമായ വസനവും പൂണ്ടു
സുമുഖരായ്ത്തന്നെ പെരിയവാളുമാ-
യിരുന്നു ചാവടി നിരന്നെല്ലാവരും
കുതിരച്ചല്ലണകടിവാളുമിട്ടു
രഥങ്ങളും നന്നായലംകരിച്ചതും
സുമന്ത്രരും കണ്ടു കടന്നു ഗോപുരം
വരുന്ന നേരത്തിലിരുന്നവരെല്ലാം
എഴുനീറ്റെല്ലാരുമൊതുങ്ങിവാങ്ങിനാർ
അനന്തരം സൂതൻ രഥിയായിത്തന്നെ
കടന്നുകെട്ടുകളലങ്കാരങ്ങളും
തരന്ത്രം കണ്ടു സുമന്ത്രരും മുദാ
നവരത്നം കൊണ്ടു ചമച്ചരംഗത്തിൽ
നവസുന്ദരിമാർ നടനമാടിയും
പിടിച്ചഭിനയം നടിച്ചു ഭാവങ്ങൾ
അടിച്ചുമർദ്ദളം‌പിടിച്ചുതിത്തികൾ
പഠിച്ചും പാടിയും രസിക്കുന്നോരെയും
കളിച്ചുപന്തുകളടിച്ചുനാരിമാർ
മുടിഞ്ഞ കൂന്തൽ വീണുലഞ്ഞഴിയുമ്പോൾ
ചൊരിഞ്ഞുകേശത്തിലണിഞ്ഞപുഷ്പങ്ങൾ
ഘനസ്തനിമാരുമുടുത്തുപട്ടുകൾ
സമസ്തഭൂഷണം ധരിച്ചുമങ്ങിനെ
വിളിച്ചുകൊമ്പുകൾ കുഴലും ശംഖവും
അടിച്ചുവാദ്യവും പതിനെട്ടും നന്നായ്
സ്തുതിച്ചു നന്നായി സ്തുതിപാഠകന്മാർ
വദിച്ചുവന്ദികൾ കുലപാരമ്പര്യം
രചിച്ചുരാമന്റെ ചരിതം പാടിയും
കുളിച്ചുസന്ധ്യയും കഴിച്ചു വിപ്രന്മാർ
ത്വരിച്ചും ഹോമാദികഴിച്ചുമങ്ങിനെ
വിളിച്ചു മംഗലം പുകഴ്ത്തിയും ചിലർ
പരിചയും വാളുമെടുത്തു വീരന്മാർ
പെരികെയുണ്ടോരോ കതവുകൾ തോറും
ഇതൊക്കെയും കണ്ടു നടന്നു സൂതനും
അവരോധഗൃഹമടുത്തുചെല്ലുമ്പോൾ
കഷായവസ്ത്രങ്ങൾ ധരിച്ചുമണ്ണുകൾ
വിഷാദമെന്നിയെധരിച്ചുമെത്രയും
നിരന്നവരോടു പറഞ്ഞുസൂതനും
തിരുമുഖം കാണ്മാനവസരം ചോദി-
ച്ചളവുഷണ്ഡന്മാരറിയിച്ചാർ ചെന്ന-
ങ്ങതുകേട്ടുരാമം വരുത്തുകയെന്ന-
ങ്ങരുൾ ചെയ്തു രാമം വരുത്തിനാരവർ
ഗുണമേറീടുന്ന സുമന്ത്രരും വന്നു
മണിമയചിത്രമണിഞ്ഞ കട്ടിന്മേൽ
പണിയേറും പട്ടു തലേണമെത്തകൾ
മണമേറും പുഷ്പമണിഞ്ഞതിന്മീതെ
വരാഹത്തിനുടെരുധിരം പോലവെ
ചുവന്ന ചന്ദനമണിഞ്ഞുരാഘവൻ
ചുവന്ന പട്ടുകളുടുത്തുടഞാണും
കടകം തോൾ വള കടിസൂത്രങ്ങളും
വടിവുള്ള രത്നമണിഞ്ഞ കുണ്ഡലം
ഗുണമേറും നല്ല കണയാഴികളും
അണിഞ്ഞുരാമനും വരകാന്തിയോടെ
ഇരുന്നരാമന്റെ വരകാന്തികണ്ടാൽ
സജലമാം ജലധരമെന്നപോലെ
ധനദനെപ്പോലെ മനുകുലവരൻ
വെളുത്തചാമരമെടുത്തു സീതയു
മടുത്തുനിന്നുടൻ പതുക്കെവീശിയും
സുമന്ത്രരും കണ്ടു വണങ്ങി മെല്ലവേ
വിനീതനായഥകുശലവും ചൊല്ലി
പിതാവും കേകയ തനൂജയുമിപ്പോൾ
ഭവാനെകാണ്മാനായഭിലഷിക്കുന്നെ
ന്നറിയിച്ചു കേട്ടു ജനകജയോടു
പ്രമോദമുൾക്കൊണ്ടു പറഞ്ഞു രാഘവൻ
വരതനോ ബാലേ! മഹിതരത്നമേ!
അഭിഷേകത്തിനായവരെനിക്കിപ്പോൾ
അനുനയം ചൊല്ലിയയച്ചു സൂതനേ
വിശേഷിച്ചുമെന്റെ ജനനികൈകേയി
അതിമോദം പൂണ്ടു ത്വരിയ്ക്കുന്നോമലേ!
ലഭിച്ചീടുമതിന്നിനിയ്ക്ക നിർണ്ണയം
പരിമോദിയ്ക്ക നീ പരമസുന്ദരീ!
പറഞ്ഞുടന്തന്നെ പുറപ്പെട്ടു രാമൻ
വിരഞ്ഞു സൂതന്റെ കരം പിടിച്ചഥ
അകത്തേക്കെട്ടിന്റെ കതവോളം സീതാ
പതുക്കവന്നവൾ വചിച്ചാൾ മംഗലം
പുരന്ദരൻ യമൻ വരുണനും പിന്നെ
ത്രിയംബകസഖധനദനും പിന്നെ
പരിരക്ഷിയ്ക്കട്ടെ ദിശിദിശി നന്നായ്
അഭിഷേകം കഴിച്ചനന്തരം ഭവാൻ
വലുതായയാഗേ കലം കൊമ്പുമേന്തീ
വടിവുള്ള കൃഷ്ണമൃഗത്തിന്റെ തോലു-
മുടുത്തുകാണെണമിനിയ്ക്കെന്നു ചൊന്ന
ജനകജയോടുമനുനയം ചൊല്ലി
ജനമനോഹരനയപ്പിച്ചുകൊണ്ട്
പുറത്തുവന്നപ്പോൾ സുമിത്രസൂനുവും
നമസ്കരിച്ചുടനഭിവാദ്യം ചെയ്തു
പുലിത്തോലും നല്ല നവരത്നങ്ങളും
അലം‌കരിച്ചുള്ള രഥവരന്തന്നിൽ
സുമന്ത്രലക്ഷ്മണസഹിതനായഥ
പരന്തപൻ രാമൻ രഥം കരേറിനാൻ
വെളുത്ത ചാമരമെടുത്തു ലക്ഷ്മണൻ
രഥത്തിന്മേൽ നിന്നു പതുക്കവീശിയും
നടത്തിനാൻ സൂതൻ രഥത്തിനെമെല്ലെ
കടന്നുമൂന്നാം കെട്ടതിൽ വരുന്നേരം
സുഹൃത്തുക്കളെല്ലാം വണങ്ങിനാർവന്നു
പെരുത്തകെട്ടുകൾ കടന്നുചെന്നുടൻ
പുറത്തുവന്നപ്പോൾ സുഹൃത്തുകളുമായ്
പുരവാസികളുമിതരരാജാക്കൾ
വരമന്ത്രങ്ങളുമറിഞ്ഞ മന്ത്രികൾ
കരുത്തേറും നല്ലടവരഭന്മാരും
രഥികളും നല്ല കുതിരക്കാരരും
സ്തുതിപാഠന്മാരും നടനടീജനം
കുടതഴകളുമെടുത്തുള്ള ജനം
അടിച്ചുവാദ്യങ്ങൾ മുഴുക്കും തേർകളും
വടിവോടുവന്നു വണങ്ങിയെല്ലാരും
നടന്നുരാമന്റെ തിരുമുമ്പിൽ നന്നാ-
യ്തിരിച്ചുനല്ലൊരു തെരുവീഥിയൂടെ
തിരിക്കരുതാതജനസമൂഹത്താൽ
നിറഞ്ഞിതേറ്റവും പരന്നയോദ്ധ്യയിൽ
പലപലഘോഷം വലുതായുണ്ടായി
ഇടികൾ പോലെ തേരുരുളിൻ ഘോഷവും
കരിതുരഗത്തിൻ കരലൊലികളും
സ്തുതിപാഠകന്മാർ വചനരീതിയും
ജയജയയെന്നുള്ള ജനങ്ങളൊക്കെയും
ഉടുക്കുമദ്ദളം കനകമദ്ദളം
തടിച്ച ഭേരിയും മൃദംഗവാദ്യവു-
മടിച്ചും കാഹളം വിളിച്ചുമങ്ങിനെ
വളഞ്ഞ കൊമ്പുകൾ കുഴലും തിത്തിയും
കളമുരളിയും വിളിച്ചു മേളത്തിൽ
കളിച്ചു നർത്തകീജനങ്ങളൊക്കെയും
പുളച്ചുകാണികൾ വിളിച്ചുരാമനെ
പുകഴ്ത്തിയുംകൊണ്ടു നടക്കുന്നങ്ങിനേ
വിരൽച്ചരടുമശ്ശരധിയും കെട്ടി
ഉറച്ച ഞാണിട്ടു കുലവില്ലുമായി
കരുത്തുള്ള ജനം നടക്കുന്നു മുമ്പിൽ
തിരിച്ചുമണ്ടുന്ന തുരഗയൂഥവും
മദിച്ചുവന്മദം പൊഴിഞ്ഞുകൂട്ടമാ-
യ്ക്കരുത്തുള്ളാനകൾ നടക്കുന്നു മുമ്പിൽ
ഗിരിവരങ്ങൾ താൻ വരുന്നതുപോലെ
വരരഥങ്ങളും നിറഞ്ഞിതേറ്റവും
ഗുണമേറും നനാമണിനിനാദവും
ഘനഘനഘോഷം നിറഞ്ഞെല്ലാടവും
കളകളഘോഷമയോദ്ധ്യയിലെങ്ങു
മെളുതല്ല ചൊൽ‌വാനുരഗനാഥനും
കൊടിയിടക്കയും കുടതഴകളും
പിടിച്ചും പാവാടയെടുത്തും വീശിയും
പിടിച്ചും കാളാഞ്ചിയടപ്പിക്കാരരും
അടുത്താലവട്ടമെടുത്തുവീശിയും
അഗരുചന്ദനമെരിഞ്ഞധൂമത്തിൻ
പരിമളം കൊണ്ടു നിറഞ്ഞെല്ലാടവും
മദിച്ചുള്ളാനകൾ കളിച്ചും തങ്ങളിൽ
എതൃത്തുകുത്തിയും തിരിച്ചുവാങ്ങിയും
പരിചയും വാളുമെടുത്തുവീരന്മാർ
പരുന്തിനെപ്പോലെ പറന്നുചാടിയും
കളിച്ചും വാളുകളെറിഞ്ഞു മേൽക്കയും
എടുത്തു കൈരണ്ടും ശിരസ്സിൽ വെച്ചോരോ
മനുഷ്യരൊക്കെയും പുകഴ്ത്തി രാമനെ
എടുത്തമ്മാനകളെറിഞ്ഞും നാരിമാർ
നടക്കുന്നു നല്ല മദഗജം പോലെ
പിടിച്ചു മല്ലന്മാർ പിണങ്ങിനിൽക്കയും
മിടുക്കുനന്നെന്നു പുകഴ്ത്തിയും ചിലർ
നിറക്കുടങ്ങളുമെടുത്തു വിപ്രന്മാർ
മറകളും ചൊല്ലിയെതിരായ്നിൽക്കയും
നരപതിസൂനുവരുന്നതുകാണ്മാൻ
നിറഞ്ഞവരെല്ലാം പറഞ്ഞാർ തങ്ങളിൽ
ദശശതസുതരുളരായിട്ടെന്തു
ഫലം ഗുണവാനായൊരുവമ്പോരയോ?
ദശരഥൻ ചെയ്ത സുകൃതമൊക്കെയും
ഒരുമിച്ചൊന്നായി വരികയല്ലല്ലി
അനംഗൻ കൌസല്യാവയറ്റിൽ വന്നിഹ
മനുവരനായി ജനിക്കയല്ലല്ലി
മുരരിപുതാനോപുരന്തരന്താനോ
നരപതിയുടെ സുതനായിട്ടിഹ
പുരരിപുതാനോ പിറന്നതിന്നിപ്പോൾ
പറയാം കേവലം മനുഷ്യനല്ലിവൻ
പറഞ്ഞുമിങ്ങിനെ പലതരമോരോ
ജനങ്ങളൊക്കെയും പുകഴ്ത്തിനിൽക്കയും
സുരനാരികളോടുപമ ചൊല്ലുന്ന
തരുണിമാരെല്ലാം പെരിയമേടയിൽ
കരയേറി വാതിൽ തുറന്നെല്ലാവരും
സുരതരുവിന്റെ കുസുമമാദിയാ-
യ്തരന്തരമുള്ള കുസുമമൊക്കയും
പറിച്ചുകൊണ്ടന്നു നിറച്ചവരവ-
വിതച്ചാർ തേരതിലിരുന്ന രാമന്റെ
തിരുമേനിയിലും വരരഥത്തിലും
പറഞ്ഞുതങ്ങളിൽ പലതരമേവം
രതിപതിയോടു ശരി പോരുന്നോരു
തിരുമേനി കണ്ടാൽ മതിവരുന്നില്ല
നയജ്ഞനാം രാമൻ മുഖാംബുജം കണ്ട
നയനമുണ്ടായ ഫലമിന്നുവന്നു
സുകുമാരനായ കുമാരനെപെറ്റോ-
രവളുടെ ജന്മം സഫലമായെന്നും
അവരവരേവം പറഞ്ഞതുകേട്ടി-
ട്ടറിയാതപോലെ ഗമിച്ചു രാഘവൻ
ഒരുപോലെ തന്റെ കടാക്ഷവീക്ഷം കൊ-
ണ്ടവരെയെയൊക്കെയുമനുരഞ്ജിപ്പിച്ചു
നടന്നുചെല്ലുമ്പോളടുത്തു താതന്റെ
ഭവനമപ്പോളിറങ്ങിതേരീന്നു
സുവർണ്ണരത്നങ്ങളിഞ്ഞുമിന്നുന്ന
തുരഗമേറിയും കടന്നുഗോപുരം
ചതുരരാം ചാപധരജനങ്ങളാൽ
സുരക്ഷിതമായ നൃപഗൃഹകക്ഷ്യാ
ത്രയം കടന്നതീന്നിറങ്ങി കാൽ‌നട
നടന്നുരണ്ടുകെട്ടുടൻ കടന്നതിൽ
പരിജനങ്ങളെ നിറുത്തി രാഘവൻ
കടന്നുശുദ്ധന്തമകം പുക്കു കണ്ടാൻ
അതിദീനനയി പിതാവിനെയപ്പോൾ
മഴമുകിൽകൊണ്ടുമയങ്ങിപ്പോയുള്ള
മതിബിംബം പോലെ ദശരഥന്തന്നെ
നംസ്കരിച്ചുടനഭിവാദ്യംചെയ്തു
ജനനികേകയതനൂജതന്നെയും
ജഗൽ‌പതിരാമൻ വണങ്ങിനിന്നപ്പോൾ
കരഞ്ഞുരാമനെ വിളിച്ചൊരുവാക്യം
പറവാൻ ഭാവിച്ച ദശരഥനൃപൻ
കരഞ്ഞുതൊണ്ടയുമടച്ചു കണ്ണുനീർ
ചൊരിഞ്ഞതുകൊണ്ടു നൃപതിയ്ക്കന്നേരം
പറവാനും തന്റെ മകനെക്കാണ്മാനും
അരുതാതെവന്നോരളവുരാഘവൻ
ഉരഗവീരനെ ചവിട്ടിയപോലെ
അറച്ചുപേടിച്ചങ്ങൊതുങ്ങിവാങ്ങിനാൻ
നടേയൊരിക്കലുമിവണ്ണമാകാരം
നരപതിയ്ക്കുണ്ടായറിയുന്നില്ലവൻ
അതുകൊണ്ടു പാരം ഭയപ്പെട്ടുരാമൻ
വിളിച്ചുകേകയസുതയോടുചൊന്നാൻ
പിതൃപാദങ്ങൾക്കു പിഴച്ചില്ലേതും ഞാൻ
പിതൃനിയോഗത്താൽ നടന്നതേയുള്ളു
അറിഞ്ഞറിയാതെ പിഴച്ചതുണ്ടെങ്കിൽ
പ്രസാദിപ്പിയ്ക്കേണം നൃപനെ നീ തന്നെ
പിതൃസമമായിട്ടൊരു ദൈവമില്ലാ
പിതൃകോപമുണ്ടാകരുതൊരിക്കലും
തിരുമുഖം കണ്ടാൽ പൊറുക്കുന്നില്ലേതും
തിരുനയനങ്ങൾ കലങ്ങുന്നെന്തമ്മേ!
തിരുമേനി പാരം തളരുന്നെന്തയ്യോ!
ഭരതശത്രുഘ്നരവർക്കിന്നേതാനും
അപായമുണ്ടായോ പറകകൈകേയി!
ജനനിമാർക്കേ താൻ വിഷമമുണ്ടായോ?
ഇവണ്ണമെന്നോടൊന്നരുളിചെയ്യാതെ
വിഷാദമുണ്ടാവാൻ വിഷയമെന്തമ്മേ!
തിരുമേനിയിലോ തിരുമനസ്സിലോ
പെരിയൊരുതാപം ഭവിച്ചിട്ടല്ലയോ
മനുഷ്യദേഹത്തിൽ സുഖമെല്ലായ്പോഴു-
മൊരുപോലെവരായതുകൊണ്ടല്ലല്ലി
അഭിമാനംകൊണ്ടു പരുഷമായ് നീ താൻ
അറിയിച്ചിട്ടിതു പെരികയല്ലയോ
പറകമാതാവേ! പിതൃപാദങ്ങൾക്കെ-
ന്തഭിപ്രായമെന്തെന്നവൻ ചോദിച്ചപ്പോൾ
പറഞ്ഞു ലജ്ജയും വെടിഞ്ഞു കൈകേയി
പരമാർത്ഥമായി രഘുവരനോടു
ഇതൊന്നുമല്ലാ നിൻ പിതാവിനു പീഡാ
ഭവിച്ചതിന്മൂലം പറഞ്ഞിടാമെങ്കിൽ
മനുപ്രവീരന്റെ മനസ്സിലൊന്നുണ്ടു
മടിക്കുന്നു നിന്നോടുരപ്പാനുമതു
ശുഭമതെങ്കിലുമശുഭമെങ്കിലും
നിനക്കു കേൾക്കാമെന്നിരിക്കിലോചൊല്ലാം
ഇവണ്ണം കൈകേയി പറഞ്ഞുകേട്ടപ്പോൾ
ഉടനെ രാമനുമുരച്ചുനന്നായി
ഇതെന്തിന്നിങ്ങിനെ പറയുന്നെന്നോടു
എരിയുമഗ്നിയിൽ പതിപ്പാൻ ചൊൽകിലും
ജലധിയിൽ വീണു മരിപ്പാനെങ്കിലും
മലമുകളിൽ നിന്നുരുണ്ടു ഭൂമിയിൽ
പതിച്ചുചാവാനായ് പറയുന്നെങ്കിലും
മടിക്കയില്ല ഞാൻ പിതാവരുൾ ചെയ്താൽ
തിരുമനസ്സിലേക്കഭീഷ്ടമെന്തെന്ന-
തറിഞ്ഞുതാകിൽ നീ പറക മാതാവേ!
ഇരുതരം രാമൻ പറകയില്ലെന്ന-
ങ്ങൊരിക്കലേ തന്നെ പ്രതിജ്ഞയും ചെയ്താൻ
അനന്തരം ദേവി പറഞ്ഞുരാമനോ-
ടതികഠിനമായിരിക്കും വാക്കുകൾ
നരവരനെ ഞാൻ സുരാസുരാരണേ
പരിരക്ഷിക്കയാലിനിക്കുനിന്നുടെ
പിതാവു നന്നായി പ്രസാദിച്ചു രണ്ടു
വരത്തിനെ നൽകിയതിനെ വേണ്ടുന്നാൾ
പറയുമ്പോളിങ്ങു തരുവാൻ ചൊല്ലി ഞാൻ
ഒരു നിക്ഷേപമായ് നൃപൻ കയ്യിൽ വെച്ചു
അതിലൊന്നുകൊണ്ടുഭരതാഭിഷേകം
ഇതരംകൊണ്ടുനീ പതിന്നാലുവർഷം
മരവിരിജടാധരിച്ചുകാനനേ
ഇരിക്കേണമെന്നു നൃപതിയോടുഞാൻ
പറഞ്ഞാറെ പീഡിച്ചിരിക്കുന്നു രാമ
പറവാന്നിന്നോടുമടിച്ചിതുഭൂപൻ
അസാരനെപോലെ കിടന്നുഴലുന്നു
പിതൃസത്യത്തെയും പരിരക്ഷിപ്പാനായ്
വനത്തിൽ പോക നീ നിനക്കഭിഷേകം
കഴിപ്പാനായിട്ടങ്ങൊരുക്കിയ കോപ്പും
പഴുതിൽ പോകാതെ ഭരതനു കൊള്ളാം
അഭിഷേകത്തിനു പിതാവിന്റെ സത്യം
കളയാതെ രാമ ജടാധരനായി
നടക്കയും ചെയ്ക വനസ്ഥലങ്ങളിൽ
പിതാവിനു മനസ്സിതുതന്നെനിന്നോ-
ടുരചെയ്‌വാൻ ചെറ്റുമടിയുണ്ടുതാനു
മതെന്നിയേ മറ്റൊന്നിവനില്ലശോക
മറികയെന്നവൾ പറഞ്ഞോരപ്രിയ
വചസ്സുകൾ കേട്ടു മനുപ്രവീരനു
മനസിഭീതിതാനരിയശോകം താൻ
മുഖവികാരം താനിതൊന്നുമില്ലാതെ
മഹാമതിയായ രഘുപതിതാനും
മനസ്സുറപ്പിച്ചുപറഞ്ഞാനീവണ്ണം
പിതാവരുൾ ചെയ്താൽ മടിക്കുമോവനേ
ഗമിക്കുന്നുണ്ടു ഞാൻ ഉടനെ കൈകേയി!
നൃപതിയെന്നോടിങ്ങരുൾ ചെയ്തീടുവാൻ
മടിക്കുന്നെന്തിനു നരവരാത്മജേ!
മനസ്സിൽ പീഡയും നിനക്കുണ്ടാകേണ്ട
മനുഷ്യരില്ലാത്ത വനത്തിൽ പോകുന്നേൻ
ഗുരുപിതൃകൃതപ്രതിജ്ഞനേറ്റവും
മഹാരാജന്നുടെ വിയോഗമുണ്ടായാൽ
ഇനിക്കു മംഗലം ഭവിക്കും നിർണ്ണയം
ഇതിനെന്റെ പിതാ തപിക്കുന്നെന്തിനു
മനസ്സിലൊന്നുണ്ടങ്ങിനിക്കു മാതാവേ!
നൃപൻ തന്നോടരുൾ ചെയ്യാതെ ക-
ണ്ടിതരരെക്കൊണ്ടു പറയിച്ചെന്തിനു
ഭരതൻ താനെന്നോടപേക്ഷിച്ചാനെങ്കിൽ
ഭരതമാതാവേ! കൊടുപ്പൻ ജീവനും
അതിൽ കീഴല്ല യോധനവും ധാന്യവും
അഖിലരാജ്യവും സമസ്തവും ദേവി
ദയിതയാമെന്റെ ജനകജയേയും
അപേക്ഷിച്ചാലവൻ‌കൊടുപ്പനെല്ലോ ഞാൻ
ജനനി നീ തന്നെ പറഞ്ഞാലും കൂടി
വനേ ഗമിപ്പാനും മടിക്കയില്ല ഞാൻ
നിരുപമഗുണചരിതനാകുന്ന
നൃപനുടെ താപം കളക കൈകേയി
തലതാഴ്ത്തി കണ്ണും കലങ്ങി ദീനനായ്
കരയുന്നെന്തിനു പിതാവിതിന്നിപ്പോൾ
ശിവശിവചെറ്റുമരുതരുതിതു
മതിമതിതാപം കളക മാതാവേ!
അതിവേഗമുള്ള കുതിരമേലേറി
മതിശാലികളാം ജനങ്ങൾ പോകട്ടെ
ഭരതനെയിങ്ങു വരുത്തുവാനായി
ട്ടയക്കകൈകേയി മടിക്കാതെയിനി
പിതൃവാക്യത്തിനെ പ്രമാണമാക്കിയും
പെരുകിയ കീർത്തി ലഭിപ്പതിന്നായും
പറഞ്ഞ ദണ്ഡകവനം തന്നിൽ തന്നെ
ഫലമൂലം തിന്നു നടക്കുന്നുണ്ടു ഞാൻ
പതിനാലുവർഷം മടിയാതെ ദേവി
യിനിയൊരുത്തരോടിതു നിരൂപിച്ചു
മടിക്കുമെന്നു നീ നിനക്കയും വേണ്ട
ഇതിത്തരം കേട്ടു മതി തെളിഞ്ഞുടൻ
ഭരതമാതാവും പറഞ്ഞാളിങ്ങിനെ
ഭരതനെക്കൊണ്ടു വരുവാനായിപ്പോൾ
കുറുവഴിയൂടെ നടക്കട്ടെ ദൂതർ
ഭരതൻ വന്നിട്ടു ഗമിക്കാമെന്നു നീ
നിനച്ചു വൈകാതെ ഗമിയ്ക്ക കാനനെ
നിനച്ചുവല്ലതുമിനിവൈകാതക-
ണ്ടിവിടുന്നു കാട്ടിൽ ഗമിക്ക രാഘവ!
നൃപൻ തന്നെയെനോടരുൾ ചെയ്തില്ലെന്നു
മനസ്സിങ്കൽ പീഡ നിനക്കുണ്ടാകേണ്ട
പെരിയ ലജ്ജകൊണ്ടിതു പറവാനും
പിതാവു ശങ്കിച്ചങ്ങിരിക്കുന്നു രാമ!
വനത്തിലിന്നു നീ പുറപ്പെട്ടല്ലാതെ
വസുമതീപതി കുളിക്കയുമില്ല
വിശയമില്ലിവൻ ഭുജിക്കയുമില്ലെ-
ന്നുരത്തതുകേട്ട ദശരഥനൃപ-
നുറക്കെ വാവിട്ടു കരഞ്ഞു ഭൂപനും
പരമോഹം പൂണ്ടു തളർന്നുവീണപ്പോ-
ളെടുത്തു രാമനുമിരുത്തി കണ്ണുനീർ
തുടച്ചുരാഘവൻ വചിച്ചാനിങ്ങിനെ
അധർമ്മമെങ്കിലും സുധർമ്മമെങ്കിലും
അവനിവാഴുകിൽ മതിയെന്നുള്ളതു
മതിയില്ലിനിക്കതുധർമ്മം തന്നെ
മതിയെന്നുള്ളതേ കരുതിയിട്ടുള്ളൊ
ഗുരുവരുൾ ചെയ്താലിനിക്കിപ്രാണനും
കളവാൻ കൂടിയും മടിയില്ലേതുമേ
അതുകൊണ്ടുതന്നെ പിതാവരുൾ ചെയ്താ-
ലനുഷ്ടിതമിതെന്നുറച്ചുകൊള്ളുക
പിതാവും ചൊല്ലേണമിതെന്നുണ്ടോ ദേവി
ഭവതി താൻ തന്നെ പറഞ്ഞാൽ പോരയോ
മഹാരാജൻ തന്റെ പ്രിയമഹിഷിയാ-
യിനിക്കുമാതാവായിരിക്കും നീ തന്നെ
നിയോഗിച്ചാലുണ്ടോ മടിയിനിക്കിപ്പോൾ
നിരൂപിക്കുന്നെന്തിന്നിതുവേണ്ടാ ദേവീ
ജനനിയോടുമജ്ജനകയോടു
മനുനയം ചൊല്ലി പുറപ്പെട്ടീടണ-
മതല്ലാതെ കണ്ടിങ്ങൊരു തടവില്ല
ങ്ങതിന്നവകാശം തരികയും വേണം
ഇതുതന്നാലുടനവരോടുഞ്ചൊല്ലി-
യയപ്പിച്ചുംകൊണ്ടുപുറപ്പെടുന്നുഞാൻ
പിതാവിനു പീഡ വരുത്താതെകണ്ടു
ഭരതൻ ശുശ്രൂഷിച്ചിരിക്കട്ടെനന്നാ-
അതിന്നുസന്തതം ശ്രമിച്ചുകൊൾകനീ
പിതൃരാജ്യമവൻ ഭരിക്കട്ടെയെന്നും
പറഞ്ഞുരാഘവൻ തെളിഞ്ഞുമാനസം
വണങ്ങി ഭൂപന്റെചരണപങ്കജ-
മവളെയും നന്നായ്തൊഴുതു മെല്ലവെ
വലം വെച്ചുവാങ്ങി പുറത്തു വന്നുതൻ
സുഹൃത്തുക്കൾ തന്നെ തണുത്തുനോക്കിയും
നടക്കുന്നനേരം കുടതഴകളും
പിടിച്ചതും വാദ്യമടിച്ചതും കണ്ടു
പടുത്വമുള്ളവൻ വിലക്കി കൈകളാൽ
ഇനിക്കുയോഗ്യമല്ലിതെന്നു രാഘവൻ
അനുജനും കോപം കലർന്നുദീനനായ്
മനുകുലവരനരികെ കണ്ണുനീർ
ചൊരിഞ്ഞുകൊണ്ടവൻ നടന്നുമെല്ലവെ
അനുജനും താനുമൊരുമിച്ചുവന്ന-
ങ്ങഭിഷേകത്തിനയൊരുക്കിയകോപ്പും
വലം വെച്ചു രാമന്നടന്നുനോക്കാതെ
അകത്തുപോമ്പോളും വരുമ്പോഴും പിന്നെ
പുറത്തുകാണുന്ന മഹാലോകർക്കെല്ലാം
രഘുപ്രവീരന്റെ മുഖത്തൊരു ഭാവ-
വികാരമെന്നുള്ളതറിവാനുമില്ല
പുരജനത്തെയും സ്വജനങ്ങളേയും
രഥത്തെയുംകൂടവിലക്കിനിർത്തിനാൻ
അനന്തരം താനുമനുജനുമായി
നടന്നുമാതാവിൻ ഗൃഹത്തിൽ ചെന്നിതു
മനുവരമ്പോവാമ്പുറപ്പെടുന്നപ്പോൾ
ജനനിമാർ മുന്നൂറ്റിയമ്പതും കൂടി
മനം കലങ്ങിയവരോധഗൃഹേ
പലതരം ചൊല്ലി കരഞ്ഞാരിങ്ങിനേ
നൃപമ്പറയാതെയിരിക്കിലും ഞങ്ങൾ
ക്കഭിഷ്ടമൊക്കെയും തരുന്നവൻ രാമൻ
ജനനികൌസല്യയതിലും ഞങ്ങളെ
അനുസരിച്ചിടും സുമുഖനേറ്റവും
ഗതിയും ഞങ്ങൾക്കു ശരണവുമിവൻ
വനം ഗമിയ്ക്കുന്നേനിതിത്തരം ചൊല്ലി
പറഞ്ഞു പീഡിച്ചു വിവത്സങ്ങളായ
പശുക്കളെപ്പോലെയഥ രഘുപതി
ജനനിഗേഹത്തിൽ പ്രഥമകക്ഷ്യയിൽ
കടന്നുവൃദ്ധയാം ജനനി തന്നുടെ
ഗുരുവിനെക്കണ്ടു ദ്വിതീയകക്ഷ്യയിൽ
കടന്നുഭൂദേവവരന്മാരെയെല്ലാം
തൊഴുതവിടുന്നുകടന്നുമൂന്നാംകെ-
ട്ടതിൽ വയോധികാതരുണിമാരെയും
അതിയാകും വണ്ണം വിലോകിച്ചുപിന്നെ
വെളുത്ത പട്ടുമതുടുത്തു മാതാവേ
വെളുത്ത പുഷ്പങ്ങളണിഞ്ഞു കേശത്തിൽ
വളർന്ന മംഗലം വരുവാൻ രാമനും
പല ഹോമങ്ങളും പല ദാനങ്ങളും
പലതും ചെയ്തിട്ടു സ്മരിച്ചു വിഷ്ണുവെ
സമാധിയിലിരുന്നരുളും മാതാവിൻ
ചരണപങ്കജം വണങ്ങി രാമനാം
സുതൻ വിനീതനായ്‌വണങ്ങിനിന്നപ്പോ-
ളതിമുദിതയായണഞ്ഞു മൂർദ്ധാവിൽ
മണത്തോരാസനംകൊടുത്തുചൊല്ലിനാൾ
പിതാവുതന്നീടുമവനിപാലിച്ചു
മതിമാനായനീ പരിചിൽ വാഴുക
അഭിഷേകത്തിനു കുളിത്താശിതാൻ
വരുന്നതിന്മുമ്പെ ഭുജിച്ചുപോയാലും
ഇതിത്തരമാശീർവ്വദിച്ചുചൊന്നപ്പോൾ
വിലജ്ജിതനായിട്ടുരത്തുരാമനും
പെരുത്തകാനനേ ഗമിച്ചല്ലാതെ ഞാൻ
കളിക്കയില്ലെന്നു പറഞ്ഞു കൈകേയി
ഇനിയ്ക്കിവിടെയ്ന്നരക്ഷണം പോലും
ഇരിയ്ക്കയോഗ്യമല്ലുറക്കമാതാവേ!
ഫലമൂലങ്ങൾ തിന്നിരിപ്പാൻ കല്പിച്ചാൽ
ഫലമുള്ളോരന്നം ഭുജിച്ചുകൂടുമോ
വനത്തിൽ പുല്ലുകൾ വിരിച്ചിരിയ്ക്കുന്നോ-
രിനിയ്ക്കിതെന്തിനു സുവർണ്ണപീഠവും
ഇലകൾ തച്ചുകൊണ്ടതിലുണ്ണുന്നോന-
മ്മണിമയമായ തളികയെന്തിനു
ഇതിത്തരം കേട്ടു ജനനി മൂർച്ഛിച്ചു
പതിച്ചിതു രംഭ മുറിച്ചിട്ടപോലെ
എടുത്തുരാമനും തുടച്ചു കണ്ണുനീർ
പെരുത്ത മോഹവും തളർത്തിനാനഥ
ചിരേണ മോഹവും തളർന്ന മാതാവു
ചില വചനങ്ങൾ പറഞ്ഞാളിങ്ങിനെ
മകനേ! സുന്ദര! സുകുമാരവീര!
മനം കലങ്ങുന്നു മനോഹരബാല!
പിറന്നീലാനീയ്യെന്നിരുന്നാലിന്നുണ്ടോ
പിരിയുന്നു പീഡയിനിയ്ക്കു ബാലക!
ചതിച്ചുപോകിൽ നീ മരിച്ചു പോകും ഞാൻ
പതീസുഖങ്ങളും സുതസുഖങ്ങളും
അനുഭവിപ്പാനും തരം വന്നില്ലിഹ
പരമദുഷ്ടയാം ഭരതമാതാവിൻ
മുഖത്തുനാളെ ഞാൻ മിഴിയ്ക്കുന്നെങ്ങിനേ
പതിനെട്ടുവയസ്സുടയരാമനെ
പതിനാലു വർഷം വനേ ഗമിപ്പാനായ്
പിതാവുചൊല്ലുവാൻ മടിച്ചതില്ലയോ
പരിചാരം ചെയ്‌വാന്മുതലായിന്നാരും
വരികയുമില്ല പരമസുന്ദര!
വനത്തിലിന്നു നീ ഗമിയ്ക്കുന്നാകിലോ
വരുവൻ ഞാൻ കൂടെ ധരിയ്ക്ക രാഘവ!
മകനായുള്ള നീ പിരിയുന്നാകിലോ
മനമഴന്നു ഞാൻ മരിയ്ക്കയും ചെയ്യും
ഇതിത്തരം കേട്ടു കടുത്തു ലക്ഷ്മണൻ
കടുകനൽ പോലെ ചുവന്ന കണ്ണുമായ്
ചുടുചുടുക്കണ്ണീരൊഴുകിയും കൊണ്ടു
തുടച്ചുനാസികയ്ക്കിരുപുറം തദാ
കുടിലമായുള്ള പുരികമേറ്റവും
പിടച്ചുനെറ്റി മേൽ ഞരമ്പുകളെല്ലാം
വിറച്ചധരവും ചുവന്നിതാനനം
കടുത്തുള്ളവാക്യം കടുകടച്ചൊനാൻ
അഭിഷേകത്തിനെ വിരോധിപ്പാനായി-
ട്ടധികശൂരന്മാർ പെരിക വന്നാലും
അരനൊടികൊണ്ടങ്ങൊടുക്കി രാമന്റെ
അഭിഷേകം നന്നായ്ക്കഴിപ്പിച്ചീടുവൻ
മുടക്കുവാൻ സുരാസുരരുമൊന്നിച്ചു
ദശരഥന്നായി സഹായം വന്നാലും
ഭുജപരാക്രമമെടുത്തു കാട്ടി ഞാൻ
ഭുവി പതിപ്പിപ്പൻ കുല ചെയ്തു വേഗം
കൊതിയ്ക്കുന്നെന്നുടെ മതിരണത്തിങ്കൽ
കളിപ്പതിന്നായിക്കരുണാവാരിധേ
അതിനിന്നു ഭവാനനുവദിയ്ക്കേണം
ഇനിയ്ക്കു കൈരണ്ടുമിരിയ്ക്കുന്നതിപ്പോൾ
അലങ്കാരത്തിനല്ലറിക മന്നവ!
പലരും ക്ഷത്രിയരെടുക്കുന്നെന്നിട്ടു-
മെടുക്കയല്ല ഞാൻ ശരങ്ങളും വില്ലും
പെരിയവാളിനിയ്ക്കരയിൽ കെട്ടുവാൻ
ചമച്ചതല്ലെന്നുറച്ചുകൊണ്ടാലും
കരങ്ങളും വില്ലും ശരങ്ങളും വാളും
ധരിച്ചിരിയ്ക്കുന്നതിവനാലുമെല്ലാം
വിരുദ്ധരായോരെ വധിപ്പാനായിട്ടു
ദശരഥനുടെ ചതുരംഗസേന
ഒരുമ്പാടും കൂട്ടി മഹാലോകരുമായ്
എതൃത്തുനിൽക്കിലും മറുത്തുഞാന്തന്നെ
നിനക്കഭിഷേകം കഴിയ്ക്കുന്നുണ്ടിപ്പോൾ
പുരിതന്റെ നല്ല നടുവിന്നുതന്നെ
പടയുണ്ടാകട്ടെ ഭയങ്കരമായി
തെരുനടുവിന്നു ശരനിരകളെ
തെരുതെരയെയ്തു രഘുവരയിപ്പോൾ
കരചരണങ്ങൾ മുറിച്ചുവേഗേന
കരിവരങ്ങളെ പതിപ്പിച്ചീടുവൻ
തുരുതുരച്ചോരചൊരിഞ്ഞുപാരമായ്
കുതിരകളെല്ലാം തിരിച്ചുമണ്ടേണം
പരശ്ശതാധികശരചിതമായി
പരികരം വിട്ടു രഥവരങ്ങളും
പരിഹീനസാരപദാതിസംഘവും
പരിഹരിച്ചീടും ചതുരതാതന്റെ
ശിതാഗ്രധാരമായിരിയ്ക്കും വാളെന്റെ
കരാഗ്രമുക്തമായ്പതിയ്ക്കും നേരത്തു
ശതക്രതുതന്നെയകപ്പെട്ടെങ്കിലും
ശകലമായീടും വിശയമില്ലേതും
വിരൽച്ചരടുകൾ മുറുക്കിനന്നായി
കുലച്ചവില്ലുമായ് മറുത്തു നിൽക്കുമ്പോൾ
ദശശതകോടി ദശരഥന്തന്നെ
നിനയ്ക്കിലുമിതു മുടക്കുവാൻ പണി
ഭയങ്കരമായോരെമനെപ്പോലെ നി-
ന്തിരുവടി നന്നായുറച്ചു നിൽക്കുമ്പോൾ
തിരുമനസ്സിന്റെ കടാക്ഷംകൊണ്ടു ഞാൻ
പൊരുതൊടുക്കുവനരിനിരയെല്ലാം
പുരവാസികളെ ശിരസ്സുകളെല്ലാം
ദിശിദിശി വെട്ടിത്തെറുപ്പിച്ചീടുവൻ
ഇതരരാജാക്കൾ വരുന്നതാകിലും
അരനൊടികൊണ്ടു കുല ചെയ്തീടുവൻ
നരപതിതാനും പോരുവാൻ വന്നാകിൽ
സുരലോകം വണങ്ങിരിപ്പാറാക്കുവൻ
അരിനിരതന്റെ നടുവിൽ ചാടി ഞാൻ
പരിചയും വാളുമെടുത്തു വേഗത്തിൽ
അരിഞ്ഞരിഞ്ഞിട്ടു നിണം കുടിപ്പിപ്പൻ
കുടിലചിത്തയ്ക്കായ്ക്കുറള ചൊല്ലുന്ന
ഭരതമാതാവേകുലചെയ്തീടുവൻ
പരിതപിയ്ക്കേണ്ട പഴുതേ കൌസല്യേ!
കരിനിരകളും രഥവരങ്ങളും
തുരഗയൂഥവുമെതിരിടുന്നേരം
തെരുതെരയെന്റെ ശരനിരകൊണ്ടു
മുറിച്ചുഭൂമിയിൽ പതിപ്പിച്ചീടുവൻ
കുരരഹിതമാം തുരഗയൂഥവും
തിരിഞ്ഞുപോവാനും തരം വരാനൂനം
നരവരനെന്റെ ചതുരത കണ്ടു
പരിമോദിയ്ക്കേണം സുരാസുരന്മാരും
അരിയായുള്ളൊരു പിതാവിനെയിപ്പോൾ
പൊരുതൊടുക്കുവൻ മനസ്സില്ലെങ്കിലോ
പിടിച്ചുകെട്ടിയങ്ങിടുന്നതുണ്ടുഞാൻ
പൊരുതൊടുക്കുവൻ മനസ്സില്ലെങ്കിലോ
പിടിച്ചുകെട്ടിയങ്ങിടുന്നതുണ്ടു ഞാൻ
മടിയ്ക്കയില്ലെന്നു ധരിച്ചുകൊണ്ടലും
അറിയതെധർമ്മം വഴികേടായ്‌വന്നോ-
രധർമ്മം ചെയ്യുന്ന ഗുരുവിനെത്തന്നെ
കുലചെയ്യാമെന്നു മനുവാക്യമുണ്ടു
ഗുണനിധേ മറ്റു പലർക്കും സം‌വാദം
വിരോധിച്ചെന്നോടും ഭവാനോടും രാജ്യം
കൊടുക്കുന്നെങ്കിലും നടക്കുമോ പിന്നെ
കൊടുപ്പാനെന്തൊരുബലമിവൻ കണ്ടു
ശിവശിവചെറ്റുമിവനില്ലമതി
തപിയ്ക്കേണ്ടമനമുറയ്ക്ക കൌസല്യേ!
പറയുന്നവാക്യം പരിചിൽ കേൾക്കനീ
ഉരുപുണ്യത്താണപെരികവില്ലാണ
രഘുവരൻ തീയിൽ പതിയ്ക്കുമോയെങ്കിൽ
പതിച്ചുലക്ഷ്മണനവനുമുമ്പെയെ
ന്നുറച്ചു നന്നായിട്ടിരിയ്ക്കയും വേണം
കഴിഞ്ഞവരുടെ ചരിതമോർക്കുമ്പോൾ
മൂകനാം നിങ്കലിന്നവനിയുമാക്കി
വനവാസംയോഗ്യമവനിതെന്നറി
വിപരീതമായ് പിതാവും ചെയ്തിതിൻ
അനുകൂലരായിട്ടിരിയ്ക്കിൽ പൌരന്മാർ
അയോദ്ധ്യയിലിന്നു മനുഷ്യരില്ലാതെ
ചമെയ്ക്കുന്നുണ്ടുഞാൻ ശരവർഷംകൊണ്ടു
നയമൊന്നുപാർത്താൽ ഗുണം വരാ ചെറ്റും
നയം വിട്ടു ഭവാനെടുത്താലും ശൌര്യം
പ്രതാപിയെത്തന്നെ ഭയപ്പെടും ലോകം
പതമുള്ളവനെ പരിഹസിച്ചീടും
പ്രതാപിയായുള്ള നരനെയല്ലയോ
നമസ്കരിക്കുന്നു ജനങ്ങളൊക്കെയും
തണുപ്പിച്ചുനല്ല പ്രസാദമുണ്ടാക്കും
ശശാങ്കനെയുണ്ടോ വണങ്ങുന്നാരാനും
പിതാവിനെയിന്നു കുല ചെയ്തുമമ്മേ
കഴിപ്പിച്ചീടുവനഭിഷേകമിപ്പോൾ
ഇവന്തന്നെയിന്നു മഹീപതിയാകു-
മിതിനൊരെള്ളോളമിളക്കമില്ലെന്നു
പറഞ്ഞതുകേട്ടു രഘുപ്രവീരനോ
ടുരച്ചു കൌസല്യ പരിഭ്രമിച്ചഥ
ഇതുസമ്മതമോ നിനക്കു രാഘവ!
പറെകായെന്നപ്പോൾ പറഞ്ഞു രാമനും
പിതൃവചനം ഞാനതിക്രമിയ്ക്കുമോ
പിതൃനിയോഗത്താലൊരുകണ്ഡ്വമുനി
ഹനിച്ചുഗോവിനെ നിനെച്ചു കാണാതെ
പരശുരാമനും തനിയ്ക്കുള്ളമ്മയെ-
ക്കുലചെയ്തുപണ്ടു പിതാവിന്റെ ചൊല്ലാൽ
സഗരന്റെ മക്കളറുപതായിരം
പിതാവിനുവേണ്ടി മരിച്ചതില്ലയോ?
വയസ്സുമേറിനല്ലറിവുമുള്ളവർ
നടന്നോരുവഴി വിടുകയില്ല ഞാൻ
വനത്തിൽ ഞാൻ കൂടി വരുമെന്നതൊട്ടു
മുചിതമല്ലെന്നു ധരിയ്ക്ക മാതാവേ!
പതിവരതമാർക്കു പതിയൊഴിഞ്ഞൊരു
ഗതിവരാനില്ലെന്നറിഞ്ഞിരിയ്ക്ക നീ!
പരമാർത്ഥം തന്നെ നിനച്ചു കാണുമ്പോൾ
പതിവാക്യം നിയ്യുമനുസരിയ്ക്കേണം
പിതാചൊല്ലുകേട്ടുനടന്നാകിൽനമു-
ക്കതുകൊണ്ടേമന്മേൽഗുണം വരുന്താനും
അറിക ലക്ഷ്മണ! പറയുന്നതെല്ലാ-
മുഴുഞായമായിപ്പറെകയില്ലാരും
നൃപധർമ്മം തന്നെ നിനച്ചുകാണുമ്പോൾ
മുഴുഞായമായനടപ്പാനേമന-
മിനിയ്ക്കെന്നതറിഞ്ഞിതുവിടുകനീ
വടിവിൽ ഞാൻ ചൊന്ന വചനം കേട്ടു നീ
കടുതവിട്ടിഹപതമെടുത്താലും
ജഗത്തിങ്കൽ ധർമ്മാർത്ഥകാമങ്ങൾ മൂന്നു-
മനുഷ്ഠിച്ചാലെന്തു ഫലമുള്ളതതേ
വരും ധർമ്മമൊന്നും വഴിപോലെ ചെയ്താൽ
അതുകൊണ്ടുതന്നെയറിക ലക്ഷ്മണാ!
കുലമുടയോരു യുവതിയ്ക്കുനല്ല
മകനുണ്ടായെന്നാലവളെന്നപോലെ
കുലീനയായെങ്കിലൊരു കർമ്മം ചെയ്താൽ
യുവതിയോ സുഖമനുഭവിയ്ക്കിലാം
മകനുണ്ടായാലോ പരലോകമുണ്ടാം
ഇവമൂന്നുമിവളൊരുത്തിയാൽ‌വരും
ത്രിവർഗ്ഗമന്യോന്യം വിരുദ്ധമാകുമ്പോൾ
ദ്വിവർഗ്ഗം വിട്ടിട്ടിങ്ങെടുക്കണം ധർമ്മം
ത്രിവർഗ്ഗവുമൊരുവിരോധം കൂടാതെ
അനുഷ്ഠിയ്ക്കാമെങ്കിലനുഷ്ഠിയ്ക്കനല്ലു
ഇതൊക്കെയിന്നോളമനുഷ്ഠിച്ചുതമ്മിൽ
പിണക്കമില്ലാതെയിരിയ്ക്കകൊണ്ടും താ-
നിനിയതച്ചണ്ണമനുഷ്ഠിച്ചുകൊൾവാൻ
പണിതമ്മിൽ തമ്മിൽ വിരുദ്ധമാകയാൽ
അതുകൊണ്ടുതന്നെ ദ്വിവർഗ്ഗവും ത്യജി-
ച്ചനുഷ്ഠിയ്ക്കുന്നു ഞാനിഹധർമ്മം തന്നെ
ഇതൊന്നിനാൽ മൂന്നിൻ ഫലം വരുന്താനും
ഇതിനപ്പോളാരും പറകയും വേണ്ട
പെരികയെന്നോടു കൃപയുണ്ടായുള്ള
ഭാരതമാതാവങ്ങിതു പറഞ്ഞപ്പോൾ
പെരിക്കാലവുമ്പിഴച്ചിരിക്കുന്നു
പരാകരം കൊണ്ടുമുപായങ്ങൾ കൊണ്ടും
ഫലമില്ല ദൈവം മറഞ്ഞുനിൽക്കുമ്പോൾ
ഇതിത്തരം രാമൻ പറഞ്ഞുനിൽക്കുമ്പോൾ
കുപിതനായുള്ളോരനുജൻ ചൊല്ലിനാൻ
വിധിവശമെന്നു പറയുന്നതെല്ലാം
അതിശൂരന്മാർക്കു വിധിയല്ല നൂനൻ
അതിശൂരൻ തനിയ്ക്കൊരു ദൈവം തന്നെ
അതിക്രമിച്ചീടാം സ്വപൌരുഷത്തിനാൽ
വിധിവശമെന്നു പറയുന്നതെല്ലാം
മതിയും കെട്ടേതും പിടിയാതുള്ളവൻ
ഇതിങ്ങിനെ ചൊല്ലി ഫലമെന്തു രാമ!
വരുന്നൊരുകാലമതുകണ്ടീടിലാം
പിതൃവാക്യമെന്നു നിനയ്ക്കേണ്ട രാമ!
പിതാവിതേതുമൊന്നറിഞ്ഞതുമില്ല
പിതൃമനസ്സിനു നിരന്നതുമല്ല
പ്രിയമഹിഷിയ്ക്കായ്പറഞ്ഞതേയുള്ളു
പിതാവുതാന്തന്നെയധർമ്മം ചൊല്ലിയാൽ
അതൊക്കെയുമുണ്ടോനടന്നുകൂടുന്നു
അതികാമിയായനൃപന്തെങ്കിലും
പറഞ്ഞുപോയെന്നാൽ പറഞ്ഞുകൊള്ളട്ടെ
തരുണിയുപിന്നെയതിനോടുകൂടി
പറവാഞ്ചൊല്ലിയാൽ പറകയില്ലല്ലോ
അതൊക്കയും നീയ്യും പ്രമാണമെന്നോർത്താൽ
സുഹൃത്തായുള്ളോരെ പരിതപിപ്പിയ്ക്കാം
നൃപധർമ്മത്തെ നീയറിയുന്നില്ലയോ
മനം കൂടിയിപ്പോൾ മറഞ്ഞുപോയിതോ?
നൃപൻ പണ്ടെങ്ങാനും കൊടുത്തുപോൽ വരം
അതിങ്ങൊരുത്തരുമറിഞ്ഞിട്ടുമില്ല
അതുമേടിക്കാനായിവൾക്കുമിത്രനാൾ
അവകാശമില്ലാതിരുന്നുപോയി പോൽ
അതിന്നുതന്നെനീതരേണമെന്നേറ്റം
ത്വരിയ്ക്കുന്നു പോലുമിവളും ഭൂപനോ-
ടവനും ചൊന്നതുകൊടാഞ്ഞാലിന്നിനി-
യ്ക്ക സത്യദോഷങ്ങൾ ഭവിയ്ക്കുമെന്നേറ്റം
ഭയപ്പെടുന്നുപോലിതൊക്കയുമിപ്പോൾ
പറയുന്നതാരോടിഹരഘുവര!
ഇവരുടെയൊരു ശഠത കണ്ടാലും
ഇവണ്ണം മറ്റുള്ളോർ പഠിയ്ക്കിലും വരാ
ഇതെങ്ങാനുമുണ്ടോ പറഞ്ഞുകേട്ടതും
ധനധാന്യം പോലെ വരം നിക്ഷേപമാ-
യിരിയ്ക്കട്ടേയെന്നു പറഞ്ഞുവെച്ചതു
അറിഞ്ഞിതോരവികുലമണേ നിന്റെ
അഭിഷേകമിന്നു മുടക്കുവാനായി
ഇരിവരും കൂടെയൊരു മതിയായി
പണിയെടുത്തതും ഭവിയ്ക്കയില്ലിതു
അകതാരിൽ ചിലരടക്കികൌടില്യം
സുകൃതിയെന്നതും പുറത്തുതോന്നിയ്ക്കും
അതിലൊന്നായതിദ്ദശരഥനൃപൻ
അറിഞ്ഞുകൂടയോ നൃപനുടെമനം
നിനക്കുമൊന്നുണ്ടു മനസി രാഘവ!
തനിയ്ക്കാമ്പൊന്ന ഞാൻ പിതൃനിയോഗവും
വഹിച്ചില്ലായെങ്കിലതുകൊണ്ടന്യർക്കു
പിതൃഭക്തി ചെറ്റും വരായെന്നല്ലില്ലി-
യതുശങ്ക നിനക്കൊരിക്കലും വേണ്ട
ജഗത്തിലിന്നാരും നിനക്കൊരു ദോഷം
പറകയുമില്ല പരമാർത്ഥം തന്നെ
പലതരം തമ്പി പറഞ്ഞിട്ടുമേതും
പരമസുന്ദരനിളക്കം വന്നീല
മനസ്സുറപ്പുള്ള മനുപ്രവീരനു-
മഭിപ്രായമെല്ലാം പറഞ്ഞുകേൾപ്പിച്ചാൻ
ഉടനെദേവിയുമിവനു സമ്മതം
ഇരിപ്പാനില്ലെന്നതറിഞ്ഞുചൊല്ലിനാൾ
വരുവാൻ ഞാൻ കൂടി വനത്തിനെന്നവൾ
കരഞ്ഞു പീഡിയ്ക്കുന്നതുകണ്ടു രാമൻ
സരസിജായതവിലോചനങ്ങളിൽ
സരഭസം കണ്ണീരൊഴുകിമാതാവോ-
ടുരത്താനിങ്ങിനെ പെരുത്തദുഃഖത്താൽ
വിധവയെപ്പോലെ പുറപ്പെട്ടുപോവാൻ
പറയുന്നതേതുമുചിതമല്ലമ്മേ!
പരിശുശ്രൂഷയും വഴിപോലെചെയ്ത-
ങ്ങിരിക്കയേ നല്ലു നിനക്കു കൌസല്യെ!
പിതൃനിയോഗത്തിൽ നടന്നാകിലേറ്റം
ജഗത്തിങ്കൽ നമ്മെ പുകഴ്ത്തുമെല്ലാരും
പലതുമെന്തിനു പറയുന്നു നിങ്ങൾ
പിതൃവാക്യം രാമനതിക്രമിയ്ക്കുമോ?
വിവേകം കൂടാതെ പറയാതെയെന്റെ
അവരജനീയുമടങ്ങുകയെന്നാൻ
പതിശുശ്രൂഷചെയ്തിരിക്കനീയെന്നു
പറഞ്ഞുമാതാവോടനുനയത്തോടെ
വനത്തിങ്കൽ പോവാനനുവദിച്ചെന്റെ
ജനനിയെന്നെനീയയക്കയും വേണം
ഗുരുതാനച്ശന്താൻ നൃപതിതാ‍നതിൽ
ഒരുത്തഞ്ചൊൽകിലുമുടനെ കേൾക്കണം
നമുക്കിതൊക്കെയും ദശരഥൻ തന്നെ
മനം മടിക്കയില്ലവനരുൾ ചെയ്താൽ
പിതാവിനിക്കുമിന്നിനക്കും ലക്ഷ്മണ!
പതികൌസല്യയ്ക്കും നൃപനെല്ലാവർക്കും
അവണ്ണമുള്ളവൻ പറഞ്ഞവാക്കിനെ
അതിക്രമിയ്ക്കുമ്പോൾ ദുരിതം കൈവരും
അരുതരുതിതുശിവശിവയെന്നു
ചെവി രണ്ടും പൊത്തി പറഞ്ഞൊരു നേരം
ഇനിയൊന്നുകൊണ്ടുമിരിക്കയില്ലയെ-
ന്നുറച്ചു കൌസല്യാമനസ്സടക്കിനാൾ
പരന്തപനായ രഘുവരനായി
പറഞ്ഞാൾ മംഗലമനന്തരം ദേവി
സകലവസ്തുവുമുപേക്ഷിച്ചുധർമ്മം
മതിയെന്നല്ലയോ പിടിച്ചതും രാമ!
അതുതന്നെ നിന്നെ പരിപാലിച്ചീടും
അടവികൾ തന്നിൽ നടക്കുന്നനേരം
കുശികജൻ പണ്ടു കൃപയിനാൽ നിന-
ക്കുപദേശിച്ചുള്ള മഹാസ്ത്രങ്ങളെല്ലാം
അവസരമാം‌പോളുസിതമായ് നിന്റെ
മനസ്സിൽ തോന്നട്ടെ മനുകുലവീര!
മനസ്സടക്കവും വണക്കവും നല്ല-
വിനയവും ഭൂതഭയവും സത്യവും
പൊറുമയും മാതൃപിതൃശുശ്രൂഷയും
ഗുരുദ്വിജാദിയിലൊരു വിശ്വാസവും
ഇവയെല്ലാം രാമ! നിനക്കുനല്ലതു
വരുത്തിടും കാട്ടിൽ നടക്കുന്നനേരത്തും
സമിൽക്കുശവേദിപവിത്രയൂപങ്ങൾ
സകലയാഗോപകരണങ്ങൾതാനും
അരണിയുമഗ്നിത്രിതയവുമെല്ലാം
നിനക്കു മംഗലം വരുത്തുമെന്നറി
നിമേഷാദികാലവിശേഷണങ്ങൾ ക്ഷണ-
മുഹൂർത്തരാശികളഹർന്നിശകളും
സകലസന്ധ്യകളുഭയപക്ഷങ്ങൾ
നിനക്കു മംഗലം വരുത്തട്ടെ രാമ
അറുമുഖൻ സോമൻ വിറച്ചൂടുന്നവൻ
കരിമുഖൻ താനും മുരരിപുതാനും
ധരാസുരാസുരഗണങ്ങളും സൂര്യൻ
മരുൽ ഗണസന്ധ്യാമഹർഷിസിദ്ധന്മാർ
മരുൽ പതിമുഖഹരില്പതികളും
പിതൃചാരണന്മാർ പിശാചരാക്ഷസർ
വസുരുദ്രാദിത്യസുരമുനികളും
ഇവരെല്ലാം നിന്നെ പരിരക്ഷിച്ചീടും
ഇവണ്ണം കൌസല്യാ പറഞ്ഞുപുഷ്പങ്ങൾ
ഇനകുലമണിശിരസ്സിൽ വെച്ചഥ
വദിച്ചാളങ്ങാശീർവ്വദിച്ചുടന്തന്നെ
പരദേവങ്ങൾക്കു കൊടുത്തു നേർച്ചകൾ
പരമിവിടുന്നു ദ്വിജന്മാരെക്കൊണ്ടു
പരിചിനോടാശീർവ്വദിപ്പിച്ചു പിന്നെ
പെരുകിയ ദാനം കഴിപ്പിച്ചു നന്നായ്
മനസ്സിൽ മംഗലം നിറച്ചു കൌസല്യ
വദിച്ചാളിങ്ങിനെ മധുരമാം വണ്ണം
ത്രിവിക്രമൻ പണ്ടു ജഗത്തുകൾ മൂന്നു
മളക്കുമ്പോളനുഭവിച്ചോരു ജയം
നിനക്കു നന്നായി ഭവിയ്ക്കട്ടേ രാമ!
പതത്രിനായകനമൃതത്തിന്നായി
പുറപ്പെടുന്നേരം വിനതയെന്തെല്ലാം
അനുഗ്രഹിച്ചോരോ വിജയമംഗലം
ഭവിയ്ക്കട്ടേ രാമ നിനക്കു നന്നായി
സുരപതിവൃത്രാസുരനെകൊല്ലുമ്പോൾ
സുരഗണങ്ങളും പറഞ്ഞ മംഗലം
വരുത്തട്ടേ രാമ! വനത്തിൽ പോകുമ്പോൾ
അമൃതം ഹേതുവായ ദിതിനന്ദന
നസുരരെയെല്ലാം നിപതിപ്പിക്കുമ്പോൾ
അദിതി പ്രാർത്ഥിച്ചവിജയമംഗലം
അതിതരാം രാമ! നിനക്കുണ്ടാകട്ടേ
ഇവണ്ണം മംഗലം പറഞ്ഞു കൌസല്യ
രഘുവരനുടെ ശിരസ്സിലാമ്മാറു
കുസുമചന്ദനക്ഷതങ്ങളും കൂട്ടി
കരങ്ങൾ രണ്ടും വെച്ചനുഗ്രഹം ചെയ്താൾ
പലസിദ്ധൌഷധിപലസിദ്ധൌഷധം
പലസിദ്ധമന്ത്രരചിതമന്ത്രങ്ങൾ
ഇവറ്റയുമെല്ലാം ധരിപ്പിച്ചു നന്നാ-
യ്പറഞ്ഞാൾ പിന്നെയുമിവണ്ണമാദരാൽ
പതിന്നാലുവർഷം പിതൃനിയോഗവും
വഴിപോലെ ചെയ്തു സുഖമായിങ്ങു നീ
വരിക കാട്ടിന്നു തിരിയെ രാജ്യത്തിൽ
പെരുവഴിയിലുമൊരേടത്തുമൊരു
ദുരിതമുണ്ടാകാതിരിക്കയെന്നവൾ
പറഞ്ഞയച്ചൊരു ജനനി തന്നുടെ
ചരണപങ്കജം തൊഴുതഭിവാദ്യം
പരിചൊടു ചെയ്തു പുറപ്പെടുന്നേരം
അനുജനെ വിളിച്ചുരത്താനിങ്ങിനെ
അരിനിരകളെ തപിപ്പിക്കും വീര!
അഭിഷേകത്തിനു വരുത്തിയതെല്ലാം
തിരിയെ കൊണ്ടു പോവതിന്നു ചൊല്ലുക
അഭിമതജനമവരോടൊക്കഅയും
ഭരതമാതാവിൻ മനം തെളിവാന-
ങ്ങരുളിചെയ്തഥ നടന്നു രാഘവൻ
അടുത്തു തന്നുടെ ഭവനം പൂകുമ്പോൾ
വഴിക്കു കണ്ടുള്ള ജനങ്ങളെയെല്ലാം
തണുത്തു നോക്കിയും രമിച്ചു നന്നായി
നടന്നുതന്നുടെ ദയിതയെ കാണ്മാൻ
കടന്നുമന്ദിരമകത്തുരാഘവൻ
തരുണിമാർമണിജനകജതാനും
നരവരന്തന്റെയഭിഷേകത്തേയും
നിരൂപിച്ചുമേറ്റം പരിമോദിച്ചവൾ
ഇരിക്കുന്നനേരം പരമസുന്ദരൻ
പെരിയലജ്ജയാവദനവും താഴ്ത്തി
വരുന്നതുകണ്ടു നടുങ്ങി സീതയും
ജനകനന്ദനാ വണങ്ങിനിന്നപ്പോൾ
ജനമനോഹരൻ മനം കലങ്ങിപ്പോയ്
ജലജമ്പോലുള്ള വിലോചനങ്ങളിൽ
ജലകണങ്ങളെയൊഴുക്കിയും കൊണ്ടു
ജഗല്പതിപാരംകരഞ്ഞൊരുനേരം
കുവലയദലവിലോചനരാമ!
തവതിരുമനസ്സിളകുന്നെന്തിനു
ശിവശിവ! കണ്ടാൽ പൊറുക്കുന്നില്ലേതും
സരസിജമ്പോലെ തെളിഞ്ഞൊരാനനം
അരുണതപൂണ്ടു മയങ്ങുന്നെന്തിനു
വിഭോ പുഷ്യത്തിങ്കൽ കുളീരരാശിയിൽ
അഭിഷേകമിഹ കഴിഞ്ഞതില്ലയോ?
കുടതഴകളും പിടിയാതെയിപ്പോൾ
നടന്നുപോരുവാൻ പറക കാരണം
ഉടയചാമരമെവിടെ പോയിതു
സകലവാദ്യങ്ങൾ സകലവന്ദികൾ
സകലവീരരാം ഭടവരന്മാരും
അവരെയൊക്കെയും വെടിഞ്ഞു നീ തന്നെ
ഒരുത്തനായിങ്ങു വരുവാനെന്തയ്യോ!
തിരുമുടിയിലക്കലശമാടിയ
മധുദധിഘൃതമിവതിരുമെയ്യിൽ
അണിഞ്ഞുകാണാഞ്ഞു തപിക്കുന്നു നാഥ!
തുരംഗപംക്തികൾ പുരവാസികളും
ജനപദേശന്മാരിവരെയൊക്കെയു
മകന്നിതേകനായ്‌വരുവാൻ കാരണം
പറകസുന്ദര തിരുമുഖത്തിനു
വിവർണ്ണതാവരാനറിയുന്നില്ല ഞാൻ
ഒരുനാളും മുന്നമിവണ്ണം കേട്ടുടൻ
പറഞ്ഞുഗൽഗദസ്വരത്തൊടും രാമൻ
മനോഹബാലേ! മതിമുഖി സീതേ!
വനേ ഗമിക്കുന്നു പിതാവു ചൊൽകയാൽ
ജനനി കൈകേയി മനം തെളിവാനായ്
ജനകന്തന്നുടെ നിയോഗത്താലിപ്പോൾ
ജനനികൌസല്യയൊടും പറഞ്ഞു ഞാൻ
ജനഹീനമായവനേ ഗമിക്കുന്നു
പതിന്നാലുവർഷം പരമസുന്ദരി
പിതാവു കേകയ തനൂജ ചൊൽകയാൽ
ഭരതനു രാജ്യം കൊടുക്കയും ചെയ്തു
ഭരതൻ ഭൂപനെന്നറിക നീയിനി
ഭരതനെ നന്നായനുസരിച്ചുകൊ-
ണ്ടിരിക്കയും വേണം പുരത്തിൽ വല്ലഭേ!
ഭരതന്റെ മുമ്പിൽ ഇരുന്നിതെന്നുടെ
ചരിതങ്ങൾ ചൊല്ലി സ്തുതിക്കരുതുനീ
പരനുടെ ഗുണം പറഞ്ഞുകേൾക്കുമ്പോൾ
നരപതിജനം പൊറുക്കയില്ലേതും
ഭരതനോടിനി പ്രിയങ്ങളല്ലാതെ
യൊരിക്കലുമൊന്നു പറഞ്ഞുപോകല്ല
ജനനിമാരെയും ദശരഥനേയു
മനുസരിച്ചുകൊണ്ടിരിക്ക വല്ലഭേ!
ഇവണ്ണം ഭർത്താവു പറഞ്ഞുകേട്ടപ്പോൾ
കരഞ്ഞുകോപിച്ചു പറഞ്ഞാളിങ്ങിനെ!
“പരം നിസ്സാരവാക്കുരപ്പതെന്തേവം
നരവരാത്മജ! ചിരിവരുന്നുമേ
വരഗുണനിധേ! പിതൃമാതൃസഹോ-
ദരസുതസ്നുഷാദികൾ ചെയ്തുപോരും
പുരുപുണ്യം ഭാഗ്യമിവയ്ക്കനുഭവ-
മിരിപ്പതോർക്കുമ്പോളവരവർക്കുതാൻ
പതിക്കെഴും ഭാഗ്യം പകുത്തനുഭവി-
പ്പതുദയാനിധേദയിതതന്നെയാം
ഭവാനൊടൊത്തുകൊണ്ടടവിയിൽ പോവാ-
നിവളുമുണ്ടെന്നുമതാണുചൊന്നതും
പിതാവുപുത്രനുംസഖിയും മാതാവു-
മതല്ലതാനുമല്ലബലകൾക്കഹോ
ഗതിയിഹത്തിലും പരത്തിലും സദാ
പതിയൊരുത്തനാണപരനില്ലെങ്ങും
പ്രണയവാരിധേ കണവനീമഹാ
വനത്തിലേക്കിപ്പോൾ പുറപ്പെട്ടെങ്കിലോ
ഭവാന്റെ മുമ്പിലെക്കുശസൂചികളെ
ചവിട്ടിത്താഴ്ത്തിഞാൻ വിഭോ നടക്കുവൻ
കുടിച്ചുശിഷ്ടമാം ജലം പോലെന്നെയും
പെടുന്നവിശ്വാസത്തൊടും നയിക്കനീ
ക്ഷമിച്ചുകോപവും പൊറുത്തുകൊണ്ടുപോ-
കമായമല്ലിമേദുരിതമൊട്ടുമേ
മണിമേടയ്ക്കെഴും ശിഖരത്തേക്കാളും
മനോജ്ഞമായ്‌വാനിൽനടപ്പതേക്കാളും
വിമാനത്തേക്കാളുമവസ്ഥയേതിലും
ഗമിച്ചീടും പതിനിഴൽ വിശേഷമാം
ജനകനുമെന്റെജനനിയുമെന്നോ-
ടനുശാസിച്ചിട്ടുണ്ടനേകമട്ടിലും
ഇനിയിവൾ നടന്നിടെണ്ട മട്ടൊന്നും
ഗുണനിധേയെന്നോടുപദേശിക്കേണ്ട
ജനവിഹീനമായ് മൃഗങ്ങൾ വമ്പുലി
മനം നടുക്കീടും വൃകങ്ങളുമെഴും
വനത്തിലേക്കു ഞാൻ വനജസുന്ദരാ-
ന്നന! ഗമിക്കുവൻ കനിവുവേണമേ
വനത്തിൽ വാഴുവനഴലൊഴിഞ്ഞുഞാൻ
ജനകഗേഹത്തിൽ വസിച്ചീടും പോലെ
നിനച്ചിടുന്നു ഞാൻ പതിവ്രതം മാത്രം
നിനവില്ലിങ്ങിനിക്കുലകമൂന്നിലും
ദിനം‌പ്രതി ഭവാനുപചാരങ്ങൾചെ-
യ്തത സംഗത്തോടും വ്രതം ധരിച്ചു ഞാൻ
മനോജ്ഞമാം വസന്ത ഗന്ധമാർന്നിടും
വനങ്ങളിൽ ഭവാനൊടൊത്തിരിക്കുവൻ
വനത്തിൽ നിന്തിരുവടിക്കു മറ്റുള്ള
ജനത്തെയും രക്ഷിപ്പതിന്നെഴും ബലം
നിനെക്കണോ പിന്നെക്കളത്രരക്ഷയ്ക്ക-
ങ്ങിനകുലപ്രഭോ! കഥിക്കുമാനദ
മനുകുലപതെ ഭവാനൊടൊത്തു ഞാൻ
വനത്തിൽ വന്നിടും വിവാദമില്ലമേ
മനസ്സു പിൻ‌വലിപ്പതിന്നു ചിന്തിച്ചാ-
ലിനിക്കെളുതല്ല ശ്രമിച്ചുനോക്കിലും
കനിയും കായ്ക്കളും ഭുജിച്ചുവാണിടാം
ദിനന്തോറും ഞാനങ്ങതിനില്ലവാദം
നിനയ്ക്കനിന്നൊടൊത്തിരിക്കയാൽ ക്ലേശം
ജനിപ്പിക്കില്ല ഞാൻ ഭവാനുസുന്ദര
മനസ്സിൽ മോഹമുണ്ടിനിക്കു പർവ്വതം
വനങ്ങളും സരസ്സുകൾ നദികളും
മനീഷയേറീടും ഭവാനൊടും ഭയം
വിനൈവകണ്ടുകൊണ്ടിരിക്കുവാൻ വിഭോ
അരയങ്ങളും സുസാരസങ്ങളും
നിരന്നുപുഷ്പമാർന്നെഴുന്നപൊയ്കയും
സരോജനേത്രഹേഭവാനൊടൊത്തുക-
ണ്ടിരിക്കുവാൻ മോഹം പെരികയുണ്ടുമേ
കരൾ കുളുർക്കുമാറതിൽ കുളിച്ചുഞാ-
നരംവ്രതങ്ങളും ധരിച്ചുനിത്യവും
പരമാനന്ദത്താൽ ഭവാനെനന്നായി-
പ്പരിചരിച്ചിരിക്കുവൻ ദയാനിധേ
ശതവർഷസഹസ്രവുമിതേവിധം
വ്യതിക്രമിക്കിലുമറിവതില്ലഞാൻ
പതിഭവാനൊടൊത്തിരിക്കിലൊട്ടുമേ
കൊതിമതിയില്ലിനിക്കുവാനിനും
നരോത്തമപ്രഭോവരൻ ഭവാൻ തന്നെ-
പ്പിരിഞ്ഞഹോ സുരപുരത്തിലാകിലും
ഇരിപ്പതിന്നുമേ പ്രയാസമേറുമേ
ധരിക്ക ഞാനതും കൊതിച്ചിടാ ദൃഢം
വരുന്നതുണ്ടു ഞാൻ മൃഗങ്ങൾ പാരമായ്
കരികിരികപിവരർനിറഞ്ഞിടും
പെരുത്ത കാട്ടിലും പിതൃഗൃഹത്തിൽ പോ-
ലിരിക്കുവൻ തവ പദം ശരണമായ്
സുരക്തയാണുഞാൻ മനസ്സുമാറിടാ
പിരിഞ്ഞുവെങ്കിലോ മരിക്കുവൻ ദൃഢം
ഭരമൊന്നും വരാ ഭവാനിതുകൊണ്ടി-
ങ്ങിരന്നിടുന്നു ഞാനനുവദിക്കണേ
കരഞ്ഞും കൊണ്ടേവം പറയും കാന്തയോ-
ടുരച്ചു രാഘവൻ പരമധാർമ്മികൻ
പെരുംവനത്തിലുള്ളൊരു ദുഃഖങ്ങളെ-
ക്കരളിലോർത്തുടൻ സമാധാനിപ്പിപ്പാൻ
പരം കുലീനയാണു നീ ധർമ്മത്തിലും
നിരതയാണല്ലൊ സദാവിദേഹജേ
ചരിക്കെടോ ധർമ്മത്തെ നീയിവിടെത്താ-
നിരുന്നു നിന്മനം സുഖപ്പെടും പടി
വരാംഗിമാർമണേ ഭവതിയോടു ഞാ-
നുരച്ചമട്ടു ചെയ്തിടേണ്ടതാണുനീ
സരോജലോചനേ വനത്തിലുള്ളതാം
പെരിയദോഷങ്ങളേനകമോതുവൻ
അരണ്യവാസത്തിലിരിക്കുമാഗ്രഹം
പരംത്യജിക്ക നീ വിദേഹനന്ദിനീ
പരസ്സഹസ്രദുർഗ്ഘടങ്ങളുള്ളതാ-
ണരണ്യെമെന്നുരച്ചിടുന്നതെൻ പ്രിയെ
അരിമയോടുനിൻ ഹിതം നിനച്ചുതാ-
നുരപ്പതീവിധം മരാളഗാമിനീ
ഒരിക്കലും സുഖം വരാവനത്തിൽ നീ
ധരിക്ക സർവ്വദാ വരും ദുഃഖങ്ങളും
ഗിരിഛരങ്ങളോടിടകലന്നെഴും
ഹരിവരമഹാനിനാദമേറ്റവും
ധരവിറയ്ക്കുമാറുകെൾക്കുമെപ്പൊഴും
ധരിക്ക സങ്കടം വനത്തിൽ വാഴുവാൻ
പെരിയ ജന്തുക്കൾ മദിച്ചുമത്തരാ-
യിരുന്നിടും നരരഹിതമാം വനേ
നരൻ തന്നെക്കണ്ടാലുടനെ നേരിടും
ധരിക്ക സങ്കടം വനത്തിൽ ജാനകി
സരിത്തുകൾ നക്രങ്ങളേറ്റമുള്ളതാം
തരിക്കുവാൻ പണി ചളി പെരുക്കയാൽ
കരികൾ മത്തരായെഴുന്നതുകൊണ്ടും
ധരിക്കസങ്കടം വനത്തിലേറ്റവും
നിരന്നുള്ളവള്ളിമുള്ളുമാർഗ്ഗമാ-
യരണ്യകുക്കുടമലറിയും സദാ
ഒരുറ്റുവെള്ളമില്ലിവണ്ണമാം വഴി
ധരിക്ക സങ്കടം വനത്തിൽ വാഴുവാൻ
ശരീരമേറ്റവും തളർന്നുരാവില-
ങ്ങുറങ്ങുവാൻ താനേ കൊഴിഞ്ഞുവീണുടൻ
പരമുണങ്ങിയോരിലയെഴും സ്ഥലം
ധരിക്കസങ്കടം വനത്തിലേറ്റവും
ഇരവിലും മഹസ്സിലും മനശ്ശമം
വരുത്തണം മരങ്ങളീന്നു വീണിടും
ഓരോ ഫലങ്ങളാൽ വിശപ്പുമാറ്റണം
ധരിക്ക സങ്കടം വനത്തിൽ ജാനകി
തരാതരം പോലങ്ങുപവസിക്കണം
മരവിരിജടകളും ധരിക്കണം
സുരജനത്തിനും പിതൃജനത്തിനും
വരുമതിഥികൾക്കുമാവിധിപ്പട്
വരസൽക്കാരങ്ങളുപഹാരങ്ങളും
വരോരുനൽകണം ദിനങ്ങൾ തോറുമെ
ചരിക്കണം വ്രതം ധരിച്ചുകൊണ്ടുമൂ-
ന്നുരുകുളിക്കണമതാതുകാലത്തിൽ
ഒരുമുടക്കവും വരാതിരിക്കണം
ധരിക്ക സങ്കടം വനത്തിലേറ്റവും
കരങ്ങൾ കൊണ്ടുതാനറുത്ത പൂക്കളാൽ
പരിശുദ്ധവേദികളിൽ ബലി വേണം
ശരിക്കതാർഷമാം വിധിക്കു ചെയ്യണം
ധരിക്കസങ്കടം വനത്തിലോമലെ
കരത്തിലാത്തമായിടുന്ന വസ്തുവാൽ
കരൾക്കു തൃപ്തിയാകണം വരാനനേ
മുറപ്പെടുത്തണം മുനികളാഹാരം
ധരിക്കസങ്കടം വനത്തിലെന്നുമേ
ഇരുളുമേറ്റവും കൊടുങ്കാറ്റുമെന്നും
പിരിയാതെ വാഴും വിശപ്പുമുണ്ടാകും
പെരുതായുള്ളൊരു ഭയവുമുണ്ടാകും
ധരിക്ക സങ്കടം വനത്തിലേറ്റവും
സരീസൃപങ്ങളും വളരെയോരോരോ
തരങ്ങളായ്മദം‌പെത്തങ്ങുമിങ്ങും
ചരിച്ചിടുന്നുണ്ടാം ചലാപാംഗിപാരം
ധരിക്കസങ്കടം വനത്തിൽ വാഴുവാൻ
ഉരഗങ്ങൾ വാഴുന്നിതു നദികളി-
ലരാളമായ്പോകുമവനദിപോലെ
പെരുവഴി തടഞ്ഞവകിടന്നീടും
ധരിക്ക സങ്കടം വനത്തിലേറ്റവും
കുറുമ്പാറ്റതേളും പുഴുക്കളീച്ചക-
ളൊരുമിച്ചു കൂടിക്കൊതുക്കളുമെല്ലാം
വരതനോ! നിത്യമുപദ്രവിച്ചീടും
ധരിക്കസങ്കടം വനത്തിലെങ്ങുമെ-
മരങ്ങളിൽ പലതരം മുള്ളുകളു-
മരം തീക്ഷ്ണങ്ങളാം കുശകാശങ്ങളും
നിറഞ്ഞു ദുർഘടം പെരുത്തതാം വനം
ധരിക്ക സങ്കടം വനത്തിലേറ്റവും
ശരീരത്തിനുണ്ടാം ബഹുക്ലേശങ്ങളും
പുരുഭയങ്ങളുമസംഖ്യമായുണ്ടാം
അരണ്യവാസമായിരിപ്പവന്നോർത്താൽ
ധരിക്ക സങ്കടം വനത്തിൽ തന്നെയാം
പരിഹരിക്കേണമമർഷിച്ശയു-
മിരിക്കണം തപസ്സിലേറെ മാനസം
അരുതൊട്ടും ഭയം ഭയപ്പെടേണ്ടതിൽ
ധരിക്ക സങ്കടം വനത്തിലെന്നുമേ
വനത്തിലേക്കു നീ വരേണ്ട ഭാമിനി
നിനക്കു ചേർന്നതല്ലെടോ വനാന്തരം
വനങ്ങളിലെഴുമവസ്ഥയോർക്കുമ്പോ-
ളനേക ദുർഘടം പെരുത്തു കാണ്മു ഞാൻ
ഇവണ്ണമാമനുവരന്റെ വാണിയെ
ശ്രവിച്ചു സീതയുമഴൽ പൊറഞ്ഞുടൻ
കുടുകുടെപ്പൊഴിഞ്ഞിടുന്ന കണ്ണുനീ-
രൊടും വരമൊഴിയിടറിച്ചൊല്ലിനാൾ
ഭവാനിലേറ്റവും പ്രിയം പെരുക്കയാൽ
ഭവാനുരച്ചൊരീയപകടങ്ങൾക്കുമേ-
വനത്തിൽ വാഴുവാൻ ഗുണങ്ങളാണല്ലോ
ഗുണാകരപ്രഭോ കരുണവേണമേ
മൃഗം സിംഹങ്ങളും ഗജങ്ങൾ വമ്പുലി
നഗങ്ങളിലെഴും ശരഭജാലവും
ഖഗങ്ങളും തഥാഗവയങ്ങൾ മഹോ-
രഗങ്ങൾ മറ്റുമുള്ളരണ്യജന്തുക്കൾ
ഇവയെല്ലാം ഭവത്സ്വരൂപത്തെക്കണ്ടാ-
ലവശതപ്പെട്ടുനടുങ്ങിമണ്ടിടും
നവീനമായൊരുവടിവുകാൺകിലോ
ധ്രുവം ഭയപ്പെടും മൃഗങ്ങളാകവേ
ഗുരുജനത്തിന്റെ നിയോഗംകൊണ്ടുഞാ-
നൊരുമിച്ചുപോണം ഭവാനൊടെങ്ങുമേ
പിരിഞ്ഞുവേറെഞാനിരിപ്പതാകിലോ
മരിക്കേണമപ്പോൾവിവാദമെന്നിയേ
കൃപാനിധേഭവത്സമീപമായതി-
ലപേതശങ്കമായിരിക്കുമെന്നെയും
അപാരശക്തിയുള്ളമരനാഥനു-
മുപദ്രവിപ്പതിനെളുതല്ലൊട്ടുമേ
പതിയോടുവേറിട്ടിരിക്കുമുത്തമ-
മതിമുഖി ജീവിച്ചിരുന്നിടാധ്രുവം
ഇതുഭവാനിനിക്കുപദേശം ചെയ്തു-
ള്ളതാണുകൊണ്ടുപോകമാം ദയാനിധെ
ഇനിക്കുജാതകഫലം ഭഗണന്മാർ
വനത്തിൽ വാഴുമിവളെന്നു ചൊന്നാർ.”
ചെറുപ്പത്തിൽത്തന്നെയറിഞ്ഞിരിക്കുന്നു
മരിക്കിലും മതിലിരിക്കിലും പിന്നെ
അരണ്യത്തിൽത്തന്നെ ചരിക്കുന്നെങ്കിലും
മരിക്കിലും രാജ്യം ഭരിക്കിലും തീയ്യിൽ
പതിക്കിലും സുഖം ഭുജിക്കിലും വിഷം
കുടിക്കിലുമൊന്നിച്ചിരുവരുമായി-
ട്ടിരിക്കുന്നെന്നിയേയിരിക്കയില്ലഞാൻ
ജനകജചൊന്ന വചനം കേട്ടുടൻ
ജഗല്പതിരാമൻ മറുത്തു ചൊല്ലിനാൻ:
വനത്തിൽ നീ കൂടെ വരുന്നതുമൊട്ടു-
മനുവാദമല്ലിന്നിനിക്കുജാനകി!
പഴുതേയെന്തിനു പറയുന്നോമലേ!
ഫലമില്ലാത്തൊരുവചനമിങ്ങിനെ
വനത്തിൽ കൊണ്ടുപോമിതെന്നൊരിക്കലും
ജനകജേസീതേ! നിനക്കയും വേണ്ട
വനത്തിൽ ദോഷങ്ങൾ വളരെയുണ്ടെന്നു
പറഞ്ഞതും ദേവി ഗുണമാക്കിച്ചൊന്നാൾ
തണുപ്പുള്ള കാടും പെരിയ ചോലയും
ഗുണമേറും നല്ല നദീജലങ്ങളും
ഇണപിരിയാതോരരയന്നങ്ങളും
മണമേറും പുഷ്പഗണങ്ങളുമെല്ലാം
നിറഞ്ഞിരിക്കുന്നവനത്തിൽ നിന്നോടും
രമിക്കേണമെന്നു മനസ്സിൽ വല്ലഭ!
സുരലോകത്തിൽ ഞാനിരിക്കുന്നെങ്കിലും
സുഖമില്ലനിന്നെപ്പിരിഞ്ഞിരിക്കുമ്പോൾ
മനസ്സിലൊന്നുണ്ടു ഭയം നിനക്കിഹ
മനുകുലവര പറഞ്ഞിടാമതും
വടിവിലെന്നോടും വനേഗമിക്കുമ്പോൾ
അടിച്ചുവൈരികൾ പറിക്കുമെന്നെയെ-
ന്നുറച്ചൊരു ഭാവമകത്തുണ്ടു തവ
സമരഭീരുവായിരിക്കുന്നനിന്നെ
യതിശൂരനെന്നു വൃഥാ പറയുന്നു
ഇതുനിന്നെ പെണ്ണെന്നറിയാതെനിന്റെ
ചിതമാണ്ടാകൃതിപരിചോടുകണ്ടു
പുരുഷനെന്നോർത്തു ജനകനുമെന്നെ
പുരുഷമാനിയാം നിനക്കു നൽകിനാൻ
അതിൻ ഫലമിന്നു ഭവിയ്ക്കയും ചെയ്തു
അറിയാതെ ഞാനുമൊരു പെണ്ണാം നിന്റെ
വരഗളമാല്യമണിഞ്ഞുപോയല്ലോ
ത്യജിച്ചുനീയെന്നെവനത്തിൽ പോയെങ്കിൽ
വിഷം കുടിച്ചു ഞാൻ മരിയ്ക്കയും ചെയ്യും
ഇവളിതിനേതും വഴുതിപോമെന്നി-
ങ്ങവനിനായക! നിനയ്ക്കയും വേണ്ട
പ്രിയതമചൊന്ന വചനം കേട്ടുടൻ
പ്രിയനായരാമൻ പറഞ്ഞാനുത്തരം
ഭയം കൊണ്ടല്ല ഞാൻ പറഞ്ഞു സുന്ദരീ!
പ്രിയം വദേ നന്നായറിഞ്ഞുകൊള്ളുക
ജഗത്തുകളെല്ലാമൊരുമിച്ചുവന്നു
മറുക്കിലും നിന്നെ മതി ഞാൻ പാലിപ്പൻ
പുറപ്പെടുകനി ഝടിതിഭൂഷണം
കൊടുത്തു ബ്രാഹ്മണർക്കതിമുദിതയായ്
ഇതിത്തരം കേട്ടോരളവു ലക്ഷ്മണൻ
ഉരത്താനിങ്ങിനെ രഘുവരനോടും
ജനകജയോടും പറഞ്ഞു ദീനനായ്
അടിയനും കൂടി വിടകൊള്ളുമിപ്പോൾ
മടിയാതെയെന്നു പറഞ്ഞുകേട്ടപ്പോൾ
വിലക്കിനാൻ പലതരത്തിലും രാമൻ
ഇളക്കമുണ്ടായീലവനുമെന്നപ്പോൾ
അനന്തരമേവം പറഞ്ഞുരാഘവൻ
ജനനികൌസല്യാപദശുശ്രൂഷയു-
മനുദിനം ചെയ്തങ്ങിരിക്ക ലക്ഷ്മണ!
ഇനിയ്ക്കുവേണ്ടിയങ്ങിരിയ്ക്ക സാദരം
മനുവരനേവം പറഞ്ഞുകേട്ടപ്പോ-
ളനുനയത്തോടുമനുജഞ്ചൊല്ലിനാൻ
ജനനിയ്ക്കെന്തൊരു കുറവിതിലുള്ളു
മനുവരനാം കോസലപതിയും സ്ത്രീ-
ധനമായിട്ടോരായിരം ഗ്രാമങ്ങളെ
കൊടുത്തിട്ടുണ്ടല്ലോ സുഖിച്ചിരിപ്പാനായ്
അടിയന്തെനിങ്ങിരിയ്ക്കുന്നുതെന്നൂ
വടിവൊടു പദം പണിഞ്ഞുചൊന്നപ്പോൾ
അനന്തരം കൂടിവരുവാൻ സമ്മതി-
ച്ചനുജനോടേവം പറഞ്ഞുരാഘവൻ
മഹായാഗത്തിങ്കൽ ജനകനുപണ്ടു
മഹാത്മാവായുള്ള വരുണദേവനും
മഹിതങ്ങളായ ധനുസ്സുകൾ രണ്ടും
അഹിതഭേദ്യമാം കവചങ്ങൾ രണ്ടും
വിഹിതസായകമൊടുങ്ങാതതൂണി
അഹിമരശ്മിപോൽ വിമലങ്ങളായോ-
രഹിതഘോരമാം മഹാസികൾ രണ്ടും
മഹിറ്റമാനസാ കൊടുത്തതും പിന്നെ
നമുക്കുതന്നല്ലോ ജനകനുമതു
സുയജ്ഞന്റെ ഗൃഹമതിലല്ലോ നിത്യം
നയജ്ഞവെച്ചതും പുരാനിക്ഷേപമായ്
ജനകയാഗത്തിൽ വരുണന്തന്നുള്ള
ധനുസ്സുകൾ രണ്ടും കവചങ്ങൾ രണ്ടും
ശരമൊടുങ്ങാതശരധിയുമമ്പും
രണത്തിങ്കൽ നന്നായ്തപിപ്പിക്കും ബാല!
രവിപ്രഭമായോരസിദ്വയത്തെയും
ദൃഢമതിയായ സുയജ്ഞങ്കൽനിന്നു
ഝടിതിമേടിച്ചുവരികസുന്ദര!
ഇതുകേട്ടുതമ്പിതൊഴുതുപോയപ്പോൾ
സുയജ്ഞങ്കൽനിന്നു ഗ്രഹിച്ചുകൊണ്ടന്നു
നയജ്ഞന്റെ കയ്യിൽ കൊടുത്തു ലക്ഷ്മണൻ
അതിനേയും മേടിച്ചനുജനോടേവം
മനുകുലവരൻ പറഞ്ഞാനിങ്ങിനെ
ഇനിയ്ക്കുള്ള ധനമിതൊക്കെയുമിപ്പോൾ
കൊടുക്കേണം നല്ല ദ്വിജവരന്മാർക്കു
അതിനുചെന്നു നീ വരുത്തുക വേണം
ഗുരുസുതനായ സുയജ്ഞനെയെന്ന-
ങ്ങുരത്തുടന്തന്നെ സുയജ്ഞനെച്ചെന്നു
വരുത്തിനാൻ രാമസമീപത്തിലവൻ
കൊടുത്തിതുരാമനന്തരം മുനി
തനിയ്ക്കു വിത്താദി വിഭൂഷണങ്ങളും
അതുപോലെതന്നെമതിനേരാനനാ
സുയജ്ഞഭാര്യയ്ക്കുമവധികൂടാതെ
കൊടുത്താൾ ഭൂഷണവസനാദികളും
ദശരഥനൃപതനൂജൻ പിന്നെയും
ദശശതമദകരിവരത്തൊടും
സ്വകീയപര്യങ്കം പെരിയമെത്തകൾ
തനിയ്ക്കുമാതുലൻ കൊടുത്തോരാനയും
ഇതൊക്കയും കൂടി സുയജ്ഞനായിട്ടു
കൊടുത്തുസമ്പൂർണ്ണരസത്തോടും കൂടി
സമസ്തദിക്കിലുമ്മതിന്റെപേരതി
പ്രശസ്തമാം ശത്രുഞ്ജയമെന്നിങ്ങിനെ
സുയജ്ഞനുമതിമുദിതനായുടൻ
നയജ്ഞനാം രാമനനുഗ്രഹം ചെയ്തു
വസിഷ്ഠപുത്രനാം സുയജ്ഞനും തദാ
വരിഷ്ഠമാം നിജ ഭവനം പൂകിനാൻ
സുമിത്രാസൂനുവും കൊടുത്തു ജ്യേഷ്ഠന്റെ
അനുവാദത്തോടും ദ്വിജവരന്മാർക്കും
അഗസ്ത്യകൌശികാദികളെല്ലാവർക്കും
ഗൃഹങ്ങളല്ലാതെ സ്വകീയങ്ങളായ
ധനങ്ങളൊക്കെയും കൊടുത്തൊരുനേരം
ദരിദ്രനായഥബഹുപുത്രരായി
ദയിതതന്നുടെയൊരു നിർബ്ബന്ധത്താൽ
ത്രിജടനെന്നൊരുമുനിവരൻ വന്നു
കടന്നഞ്ചാം കെട്ടിലിരുന്നു രാമനെ
വരിച്ചാനർത്ഥങ്ങൾ ദരിദ്രനാകയാൽ
ചിരിച്ചുടൻ പരിഹസിച്ചു രാമനും
വചിച്ചാനിങ്ങിനെ കളിച്ചവനോടു
ഭവാന്തനിയ്ക്കുള്ള വടികൊണ്ടെന്നുടെ
പശുക്കൂട്ടങ്ങളിൽ ബലാലെറിഞ്ഞാലും
അതിലകപ്പെട്ട പശുക്കളൊക്കയും
തരുവനെന്നാശുപറഞ്ഞുകേട്ടപ്പോൾ
സരഭസം മുനി മുഴുവൻ കുന്താലി
ധരണിയിൽ വെച്ചുമുഷിഞ്ഞൊരുശീല
അരയിൽകെട്ടിയങ്ങതിബലത്തോടെ
വടിയെറിഞ്ഞപ്പോൾ സരയൂനക്കരെ
കടന്നുവീണിതു തപോബലംകൊണ്ടു
അനേകമായിരം പശുക്കളുമതി-
ലകപ്പെടുകകൊണ്ടതിമുദിതനായ്
ത്രിജടമാമുനിവരനെരാമനും
നിജകരങ്ങളാൽ തഴുകിച്ചൊല്ലിനാൻ
മുനിവരനിന്റെ തപോബലം കാണ്മാൻ
പറഞ്ഞതല്ലാതെ പരിഹാസമായി
പറഞ്ഞതല്ല ഞാൻ ത്രിജടമാമുനേ!
അതിന്നുകോപിച്ചീടരുതിഹഭവാൻ
മതിമോദമെന്നുള്ളിലുളവായീടണം
അഭിലഷിതം ഞാൻ തരുന്നതുമുണ്ടെ-
ന്നുരത്തൂരാഘവൻ കൊടുത്താനൊക്കെയും
പശുക്കളും കൊണ്ടു പെരുത്തമോദത്താൽ
മുനിപ്രവീരനും ഗൃഹത്തിങ്കൽ പോയി
അടുത്തുനിൽക്കുന്ന ജനങ്ങൾക്കൊക്കഅയും
കൊടുത്തു രാഘവൻ ബഹുദ്രവ്യങ്ങളെ
ഝടിതിതാതനോടറിയിച്ചുകൊൾവാൻ
നടന്നുയാത്രയും പുറപ്പെട്ടാരവർ
ഉടനെ ഭൃത്യന്മാരിരുവരായുധ-
മെടുത്തവർ പിമ്പേ നടന്നാർ കൂടവെ
ജനകപുത്രിയുമനുജനുമായി
ജനങ്ങളൊക്കെയും കരഞ്ഞിരിയ്ക്കവെ
ജലജലോചനൻ പുറപ്പെടുന്നേരം
ജനങ്ങളൊക്കയും മൃതപ്രായരായി
പറയുന്നവാക്കും മുറയും ചൊല്ലാമോ
ഒരുത്തർക്കും കാണ്മാൻ പണിയായ സീതാ
ഹരഹരയിതാനടന്നുപോകുന്നു
ഒരിയ്ക്കലും കാലാൽ നടന്നിട്ടില്ലാത
നരവരനിതാ നടന്നുപോകുന്നു
അനുജനായുള്ള സുമിത്രാസൂനുവു-
മനുഗമിയ്ക്കുന്നു ശിവശിവ കഷ്ടം!
പരമദുഷ്ടൻ തൻ വചനം കേൾക്കയാൽ
നരപതിക്കേതും തിരിയാതേപോയൊ
അതികാമിയായി വലഞ്ഞുപോയെന്നും
മതിയും കെട്ടിതോ ദശരഥനെന്നും
വയസ്സുചെന്നിട്ടുമിവളിലുള്ളൊരു
മനസ്സുവിട്ടില്ല ശിവശിവയെന്നും
ഗുണഗണമുള്ളസുതനെയിങ്ങിനെ
വനേഗമിപ്പാനും പറയുന്നിതിവൻ
അതിക്രൂരൻ രാജാദശരഥനെന്നും
മതിക്കുനേരില്ലെന്നതിൽ ചിലർ പിന്നെ
പരമദുഷ്ടയായവളിൽ പ്രേമത്താൽ
പരമദുഷ്ടനായ് ദശരഥനെന്നും
പരമസുന്ദരൻ സുകുമാരൻ രാമൻ
തിരുമുഖം കണ്ടാൽ പൊറുക്കുന്നില്ലേതും
ഒരുനാളും ബത സഹിച്ചുകൂടാത്ത
ദുരിതം കാണ്മാനും തരം വരുന്നെന്നും
ഒരുപോലെനാമിങ്ങൊരുമിച്ചുകൂടി
നരപതിയോടു പറയണമെന്നും
ഭരതൻ പാലിക്കിലിതിലാരും നമ്മ-
ളിരിക്കരുതെന്നങ്ങുറക്കേണമെന്നും
വരഗുണൻ രാമനെഴുന്നള്ളുന്നേര-
മൊരുമിച്ചുകൂടിചരിക്കനാമെന്നും
നരപതിരാമൻ വനേ ഗമിക്കുമ്പോൾ
പുരത്തിലെന്തിനിങ്ങിരിക്കുന്നതെന്നും
ഇരിക്കുന്നാകിലോ ശിവശിവ പാർത്താൽ
മരിക്കനല്ലതു നമുക്കെല്ലാമെന്നും
പരമപൂരുഷൻ പിരിയുന്നനേരം
പുരത്തിലാരാനുമിരിക്കുമോയെന്നും
പരിതാപം പൂണ്ടു പുരവാസികളും
പരദേശികളും പറയുന്നിങ്ങിനെ-
കരഞ്ഞുകൂട്ടമായ ഗതികളായി-
ട്ടിരുപുറം തിങ്ങി നിറഞ്ഞിരിക്കവേ-
പരദേശിപോലെ തെരുവീഥി തന്നിൽ
പരമപൂരുഷൻ നടന്നുചെന്നഥ
ഗൃഹദ്വാരത്തിങ്കലെഴുന്നള്ളിനിന്നു
മതിമാൻ സൂതനെയയച്ചറിയിച്ചു
സുഹൃത്തുക്കളോടുമയപ്പിച്ചുകൊണ്ടു
സുവൃത്തനാം നിന്നെ തൊഴുതയപ്പിപ്പാൻ
ജനകജയോടുമനുജന്തന്നോടും
മനുവരൻ വന്നു പുറത്തുനിൽക്കുന്നു
ഇതിങ്ങിനെ സൂതൻ പറഞ്ഞുകേട്ടി
ട്ടതിവിഷണ്ഡനായ്പറഞ്ഞു ഭൂപതി
അരക്ഷണം കൊണ്ടു സുമന്ത്രരേ ചെന്നു
വരുത്തേണമെന്റെ മഹർഷിമാരെ നീ
ഉരത്തതു കേട്ടു സുമന്ത്രരും വേഗം
വരുത്തിനാൻ ചെന്നങ്ങവരെയൊക്കെയും
ഉടൻ രഘുവരനെയും വരുത്തുവാ-
നരുൾ ചെയ്തു കേട്ടു വരുത്തി സൂതനും
അണഞ്ഞുഭൂപതി നികടമന്നേരം
വണങ്ങി മൂവരും തൊഴുതു നിന്നപ്പോൾ
അതിദൂരത്തൂന്നു രഘുപതിതന്നെ
യതിവിനീതനായ് തൊഴുതതു കണ്ടു
എഴുന്നേറ്റു മെല്ലെ ദശരഥനൃപ-
നെഴുന്നശോകേന പിടിച്ചണപ്പാനായ്-
നടന്നുചെല്ലുമ്പോൾ പതിച്ച ഭൂമിയിൽ
ഉടനെ പുത്രന്മാരിരുവരും കൂടി
പിടിച്ചുമെല്ലവേയെടുത്തിരുത്തിനാർ-
തളിച്ചുവെള്ളവും തിരുമുഖത്തഥ
തെളിഞ്ഞു മോഹവും പറഞ്ഞു രാഘവൻ
അടിയനുമെന്റെയനുജനുമായി
അടവിക്കായിഹ വിടകൊള്ളുന്നിപ്പോൾ
അനുഗമിക്കുന്നു ജനകപുത്രിയു-
മനുവദിക്കേണം നയജലാംബുധേ!
അതുകേട്ടു ദശരഥനൃപൻ ചൊന്നാൻ
മനുകുലവര! മകനേ! രാഘവ!
മദനസുന്ദര! സുകുമാര! വീര!
പരമദുഷ്ടയ്ക്കങ്ങൊരുകാരണത്താൽ
അറിയാതെ രണ്ടു വരം കൊടുത്തുപോയ്
അധീനനായിഞാവൾക്കതുകൊണ്ടു
സ്വധീയും കേട്ടുപോയുഴലുന്നേനിപ്പോൾ
ഭവാനിനിയെന്നെക്കൊലചെയ്തുരാജ്യം
ഭരിക്കദുഷ്ടയ്ക്കു കൊടുക്കാതെ രാമ!
പറഞ്ഞുരാമനും പതിന്നാലാണ്ടു ഞാൻ
വനവാസം ചെയ്തു വരുന്നതുണ്ടിഹ
പണിയുന്നുണ്ടു ഞാൻ പദതളിരിങ്കൽ
പഴുതേയെന്തിനു പരിതപിയ്ക്കുന്നു?
അസത്യവാദിയെന്നൊരിക്കലും നിന്നെ
വരുത്തുന്നില്ല ഞാൻ വസുന്ധരാപതേ!
വനത്തിങ്കൽ ചെന്നു വസിക്ക കൊണ്ടേതും
ഇനിക്കുഖേദമില്ലിതത്തിൽ പോകുന്നേൻ
അനുഗ്രഹിച്ചുടനയക്കയും വേണം
മനുപ്രവീര! നീ മനസ്താപം വിനാ
ഇതിത്തരം ചൊല്ലിയിരിക്കും രാമനോ-
ടുരത്തു ഭൂപതി പെരുത്ത ദുഃഖത്താൽ
ഇരിക്കയെന്നുടെ ഗൃഹത്തിലിന്നു നീ
ഇനിക്കൊരാശ്വാസം വരുത്തുവാൻ രാമ!
സുഖിച്ചിരുന്നാലും ദിനമൊന്നെങ്കിലു-
മിനിക്കൊരു സുഖം വരട്ടെ രാഘവ!
ഇതിത്തരം ചൊന്ന നൃപതി തന്നോടു
മറുത്തൊരുത്തരം വദിച്ചു രാഘവൻ
എനിക്കു നാളെയീ സുഖം വനത്തിങ്കൽ
മനസ്സോടേ കൊണ്ടുത്തരുവാനാരുള്ളു
ഇനിയതൊന്നുമിങ്ങരുളിച്ചെയ്യേണ്ടാ
വനം തന്നിലിതാഗമിക്കുന്നു ഞങ്ങൾ
തിരുമനസ്സുകൊണ്ടരുളുന്നതിനി-
ങ്ങൊരു കണം പോലും പരിതാപമില്ല-
ഭരതനു രാജ്യം കൊടുത്തു നന്നായി
ഭരിപ്പിച്ചീടുക പെരുകിനരാജ്യം-
വിനയമേറുന്ന സുമന്ത്രരും തദാ
മനം കലങ്ങിപ്പോയ്ക്കുപിതനായേറ്റം
കുടുകുടെ പല്ലും കടിച്ചു സൂതനും
പിടിച്ചു കൈകളെ ഞെരിച്ചു തന്നുടെ
തുടിച്ചധരവും ചുവന്നു കണ്ണുകൾ
കുടലമാനസമുടയകേകയാ-
സുതയോടന്നേരം കടുകടെച്ചൊന്നാൻ
പതിഘ്നി! ദുർമ്മതേ! കുലഘ്നി! കൈകേയി!
കുലത്തിനുതക്ക മൊഴിയല്ലോനിന്റെ
ചരിത്രമൊക്കയും ധരിച്ചു കൈകേയി!
നിനക്കുള്ളമ്മയും പിതാവുമായ് ശയ്യാ-
ഗൃഹത്തിൽ കട്ടുമ്മേൽ കിടക്കുന്ന നേരം
വചിച്ചിതിങ്ങനെയൊരു പിപീലികാ
ചിരിച്ചു കേകയ നൃപനതു കേട്ടു-
കുപിതയായുടൻ തവജനനിയും
നൃപതിയോടേവം പറഞ്ഞു കൈകേയി-
പരിഹാസം ചെയ്തു ഭവാനെന്നെകൊണ്ടു
ചിരിച്ചിതെന്നവൾ വചിച്ചപ്പോൾ നിന്റെ
ജനകനോതിനാൻ ജനനിയോടേവം
പരിഹസിക്കയില്ലിതിഹനിന്നെഞാൻ
പിപീലികയൊന്നുപറഞ്ഞതുകേട്ടു
ചിരിച്ചെന്നതു ധരിച്ചുകൊണ്ടാലും
വരബലം കൊണ്ടിങ്ങഖിലജന്തുക്കൾ
പറയുന്നമൊഴിയറിഞ്ഞിടാമെന്നു
പറഞ്ഞുകേട്ടപ്പോൾ തവജനനിയും
പറഞ്ഞുകേകയ നൃപതി തന്നോടു
ഇറുമ്പുകളെന്തു പറഞ്ഞു മന്നവ!
പറയേണമിനിക്കറിവാനായെന്നു
പറഞ്ഞതു കേട്ടു പറഞ്ഞു ഭൂപതി
പറെകയില്ല ഞാനറിക വല്ലഭേ!
പറഞ്ഞതാകിലോ ഗുരുശാപം കൊണ്ടു
മരിച്ചുപോകും ഞാനറികയെന്നവൻ
പറഞ്ഞിട്ടുമവൾ പിശകാം വണ്ണം
പറഞ്ഞു ഭർത്താവോടതിഘോരമായി
മരിക്കിലും ഭവാനിരിക്കിലും തന്നെ
ഇനിക്കിപ്പോളിതുപറയേണമെന്നാൾ
നരപതിതദാവരനായുള്ള
ഗുരുസമീപത്തിൽത്തെരുന്നനെച്ചെന്നു
തരുണിമാരോടു പറയാമോയെന്നു
നരപതി കേട്ടു വരദൻ ചൊല്ലിനാൻ
പരമദുഷ്ടയെ കളകയല്ലാതെ
പറയരുതെന്നു ഗുരുവരുൾ ചെയ്തു
പുരമതിൽ‌വന്നുനരപതിപിന്നെ
കുടിലയാം നിന്റെ ജനനിയെയപ്പോൾ
അടിച്ചുദൂരവെ കളഞ്ഞു ഭൂപതി
ഇതരകളോടു കുബേരനെപ്പോലെ
രമിച്ചിരുന്നതു തവ പിതാവു താൻ
അവണ്ണം ദുഷ്ടയായിരിക്കുന്നോരവൾ
വയറ്റിലല്ലയോ ജനിച്ചിതു നീയും
ജനകനെപ്പോലെ തനയനുണ്ടാകും
ജനനിയെപ്പോലെ തനൂജയുമെന്നു
ജഗത്തിലെല്ലാടം പ്രസിദ്ധമായതും
അസത്യമാകുമോ കുലഘ്നിദുർമ്മതേ!
അസതിയാം നിന്നെ സതിയെന്നു ഭൂപൻ
അനുസരിച്ചതിൻ ഫലം വന്നു നൂനം
പതിവ്രതയായാൽ വിപരീതമെന്യേ
പതിചൊല്ലാൽ തന്നെയിരിക്കേണമവൾ
അതിക്രൂരയായിട്ടിരിക്കുന്ന നിന്നെ
ധരിത്രിയെങ്ങിനെ ധരിച്ചിരിയ്ക്കുന്നു
സുതന്മാരുണ്ടാകും പെരികയെന്നാലും
പതിയുണ്ടാകയില്ലറിക കൈകേയി!
വളർന്ന മാവിനെ കളഞ്ഞുവേപ്പിനെ
വളർത്തിയാൽ പാലാൽ നനച്ചു നിത്യവും
മധുരമുണ്ടാമോ മതിമതിയെന്നും
ധരിത്രിയൊക്കെയും പുലർത്തേണ്ടുന്നവൻ
വനത്തിൽ പോകേണം ശിവ ശിവ കഷ്ടം!
 ഗുരുശാപങ്ങളും പതിശാപം ധരാ-
സുരന്മാർ ശാപവും വരുത്തിക്കൊള്ളാതെ
വചനവജ്രംകൊണ്ടവളുടെ മർമ്മം
മതിമാൻ സൂതനും മുറിച്ചിട്ടുമേതും
കനിവുകൂടാതെ വദനം കണ്ടപ്പോൾ
അനുനയത്തോടു പറഞ്ഞുനന്നായി
തൊഴുതുപിന്നെയും പലതരം സൂത-
നൊഴുകും കണ്ണുനീരൊടുമിരന്നീട്ടും
അതിലുമൊന്നുമേ ഫലം വരാഞ്ഞപ്പോൾ
അതികുപിതനായ്പറഞ്ഞു ഭൂപതി
രഥഗജവരതുരഗപത്തികൾ
അതിശൂരന്മാരാം പടയാളികളും
നടനാടശാലനഗരവാസികൾ
പടനായകന്മാർ പെരിയ മന്ത്രികൾ
വിഷയവാസികൾ സകലരുമെന്റെ
തനയനോടിന്നു പുറപ്പെട്ടീടുക
മണികൾ മുത്തുകൾ സുവർണ്ണങ്ങൾ നല്ല
പണികളേറുന്ന വിഭൂഷണങ്ങളും
ഇനിയുമന്യമായിരിക്കും വസ്തുക്കൾ
സകലവും കൊണ്ടു ബഹുലമായിട്ടി-
ന്നനുഗമിയ്ക്കണം ധനാധ്യക്ഷന്മാരും
അഖിലവസ്തുവുമൊഴിച്ചുപോകണം
അഖിലരുമെന്നു പറഞ്ഞതുകേട്ടു
വിഷണ്ഡയായുടൻ നൃപതി തന്നോടു
പറഞ്ഞുകേകയതനൂജയും തദാ
ഗതസത്വമായ നഗരത്തെക്കൊണ്ടു
ഫലമെന്തുള്ളതു ഭരതനു ചൊൽക
മുഴുത്തോരു പാടയെടുത്ത പാലിന്നു
പഴുതേയെന്തിനുതരുവാൻ ചൊല്ലുന്നു
അസത്യവാദിയായിരിക്കഭൂപതെ
എനിക്കുവേണ്ടീലധരിത്രിയെന്നവൾ
പറഞ്ഞപ്പോൾ നൃപൻ കുപിതനായേവം
പറഞ്ഞു പിന്നെയും പലവചനങ്ങൾ
ക്ഷതക്ഷാരം പോലെ പറയുന്നെന്തിനു
പരിദ്വേഷം നിനക്കവങ്കലെന്തയ്യോ!
പറകയെന്നപ്പോളവളൊരെള്ളോളം
പൊറുമകൂടാതെ പറഞ്ഞാളിങ്ങിനെ!
അറിഞ്ഞില്ലേ പണ്ടു സഗരനെന്നവൻ
കളഞ്ഞുതന്മകനസമഞ്ജന്തന്നെ
അവണ്ണം തന്നെയിന്നിവനേയും വേഗം
അയയ്ക്ക മന്നവ! ദുരുക്തി ചൊല്ലാതെ
അനതരം സിദ്ധാർത്ഥനെന്നൊരുമന്ത്രി
പറഞ്ഞുകോപേന നിറഞ്ഞ ചിത്തനായ്
മഹിതകേകയകുലവിനാശിനീ!!
മതിമതിനിന്റെ വചനം ദുർമ്മതെ!
പതിയ്ക്കുനിന്നോടുപ്രണയമുണ്ടെന്നി-
ട്ടിതു പറയുന്നിതതികഠിനമായ്
അസമഞ്ഞൻ പണ്ടു പുരവാസീകടെ
തനൂജന്മാരെയിസ്സരയൂവെള്ളത്തി-
ലെറിഞ്ഞുകൊല്ലുക നിമിത്തമായ് രാജാ
പരിച്ഛദത്തോടുമവൻ ഭാര്യയോടും
ഒരുയാനത്തിന്മേൽ ബഹുധനത്തോടും
കരയേറ്റിപ്പിന്നെക്കളകചെയ്തതും
അവനെപ്പോലവെവനത്തിലാക്കുവാൻ
ഇവനിപ്പോളെന്തു പിഴച്ചതു ചൊൽക.
ജഗല്പ്രവീരനായ രഘുപ്രവീരനാ-
ലവപ്രഥയെന്തൊന്നിവിടെവന്നതെ-
ന്നുരത്തകേട്ടു പറഞ്ഞു രാഘവൻ
പരിച്ഛദങ്ങളാൽ ഫലമെന്തുള്ളതു
ത്യജിച്ചു സർവ്വവും വനത്തിൽ പോവാനാ-
യിരിയ്ക്കുന്നോരിനിയ്ക്കിതെന്തിനുവൃഥാ
കരിവരത്തിനെ വിലയാക്കിവിറ്റാൽ
കയറ്റിനെന്തിനുപിശകുന്നു ഭൂപ!
നിജരാജ്യംവിട്ടുവനേഗമിയ്ക്കുമ്പോൾ
ഇനിയ്ക്കു ധാന്യവും ധനവുമെന്തിനു?
പെരിയകുന്താലിമരവിരികളും
തരികിൽ കൊള്ളാമെന്നുരത്തോരുനേരം
അകത്തുകേകയതനൂജ ചെന്നുടൻ
എടുത്തുനല്ലൊരുമരവിരികളെ
കൊടുത്തുകൊണ്ടന്നുപലരും നിൽക്കവേ
ഉരത്തുരാഘവൻ തൊഴുതുമേടിച്ചു
ത്യജിച്ച പട്ടുകൾ സഭ നടുവീന്നു
അമിത്രഹന്താവാംസുമിത്രസൂനുവാ-
മടുത്തനുജനു കൊടുത്തു ചീരവും
എടുത്തുപിന്നെയുമൊരുമരവിരി
കൊടുത്തുസീതക്കായുടനെകൈകേയി
ഉടുക്കപോകാതെവിലജ്ജിതയായി
ചുടചുടക്കണ്ണീരൊഴുകിയുംകൊണ്ടു
പടുവാം രാമന്റെ മുഖത്തുനോക്കിനാൾ
വലയിൽ വീണമാൻ വലയുന്നപോലെ
അതുകണ്ടുനിന്ന ജനങ്ങളമ്മമാർ
വിധിയല്ലെന്നവർവിലക്കിച്ചീരവും
സതിയായുള്ളോരു ജനകജതന്റെ
പതിയാം രാമനുമടുത്തുവന്നപ്പോൾ
മരവിരിതന്റെ കരം കൊണ്ടു വാങ്ങി
തരുണിമാർ മണിയുടുത്തതിന്മീതെ
ധരിപ്പിച്ചു രാമൻ സഭനടുവിന്ന-
ങ്ങരുതരുതെന്നുപറഞ്ഞുകൊണ്ടുടൻ
നരനാരീജനം കുമാരവൃദ്ധന്മാർ
ധരാസുരന്മാരും ധരാപതികളും
കരഞ്ഞിതുസഭാനിറഞ്ഞലോകരും
നിറഞ്ഞശോകമാം ജലധിയിൽ വീണു
ഗുരുവസിഷ്ഠനുമരുൾ ചെയ്തു തദാ
ഉചിതമല്ലിതുനിണക്കുകൈകേയി!
കുലവിനാശിനി! യടങ്ങു ദുർമ്മതേ!
ഭരതനുമിഹദശരഥനത്രെ
പിറന്നതെങ്കിലോ ശ്രവിയ്ക്കയില്ലിതു
ഝടിതിരാഘവനൊടും വനത്തിങ്കൽ
നടകൊള്ളും ഞങ്ങളഖിലരും കൂടി
പരമദുഷ്ടേ നിൻ ചരിതമൊക്കഅയും
ഭരതൻ കേൾക്കുമ്പോൾ പൊറുക്കയില്ലേതും
പുരിയിതിലവനിരിക്കയുമില്ല
പെരുകിയരാജ്യം ഭരിയ്ക്കയുമില്ല
പെരുകിയമോഹം പഴുതെയായിടും
മരവിരി സീതാ ധരിപ്പാനേതുമേ
നിരൂപിച്ചുകണ്ടാലവകാശമില്ല
ജനകജകൂടേഗമിക്കുന്നെങ്കിലും
ജനകനന്ദനയ്ക്കുചിതമല്ലിതു
മണിഭൂഷണങ്ങൾ ദുകൂലസഞ്ചയ-
മണികയല്ലാതെയവകാശമില്ല
അതുകേട്ടുഭൂപനതികുപിതനായ്
അധികമാക്ഷേപിച്ചുരത്തുപിന്നെയും
പരമദുഷ്ടേനിൻ മനസ്സിലിന്നിയും
കരുണയില്ലയോ തരുണിചൊല്ലുക
എരുതുഭാരങ്ങൾ ചുമന്നിട്ടും പിന്നെ
കരുണകൂടാതെയടിയ്ക്കുന്നെന്തിനു?
ഗുരുക്കളും രാജപുരുഷന്മാർനല്ല
സുരാസുരന്മാരും പറഞ്ഞ വാക്കിനെ
പരിചിൽ കേട്ടാലും പരമസുന്ദരീ
ഭരതനുരാജ്യം കൊടുക്കുന്നുണ്ടു ഞാൻ
പരമസുന്ദരൻ വരഗുണൻ രാമൻ
പുരിതന്നിൽ നന്നായിരുന്നുകൊള്ളട്ടെ
കളയാതേകാട്ടിൽ കളമൊഴിയാളെ
ഇതിത്തരം പലതരത്തിലും ഭൂപൻ
വചിച്ചിട്ടുമൊരു കനിവുണ്ടായീല
നരപതിതന്റെ ചരണപങ്കജം
പരിചിൽ വന്ദിച്ചു പറഞ്ഞുരാഘവൻ
ദിനകരകുലമഹിതരത്നമേ!
ജനനികൌസല്യാസുതവിരഹത്താൽ
മനം കലങ്ങിപ്പോയ് മരിച്ചുപോകാതെ
അനുസരിയ്ക്കേണം കരുണാവാരിധേ!
വിശേഷിച്ചുമിൻപ്പതിന്നാലാണ്ടേയ്ക്കും
വിശയം കൂടാതെ ഭരിച്ചുകൊള്ളണം
നിനക്കൊരപ്രിയം വചിച്ചവളല്ല
നിനക്കൊരുദോഷം നിനപ്പവളല്ല
ഗുണങ്ങളും നല്ല വയസ്സുമുണ്ടെല്ലോ
ഗുണനിധേനന്നായനുസരിയ്ക്കേണം
ഭരതെവേഗമഭിഷേകം ചെയ്തു
നരവര! രാജ്യം ഭരിപ്പിച്ചീടുക
ഇരിയ്ക്കയില്ലെന്നുറച്ചുസൂതനെ-
വിളിച്ചുഭൂപതിവചിച്ചാനിങ്ങിനെ-
വരുത്തുകരഥം ത്വരിച്ചുസൂതയെ-
ന്നുരത്തതുകേട്ടുവരുത്തിനാൻ തേരും
ധനാധ്യക്ഷന്മാരിൽ പ്രധാനൻ തന്നോടു
ധരാപതി ചൊന്നാൻ കരഞ്ഞുകൊണ്ടേവം
പതിനാലുസംവത്സരത്തിനുകൂടി
സതിയായസീതെക്കുടുപ്പാൻ പട്ടുകൾ
ധരിപ്പാൻ വേണ്ടുന്നവരാഭരണങ്ങൾ
കൊടുക്കയെന്നപ്പോൾ നടന്നുചെന്നവ-
നെടുത്തുകൊണ്ടന്നുകൊടുത്തു സാദരം
നരപതിതന്നെത്തൊഴുതുമേടിച്ചു
ധരിച്ചുജാനകിനിറന്നിതേറ്റവും
ജനങ്ങളൊക്കെയും നിറഞ്ഞുനിൽക്കവേ
ജനകപുത്രിയെ വിളിച്ചു കൌസല്യാ
അണച്ചുസാദരം മണത്തുമൂർദ്ധാവിൽ
തണുത്തുമെല്ലവേവദിച്ചുഖിന്നയായ്
മകനുരാജ്യവുമ്പ്രഭുത്വവുമില്ല
വിപിനേ പോവാനും തരവും വന്നിതു
അതുകൊണ്ടുനിന്റെ മതിയിലേതുമെ
അവമാനം തോന്നാതിരിയ്ക്കയും വേണം
പതിവ്രതമാർക്കു പതിയായുള്ളവൻ
പതിതനാകിലും കുപിതനാകിലും
അതിക്രൂരനായിട്ടിരിയ്ക്കിലും പിന്നെ
മതിയ്ക്കുനേരില്ലാതിരിയ്ക്കുന്നെങ്കിലും
ദരിദ്രനാകിലും ധനികനാകിലും
ദുരുക്തിചൊല്ലുന്ന മനുഷ്യനെങ്കിലും
കുശീലനാകിലും സുശീലനാകിലും
പിടിച്ചുവ്യാധികൾ കിടക്കിലും സദാ
അടുത്തുകോപിച്ചു കടുത്തു ചൊൽകിലും
മുടിച്ചശേഷവും നടക്കിലുമവൻ
സതികളായുള്ള തരുണിമാരെങ്കിൽ
പരദൈവമെന്നു നിരൂപിച്ചീടണം
ധനഭൂഷണാദികൊടുത്തുലാളിച്ചും
അനേകസൌഖ്യങ്ങളനുഭവിപ്പിച്ചും
ഇരിയ്ക്കുന്നപതിയ്ക്കൊരിക്കലാപത്തു
ഭവിയ്ക്കുമ്പോൾ നിന്ദ പെരുത്തുപോയീടും
പലപ്പൊഴും പ്രിയം പറയുന്ന ഭർത്താ-
വൊരിയ്ക്കലപ്രിയം പറഞ്ഞാനെങ്കിലോ
അവനോടുള്ളൊരു മനസ്സുവിട്ടുപോം
അവണ്ണമല്ലയോ തരുണിമാർമനം
അയുക്തമായതു ധരിച്ചുകൊണ്ടാലും
അതങ്ങൊരിയ്ക്കലും വരാതെ ജാനകീ!
അനുകൂലയായിട്ടിരിയ്ക്കയും വേണം
സകലവസ്തുവും സകലവിത്തവും
സകലധർമ്മവും സകലകർമ്മവും
സകലബന്ധുവും സകലജീവനും
പതിവ്രതമാർക്കു പതിതന്നേയല്ലോ
ഇതിത്തരം കേട്ടു തൊഴുതു ജാനകി
പതുക്കെചൊല്ലിനാൾ മധുരമാം വണ്ണം
വചിച്ചതൊക്കെയും മനസ്സുകൊണ്ടുഞാൻ
ധരിച്ചുനന്നായിട്ടിളക്കവും വരാ
വിതന്ത്രിയാം വീണാവിചക്രമാം തേരും
വിധവയും മൂന്നും സമമെന്നു ചൊല്ലും
പതിയല്ലോ ദൈവം പതിയല്ലോ ഗതി
പതിയല്ലോ മറ്റു സകലബന്ധുവും
ഇതുനന്നായി ഞാനറിഞ്ഞിരിക്കുന്നു
ഇതിനൊരുശങ്ക നിരൂപിച്ചീടാതെ
അതുപൊഴുതലദ്ദശരഥസുതൻ
അതിവിനീതനായ്ജനനിമാർപദം
തൊഴുതുയാത്രയുമറിയിച്ചുപിന്നെ
ത്രിശതസംഖ്യയുമൊരമ്പതുമുള്ള
ജനനിമാരെയുമഭിവാദ്യം ചെയ്തു
ജനനിമാരോടുപറഞ്ഞുരാഘവൻ
അറിഞ്ഞറിയാതെ പിഴച്ചതുണ്ടെങ്കിൽ
പൊറുത്തുകൊള്ളേണം ജനനിമാർ നിങ്ങൾ
അരണ്യത്തില്പോയിവരുന്നുഞാനെന്നു
പറഞ്ഞതുകേട്ടുകരഞ്ഞെല്ലാവരും
ധരണിയിൽ വീണങ്ങുരുണ്ടിതമ്മമാർ
സുദതിയായുള്ള സുമിത്രയെച്ചെന്നു
സുതനാം ലക്ഷ്മണൻ തൊഴുതുനിന്നപ്പോൾ
ചുരുക്കത്തിൽ ചില ഹിതോപദേശങ്ങൾ
ഉരത്തുസുന്ദരീസുമിത്രസാദരം
പലതരമർത്ഥം കലർന്ന വാക്യങ്ങൾ
നലമോടുചൊന്നാൾ മകനോടിങ്ങിനെ:
വിതരണം യാഗം രണേതനുത്യാഗ-
മിതെല്ലോ നമ്മുടെ കുലധർമ്മമെന്ന-
ങ്ങറിഞ്ഞുനന്നായി നടന്നുകൊള്ളുക
പറഞ്ഞതൊന്നുമേ മറന്നുപോകൊല്ലാ
രഘുപതിരാമൻ ദശരഥനെന്നും
ജനകജതന്നെജനനിഞാനെന്നും
അയോദ്ധ്യാപട്ടണമടവിയെന്നതും
ഗരുഡവാഹനൻ തമയെന്നതും
പരിചുള്ളസീതാരമാദേവിയെന്നു
മരണ്യം വൈകുണ്ഡമിതെന്നതും പിന്നെ
മരിയ്ക്കും ഭൂപതി സുതവിരഹത്താൽ
പിറന്നേടത്തുഞാൻ ഗമിയ്ക്കുമെന്നതും
അരണ്യമായീടുമയോദ്ധ്യയെന്നതും
മനസ്സിൽനന്നായി നിനച്ചുകൊണ്ടുനീ
മനം കലങ്ങാതെമകനേ പോയാലും
വനമതിലെന്നു പറഞ്ഞനേരത്തിൽ
അനുവദിച്ചുടൻ തൊഴുതുവാങ്ങിനാൻ
നരപതിതന്നെ തൊഴുതുമൂവരും
പരിചൊടുമൂന്നു വലം വെച്ചുനന്നാ-
യഭിവാദ്യം ചെയ്തു ദശരഥനുടെ
ചരണപങ്കജം പിടിച്ചുചൊല്ലിനാർ
ദിനകരകുലമഹിതരത്നമേ!
അനുഗ്രഹം ചെയ്തു വഴിപോലെ ഭവാൻ
വനത്തിനായിട്ടങ്ങയയ്ക്ക ഞങ്ങളെ
ഇതിത്തരം കേട്ടു പെരുത്ത ദുഃഖത്താൽ
മുഖത്തുനോക്കാതെ പതുക്കെച്ചൊല്ലിനാൻ
വരികനല്ലതുനിനക്കുബാലക!
അരണ്യത്തിലിപ്പോൾ ഗമിച്ചാലും മെല്ലഏ
പെരുവഴിതന്നിൽ ദുരിതമെന്നിയേ
തിരിയവന്നാലും കൃതസമയാന്തെ
മഹാപാപിയായോരിനിക്കിതുചൊൽ‌വാൻ
മഹാകഷ്ടമിപ്പോൾ തരം വന്നുവെന്നും
മഹാമതിയായ ദശരഥനൃപൻ
മഹാപാപം നിനച്ചിരിയ്ക്കുന്ന നേരം
വണങ്ങിവാങ്ങിനാൻ ജനങ്ങൾ നിൽക്കവെ
സുമന്ത്രർ കൊണ്ടന്ന രഥം തന്നിൽച്ചെന്നു
പരന്തപൻ രാമനരുളിച്ചെയ്കയാൽ
ജനങ്ങൾ വാവിട്ടു കരഞ്ഞുനിൽക്കവേ
ജനകനന്ദനകരയേറിമുന്നം
പെരിയചട്ടയും പരിചകൾ നല്ല
ശരം നിറച്ചുള്ള ശരധിയും വില്ലും
വിരൽച്ചരടുകളുറച്ചഞാണുകൾ
വിവിധമായുധം മഴുകുന്താലികൾ
ജനകജാതന്റെ വിഭൂഷണങ്ങളും
അനുജൻ തേരിന്മേൽ കരയേറ്റി പിന്നെ
മനുകുലവരനനുജനുമായി
മനം കലങ്ങാതെ രഥം കരേറിനാൻ
നടത്തുകതേരെന്നുരത്തുരാഘവൻ
എടുത്തുചമ്മട്ടി തെളിച്ചുസൂതനും
വിളിച്ചുരോദിച്ചു ജനങ്ങളൊക്കെയും
ഗമിച്ചുപിന്നാലെ ത്വരിച്ചെല്ലാവരും
നഗരമൊക്കെയും മയങ്ങിയന്നേരം
അഗതികളായോരയോദ്ധ്യാവാസികൾ
ജലവരണ്ടുള്ള കുളങ്ങളിലുള്ള
ജലജന്തുക്കൾ വീണുഴലുന്നപോലെ
ശിശുക്കളും പാരം വയസ്സുചെന്നോരും
ഗുരുക്കളും നല്ല ധരാസുരന്മാരും
കരുത്തരായുള്ളവരഭടന്മാരും
പുറത്തുനിൽക്കുന്നപുലയരാദിയും
ഉറക്കെവാവിട്ടങ്ങലറിനാരപ്പോൾ
പുരത്തിലന്നേരം കരച്ചിലെക്കൊണ്ടു
പെരുത്തതുമെല്ലാമുരത്തുകൂടുമോ?
ഹരഹര! ശിവശിവ!യെന്നല്ലാതെ
പരമൊരുവസ്തുപറവാനുമില്ല
ദുരന്തശോകങ്ങൾ കലർന്നെല്ലാവരും
സുമന്ത്രരെവിളിച്ചിവണ്ണം ചൊല്ലിനാർ
നരവരനുടെ തിരുമുഖം കാണ്മാൻ
പതുക്കവേതേരുതെളിക്കയെന്നപ്പോൾ
നടത്തിമെല്ലവെരഥത്തിനെസൂതൻ
തെളിക്കതേരെന്നു ത്വരിച്ചുരാമനും
തെളിക്കരുതെന്നു പുരത്തിലുള്ളോരും
കുടിച്ചു കണ്ണുനീർ കിടക്കുന്നു ചിലർ
നടക്കവയ്യാഞ്ഞുവയോധികന്മാരും
കിടന്നുകേഴുന്നു തെരുവിൽ കേചന
പിടിച്ചുതൂങ്ങുന്നു രഥത്തിനെചിലർ
അടിച്ചുവീഴുന്നു ഭുവി ചിലരതിൽ
ശശിബിംബമ്പോലെതെളിഞ്ഞ രാമനെ
ശിശുക്കളൊക്കെയും വിളിച്ചു കേഴുന്നു
കരഞ്ഞുസുന്ദരീജനങ്ങളൊക്കെയും
വെടിഞ്ഞുഗേഹവും തനയന്മാരെയും
പിരിഞ്ഞുകാന്താരേഗമിയ്ക്കും രാമന്റെ
തിരുമുഖം കാണ്മാൻ തിരിച്ചുമണ്ടുന്നു
ദശമിയായൊരു ദശരഥനൃപൻ
വശം കെട്ടു പാരം കരഞ്ഞുദീനനായ്
ശശിബിംബം പോലെ വിശദമായുള്ള
സുതമുഖം കാണ്മാൻ തെരുവീഥിയൂടെ
കരഞ്ഞുകൌസല്യാദികളായുള്ളോരോ
തരുണിമാർ മുന്നൂറയിമ്പതും കൂടി
പരിതാപം പൂണ്ടു രഥത്തിൻ പിന്നാലെ
നരപതിവന്നു വിളിച്ചുചൊല്ലിനാൻ
സുമന്ത്രരെയെന്റെ മനം തണുപ്പിപ്പാൻ
മകന്റെ തേരിനെ ക്ഷണം നിറുത്തെന്നു
പറഞ്ഞുവാവിട്ടുകരഞ്ഞുപിന്നാലെ
വരുന്നതുകണ്ടു പരന്തപൻ രാമൻ
പരിതാപത്തോടു പറഞ്ഞാനിങ്ങിനെ
സുമന്ത്രരേതേരു നടത്തുക വേഗം
മനം കലങ്ങുന്ന പിതാവിതാവന്നു
കരഞ്ഞുദീനനായുഴന്നു വീഥിയിൽ
തരമല്ല രഥം നിറുത്തുവാനിപ്പോൾ
ജനങ്ങളും വന്നു നിറഞ്ഞുപോം മുമ്പേ
ഗമിക്കേണമരക്ഷണവും വൈകാതെ
അരുളിച്ചെയ്തതും ശ്രവിച്ചില്ലായെന്നു
തിരികെവന്നിട്ടുപറകതാതനോ-
ടസത്യം ചൊല്ലീടാം വിപത്തിലെന്നുണ്ടു
ഇതിത്തരം രാമൻ പരിഭ്രമിക്കയാൽ
തെളിച്ചതേരിനെ ത്വരിച്ചുസൂതനും
തുടർന്നുപിന്നാലെ നടന്നു ഭൂപതി
മടവാർ കൂട്ടത്തിൽ നടുവിലങ്ങിനെ
കുഴിയിൽ വീണൊരു മദകരിതന്റെ
ചുഴലവും നിന്നു പിടിയാനകളും
കരയുന്നപോലെ കരഞ്ഞുമങ്ങിനെ
വരുന്നോരുനേരം പറഞ്ഞുമന്ത്രിമാർ
അരുതരുതിതുപരിതാപം ഭൂപ!
വരും രഘുപതികൃതസമയാന്തെ
തിരുമനസ്സിനിയുറപ്പിച്ചീടണം
വിധിവശമെന്നങ്ങുറച്ചു ഭൂപതേ!
മതികലങ്ങാതെ മനസ്സുറയ്ക്കണം
ഇതിത്തരം കേട്ടു പതിച്ചുഭൂമിയിൽ
പിടിച്ചെഴുനീല്പിച്ചിരുത്തിനാരിമാർ
പറക്കുന്നപോലെ തിരിക്കും തേരിനെ
പരന്തപനായദശരഥനൃപൻ
പരന്നുനോക്കിയങ്ങിരിക്കവെരഥം
മറഞ്ഞിതുകൊടി പൊടിയുമാദിയായ്
മറഞ്ഞ നേരത്തു ദശരഥനൃപൻ
കരഞ്ഞുവാവിട്ടു തളർന്നു ദേഹവും
കലങ്ങി കണ്ണുകൾ മയങ്ങി മാനസം
നടുങ്ങി കൈകാലും മടങ്ങി ബുദ്ധിയും
വിറച്ചു ദേഹവും ധരിത്രി നായകൻ
പതിച്ചു ഭൂമിയിൽ തൊഴിച്ചുനാരിമാർ
അടുത്തുചെന്നുടനെടുപ്പതിന്നായി
പിടിച്ചുകൌസല്യാവലത്തുകയ്യുടൻ
കുടിലമാനസമുടയകൈകേയി
എടുത്തുകൈമെല്ലെപ്പിടിപ്പതിന്നായി-
ട്ടടുത്തു ചെന്നവൾ പിടിക്കുന്നനേരം
നടിച്ചുകോപേന കടിച്ചു പല്ലുകൾ
ചുടചുടനോക്കികടുകടച്ചൊന്നാൻ
അലമലമിതു കുലവിനാശിനീ!
നലമുടയരാമനെകളഞ്ഞ നീ
എനിക്കു ഭാര്യയല്ലുറച്ചുകൊണ്ടാലും
നിനക്കുഭർത്താവുമിനി ഞാനല്ലെന്നും
ഭരതനുമിതിന്നനുവാദമെങ്കിൽ
ഭരതനെന്നുടെ മകനല്ല നൂനം
ഇതിത്തരം പറഞ്ഞളവു കൌസല്യാ
പതുക്കവേ നല്ല സുമന്ത്രരുമായി
പിടിച്ചു കൈകളും നടത്തി മെല്ലവേ
പെരുത്ത കൂപത്തിൽ പതിച്ചുള്ളാനയെ
പിടിയാനകളെയിരുപുറഞ്ചേർത്തു
നഗരത്തിൽ കൊണ്ടു വരുന്നതുപോലെ
പരിതാപത്തോടെ നരപതി താനും
തരുണിമാരുടെ നടുവിലിങ്ങിനെ
ഹഹഹ! രാഘവ! ഹഹഹ ! ലക്ഷ്മണ!
ഹഹഹ! സീതയെന്നുരച്ചുമങ്ങിനെ
നയജ്ഞനാം രാമൻ വനത്തിൽ പോകുമ്പോ-
ളയോദ്ധ്യാപട്ടണം മയങ്ങിപ്പോയിതു
മയങ്ങിതാരകൾ വിശാഖനക്ഷത്രം
മയങ്ങിപ്പോയിതു വിശേഷിച്ചുമേറ്റം
ബൃഹസ്പതി ചൊവ്വ ബുധനും ദാരുണം
മഹിമയേറുന്നമതിയോടും ചേർന്നു
പരിഖിന്നനായ നരപതിതന്നെ
തരുണിമാർ കരം പിടിച്ചുകൊണ്ടന്നു
അരമന തന്റെ സമീപത്താകുമ്പോൾ
കരഞ്ഞുമന്നവൻ പറഞ്ഞാനിങ്ങിനെ
പരമദുഷ്ടയാം ഭരതമാതാവിൻ
ഭവനേകൊണ്ടുപോകരുതെന്നെയിപ്പോൾ
പതിവ്രതാരാമജനനികൌസല്യാ
ഭവനത്തിലെന്നെ ഝടിതികൊണ്ടുപോ-
യിടുകയെന്നതു പറഞ്ഞനേരത്തി-
ലുടനേ കൌസല്യാഗൃഹത്തിന്നായിട്ടു
നടന്നിതങ്ങുഭൂപതിയേയും കൊണ്ടു
അവിടെചെന്നുടനതിദീനനായി-
ക്കിടന്നു പര്യങ്കം മതിയും കെട്ടഥ
ശ്മശാനത്തിൽച്ചെന്നു ക്രിയകളും ചെയ്തു
വശം കെട്ടു ശോകം പെരുത്തുടയവൻ
തിരിച്ചുതന്നുടെഭവനേചെന്നഥ
പതിച്ചതുപോലെ പതിച്ചു ഭൂപതി
രഘുവരനുടെ ജനനി കൌസല്യാ
കരഞ്ഞുഭൂമിയിൽ കിടന്നുകേഴുന്നു
സമരപുംഗവമകനേസുന്ദര!
സമയമെന്നിനികഴിയുന്നുരാമ!
പ്രചണ്ഡരാക്ഷസർ പെരിയസിംഹങ്ങൾ
പെരിയ കാനനേ വസിയ്ക്കുന്നോ ബാല!
പതിന്നാലുസംവത്സരവുമെങ്ങിനേ
മതിമാനാം നിന്നെ പിരിഞ്ഞിരിയ്ക്കുന്നു
സുരവരോപമസുരുചിരഗുണ!
വരനാരീസഹോദരകുമാരനീ
സുചരിതനിന്റെ സരസിജാനനം
നിരൂപിച്ചുമമകരളുരുകുന്നു
സരസിജദലവിലോചനങ്ങളും
പരിചുടയചെമ്പരുത്തിവിദ്രുമം
പരിതപിക്കുന്നോരധരശോഭയും
വരിനിരയൊത്തൊരുദരഭംഗിയും
മറക്കുന്നെങ്ങിനെ മനുകുലവര!
മരതകമണിനിറമുടയൊരു
വരകാന്തികാണ്മാൻ തരം വരാഞ്ഞെന്റെ
കരളുരുകുന്നു! മകനേ! സുന്ദര!
വരമരതകവിരചിതമായ
മുകുരമൌക്തികകപോലെയുഗ്മവും
രുചിരമായുള്ള മൃദുഹസിതവും
സരസിജമൃദുചരണയുഗ്മവും
ഹരഹരകാണഞ്ഞുരുകുന്നു മനം
പരമസുന്ദരപിരിഞ്ഞുപോയിതോ
ഭരതമാതാവിൻ മനം തെളിയിപ്പാൻ
തരം വരുത്തിയോനനരവരാത്മജ
കരഞ്ഞുമിങ്ങിനെ പറഞ്ഞും ഭൂമിയിൽ
പതിച്ചുകൌസല്യാ പരിതപിയ്ക്കുമ്പോൾ
പെരുത്തശോകങ്ങൾ കളവതിന്നായി
സുമിത്രവന്നെടുത്തിരുത്തിച്ചൊല്ലിനാൾ
പരിതപിക്കാതെ ഭവതി കൌസല്യേ!
മതിമാനാം നിന്റെ മകൻ ഗുണാകാരൻ
കൃതസമയത്തെ പരിഹരിച്ചിങ്ങു
വരുമതിന്നൊരന്ത്രവുമില്ലേതും
പരിപൂർണ്ണമായി വരും കുശലവും
ഇതിത്തരമവൾ പറഞ്ഞിരിയ്ക്കവെ
പെരുത്തശോകത്താലുരത്തഭൂപതി
നരപതിരാമൻ ജനനി കൌസല്യേ!
വരികയെന്നുടെയരികിൽ വല്ലഭേ!
തിരിയുന്നില്ലയെൻ നയനങ്ങൾ രണ്ടും
പരമസുന്ദരി വരികയെന്നപ്പോൾ
പരിതാപത്തോടെയരികിൽ ചെന്നവൾ
നരപതിതന്റെ ചരണയുഗ്മവും
കരങ്ങളാൽ പിടിച്ചതി ദീനയായി
കരഞ്ഞാളേറ്റവും പരവശയായി
നരപതി ചൊന്നാനവളോടന്നേരം
പരിതപിയ്ക്കാതെ പരമസുന്ദരീ!
പൊറുക്കുന്നില്ലേതും സുതവിരഹം കൊ-
ണ്ടുരുകുന്നൊരു ഞാൻ പൊറുക്കയില്ല നിൻ
പരിതാപം കണ്ടാൽ പെരുത്ത സർപ്പത്തെ
വളർത്തിയപോലെ ഭരതമാതാവേ
വളർത്തിയെന്നതിൻ ഫലമിനിക്കിന്നു
വരികയും ചെയ്തു മതിമോഹത്താലെ
ഇതിത്തരം പറഞ്ഞിരിയ്ക്കുന്ന നേരം
പതുക്കെച്ചൊല്ലിനാൾ വരാംഗി കൌസല്യാ
ഭരതമാതാവു നിനച്ചതൊക്കെയും
വരുത്തിയല്ലോ നീ പരമ പൂരുഷഃ
പെരുത്തരാക്ഷസർക്കശനമായിട്ടു
കൊടുത്തിതല്ലോയെന്മകനാം രാമനെ
ദശരഥനായ ദയിതനോടേവം
അവശത പൂണ്ടു വചിച്ചാൾ കൌസല്യാ
മമതനൂജനെ വനേഗമിപ്പിപ്പാൻ
രമണനിന്മനമുറച്ചതില്ലയോ
അയോദ്ധ്യയിലെന്റെ മകൻ ഗുണകര-
നിഹ ഭിക്ഷാവൃത്തി ചരിച്ചുകൊണ്ടീടും
വസിച്ചീടും പിന്നെ ഭരതന്തന്നുടെ
പരിശുശ്രൂഷയും വഴിപോലെചെയ്ത-
ങ്ങവന്നു ദാസനായിരിയ്ക്കയും ചെയ്യും
ത്യജിക്കൊല്ലായെന്റെ മകനെയെന്നു ഞാൻ
വചിച്ച വാക്കുകൾ ശ്രവിയ്ക്ക ഭൂപതേ!
പരമദുഷ്ടതൻ വചനം കേട്ടു നീ
പരമസുന്ദരനെയും ത്യജിക്കാതെ
വരും ഗുണം നിനക്കതു കൊണ്ടു മേന്മേൽ
വരഗുണകരവരും കൌശലവും
കൃതസമയവും പരിഹരിച്ചഥ
വരും വന മതിലിരുന്നു ജാനകീ
പുരോഭാഗത്തിങ്കലിരുത്തിയുംകൊണ്ടു
കദാമമസുതൻ പശുവിൻ പിന്നാലെ
വൃഷഭമ്പോലവേവരുമെന്നും പിന്നെ
ത്രിണതമാം ധനുധരിച്ചിതംസകേ
ഗുണമേറുമിഷുധികളിരുപുറ-
മണിഞ്ഞുസുന്ദരൻ വരുന്നതെന്നു ഞാൻ
സശൃംഗപർവ്വതമിതെന്നപോലവേ
പുരോഭാഗേകാണ്മാനിടവരുന്നിതു
നൃപവരജന്മാന്തരങ്ങളിൽ ഞാനും
കദയ്യയായ്ത്തന്നെ ഭവിച്ചു നിർണ്ണയം
കൃപയോടമ്മമാരഥബാലന്മാർക്കും
നൃപമുലനൽകുന്നളവുഞാഞ്ചെന്നു
സപാപയായ് മുലയറുക്കയാൽ മമ
കൃപയേറും വത്സൻ പിരിഞ്ഞുപോകയാൽ
തപിക്കുന്നു മമ മനസ്സിൽ നിത്യവും
പരമദുഷ്ടയാം ഭരതമാതാവു
വരസിംഹമ്പോലെമമതനൂജനെ
സവത്സലാധേനുമൃഗേന്ദ്രനാലേറ്റം
വിവത്സലയായി തപിക്കുന്നപോലെ
സകലശാസ്ത്രജ്ഞൻ രഘുവരോത്തമൻ
സരസമേദുരനൊരുമകനേയും
അരണ്യത്തിലാക്കി ഭരതമാതാവോ-
ടൊരുമിച്ചിങ്ങു ഞാൻ ചരിക്കുന്നെങ്ങിനെ?
സുതവിരഹത്താലെരിയുന്നു മനം
രവിമദ്ധ്യാഹ്നനായിതെന്നപോലവേ
ഭരതന്റെ ദാസപ്രവൃത്തിയും ചെയ്തു
പുരമയോദ്ധ്യയിലിരുന്നുകൊള്ളട്ടേ
ഭരതമാതാവു തനിക്കും നിന്നുടെ
ഭരതനും കൂടിയൊരുപോലെ ദാസ്യം
നിരന്തരം ചെയ്തു പരന്തപനെന്റെ
മകൻ ഘൃണാകരനിരിക്കും ഭൂപതേ!
ത്യജിക്കേണ്ട നിന്റെ രമണി ചൊൽകേട്ടു
തപിക്കുന്നെന്നുടെ മനം മനോഹര!
ഇരക്കുന്നിന്നു ഞാനിതിന്നുപിന്നെയും
ശിരസ്സിൽ കൈവെച്ചു വണങ്ങുന്നേറ്റവും
സകലലോകസമ്മതൻ മനോഹരൻ
സകലശാസ്ത്രവും ഷഡം‌ഗവേദവും
സകലമായുള്ള കലാകലാപവും
സരസമേദുരനറിഞ്ഞവനല്ലോ
ഹരഹര! ശിവ! ഗുണങ്ങൾ ചിന്തിച്ചാ-
ലരികൾക്കും കൂടക്കളവാന്തോന്നുമോ?
നിരപരാധനായിരിക്കുന്ന രാമൻ
നിരാധാരനായിച്ചമഞ്ഞുപൊന്മകൻ
വരാനനാതന്റെ വചനം കേട്ടു നീ
വെറുതേ കാനനേ കളഞ്ഞതില്ലയോ
ഭരതമാതാവിൻ വചനം കേട്ടോരോ-
രവമാനമെന്നോടിനിയും ചെയ്യാതെ
അരണ്യത്തിലെന്റെ സുതസമീപത്തിൽ
വരഗുണകര! കളകയെന്നെയും
സുഭഗയായുള്ള ഭരതമാതാവോ-
ടിഭഗത! നന്നായ് രമിച്ചുവാഴുമ്പോൾ
സ്മരിക്കേണമെന്റെ മകനെയെങ്കിലും
ധരിത്രിനായക! മറക്കരുതയ്യോ!
സതീജനമണി വരാംഗി കൌസല്യാ
സുദതിദീനയായ് വചിച്ചതു കേട്ടു
മദിരലോചന സുമിത്ര ചൊല്ലിനാൾ
അതിതരാം രാമചരിതമിങ്ങിനെ
നരകവൈരിയാം പരൻ നാരായണൻ
പിറന്നുള്ള നല്ല രഘുവരനെന്ന
പരമാർത്ഥമെല്ലാമറിഞ്ഞിരിക്കയാൽ
പരമസുന്ദരീ പറഞ്ഞാളിങ്ങിനെ
വചിക്കുന്നിന്നു ഞാൻ ശ്രവിക്ക കൌസല്യേ!
പതിക്കു ശോകങ്ങൾ വളർത്താതെ നീയ്യും
എരിയുന്ന തീയ്യിൽ ചൊരിയാതേഘൃതം
നരവൃഷഭനുമൊരുനാശംവരാ
രിപുകുലമദകരിസിംഹത്തോട-
ങ്ങെതിരിടുവാനുമൊരുവനുമില്ല
തിമിദ്ധ്വജന്തന്നെ വധിപ്പതിന്നായി
ധരിത്രിനായകൻ ഗമിച്ച നാൾ ബ്രഹ്മൻ
പഠിപ്പിച്ചോരസ്ത്രം നൃപമ്പഠിപ്പിച്ചാ-
നതൊക്കെ രാമനു വിപത്തുണ്ടാകുമ്പോൾ
ധരിക്കേണം രക്ഷിച്ചിരിക്കുമെന്നതും
സുരസുരന്മാരുമൊരുമിച്ചുവന്നാൽ
പൊരുതൊടുക്കീടുമനുജനുമായി
പരമദഹരൻ പരിതാപം വിട്ടു
തിരിയെ വന്നിടും കൃതസമയാന്തേ
പരിതപിക്കാതെ പഴുതേ കൌസല്യേ!
രമണി ജാനകി സഹചരിക്കയാൽ
രമണി നിന്നുടെ തനയനേതുമേ
കമലലോചനേ വനെ ഗമിക്കുമ്പോൾ
വിമലനുമനം തണുപ്പിക്കും നൂനം
രവികുലമണി രഘുവരനുടെ
ചരിതമൊക്കെയുമറികകൊണ്ടിഹ
രവികിരണങ്ങൾ തപിക്കയില്ലെന്നും
തവതനൂജനെന്നറിക കൌസല്യേ!
പരിമളത്തോടെ പവനം മന്ദമായ്
പരന്തപൻ മേലിൽ പതുക്കവീശിയും
സുതാകരന്താനും വിധുവദനേ തൻ
സുധാമയമായ കിരണങ്ങൾകൊണ്ടു
യുധിവിജയനാം രഘുവരൻ മെയ്യിൽ
പരിശ്രമമ്പോവാന്തണുപ്പിയ്ക്കും സദാ
പ്രഭാകരനായിട്ടിരിയ്ക്കെന്നാൽ‌വന-
പ്രഭാകരനായിട്ടിരിയ്ക്കും ശ്രീരാമൻ
ധനഞ്ജയന്തനിക്കതിന്നു പാർക്കുമ്പോൾ
ധനഞ്ജയനായിട്ടിരിക്കും രാഘവൻ
പ്രഭുവിനും പ്രഭു രഘുകുലോത്തമൻ
രമാദേവി തനിയ്ക്കിതിന്നു പാർക്കുമ്പോൾ
രമാദേവിയെന്നും ധരിയ്ക്ക സുന്ദരീ!
യശസ്സുകൾക്കെല്ലാമെശസ്വിയായതും
ക്ഷമകൾക്കെല്ലാം ക്ഷമയാകുന്നതും
പരദേവതകൾക്കു പരദൈവം തന്നെ
സകലഭൂതങ്ങൾക്കിവൻ ഭൂതാത്മകൻ
ഇവണമുള്ളൊരു സുതന്നു കാനനം
നഗരമെന്നതും വിശേഷമില്ലെടോ
വനം തന്നിൽ വസിയ്ക്കുന്നെങ്കിലും
മനം തണുത്തീടും ദിനം പ്രതി സദഃ
പരിതപിയ്ക്കാതെ പഴുതേ കൌസല്യേ!
പൃഥ്വിവിജയായരമാദേവിയോടും
രഘുവരന്മുവ്വരോടും ഗമിച്ചഥ
അയോദ്ധ്യയിൽ വന്നു കൃതസമയാന്തേ
അഭിഷേകം ചെയ്തു പുരവാസീകടെ
മനോരഥങ്ങളും വരുത്തുമെന്നറി
രമാദേവി പോലെ ജനകജാതാനും
അനുഗമിച്ചാലങ്ങവനെന്തുപിന്നെ
ലഭിച്ചീടാത്തതു വചിയ്ക്ക കൌസല്യേ!
ത്യജിയ്ക്ക ശോകവും പെരുത്ത മോഹവും
വചിച്ചതുസത്യമിതെന്നറിഞ്ഞാലും
കൃതസമയാന്തെ തിരിയെവന്നവൻ
മൃദുകരങ്ങളാൽ തവപദങ്ങളിൽ
അഭിവാദ്യം ചെയ്തു പിടിച്ചു നിൽക്കുമ്പോൾ
അഭിവർഷിച്ചീടും മുദാശ്രുക്കൾ തദാ
സുമിത്ര തന്നുടെ വചനങ്ങളേവം
ശ്രവിച്ചതുകൊണ്ടു ശമിച്ചിതുശോകം
പുരത്തിലിങ്ങിനെ ദശരഥനുമായ്
വസിച്ചു കൌസല്യ സുമിത്രവാക്യത്താൽ
തതഃപരം രാമൻ രഥത്തിന്മേലേറി
സുമിത്രസൂനുവും ജനകജയുമായ്
ചരിക്കുന്നനേരമനുഗമിച്ചിതു
പുരത്തിലുള്ളവർ തപിച്ചു ദീനരായ്
അനുരതന്മാരായതിൽ ചിലർ പിന്നെ
അനുഗമിച്ചാരന്നരവരനോടും
അനുസരിച്ചവൻ പറഞ്ഞയച്ചാലും
ജനങ്ങൾ പോകുന്നില്ലൊരുപ്രകാരവും
അനുഗമിയ്ക്കുന്ന ജനങ്ങളോടേവം
മനുകുലവരൻ പറഞ്ഞാൻ പിന്നെയും
അടവിയിൽ പോകാൻ തുടങ്ങുന്നൂ ഞാനും
മടങ്ങിപ്പോയാലും മഹാജനങ്ങളേ!
പരിചോടെയിനി ഭരതൻ നിങ്ങളെ
പരിപാലിച്ചീടും പുരവാസികളെ
പരിതപിയ്ക്കാതെ പരമൊരുത്തരും
ഗുരുവാക്യത്തിനെ പരിപാലിച്ചു ഞാൻ
വരുവൻ വേഗേന തിരിച്ചയോദ്ധ്യയിൽ
ഭരതൻ ബാലനെന്നിരിയ്ക്കിലുമിപ്പോൾ
അറിവുകൊണ്ടവനബാലനായത
പതമുണ്ടെന്നവനിരിക്കിലുമേറ്റം
പരാക്രമഗുണസഹിതനായതും
അനുരൂപനായ പതി നിങ്ങൾക്കെല്ലാ
മവണ്ണമല്ലയോ പിതാവു കല്പിച്ചു
പലതരം രാമനരുൾചെയ്തുമേതും
ഫലമില്ല ലോകർ കരഞ്ഞു പിന്നാലെ
പലതരം വാക്യം പറഞ്ഞാർ പിന്നെയും
വലഞ്ഞുവന്നുള്ള ജനങ്ങളൊക്കെയും
പരിതാപം തുലോമകന്നീടും നിന്റെ
തിരുമുഖം കണ്ടാൽ മതി ഞങ്ങൾക്കെന്നും
ഗതി ഞങ്ങൾക്കിനി പരമില്ലായെന്നും
മതിമാനായ നീ വനേ ഗമിയ്ക്കുമ്പോൾ
മതിയും കെട്ടിനി മരിയ്ക്കുമെല്ലാരും
നരവരോത്തമ പിരിഞ്ഞുപോകുമ്പോൾ
പരമപൂരുഷവരുന്നു ഞങ്ങളും
ഭരതന്റെ കീഴിലിരിക്കയില്ലാരും
പുരവാസീജനമറിഞ്ഞുകൊള്ളുക
പതക്കം നായകം പറിച്ചതുപോലെ
ധരിത്രിയായിതു ധരിച്ചുകൊണ്ടാലും
ഇവണ്ണം ചൊല്ലിയും വഴിയെ പോകുമ്പോൾ
പെരുകിനയാഗം വഴിപോലെ ചെയ്തു
ധരാസുരന്മാരും കരഞ്ഞുപിന്നാലെ
രജതഛശ്ത്രവും പിടിച്ചുകുണ്ഡലം
ധരിച്ചുനല്ലോരോതപസ്സ്വികളെല്ലാം
വരുന്നതുകണ്ടു സുരവരോപമൻ
തെരുന്നനെത്തേരും നടത്തിപോകുമ്പോൾ
വെളുത്ത ലക്ഷണമുടയോരശ്വത്തെ
വിളിച്ചുചൊല്ലിനാർ മുനിപ്രവരന്മാർ
വരതുരംഗമങ്ങളേ!യിതാ ഞങ്ങൾ
വരുന്നതുകണ്ടു തിരിഞ്ഞു നിന്നാലും
അരുതിതു രഘുവരനെയുംകൊണ്ട-
ങ്ങരണ്യത്തിൽ പോകുന്നതുമയോഗ്യമാം
പറഞ്ഞതൊക്കെയും ശ്രവിയ്ക്കേണം നിങ്ങൾ
പവനതുല്യവേഗികളായുള്ളോവേ!
അരണ്യത്തിന്നിങ്ങുപുരമയോദ്ധ്യയിൽ
ശരണ്യനാം രാമൻ തിരുവടി തന്നെ
തിരിയെ കൊണ്ടരുന്നരുതെന്നിയെ നിങ്ങൾ
ക്കരുതു ധർമ്മമല്ലിതു ധരിച്ചാലും
അരയന്നം പോലെ വെളുത്തു നന്നായി
നരച്ചുള്ള നല്ല ശിരോരുഹത്തോടും
വരുന്ന മാമുനി പ്രവരരെക്കണ്ടു
തെരുന്നനെ രഥമതിന്നിറങ്ങിനാൻ
ധരാസുതന്മാരെ വണങ്ങിനാനഥ
ധരാസുരന്മാർ കാൽ നടനടക്കവെ
വരരഥത്തിന്മേൽ ഗമിയ്ക്കരുതെന്നു
തിരിഞ്ഞുനോക്കാതെ നടന്നു രാഘ്വൻ
തതഃപരം വൃദ്ധമുനിപ്രവരന്മാർ
കൃതപ്രയാസരായ് നിവർത്തനത്തിങ്കൽ
വചിച്ചാരിങ്ങിനെ തപിച്ചുദീനരായ്
ജരനരവന്നു പിടിച്ചു ദീനരായ്
വരുന്ന ഞങ്ങളിന്നുരത്ത വാക്കുകൾ
മറക്കിലോ ധർമ്മം വിരുദ്ധമായ് വരും
തപിച്ചിതു സൂര്യകിരണങ്ങളാൽ നീ
യടുക്കവന്നാലും പിടിച്ചിടാം ഛത്രം
മഹാക്രതുക്കളെക്കഴിച്ചതുകൊണ്ടു
മഹാപ്രഭുക്കന്മാർ കൊടുത്തുള്ള നല്ല
മഹാതപത്രങ്ങളിതായെന്നും ചൊല്ലി
മഹാജനങ്ങൾ രാഘവസമീപത്തിൽ
മഹാരണ്യത്തിങ്കൽ ഗമിക്കാതെയെന്നു
മഹാമതികളും ശിവശിവയെന്നു
പരമസുന്ദര വരുന്നു ഞങ്ങളും
അരണ്യത്തിലെന്നാൽ വരും കുശലവും
അരണ്യത്തിലെങ്ങൾ സഹചരിയ്ക്കുമ്പോൾ
പരിപാലിപ്പാനായൊരുപീഡവേണ്ട
അരിയില്ലെന്നതും ധനമില്ലെന്നതും
അറിയേണ്ട നീയ്യങ്ങിവയൊന്നും വരാ
കരളിലുള്ളൊരു ഷഡം‌ഗവേദങ്ങൾ
തരുമഭീഷ്ടമായിരിപ്പതൊക്കെയും
പരിഗ്രഹങ്ങളെ പരിത്യജിയ്ക്കേണ്ട
പെരുത്ത കാനനെ വരുന്നതുകൊണ്ടു
പതിവ്രതധർമ്മം വഴിപോലെ തന്നെ
പതിവരത്ന്മാരെ പരിരക്ഷിച്ചീടും
അതുകൊണ്ടു തവ തിരുമനസ്സിങ്കൽ
ഒരുശങ്കയുണ്ടാകരുതു മന്നവ!
ഒരുനേരം പോലും പിരിയാതെനിന്നോ-
ടൊരുമിച്ചു കൂടി വരുന്നു ഞങ്ങളും
ഗുരുജനം പറഞ്ഞതുമറിഞ്ഞാലും
സകലരും കൂടിയനുഗമിയ്ക്കുന്നു
സകലലോകേശയനുവദിച്ചാലും
രഥത്തോടുകൂടെ ത്വരിച്ചുപോരുവാൻ
പരിഭ്രമിച്ചോടി നടക്കകൊണ്ടിപ്പോൾ
ധരിത്രിയിൽ വീണു ശിരോരുഹങ്ങളിൽ
പതിച്ചു പാംസുക്കൾ വിരണ്ടുമിങ്ങിനെ
തപിച്ചുവന്നോരു ജനങ്ങളെ വിട്ടു
ചതിച്ചുപോവതുമുചിതമല്ലെടോ!
അനന്യചിത്തരായ്‌വരുന്നു ഞങ്ങളി-
ന്നരണ്യത്തിൽ കൂടെയനുവദിക്കുക
വരണ്യഞങ്ങളെയനുസരിപ്പിച്ചു
ശരണ്യ സൽ പുണ്യം പരിപാലിക്ക നീ
നരവരോത്തമ! തവവിരഹത്താൽ
ചരാചരങ്ങളും തപിക്കുന്നേറ്റവും
കരുണവാരിധേ!യിവയെല്ലാറ്റിനും
കരുണ നൽകേണം! സരസ! വത്സല!
പതത്രികൾ മൃഗവരങ്ങളാദിയാ
യ്പറക്കാതെ മൃഗനിരകളോടാതെ
തപിക്കുമെന്നതു ധരിച്ചു നീ മുദാ
ത്വരിച്ചയോദ്ധ്യയിൽ തിരിച്ചുവന്നാലും
പരന്നയോദ്ധ്യയിലിരുന്നവരെല്ലാം
ഇരന്നോരോരോതരങ്ങളും ചൊല്ലി
ഗജത്തിന്മേലേറി വരുന്നവരെല്ലാം
ഭജിക്കുന്നു രാമൻ പുരത്തിൽ പോരുവാൻ
കൊതിക്കുന്നു രാമ തിരുമുഖം കാണ്മാൻ
അരക്ഷണം നിന്നു തിരിച്ചുപോയാലും
വെറുത്തു ഞങ്ങളെ ത്യജിക്കൊല്ലായെന്നും
വദിക്ക സുന്ദരമറുത്തരമെന്നും
ത്വരിച്ചുസൂതനെ വിളിച്ചുമങ്ങിനെ
പടുത്വമുള്ള രാഘവൻ ഗമിക്കുമ്പോൾ
തടുത്തുകൂടനാമനുഗമിക്കെന്നും
മറുത്തുചൊൾകിലുംശ്രവിക്കരുതെന്നും
പെരുത്തലോകരെധരിക്കയെല്ലാരും
തപിച്ചുവേഗത്തിൽ നടക്കകൊണ്ടപ്പോ-
ളശക്തരായവർ വിറച്ചുവീഴുന്നു
പുരത്തിലുള്ളോരോ ജനത്തെയൊക്കെയും
ത്യജിച്ചു സുന്ദരാ! ഗമിച്ചിടുന്നിതോ
ധരിത്രിയിലുള്ള ജനങ്ങളൊക്കെയും
മരിച്ചുപോകിലും നീ വനത്തിൽ പോകിലോ
നിരർത്ഥകം ജന്മം ഭവിച്ചിതോ ഞങ്ങൾ
ക്കനർത്ഥം ഭാവിയോ ശിവശിവയെന്നും
രഥത്തെയും നോക്കി നടക്കയാൽ ചിലർ
നിലത്തുനോക്കാതെ തടഞ്ഞുവീഴുന്നു
ചലിക്കുന്നു ചിത്തമിനിക്കെന്നു ചിലർ
വിളിക്കുന്നു രാമ രഘുവരയെന്നും
വഴുക്കിവീണഥ കിടക്കുന്നു ചിലർ
ഒഴിക്കുന്നു ജനം പെരുക്കകൊണ്ടഥ
പഴിച്ചും കേചന ഭരതമാതാവെ
നമിക്കുന്നു രഘുവരനെക്കണ്ടവർ
ചതിച്ചുപോകുന്നോ ജനത്തെയിങ്ങെന്നു
കുതിച്ചോടി വന്നു തടുത്തു കേചന
പതിച്ചു ഭൂമിയിൽ രുദിച്ചും കേചന
കൊതിച്ചു രാമനെ വിളിച്ചു കേചന
വിധിക്കുന്നെന്തു ഞാൻ വചിക്കുന്നെന്നതും
സ്തുതിച്ചും വീരനെ പുകഴ്ത്തും കേചന
തൊഴിച്ചഥ മണ്ടി വരുന്നു കേചന
വിരക്തരായുള്ള ജനങ്ങളും കൂടി
സുരക്തരായ്‌വന്നുദിച്ചും കേചന
കരുത്തരായുള്ള ഭടവരന്മാരും
കരുത്തുകെട്ടവർ കരഞ്ഞുഖിന്നരായ്
മനസ്സൊടുക്കുവാൻ കഴിവുകാണാഞ്ഞൂ
സദസ്സിൽ നിന്നവർ തൊഴിച്ചു കേചന
തനിക്കു താൻ പോന്ന ജനങ്ങളെല്ലാരും
തനിച്ചു ഭൂമിയിൽ പതിച്ചും കേചന
വിദിക്കുദിക്കുകളിവറ്റിന്നൊക്കയും
വിളിച്ചുവന്നോരോന്നുരത്തുമിങ്ങിനെ
ധരിത്രിനായകൻ ദശരഥനിഹ
പിടിച്ചിതോ പിശാചിതെന്നതേവരു
ഒരുത്തനിങ്ങിനെ മനസ്സിൽ തോന്നുമോ
വിരക്തരായുള്ള ജനങ്ങളെങ്കിലും
ഒരുത്തിചൊൽ കേട്ടങ്ങമിത്രഹാവായ
സുപുത്രനെയാരാൻ ത്യജിക്കുമോ ഭുവി
വരപ്രഭാവത്താൽ ത്യജിച്ചു സൂനുവെ
വനത്തിലാക്കുവാൻ മനസ്സുവന്നിതോ
ചതുർത്ഥന്മാരായ ജനങ്ങളെയനു-
സരിച്ചതുകൊണ്ടു തപിക്കുന്നേറ്റവും
കുതിച്ചുമണ്ടും മാമ്പിടകളൊക്കെയും
രഥത്തെയും നോക്കി വിറച്ചുനിൽക്കുന്നു
ബഹുപ്രകാരത്തിൽ ജനങ്ങളൊക്കെയും
ബഹുമതി പൂണ്ടു വിചാരിച്ചിങ്ങിനെ
അനർത്ഥമർത്ഥമെന്നുറച്ചിട്ടിങ്ങിനെ
സമർത്ഥപുത്രനെ ത്യജിച്ചതും കഷ്ടം
പ്രശസ്തനായ്‌വീരൻ സുഖം ഭൂജിയാതെ
പുരസ്തനായ്ത്തന്നെ കഴിഞ്ഞതേയുള്ളു
ഗൃഹസ്ഥനായ് സുഖം ഭുജിക്കുന്ന കാലം
വനസ്ഥനായിട്ടും തപിപ്പാറായെല്ലോ
പുറത്തു ഞങ്ങളെയിരുത്തിയും മൃദു
പദത്തിനാൽ നടന്നരണ്യവാസിയായ
തനിച്ചുടജവും ചമച്ചുരാഘവൻ
വസിക്കുന്നെങ്ങിനെ ശിവശിവയെന്നും
മൃദുസ്ഥലങ്ങളിരുന്ന രാഘവൻ
മരത്തണലിലങ്ങിരിക്കുന്നെങ്ങിനെ
ഉദിച്ചചന്ദ്രനോടെതൃത്തോരാനനം
നിനച്ചുകാണുമ്പോൾ പൊറുക്കുന്നെങ്ങിനെ
ശതക്രതുപോലെയയോദ്ധ്യയിൽ‌വാണു
ധരിത്രിഭാരത്തെ ധരിക്കസുന്ദര!
വശത്തുമല്ലിവൻ മുഖത്തുനോക്കിയാൽ
വശക്കേടു പാരം വശിയാം രാമന്റെ
വനപ്രവാസനം മുടക്കിനാം മെല്ലെ
പുരത്തിൽ കൊണ്ടുവന്നിരുത്തേണമെന്നു
പുരത്തിലുള്ളവരസുക്കളൊക്കയും
മനുപ്രവീരനെന്നുറച്ചുകൊള്ളുവിൻ
നമുക്കു നാഥനായിരിക്കും ശ്രീരാമൻ
മുഖത്തുനോക്കാതെയിരിക്കുന്നെങ്ങിനെ
ജഗത്തിനുനാഥനിവനെന്നാകിലും
വിരക്തനായിട്ടങ്ങനാഥനെപ്പോലെ
മരത്തിൻ തോലുമങ്ങുടുത്തുരാഘവൻ
വനത്തിൽ പോകുന്നു ശിവശിവയെന്നും
വടിച്ചു കണ്ണുനീർ കിടക്കുന്നു ചില-
രടുത്തു ചെന്നു കാൽ പിടിച്ചിരക്കുന്നു
പവിത്രകീർത്തിതൻ ചരിത്രമൊക്കയും
വിചിത്രമല്ലെടോ ജഗത്രയത്തിങ്കൽ
മനുപ്രവീരന്റെ ചരിത്രമോതുകിൽ
പരത്രവാസവും കരസ്ഥമായിടും
അപത്രവാനായി നൃപപ്രവരന്താൻ
വനപ്രവാസത്തിന്നയച്ചതില്ലയോ?
തതഃപരം വൃദ്ധമുനിപ്രവരന്മാർ
ജഗല്പതിഭൂമൌജനിച്ചതൊക്കയും
ധരിച്ചിരിക്കയാലതിവിഷണ്ഡരായ്
സ്തുതിച്ചാരിങ്ങിനെ പതിവിഷണ്ഡരായ്
കൃതത്രയീനുതേ! ജഗത്രയീപതേ!
നമസ്ത്രിധാകൃതേ! പതത്രിവാഹതേ!
ചരിത്രമേധതേ! സുമിത്രമണ്ഡലേ!
കിമത്രമന്ദിരേ കളത്രസുന്ദര!
സുമിത്രവാഗുരേ! വിചിത്രസംസാരേ!
ഭവല്പദന്നതവിപല്പതംഗതാ
ലസൽ‌പ്പദംഗഭാപതൽ‌പ്പതംഗംഗാ
ജഗൽ ചരാചരം നമൽ പരാപരാ!
ഭവൽ പദാധരംഭവത്യഗോപുരം
ജയൽ പ്രഭോ! ഹരേ! ഭയസ്വഭോ ശൌരേ!
നയജ്ഞകാന്താരേ നയസ്ഥഹാദൂരേ
പരിത്രാതാഭവാൻ സസുത്രാമാസുരാൻ
കിമത്രചിന്തയാസമർത്ഥസന്നായ
പദക്രമേണതേ ജഗത്രയമിതേ
ത്രിവിക്രമസ്തുത! ശതക്രതുമുഖ!
സനസ്രമസ്തക! സഹസ്രലോചന!
സഹസ്രപാദതേ സഹസ്രമാനസേ
അജസ്രമാകുല സഹസ്രലോചന!
സ്വഹസ്തപങ്കജംശിരസ്സുധാരയ
നിരസ്ഥികിൽ ബിഷപരമപൂരുഷ!
മനസ്യഥസ്തുവൻ രഹസ്യവസ്തുതൽ
ഇതിത്വമോവിഭോനുതഃപുരാപ്രഭോ!
ഗതിസ്ത്വമേവനോ ധൃതത്രയിതനോ!
ഇതിത്രികാലവിൽ കൃതിദ്വജപ്രജാഃ
രഘുപ്രവീരനെ സ്തുതിച്ചാരിങ്ങിനെ
സ്തുതിച്ചതൊക്കെയും ശ്രവിച്ചീടുമതു
ശ്രവിച്ചില്ലായെന്നും പുറത്തുഭാവിച്ചു
ത്വരിച്ചുപോകനാം ജരദ്വജാവരൻ
തപിച്ചുമണ്ടുമെന്നകത്തുവെച്ചഥ
പതുക്കവെനടന്നനുനയം ചൊല്ലി
മദിച്ച വാരണം നടക്കുമ്പോലവേ
തിരിച്ചുപോവാനായ് പ്രജകളോടോരോ-
ന്നുരത്തുരാഘവൻ ചരിക്കുന്നേരത്തു
അടുത്തുവന്നിതു തമസവും വഴി
തടുത്തതുപോലെ ഭവിച്ചതും തദാ
നദിക്കു ഗോകുലകുലങ്ങളായുള്ള
കരയ്ക്കുചെന്നഥ പ്രകൃതിഭിസ്സഹ
വസിക്കതന്നെനാമിതിലെന്നുവെച്ചു
സരിൽത്തടത്തിങ്കൽ വസിച്ചു രാഘവൻ
കുളിച്ചുസന്ധ്യയും കഴിച്ചാരെല്ലാരും
സരിത്തടത്തിങ്കൽ വനത്തിലുള്ളോരോ
ഫലമൂലമെല്ലാം പെരുത്തുടനുണ്ടായ്
വരികിലും രാമൻ ത്യജിച്ചതൊക്കെയും
നദിജലപാനം കഴിച്ചു ജാനകീ
സഹിതനായപ്പോൾ സരിത്തോയം കൊണ്ടു
പദം കഴുകിനജലത്തെയുമവ-
രജൻപാനം ചെയ്തുത്വരിച്ചു സൂതനും
കുതിരകൾ തേരീന്നഴിച്ചുകൊണ്ടുപോയ്
സരിൽ ജലം തന്നിൽ തളർച്ച നീക്കുവാൻ
കുളിപ്പിച്ചുജലം കൊടുത്തു പാശത്താൽ
തളെക്കയും ചെയ്തു പറിച്ചുകൊണ്ടന്നു
തൃണങ്ങൾ തീനിട്ടു കരപ്പവമിട്ടു
ധവളവസ്ത്രത്താൽ തുടച്ചുദാഹവും
അടച്ചുകണ്ണുകൾ മൃദുത്വമുള്ളൊരു
ദുകൂലങ്ങൾകൊണ്ടു പുതപ്പിച്ചുദേഹം
പിടിച്ചുനന്നായിയടുത്തുതാനുമാ-
യൊരേടത്തു നന്നായ് ശയിച്ചിതു നല്ല
തൃണപത്രങ്ങളിൽ തതഃപരം ജഗൽ
പ്രിയനായരാമൻ സുമിത്രസൂനുതാൻ
വിരിച്ചശയ്യയിൽ വസിച്ചുജാനകീ
മുഖത്തെയും നോക്കി സുമിത്രസൂനുവോ-
ടുരത്താനിങ്ങിനെ വനത്തിലായെന്നു
തപിക്കാതെമനം നിനക്കിതുവത്സാ!
മുതദ്ദിനമെല്ലോപുരത്തിലിന്നലേ
സുഖിച്ചുമെത്തയിൽ ശയിച്ചവാറെല്ലാം
നിനച്ചുകൊള്ളാതെപുരത്തിലുള്ളോരോ-
രവസ്ഥചിന്തിച്ചാൽ പൊറുക്കുന്നെങ്ങിനേ?
സുമിത്രനന്ദന! മമപ്രവാസനം
നിനച്ചവരെല്ലാം തപിച്ചീടും ശിവ!
വദിച്ചസങ്കടം സുമിത്രയുമെന്റെ
ജനനികൌസല്യാപരിഭ്രമിച്ചീടും
പുരത്തിലെല്ലാരും ഗുരുപ്രവീരനാം
രഘുപ്രവീരനും പരിഭ്രമിച്ചിപ്പോൾ
ഇരിക്കുമല്ലയോരുദിച്ചുതാതനും
ജനനിമാരെല്ലാം തപിച്ചുസന്തത-
മിരിക്കകൊണ്ടിപ്പോൾ മരിച്ചുപോകാതെ
ഇരിക്കിലും നല്ലതറിച്ചുപോകാതോ
നയനങ്ങൾ പോലും ധരിത്രിനായകൻ
ഭരതന്താന്തന്നെ പെരുത്തശോകത്തെ
നടക്കുമന്നേരം വചിച്ചനന്തരം
സരിത്തടത്തിങ്കൽ ശയിച്ചുറങ്ങിനാ-
നഥരഘൂത്തമൻ കുലച്ചുവില്ലുമായ്
ഉറച്ചുലക്ഷ്മണൻ ശിരസ്ത്രവും കെട്ടി
മുറുക്കിവീരന്താൻ മരവിരി ചേർത്തു
മുറുക്കിക്കെട്ടിനാൻ നിഷൂധിയും വാളു-
മെടുത്തൊരു ശരം തൊടുത്തു ലക്ഷ്മണൻ
അടുത്തു ജ്യേഷ്ടനെയടവിയിൽ‌പ്പാർത്തു
മിടുക്കനായവനുറങ്ങാതെതന്നെ
പരിതാപമെല്ലാം സുമന്ത്രരോടോരോ-
ന്നുരത്താനിങ്ങിനെ വ്യഥിച്ചുദീനനായ്
കടാകടായെന്റെ ജനനിമാരെല്ലാം
പടുത്വമുള്ളോരെവെടിഞ്ഞിരിക്കുമോ
വടുവായോരെന്റെ തമയന്തന്നുടെ
അടിമലർ തൊട്ടുമുടിയോളമുള്ള
വടിവു ചിന്തിച്ചു കടാകടയെന്നു
തപിക്കുമെന്നുടെ പുരത്തിലുള്ളവർ
നിരാപരാധനായിരിക്കുമെന്നുടെ
പരാനന്ദൻ തന്നെ വനത്തിലുമാക്കി
ഭരതനുമവനുടയമാതാവും
പുരത്തിൽ വാഴുവാനയക്കയില്ല ഞാൻ
പൊറുക്കുന്നില്ലെന്റെ രഘുവരൻ വെറു
നിലത്തു ജാനകിയോടും ശയിച്ചതും
നിനച്ചുമാനസം‌പുളെക്കുന്നൂസൂത!
സുമിത്രയെന്നെയും പ്രസവിച്ചതൊരു
ഫലത്തിനായില്ലാ സുമന്ത്രരേയിഹ
മദിച്ചു കൈകേയി സുമിത്രയെഞാനും
പഴിക്കും രാഘവ ജനനി തന്നെയും
സ്മരിക്കും ഞങ്ങളെ വിശേഷിച്ചുമപ്പോൾ
വചിക്കുന്നെന്തു ഞാൻ ശിവശിവാസൂത!
ജഗല്പതിയായ ദശരഥസുതൻ
ധരിത്രിയിൽ ശിവ ശയിച്ചതും കണ്ടി-
ങ്ങിരിപ്പാറായെല്ലോയിനിക്കെന്നുമിനി
മരിക്കേണമെന്നു മനസ്സു സന്തതം
ഗുരുക്കന്മാർശർമ്മവിരുദ്ധം ചൊൽകിലോ
വധിക്കാമെന്നതു മനുശാസ്ത്രമുണ്ടു
ക്ഷമിച്ചിതിങ്ങിനെ നൃപകുലോത്തമൻ
വസിച്ചാലെന്തൊരു കഴിവുചൊല്ലുക
ധരിത്രിപാലനം മുടക്കിവാഴുന്ന
രിപുക്കളെയെല്ലാമൊടുക്കുവാന്തിരു
മനസ്സു കിട്ടാഞ്ഞു തപിച്ചു പോന്നു ഞാൻ
ശരപ്രയോഗങ്ങൾ ദിശി ദിശി ചെയ്തു
രിപുക്കളെയെല്ലാമൊടുക്കുവൻ പക്ഷേ
അസിപ്രവരത്തെയടുത്തു ഞാൻ ചെന്ന-
ങ്ങൊടുക്കും വൈരികളസുക്കളെയെല്ലാം
വരിച്ചുകൊണ്ടുനീ ഗമിച്ചിതോയെന്നും
വടക്കു നോക്കി നാം ഗമിച്ചു കാനനെ
തിരിച്ച്വാരാതെമരിയ്ക്കനാമെന്നും
പെരുത്തൊരഗ്നിയെ വളർത്തിയങ്ങതിൽ
പതിച്ചുപോകയെന്നുരച്ചും കേചന
പരത്രെയെങ്ങാനും വനത്തിൽ രാഘവൻ
ഒളിച്ചതുണ്ടോയെന്നതിൽ തിരകനാം
ജഗൽ പതിയേയും തികച്ചുസ്വസ്ഥരായ്
വസിയ്ക്കുന്നെങ്ങിനെ ശിവ! ശിവ! യെന്നും
തിരിച്ചയോദ്ധ്യയിൽ ഗമിച്ചാലെന്തിനി
വചിച്ചീടുന്നതു ധരിത്രിനായകം
വനസ്ഥനാക്കി നാം തിരിച്ചുവന്നെന്നു
പുരത്തിലുള്ളോരുമുരയ്ക്കുന്നനേരം
തപിച്ചു ദീനരായ് വിഷണ്ഡചിത്തരായ്
മരിച്ചുപോമെന്നും സുനിശ്ചയമെന്നും
പശുക്കൾ രോദിച്ചു തപിച്ചാരേറ്റവും
വനത്തിലൊക്കയും തിരഞ്ഞനന്തരം
വിനിഷ്ടമോദരായ്ത്തിരിച്ചു കാണാതെ
ജഗൽ‌പതിമായാവിചിത്രമെന്നവർ
തിരിച്ചുവന്നൊരു വഴിയൂടെ തന്നെ
രുദിച്ചുലോകരും തിരിച്ചയോദ്ധ്യയിൽ
പുരത്തിൽ ചെല്ലുമ്പോളവസ്ഥ ചൊൽ‌വതോ
യുഗത്തിനപ്പുറം കഴിഞ്ഞ വൃത്താന്തം
വദിച്ചു കേട്ടു നാമിരിയ്ക്കുന്നേരത്തും
വിരക്തരാകുന്ന ജനങ്ങളും കൂടി
പെരുത്ത ദുഃഖത്താൽ കരച്ചിൽ വന്നീടും
അനുദിനം കാണ്മാൻ പരിചരിച്ചവ-
ക്കഴലുണ്ടായതങ്ങൊടുമോ ചൊന്നാൽ
അയോദ്ധ്യയാം പുരവരത്തിലന്നേരം
ജഗൽ‌പതിവനേ ഗമിയ്ക്ക കൊണ്ടഥ
മൃതപ്രായന്മാരായ്ച്ചമഞ്ഞുലോകരും
കടകളങ്ങാടിയടച്ചുകെട്ടിയും
കടകടായെന്നു ജനങ്ങളൊക്കെയും
നടനമാടുന്ന വഴികളൊക്കെയും
മുടങ്ങിക്കാണായി കളികളുമില്ല
പരിചുള്ള ഗാനം മുഴങ്ങുന്ന ദിക്കിൽ
കരച്ചിലല്ലാതെയൊരുഘോഷമില്ല
സ്തനപാനന്മാർക്കു സ്തനപാനമില്ല
കളിയ്ക്കും പിള്ളേരും കളിയ്ക്കുന്നില്ലിപ്പോൾ
വിളിച്ചുകേഴുന്നു നളിനാക്ഷി ജനം
മഹോത്സവങ്ങളും മഹായാഗങ്ങളും
മഹാദാനങ്ങളുമൊരേടത്തുമില്ല
പുരത്തിലെങ്ങും തീപ്പുകയുമില്ലിപ്പോൾ
മുറവിളിയല്ലാതൊരുവാദ്യമില്ല
നദികളിൽ വെള്ളമെടുപ്പാൻ പോകുന്ന
മദിരാക്ഷികളിലൊരുത്തിയുമില്ല
തളിച്ചുതൂക്കയും കളിക്കയെന്നതും
കളികൾ ചൊൽകയുമലങ്കാരങ്ങളും
പുളച്ചുള്ള വീരവരാഭ്യാസങ്ങളും
തെളിഞ്ഞുള്ള പുരവരത്തിലില്ലെങ്ങും
കുതിരയിൽ ശ്രമം വരുത്തുക താനും
ഖുരളിയിൽ നിന്നു ഗദാഭ്യാസങ്ങളും
ഇതൊന്നുമില്ല രോദനങ്ങളെന്നിയേ
നഗരത്തിലുള്ളോരലങ്കാരങ്ങളും
നഗരസ്വാമികൾ ചമഞ്ഞുപോകയും
അഗരു ചന്ദന പരിമളങ്ങളും
പുരോദ്യാനങ്ങളും വരവിഹാരവും
സരോവരങ്ങളിൽ കളിപ്പാമ്പോകയും
സരോരുഹങ്ങളെ പറിക്കയെന്നതും
സരോദമല്ലാതെയിവയൊന്നുമില്ല
നരോത്തമൻ വനേ ഗമിച്ചതുകൊണ്ടു
പുരോത്തമത്തിലുള്ളവസ്ഥയിങ്ങിനെ
ദശരഥന്തന്നെ പറയുന്നു ചിലർ
ഭരതമാതാവേ പഴിച്ചുചൊൽകയും
ദിനകരകുലമണിയാം രാമന്റെ
ഗുണം പുകഴ്ത്തുന്നു ജനങ്ങളൊക്കയും
ജനകജാതന്നെ സ്തുതിക്കുന്നു ചിലർ
അനുജന്തന്നുടെ ഗുണചരിതവും
ജനം കൊണ്ടാടുന്നു ദിശിദിശിയെല്ലാം
പുരവരത്തിലെ പരിതാപമെല്ലാം
ഹര! ഹര! ശിവ പറഞ്ഞുകൂടുമോ
ഇതൊക്കെയും കണ്ടു ജനങ്ങളൊക്കെയും
തിരിച്ചു താന്താന്റെ ഗൃഹത്തിൽ ചെല്ലുമ്പോൾ
അവരുടെ നാരീ ജനങ്ങളൊക്കയും
അവശത പൂണ്ടു നിരാശരായ്ത്തന്നെ
നിരാഗകളായിട്ടിവരെക്കണ്ടഥ
പരിഭവിച്ചോരോ വചനം ചൊല്ലിനാർ
ഹര! ഹര! ഹര! ശിവ! ശിവ! ശിവ!
പരമസുന്ദരനെയും വെടിഞ്ഞിപ്പോൾ
നഗരത്തിൽ വന്നതുചിതമല്ലേതും
തിരുനയനങ്ങൾ മനസി ചിന്തിച്ചു
കരളുരുകുന്നു പരമെല്ലാമിപ്പോൾ
എരിയുമഗ്നിയിൽ പതിച്ചു ചാകിലും
തിരിയെവന്നതുമുചിതമല്ലേതും
പരമപൂരുഷമ്പിരിഞ്ഞുനാമെല്ലാ
മിരിക്കുന്നെന്തിനു പുരത്തിലിങ്ങിനെ
കിമത്രമന്ദിരേ വസിപ്പാൻ കാരിയം
വനത്തിൽ കൊണ്ടുപോയ് ത്യജിച്ചുവന്നിതോ
കിമത്രസുന്ദരീ ജനത്തിൽ വാഞ്ഛയും
കിമത്രപുത്രരിൽ പെരുത്ത രാഗവും
പവിത്രകീർത്തിയെ ത്യജിച്ച നിങ്ങൾക്കു
സുഖത്തിനുകാലമൊരിക്കലുമില്ല
ഗമിക്കനാമെല്ലാം വനത്തിലിന്നിയും
ജനക പുത്രിയെ ഭജിക്ക ഞങ്ങളും
ജനമനോഹരൻ വരഗുണാകരൻ
പരമസുന്ദരപരനെ നിങ്ങളും
ഭരിച്ചു ശുശ്രൂഷിച്ചിരിക്കയല്ലാതെ
പുരത്തിലെന്തൊരു സുഖമിങ്ങുള്ളതു
ഭരതൻ ഭൂപനായ് വരികിലുമിനി
ഭരതന്റെ കീഴിലിരിക്കയില്ലാരും
ജനങ്ങളെ വധിച്ചറുത്തുനിൽക്കുന്നോ-
രവരുടെ കയ്യിലകപ്പെട്ടുള്ളൊരു
ജനങ്ങളെപ്പോലെ ചമഞ്ഞു നാമെല്ലാം
വനജം പോലുള്ള തിരുമുഖംകണ്ടു
വനവസീജനം രമിക്കുന്നേറ്റവും
തരകൾ വൃക്ഷങ്ങൾ സരോവരങ്ങളും
തപസ്സു ചെയ്തതിൻ ഫലമിന്നു വന്നു
വനജസുന്ദരവിലോചനം കണ്ടു
മുനിജനമെല്ലാം പരിമോദിച്ചീടും
സരസിജമൃദുപദന്യാസം കൊണ്ടു
അരണ്യഭൂമിയും പവിത്രമായീടും
അഗണ്യസൽഗുണവദനം കണ്ടിനി
അരണ്യവാസികൾ സപുണ്യരായിടും
ശരണ്യനെക്കണ്ട മൃഗവരങ്ങൾക്കും
അരയന്നങ്ങൾക്കും പരിമോക്ഷം വരും
അനന്യചിത്തരായിനിനാമെല്ലാരും
അരണ്യത്തിൽ ചെന്നു നടന്നു സാദരം
ശരണ്യപാദങ്ങൾ ഭജിക്ക സന്തതം
ധരിത്രിനായകൻ ദശരഥനൃപൻ
അതിക്രൂരതന്റെ വചനം കേൾക്കയാൽ
അതിക്രമമായി സുപുത്രനെക്കാട്ടിൽ
പരിത്യജിച്ചൊരു ചരിത്രമോർക്കുമ്പോൾ
അതിക്രൂരമെന്നേ പറയാവുശിവ
സുപുത്രനെക്കളഞ്ഞിരിക്കുന്നരാജ-
പുരത്തിലുള്ളോരെ പൊറുപ്പിച്ചീടുമോ?
ഗരളം ഭക്ഷിച്ചു മരിക്കയോയിനി
ജലധിയിൽ വീണു കുടിച്ചു ചാകയോ
നരവരനോടങ്ങനുഗമിക്കയോ
ഒരുമനുഷ്യനുമിരിക്കാതെ കാട്ടിൽ
ചരിച്ചുവീണുതാന്മരിച്ചുപോകയോ
നിരൂപമമായ തിരുമേനി ചിന്തി-
ച്ചുരുകുന്നു ബത കരളലിപ്പോഴും
സുരചിരമായങ്ങിരുന്ന കേശവും
വരനിടിലമോ തിലകഭംഗിയോ
സ്മരധനുസ്സിനോടുരസീടുംതിരു
പുരികത്തിനുടെ വടിവു മോഹനം
സരസിജദളവരനയനമോ
ഗരളമായുള്ളോരപാംഗഭംഗിയോ
വരമുകുരങ്ങൾ കരംകൊടുക്കുന്ന
കപോലയുഗ്മമോ തിരുനാസികയോ
മൃദുതരമായോരധരബിംബമോ
മൃദുസ്മിതങ്ങളോ മറപ്പതിന്നോർത്താൽ
ശരൽക്കാലോചിതലസൽചന്ദ്രബിംബം
തപിച്ചു കുമ്പിടും മുഖപ്രഭ തന്നെ
മരതകലസന്മകരകുണ്ഡലം
ദരഗളഭുവി ധരിച്ച ഹാരമോ
കനൽകടകശോഭിതജാനുബാഹു-
ദ്വിതീയം ചിന്തിച്ചാൽ മറക്കുന്നെങ്ങിനേ?
വിരിഞ്ഞമാറത്തങ്ങണിഞ്ഞഭൂഷണ-
വരങ്ങളും കണ്ടാലതിമനോഹരം
ത്രിവിക്രമാംശൃംഗാദിവയുമങ്ങിനേ
ധരിച്ചു തോൾക്കെട്ടു മുറുക്കി രാഘവൻ
ശരപ്രകാരങ്ങൾ നിറച്ചുള്ള രണ്ടു
ശരധിയുമിരുപുറത്തും നന്നായി
വഹിച്ചഥമഹാരജതം കെട്ടിയ
അധിചർമ്മത്സ്ഫുരൽകുരയുഗളിയും
വലിത്രയവിരാജിതമുദരവും
കടിതടവസദുകൂലശോഭയും
വരമരതകമയിസ്തംഭങ്ങളും
പരിചിൽ കുമ്പിടും വരോരുയുഗ്മവും
മുഖപ്രഭാതന്നെ സ്മരരഥവര
കരികുംഭങ്ങളും പരിതപിക്കുന്ന
ജഘനശോഭയും മുകുരമെപ്പൊഴും
ശരിപൊരുന്നൊരു മുഴങ്കാലുകണ്ടാൽ
അതിമനോഹരം മയൂരകണ്ണുകൾ-
ക്കുപമാനമായമനോഹരജംഘ
യുഗളഭംഗിയുംകമഠവര്യങ്ങൾ
നമനം ചെയ്യുന്ന പ്രപാദയുഗ്മവും
വിരൽനിരകളും വനജമ്പോലതി
മൃദുതരമായ പദകമലവും
മറക്കുന്നെങ്ങിനെ വരമരതക
നിറമാം ശ്യാമള തിരുമേനിതന്റെ
വടിവും കാന്തിയും പരമസുന്ദര-
ന്മലരടി തൊട്ടു തിരുമുടിയോളം
നിരൂപിച്ചുകണ്ടാലരികൾക്കും കൂടി
പിരിഞ്ഞുപോകുമ്പോൾ പരിതാപമുണ്ടാം
പുരവരന്തന്നിലിരിയ്ക്കുമോരോരോ
തരുണിമാരെല്ലാം പുരുഷരോടേവം
പറഞ്ഞുപീഡിച്ചും കരഞ്ഞുദീനരാ-
യിരിക്കുമ്പോൾ സൂര്യൻ മറഞ്ഞിതന്നേരം
രജനികാലത്തു ജനങ്ങളൊക്കയും
മനം കലങ്ങിയങ്ങിരുന്നാരെല്ലാരും
സമരപുംഗവനനുജന്താനുമായ്
സരസമോടോരോ വചനവുഞ്ചൊല്ലി
രഥിയായിട്ടവർ ഗമിച്ചു വേഗത്തിൽ
വ്യഥയുമെന്നിയെ നടത്തിപോകുമ്പോൾ
പലപലനാടും നഗരവും ദേശം
പലപലനദീകടന്നുപോകുമ്പോൾ
വഴിക്കുരാജാവേ പഴിച്ചുചൊല്ലുന്ന
വചനമെന്നിയേ ശ്രവിപ്പാനില്ലെങ്ങും
അനന്തരം വേദശ്രുതിയെന്നോരാറും
കടന്നുഗോമതി നദിയുംസ്യന്നികാ
നദിയതിനേയും കടന്നുതേരിന്മേൽ
ഗമിക്കുന്നനേരം സുമന്ത്രരോടോരോ
മനോരഥങ്ങളും പറഞ്ഞുപോകുമ്പോൾ
നിറന്നകോസലജനപദം കണ്ടു
പരിമോദിച്ചിതു സമരപുംഗവൻ
ഫലനിബിഡമാം കദളിവൃന്ദവും
പലപലതെങ്ങും കവുങ്ങുമിങ്ങിനെ
നലമുള്ളമാവും പനസവൃക്ഷവും
കുടജവും നല്ല കുവത്സകങ്ങളും
കുസുമങ്ങൾ നിറഞ്ഞതിമനോഹരം
കവലയങ്ങളും സുരചിരമായി
നടക്കാവുനല്ല വഴിയിലമ്പലം
പടുവായുള്ളോരോ ഭടന്മാർ വേഗത്തി-
ലിടപ്രഭുക്കന്മാർ ഭവനങ്ങൾ ഗ്രാമം
നിടിയവീഥികൾ കൊടിയതോരണം
ഇടയിടെ നല്ല വഴികളിലെങ്ങും
സുരലോകത്തോടു ശരിയാം കോസല
നഗരവും കടന്നനന്തരം രാമൻ
അതിലതിലുള്ള ജനങ്ങളൊക്കെയും
അതിദീനന്മാരായ് കരഞ്ഞു പിന്നാലെ
വരുന്നതുകണ്ടു പരിഖിന്നനായി
തിരുനയനത്തിൽ സ്ഫടികങ്ങൾ പോലെ
വരഗുണൻ രാമൻ ജലമൊഴുക്കിനാൻ
കരമെടുത്തുടൻ വിലക്കി ലോകരെ
കരയാതെയെന്നു പറഞ്ഞുപിന്നെയും
തിരിഞ്ഞുപോയാലും മഹാജനങ്ങളെ
തിരിയെ വന്നു ഞാൻ കൃതസമയാന്തെ
പരിതാപമെല്ലാം കളഞ്ഞിടുന്നുണ്ടു
ഭരതനുണ്ടു ഞാൻ വരുവോളം നേരം
ധരണിപാലിപ്പാനറികലോകരേ!
ഇതിങ്ങിനെ രാമൻ പറഞ്ഞയച്ചപ്പോൾ
രഥം വലം വെച്ചു കരഞ്ഞുഖിന്നരായ്
തൊഴുതുവാങ്ങിനാർ മൃതപ്രായന്മാരായ്
തിരിഞ്ഞയോദ്ധ്യയും തൊഴുതു രാഘവൻ
പറഞ്ഞാനിങ്ങിനെ പരിതാപത്തോടെ
പതിന്നാലുവർഷം വനേ വസിപ്പതി-
ന്നരിമയോടു നീയനുവദിക്കേണം
വനവാസാന്തത്തിൽ തിരിച്ചുവന്നിങ്ങു
മനമോടു കാണ്മാൻ വരമരുളേണം
വിപത്തുകൂടാതെ പെരുത്ത കാനനേ
വസിപ്പതിന്നുനീയനുവദിക്കേണം
ഇതിത്തരം രാമനരുൾ ചെയ്തു പിന്നെ
തിരിച്ചുദിക്കുകൾ വിലോകിച്ചും കൊണ്ടു
അഥരഘുവരൻ ത്രിപഥഗാതീരെ
ഗമിച്ചനേരത്തുനിറന്നൊരുഗംഗാ
ചിതത്തോടുകണ്ടാനിതിത്തരം തദാ
ക്വചിൽ ത്വരിച്ചുകൊണ്ടൊഴുകുന്നു വെള്ളം
ക്വചിൽ ചുഴിച്ചുകൊണ്ടതാ ശോഭിക്കുന്നൂ
ക്വചിൽ ജലാഘാതാട്ടഹാസമുഗ്രമായ്
ക്വചിൽ ഫേനം കൊണ്ടു ധവളമായേറ്റം
ക്വചിൽ തപസികൾ കുളിയ്ക്കുന്നദിക്കും
ക്വചിൽ സുരഗണം കുളിപ്പാനുള്ളേടം
ക്വചിൽ പുളിനങ്ങൾ വെളുത്തു മോഹനം
ക്വചിൽ പതുക്കവേയൊഴുകുന്നു ഗംഗാ
ക്വചിൽ തളം കെട്ടിയിളകാതെജലം
ക്വചിൽ ജലവേണിയുവതിയെപ്പോലെ
ക്വചിൽ ചകോരവുമരയന്നങ്ങളും
ക്വചിൽ തരുനിര വിളങ്ങുന്നു തീരെ
ഇവണ്ണമുള്ളൊരു നദിയെ കണ്ടവ-
നവശത കളഞ്ഞതിമുദിതനായ്
ഗുഹന്റെ പട്ടണമതുസൃംഗിവേര-
മതിന്നു നേരായിട്ടിരിയ്ക്കുമിംഗുദി
മരത്തിന്റെ നിഴലതിൽ ചെന്നു രാമൻ
വസതിയ്ക്കുനന്നെന്നുരചെയ്തുസൂതൻ
വസിക്കയെന്നപ്പോളിറങ്ങി തേരിന്നു
അനുജനോറ്റുമജ്ജനകജയോടും
മനം തെളിഞ്ഞവരവിടെ നിന്നപ്പോൾ
വെളിത്തിരിക്കുന്ന കുതിരകൾ തേരി-
ന്നഴിച്ചു താന്തന്നെ ത്വരിച്ചു സൂതനും
ജലപാനാദികൾ നിറുവഹിപ്പിച്ചാൻ
അഥനിഷദാധിപതിഗുഹൻ വന്നു
അതിഥിസൽക്കാരമിതത്തോടും ചെയ്താ-
നമാത്യവൃദ്ധന്മാരൊടുമൊരുമിച്ചു
അവിടെ വേണ്ടുന്നതൊരുക്കിയൊക്കെയും
അവനിനായകസുതന്തിരുമുമ്പിൽ
അടുക്കവന്നവൻ തൊഴുതുനിന്നപ്പോൾ
അതിമുദിതനായ് പറഞ്ഞുപെട്ടെന്നു
അയോദ്ധ്യപട്ടണമതെന്നതുപോലെ
അടിയന്റെ നാടെന്നറിഞ്ഞുകൊള്ളെണം
ദധിമധുഘൃതഫലപക്വാന്നങ്ങൾ
അധികമുണ്ടിങ്ങു വരുത്തിയിട്ടു ഞാൻ
മണിമഞ്ചങ്ങളും പതുപ്പുള്ള മെത്ത
ഗുണനിധേ നല്ല കുതിരകൾ തിന്നും
കബളാദികളും വരുത്തിയെന്നപ്പോൾ
നരവരഞ്ചൊന്നാൻ ഗുഹഓടിങ്ങിനെ
പരിമോദിച്ചു നിൻ ചരണയായത്താൽ
പരമൊരു വസ്തു വിശേഷിച്ചു വേണ്ട
പറഞ്ഞതിങ്ങിനെയടുത്തു ചെന്നഥ
പുണർന്നു ഗാഢമായതിസ്നേഹം കൊണ്ടു
പരിഗ്രഹിച്ചുഞാൻ മനസ്സുകൊണ്ടെന്ന
ങ്ങനുഗ്രഹിച്ചഥ പറഞ്ഞുപിന്നെയും
തപസ്സിൽ യോഗ്യമായിരിക്കുന്ന വന്യ
ഫലമൂലാദിയ്ക്കേ മനസ്സിനിയ്ക്കുള്ളു
തപസ്വി ഞാനെന്നു വരിച്ചുകൊള്ളണം
പിതാവിനേറ്റവും പ്രസാദമുണ്ടാവാൻ
കുതിരകൾക്കിതുകൊടുക്കവൈകാതെ
അതിനുയോഗ്യമായിരിക്കുന്നതെല്ലാം
ഇവണ്ണം രാഘവനിയോഗത്താലഥ
കുതിരകൾക്കപ്പോൾ കൊടുത്തിതു ഗുഹൻ
പരന്തപൻ രാമനനുജൻ കൊണ്ടന്ന
സുരനദിജലമുപയോഗിച്ചിതു
പതമുള്ള പുല്ലുമിലയും കൊണ്ടന്നു
ചിതമായിത്തന്നെ വിരിച്ചു ലക്ഷ്മണൻ
ജനമനോഹരൻ പദം കഴുകിന
ജലമുപയോഗിച്ചിരുന്നനുജനും
ജനകജയോടുമൊരുമിച്ചു രാമൻ
അനുജൻ കൊണ്ടന്നു വിരിച്ച ശയ്യയിൽ
മനുകുലവരൻ ശയിച്ചുറങ്ങിനാൻ
അനുജനായുള്ള സുമിത്രനന്ദനൻ
വനം കലങ്ങാതെ കുലച്ച വില്ലുമായ്
വിനാഴികപോലുമുറങ്ങാതെ നിന്നു
മനമതിൽ കാത്തു തമയനെ നന്നായ്
ഉറങ്ങുകയെന്നു ഗുഹൻ പറഞ്ഞപ്പോൾ
ഉചിതമല്ലെന്നു പറഞ്ഞു ലക്ഷ്മണൻ
ഉറക്കമെങ്ങിനെ വരുന്നിതുഗുഹാ
പുരനാരീജനസഹോദരനായ
പരമദഹരൻ പരമപൂരുഷൻ
പരിചുള്ള നല്ല മണിമഞ്ചത്തിന്മേൽ
ഉറങ്ങുന്ന രാമൻ വെറുനിലത്തിഹ
കിടന്നുകാണുമ്പോൾ പൊറുക്കുന്നെങ്ങിനേ
ദുരിതമല്ലയോ ശിവശിവയെന്റെ
കരളുരുകുന്നു നിരൂപിയ്ക്കുന്തോറും
പുരത്തിലുള്ളോരോരവസ്ഥ ചിന്തിച്ചാൽ
ഉറക്കമെങ്ങിനേ വരുന്നിതു ഗുഹാ!
നരപതിയായ ദശരഥന്തന്റെ
പരിതാപമോർത്താൽ പൊറുക്കുന്നില്ലേതും
സുതവിരഹം കൊണ്ടതിദീനനായി
പിതാവു സ്വർഗ്ഗത്തിലെഴുന്നള്ളും നൂനം
പിറന്നുനാലുപേരിതെന്നിരിക്കിലും
നരപതിക്കു കണ്മണി രഘുപതി
അയോദ്ധ്യയുമെന്റെ ജനനിമാരെയും
വയോധികന്മാരാം ഗുരുക്കന്മാരെയും
നയജ്ഞനാമെന്റെ പിതാവു തന്നെയും
നയനങ്ങൾ കൊണ്ടു വിലോകിച്ചീടുവാൻ
തരം വരുത്തുമോ പരദൈവമിനി
വരഗുണഗണമുടയകൌസല്യ
മരിയ്ക്കയെന്നിയെയിരിയ്ക്കയില്ലിനി
സുമിത്രയ്ക്കിന്നിയുമൊരുമകനുണ്ടെ-
ന്നുറച്ചു ജീവിച്ചിട്ടിരിയ്ക്കലാം ഗുഹാ!
ഇതിത്തരം കേട്ടു പെരുത്ത ദുഃഖത്താൽ
തൊഴിച്ചും കണ്ണുനീരൊഴുക്കിയും തദാ
ഇതിത്തരം നിശി സുമിത്രനന്ദനൻ
തപിച്ചു കാട്ടാളപതിയോടോരോന്നെ
പറഞ്ഞിരിയ്ക്കവേ പുലർന്നു രാത്രിയു
മുണർന്നു രാമനുമനുജനോടേവം
ഗുണമുള്ള തോണി വരുത്തുവാനായി
ഗുണനിധിചൊന്ന വചനം കേൾക്കയാൽ
അനുജൻ ചൊല്ലിനാൻ ഗുഹനോടു തദാ
വനത്രിപഥഗ കടപ്പതിനായി
വരുത്തിനാൻ ഗുഹൻ പെരുത്തതോണിയും
ധരിത്രിനായകതനയനോടേവം
പതുക്കെച്ചൊല്ലിനാൻ ഗുഹനുമന്നേരം
വിപുലമാം തോണിയിവിടെ വന്നിതു
വിമലമാം തോണി കടന്നീടാമിനി
ഇവണം കേട്ടുടൻ നരവരാത്മജൻ
ഗുഹനോടു ചൊന്നാനൊരു വചനവും
വടക്ഷീരമിപ്പോൾ വരുത്തേണമെന്നു
വടിവൊടു ചൊന്ന വചനം കേട്ടപ്പോൾ
വരുത്തിയാലിൻ പാൽ പെരികെക്കൊണ്ടന്നു
വരഗുണന്തന്റെ തിരുമുമ്പിൽ വെച്ചു
എടുത്തു രാഘവൻ മുടിയഴിച്ചിട്ടു
ധരിച്ചിതു ജടാവിരിച്ചു സാദരം
അടിവണങ്ങിയങ്ങനുജനും തദാ
അടിയനു ജടാധരിക്കേണമെന്നു
വടക്ഷീരമെടുത്തുടനെ ലക്ഷ്മണൻ
വടിവൊടു ജടാ ധരിച്ചതു കണ്ടു
ചുടചുടകണ്ണീരൊഴുകി സൂതനും
കൊടിയവേടനും കരഞ്ഞുദീനനായ്
മടയവരുടെ മുടിമണിതാനും
മുടിയണിവാനായ് തുടങ്ങിയ രാമൻ
അടവിയിൽ വന്നു മുനികളെപ്പോലെ
ജടധരിച്ചതുമവിടെ കണ്ടപ്പോൾ
അതിവിഷണ്ണയായ്ക്കരഞ്ഞുസീതയും
നരവരാത്മജനനുജനുമായി
കരങ്ങളിൽ വില്ലും ധരിച്ചു വീരന്മാർ
ഉറയിൽ വാളുമായരയിൽ ചേർത്തഥ
ശരധിയും കെട്ടി മുറുക്കിനന്നായി
പരിചകൾ കെട്ടി പുറത്തുമിട്ടഥ
സുരനദിതന്റെ സമീപത്തിൽ ചെന്നു
അരിമദഹരനനുജന്തോണിയിൽ
കരയേറി പിന്നെ ജനക പുത്രിയും
സുരവരോപമൻ നരവരാത്മജൻ
കരയേറി നിന്ന സമയത്തിൽ സൂതൻ
പരിചിൽ വന്ദിച്ചു പറഞ്ഞാനിങ്ങിനേ
മനുകുലവരമകുടരത്നമേ!
രവിശതകോടിസമരുചിപൂര!
അടിയനെന്തിതിങ്ങിവിടെവേണ്ടതു
അരുളിചെയ്യണം കരുണസാഗര!
പരിശുശ്രൂഷയും വഴിപോലെ ചെയ്തു
വരുന്നുതേരുമായടിയനും കൂടി
അതിന്നുനിന്തിരുവടിയനുവദി-
ച്ചരുളുക ഭവാൻ കൃപാനിധേ! രാമ!
തിരിഞ്ഞുപോവാനായ്പറയുന്നതാകിൽ
എരിയുമഗ്നിയിൽ രഥവും ഞാനുമാ-
യ്പതിച്ചുടന്തന്നെ മരിയ്ക്കുന്നുണ്ടു ഞാൻ
ജഗല്പതിയായ നിനക്കു വന്നൊരു
വിപത്തുനീക്കുവാൻ ജഗത്തിലാരുള്ളു?
ഹര! ഹര! ധർമ്മം പറിഞ്ഞുപോയിതോ
മറകളും സത്യം പഴുതേയായ്പോയോ
ഇരുമൂന്നുശാസ്ത്രമിരുന്നുപോയിതോ
പരദൈവങ്ങളും വരമുനികളും
വരന്തരുന്നതും പഴുതേയായിതോ?
സുമന്ത്രരിങ്ങിനെ കരഞ്ഞുചൊന്നപ്പോൾ
പരന്തപൻ രാമൻ കരം പിടിച്ചഥ
സരഭസം കണ്ണീർ തുടച്ചു രാഘവൻ
സരസമായതി മധുരമാം വണ്ണം
അനുനയം ചൊല്ലി തണുപ്പിച്ചു ശോകം
മനുകുലവരമ്പറഞ്ഞാനിങ്ങിനെ:
മതിമാനായ നീ സുമന്ത്രരേ! ചെന്നു
പിതാവിനോടേവം പറഞ്ഞു കേൾപ്പിയ്ക്ക
വിഷാദം കൂടാതെ മഹീപതേ നിന്റെ
സുതനിരിയ്ക്കുന്നെന്നറിയിയ്ക്ക മുന്നം
ജനകജാതാനും സുമിത്രസൂനുവും
മനം കലങ്ങാതെ വസിയ്ക്കുന്നെന്നതും
പതിന്നാലുവർഷം കഴിഞ്ഞു നിന്തിരു
വടിപാദങ്ങളെ വണങ്ങുമെന്നതും
സുഖമെചൊല്ലുക പിതാവിനോടു നീ
ഭരതനെച്ചെന്നു വിരിയകൊണ്ടന്നു
ഭരമവങ്കലാക്കുക രാജ്യത്തിന്റെ
പരിപാലിയ്ക്കട്ടെ ഭരതൻ നന്നായി
പറക മാതാവേ തൊഴുതു ഞാനിന്നു
ഒരുരോഗം കൂടാതിരിക്കുന്നെന്നതും
പറകമാതാവു പരിതപിയ്ക്കാതെ
ദിനം ‌പ്രതി രാമൻ ജനനിമാർ പദം
വണങ്ങുന്നെന്നതും പറഞ്ഞുകേൾപ്പിയ്ക്ക
അനന്തരം ചെന്നു ഭരതനോടിനി
ജനനിമാരെയങ്ങൊരുപോലെതന്നെ
അനുസരിപ്പാനും പറഞ്ഞുവെക്കേണം
ഇതിത്തരം പറഞ്ഞയച്ചു സൂതനെ
അതിദീനനായ ഗുഹനോടു ചൊന്നാൻ:
തവശൃംഗിവേരപുരത്തിലിന്നു ഞാൻ
വരാഞ്ഞതുകൊണ്ടു പരിതപിക്കാതെ
തിരിച്ചുവന്നു ഞാൻ തവ മനോരഥം
വരുത്തുന്നുണ്ടിതെന്നറിഞ്ഞുകൊള്ളുക
അരിനിരവന്നുകടന്നുപോകാതെ
കരുതിക്കൊള്ളുകഗിരിദുർഗ്ഗങ്ങളും
അനുനയം ചൊല്ലിത്തണുപ്പിച്ചുശോകം
മനുകുലവരനയച്ചുവേടനെ
നദീതരണത്തിനൊരുമ്പെട്ടാനഥ
നദീകടക്കുമ്പോൾ ജനകജാസീതാ
ത്രിപഥഗാതന്നെതൊഴുതുപ്രാർത്ഥിച്ചാൾ
അയോദ്ധ്യയിൽ വന്നു വസിക്കുന്നാകിലോ
അഖിലപാതകവിനാശിനീദേവി!
അഘമകറ്റുവാൻ വിരുതുള്ളനിന-
ക്കഭീഷ്ടമൊക്കയും തരുന്നതുണ്ടു ഞാൻ
ധരാസുരന്മാരിലൊരു നൂറായിരം
ഇരുത്തിപൂജിച്ചു നിനക്കുപദേശി-
ച്ചൊരു നൂറായിരം പശുക്കൾ നൽകുവൻ
സുമൃഷ്ടമായന്നം ധനങ്ങളും കൂടെ
കൊടുക്കുന്നുണ്ടു ഞാൻ വിപത്തു നീക്കുവാൻ
സഹസ്രസംഖ്യമായ് സുരഘടങ്ങളും
ഒരുമാംസോദനനിചയങ്ങൾകൊണ്ടും
പരിചിൽ പൂജകൾ കഴിയ്ക്കുന്നുണ്ടു ഞാൻ
സകലകന്മഷവിനാശിനീ ദേവി!
സകലനാശവുമകറ്റിടേണം നീ
ജനകനന്ദനാ തൊഴുതുമിങ്ങിനെ
മനസ്സിൽ നന്നായി നിനച്ചു പ്രാർത്ഥിച്ചാൾ
മനുകുലവരൻ നദീതരണത്തിൽ
മുനിജനങ്ങൾ ബാഹുജന്മാരും ചൊല്ലും
വിധിയാകും മന്ത്രം ജപിച്ചിതന്നേരം
മറുകരെച്ചെന്നു കരയേറിപ്പിന്നെ
നിറന്ന ഭാസ്കരകുലമണികളും
തരുണിരത്നമാമവളോടും കൂടി
നടന്നു ദക്ഷിണദിശിവരുന്നേരം
പറഞ്ഞുരാഘവനനുജനോടേവം
അരികുലമദഹരമനോഹരം
പെരുത്ത കാടിനി വഴികളൊക്കയും
നമുക്കിനി രക്ഷപരസ്പരം തന്നെ
ഗമിക്ക മുമ്പിൽ നീ നടുവിൽ സീതയും
ഗമിയ്ക്കുന്നു ഞാനും വഴിയെയെന്നവൻ
അരുളിച്ചെയ്തവർ നടന്നുപോകുമ്പോൾ
മറഞ്ഞുസൂര്യനെന്നറിഞ്ഞുമൂവ്വരും
വളർന്നരാജ്യമായതു വത്സ! വനം
വളർന്നകാനനേവളർന്നൊരു വൃക്ഷ-
മതിന്റെ മൂലത്തിലിരുന്നാരദ്ദിനം
ശരവും വില്ലുമായനുജൻ ചെന്നഥ
പെരുത്ത പന്നിയും കലയും പുള്ളിമാൻ
ത്വരിച്ചു പിന്നെയും ചിനക്കൊമ്പുള്ള മാൻ
അരക്ഷണം കൊണ്ടു കൊല ചെയ്തു നാലും
പചിച്ചു രാമന്റെ വിശപ്പു തീരുവാൻ
കൊടുത്തു രാഘവൻ ഭുജിച്ചു സീതയും
സുമിത്രനന്ദനൻ വിരിച്ചിരിക്കുന്ന
കുശദർഭകളിൽ ശയിച്ചു രാഘവൻ
ധരിത്രിനായകതനൂജനും തന്റെ
ചരിത്രമൊക്കയും മനസ്സിൽ ചിന്തിച്ചു
പെരുത്തശോകവും കടുത്ത കോപവും
കലർന്നു തന്നുടെയനുജനായുള്ള
സുമിത്രസൂനുവേ വിളിച്ചുചൊല്ലിനാൻ
അവരജാ!യെന്റെ തനൂജ! സൌമിത്രേ!
തവജനനിതാന്തവവിരഹംകൊ-
ണ്ടവശതപൂണ്ടു കരഞ്ഞിടും പാരം
അവളുടെ ശോകം കളവതിന്നായി
ഝടിതിപോയാലുമയോദ്ധ്യയിലിനി
അനുജൻ ശത്രുഘ്നനവിടെയില്ലല്ലോ
അവളുടെ താപം കളെക നീ ചെന്നു
മമജനനിയും നിരാധാരയായി
സുമുഖ! നാളേനീയയോദ്ധ്യയിൽചെന്ന-
ങ്ങവളേയും രക്ഷിച്ചിരിയ്ക്ക സൌമിത്രേ!
സുകുമാര!യെന്റെയനുജ! ലക്ഷ്മണ!
സുഖമേ ഞാൻ ചൊന്ന വചനം കേട്ടാലും
സുഖങ്ങളെന്നിയേയയോദ്ധ്യവാസികൾ
പരിഖിന്നരായി വസിക്കും നിർണ്ണയം
പെരിക സന്തോഷിച്ചിരിക്കും കൈകേയി
ഭരതനുമിനിയയോദ്ധ്യയിൽ വന്നു
പരമദുഷ്ടയും മകനുമായ് കൂടി
നിരൂപിച്ചുനമ്മെക്കൊലചെയ്തീടുവാൻ
അറിവിച്ചാരെന്നുവരികിലും താതൻ
അനുവദിച്ചെന്നു വരികയില്ലയോ?
അറിയാമോദൈവഗതികളൊക്കെയും
ത്രിവർഗ്ഗം മൂന്നിലും വലിയതുകാമ-
മിവണ്ണം തോന്നുന്നു നിരൂപിക്കുന്തോറും
അതിമൂഢനായ മനുഷ്യനെങ്കിലും
അനുകൂലനായ സുതനെയെങ്ങാനും
അബലമാരുടെ വചനം കേൾക്കയാൽ
അടിച്ചുകാനനേകളെകയെന്നതും
ജഗത്തിലെങ്ങാനുമൊരുത്തൻ ചെയ്യുമോ?
സുഖിഭരതനിന്നവനല്ലോരാജ്യ-
മകണ്ടകമായി പരിപാലിക്കുന്നൂ
സുരലോകം പോലെ തഴച്ചുള്ള നാടും
ഭരിപ്പാനെത്തുമോ സുകൃതിയ്ക്കല്ലാതെ
സുഭഗതാനെന്നോരഭിമാനംകൊണ്ടു
സുഖമേ കൈകേയിയുപദ്രവിച്ചീടും
സുമിത്രതന്നെയും മമജനനിയാം
സുമുഖികൌസല്യാദികളെയൊക്കയും
ത്വരിച്ചുനാളെ നീയയോദ്ധ്യയിൽ ചെന്നു
ഭരതന്റെ കയ്യിൽ മമമാതാവിനെ
ഭരമേല്പിക്കേണം പരമസുന്ദര!
ഭരിച്ചീടുമെന്നാൽ ഭരതൻ മാതാവേ!
ത്യജിക്കയില്ലെന്നു മനസ്സിൽ തോന്നുന്നു
ജനനിതാന്തന്നെ ഗൃഹത്തിങ്കൽ നന്നാ-
യനുസരിക്കുന്നശുകാംഗനാതാനും
ജനനിക്കു പ്രീതി വരുത്തുമെന്നെക്കാൾ
ശുകാംഗനാ ചെന്നു ശുകത്തോടു ചൊല്ലും
ശുകമേകൌസല്യാരിപുപദത്തെനീ
സുഖമേ കൊത്തെന്നുമൊഴികൊണ്ടെങ്കിലും
ശുകാംഗനാ ചൊല്ലുമതിനോടും കൂടി
ശിവശിവയെന്നാലുപകരിപ്പാനും
തരം വന്നീലല്ലോ പരമസുന്ദര!
പരിചോടുപെറ്റുവളർത്തിനോരമ്മെ-
യ്ക്കൊരു നേരം പോലുമുപകരിപ്പാനും
തരം വന്നീലെല്ലോ നരവരാത്മജ!
ഒരുശരം കൊണ്ടു ഭുവനമൊക്കയു
മൊടുക്കുവാന്മമബലമില്ലാഞ്ഞല്ല
അധർമ്മമെന്നു ഞാനടങ്ങി ലക്ഷ്മണ!
അതെന്നിയേ ഭയം കരുതിയല്ലെടോ!
അയോദ്ധ്യയും വിട്ടു വനത്തിൽ പോന്നതും
പരമദുഷ്ടയാം ഭരതമാതാവു
പിറന്നതു മൂന്നു ക്രിയകൾ ചെയ്‌വാനായ്
ഭരതനു രാജ്യപ്രദാനത്തിന്നായും
നരപതി ദശരഥനെക്കൊലവാനും
അരണ്യത്തിലെന്നെക്കളേവാനായിട്ടും
വളർന്നുകോപവുമെഴുന്നശോകവും
കളർന്നമോഹവും കളഞ്ഞുദീനനാ-
യ്പറഞ്ഞു രാഘവനനുജനോടേവം:
അടങ്ങി വേഗമെന്നറിഞ്ഞുലക്ഷ്മണ-
നനുനയം ചൊല്ലി ത്തണുപ്പിച്ചുശോകം
അനന്തരം രാത്രി പുലർന്നു മൂവരും
നടന്നു ഗംഗയും യമുനയും കൂടു-
ന്നെടത്തു കണ്ടിതു ഭരദ്വാജാശ്രമം
ദിനകരൻ പോയി മറഞ്ഞിതു തദാ
മുനിവരനെക്കണ്ടഭിവാദ്യം ചെയ്തു
അനുനയത്തോടു കുശലവും ചൊല്ലി
മുനിവരന്തന്നെ തൊഴുതുനിന്നഥ
മനുവരനേവം പറഞ്ഞുസാദരം
അടിയൻ ബാഹുജവരനാകുന്നൊരു
രവികുലമണി ദശരഥാത്മജൻ
അനുജനാമിവൻ സുമിത്രനന്ദനൻ
ജനകരാജന്റെ തനൂജയായിമിവൾ
വനത്തിനു താതനയയ്ക്കകാരണം
മുനിപ്രവര ഞാൻ തനിച്ചുപോന്നതും
ത്രികാലജ്ഞനായ മുനിയോടിങ്ങിനെ
സകലവൃത്തവും ചുരുക്കിചൊല്ലിനാൻ
കവലായക്ഷന്റെ വചനങ്ങൾ കേട്ട-
ങ്ങവശത പൂണ്ടു മുനിവരഞ്ചൊന്നാൻ
അവസ്ഥകളെല്ലാമറിഞ്ഞുമുമ്പേ ഞാൻ
അരികുലമദഹര! മനോഹര:
പരിതപിയ്ക്കാതെ കുശലമായ്‌വരും
ഇതിത്തരം മുനിയനുഗ്രഹിച്ചഥ
അതിഥിസൽക്കാരം വഴിപോലെ ചെയ്താൻ
അതൊക്കെയുമംഗീകരിച്ചതിൽത്തന്നെ
വസിച്ചാർ മൂവ്വരുമതിലന്നേദിനം
ഉദിച്ചുരാഘവൻ പുറപ്പെട്ടനേരം
വദിച്ചു സാദരം ഭരദ്വാജമുനി
ഇരിയ്ക്കേണം നിങ്ങളിതിൽത്തന്നേയിനി
വസതിയെ കെട്ടി വഴിപോലെരാമ!
മനം തെളിഞ്ഞഥ വണങ്ങിരാഘവൻ
മുനിവരനോടു പറഞ്ഞാനിങ്ങിനെ
ജനങ്ങൾ വന്നിങ്ങു നിറഞ്ഞുപോമിപ്പോൾ
മനം കലങ്ങിയങ്ങവധി കൂടാതെ
ജനകജാതന്നെ വിലോകിപ്പാനായു-
മനുജന്തന്നെയുമടിയനേതാനും
മനമൊടുകാണ്മാൻ ജനങ്ങൾ വന്നിടും
അതുകൊണ്ടു ഞങ്ങൾ ഗമിച്ചിടുന്നിപ്പോൾ
അനുവദിയ്ക്കേണം കരുണവാരിധേ!
മനുകുലവരനരുളിച്ചെയ്തപ്പോൾ
മുനിവരഞ്ചൊന്നാനനുസരിച്ചേവം
ഇവിടെയല്ലെന്നുവരികിൽ മന്നവ!
തവവസതിയ്ക്കു പെരികനല്ലൊരു
ഗിരിചിത്രകൂടമതെന്നറിഞ്ഞാലും
ദശക്രോശമുണ്ടിങ്ങിവിടുന്നുപോവാൻ
ഗിരിചിത്രകൂടമതിലേയ്ക്കുവീര!
ദുരിതമൊക്കയുമകറ്റീടുന്നൊരു
ഗിരിചിത്രകൂടം വരമായതേറ്റം
വരതരുക്കളും പെരികയുണ്ടതിൽ
സുരഭിപുഷ്പത്തിൻ പരിമളം കൊണ്ടു
നിരന്തരമായിട്ടിരിയ്ക്കുമെപ്പൊഴും
നിറന്ന ചെമ്പകമരങ്ങളും പല
പെരിയ ചന്ദനമരങ്ങളുമതിൽ
നിറഞ്ഞ മല്ലിക വിരിഞ്ഞ മുല്ലകൾ
ഫലനിബിഡമാം കദളിവാഴകൾ
പല കർപ്പൂരങ്ങൾ വിളയും വാഴകൾ
കലങ്ങാതെവെള്ളം തെളിഞ്ഞോരോനദി
നലമുള്ള തെങ്ങും കമുങ്ങുമുണ്ടതിൽ
സുരഭിപുഷ്പത്തിൻ പരിമളത്തിനാൽ
നരിവണ്ടത്താന്മാർ മുരണ്ടുമണ്ടിയും
മധുപാനം ചെയ്തങ്ങതികുതുകേന
മധുപവീരന്മാർ മദിച്ചുമങ്ങിനെ
ശുകം കുയിൽ മയിൽ ചകോരവും മാനും
കലർന്നു ജന്തുക്കൾ കളിച്ചുമോടിയും
സുഖത്തോടങ്ങതിൽ വസിയ്ക്കുന്നു രാമ!
മുനിജനങ്ങൾക്കു തപസ്സുകൾ ചെയ്‌വാൻ
മനുകുലവര! പെരിക നന്നെടോ!
അവിടെ ചെന്നൊരു പ്രദേശത്തിൽ നന്നായ്
അവശത കളഞ്ഞിരിയ്ക്ക രാഘവ!
ഇവിടുന്നു നേരേ പടിഞ്ഞാറു ചെന്നാൽ
അവിടെ കാളന്ദീയതിലൊരു തീർത്ഥം
അതിൽക്കൂടെ ചെന്നു നടന്നു കാളിന്ദി
അതിശുഭയായ പുഴ കടക്കേണം
ഗുണങ്ങളെക്കൊണ്ടും മരങ്ങളെക്കൊണ്ടും
ഗുണനിധേ! പാണ്ടി ചമച്ചുകൊണ്ടഥ
ഗുണമേറുന്നദീകടന്നനന്തരം
നടന്നു രണ്ടു നാഴിക വഴി ചെന്നാൽ
വടവൃക്ഷമുണ്ടങ്ങതിമനോഹരം
മുളകളും പ്ലാശുമരങ്ങളുമതിൽ
വളരെയുണ്ടതിൽ വഴിയിലൊക്കയും
വരമയമായ വടവൃക്ഷം തന്നെ
സുരമുനി ജനം വണങ്ങുമെപ്പൊഴും
വടവൃക്ഷം തന്നെ വലം വെച്ചു രാമ
നടന്നു ചിത്രമാം ഗിരികൂടം തന്നിൽ
വടിവോടു നിങ്ങൾ വസിയ്ക്കയെന്നവൻ
അനുഗ്രഹം ചെയ്തങ്ങയച്ചു മാമുനി
സുവിഗ്രഹന്മാരാം രഘുക്കളുമപ്പോൾ
ഗമിച്ചു വേഗത്തിലടുത്തു കാളിന്ദീ
കടപ്പതിന്നായി വിളിച്ചനുജനെ
വദിച്ച നേരത്തു ത്വരിച്ചു ലക്ഷ്മണൻ
ഉണങ്ങിയ നല്ല മുളകളും പല
ഉശീരമെന്നിവ മുറിച്ചു കൊണ്ടന്നു
ഗുണങ്ങളാലഥ ചമച്ചു സംഘാടം
ഗുണഗണമുള്ള ജനകജതാനും
ഉരുണ്ടുപോകാതെയിരിപ്പതിന്നായി
ഇരിപ്പുപഞ്ഞികൊണ്ടിതത്തിൽ നിർമ്മിച്ചു
പരികരങ്ങളുമതിന്മേലേറ്റിനാൻ
പരമസുന്ദരി ജനകജാതന്നെ
വരഗുണൻ രാമനെടുത്തുകൊണ്ടുപോയ്
പരിചിൽ പണ്ടിമേലിരുത്തിയിട്ടഥ
ഇരുവരുമോരോ കരങ്ങളെക്കൊണ്ട-
ങ്ങിരുപുറമവർ പിടിച്ചു വീരന്മാർ
ഉരുണ്ടുപോകാതെ പിടിച്ചു സംഘാടം
പരിചിൽ നീന്തിനാരതു സമയത്തിൽ
ജനമനോഹരനുറക്കെനീന്തിനാൻ
ജനകനന്ദന തൊഴുതു പ്രാർത്ഥിച്ചാൾ
മനമൊടു കാളിന്ദിയെ വഴിപോലെ
മനുകുലവരനനുജന്താനുമായ്
വനമതിൽച്ചെന്നു പതിന്നാലാമാണ്ടു
കൃതസമയവും പരിഹരിച്ചഥ
തിരിയെ വന്നിങ്ങു പുരിയിൽ പൂകുമ്പോൾ
സുരഘടങ്ങളുമൊരുമാംസോദനം
പെരികെക്കാളിന്ദീ തരുന്നതുണ്ടു ഞാൻ
ധരാസുരന്മാരെ വഴിപോലെ പൂജി-
ച്ചുരുതരമായി കൊടുത്തു ദക്ഷിണാ-
വഴിയിൽ സങ്കടമകന്നുവെന്നാകിൽ
വഴിപോലേ പൂജാ കഴിയ്ക്കുന്നുണ്ടു ഞാൻ
ഇതിങ്ങിനേ ദേവി തൊഴുതുപ്രാർത്ഥിച്ചു
നദികടന്നവർ ഭരദ്വാജൻ ചൊന്ന
പെരിയ പേരാലു വലം വെച്ചു സീതാ
അഭിമതങ്ങളെ വഴിപോലെ പ്രാർത്ഥി-
ച്ചതു കടന്നങ്ങു നടന്നു ചെന്നഥ
നടന്നുകോശമാത്രമങ്ങതുനേരം
വടിവുള്ള ദിനകരന്മറഞ്ഞിതു
യമുനകാനനമതിലൊരുനദി
സമീപത്തിലവർ വസിച്ചാർ മൂവ്വരും
പുലർന്നു രാത്രിയുമുണർന്നു രാമനും
അനുജൻ ലക്ഷ്മണൻ തളർന്നുദീനനായ്
വനമതിൽ കിടന്നുറങ്ങിപ്പോകയാൽ
ഉണർത്തിരാഘവനെഴുനീൽ‌പ്പിച്ചഥ
ഗമിച്ചാർ മൂവ്വരും ത്വരിച്ചു കാനനേ
സുരഭിപുഷ്പങ്ങൾ തരം തരം കണ്ടു
സുകുമാരനായ രഘുവരനോടു
തരുണിമാർ മണി ജനകജതാനും
സരസം പൂക്കൾ തൻ വരനാമങ്ങളും
ഗുണങ്ങളുമോരോന്നുടനേ ചോദിച്ചു
മതിനെ രാഘവൻ പറഞ്ഞുകേൾപ്പിച്ചു
ഭരതാനുജനെ വിളിച്ചു രാഘവൻ
പറിച്ചുകൊണ്ടന്നു കൊടുപ്പാഞ്ചൊല്ലിയും
അനന്തരമവർ നടന്നുപോകുമ്പോൾ
വനം കണ്ടൂ രാമൻ മനം തെളിഞ്ഞുടൻ
അനുജനോടേവം പറഞ്ഞുപിന്നെയും
അനുജലക്ഷ്മണ! സുകുമാരവീര!
വനം കണ്ടാലെന്റെ മനം തണുക്കുന്നു
കരിമ്പിൻ കൂട്ടവും കദളിവൃന്ദവും
കരിങ്ങാലിമുളപെരിയജംബീരം
കരവകങ്ങളും കവലയങ്ങളും
സരസ്സുകൾ നല്ല കളഹംസങ്ങളും
ഫലനിബിഡമാം പനസവൃക്ഷവും
പലനാളികേര തരുക്കളുമതിൽ
ജലം തെളിഞ്ഞുള്ള നദികളുമതിൽ
ജലജങ്ങൾ കൊണ്ടു തെളിഞ്ഞുമേറ്റവും
മണമുള്ള സുമമണിഞ്ഞ മല്ലിക
ഗുണമേറുന്ന കേതകിയും മുല്ലയും
പരിമളമുള്ള പെരിയ ചന്ദന-
മരങ്ങൾ കിംശുകതിമിശമെന്നിവ
മധുരമേറും മാമ്പഴമുള്ള മാവും
പതിനാഴിത്തേനുണ്ടൊരു മരത്തിന്മേൽ
വസതിയ്ക്കു നല്ലതിവിടം ലക്ഷ്മണ!
നടന്നുമിങ്ങിനെ പറഞ്ഞും ചിത്രകൂ-
ടമെന്നതിൽ ചെന്നങ്ങുടജം നിർമ്മിപ്പാൻ
നടന്നുനോക്കുമ്പോളുടനെ വാത്മീകി-
യുടൻ തപസ്സിനായിരുന്നതുകണ്ടു
സ്വനാമത്തെച്ചൊല്ലിയഭിവാദ്യം ചെയ്തു
പറഞ്ഞുവൃത്താന്തം കഴിഞ്ഞതൊക്കെയും
വരമുനിതോഷിച്ചനുഗ്രഹം ചെയ്തു
ചരിതമെപ്പേരുമറിഞ്ഞുമാമുനി
ഒരുപ്രദേശത്തിലിരിപ്പാനും ചൊല്ലി
ഉറപ്പിച്ചു നന്നായ് രഘുവരനോടു
മറുദിനം തന്റെയനുജനെ വിളി-
ച്ചനുനയത്തോടു പറഞ്ഞുരാഘവൻ
സുരുചിരമിതിസ്ഥലമിപ്പോൾ നമു-
ക്കിരിപ്പതിന്നായിട്ടിവിടെ ലക്ഷ്മണ!
വരതരുക്കൾ പുല്ലുകളും കൊണ്ടു നീ
ഒരുപർണ്ണശാല ചമയ്ക്കയെന്നപ്പോൾ
ഗുണങ്ങളും പല മരങ്ങളുമെല്ലാം
തൃണപർണ്ണങ്ങളും ഗുണവാൻ കൊണ്ടന്നു
ഗുണമുള്ള നല്ലൊരുടജം നിർമ്മിച്ചാൻ
ഒരു മൃഗത്തെയും ഹനിച്ചു ലക്ഷ്മണൻ
വിറകിട്ടു തീയ്യും പെരുക്കിയങ്ങതിൽ
വറട്ടികൈകാലും കളയാതെയെല്ലാം
കൊടുത്തുകൊണ്ടന്നു രഘുവരൻ കയ്യിൽ
കുളിച്ചുരാമനുമതിന്റെ മാംസത്താൽ
യജിച്ചുവാസ്തുവെ യഥാശാസ്ത്രമായി
ചുരുക്കി മന്ത്രങ്ങൾ ജപിച്ചു രാഘവൻ
കുളിച്ചുപിന്നെയും ശുഭമുഹൂർത്തംകൊ-
ണ്ടടുത്തു പർണ്ണശാലയും പ്രവേശിച്ചു
സുഖമായിട്ടതിൽ വസിച്ചാർ മൂവരും
സുരുചിരമായ വനപ്രദേശത്തിൽ
സുഖമായിവന്നു പരിചയം കൊണ്ടു
സുഖവും ദുഃഖവും മനസ്സിൽ തോന്നുവാൻ
ചിരപരിചയമതുകൊണ്ടു തന്നെ
ജനനഭൂമിതാൻ വനമെന്നാകിലും
വനേവസിപ്പാനും മനം കലങ്ങിടും
പരിചയിയ്ക്കാഞ്ഞാൽ സുഖം തോന്നാ നൂനം
അറിവുള്ളോർകൾക്കുനിനച്ചുകാണുമ്പോൾ
ധരണിയൊക്കയും സ്വദേശമായീടും
മണിമാളികയിലണിമെത്തകളിൽ
മണമുള്ള പുഷ്പം വിരിച്ചു മേവുന്ന
മനുവരനേറ്റം സുഖമായി വന്നു
തൃണപർണ്ണങ്ങളിൽ ശയിയ്ക്കയെന്നതും
ശിവ! ശിവ! മായാവിചിത്രതയോർത്താൽ
അനന്തരം നിഷാദനോടു കൂടവെ
സുമന്ത്രർ ശൃംഗിവേരമെന്നതിൽ ചെന്നു
പരന്തപന്തന്റെ ഗുണങ്ങളൊക്കയും
പറഞ്ഞുപീഡിച്ചങ്ങിരുന്നു നാലുനാൾ
നരവരന്തന്റെയിരിപ്പെവിടെയെ-
ന്നറിഞ്ഞുപോവാനായിരുന്നു സൂതനും
പുരമയോദ്ധ്യയിലകം പൂകുന്നേരം
ശിവ! ശിവ! ശോകം പറഞ്ഞുകൂടുമോ?
പുരവാസികളും നരവരന്മാരും
നരനാരീജനമൊരുമിച്ചെല്ലാരും
വരഗുണൻ രാമനിരുന്നുപോയോരു
വരരഥം കൊണ്ടുവരുന്ന സൂതന്റെ
വരവുകണ്ടപ്പോൾ കരഞ്ഞെല്ലാവരും
പറഞ്ഞവാക്കുകൾ പറഞ്ഞുകൂടുമോ?
പരമദഹരനവനെയെങ്ങുനീ
പരിത്യജിച്ചെന്നുരച്ചുകേചന
കളമൊഴിയാളാം ജനകജാതന്നെ-
ക്കളഞ്ഞുവന്നിതോ സുമന്ത്രരെയെന്നും
ഇതിത്തരം കേട്ടു പെരുത്ത ദുഃഖത്താൽ
മുഖത്തുനോക്കാതെനടന്നു സൂതനും
വരുന്നതുകണ്ടു വരാംഗികളായ
നരപതിതന്റെ തരുണിമാരെല്ലാം
കരഞ്ഞുമേടയിന്നിറങ്ങിവന്നപ്പോൾ
പരിതാപംകൊണ്ടു നടന്നു സൂതനും
പെരിയകെട്ടുകളിരുനാലും തദാ
കടന്നുദീനനായിരിയ്ക്കും ഭൂപന്റെ
പദം വണങ്ങിനാനനുശോകത്തോടെ
മതിമാൻ സൂതനെ വിലോകിച്ചു നൃപൻ
മതിയും കെട്ടുപോയ്‌വലഞ്ഞുദീനനായ്
ഇരുന്നൊരുനേരം കരഞ്ഞുമമ്മമാർ
പറഞ്ഞാരോരോരോവചനമിങ്ങിനെ
സുകുമാരനായ കുമാരനെക്കാട്ടിൽ
സുഖമേകൊണ്ടുപോയ്ക്കളഞ്ഞിതോസൂത!
നിരുപമഗുണചരിതനായവൻ
തിരിയെവന്നിങ്ങുവിലോകിപ്പാനുണ്ടോ
തരം വരുത്തുന്നു പരദൈവമിനി
ഭരതമാതാവും നരപതിതാനും
ഒരുമിച്ചുവാണങ്ങിരിക്കട്ടെയിനി
പരമസുന്ദരൻ മകൻ മനോഹരൻ
പിരിഞ്ഞിരിയ്ക്കയിൽ മരിയ്ക്ക നല്ലതും
ഇതിങ്ങിനെരാമജനനിമാരെല്ലാം
കരഞ്ഞുഭൂമിയിൽ കിടന്നുരുളുമ്പോൾ
പെരുത്തൊരു ദുഃഖം പൊറുക്കരുതാഞ്ഞു
ധരിത്രിനായകൻ പതിച്ചാൻ ഭൂമിയിൽ
സുമിത്രയും രാമൻ ജനനിയും കൂടി
അടുത്തടുത്തുടനിരുത്തിനാൻ തദാ
നെടിയ ശ്വാസവും തെരുതെരെവീർത്തു
വടിവിനോടൊരു വചനം ചൊല്ലുവാൻ
അരുതാതെയൊന്നും പറയാതെ ഭൂപ-
നിരുന്നനേരത്തു പറഞ്ഞാൾ കൌസല്യാ
സൂതന്റെ വൃത്താന്തം സുമന്ത്രരോടിപ്പോൾ
പറവാനെന്തിനു ഭയപ്പെടുന്നു നീ
ഭരതമാതാവുപറയുമെന്നുള്ള
പരിഭ്രമം നിനക്കൊരിയ്ക്കലും വേണ്ട
പരമദുഷ്ടയാമിവളിവിടെയി-
ല്ലറികമന്നവപരിതാപം വേണ്ടാ
സുകുമാരനായ കുമാരന്തന്നുടെ
കുശലം ചോദിയ്ക്ക സുമന്ത്രരോടിപ്പോൾ
ക്ഷതക്ഷാരം പോലെ പറഞ്ഞതുകേട്ടു
ക്ഷിതിപതി ചൊന്നാൻ സുമന്ത്രരോടേവം
പരിതാപമിനിക്കെളുതല്ല സൂത!
പറകയെന്നുടെ മകൻ ഗുണാകരൻ
അരണ്യത്തിലേതുമരത്തിന്റെ കീഴിൽ
ഇരിയ്ക്കുന്നെന്നതും പറെകവൈകാതെ
പിരിഞ്ഞുനീയിങ്ങു തിരിച്ചുപോരുമ്പോൾ
പറഞ്ഞതെന്തെല്ലാം പറെക നീയിപ്പോൾ
പരന്നവമ്പടയൊടുഗമിക്കുന്ന
പരന്തപൻ താനെ നടന്നുപോയിതോ
നിറഞ്ഞമുള്ളുകൾ പരന്ന കല്ലിലും
കരംഗലോചനാ നടന്നതെങ്ങിനെ?
സുമന്ത്രരെയവർ പറഞ്ഞതൊക്കയും
പറെകയെന്നപ്പോൾ പറഞ്ഞു സൂതനും
സുരനദീതന്റെ തരണത്തിൽനിന്നു
തിരിഞ്ഞുപോകയെന്നരുൾ ചെയ്തു രാമൻ
ഇവണ്ണം രാഘവൻ പറയുമ്പോൾ ശോകാൽ
അവശതപൂണ്ടു ഭൃതാശ്രുനേത്രനായ്
പറഞ്ഞുഗൽഗദസ്വരത്തോടുമേവം
അനുഗമിയ്ക്കുന്നിതടിയനുമെന്നു
മനുവരനോടുമുണർത്തിയിട്ടേതും
അനുവദിയാതെ പറഞ്ഞയച്ചിതു
ചുരുക്കിരാഘവൻ വചിച്ചാനിങ്ങിനെ
ധരിത്രിനായക പദാംബുജങ്ങളെ
മനസ്സിൽ സന്തതം നിനയ്ക്കുന്നിതെന്നും
അനുദിനം നിന്റെ തിരുവടിയിണ
വണങ്ങുന്നെന്നതും പറെവാൻ ചൊല്ലിനാൻ
ഭരതമാതാവെ തൊഴുതു ഞാനെന്നും
പരമസുന്ദരൻ പറെവാൻ ചൊല്ലിനാൻ
ജനനികൌസല്യാപദങ്ങളെനന്നായ്
വണങ്ങുന്നെന്നതും പറെകയെന്നവൻ
പറഞ്ഞുപിന്നെയും ഭരതനെ നന്നാ-
യനുസരിപ്പാനായ് വിശേഷിച്ചും ചൊല്ലി
പരിഭവം വിട്ടു ഭരതമാതാവോ-
ടൊരുമിച്ചുനന്നായനുസരിപ്പാനും
പറഞ്ഞുകൌസല്യയ്ക്കിതുവിശേഷിച്ചും
ഭരതനോടൊരു വചനം ചൊല്ലുവാൻ
പരമപൂരുഷൻ പറഞ്ഞുപിന്നെയും
ഭരതന്തന്നുടെ ജനനിയെപ്പോലെ
ഒരുഭേദമേതും പുറത്തുകാട്ടാതെ
പരിരക്ഷിപ്പാനും മമമാതാവിനെ
ധരാപരിത്രാണം വഴിപോലെ ചെയ്ക
ധരാപതിയായ ദശരഥൻ തന്റെ
പരിശുശ്രൂഷയും വഴിപോലേ ചെയ്തു
പുരത്തിൽ വാഴുവാൻ പറഞ്ഞു രാഘവൻ
ധരിത്രിനായക! സുമിത്രനന്ദൻ
വിറച്ചു ദേഹവും പെരുത്ത കോപത്താൽ
ഉരത്ത വാക്യങ്ങൾ പറയാവല്ലേതും
നിരപരാധനായിരിക്കും രാമനെ
പരമദുഷ്ടതൻ വചനവും കേട്ടു
പരിത്യജിച്ചെല്ലോ നരവരനിപ്പോൾ
ധരാപരിത്രാണം ഭരതൻ ചെയ്തിഹ
ധരിത്രിയിൽ വാണങ്ങിരിക്കുമോയിനി?
ദശമിയായുള്ള ദശരഥനെന്റെ
പിതാവല്ലെന്നതു പറവാഞ്ചൊല്ലിനാൻ
പിതാവും തന്നുടെ ജനനിയായതും
രഘുവരനെന്നു പറഞ്ഞു ലക്ഷ്മണൻ
ജഗൽ പ്രിയനായ രഘുപ്രവീരനെ
പരിത്യജിച്ചങ്ങു സുഖിച്ചു വാഴാമോ
ഇതിത്തരം പല വചനം കോപിച്ചു
സുമിത്രനന്ദനൻ വചിച്ചാനിങ്ങിനെ
തരുണിമാർമണി തരള ലോചന
കരഞ്ഞുമിണ്ടാതെയിരുന്നാൾ ജാനകീ
സുരനദി തന്നെ കടന്നുമൂവരും
മറവോളം നേരമിരുന്നു ഞാനഥ
തിരിച്ചുപിന്നെയും വിളിപ്പിക്കുമെന്നു
വസിച്ചു നാലുനാൾ ഗുഹന്റെ ദേശത്തിൽ
തിരിച്ചു ഞാനിങ്ങു വരുന്ന നേരത്തു
തരുക്കളും നല്ല കുസുമമാദിയായ്
നിറക്കുന്നില്ലെങ്ങും വഴികളിൽ ഭൂപ!
പരിമളമുള്ള കുസുമമൊക്കയും
പരിമളവുമ്പോയ് നിറവുമെന്നിയേ
കരഞ്ഞു ദീനരായ് വഴിയിലൊക്കയും
ധരാപതെ കണ്ടാൽ പൊറുക്കുന്നില്ലേതും
പെരുത്തലോകരും വിളിച്ചു കേഴുമ്പോൾ
മുഖത്തുനോക്കാതെ തിരിച്ചുപോന്നു ഞാൻ
രിപുക്കളായുള്ള ജനങ്ങളും കൂടി
വിളിച്ചുകേഴുന്നു ധരിത്രിനായക!
തിരിച്ചുപോകുമ്പോൾ കുതിരകൾ കൂടി
നടക്കാഞ്ഞു കണ്ണീരൊഴുകിയും കൊണ്ടും
ഇതിത്തരം സൂതൻ പറഞ്ഞുകേട്ടപ്പോൾ
ധരിത്രിനായകൻ വചിച്ചാനിങ്ങിനെ
ഭരതമാതാവിൻ വചനം കേൾക്കയാൽ
പെരിയ മോഹത്താൽ നിരൂപിക്കാതെ ഞാൻ
പരത്യജിച്ചല്ലോശിവ! ശിവ! സൂത!
സുതസമീപത്തിൽ സുമന്ത്രരെ വേഗം
സുഖമെകൊണ്ടുപോയ് വിടുകയെന്നെയും
ഇനിക്കുള്ളന്നം നീ ഭുജിച്ചിരിക്കിലോ
വനത്തിലാക്കുക സുതനോടും കൂടി
പരദേശിവന്നു മരിക്കുന്നപോലെ
പരമിഹ ഞാനും മരിച്ചുപോകാതെ
പരിരക്ഷിച്ചാലുമിതെന്റെ ജീവിതം
പരമമായുള്ള സുകൃതം വന്നീടും
പ്രലാപിച്ചാളപ്പോളുടനെ കൌസല്യ
പ്രിയവാദിയായ മമതനൂജനെ
പ്രിയതമ കാട്ടിൽ കളക കൊണ്ടു നീ
പ്രശസ്തമായുള്ളോരെശസ്സോടും കൂടി
പ്രസിദ്ധനായി നീ ധരിത്രി വാഴുക
വിശാലലോചനൻ വിലാസസാഗരൻ
വിരാജമാനസാരസാനനൻ പരൻ
സുരതരുവോടു ശരിവിതരണേ
ദരരഹിതനാം രണേ രഘുവരൻ
സരസനേറ്റവും സുമുഖൻ സുന്ദരൻ
സുരവരോപമൻ സുകുമാരൻ വീരൻ
സുരുചിരദരഹസിതൻ പൊന്മകൻ
പിരിഞ്ഞവനെ ഞാനിരിക്കുന്നെങ്ങിനേ?
സുതവിരഹം കൊണ്ടിരിക്കുമെൻ കായം
അതികഠിനമായിരിക്കും വജ്രമോ?
ഭരതനിങ്ങിനെ പതിനാലുവർഷം
ഭരിച്ച രാജ്യത്തെ ഭുജിക്കയില്ലവൻ
ചെറിയ ഫേരവം ഭുജിച്ച മാംസത്തെ
പെരിയ സിംഹത്താൻ ഭുജിക്കുമോ വീര!
ഗണികദുഷ്ടചാരിണിയായിട്ടുള്ള
ഭരതമാതാവിൻ വചനം കേൾക്കയാൽ
ഗുണഗണമുള്ള രഘുപ്രവീരനെ
പരിത്യജിച്ചല്ലേ ധരിത്രിനായക!
സുഖിച്ചു രാജ്യവും ഭുജിച്ചു സന്തതം
വസിക്ക കേകയ തനൂജയുമായി
തപിച്ചു കൌസല്യാ വചിച്ചതു കേട്ടു
ശയിച്ച ഭൂപനുമെഴുനീറ്റനേരം
ശിരസ്സിൽ കൈവെച്ചുതൊഴുതു ദേവിയെ
മനസ്സിൽ പീഡിച്ചു വിറച്ചു ദീനനായ്
തുടുതുടക്കണ്ണീരൊഴുകിയും കൊണ്ടു
നെടുനെടശ്വാസം തെരുതെരെവീർത്തു
പറഞ്ഞു ഗൽഗദാ വചനമിങ്ങിനെ
മതിമതിബാലേ മതിവരാനനെ
മതിയും കെട്ടു ഞാൻ മരിച്ചുപോമിപ്പോൾ
അറിയപ്പോകാതെ പിഴച്ചതൊക്കയും
പരമസുന്ദരീ പൊറുത്തുകൊള്ളണം
കഠിനമാം നിന്റെ വചനം കേട്ടെന്റെ
ഉടലുരുകുന്നു മദിരലോചനേ!
ക്ഷമിച്ചുകൊള്ളണം സുതവിവാസനം
ക്ഷതക്ഷാരം പോലെ പറയേണ്ട ബാലെ
പതിചെയ്തകർമ്മമസത്തെന്നാകിലും
പതിവ്രതയായാൽ സഹിക്കേണമെല്ലൊ
രമണിവത്സലേ! രമണി കൌസല്യേ!
അതിക്രൂരമായ വചനം കേട്ടെന്റെ
മതികലങ്ങുന്നുമതിവരാനനേ!
പരമദുഷ്ടയാം ഭരതമാതാവു
പറഞ്ഞതുപോലെ പറയാതെനിയ്യെ-
ന്നുരച്ചുകേട്ടപ്പോൾ ഭയപ്പെട്ടു ദേവി
തൊഴുതുചൊല്ലിനാൻ സതീശിഖാമണി
അറിയാതെശോകം കലർന്നുചൊന്നതും
പൊറുത്തുകൊള്ളേണം കരുണപൂരമേ!
കരമെടുത്തെന്നെ തൊഴുതതുകൊണ്ടു
പരിതാപമെനിക്കതിയായുണ്ടയ്യോ
ക്ഷമിച്ചുകൂടാതപെരുത്ത ദുഃഖത്താൽ
ക്ഷമാപതേ ചൊന്ന വചനമൊക്കയും
ക്ഷമിച്ചുകൊള്ളേണം ക്ഷമാപതേ നീയും
ഇവണ്ണം തങ്ങളിൽ പറഞ്ഞിരിക്കവെ
ദിനമണി ബിംബം മറഞ്ഞുപോയപ്പോൾ
സുതവിവാസമാദിയായുള്ളതന്റെ
അകൃത്യവും പുരാകൃതദുരിതവും
നിനച്ചുകോസലാധിപന്ദശരഥൻ
വചിച്ചു തന്നുടെ ദയിതയോടേവം:-
നരന്മാർ താന്താഞ്ചെയ്തിരിക്കുന്നപുണ്യ
ദുരിതമൊക്കയും ഭുജിക്കേണം താന്താൻ
ഇനിക്കെന്റെ മകൻ പിരിഞ്ഞുപോവാനും
വചിക്കാം കാരണം ശ്രവിക്ക കൌസല്യേ!
സരയൂതീരത്തിലൊരുദിനംദിശി
ഒരുതാപസന്താൻ കുടവും കൊണ്ടന്നു
ജലമെടുക്കുന്ന നിനാദം കേട്ടു ഞാൻ
മദകരിവെള്ളം കുടിക്കുന്നെന്നോർത്തു
കുലച്ചുവില്ലുമായ് ത്വരിച്ചു ഞാനപ്പോൾ
എടുത്തു ശബ്ദവേധിയെന്ന ബാണവും
തൊടുത്തുടൻ വലി കഴിച്ചയച്ചപ്പോൾ
തറച്ചു താപസൻ ശരീരമർമ്മത്തിൽ
വ്യഥിച്ചുവാവിട്ടങ്ങലറി ഭൂമിയിൽ
പതിച്ചനേരത്തു പരിഭ്രമിച്ചോടി
അടുത്തുചെന്നുഞാനെടുത്ത നേരത്തിൽ
വദിച്ചു താപസൻ ഭ്രമിച്ചിതിങ്ങിനെ:
ഉരത്തിൽ കൊണ്ടുള്ള ശരത്തെ നീയിപ്പോൾ
പറിക്കയെന്നതു ശ്രവിച്ചുടനേ ഞാൻ
അകൃത്യമെന്നോർത്തു വിറച്ചു ദീനനായ്
കിടപ്പതുംകണ്ടൊന്നുരച്ചു താപസൻ
ഭയപ്പെടാതെ നീ ഭയപ്പെടാതെ നീ
ചതുർത്ഥനാരിയിലൊരു വൈശ്യനുഞാൻ
ജനിച്ചു ഭൂപതേ! ധരിച്ചുകൊണ്ടാലും
ഇതിപ്പോൾ വന്നതുമിനിക്കു ഭാവിതം
വിധിക്കു വന്നതങ്ങൊഴിക്കാമെന്നത-
ങ്ങൊരുത്തരും വൃഥാ നിനക്കയും വേണ്ട
അവരിരുവരും നയനഹീനന്മാർ
അവർക്കൊരാധാരമിനിയില്ലതാനും
ഇവിടുന്നുണ്ടായോരവസ്ഥയൊക്കെനീ
യവരോടു ചെന്നു പറക നേരായി
അവരെന്നാൽ നിന്നെ ശപിക്കുകയില്ല
അതുകേട്ടു ഞാനും ശരം പറിച്ചപ്പോൾ
മരിച്ചു താപസ തനൂജനും ദേവി!
അനന്തരമവൻ പറഞ്ഞ മാർഗ്ഗത്താൽ
നടന്നുപോയി ഞാൻ പറഞ്ഞു വൃത്താന്തം
അവർകളെക്കണ്ടു പരിത്രസ്ഥനായി-
ങ്ങൊതുങ്ങിനിന്നു ഞാനൊരു ഭാഗത്തിങ്കൽ
അതുസമയത്തിൽ വരുന്നോരൊച്ച കേ-
ട്ടറിഞ്ഞു തന്നുടെ മകൻ വരവെന്നു
വിരഞ്ഞു സംഭ്രാന്തമനസ്കനായ് താതൻ
പറഞ്ഞാനെന്നോടു പലതുമിങ്ങിനെ:
നിനക്കിതെന്തിങ്ങു വരുവാൻ വൈകിയ-
തെനിക്കു കാരണം പറകപുത്ര നീ
അറിയാതെ ഞങ്ങൾ പിഴച്ചതെങ്കിലും
പൊറുത്തുകൊള്ളേണം ഭവാനതൊക്കയും
അഗതികളായിട്ടിരിക്കും ഞങ്ങൾക്കു
സുഗതിയായതു ഭവാന്തന്നെയല്ലോ
ഇവിടെ ഞങ്ങൾക്കുള്ളഖിലജീവനം
ഭവാങ്കലല്ലയോയിരിക്കുന്നു ബാല!
സലിലം കൊണ്ടുവാ ഝടിതിയെന്നപ്പോൾ
കളിച്ചുവെള്ളത്തിൽ കഴിച്ചിതോ കാലം
പറഞ്ഞതിനേതും പറയാതെ നീയെ-
ന്തിരിക്കുന്നെന്നപ്പോൾ പറഞ്ഞിതു ഞാനും:
തവതനയനല്ലിവിടെവന്നതു
തരണിവംശജൻ ദശഥനൃപൻ
അറിയാതെ ഞാനിന്നപരാധം ചെയ്തു
പൊറുത്തുകൊള്ളേണം കരുണസാഗര!!
ജലമെടുക്കുമ്പോൾ തവതനൂജൻ താൻ
ഗജമെന്നിട്ടെയ്തു കൊലചെയ്തുപോയി
പറഞ്ഞനേരത്തു ശപിയ്ക്കാതെയവർ
പലതരം ചൊല്ലി പ്രലാപിച്ചുപിന്നെ
പരമവൻ ചൊല്ലാൽ കരം പിടിച്ചു ഞാൻ
ശരമേറ്റ സുതസമീപത്തിലാക്കി
സുതനുടെ ശവമെടുത്തിരുവരും
അതിശോകമോഹം കലർന്നനന്തരം
അവനെയാശ്ലേഷിച്ചതിതാപം പൂണ്ട
ങ്ങനുഗ്രഹം നൽകി ഗതിവരുവാനായ്
അവനുമന്നേരം വിമാനമേറിയി-
ട്ടവരോടു ചൊന്നാൻ ഗതിവന്നു മമ
ഭവാന്മാരുമിനി വരികയെന്നവൻ
വദിച്ചു നാകത്തെഗ്ഗമിച്ചനന്തരം
സുതശോകം കൊണ്ടു മരിയ്ക്കയെന്നവർ
പിതാവുമമ്മയും ശപിച്ചിതിന്നെയും
മൃതസുതനുടെ ജലക്രിയ ചെയ്തു
ഹുതാശനൻ തന്നിൽ പ്രവേശിച്ചാർ പിന്നെ
തദെയശാപത്തിൻ ഫലമിന്നുവന്നു
ശപിച്ചതുകൊണ്ടു ശപിച്ചതുപോമോ
വരസുതമുഖമിനിയുണ്ടോ കാണ്മാൻ
തരം വരുന്നെന്നു നിനച്ചു ഭൂപതി
വിഷമമായുള്ള ദശയെന്നും ചൊല്ലി
വിരമിച്ചു ഭൂപൻ വിഷണ്ണചിത്തനായ്
വെളിച്ചെണ്ണപോയ വിളക്കുപോലവേ
തെളിഞ്ഞമാനസം മയങ്ങിയന്നേരം
വിളിച്ചു കോസല തനൂജയോടേവം
വദിച്ചു ഭൂപതി പെരുത്ത ദുഃഖത്താൽ
മതിനേരാനനേ! തിരിയുന്നില്ലെന്റെ
സുതനെക്കാണാഞ്ഞു നയനങ്ങൾ രണ്ടും
വരാംഗനേ! യെന്റെയരികിൽ വന്നെന്നെ-
പ്പരിചോടു തൊട്ടീടയിമനോഹരേ!
ഇതിങ്ങിനെ കേട്ടു നൃപന്റെ പാദങ്ങൾ
പിടിച്ചുപിന്നെയും പ്രലാപിച്ചു ദേവി
പതിയ്ക്കൊരാപത്തു ഭവിയ്ക്കുമെന്നവൾ
ഭയപ്പെട്ടു ദേവി തൊഴിച്ചാളേറ്റവും
നടുങ്ങിദേഹവും തളർന്നുദേവിയും
കിടന്നാളങ്ങതിന്നടുത്ത ശയ്യയിൽ
തപിച്ചുപിന്നെയും ധരിത്രിനായകൻ
വദിച്ചുപിന്നെയും പെരുത്ത ദുഃഖത്താൽ
സുദതി! ഹാസീതേ! സുകേശ! ഹാ! രാമ!
സുമുഖ! സൌമിത്രേ! പിരിഞ്ഞുപോയിതോ
സുചരിതരാമ! സുകാമദ! വീര!
സുലോചന! ബാല! സുവിഹാര! ധീര!
സുലളിതമൃഗമദമനോഹര!
ലലാമസുന്ദര നിടാല ബാലക!
പിരിഞ്ഞുനിന്നെ ഞാനിരിയ്ക്കുന്നെങ്ങിനെ
ഇതിങ്ങിനേ ചൊല്ലി പ്രലാപിച്ചു ഭൂപൻ
തളർന്നു ഭാര്യമാർ നിജദാസികളും
ഉറങ്ങുന്നനേരം നിശി പാതിരാവിൽ
ധരാപതിതാനും സുരലോകം പുക്കാൻ
ദശരഥനൃപൻ ത്രിദിവം പ്രാപിച്ച
ദശയൊരുത്തരുമറിയാതെവന്നോ-
രുഷസീസുതമാഗധവന്ദികളും
കുലപാരമ്പര്യം പറഞ്ഞുസൂതന്മാർ
സ്തിതിച്ചുരാജാവെവദിച്ചു മാഗധർ
എടുത്തുവേത്രവും നടിച്ചു ഭാവവും
പടുത്വമുള്ള വന്ദികൾ കൊണ്ടാടിയും
കരതാളീകന്മാർ കരങ്ങളും കൊട്ടി
വരഗാനം ചെയ്തു നിറഞ്ഞാരൊക്കയും
അവസരം ചൊല്ലുന്നവരെല്ലാവരും
കതകിങ്കൻ വന്നു നിറഞ്ഞാരൊക്കയും
ഹരിചന്ദനവും കലക്കിയിട്ടുള്ള
വരസുവർണ്ണ കുംഭവുമെടുത്തവർ
സുമംഗലവസ്തു തൊടുവാനുള്ളതു
സുഖമെഴും സിദ്ധൌഷധങ്ങളും തഥാ
സുഖമേ കൊണ്ടന്നു നിറഞ്ഞാരൊക്കയും
ഉദയപര്യന്തമിരുന്നതിൻ ശേഷം
ഇതെന്തിപ്പോൾ ഭൂപനുണരാഞ്ഞുവെന്ന-
ങ്ങവസരക്കാരൻ വിളിച്ചതു കേട്ടു
അവശതപൂണ്ടു കിടന്ന നാരിമാർ
അപായം ശങ്കിച്ചങ്ങെഴുനേറ്റുവേഗം
നൃപവരൻ തന്റെയരികിൽ ചെന്നഥ
നൃപമണേ!യെഴുന്നരുളുകയെന്നു
കൃപയോടും കൂടി വിളിച്ചിട്ടുമേതും
ഇളക്കം കൂടാതെ കിടന്നതുകണ്ടു
വിളിച്ചുകേണിതു മരിച്ച ശങ്കയാൽ
നളിനലോചനജനനികൌസല്യാ
നളിനാക്ഷീജനം കരഞ്ഞതുകേട്ടു
കലങ്ങിമാനസമുണർന്നു നിദ്രയും
കരഞ്ഞതുകേട്ടു ഭരതമാതാവും
തരുണിമാരോടു കലർന്നു തന്നുടെ
വരഭവനത്തിലിരുന്നുവന്നപ്പോൾ
മടവയരുടെ മണിയാം കൌസല്യാ
മടിയിൽ ഭൂപന്റെ തലെയുമങ്ങെടു-
ത്തടുപ്പിച്ചുകൊണ്ടങ്ങിരുന്നു കേഴുമ്പോൾ
ഭരതമാതാവും വരുന്നതുകണ്ടു
പരിഭവത്തോടു കരഞ്ഞുചൊല്ലിനാൾ
പരമദുഷ്ടേ! സൽക്കുലവിനാശിനി!
നിഖിലപാതകനിലയേ! കൈകേയി!
പതിഘ്നി! ദുർമ്മതേലഘ്നി! പാതകി!
പതിയെക്കൊന്നു ഭൂപതിയായിട്ടുനിൻ-
ഭരതനും നീയും മഹിപാലിച്ചിനി
മഹാതലത്തിങ്കൽ പരിചിൽ വാഴുക
നിനച്ചുള്ളതിന്റെ മനോരഥമെല്ലാം
വരുത്തിയല്ലോ നീ കുലഘ്നി! ദുർമ്മതേ!
നരവരനെന്റെ മകൻ ഗുണാകരൻ
പരമസുന്ദരൻ ജനമനോഹരൻ
അവനേയും കാട്ടിൽക്കളഞ്ഞു പാതകി!
നരപതിയായ ദശരഥൻ തന്നെ
പരലോകം തന്നിലയച്ചു ദുർമ്മതേ!
ഭരതനു രാജ്യം കൊടുത്തുവൈകാതെ
ഭരതനും നീയും സുഖിച്ചു വാഴുക
പതിയെക്കൊന്നിട്ടും മതിരാജ്യമെന്നു
മതിയിൽ തോന്നുമോ കുലവിനാശിനി!
ജനകരാജൻ കേട്ടതിദീനനായി-
ട്ടിനിയവൻ ഭുവി വസിയ്ക്കയുമില്ല
ഇതിങ്ങിനെ പറഞ്ഞിരുന്നനന്തരം
പുരോഹിതരാജപുരുഷന്മാരെല്ലാം
അറിഞ്ഞുവന്നുടനവിടെ വേണ്ടുന്ന
ക്രിയകളൊക്കെയും യഥാശാസ്ത്രം ചെയ്തു
പരിമളമുള്ളതൊരു തൈലദ്രോണി
പരിചൊടങ്ങതിൽ കിടത്തി ഭൂപനെ
പ്രലാപിച്ചാരപ്പോളലസന്മാരെല്ലാം
സുരവരോപമ! ദശരഥഭൂപ!
പിരിഞ്ഞുപോയിതോ സരസിജാനന!
തിരുമുഖത്തിന്റെ വരകാന്തി ചിന്തി
ച്ചുരുകുന്നു ഞങ്ങൾ കരളുകളെല്ലാം
പുരത്തിലുള്ള വരസുക്കളൊക്കയും
പറിച്ചുകൊണ്ടു നീ ഗമിച്ചിതോ വേഗം
പൊറുക്കെന്നെങ്ങിനെ നരവരോത്തമ!
ധരിത്രിനായക! ചതിച്ചുപോയിതോ
പരമദുഷ്ടയാം ഭരതമാതാവോ-
ടൊരുമിച്ചിങ്ങിതിലിരിയ്ക്കുന്നെങ്ങിനെ
ധരിത്രിനായക ചരിത്രമൊക്കയും
മറക്കുന്നെങ്ങിനെ മനക്കുരുന്നിങ്കൽ
അനന്തരം മന്ത്രി ജനങ്ങൾ പൌരന്മാർ
ഗുണങ്ങളേറിന പ്രധാനഭൂപന്മാർ
ജനപദേശന്മാർ ധരാസുരന്മാരെ-
ന്നിവരെല്ലാവരുമൊരുമിച്ചുകൂടി
അവശതപൂണ്ടു വലഞ്ഞു ദീനരായ്
പുരന്ദരഗുരുസമാനനായുള്ള
ചിരന്തനമുനി വസിഷ്ഠനോടേവം
പറഞ്ഞാരെല്ലാരുമൊരുമിച്ചങ്ങിനെ
അരാജകമായി ജനപദമെല്ലാം
ധരാപതിതാനും സുരലോകം പുക്കാൻ
ഭ്രതൻ കേകയനഗരം പ്രാപിച്ചാൻ
നരവരനായ രഘുവരൻ താനും
അരണ്യം പ്രാപിച്ചാനനുജനുമായി
ഹര! ഹര! ശിവ! പറവതെന്തിനു
പറഞ്ഞാലുമിനി വരേണ്ടതെങ്ങിനെ
അരാജകമായ ജനപദത്തിങ്കൽ
അഭിവർഷിക്കയില്ലൊരു കാളമേഘം
അരാജകമായ ജനപദത്തിങ്കൽ
പതികീഴിൽ ഭാര്യയിരിക്കയുമില്ല
അരാജകമായ ജനപദത്തിങ്കൽ
പരസ്പരം ധനം പറിച്ചുകൊണ്ടുപോം
അരാജകമായ ജനപദത്തിങ്കൽ
അധർമ്മമേറീടും ചുരുങ്ങിടും ധർമ്മം
അരാജകമായ ജനപദത്തിങ്കൽ
അസത്യമേറീടും ഒരു സത്യം വീഴും
അരാജകമായ ജനപദത്തിങ്കൽ
അതിശുഭകർമ്മമകന്നുപോം നൃണാം
അരാജകമായ ജനപദത്തിങ്കൽ
അകന്നുപോയിടും മഹോത്സവങ്ങളും
അരാജകമായ ജനപദത്തിങ്കൽ
പെരുവഴി തന്നിൽ നടപ്പാനും പണി
അരാജകമായ ജനപദത്തിങ്കൽ
പരസ്പരം കൊന്നു ഭുജിച്ചീടും ജനം
അരാജകമായ ജനപദത്തിങ്കൽ
അരിപോരാദിയാൽ ഭയമുണ്ടായ് വരും
അരാജകമായ ജനപദത്തിങ്കൽ
ബലവാൻ കൊന്നിടുമെളിയവനെയും
അരാജകമായ ജനപദത്തിങ്കൽ
ധരാസുരന്മാരുമിരിക്കയില്ലാരും
അരാജകമായ ജനപദത്തിങ്കൽ
കുറഞ്ഞും പോം നല്ല നട നർത്തകന്മാർ
അരാജകമായ ജനപദത്തിങ്കൽ
വരായുധാഭ്യാസമകന്നീടും തദാ
അരാജകമായ ജനപദത്തിങ്കൽ
അരിനിരയോടു പൊരുകയില്ലാരും
അരാജകമായ ജനപദമേതും
പരിശോഭിയ്ക്കയില്ലറികമാമുനേ!
തൃണമില്ലാതൊരു വനമെന്നപോലെ
വനമില്ലാതൊരു നദിയെപ്പോലെയും
പശുപാലഹീനപശുക്കൾ പോലെയും
പരിശോഭിയ്ക്കയില്ലരാജകരാജ്യം
അരാജകമായ ജനപദത്തിങ്കൽ
അതിയായ്പാഷണ്ഡമതമുണ്ടായ്‌വരും
അരാജകമായ ജനപദത്തിങ്കൽ
ഹരിഹരപൂജാഗുരുവിശ്വാസവും
ധരാസുരന്മാരിൽ പെരിയ ഭക്തിയും
ധരണിയിലെങ്ങും കുറഞ്ഞുപോയിടും
അരാജകമായ ജനപദത്തിങ്കൽ
വരനിത്യകർമ്മം കഴിയാതെയാകും
അരാജകമായ ജനപദത്തിങ്കൽ
മറകളാഗമം മറഞ്ഞുപോമതിൽ
അരാജകമായ ജനപദത്തിങ്കൽ
സഹോദരിതാനും സഹോദരൻ താനും
ഒരുമിച്ചൊന്നായിരമിയ്ക്കുമെപ്പൊഴും
അരാജകമായ ജനപദത്തിങ്കൽ
ഗുരുദ്വാരങ്ങളെപ്പരിഗ്രഹിച്ചീടും
മുരഹരനുടെ പെരിയൊരംശമാം
നരപതിയല്ലോ സകലകർമ്മവും
പരമമായുള്ള സകലസത്യവും
പരമമായുള്ള സകലധർമ്മവും
പിതാവും മാതാവും അവരജന്മാരും
ഹിതനാകുന്നതും നൃപനല്ലേ നൃണാം
നരപതി പാലിച്ചിരിയ്ക്കും കാലത്തു
വരമുനേ! തവവചനം കേട്ടിഹ
വടിവൊടു ഞങ്ങൾ നടന്നതേയുള്ളു
അതുകേട്ടു ചൊന്നാൻ വസിഷ്ഠമാമുനി
അമാത്യാദികളോടിങ്ങിനെ തദാ
ധരാപരിത്രാണം വഴിപോലെ ചെയ്‌വാൻ
ഭരതനെയിങ്ങു വരുത്തേണമിനി
നരവരൻ രാമൻ വരികയില്ലല്ലോ
ത്വരിച്ചു കേകയ നഗരത്തിൽ ചെന്നു
വരുത്തുവാൻ ദൂതർ ഗമിയ്ക്കേണമെന്നാർ
ഇരുന്നവരപ്പോളനുവദിച്ചുടൻ
അരുൾ ചെയ്തു പിന്നെ വസിഷ്ഠമാമുനി
വിജയസിദ്ധ്യാർത്ഥം ജയന്തശോകേന
ധനന്മാരെ നിങ്ങൾ ഗമിയ്ക്ക വൈകാതെ
ഭരതനോടിഹ വസിഷ്ഠനായ ഞാൻ
വരുവാൻ ചൊല്ലിയെന്നതു പറഞ്ഞാലും
പരമൊരു വസ്തു പറകയും വേണ്ട
രഘുവരൻ തന്റെ വനപ്രവാസവും
ദശരഥൻ തന്റെ ത്രിദിവയാത്രയും
ഒരുത്തനോടുമെ പറകയും വേണ്ട
ബഹുമാനാർത്ഥമായ് വസനഭൂഷണ
മിതാകൊണ്ടുപോയി കൊടുക്കയെന്നവൻ
കൊടുത്തുകാഴ്ചകളയച്ചു വേഗേന
വസിഷ്ഠമാമുനി നിയോഗത്താലപ്പോൾ
വഴിച്ചോറും കെട്ടിപ്പുറപ്പെട്ടാരവർ
കുതിരമേലേറിയതിവേഗത്തോടെ
കുറുവഴി തന്നിൽ നടന്നു ദൂതന്മാർ
പ്രലംബമാം ഗിരിക്കഥ പടിഞ്ഞാറു-
മവരതാലത്തിൽ കിഴക്കുഭാഗമെ
വടക്കോട്ടുചെന്നു നടന്നു മാലിനി
കടന്നുപിന്നെയും പടഞ്ഞാറു ചെന്നു
വടക്കുമേൽക്കായിഗ്ഗമിച്ചു പാഞ്ചാല-
വിഷയം പ്രാപിച്ചു സുരനദി തന്നെ
കടന്നു ഹസ്തിന പുരസമീപത്തിൽ
പടിഞ്ഞാറുനോക്കിഗ്ഗമിച്ചനന്തരം
കുരുജാംഗാലങ്ങൾ നടുവേ പോയവർ
അവിടെയുള്ളൊരു പലസരസ്സുകൾ
പലനദികളും പലദേശങ്ങളും
വിലോകിച്ചുകൊണ്ടങ്ങതിവേഗത്തോടെ
ശരാദണ്ഡയെന്നനദികടന്നഥ
ശരാദണ്ഡതന്റെ പടിഞ്ഞാറെക്കര
ഗമിച്ചുസത്യയാചനനാമമായ
മഹാവൃക്ഷം തന്നെ വിലോകിച്ചു വേഗം
കലിംഗമെന്നുള്ള പുരിപുക്കങ്ങവർ
കടന്നഭീകാള നഗരത്തിൽ ചെന്നു
കടന്നഥ ബോധീഭവനമാം ഗ്രാമം
നടന്നിക്ഷുമതിനദികടന്നതിൽ
സലിലപന്മാരാം മുനിവരന്മാരെ
വിലോകിച്ചു ബാൽഗീകമാം ദേശത്തിന്റെ
നടുവെചെന്നുടൻ നടന്നുപിന്നെയും
സുരവരമദഗിരിതന്നിൽ ചെന്നു
ഹരിവടത്തെയും വിലോകിച്ചുപോയി
വിവശയാനദി കടന്നനന്തരം
ഇലവുവൃക്ഷത്തെ വിലോകിച്ചു പിന്നെ
പല സരസ്സുകൾ പല വനങ്ങളും
പല കുളങ്ങളും പല നദികളും
പല മൃഗങ്ങളും പല ജന്തുക്കളും
പല പക്ഷികളും വിലോകിച്ചു വേഗം
പരിശ്രാന്തങ്ങളാം കുതിരകളോടും
പരിശ്രാന്തന്മാരായ് ഗമിച്ചു ദൂതന്മാർ
ഗിരിവ്രാജപുരിവരണത്തിനുടെ
പുറത്തുരാത്രിയിലിരുന്നാരദ്ദിനം
ഭരതനുമന്നു പെരിയ ദുസ്വപ്നം
വിലോകിയ്ക്ക കൊണ്ടു പരിഖിന്നനായി-
ട്ടിരുന്ന കൈകേയീസുതനെപ്പിറ്റെന്നാൾ
വരസഖന്മാർ കണ്ടതിദീനരായി
പെരുകിയശോകം കളവതിനായി
പരിഹാസമോരോ തരങ്ങൾ ചെയ്തിതു
വരഗാനം കൊണ്ടു മുഴക്കിനാനേകൻ
പരനതു തന്നേ പരിചിൽ കൊണ്ടാടി
ഒരുത്തനന്നേരം പഠിച്ചു നാടകം
പരിഹാസകഥപറഞ്ഞതിലേകൻ
ഇതൊക്കെയും കണ്ടു ഭരതനങ്ങേതും
തെളിച്ചിൽ വന്നീല മനക്കുരുന്നിങ്കൽ
പറഞ്ഞാൻ ശത്രുഘ്നൻ ഭരതനോടപ്പോൾ
പരിതാപമെന്തു ഭവാൻ മനസ്സിങ്കൽ
പലഹാസ്യം നാട്യം വിനോദം കണ്ടിട്ടും
മനം തെളിഞ്ഞില്ല മഹാമതേ! എന്നാൽ
അതുകേട്ടു ചൊന്നാൻ ഭരതനും തന്റെ
നിശിദുസ്വപ്നങ്ങൾ പ്രിയസഖനോടു
മലിനനായെന്റെ പിതാദശരഥൻ
തലയഴിച്ചിട്ടു ഗിരിമുകളീന്നു
പെരികെച്ചാണകം കലക്കിയ വെള്ളം
നിറഞ്ഞൊരു ഹൃദി നടുവിൽ വീ‍ണിട്ടു
കുതിച്ചു നീന്തിയും നടന്നതും കണ്ടു
കുടിച്ച തൈലവും പിതാവു കൈക്കൊണ്ടു
ഭുജിച്ചതും നല്ല തിലകവും കൂട്ടി-
ശ്ശിരസ്സിലെണ്ണയും നിറച്ചു തേച്ചഥ
ശിരസ്സായി നല്ല തിലമദ്ധ്യത്തിനും
മുഴുകുന്നെന്നതും പ്രിയസഖേ! കണ്ടെൻ
സമുദ്രം വറ്റിപ്പോയ് പതിച്ചു ചന്ദ്രനും
ജഗത്തിരുട്ടായിച്ചമഞ്ഞുകണ്ടു ഞാൻ
നൃപവാഹമായ ഗജദന്തങ്ങളും
വിശകലിതമായ്ച്ചമഞ്ഞിതുരണ്ടും
അവനിയൊക്കയും ദഹിച്ചുപോയെന്നും
തണുപ്പുള്ള പലതരുക്കളൊക്കയും
ഉണങ്ങിപ്പോയെന്നും പുകയായി ഗിരി
ഇരിമ്പുപീഠത്തിൽ കറുപ്പുടുത്തിട്ടും
ഇരുന്നുതാതന്റെ ചുഴലവും നിന്നു
കറുത്തിട്ടും പിന്നെ നിറം ചെമ്പിച്ചിട്ടും
ഇരിയ്ക്കും നാരിമാർ പരിഹസിയ്ക്കയും
ചുവന്ന മാലകൾ ചുവന്ന ചന്ദനം
അലങ്കരിച്ചഥ യമദിശി നോക്കി
കഴുത കെട്ടിയ രഥത്തിന്മേലേറി
ദ്ദശരഥൻ പോകുന്നതിനെക്കണ്ടൂ ഞാൻ
വികൃതമായുള്ള മുഖത്തോടും കൂടെ
ച്ചുകപ്പുടുത്തഥ ചിരിയ്ക്കയും ചെയ്തു
നിശിചരി കെട്ടി വലിച്ചു ഭൂപനാം
ദശരഥനെക്കൊണ്ടഥ പോകുന്നതും
ഇതിത്തരം സ്വപ്നം വിലോകിക്ക കൊണ്ടും
തപിക്കുന്നു മനം മമ പ്രിയസഖേ!
ഇതിൻ ഫലം ഞാനോ രഘുവരൻ താനോ
സുമിത്രപുത്രരോ നൃപതി തന്നെയോ
മരിക്കുമെന്നു നിശ്ചയം സഖേ! യെന്നു
അതുകൊണ്ടത്രേ ഞാൻ പ്രസാദിക്കാഞ്ഞതു
വിമുഖതയല്ല ഭവാന്മാരിലിപ്പോൾ
ഭയമൂലമെന്ന്യേ ഭയമുണ്ടാകുന്നു
ജലം വരണ്ടുപോയ്ഗ്ഗളമുണങ്ങുന്നു
ഇതിങ്ങിനെ ദൂതൻ പരിഘവും കട-
ന്നഥരാജഗൃഹപുരം പ്രവേശിച്ചു
കടന്നു ഗോപുരം നരവരനുടെ
ഭവനത്തിൽ ചെന്നു തുരഗാധിപതി
പെരിയകേകയ നരപതി തന്നെ-
ത്തൊഴുതു ദൂതന്മാർ കുശലവും ചൊല്ലി
ദശരഥനുടെ സുതൻ ഭരതനെ
വണങ്ങിനാരഥ വിനീതവേഷന്മാർ
ഗുരുവരുൾ ചെയത കുശലമൊക്കയു-
മറിയിച്ചാർ ചെന്നു ഭരതനോടപ്പോൾ
വസിഷ്ഠമാമുനിവരൻ വാമദേവൻ
വസിഷ്ഠനായുള്ളതൊരു ജാംബാലിയും
വരകാശ്യപനാം മുനിമാർക്കണ്ഡേയൻ
അഥ മൌൽ‌ഗല്യനുമൊരു കാർത്ത്യായനൻ
മൃദുമനസ്സായുള്ളൊരു ഗൌതമനും
കുശലം ചോദിച്ചാർ വിശേഷിച്ചും നിന്റെ
വരന്മാരാം രാജപുരുഷന്മാരെല്ലാം
സുചരിത! നിന്റെ കുശലം ചോദിച്ചാർ
പ്രധാനന്മാരായ ജനപദേശന്മാർ
പ്രഭോ! നിന്റെ നല്ല കുശലം ചോദിച്ചാർ
വിശേഷിച്ചും ഗുരു ത്വരിച്ചയോദ്ധ്യയിൽ
വിശദമാം വണ്ണം പറഞ്ഞു പിന്നേയും
ഒരുമിച്ചുകൊണ്ടുവരുവാൻ ഞങ്ങളെ-
ഗ്ഗുരുവയച്ചിങ്ങു വരുന്നു ഞങ്ങളും
ഒരുകൃത്യമുണ്ടെന്നരുൾ ചെയ്തു ഗുരു-
വരിക്കുന്നു നിന്നെ രമാദേവിയെന്നും
പറഞ്ഞുകൊണ്ടന്നു ബഹുമാനമെല്ലാം
തിരുമുമ്പിൽ വെച്ചു പറഞ്ഞാരിങ്ങിനെ
ഇരുപതു കോടിദ്ധനങ്ങളിങ്ങിതിൽ
ഭരതമാതുലൻ തനിക്കു നൽകുക
ദശകോടിദ്ധനം നിനക്കെന്നു ചൊല്ലി-
ക്കുശലം ദൂതന്മാർ കൊടുത്തവൻ കയ്യിൽ
അഥഭരതനുമതൊക്കെയും മേടി-
ച്ചവരോടിങ്ങിനെ പറഞ്ഞുസാദരം
കുശലിയായെന്റെ പിതാവിരിക്കുന്നോ?
കുശലിയായിട്ടങ്ങിരിക്കുന്നോരാമൻ?
അതിധർമ്മിഷ്ഠയായിരിക്കും കൌസല്യാ
സതീകുലമൊടുമിരുന്നീടുന്നിതോ?
കനിഷ്ഠമാതാവാം സുമിത്രയ്ക്കുമെന്റെ
കനിഷ്ഠൻ സൌമിത്രി തനിക്കും നന്മയോ?
മഹാചണ്ഡിയായിട്ടിരിക്കുമെന്മാതാ
മഹാമതികളെപ്പറഞ്ഞതെന്തിപ്പോൾ
ഇതിങ്ങനെയവൻ പറഞ്ഞതുകേട്ടു
പറഞ്ഞു ദൂതന്മാർ ഭരതനോടേവം
ഭവാനരുൾ ചെയ്ത ജനങ്ങളെല്ലാർക്കും
പ്രഭോ കുശലമാമയോദ്ധ്യയിലിപ്പോൾ
രഥവരത്തിനെ വരുത്തി വൈകാതെ
പുരമയോദ്ധ്യക്കു പുറപ്പെട്ടീടുക
അഥഭരതനും സ്വമാതുലൻ തന്റെ
സമീപത്തിൽ ചെന്നു തൊഴുതു വൃത്താന്തം
അശേഷവും ചൊല്ലി നടന്നു കേകയ-
മഹീപതിതന്നെത്തൊഴുതനന്തരം
മഹിമയാം വണ്ണം പറഞ്ഞുവൃത്താന്തം
അടിയനിങ്ങിനെ വിടകൊള്ളുന്നിപ്പോ-
ളുടനെ വന്നു നിൻ പദം വണങ്ങുവൻ
അടിയറകളും കൊടുത്തേവം ചൊന്നാൻ
ഭരതനെ നന്നായണച്ചു മൂർദ്ധാവിൽ
പരമശ്വപതി മണത്തു നന്നായി
ദശരഥനോടും കുശലങ്ങളെല്ലാം
പറഞ്ഞു ഞാനെന്നും പറകയെന്നവൻ
കൊടുത്തു സമ്മാനം സുവർണ്ണകംബളം
ദുകൂലസഞ്ചയം സുരുചിരമായ
പതക്കങ്ങൾ രണ്ടു സഹസ്രം നൽകിനാൻ
ഭരതനായപ്പോൾ സഹസ്രത്തിൽ പുറം
അറുനൂറശ്വങ്ങളിരാവന്നാമക-
ഗിരിതന്മേൽ നിന്നും പരമിന്ദ്രശിരോ-
ഗിരിയിങ്കൽ നിന്നും പിടിച്ചുകൊണ്ടന്ന
ഗജവരങ്ങളുമതിവേഗമുള്ള
ഖരങ്ങളും പിന്നെ കടുവായെപ്പോലെ
ബലവീര്യമുള്ള പടുക്കളായുള്ള
ശുനകങ്ങളേയും കൊടുത്തുവിശ്വാസ-
മുടയമാത്യരെപ്പടുക്കളായുള്ള
ഭടവരരേയും കൊടുത്തയച്ചപ്പോൾ
ദശരഥസുതൻ സ്വദുസ്വപ്നഫല-
നിരൂപണം കൊണ്ടുമനുക്ഷണം ദൂതൻ
വരികകൊണ്ടിട്ടുമഭിനന്ദിച്ചില്ല
ഭരതനേതുമേ സ്വഗൃഹത്തിൽ ചെന്നു
പുറപ്പെട്ടു വേഗം നൃപഗൃഹം പുക്കു
ഭ്രതൻ പിന്നേയും നൃപനോടും സ്വമാ-
തുലനോടും ചൊല്ലിയയപ്പിച്ചുകൊണ്ടു
സ്വഗൃഹത്തിൽ വന്നു പുറപ്പെട്ടു വേഗം
സ്വദാരങ്ങളോടുമനുജനോടുമ-
ത്തരുണിമാരോടും മണിമയമായ
രഥം കരയേറിക്കിഴക്കേ ഗോപുരം
കടന്നു വീഥിതൻ വഴിയൂടെ ചെന്നു
സുദാമയെന്നുള്ള നദിയും സന്തരി-
ച്ചഥ പടിഞ്ഞാറോട്ടൊഴുകും ഹ്ലാദിനീ
നദി കടന്നഥ ശതദ്രുവാകുന്ന
നദീതരണവും കഴിച്ചുപിന്നെയും
നടന്നേളാധാനനഗരത്തിലൊരു
നദിയേയും കടന്നപരസർപ്പടാ-
ഭിധാനദേശങ്ങൾ ഗമിച്ചതിലുള്ള
ശിവനദിതന്നെത്തരിച്ചു കർവ്വതി-
നദിയേയുമുടൻ തരിച്ചവിടുന്നും
കിഴക്കുതെക്കായ പെരുത്ത സേനയോ-
ടവൻ പ്രവേശിച്ചു ശിലാവഹയെന്ന
നദിയും കണ്ടഥ പലഗിരികളും
കടന്നനന്തരം വരമായ ചൈത്ര-
രഥവനം പുക്കു സരാസരീസുരാ
നദീസംഗമത്തോടൊരുരീരം മത്സ്യ-
വിഷയങ്ങളുടെ വടക്കുഭാരുണ്ഡ-
വനമതിൽ ചെന്നു ഒലിച്ചു പാരമാം
കലിംഗതന്നെയും തരിച്ചുപർവ്വതാ-
വൃതയാം ഹ്ലാദിനീ ത്വരിച്ചുവേഗേന
കടന്നെമുനയിൽ തളർച്ച തീർക്കുവാൻ
ഇരുന്നെല്ലാവരും കുളിച്ചുവെള്ളവും
കുടിച്ചെല്ലാവരും കുളിപ്പിച്ചുനല്ല
കുതിരകളേയും വഴിക്കിനിവെള്ളം
ചുരുക്കമെന്നവർ നിറച്ചു കുഭങ്ങൾ
എടുത്തുകൊണ്ടഥ പുറപ്പെട്ടു പിന്നെ
ഗമിച്ചാലപ്പുറം ത്രിപഥഗാതന്നിൽ
ഗമിച്ചെന്നല്ലാതെ ലഭിക്കയില്ലൊട്ടും
ജലകണം പോലുമതുകൊണ്ടു സൈന്യം
തളർന്നുപോകാതെ ജലപാനാർത്ഥമായ്
ജലം കൊണ്ടുപോയാർ മഹാരണ്യത്തെയും
വിലോകിച്ചുകൊണ്ടു മഹാവേഗത്താലും
ശുധനാപട്ടണേ സുരനദിയേയും
വിലോകിച്ചുകൊണ്ടു നടന്നു പ്രാഹ്വട-
പുരത്തിങ്കൽ ചെന്നു കടന്നു ഗംഗയെ
കുടിഗോഷ്ഠികയിൻ തടേ ദൂതന്മാര-
സ്തിനാപുരത്തിങ്കൽ കടന്നു ഗംഗയെ-
ന്നിഹപറഞ്ഞിതുയിവിടെപ്രാഹ്വടെ
കടന്നുഗംഗയെന്നുരത്തതുമിപ്പോൾ
വിരുദ്ധമെന്നിഹ മനസ്സിലൊട്ടുമേ
നിനയ്ക്കയും വേണ്ട ഝടിതി ചെല്ലുവാൻ
കുറുവഴിയായി നടന്നു ദൂതന്മാർ
അയോദ്ധ്യയിൽ നിന്നും നടക്കയില്ലതിൽ
ചതുരംഗസേനാ ഒടുക്കമില്ലാതെ
പടയുണ്ടാകയാൽ വളച്ചിട്ടും നല്ല
പെരുവഴിയൂടെ വരുവാൻ കാരണം
ഭരതനായതുമതുകൊണ്ടുമുന്നം
പറഞ്ഞമാർഗ്ഗവുമിതിപ്പോൾ ചൊല്ലിയ
വഴിയും ഭേദിച്ചു കുടിഗോഷ്ഠികയാം
നദികടന്നവൻ നടന്നു ധർമ്മവ-
ർദ്ധനഗ്രാമം പുക്കു അനന്തരമവൻ
സുതഓരണഗ്രാമമതിന്നുദക്ഷിണ-
ദിശിയോടേ ചെന്നു വരം ജംബൂപ്രസ്ഥം
കടന്നുപിന്നെയും വരൂധഗ്രാമത്തിൽ
വനേവസിച്ചവർ കിഴക്കോട്ടു ചെന്നു
ജിഹാനപട്ടണേവഴിയ്ക്കുവേങ്ങയാം
തരുക്കൾ തന്നെയും വിലോകിച്ചുകൊണ്ടു
ഭരതനുമഥപറഞ്ഞുതന്നുടെ
വരസേനയോടും വരികപിന്നാലെ
പതുക്കനിങ്ങളെന്നുരചെയ്തുവേഗം
കുതിരമേലേറിത്തിരിച്ചുവേഗേന
ഭരതനും വന്നു വസിച്ചു സർപ്പതീ-
ർത്ഥമങ്ങതിലന്നു തരിച്ചു താനിക-
നദിയേയും പിന്നെച്ചെറിയതോടുക-
ളനേകമാറുകൾതതാരരാഘവാ-
നുജൻ കുതിരയാൽ വടിവുള്ളൊരാന-
പ്പുറത്തിരുന്നവൻ കുടികയാം നദീ
കടന്നനന്തരം നടന്നു ലോഹിണ്യാ-
പുരേകവിവതിൽ കടന്നേകസാല-
പുരത്തിങ്കൽ സ്ഥാണു മതിയെന്ന നദി
കടന്നുപിന്നെയും വിനതഗ്രാമഗോ-
മതികടന്നഥ കലിംഗനാമക
നഗരത്തിൽചെന്നു വലുതായ സാല-
വനം പ്രവേശിച്ചു തളർച്ച കൊൾകിലും
കിടന്നു രാത്രിയിലുറങ്ങാതെവേഗം
നടന്നു രാത്രിയും പുലർന്നൊരുനേരം
ഉയർന്ന ഗോപുരം പെരിയകോട്ടയു-
മുയർന്ന പ്രാസാദവരങ്ങളോടൊത്തു
ഇരിയ്ക്കും പട്ടണമയോദ്ധ്യയും കണ്ടാൻ
അഥഭരതനുമുരത്തുസൂതനോ-
ടയോദ്ധ്യയാകുന്ന പുരവരം കണ്ടു
പുരി പണ്ടെപ്പോലെയിരിയ്ക്കുന്നില്ലിപ്പോൾ
വരജനഘോഷം ശ്രവിയ്ക്കുന്നില്ലെങ്ങും
പുരോദ്യാനങ്ങളിൽ നിശി മുഴുവനും
നരനാരീജനം കുളിച്ചുദയത്തിൽ
തിരിച്ചുപോയീടും പുരത്തിലെപ്പൊഴും
ജനകോലാഹലം ശ്രവിപ്പാനുമില്ല
ജയജയഘോഷമൊരേടത്തുമില്ല
കരിതുരഗാദികരയേറിനല്ല
പുരദ്വാരത്തിങ്കൽ പുറപ്പെട്ടും പുക്കും
പുരജനങ്ങൾ സഞ്ചരിക്കുമെപ്പൊഴും
പുരി തന്നിലിപ്പോളിതുകാണ്മാനില്ല
അഗരു ചന്ദനം കുമറുന്ന പുക
നഗരത്തിലെല്ലാം നിറഞ്ഞിരുന്നീടും
മൃദംഗ മദ്ദള പ്രമുഖവാദ്യങ്ങൾ
മദിച്ചുശബ്ദിക്കുന്നതു കേൾപ്പാനില്ല
അലങ്കരിച്ചോരോ നരനാരീജനം
നലമൊടു പോകുന്നതു കാണ്മാനില്ല
കടകളങ്ങാടിത്തെരുവീഥികളു-
മടിച്ചുതൂക്കയും തളിയ്ക്കയുമില്ല
നിമിത്തങ്ങൾ പാരം പിഴച്ചുകാണുന്നു
നമുക്കിതെന്തൊരു വിപത്തുചൊല്ലുക
കുശലമുണ്ടാവാൻ വിഷമമായതു
ഇവണ്ണം ചൊല്ലി വൈജയന്ത്യാഖ്യമായ
പുരദ്വാരത്തൂടേ നടന്നു വീരനും
തൊഴുതുവാഴ്ത്തിനാരവിടെ ദ്വാസ്ഥന്മാർ
പുനരപി ദശരഥസുതൻ ചൊന്നാൻ
മനമുഴന്നു സൂതനോടിതിങ്ങിനെ
ഇതെന്തൊരു വിപത്തറിഞ്ഞില്ല സൂത!
കതകുകളെല്ലാം തുറന്നിരിക്കുന്നു
ഗൃഹസ്ഥന്മാരുടെ ഗൃഹങ്ങളൊക്കയും
അലക്ഷ്മി നന്നായിട്ടുറഞ്ഞിരിക്കുന്നു
ബലിഹോമാദിയായിരിക്കും കർമ്മങ്ങൾ
നലമൊടുകാണ്മാനൊരേടത്തുമില്ല
ഇതിലുള്ള ദേവാലയങ്ങളൊക്കയു-
മതിശൂന്യമായിക്കിടക്കുന്നേറ്റവും
വണിജന്മാർ നല്ല ധനങ്ങളുമായി
വണികളിലിരുന്നതു കാണ്മാനില്ല
ജലകണം കണ്ണിന്നൊഴുകിദീനരായ്
ജനങ്ങളൊക്കയും നിറഞ്ഞുകാണുന്നു
വിശേഷിച്ചുമെന്നെ വിലോകിക്കും നേരം
വിവശതപൂണ്ടു വലയുന്നെല്ലാരും
നൃപനാശത്തിങ്കലീവണ്ണമാമെന്നു
വിപശ്ചിതാം വരൻ പറഞ്ഞിരിക്കുന്നു
ഇതിങ്ങിനെ ചൊല്ലിത്തലയും കുമ്പിട്ടു
പിതാവിന്റെ ഗേഹം പ്രവേശിച്ചുമുന്നം
അവിടെക്കാണാഞ്ഞുപിതാവുതന്നെയു-
മവശതപൂണ്ടു ജനനികേകയ-
തനൂജതന്നുടെഭവനം പൂകിനാൻ
അനേകം നാൾ കൂടി വരും ഭരതനെ-
ജ്ജനനി കണ്ടുടനെഴുനേറ്റുനല്ല
കനകപീഠത്തിലിരുന്നമാതാവും
മനം തെളിഞ്ഞു തന്മകനെയന്നേരം
അലർന്ന കണ്ണിനാൽ വിലോകിച്ചനേരം
വണങ്ങിനാൻ തന്റെ ജനനിപാദങ്ങൾ
സ്വനാമവും ചൊല്ലിയഭിവാദ്യം ചെയ്തു
മണത്തുമൂർദ്ധാവിലണച്ചുമാതാവും
പിടിച്ചുതന്നുടെമടിയിൽ വെച്ചഥ
വചിച്ചാൾ കൈകേയി കുശലമിങ്ങിനെ
മകനേ! സുന്ദര! മനോഹരാകൃതേ!
മമപിതാവിനു കുശലമല്ലയോ?
മദീയസോദരൻ സുഖിച്ചിരിക്കുന്നോ?
അതിലെന്നു ഭവാൻ പുറപ്പെട്ടിന്നിപ്പോൾ!
കുതിദീനമായീ പറകസുന്ദര!
ഇതിത്രനാളും നീ സുഖിച്ചിരുന്നിതോ?
പറെകയെന്നപ്പോൾ ഭരതൻ ചൊല്ലിനാൻ
അതിലുള്ള ജനം കുശലിയൊക്കയും
മതിമാൻ ചൊല്ലിനാൻ പുനരിവിടുന്നു
ത്വരിച്ചു ദൂതന്മാർ വരിക കൊണ്ടു ഞാൻ
പരിഭ്രമിച്ചേഴു ദിനത്തിൽ വന്നിതു
പെരുകിയ ധനമിനിക്കു കേകയ-
നരപതി തന്നിങ്ങയച്ചു മാതാവേ!
ചതുരംഗസേന പെരുവഴി തന്നിൽ
പതുത്തുപോയവർ നടക്കവല്ലാഞ്ഞു
പരിഭ്രമിച്ചഥ കുതിരമേലേറി
ത്വരിച്ചു വന്നു ഞാൻ പുരത്തിൽ മാതാവേ!
തവശയനത്തിന്നലങ്കാരമായ
ധവനെങ്ങുപോയി പറകമാതാവേ!
ജനനി കൌസല്യാ ഭവനത്തിൽ തന്നെ
മനുകുലവരനിരിയ്ക്കുന്നില്ലയോ?
ഇതിത്തരം കേട്ടു വചിച്ചു കൈകേയി
നരവരോത്തമൻ ദശരഥനൃപൻ
ചരമമായുള്ള ഗതിയെ പ്രാപിച്ചാൻ
ഭരതൻ കേട്ടതി വിഷണ്ണ ചിത്തനായ്
കരചരണങ്ങൾ വിറച്ചുവീണുടൻ
പറഞ്ഞാനോരോരോ വചനമിങ്ങിനെ
പിതാവേ! നിയ്യെന്നെച്ചതിച്ചിതോ ഹാ! ഹാ!
ഹതോസ്മിയെന്നവൻ പറഞ്ഞുപിന്നെയും
മുഖത്തെ വസ്ത്രേണ മറച്ചു കേഴുമ്പോൾ
വചിച്ചാൾ കൈകേയിയെഴുനേല്പാനായി
തപിക്കാതെ ബാല! തപിക്കാതെ ബാല!
തപിക്കാമോ പിതാ മരിച്ചതിന്നു നീ
തപിച്ചിട്ടെന്തിനി ഫലം മനുവര!
ഇതിത്തരം കേട്ടു വചിച്ചു നന്ദനൻ
ത്വരിച്ചു ദൂതന്മാർ വരികകൊണ്ടുഞാൻ
നിനച്ചുപോയിതു ശുഭമുണ്ടെന്നതും
രഘുപ്രവീരന്റെയഭിഷേകം താനോ
രഘുപതിദശരഥന്റെയാഗമോ
ഇതിലൊന്നെന്നുതാൻ ഝടിതി വന്നു ഞാൻ
അതിവിപരീതം ഭവിച്ചു മാതാവേ
പിതാവിനെന്തൊരു സുഖക്കേടുണ്ടായി?
പിതാവിന്റെ ശേഷക്രിയകൾചെയ്തൊരു
രഘുവരനല്ലോ സുകൃതിയായതും
പിതാവെന്നെക്കണ്ടാലെടുത്തുലാളിച്ചു
മുദാപിടിച്ചണച്ചിരുത്തുമങ്കത്തിൽ
മൃദുപാണികളാലണക്കുന്നകയ്യും
മൃദുവാണിയമ്മെയെവിടെപ്പോയിപ്പോൾ
പിതാവും ഭ്രാതാവും പരമബന്ധുവു-
മിതൊക്കെയുമായിട്ടിരിക്കുന്നരാമൻ
ഇതിലെവിടെയെന്നറിയേണമമ്മേ
അതിവേഗം ചെന്നു വണങ്ങേണമെനി-
ക്കതിതാപം പോവാനതിനുചൊല്ലുക
പിതാവു സ്വർഗ്ഗത്തിലെഴുനള്ളുന്നേരം
മതിമാൻ ചൊല്ലിയ വചനമെന്തമ്മേ
ഇതിത്തരം ചോദിച്ചൊരു സുതനോട-
ങ്ങതിതരം ലജ്ജ വെടിഞ്ഞുചൊല്ലിനാൾ
നൃപൻ മരിക്കുമ്പോൾ പറഞ്ഞാനിങ്ങിനെ
വരാംഗിഹാസീതേവരഗുണരാമ
വരാനനഹാലക്ഷ്മണാപിരിഞ്ഞിതോ?
സുകൃതികളായ ജനങ്ങളെല്ലാരും
തിരിയവന്നിങ്ങുകൃതസമയാന്തേ
രഘുവരസീതെസുമിത്രനന്ദന
മുഖാംബുജം കാണ്മാൻ തരം വരുമെന്നു
ദശരഥൻ ചൊന്നാൻ മരണവേളയിൽ
അതുകേട്ടന്നേരമതിഭീതനായി-
ട്ടിതുചൊല്ലീടിനാൻ ജനനിയോടപ്പോൾ
അതിധർമ്മാത്മാവായിരിക്കുന്നരാമൻ
സതിയോടും കൂടെയെവിടെപ്പോയിപ്പോൾ
മരവിരിജടധരിച്ചിരുവരും
അരണ്യത്തിൽ പോയെന്നുരത്തുകൈകേയി
മഹാപാപങ്ങളിലവരെന്തുചെയ്തു
മഹാവനങ്ങളിലയപ്പാനെന്തിപ്പോൾ
ധരാസുരരുടെ ധനം ഹരിച്ചിതോ?
നിരപരാധിയെ വധിച്ചുപോയിതോ?
പരദാരങ്ങളെ പരിഗ്രഹിച്ചിതോ?
തരുണിമാരെത്താൻ കൊല ചെയ്തുപോയോ?
പറകയെന്നപ്പോൾ പറഞ്ഞാൾ കൈകേയി
ഇതൊന്നുമുണ്ടായില്ലവന്നുദോഷങ്ങൾ
ഹിതനത്രേയെല്ലാജനത്തിനുമവൻ
പരദാരങ്ങളെ നയനങ്ങൾ കൊണ്ടു
നരവരൻ രാമൻ വിലോകിക്കയില്ല
പരനാരീസഹോദരനായരാമൻ
പരസ്വരത്തിലവനപേക്ഷയുമില്ല
നരവരൻ രാമനഭിഷേപിപ്പാനായ്
ഒരുമ്പെടുന്നതുമറിഞ്ഞുഞാനപ്പോൾ
വരദ്വയം കൊണ്ടു വരിച്ചു ഭൂപനെ!
വരുത്തേണം കാര്യമെനിക്കു രണ്ടെന്നു
തവാഭിഷേകവുമവൻപ്രവാസവും
അവനോടുചൊന്നേനതുകൊണ്ടുഭൂപ-
നവനെക്കാനനേകളകയുംചെയ്തു
നിനക്കുവേണ്ടിഞാനിതൊക്കയുമിപ്പോൾ
വരുത്തിയെന്നതും ധരിച്ചുകൊണ്ടാലും
മനസ്സിൽ പീഡയും പെരുത്ത താപവും
മനുപ്രവീര നീയൊഴിക്കസുന്ദരാ
ഇനിവൈകാതെനീയഭിഷേകംചെയ്ത-
ങ്ങവനീഭാരവും ഭരിച്ചുകൊള്ളുക
ചെവിയിൽനാരാചംതിരുകുന്നപോലെ
പറഞ്ഞതുകേട്ടുചെവിരണ്ടും പൊത്തി
ഭരതനന്നേരം ധരണിയിൽ വീണു
തരിമ്പു ബോധവും ലഭിച്ചനന്തരം
കരഞ്ഞുശോകേന പറഞ്ഞാനിങ്ങിനെ
മുടിച്ചുരാജ്യവും കൊടുത്തിതെന്നേയും
പടുത്വമുള്ള ഭൂപതിയെയും കൊൽ‌വാൻ
പേഠിച്ചതാരിതുനിനക്കിന്നുദുഷ്ടെ
കടുപ്പം കാട്ടിയിട്ടിതാർക്കുവേണ്ടിനീ
കുലം മുടിപ്പാനായ് ജനിച്ചതോനീയും
കുലവിനാശിനിപതിഘ്നിദുർമ്മതേ
ക്ഷതക്ഷാരസമമിതുനിന്റെവാക്യം
ചെവിക്കുകേൾക്കുമ്പോൾ സഹിക്കുന്നില്ലേതും
ഇതിത്രദുഷ്ടയായിരിക്കും നിന്നുടെ
വയറ്റിൽ ഞാനിഹ ജനിച്ചുപോയല്ലോ
നൃശംസയായ നിൻ ചരിതങ്ങൾ കൊണ്ടു
ദശരഥനൃപൻ മരിക്കയും ചെയ്തു
ഇതുകൊണ്ടുഫലംവരുന്നതെന്തിപ്പോൾ
വിധവയായിനീയിരിയ്ക്കയല്ലാതെ
ഭഗിനിയെപ്പോലെ സതതം കൌസല്യാ
ഭവതി നിന്നെയങ്ങനുസരിച്ചതിൻ-
ഫലങ്ങളിന്നവൾ ഭുജിയ്ക്കയും ചെയ്തു
സ്വമാതാവെക്കാളുമതിയായിനിന്നെ
വിമലൻ പൂജിച്ച ഫലവും വന്നിതു
പിതാവുനിന്നെയങ്ങനുസരിച്ചതു
സഫലമായ് നിന്റെ വരദ്വയം കൊണ്ടു
സഹിച്ചുകൂടുന്നില്ലിതുകേട്ടിങ്ങേതും
ജഗല്പ്രിയരാമസഹോദരന്മാരെ
തപിക്കുന്നു കാണാഞ്ഞെനിയ്ക്കുമാനസം
അവരെക്കൂടാതെയെനിക്കെന്തുബല-
മവനിപാലനാം പിതാവിനുതന്നെ
ജഗത്രാണത്തിങ്കലവനോളം ഭുവി
സമർത്ഥരായിട്ടങ്ങൊരുത്തരുമില്ല
പിതാവിനും കൂടി അടങ്ങാതരാജ്യം
മതിമാനല്ലയോ വശമാക്കി മുന്നം
നൃശംസയായ നീ നിരൂപിച്ച കാര്യം
വിശയമില്ലേതും വരുത്തുകയില്ല
നിനക്കിതിനൊരു ഗുരുവാരായതു-
മിനിക്കുപകീർത്തിനിനക്കുവൈധവ്യം
രഘുപ്രവീരനുവനപ്രവാസവും
മൃതിപിതാവിനു ഹരിജനങ്ങൾക്കും
ഇതൊക്കയും നിന്നാൽ ഭവിച്ചുതില്ലയോ
പതിമരണത്താൽ കരയുന്നെന്തിനു
പതിയല്ലനൂനം തവ ദശരഥൻ
ഇഹഭവതി നീ പുരെ വസിക്കിലോ
ദഹിച്ചുപോമിതിന്നയോദ്ധ്യനിർണ്ണയം
പതിയെക്കൊന്നൊരു നിനക്കുണ്ടായ്‌വരും
അതിയായഭ്രൂണഹരനുടെ പാപം
പതിച്ചുപോകനീ നരകത്തിൽ ദുഷ്ടേ
പതിലോകം നിനയ്ക്കൊരിക്കലുംവരാ
ഉറപ്പുള്ള മനസ്സെനിയ്ക്കെന്നാകിലോ
മുടിഞ്ഞുപോകുന്നിങ്ങിതുനിരൂപിച്ചാൽ
സുരഭിയെന്നൊരുസുരകാമധേനു
പുരാതനിക്കുള്ളവരസുതന്മാരെ
നരന്മാരുച്ചയ്ക്കങ്ങുഴുന്നതുകണ്ടു
പുരന്ദരനപ്പോൾ വിരഞ്ഞധോഭാഗേ
വരുന്നനേരത്തു നിറഞ്ഞവന്മെയ്യിൽ
പതിച്ചുചൂടോടേ സുരപതിയപ്പോൾ
കരവാൻ കാരണമിവിടെയെന്തെന്നു
പുരന്ദരൻ കേട്ടു സുരഭി ചൊല്ലിനാൾ
സുതന്മാരെക്കെട്ടിഴുന്നതുകണ്ടു
അതിതാപമെനിക്കുളവായെന്നപ്പോൾ
സുരനും മാനസേ നിരൂപിച്ചാനവൻ
ജനനിമാർക്കെല്ലാം സുതനോളം കൂറു
ജഗത്തിലാരെയും വരികയില്ലെന്നു
സുരഭിതന്നുടെ പരിതാപം പോവാ-
നുഴതെയാക്കുവാനുപായം ചിന്തിച്ചു
മഴ പൊഴിപ്പിച്ചാനതു സമയത്തി-
ലുഴതുള്ള ജനം മഴ വരുന്നേരം
ഉഴാതെ തങ്ങടെ ഗൃഹം പൂകിനാർ
സുരഭി കണ്ണുനീർ സുരഭിയായപ്പോൾ
സുരപതികണ്ടു പരിമോദിച്ചിതു
നിരവധികമായ് തനൂജന്മാരുള്ള
സുരഭിക്കുംകൂടിസ്സുതശോകമുണ്ടായ്
ഒരുമകനുള്ള ജനനികൌസല്യാ
പരിതാപമോർത്താൽ പറയുന്നെന്തിനി
അതിധർമ്മിഷ്ഠനാം പിതാവിനെക്കൊന്നു
അതിധർമ്മാത്മാവെക്കളകയും ചെയ്തു
അതികഠിനമാം മനസ്സു നിന്നുടെ
അതിനുതോന്നുവാനവകാശമെന്തു?
മഹാനരകത്തിൽ പതിച്ചുപോക നീ
മഹാദുഷ്ടേ മമ ജനനിയല്ല നീ
സഹോദരന്മാരെപ്പിരിരിഞ്ഞിരുന്നെന്റെ
മനം തപിയ്ക്കുന്നു നിരൂപിക്കും തോറും
അവരെക്കൂടാതെയെനിക്കെന്തു ബല-
മവനി പാലിപ്പാൻ കുലവിനാശിനി
ഹരഹരനിന്റെ മതിയെന്തിങ്ങിനെ-
യൊരു ദിക്കിൽ ഞായമിതു പറയുമോ?
വയസ്സു മൂത്തവരിരിക്കവേയിന്നു
ഭരിക്കുമോ രാജ്യമടുത്തനുജൻ ഞാൻ!
വിശേഷിച്ചും സൂര്യകുലത്തിങ്കലുണ്ടോ?
നൃശംസേ കേട്ടിട്ടുമിതെങ്ങാനുമുണ്ടോ?
നൃപകുലത്തിങ്കൽ ജനിച്ചിട്ടില്ലേ നീ-
യവപ്രഥവരുന്നതുമറിഞ്ഞീല്ലേ?
നൃപകുലത്തിങ്കൽ ജനിച്ചിരിക്കിൽ നീ
നിപാകമെന്നിയെ പറയുമോയിതു
ജനനികൌസല്യാതപിക്കുന്നതോർത്താ-
ലെനിയ്ക്കു മാനസം പിളർന്നുപോകുന്നു
നൃപവരൻ തന്റെ മകൻ മനോഹരൻ
രിപുകുലമദകരിനരസിംഹം
പരമപൂരുഷൻ പരമസുന്ദരൻ
വരഗുണൻ രാമനവനെച്ചെന്നു ഞാൻ
വനത്തിന്നിന്നിഹവരുത്തിപൂജിച്ചു
കഴിപ്പിച്ചീടുവനഭിഷേകമിപ്പോൾ
കൃതസമയത്തെ പരിഹരിപ്പാനാ-
യ്പതിന്നാലാണ്ടു ഞാൻ വനവാസം രഘു-
പതിയ്ക്കു വേണ്ടിയും കഴിയ്ക്കുന്നുണ്ടു ഞാൻ
ഭുജിയ്ക്കേണം രാമൻ സുഖമായി രാജ്യം
ഭജിയ്ക്കുന്നു ഞാനും വനപ്രദേശത്തെ
പതിയേയും കൊന്നു സുതനേയും കാട്ടിൽ
പതിയോടും ചൊല്ലിക്കളയിച്ച നിന്റെ
തലവെട്ടിനായ്ക്കങ്ങശനമാക്കുവാൻ
കുലനാശത്തിനുള്ളൊരു കാളരാത്രി!
കൊല ചെയ്‌വാൻ നിന്നെ മടിച്ചിതിന്നിപ്പോൾ
ബലവാൻ രാമനെ ഭയപ്പെട്ടായതും
ജനനിയെക്കൊന്നാലതിപാപിയെന്നു
ജനമനോഹരനിനിയെന്നെക്കണ്ടാൽ
അനുജനല്ലെന്നു പറയുമെന്നു ഞാൻ
മനസി ചിന്തിച്ചടങ്ങി കൈകേയി!
പരമദുഷ്ടേ നീ! നിരൂപിച്ച കാര്യം
വരുത്തുമെന്നതു നിനയ്ക്കയും വേണ്ട
കഴുത്തുകൊത്തിനീ മരിയ്ക്കിലും കൊള്ളാം
വിഷമമാം തിയ്യിൽ പതിയ്ക്കിലും കൊള്ളാം
വിഷതുലിതമാം തവമനതാരിൽ
നിരൂപിച്ചതെല്ലാം വരുത്താമെന്നതിൻ
വിശയം ഞാനിനി വരുത്തുകയില്ല
ഇവണ്ണം നേരുള്ള ഭരതനും പറ-
ഞ്ഞവനിയിൽ വീണു വിവശം കൈക്കൊണ്ടു
സുബോധവും കെട്ടു കിടന്നനന്തരം
പതിച്ച ധർമ്മിഷ്ഠപ്രവരനായൊരു
ഭരതനും ശോകപരിദഗ്ദ്ധനായി
പലതുമോരോരോ വചനം ചൊല്ലിനാൻ
ഭരതൻ ചൊല്ലുന്ന വചനം കൌസല്യാ
സുമിത്രയോടേവം വചിച്ചാളന്നേരം
തപിച്ചുകൌസല്യായതിക്രൂരയായി-
ട്ടിരിയ്ക്കും കൈകേയി സുതൻ ഭരതനും
ഇവിടെ വന്നിപ്പോൾ പറയുന്ന വാക്യം
അറിയേണമെന്നും പുറപ്പെട്ടാരവ-
രിരുവരുമായി ഭരതനെ കണ്ടാൽ
അവന്റെ ഭാവവുമറിയാമെന്നവർ
ഭരതമാതാവിൻ ഗൃഹത്തിൽ ചെന്നപ്പോൾ
ഭരതൻ കൌസല്യഗൃഹത്തിൽ പോവാനായ്
എഴുനീറ്റനേരം സുമിത്രയോടൊത്തു
വരുന്ന കൌസല്യാ പദത്തിൽ വീണവൻ
തൊഴിച്ചനേരത്തൂയെടുത്തുഗാഢമാ-
യണച്ചു കൌസല്യാസുമിത്രതന്നെയും
വണങ്ങിനിന്നപ്പോൾ തപിച്ചിരിയ്ക്കുന്ന-
ഭരതനോടേവം വചിച്ചു കൌസല്യാ
മനസ്സറിയാതെ പ്രചണ്ഡയാന്നിന്റെ
ജനനികർമ്മത്താലകണ്ടകമായി
ലഭിച്ചിരിയ്ക്കുന്ന വസുന്ധരാപാലി-
ച്ചിരുന്നുകൊള്ളുകയപമാനമൊന്നും
വരുത്താതെയെന്നെ പ്രവാസിപ്പിയ്ക്കനീ
സുതസമീപത്തിൽ മരവിരിജടാ
ധരിപ്പിച്ചെന്നുടെ മകനെ കാട്ടിലേ-
യ്ക്കയപ്പിച്ചല്ലോ നീ കൃപയും കൂടാതെ
മഹീപതിയായിട്ടിരുന്നു നീ നന്നായ്
മഹീഭാരത്തെയും വഹിച്ചുകൊള്ളുക
ധനരത്നാദികൾ നിറഞ്ഞുള്ള രാജ്യം
നിനക്കു ഞങ്ങൾക്കു വനവുമായല്ലോ
സുമിത്രയുമായിട്ടുടനേ ഞാൻ കാട്ടിൽ
ഗമിയ്ക്കുന്നിപ്പോൾ നീ സുഖിച്ചുവാഴുക
ഇതുകേട്ടുശുദ്ധമനസ്സായവീരൻ
അതിതാപത്തോടെ വ്രണത്തിൽ സൂചികൾ
തറച്ചതുപോലെ വിറച്ചുദീനനായ്
വെയിൽ കൊണ്ടിട്ടോടി നടന്നുചെന്നൊരു
പെരുങ്കാട്ടുതീയിൽ പതിച്ചതുപോലെ
മുറിച്ചിട്ട പനമരമെന്നപോലെ
പതിച്ചുകൌസല്യാപദത്തിൽ പിന്നെയും
ഉറക്കവാവിട്ടുകരഞ്ഞുചൊല്ലിനാൻ
ഹര!ഹര!ഹര! ശിവ!ശിവ!ശിവ!
അറിയാതെ ഞാനിങ്ങിരിയ്ക്കവെയെന്നെ
പറയുന്നെന്തിനു പഴുതേ മാതാവേ!
നരവരൻ തങ്കലിരിയ്ക്കും ഭക്തിയും
അറിയുന്നില്ലയോ നരവരാത്മജേ!
അറിഞ്ഞതില്ല ഞാൻ ജനനി നിന്നാണ
അരണ്യത്തിൽ രാമൻ ഗമിച്ചതൊന്നുമേ
അറിഞ്ഞോനല്ല ഞാൻ ജനനി നിന്നാണ
ക്ഷതക്ഷാരം പോലെ പറയുന്നതമ്മേ!
ക്ഷമിച്ചുകൊള്ളേണം ക്ഷമാസദൃശമായ്
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനാകിലോ
പഠിച്ച ശാസ്ത്രങ്ങൾ സകലവിദ്യയും
മനസ്സിങ്കൽ നിന്നു മറന്നുപോകട്ടെ
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനാകിലോ
രണത്തിലോടുന്ന മനുഷ്യനുള്ളൊരു
പെരുത്തപാപങ്ങളവനുണ്ടാകണം
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനാകിലോ
പശുക്കളെക്കാലാൽ ചവിട്ടിയദോഷം
ഭവിയ്ക്കട്ടെയവൻ തനിയ്ക്കു മാതാവേ!
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനാകിലോ
സ്വഭൃത്യരെക്കൊണ്ടു പ്രവർത്തിപ്പിച്ചുടൻ
അവർക്കു കൂലികൾ കൊടുക്കാതെ തന്നെ
ഇരിയ്ക്കുന്ന നരൻ തനിയ്ക്കുണ്ടാകുന്ന
പെരുത്തനാരകേ പതിയ്ക്കേണമവൻ
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനാകിലോ
പരിഗ്രഹിച്ചീടുമൊരു രക്ഷാഭോഗം
പരിത്രാണം ചെയ്യാതിരിക്കുന്ന നൃപൻ
തനിയ്ക്കുണ്ടാകുന്ന മഹാനരകത്തിൽ
പതിയ്ക്കയും ചെയ്യും നരവരാത്മജേ!
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനാകിലോ
രഹസ്യമായ് ചൊന്നോരപവാദത്തിനെ
പ്രശസ്തമാക്കിയദുരിതം കൈവരും
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനാകിലോ
അരക്കുതേന്മാംസമിരിമ്പുപാഷാണം
ഇവറ്റിനെ വിറ്റു കുഡുംബരക്ഷണം
കഴിയ്ക്കും മർത്ത്യന്റെയഘം ഭുജിച്ചീടും
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനാകിലോ
ഇരക്കുന്നവർക്കു കൊടുക്കാതെ തന്നെ
ഇരിയ്ക്കുന്നപാപഫലം ഭുജിക്കട്ടെ
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനാകിലോ
ഒരുത്തരാ‍ായ്ത്തന്നെമധുരവസ്തുക്കൾ
ഒരുത്തർക്കും ദേവി കൊടുക്കാതെ തന്നെ
ഭുജിച്ചപാപിതൻ നരകയാതന
ഭുജിയ്ക്കട്ടെയവനനേകകല്പങ്ങൾ
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനാകിലോ
തനിയ്ക്കു തുല്യയായിരിക്കും ഭാര്യയെ
മരുൽ സഖാധുരിവിവാഹം ചെയ്തിട്ട-
ങ്ങപുത്രനായ്ത്തന്നെ മരിച്ച മർത്ത്യന്റെ
യഘത്തിനെയമ്മേ! ഭുജിച്ചീടുമവൻ
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനെങ്കിലോ
അജസ്രം കാമങ്ങളനുഭവിച്ചുള്ള
മനുഷ്യൻ തന്നുടെ മഹാപീഡാവരും
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനെങ്കിലോ
നിമിത്തമെന്നിയേ പരരെ ദുഷിച്ചു
വചിച്ചവരുടെ വഴിയിൽ പോകട്ടെ
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സു വെച്ചുള്ള മനുഷ്യനെങ്കിലോ
സ്വമിത്രനെ ചെറ്റുമറിയാതെ കണ്ടു
ചതിച്ച മർത്ത്യന്റെ നരകമുണ്ടാകും
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനെങ്കിലോ
പെരുത്ത നീചന്മാർ കുലത്തിന്നു കീഴായ്
ജനിച്ചവർക്കെല്ലാം നിയോജ്യനാകട്ടെ
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനെങ്കിലോ
വികർത്തനചന്ദ്രസദൃശകാന്തിയാം
രഘുപ്രവീരനെ വരസിംഹാസനെ
ഹിതത്തിൽ കാണാതെ ഇരിക്കും പേരുടെ
നിരർത്ഥകജന്മം ലഭിക്കട്ടെയമ്മേ!
രഘുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനെങ്കിലോ
ഗുരുപ്രവീരനാലുപദിഷ്ടമായി-
ട്ടിരിക്കും ബ്രഹ്മത്തെ മറന്നവരുടെ
അതിക്രൂരമായിട്ടിരിക്കും ദുർഗ്ഗതൌ
കിടക്കേണം ദേവി കൃശനായിത്തന്നെ
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനെങ്കിലോ
പരസ്ത്രീയെച്ചെന്നു പരിഗ്രഹിച്ചുള്ള
മനുഷ്യന്റെ പാപം ഭുജിയ്ക്കുമഞ്ജസാ
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനാകിലോ
അജസ്രം മദ്യപാനവും ചെയ്തുപിന്നെ
മനസ്വിനിയുമായ്പൊരുതുചൂതുകൾ
മനസ്സിലൊട്ടുമേ കൃപയുമില്ലാത
മനുഷ്യൻ തന്നുടെയഘം ഭുജിച്ചീടും
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനാകിലോ
സ്വധർമ്മമെന്നതിൽ മനസ്സുചെല്ലാതെ
അധർമ്മവും ചെയ്തു ധനമപാത്രത്തിൽ
കൊടുത്തഴിക്കുന്ന നരനുടെ പാപ
ഫലത്തിനെ നന്നായനുഭവിച്ചീടും
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനാകിലോ
സ്വഭൃത്യങ്കലൊന്നുമകൃത്യം കാണാതെ
ത്യജപ്പവൻ പാപം ഭുജിച്ചീടും നൂനം
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനെങ്കിലോ
ഗുരുക്കളെച്ചെറ്റുമനുസരിയാതെ-
യിരിക്കും മർത്ത്യന്റെ വഴിയെ പോയീടും
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനെങ്കിലോ
ദരിദ്രനായഥ ബഹുപുത്രനായി
പെരുത്ത വ്യാധികൾ പിടിച്ചിരുന്നീടും
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനെങ്കിലോ
അഹസ്പതിക്കഭിമുഖമായിമൂത്രി-
ച്ചിരിക്കും മർത്ത്യനുള്ളഘം ഭുജിച്ചീടും
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനെങ്കിലോ
ഗുരുക്കന്മാരുടെ പരിഗ്രഹങ്ങളെ
ഗ്രഹിച്ചവൻ പാപം ഭുജിക്കട്ടെയവൻ
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനെങ്കിലോ
പെരുത്ത ദാഹമോടടുക്കുമ്പോൾ വെള്ളം
കൊടുക്കാത്ത പാപം ലഭിച്ചീടുമവൻ
മനുപ്രവീരനെ വനത്തിലാക്കുവാൻ
മനസ്സുവെച്ചുള്ള മനുഷ്യനെങ്കിലോ
പെരുത്ത സമ്പത്തു ഭുജിക്കും പുത്രരോ-
ടിരിക്കാതെയവൻ മരിച്ചുപോകേണം
ഇതിശപഥങ്ങൾ ഭയങ്കരമായി
ഭരതൻ ചൊന്നതു ശ്രവിച്ചു കൌസല്യാ
ത്യജിച്ചു ശങ്കയും തെളിഞ്ഞു ചിത്തവും
അടുത്തുചെന്നുടൻ പിടിച്ചെടുത്തഥ
തഴുകി മൂർദ്ധാവിൽ സമാഘ്രാണഞ്ചെയ്തു
പതിമരിച്ചിട്ടും സുതൻ ഗമിച്ചിട്ടും
അതിയായി പീഡിച്ചിരിക്കുന്നോരെന്റെ
മതിതപിക്കുന്നു തവസത്യം കേട്ടു
അധർമ്മം വിട്ടു നീ ദൃഢപ്രതിജ്ഞനായ്
സ്വധർമ്മത്തിൽ നിന്റെ മനസ്സുറക്കയെ
ന്നുരത്തെടുത്തുതൻ മടിയിൽ വെച്ചഥ
തുടച്ചുകണ്ണുനീർ പെരുത്ത ശോകവും
അടക്കിരാത്രിയും പുലർന്നിതന്നേരം
പ്രഭാതകാലത്തിൽ വസിഷ്ഠമാമുനി
ഭരതനോടേവം പറഞ്ഞുസാദരം
നരവരോത്തമ പരിതപിക്കാതെ
നരവരനിനിഗതിവരുത്തുക
പരിചിലുത്തരക്രിയകൾ ചെയ്തു നീ
ഗുരുവരുൾ ചെയ്തു ഭരതൻ കേട്ടഥ
തിലജദ്രോണിയിന്നെടുത്തു ഭൂപനെ
നിലത്തുകൊണ്ടന്നുകിടത്തി വീണവൻ
തപിച്ചു വീണഥ വസിഷ്ഠൻ ചൊല്ലിനാൻ
കുളിപ്പിച്ചുപ്രേതക്രിയകളും ചെയ്തു
കനകപ്പല്ലക്കിൽ രുചിരമായുള്ള
പണിയേറും ശയ്യാ വിരിച്ചതിന്മീതേ
ഗുണഗണമുള്ള ദശരഥൻ തന്നെ
കിടത്തിയിട്ടഥ പരിചാരകന്മാർ
എടുത്തുകൊണ്ടങ്ങു നടക്കുന്നനേരം
സുവർണ്ണരത്നങ്ങൾ വസനങ്ങൾ കൊണ്ടു
സുഖമേമുന്നടന്നിറച്ചാർപൌരന്മാർ
ഹയമേധത്തീയുമെടുത്തു വിപ്രന്മാർ
നൃപനുടെ മുന്നിൽ നടന്നിതന്നേരം
പുരത്തിന്റെ നല്ല ബഹിർഭാഗത്തിങ്കൽ
നൃപന്റെ ഭാര്യമാർ കരഞ്ഞെല്ലാവരും
മറച്ച പല്ലക്കിൽ കരയേറ്റീ തദാ
എടുത്തുകൊണ്ടങ്ങു നടന്നു ചെന്നഥ
നഗരവാസികളിതരലോകരും
അഗരുചന്ദനപ്രമുഖങ്ങളായ
സുരഭികാഷ്ടത്താൽ ചിത ചമെച്ചഥ
ചതുർവ്വേദംകൊണ്ടു മുഴക്കി വിപ്രന്മാർ
വിധിയാകും വണ്ണം ദഹിപ്പിച്ചാരഥ
ഹയമേധാഗ്നിയിൽ വഴിപോലെചെയ്തു
തരുണിമാരെല്ലാം വരവാഹനത്തി-
ന്നിറങ്ങിനല്ലോരു സരയൂതീരത്തിൽ
നടന്നുകൊണ്ടഥ പുരോഹിതന്മാരും
പരമന്ത്രികളും ഭരതനും കൂട-
ക്കുളിച്ചുനന്നായി തിരിച്ചു തങ്ങടെ
ഗൃഹം പ്രവേശിച്ചു ദ്വിജവരന്മാരാൽ
അനന്തരം പുണ്യാഹവും വഴിപോലെ
പരന്തപന്നിറുവഹിച്ചു പന്ത്രണ്ടാം
ദിനത്തിൽ പിണ്ഡവും കഴിച്ചു ശ്രാദ്ധവും
കൊടുത്തു ദക്ഷിണ വിധിയാകും വണ്ണം
ദ്വിജപ്രവരന്മാർക്കവധികൂടാതെ
പശുക്കൾ പട്ടുകൾ പരഗൃഹങ്ങളും
പടുത്വമുള്ള ദാസികൾ ദാസന്മാരും
രഥതുരംഗവും ഗജവരങ്ങളും
കൊടുത്തുഭൂപന്റെ ഗതി വരുത്തുവാൻ
പതിമൂന്നാം ദിനം ചിതശോധനങ്ങൾ
ചിതമോടു ചെയ്തു പെരുത്തോരാർത്തിയാൽ
കരഞ്ഞുചൊല്ലിനാൻ ഭരതനന്നേരം
പിതാവേ ഹാ! രാമൻ വനേ ഗമിച്ചിതു
പിതാവുതാൻ നാകമകം പുക്കുതെല്ലോ
അനാഥയായുള്ള ജനനികൌസല്യാ
തനിയെയാക്കി നീ ഗമിച്ചിതോ നാകം
ഇതിങ്ങീനെചൊല്ലി ശ്മശാനത്തിൽ വീണു
കരഞ്ഞൊരുനേരം വരമന്ത്രിജനം
പരിതാപം പോവാൻ പലതുരത്തീട്ടും
ശ്മശാനത്തിൽ ഭസ്മം പെരികക്കണ്ടതിൽ
വശം കെട്ടുവീണു പ്രലാപിച്ചാനപ്പോൾ
അഥ ശത്രുഘ്നനും കിടന്നുദീനനായ്
പ്രലാപിച്ചാനോരോ വചനങ്ങൾ ചൊല്ലി
ബലവാനായിട്ടും സുകുമാരനായും
ഇരിക്കുന്നോരെന്റെ ഭരതനെയിനി
പരിലാളിപ്പാനിങ്ങൊരുത്തനില്ലാതെ
ഭവിച്ചിതല്ലോ ഹാ! ദശരഥഭൂപ
എടുത്തു ഞങ്ങളെയനുസരിക്കുന്ന
പടുത്വമുള്ളനീയെവിടെപോയിപ്പോൾ
ഇനിപ്പുരവാസിജനങ്ങളിങ്ങിതിൽ
ഇരിക്കാതെ കാടായ്‌വരുമയോദ്ധ്യയും
എരിയുമഗ്നിയിൽ പ്രവേശിച്ചിങ്ങിനി
മരിക്കയെന്നവൻ പറഞ്ഞുവീണപ്പോൾ
സുമന്ത്രൻ ചെന്നുടനെടുത്തനുജനാം
സുമിത്രസൂനുവെത്തണുപ്പിച്ചുശോകം
ഭരതനെച്ചെന്നു വസിഷ്ഠനും തദാ
പരിചൊടു ചെന്നങ്ങെടുത്തു ലാളിച്ചു
പറഞ്ഞാൻ ശോകങ്ങൾ കളവതിന്നായി
തപിക്കാതെ രഘുകുലശിഖാമണേ!
തപിക്കാമോ വീരർക്കതിയായിങ്ങിനെ
വിപത്തുണ്ടായ് വരും മനുഷ്യരെന്നായാൽ
നൃപപ്രവരന്മാർ വിപത്തുണ്ടായാലും
മനസ്സുറപ്പിനാലടക്കേണം ശോകം
മരണവും നല്ല ജനനമെന്നല്ലാം
മനുഷ്യരെന്നായാൽ വരുന്നതല്ലയോ
വിശപ്പും ദാഹവും വശക്കേടു മോഹം
നിശയമെന്നിയെ സമമെല്ലാവർക്കും
ഇതിപിതൃക്രിയാകഴിഞ്ഞതിനുശേഷം
മനസ്സുറച്ചഥ കഴിക്ക വൈകാതെ
ഇതിത്തരഞ്ചൊല്ലി തണുപ്പിച്ചുശോകം
തിരിച്ചെല്ലാവരും പുരത്തിൽ ചെന്നപ്പോൾ
ഭരതനോടു തന്നനുജൻ ശത്രുഘ്നൻ
പറഞ്ഞാനിങ്ങിനെ പരിതാപത്തോടെ
സമസ്തരായുള്ള ജനങ്ങൾക്കൊക്കെയും
വിപത്തുണ്ടാകുമ്പോൾ ഗതിരഘുപതി
നമുക്കിനിയിതിൽ വിശേഷിച്ചും മറ്റി-
ങ്ങൊരുത്തരില്ലല്ലോ ഭരിച്ചു ലാളിപ്പാൻ
ഒരുത്തിയെ ചൊല്ലി ധരിത്രിനായകൻ
രഘുപ്രവീരനെ ത്യജിച്ചതും കഷ്ടം!
അടുത്തനുജനായിരിക്കും ലക്ഷ്മണൻ
മിടുക്കനെന്നിതു വചിക്കുന്നെന്തിനു
ധരിത്രിനായകനതിക്രമമായി
രഘുപ്രവീരനെ ത്യജിക്കുന്ന നേരം
വധിച്ചു താതനാ നൃപതി തന്നെയും
പതിപ്പിച്ചു ദുഷ്ടായവളുടെമൂമ്പിൽ
അടക്കിരാജ്യവും രഘുപ്രവീരന്റെ
വനപ്രവാസവും മുടക്കി പിന്നെയും
കഴിപ്പിച്ചില്ലല്ലോ വരാഭിഷേകവും
ഇതിത്തരം പറഞ്ഞിരിക്കവേകൂനി
സമസ്തഭൂഷണം ധരിച്ചു നന്നായി
തനിക്കു ചേർന്നുള്ള സഖിമാരുമായി
കിഴക്കെവാതുക്കൽ വരുന്നനേരത്തു
ഗൃഹദ്വാരം പാലിച്ചിരുന്നീടുന്നവർ
വിപത്തുണ്ടാക്കിയ പരമദുഷ്ടയെ
പിടിച്ചു ശത്രുഘ്നനിരിക്കുന്നേടത്തു
ത്വരിച്ചുകൊണ്ടന്നു വചിച്ചാരിങ്ങിനെ
ധരിത്രിനായകതനുജ! ശത്രുഘ്ന!
മുടിച്ചതൊക്കെയുമിവളത്രേ രാമൻ
വനപ്രവാസനം വരുത്തി ഭൂപനെ
ത്തപിപ്പിച്ചു നാകം ഗമിപ്പിച്ചിതെല്ലാം
ഇതിത്തരം കേട്ടു സുമിത്രസൂനുവും
വചിച്ചാനിങ്ങിനെ പരിജനത്തോടു-
മതിക്രമിവൾ നടത്തിയതെല്ലാം
ഭുജിയ്ക്കേണമിതിസ്സഭയിന്നുതന്നെ
പിടിച്ചുനന്നായിച്ചവിട്ടി ഭൂമിയിൽ
പതിപ്പിച്ചുനന്നായടിച്ചിഴച്ചഥ
കടുപ്പമേറുന്ന കയുറുകൾ കൊണ്ടു
മുറുക്കിക്കെട്ടിനാൻ സുമിത്രാനന്ദനൻ
നരച്ച മർക്കടൻ നിരങ്ങുന്നപോലെ
അടിച്ചിഴച്ചിതു ധരണിയിലെങ്ങും
കനകമാലകൾ കനകങ്കണം
കനക കുണ്ഡലം കനകകാഞ്ചിയും
കനകതോൾ വള കണയാഴിയെല്ലാം
അടിച്ചതുകൊണ്ടങ്ങുടഞ്ഞു ഭൂഷണം
തെറിച്ചതുവീണുദിശിദിശതോറും
ഭയപ്പെട്ടന്നേരമവൾസഖികളും
ത്വരിച്ചു പാഞ്ഞവർ നിനച്ചാരിങ്ങിനെ
പൊറുക്കേണമെന്നു വരികിൽ നാമിനി
രഘുപ്രവീരന്റെ ജനനിയെക്കണ്ടു
പൊറുക്കേണമെന്നങ്ങുറച്ചു ദാസിമാർ
പതിച്ചു കൌസല്യാപദത്തിൽ ചെന്നവർ
വചിച്ചുരക്ഷിപ്പാൻ കരച്ചിലോടവർ
തപിച്ചു മന്ഥരി തൊഴിയ്ക്കുന്നനേരം
സുമിത്രപുത്രനും വചിച്ചാനിങ്ങിനെ
നിനക്കു കർത്താവായിരിയ്ക്കും കൈകേയി
പരിത്രാണമിപ്പോൾ കഴിയ്ക്കട്ടേ തവ
ഇതിത്തരം കേട്ടു നടുങ്ങി കൈകേയി
പിടിച്ചുനമ്മെയുമടിയ്ക്കുമെന്നൊർത്തു
ത്വരിച്ചുവേഗേനഗമിച്ചുപുത്രന്റെ
അടുത്തുചെന്നവൾ ശരണം പ്രാപിച്ചാൾ
തുടുതുടക്കണ്ണും ചുവന്നുകോപിച്ചു
കടുകടച്ചൊന്നാൻ ഭരതനും തദാ
അഹിതകേകയകുലവിനാശിനി!
മഹിതനാമെന്റെതമയനെകാട്ടിൽ
കളഞ്ഞ നിന്നെ ഞാൻ കുല ചെയ്തീടുവൻ
കളവല്ല രാമൻ തിരുള്ളാക്കേടു
വളരെയുണ്ടാമെന്നൊരുശങ്കകൊണ്ടു
കുലവിനാശിനീ തവ വധം ചെയ്‌വാൻ
അലസനായിപ്പോൾ വലഞ്ഞുനിന്നതും
അബലയെക്കൊന്നാൽ രഘുപതി നമ്മോ-
ടരുൾ ചെയ്കയില്ലങ്ങതുകൊണ്ടത്രെഞാൻ
ജനനിയെന്നൊരു കൃപകൊണ്ടല്ലയെ-
ന്നനുജ! ശത്രുഘ്ന! ധരിച്ചുകൊണ്ടാലും
ഇവളെയും കെട്ടിയടിയ്ക്ക കൊണ്ടിനി-
ത്തിരുവുള്ളക്കേടു വരികയല്ലല്ലി?
ഇതുകേട്ടോരവളനുജൻ കൂനിയെ
അതിവേഗമെടുത്തെറിഞ്ഞുകേകയ-
തനുജതന്നുടെസമീപത്താമ്മാറു
അവിടെവീണവൾ കരഞ്ഞെഴുനേറ്റു
മൃതസമമായി ഭയപ്പെട്ടുനിന്നാൾ
പതിനാലാം ദിനം പൂരവാസീകളും
മതിശാലികളാം വരമന്ത്രികളും
പുരോഹിതന്മാരും ജനപദേശന്മാർ
പ്രധാനഭൂപന്മാരൊരുമിച്ചുകൂടി
ഭരതനു നന്നായഭിഷേകം ചെയ്‌വാൻ
പരന്നയോദ്ധ്യയിൽ നിറഞ്ഞുവന്നവർ
അതിനുവേണ്ടുന്നപദാർത്ഥമൊക്കയും
അതിവേഗം കൊണ്ടൊന്നൊരുക്കിയെല്ലാരും
ഭരതൻ തന്നുടെ തിരുമുമ്പിൽ വന്ന-
ങ്ങറിയിച്ചാരേവമഭിഷേകത്തിന്നായ്
ജയജയനൃപകുലതിലകമേ!
ജയജയസൂര്യകുലമുടിമണേ!
ഗുരുവായിട്ടുള ദശരഥനൃപൻ
വരസുതൻ തന്നെയരണ്യത്തിലാക്കി
സുരലോകത്തിങ്കലെഴുനെള്ളിയെല്ലൊ
ധരാപതിയായി പരിചിൽ വാണു നീ
പരിപാലിയ്ക്കേണം ഭരത ഞങ്ങളെ
അഭിഷേകത്തിനായൊരോ പദാർത്ഥങ്ങൾ
അഭിമതജനമൊരുക്കി നിൽക്കുന്നു
അഭിഷേകം ചെയ്‌വാൻ പറഞ്ഞതുകേട്ടു
അഭരൂപനായ ഭരതൻ കോപിച്ചു
ചെവിരണ്ടും പൊത്തിക്കരഞ്ഞാനിങ്ങിനേ?
ഉചിതമല്ലയിതെനിയ്ക്കുരാജാവാം
രഘുപതിയായതമയൻ നിൽക്കവേ
ഇതൊക്കയും നിങ്ങളറിഞ്ഞിരിക്കവെ
വചിയ്ക്കാമോ നിങ്ങൾ സഹജനങ്ങളെ
അഭിഷേകക്കോപ്പുവരുത്തിയതെല്ലാം
രഘുപതിതന്റെയരികിൽകൊണ്ടുപോയ്
അരണ്യത്തിൽ നിന്നങ്ങഭിഷേകം ചെയ്തു
പുരത്തിൽ കൊണ്ടുവന്നിരുത്തുന്നുണ്ടു ഞാൻ
പതിനാലു വർഷം വനേ ഞാനും രഘു-
പതിയ്ക്കു വേണ്ടിയിട്ടിരിക്കുന്നുണ്ടിനി
വരുത്തുന്നില്ല ഞാനിവളുടെ കാമം
ധരിയ്ക്ക ലോകരേ! മറുത്തു ചൊല്ലാതെ
ത്രിഭുവനപതി സമനായരാമൻ
അനുഭവിയ്ക്കേണമിതുരാജ്യമെല്ലാം
സമർത്ഥരാം ശില്പി ജനങ്ങളും വേഗം
വനത്തിൽ പോവാനായ് വഴി ചമയ്ക്കേണം
അരണ്യം പാലിയ്ക്കും ജനങ്ങളുമെല്ലാ-
മൊരുമിച്ചുകൂടി പുറപ്പെട്ടീടണം
ഇതിത്തരം കേട്ടു സദസ്സിൽ നിന്നവർ
മനസ്സിലേറ്റവും കുളുർത്തുചൊല്ലിനാൻ
നിനക്കിതുമനസ്സുറച്ചതുകൊണ്ടു
ഭവിയ്ക്കും നല്ലതു ധരിയ്ക്ക സുന്ദര!
ഭരതൻ ചൊല്ലിയതതിക്രമിയ്ക്കാതെ
വരാധികാരികൾ വിളിച്ചു ഭൃത്യരെ
വഴി നന്നാക്കുവാൻ പറഞ്ഞയച്ചിതു
ജലമുറക്കുന്ന നിലമറിഞ്ഞവർ
ഖനകയന്ത്രകോവിദന്മാരും പിന്നെ
മനമൊടു കർമ്മാന്തികന്മാരും കൂടി
പെരുത്ത വൃക്ഷതക്ഷകൻ കൂപകരൻ
പെരുവഴി നന്നായറിയുന്ന ജനം
വഴിയ്ക്കു രക്ഷിപ്പാൻ ചമർത്ഥരാം ജനം
കഴിഞ്ഞ ഭൂമിയെ നിരത്തുന്ന പേരും
ഉയർന്ന ഭൂമിയെ നിരത്തുന്ന പേരും
പെരുന്തച്ചൻ തച്ചനൊരു പൂഴിത്തച്ചൻ
പെരുങ്കൊല്ലൻകൊല്ലനൊരു കല്ലാശാരി
കയറുണ്ടാക്കുന്ന ജനങ്ങളും പിന്നെ-
ക്കയറുകൾ കൂട്ടി വലിയ്ക്കുന്ന പേരും
മരാമരങ്ങളെ മുറിപ്പതിന്നായി
മഴുകുന്താലികളെടുത്തുള്ള ജനം
മലകളെ വെട്ടിപ്പിളർന്നീടും ജനം
പലപണിക്കാരർനടന്നുമുന്നമേ
വഴീയുണ്ടാക്കുവാനവധികൂടാതെ
വഴിയുണ്ടാക്കിനാർ വഴിപോലെചെന്നു
നിരത്തുന്നു ഭൂമി നികത്തുന്നു ചിലർ
തകർക്കുന്നു ചിലരുയർന്ന ഭൂമിയെ
മുറിയ്ക്കുന്നുമരമെരിയ്ക്കുന്നൂ ചിലർ
പറിയ്ക്കുന്നു പുല്ലു പൊരിയ്ക്കുന്ന പേരും
മരുഭൂമികളിൽ ചിറകുഴിയ്ക്കയും
സരണിയിലെങ്ങും വിഷമമായുള്ള
ധരണീയൊക്കയും സമമാക്കിപ്പിന്നെ
ഭരതൻ പോകുമ്പോൾ വഴിക്കിരിപ്പാനായ്
അരമനകളും ചമച്ചാരിങ്ങിനെ
മരതകമണി രചിതമായുള്ള
മഹാസ്തംഭങ്ങളും മതിലതിലെല്ലാം
പെരുവഴികളിൽ തരന്തരമായി
പെരിയ കോട്ടകളതിലതിലെല്ലാം
പരിഖവും നല്ലൊരുയർന്നമേടയും
പെരിയ ചന്ദ്രശാലകൾ കൊടികളും
കരിതുരഗാദിചതുരംഗസേന-
യ്ക്കിരിപ്പടം വേറെ തരം തരമായി
കരകൌശലങ്ങളധികമുള്ളോരു
വരശില്പി ജനം രചിച്ചിതിങ്ങിനെ
ദിനകരൻ പോയി മറഞ്ഞിതദ്ദിനം
ദിനകരകുലമണിയേയും തദാ
പ്രഭാതകാലത്തിലുണർത്തിനാർ വന്നു
പ്രഭുവായ ദശരഥനെപ്പോലവെ
പടുത്വമുള്ളവരെടുത്തുവാദ്യവും
അടിച്ചുകാഹളംവിളിച്ചുമങ്ങനെ
ഇടയ്ക്കമദ്ദളമുടക്കുശംഖവും
കുളുർത്ത വീണയും തടിച്ച ഭേരിയും
അടിച്ചു മംഗലം പുകഴ്ത്തിയുംകൊണ്ടു
പുറത്തുവന്നവർ നിറഞ്ഞതുനേരം
ദശരഥനൃപനെഴുനേറ്റുശോകാൽ
വശം കെട്ടു കോപമിയന്നു ചൊല്ലിനാൻ
രഘുവീരനിന്നങ്ങവകാശമുള്ള
തിനിയ്ക്കിതെന്തിനു വരവാദ്യമിപ്പോൾ
ഉണർത്തേണ്ടയെന്നെ വരവാദ്യം കൊണ്ടെ-
ന്നുരത്തു നന്നായി വിലക്കി നിർത്തിനാൻ
സുമിത്രസൂനുവെ വിളിച്ചനന്തരം
തപിച്ചുചൊല്ലിനാൻ ഭരതനിങ്ങിനെ
അതിധർമ്മാത്മാവാം ദശരഥനൃപൻ
ത്രിദിവം പുക്കപ്പോളൊരു രാജ്യശ്രീയും
ചലിയ്ക്കുന്ന വെള്ളമതിലോളംപോലെ
പരമദുഷ്ടയാം ജനനി കൈകേയി
വരുത്തിനന്നായിട്ടെനിയ്ക്കു ഭൂമിയും
ദശരഥനായ മഹീപതിയ്ക്കിപ്പോൾ
യശസ്സുകേടുമങ്ങിവൾ വരുത്തിനാൾ
ഗുണഗണമുള്ള തമയനെക്കാട്ടിൽ
ഗുണനിധേ! ദുഷ്ട കളഞ്ഞാളെന്നേവം
ഭരതൻ പേടിച്ചു കരഞ്ഞുദീനനായ്-
ക്കരഞ്ഞതുകേട്ടു കരഞ്ഞുനാരിമാർ
ഉദിച്ചുസൂര്യനും വിളങ്ങിദിക്കുകൾ
തദാവസിഷ്ഠനും നൃപസഭയിങ്കൽ
എഴുനെള്ളിയുടനയച്ചു ദൂതരെ
വരുത്തി മറ്റുള്ള പുരോഹിതരേയും
വരമന്ത്രിജനമവരെയുമെല്ലാം
ധരം സുതന്മാരും ജനപദേശന്മാർ
ധരാപതികളും മുനിവരൻ തന്റെ
നിയോഗത്താൽ വന്നു നിറഞ്ഞാരൊക്കയും
മഹാമുനിതന്റെ നിയോഗത്താലപ്പോൾ
സഹാനുജനായി ഭരതനും വന്നു
യഥോചിതമായിട്ടിരുന്നാരെല്ലാരും
യഥാപുരം സഭ നിറന്നിതന്നേരം
വസിഷ്ഠൻ ചൊല്ലിനാൾ ഭരതനോടപ്പോൾ
വരിഷ്ഠമായുള്ള വചനമിങ്ങിനെ
പിതാകാലധർമ്മമടഞ്ഞു പൈതൃക-
നിയോഗത്താൽ കാടു ഗമിച്ചു രാഘവൻ
പിതാവും ഭ്രാതാവും വിതരിയരാജ്യം
ഭരത! നീ തന്നെ പരിരക്ഷിച്ചാലും
അഭിഷേകത്തിനായൊരു പദാർത്ഥങ്ങൾ
അഭിമതജനമൊരുക്കിനിൽക്കുന്നു
അഭിഷേകം ചെയ്‌വാൻ ഗുരു പറഞ്ഞപ്പോ-
ളഭിരൂപനായ ഭരതൻ കൈകളാൽ
ചെവിരണ്ടുപൊത്തിശ്ശിവയെന്നങ്ങവ-
നവശതപൂണ്ടു പറഞ്ഞാനിങ്ങിനേ
പല ധർമ്മങ്ങളും പല ശാസ്ത്രങ്ങളും
വിശേഷിച്ചു സൂര്യകുലധർമ്മത്തെയും
നലമൊടൊക്കയുമറിഞ്ഞുള്ള ഭവാൻ
പറയാമോ ധർമ്മമകന്ന വാക്കുകൾ?
ഭരതനായ ഞാൻ ധരാപതിയായി
പ്പരിചിൽ വാഴുവൻ പരിമോഹിയ്ക്കിലും
പറഞ്ഞൊഴിയ്ക്കുന്ന ഗുരുവെന്തിങ്ങിനെ
പറഞ്ഞെതെന്നവൻ പറഞ്ഞുപിന്നെയും
ത്രിഭുവനത്തിനുമധിപതിയാവാ-
നവകാശമുള്ള രഘുപതിയിന്ന-
ങ്ങധികശൂരനായിരിയ്ക്കവേ രാജ്യം
ഭരിക്കാമെന്നതു മനക്കാമ്പിലേതും
നിനച്ചിട്ടില്ലെന്നു ധരിച്ചുകൊണ്ടാലും
ഇനകുലത്തിങ്കൽ ഞാൻ പിറന്നവനെങ്കിൽ
മുനിവരോത്തമ നിനയ്ക്കയുമില്ല
ധരിത്രിയൊക്കയും ഭരിപ്പാനായി ഞാൻ
സമർത്ഥനല്ലെന്നു ധരിച്ചുകൊണ്ടാലും
പെരുത്ത കാളകളുഴുകുന്നനിലം
ഖരങ്ങളെക്കെട്ടിയുഴുതാൽ തീരുമോ
എനിയ്ക്കുമിപ്പരിജനത്തിനുമി
ധരിത്രിനായകൻ മനുപ്രവീരനെ
വനത്തിൽ ചെന്നു ഞാൻ തിരിച്ചു കൊണ്ടന്നു
നൃപസ്ഥാനത്തിങ്കലിരുത്തുന്നുണ്ടിഹ
പെരുവഴിയൊക്കെത്തിരുത്തുവാനായി
പെരുത്തശില്പികളിവരാദിയായി
ത്വരിച്ചുപോവാനായയച്ചേനിന്നലെ
ഝടിതിയെല്ലാരും പുറപ്പെട്ടാലുമെ-
ന്നരുളിച്ചെയ്തപ്പോൾ സഭയിൽ നിന്നവർ
ഒരുപോലെയെല്ലാം ബഹുമാനമായി-
ട്ടുടനെ കൊണ്ടാടിത്തലകുലുക്കിനാർ
ഭരതൻ പിന്നെയും പറഞ്ഞാനിങ്ങിനെ
നരവരൻ തന്നെ വരുത്തുവാനായി
പുരവാസികളാദിയായെല്ലാരും
ത്വരിച്ചുനല്ലോരു ചതുരംഗസേനാ
ഒരുമ്പാടുകൂട്ടി പുറപ്പെട്ടീടേണം
തിരിയെ രാഘവൻ വരികയില്ലെന്നു
പിറകിൽ ഞാൻ കൂടിയിരിയ്ക്കുന്നുണ്ടതിൽ
അടുക്കെ ലക്ഷ്മണനിരിയ്ക്കുന്നപോലെ
വനത്തിൽ ശുശ്രൂഷിച്ചിരിയ്ക്കുന്നുണ്ടു ഞാൻ
ബലാൽ പറഞ്ഞാലും വരാതെ നിൽക്കിലോ
ബലാൽക്കരിച്ചിട്ടു വരുത്തുകതന്നേ
പരന്തപനായ ഭരതൻ പിന്നെയും
സുമന്ത്രരെ വിളിച്ചിവണ്ണം ചൊല്ലിനാൻ
രഥികളും നല്ല കുതിരക്കാരരും
പഥിയിലാകട്ടെ ഝടിതി വൈകാതെ
പടയാളികളാം ഭടവരന്മാരും
നെടിയ പട്ടയം ധരിച്ചു വേഗേന
നെടിയ വീഥിയിൽ നടപ്പാറാകട്ടെ
രഥത്തെ യോജിക്കയെനിക്കുമെന്നപ്പോൾ
ത്വരിച്ചു സൂതനും പറഞ്ഞെല്ലാരോടും
പുറപ്പെട്ടാരവരരക്ഷണംകൊണ്ടു
ത്വരിച്ചുപോവാനായ് വരഭടരുടെ
തരുണിമാരെല്ലാം പുരുഷരോടപ്പോൾ
പറഞ്ഞുവേഗേന പുറപ്പെടീച്ചഥ
വരുത്തുകയെന്റെ രഥത്തിനെയെന്നു
നൃപനിദേശത്താൽ വരുത്തി സൂതനും
രഥവരങ്ങളിലറുപതായിരം
നവസഹസ്രമാം കരിപ്രവരങ്ങൾ
അവധികൂടാതെ പുറപ്പെട്ടുപട
ഗുണമേറീടുന്ന മണികാരന്മാരും
തുനിഞ്ഞു കുംഭകാരരും പുറപ്പെട്ടു
കയറുണ്ടാക്കും സൂത്രകർമ്മകൃത്തുക്കൾ
മയിലിറകിനാൽ വിശറിയുണ്ടാക്കും
മയൂരികന്മാരും പുറപ്പെട്ടാരപ്പോൾ
മരമറുക്കുന്ന പെരിയ വാളുകൾ
പരിചിലുണ്ടാക്കുന്നവരെല്ലാവരും
പരിമളഗോരോചനമുണ്ടാക്കുന്ന
വരരോചകന്മാരവരുമിങ്ങിനെ
കടയിലെപ്പൊഴുമിരുന്നു മുത്തുകൾ
കടയും വേധകരൊരുമിച്ചെല്ലാരും
കരകൌശലമേറിന ദന്തകരർ
അരച്ചു ചാന്തുകളിടും സുധാകരർ
പരിമളവസ്തു പരിചിലുണ്ടാക്കും
വരഗന്ധോപജീവികൾ പുറപ്പെട്ടു
സുരുചിരമായിപ്പണിയെടുക്കുന്ന
സുവർണ്ണകാരരും പുറപ്പെട്ടാരപ്പോൾ
കരിമ്പടം നല്ല തരത്തിലുണ്ടാക്കും
വരകംബളകാരകന്മാരും പിന്നെ
പരിമളമുള്ള പല വസ്തുകൊണ്ടും
പുകക്കും ധൂപികാ ജനങ്ങളും പിന്നെ
പലതരം മദ്യം ചമച്ചു വിൽക്കുന്ന
പലശൌണ്ടികന്മാർ പുറപ്പെട്ടാരപ്പോൾ
വെളുത്തലക്കുന്ന രജകന്മാരെല്ലാം
ത്വരിച്ചു കൂടവേ പുറപ്പെട്ടാരപ്പോൾ
വലതുന്നും പായാരവരുമന്നേരം
പെരിയഗ്രാമത്തിൽ പ്രധാനന്മാരായോർ
ഇടച്ചേരി തന്നിൽ പ്രധാനഭൂതരാ-
യിരിക്കും പേർകളും പുറപ്പെട്ടാരപ്പോൾ
വിവിധവേഷങ്ങൾ ധരിച്ചു ശൈലൂഷ-
രവരും കൂടവേ പുറപ്പെട്ടാരപ്പോൾ
വലകൾ കെട്ടിയും ചമച്ചുജീവിച്ച
ങ്ങിരിക്കുന്ന കൈവർത്തകന്മാരാദിയായ്
ഒരുമിച്ചുകൂടിപ്പുറപ്പെട്ടുവേഗം
ഭരതന്റെ കൂടെസ്സകലരുമെല്ലാം
പെരിയ മന്ത്രികൾ പുരോഹിതന്മാരും
ധരാസുരന്മാരും ധരാപതികളും
ദശരഥനുടെ സതീജനങ്ങളാം
തരുണിമാരെല്ലാമൊരുമിച്ചന്നേരം
പുറപ്പെട്ടു നല്ല കനകപ്പല്ലക്കിൽ
ഇരുന്നു മൂടായി മറച്ചുമങ്ങിനെ
അയോദ്ധ്യയിലുള്ള ജനങ്ങളൊക്കയു-
മതിമോദത്തോടേ നടന്നാരന്നേരം
രഥമതിലേറിപ്പുരോഹിതന്മാരും
രഥികളായ് രാജപുരുഷന്മാരെല്ലാം
ഭരതനും പട ഭരിച്ചനന്തരം
പെരുവഴിവേഗം നടന്നു ചെന്നഥ
സുരനദീതീരമണഞ്ഞനേരത്തു
ഭരതൻ മന്ത്രിമാരൊടുവിളിച്ചഥ
പറഞ്ഞാനിങ്ങിനെ നരവരാത്മജൻ
പരഗതിയെന്റെ പിതാവിനുണ്ടാവാൻ
സുരനദിതന്നിൽ കുളിച്ചിഹജല-
ക്രിയകൾ ചെയ്‌വനായ്മനസ്സെനിക്കെന്നു
പറഞ്ഞുകേട്ടപ്പോളനുവദിച്ചതി-
യിരുന്നാരേവരുമൊരുമിച്ചപ്പൊഴെ
രഘുപതിതന്നെ വരുത്തുവാനുള്ളൊ-
രുപായം ചിന്തിച്ചു ഭരതൻ മേവിനാൻ
പെരുമ്പടവന്നു നിറഞ്ഞതുകണ്ടു
പരന്നശൃംഗിവേരമെന്നതിൽ ഗുഹൻ
പരമബന്ധുക്കളവരൊടന്നേരം
പറഞ്ഞിതുവേടർക്കധിപതിഗുഹൻ
വരഗുണഗണമുടയരാമനെ
അരണ്യത്തിലാക്കിദ്ദശരഥൻ മുന്നം
ദശരഥസുതൻ ഭരതനെന്നിപ്പോൾ
അരണ്യത്തിൽ ചെന്നു രഘുവരൻ തന്നെ
പെരുതുകൊല്ലുവാൻ പുറപ്പാടായതും
പൊരുതുകൊല്ലാതെപെരിയശൂരനെ-
പ്പരിത്യജിക്കിലോ തിരിയെവന്നവൻ
ഭരതനെക്കൊന്നു ധരണിവാഴുമെ-
ന്നൊരു ശങ്ക കൊണ്ടു പുറപ്പെട്ടാനിവൻ
അരിശേഷം വെച്ചിങ്ങിരുന്നാലാകയെ-
ന്നൊരുമതികൊണ്ടു വരുന്നതിന്നിപ്പോൾ
നമുക്കു രാജാവും പിതാവും ഭ്രാതാവും
രഘുപ്രവീരനെന്നുറയ്ക്ക നിങ്ങളും
രഘുപ്രവീരനു വിപത്തുണ്ടാകുമ്പോൾ
മരിക്കേണമിതിലിരിക്കുന്നോരെല്ലാം
ഒരുത്തൻ വിശ്വസിച്ചിരിക്കുന്നാകിലോ
കൊടുക്കേണം തന്റെയസുക്കളും കൂടി
മിടുക്കരാമന്റെ ഭടന്മാരെല്ലാരു-
മുറച്ചുപോരിനിക്കരയിൽ നിൽക്കണം
പെരുത്തുള്ള മരക്കലത്തിലഞ്ഞൂറു-
മിറക്കിനാനവൻ ത്വരിച്ചുവെള്ളത്തിൽ
മരക്കലമൊന്നിലൊരുനൂറുജനം
നിറച്ചുനിൽക്കേണം വരഭടന്മാരേ!
നിഷാദാധിപതി പറഞ്ഞതുകേട്ടു
നിഷാദവീരന്മാരുറച്ചുനിന്നഥ
ഇറക്കിയതോണിയതിലഞ്ഞൂറ്റിലും
തിരിച്ചുനൂറുനൂറതിൽ കരേറിനാർ
പറഞ്ഞാൻ പിന്നെയും ഗുഹനതുനേരം
ഭരതന്റെ കൊടിമരമടയാളം
പരിചിൽ കൊണ്ടന്നു ഭരതൻ താന്തന്നെ
വിരഞ്ഞുരാഘവനെക്കൊല്ലുവാൻ
വരികയെങ്കിലോ പൊരുതുഗംഗയും
തരിക്കാതെ കണ്ടു തടുത്തുനിർത്തേണം
മരക്കലങ്ങളിൽ കരയേറിനല്ല
വരഭടന്മാരിങ്ങുറച്ചുനിൽക്കേണം
കടലുറഞ്ഞിങ്ങു വരുന്നതുപോലെ
പടവരികിലും തടുക്കുന്നുണ്ടു ഞാൻ
ഭടവരന്മാരേ! ഭയം കളഞ്ഞിനി
പടയ്ക്കു കോപ്പിട്ടങ്ങുറച്ചുനിന്നാലും
ഉരത്തുകാട്ടാളനുപായനംകൊണ്ടു
ഭരതൻ മാനസമറിവതിന്നായി
അണഞ്ഞുചെന്നപ്പോളറിയിച്ചുസൂതൻ
അരണ്യത്തിൽ നല്ല പരിചയമുള്ള
രഘുപതിതന്റെ സഖാവായുള്ളവൻ
ഗുഹനിതാവന്നു പരിചിൽ നിൽക്കുന്നെ-
ന്നറിയിച്ചു വേഗം വരുത്തിക്കാണിച്ചു
പൊരുവാൻ കോപ്പിട്ടു വരികയാൽ കാലം
പെരികെ വൈകിയെന്നതുമുറച്ചഥ
ഭരതനോടേവം പറഞ്ഞാനിങ്ങിനെ
നരവരസുത! ഭരത! നീയിപ്പോൾ
സുരനദിതീരേപരിചിൽ വന്നതു-
മറിഞ്ഞതില്ല ഞാനതുകൊണ്ടു വൈകീ!
പെരിയ വൃക്ഷങ്ങൾ പെരികെയുണ്ടായി-
വരികകൊണ്ടിഹമറച്ചുപോകയാൽ
പെരുകിയസേനാവരുന്നതുമേതും
തിരിയാതെപോയി നരവരോത്തമ!
ഒരുത്തനെ മുമ്പിലയച്ചാലൊക്കയു-
മൊരുക്കിപ്പാർത്തുഞാനിരിക്കയില്ലയോ?
തഥാപിമാംസാദിപലതരംകൊണ്ടു
യഥാബലം തവ ബലങ്ങളെയെല്ലാം
സമർച്ചിപ്പാനായി മതിയുണ്ടു മമ
സമർത്ഥനല്ലയെന്നിരിക്കിലും ദേവ!
ഫലമൂലാദികളിതായെന്നും ചൊല്ലി
പലതരം കാഴ്ച തിരുമുമ്പിൽ വെച്ചു
ഇരിക്കേണമിന്നിങ്ങിതിലെന്നുഗുഹൻ
വചിച്ചതുകേട്ടു ഭരതനും ചൊന്നാൻ
എതിലേ പോകേണ്ടു ഭരദ്വാജാശ്രമേ?
കൃതിയാം രാമനെ വിലോകിപ്പാനെന്നു
പറഞ്ഞ നേരത്തു ഭരതൻ തന്നോടു
പരിചൊടു ഗുഹൻ പറഞ്ഞതിങ്ങിനെ
പെരുത്തസേനയോടൊരുമിച്ചുഭൂപ!
പുറപ്പെടുവാനെന്തവകാശമിപ്പോൾ?
രിപുമദകരിനരസിംഹമായ
രഘുപതി തന്നെ വിലോകിപ്പാനെങ്കിൽ
പെരുമ്പടയോടേ വരുവാനെന്തിപ്പോൾ?
മറുത്തു വീരനാം രഘുപ്രവീരനോ-
ടെതൃക്കുന്നെങ്കിലും ധരിക്കേണം മമ-
ജഗൽ പ്രവീരനായ രഘുപ്രവീരനോ-
ടെതൃക്കുന്നെങ്കിലും ധരിക്കേണം മമ
ജഗൽ പ്രിയനായ രഘുപ്രവീരനോ-
ടിണക്കതിന്നായി പുറപ്പെടുന്നാകിൽ
ത്വരിച്ചു ഞാൻ മുമ്പേ പടയുമായിപ്പോൾ
ധരിത്രിനായക! വരുന്നുണ്ടു ഗുഹ
നിഷാദനിങ്ങിനെ പറഞ്ഞതുകേട്ടപ്പോൾ
വിഷാദമുൾക്കൊണ്ടു പിളർന്നു മാനസം
ഹര! ഹര! എന്റെ ചെവിക്കിതുകേൾപ്പാൻ
തരമുണ്ടായെന്നു നിരൂപിച്ചേറ്റവും
പരിതാപം പൂണ്ടു പറഞ്ഞാനിങ്ങിനെ
പിതൃസമനായ രഘുപതിയെ ഭൂ-
പതിയായിട്ടുടനഭിഷേകം ചെയ്തു
പുരത്തിൽ കൊണ്ടന്നിങ്ങിരുത്തുവാനായി
ഗമിക്കുന്നു ശങ്ക നിനക്കുണ്ടാകേണ്ട
അസത്യമഹിഹപറയുന്നു സത്യം
ധരിച്ചുകൊണ്ടാലുമിതെന്നു കേട്ടപ്പോൾ
ഭരതഭാവവുമറിഞ്ഞഥഗുഹൻ
പരിമോദിച്ചവൻ പറഞ്ഞാനിങ്ങിനെ
ചിതമിതുനിന്റെ മതി മനുവര!
അതികീർത്തിയുണ്ടാമിതുകൊണ്ടുതവ
പ്രയത്നമെന്നിയേ ലഭിച്ചുള്ള രാജ്യം
മനുപ്രവീരനാം രഘുവരനായി
കൊടുപ്പാനുള്ളൊരു മതിനിനയ്ക്കുമ്പോ-
ളതിവിചിത്രമെന്നതേ പറയേണ്ടൂ
നിനക്കുതുല്യനായൊരുത്തനെങ്കിലും
ജഗത്രയത്തിങ്കലിരിക്കുന്നില്ലെടോ!
മനുകുലജാതമഹീപതികൾക്കേ
വരുമിതുമറ്റിങ്ങൊരുത്തനും വരാ
മനം തെളിഞ്ഞേവം പറഞ്ഞിരിക്കവേ
ദിനകരബിംബം ജലധിയിലായി
ഭരതൻ പിന്നെയും വ്യഥിച്ചിരിക്കവേ
പറഞ്ഞുവേടനും പരിതാപം നീക്കി
ധരാധിപാത്മജൻ ചരിതമൊക്കയും
ഭരതനോടഥ പറഞ്ഞുകേൾപ്പിച്ചാൻ
സുമിത്രി പുത്രന്റെ പെരിയ ഭക്തിയും
സുദതി തന്നുടെയൊരു ശുശ്രൂഷയും
ഝടാധരിച്ചതും ഭുവിശയിച്ചതും
ജലാധാരനായിട്ടുപവസിച്ചതും
പറഞ്ഞു കേട്ടപ്പോൾ മനസ്സു മൂഢമായ്
ഭരതനെക്കെട്ടിത്തഴുകി ശത്രുഘ്നൻ
കരഞ്ഞുവാവിട്ടങ്ങലറിക്കേട്ടപ്പോൾ
ഭരതനെന്തിപ്പോൾ കരവാനെന്നുട-
നൊരുമിച്ചമ്മമാർ ഭരതൻ ചാരത്തു
തെരുന്നനെ വന്നു കരഞ്ഞുചൂഴവും
ഇരുന്ന നേരത്തു പറഞ്ഞു കൌസല്യ
മകനെ! ബാലക! മനോഹരാകാര!
മഹാമതേ മമ പറകനീയിപ്പോൾ
മൃദുലമായുള്ള തവശരീരത്തിൽ
ഗദങ്ങളേതാനും പിടിച്ചിതോ വീര?
വനേ വസിയ്ക്കുമെന്മകനും താനവ-
ന്നനുജൻ സൌമിത്രി തനിക്കുംതാനിപ്പോൾ
ദുരിതമേതാനും ഭവിച്ചിതോ വീര!
പതി മരിച്ചിഹ മകനും പോയല്ലോ
ഗതി ഞങ്ങൾക്കിനി ഭവാൻ തന്നെയെന്നു
പെരിയശോകത്താൽ പറഞ്ഞതുകേട്ടു
ഭരതനമ്മയെ പരിസാന്ത്വം ചെയ്തു
പരൻ ഗുഹനോടു ഗുഹൻ ചൊല്ലിനാൻ:
പരമസുന്ദരൻ നരവരോത്തമൻ
പരന്തപൻ രാമനിരുന്നതെങ്ങിനെ?
ഭുജിച്ചതെന്തവർ ശയിച്ചതങ്ങെതിൽ
വദിയ്ക്കയെന്നപ്പോൾ വചിച്ചിതു ഗുഹൻ:
പലതരമായ ഫലമൂലങ്ങളെ
മനുവരികൊണ്ടക്കൊടുത്തു ഞാനന്നു
ധരാസുരരുടെ പ്രതിഗ്രഹം പോലെ
ധരാപതികൾക്കു വിധിയല്ലായെന്നു
അരുളി ചെയ്തെന്നെയയച്ചുരാഘവ
നനുജൻ കൊണ്ടന്ന സുരനദിജലം
മനുജപുംഗവനുപയോഗിച്ചഥ
നരവരൻ താനും ജനകജാതാനും
ചരണയുഗ്മവും കഴുകിയ ജല-
മനുജൻ ലക്ഷ്മണൻ കുടിച്ചവരിതി-
ലുപവസിച്ചതിൽ വസിച്ചു രാത്രിയിൽ
അനുജൻ പുല്ലുകൾ പറിച്ചുകൊണ്ടുവ-
ന്നനുകൂലമായ ശയനമുണ്ടാക്കി
ജനകജയോടും ശയിച്ചു രാഘവൻ
പരമമിംഗുദീമരമതിൻ കീഴിൽ
ഭരത! ലക്ഷ്മണൻ ശരധിയും കെട്ടി
വിരൽ ചരടുമാതരത്രാണത്തെയും
ധരിച്ചുനല്ലൊരു കുലച്ച വില്ലുമാ-
യൊഴിച്ചു നിദ്രയും സുമിത്രനന്ദനൻ
അനന്യചിത്തനായടിയനും കൂടി
ഉറങ്ങാതെനിന്നു സദാ സന്നദ്ധനായ്
അടിയനോടോരോ വചനമന്നേരം
അതിഖിന്നനായ് പറഞ്ഞു ലക്ഷ്മണൻ
ദ്ശരഥനിനി മരിക്കുമെന്നതും
വിഷമമുണ്ടാകും ജനനിമാർക്കെന്നും
മഹാർഹശയ്യയിൽ കിടക്കുന്ന രാമൻ
മഹീതലത്തിങ്കൽ കടപ്പാറായെന്നും
ഉദയപര്യന്തം പറഞ്ഞുപീഡിച്ചു
കരഞ്ഞൂലക്ഷ്മണനിരുന്നാനിങ്ങിനെ
മതിമാനാം രാമൻ കാട്ടിൽ കിടന്ന പുല്ലുക-
ളിതായെന്നു കാട്ടി മരത്തിന്റെ കീഴിൽ
നിഷാദാധിപതി പറഞ്ഞതുകേട്ടു
വിഷാദമുൾക്കൊണ്ടു ഭരതനും രാജ-
പുരുഷന്മാരുമായ്പ്പറഞ്ഞു പീഡിച്ചു
നിജമാതാക്കളെ വിളിച്ചുചൊല്ലിനാൻ
സചിവന്മാരോടുമൊരുമിച്ചങ്ങിനെ
പടുത്വമേറുന്ന രഘുവരൻ രാമൻ
കിടപ്പാറായല്ലോ വെറുനിലത്തിഹ
കടാകടായെന്നു പറഞ്ഞു ദീനനായ്
കിടന്നു കേണവൻ പറഞ്ഞാൻ പിന്നെയും
ജനകരാജന്റെ തനൂജയായിട്ടും
മനുജപുംഗവൻ ദയിതയായിട്ടും
ഇരിക്കുന്ന സീതാ മണിമാളികയി-
ലിരിക്കാതെ ഭുവി ശയിക്കാറായല്ലോ
ജനകജാതാനുമണിഞ്ഞ ഭൂഷണ-
കനകരേണുക്കൾ പൊടിഞ്ഞുവീണിതാ
ഉടുത്ത പട്ടുനൂലിതാ കിടക്കുന്നു
നിലത്തുപറ്റിയുമിതല്ലോ കാണുന്നു
ശരദിന്ദുപോലെ തെളിഞ്ഞോരാനനം
പരിചുള്ള നല്ല പുരികയുഗ്മവും
ത്രിവർണ്ണമായുള്ള തിരുനയനങ്ങൾ
തിലസുമസമതിരുനാസാപുടം
അതിമൃദുവായോരധരശോഭയും
ചുരുണ്ടുനീണ്ടുള്ള ചികുരഭംഗിയും
തിലകവും നല്ല രദനഭംഗിയും
മരതകനിറമുടയകാന്തിയും
വരമണിഗണമണിഞ്ഞ കുണ്ഡലം
ദരവരം പോലെ നിറന്ന കണ്ഠവും
സുരതരുപോലെ കരകമലവും
രസഹിതവും ഗളവലികളും
ഭുജംഗം പോലവേ ഭുജയുഗളവും
പിരിവുള്ള മാറുമുദരശോഭയും
പരിചുള്ള നാഭീചുഴിവലികളും
കരളിലെങ്ങിനെ മറക്കുന്നിന്നു ഞാൻ
അരിനിരരാമൻ തിരുമുഖം കണ്ടാൽ
കരെധരിച്ചുള്ള വരായുധങ്ങളും
തെറിച്ചുപോയീടും ദരം പെരുക്കയാൽ
ഒരുദോഷമുണ്ടോ തിരുമേനി കണ്ടാൽ
ഇവണ്ണം മറ്റൊരു തമയനുണ്ടാമോ!
ഇവണ്ണം സംഗതി വരുവാനെന്തയ്യോ!
നരവരർ കാട്ടിലിരുന്നിട്ടുമിപ്പോൾ
അരിനിരരാജ്യമതിക്രമിക്കാതെ
ഇരിക്കുന്നതെല്ലാമവൻ ഭയത്തിനാൽ
പുരത്തിന്റെ നല്ല വരണങ്ങളാരും
പരിത്രാണം ചെയ്യാതിരിക്കിലുമിപ്പോൾ
കരിതുരഗത്തിന്നൊരുമ്പാടും കൂടി
യിരിയ്ക്കാതെ കണ്ടിങ്ങിരിയ്ക്കിലുമിഹ
വരണത്തിനുള്ളോരരരങ്ങളെല്ലാം
തുറന്നു സർവ്വദാ കിടയ്ക്കിലും പിന്നെ
ഗരളം കൂട്ടിയൊരവൂപം പോലവെ
പരിമോഹിക്കയില്ലരികളിന്നാരും
നരവരന്തന്റെ കരപരാക്രമം
അരികളൊക്കയുമറിഞ്ഞതുകൊണ്ടു
തിരിഞ്ഞുനോക്കുന്നില്ലധികശൂരരും
സുമിത്രനന്ദനതിഭാഗ്യം ചെയ്തു
വിപത്തിങ്കലുപകരിപ്പാറായല്ലോ
ജനകജാതാനുമതിഭാഗ്യംചെയ്തു
ജഗൽ‌പതിയോടും പുറപ്പെട്ടാളെല്ലോ
ഇനിഞാനുമെന്റെ തമയനെപ്പോലെ
ഫലമൂലം തിന്നു ജടാധരിച്ചു ഞാൻ
തൃണപർണ്ണങ്ങളിൽ ശയിക്കുന്നുണ്ടെന്നു
ജടാമരവിരി ധരിച്ചുസാദരം
ജലാഹാരനായി ഭുവിശയിച്ചിതാ
അനുജൻ ശത്രുഘ്നനവനും താനുമായ്
വനത്തിൽ രാമനെ വൃതം കഴിയ്ക്കുന്നു
അനുജൻ ലക്ഷ്മണനവനും രാമനും
അയോദ്ധ്യയിൽ വാണങ്ങിരിയ്ക്കയും വേണം
അതിനുദേവകളനുഗ്രഹിയ്ക്കേണം
ഇതിങ്ങിനെചൊല്ലിവിലാപിച്ചു വീരൻ
ഇരുന്നു രാത്രിയും പുലർന്നിതന്നേരം
ഭരതൻ തന്നുടെ അനുജനെ വിളി-
ച്ചരുളിച്ചെയ്തിതു ഗുഹനോടും ചൊല്ലി
സുരനദീതന്റെ തരണത്തിന്നായി
നിയോഗിച്ചനേരമനുജൻ ചൊല്ലിനാൻ
നിമിഷം തന്നുടെ പരികുലത്തോടു
നിയോഗവും ചെയ്തു പടകടത്തുവാൻ
മരക്കലങ്ങളിൽ ഗജങ്ങളല്ലാതെ
തുരഗമാദിയായ്ക്കടത്തിനാരപ്പോൾ
മരക്കലമഞ്ഞൂറൊരുമിച്ചങ്ങതിൽ
പെരുത്തഗൂഢാരംശകടമാദിയായ്
വരപുരോഹിതജനങ്ങളും രാജാ-
പുരുഷന്മാരെയും ജനനിമാരെയും
അലംകൃതമായി പെരിയ തോണിയിൽ
സ്വയം കരേറിനാനനുജനുമായി
പെരുത്തപാളയങ്ങളുർദ്ദ്വഹിപ്പിച്ചു
തിരിയ്ക്കുന്ന ഘോഷം പെരുത്തുണ്ടായപ്പോൾ
ചിലതോണികളിൽ തരുണിമാരെല്ലാം
ചില തോണികളിൽ വരസുരന്മാരും
ചില തോണികളിൽ പുരോഹിതന്മാരും
ചില തോണികളിൽ വരമന്ത്രീജനം
ചിലമരക്കലമതിൽ കുതിരകൾ
ചിലതിൽ കാളകൾ പശുക്കളാദിയായ്
ചിലതിൽ പല്ലങ്കി ചിലതിൽ വിത്തങ്ങൾ
ചിലതിൽ കെട്ടുകൾ ചുമടുകളെല്ലാം
സമർത്ഥധീവരജനങ്ങളന്നേരം
സ്വഹസ്തലാഘവമെടുത്തുകാട്ടിയും
തരിപ്പിച്ചുനല്ല സുരനദീതന്നെ
കരികഴിത്തിലങ്ങിരുന്നനല്പാവർ
കരവരങ്ങളെ സുരനദി തന്നിൽ
ഇറക്കിമെല്ലവെ കടത്തിനാരഥ-
പ്ലവങ്ങളിലേറിക്കടന്നിതു ചിലർ
ബലികളായ് ചിലർ കടന്നു നീന്തിയും
കുടങ്ങൾ കെട്ടിയും കടന്നിതു ചിലർ
വടിവോടെല്ലാരും സുരനദീതന്നെ
കടന്നുവേഗേന കടന്നനന്തരം
ശുഭമുഹൂർത്തത്തിൽ പ്രയാഗയാം വനം
ശുഭശെലൻ ചെന്നു പ്രവേശിച്ചു പിന്നെ
പടകളൊക്കെയുമവിട്യാക്കിയി-
ട്ടടുത്തനുജനും പുരോഹിതന്മാരും
മിടുക്കുള്ള രാജാപുരുഷന്മാരുമായ്
അടുത്തുപോയ്ക്കണ്ടാർ ഭരദ്വാജാശ്രമം
നിരായുധനായി നടന്നു കാൽനട
ധരാസുരരോടും പ്രവേശിച്ചാശ്രമം,
ഗൃഹദ്വാരത്തിങ്കലിരുത്തിത്തന്നുടെ
പുരോഹിതമന്ത്രി ജനങ്ങളെയെല്ലാം,
വസിഷ്ഠനെ മുമ്പിൽ നടത്തിയും കൊണ്ടു
വരുന്നതുകണ്ട ഭരദ്വാജമുനി
വരിഷ്ഠരായുള്ള നിജശിഷ്യരോടും
വചിച്ചിതർഗ്ഘ്യമെന്നെഴുനീറ്റുവേഗം
ഭരതന്നേരമഭിവാദ്യം ചെയ്തു
ഭരദ്വാജമുനിയറിഞ്ഞവനേയും
കൊടുത്തർഗ്ഘ്യപാദ്യമവരിരുവർക്കും
കുശലം ചോദിച്ചു സ്വജനങ്ങൾക്കെല്ലാം
ദശരഥന്തന്റെ കുശലമന്നേരം
പറഞ്ഞില്ല മുനിയറിഞ്ഞിരിയ്ക്കയാൽ
കുശലമന്യോന്യം പറഞ്ഞനന്തരം
ഭരദ്വാജൻ ചൊന്നാൻ ഭരതനോടേവം
ധരണിയൊക്കയും പരിത്രാണം ചെയ്യും
ഭരതനീയ്യെന്തിങ്ങിവിടെ വന്നതും
ഭരതനിന്നുടെ വരവുകണ്ടെന്റെ
കരളിലേതുമേ തെളിവില്ല നൂനം
തവ ജനനി തൻ വചനം കേൾക്കയാൽ
അവനി നായകൻ കളഞ്ഞുരാമനെ
ജഗൽ പ്രിയനായ തമയന്റെ രാജ്യം
രിപുക്കളെന്നിയേ ഭുജിപ്പതിന്നായി
അപരാധമില്ലാതിരിയ്ക്കും രാമങ്കൽ
വിപരീതം ചെയ്‌വാൻ വരികയല്ലയോ?
പറെകയെന്നവൻ പറഞ്ഞുകേട്ടപ്പോൾ
ഭരതന്നേരം മൃതപ്രായനായി
ദരവരം പോലെ നിറുന്ന കണ്ഠവും
വറണ്ടുപോയഥ പറഞ്ഞാനിങ്ങിനെ
പരഹൃദയങ്ങളറിയുന്ന ഭവാൻ
പറഞ്ഞതെന്തിപ്പോളിഹമുനിവര!
പരമൊരുദോഷമടിയങ്കൽ വൃഥാ
തിരുമനസ്സിങ്കൽ നിരൂപിച്ചീടാതെ
മനസാ കർമ്മണാ വചസാ ഞാനിഹ
മനുവരനൊരു വിപരീതമേതും
നിരൂപിച്ചില്ല ഞാനറിക മാമുനേ!
ജനനിയാൽ വന്ന വിപത്തിതൊക്കയും-
ജനമനോഹരനവനെക്കൊണ്ടന്നു
ജനകന്റെ പദമതിലിരുത്തുവാൻ
നിനെച്ചുവന്നിങ്ങു മുനിവര! ഞാനും
മനുവരനേതുവനത്തിലായതെ-
ന്നനുനയത്തോടു പറയേണമിപ്പോൾ.
ഭരതഭാസിതം ശ്രവിച്ചുമോദിച്ചു
ഭരദ്വാജമുനി പറഞ്ഞാനിങ്ങിനെ:
ഗുണങ്ങളൊക്കയും നിറഞ്ഞിരിയ്ക്കുന്ന
ഗുണനിധേ! നിങ്കലതിതരമിപ്പോൾ
അറിയാതെയിതു പറകയല്ല ഞാൻ
ഉറെപ്പതിന്നായി പറഞ്ഞുപിന്നെയും
പെരുത്ത ചിത്രകൂടമെന്നതിലിപ്പോൾ
ധരിത്രിനായകസുതനിരിയ്ക്കുന്നു
ഇരിയ്ക്ക്ണംനിയ്യിന്നിതിൽ തന്നെയെന്നു
ഭരദ്വാജമുനി പറഞ്ഞു കേൾക്കയാൽ
ഭരതനുമനുവദിച്ചനന്തരം
ഇരിയ്ക്കയെന്നവനുറച്ചിൽ പിന്നെ
ഭരദ്വാജൻ മുനി പറഞ്ഞാൻ പിന്നെയും:
നിനക്കു ഞാൻ തരുന്നതിഥിസൽക്കാരം
ഗ്രഹിയ്ക്കനീയെന്നുവദിച്ചതിൻ ശേഷം
വനത്തിലുള്ളൊരു ഫലമൂലങ്ങളെ
വരുത്തിത്തന്നതു കൃതാർഗ്ഘ്യപാദ്യവും
ഇതുരണ്ടും തന്നെ മതിയെന്നനേരം
മുനി ചൊന്നാനേവം മഹീപന്തന്നോടു
നിനക്കു വല്ലതും മതിയെന്നുള്ളതി-
ങ്ങിനിയ്ക്കു നന്നായിട്ടറിയാം മന്നവ!
നിനക്കുള്ളതൊരു ചതുരംഗസേനാ
അവർക്കെല്ലാമന്നം കൊടുക്കുന്നുണ്ടു ഞാൻ
ബലത്തിനെയെല്ലാം ഭവാൻ ദൂരത്തിങ്കൽ
ഇരുത്തിയും വെച്ചു വരുവാനെന്തിഹ
ഇതിത്തരം മുനിപ്രവരൻ ചൊന്നപ്പോൾ
ധരിത്രിനായകതനുജൻ ചൊല്ലിനാൻ:
സമസ്തസേനയും വരുന്നൊരു നേരം
വഹസ്തമാമിതു വിഷയമെന്നു ഞാൻ
ഇരുത്തിദൂരവേയിവിടെവന്നതെ-
ന്നുരത്തുകേട്ടു ഭരദ്വാജമുനി
വിരുത്തുകയെന്നു പറഞ്ഞപ്പോൾ നൃപൻ
വരുത്തിനൻ തന്റെ പടകളൊക്കയും
അനന്തരം മുനി വൃഷഭനും മണി
ഗൃഹന്തന്നിൻ മെല്ലേഗമിച്ചു സാദരം
പുരന്ദരദിശിമുഖവുമായ്പുല്ലി-
ലിരുന്നാചമിച്ചു ശുചിയായിത്തന്നെ
ഭരതനായിന്നിങ്ങതിഥിസൽക്കാരം
പരിചോടെചെയ്‌വാൻ നിരൂപിച്ചോരെന്റെ
വരമനോരഥം പരിപൂരിപ്പാനായ്
സുരാദികളെല്ലാം വരേണമിന്നിങ്ങു.
സമാധിയായ് ഗുണമുടയമാമുനി
സമാധിയിലിരുന്നരുളിനനേരം
സുരതക്ഷകനാമൊരുവിശ്വകർമ്മാ
സുരചിരമായി പുരമുണ്ടാക്കിനാൻ.
പറേകിലഞ്ചുയോജനവഴിദൂരം
ധരണിയൊക്കയും സമതയായതിൽ
ഉരുണ്ട തൂണുകൾ പരന്നകെട്ടുകൾ
ഉരുതരമായ മണിഗേഹങ്ങളും
ഉറപ്പേറീടിനൊരെഴുനിലമാടം
ഉയർന്ന തോരണം നിരന്ന ഭിത്തികൾ
പരിഘവും നല്ല മതിലുമെന്നിവ
പരിചിലുണ്ടാക്കി പുരവരതെന്നെ
ഭരതനിങ്ങിരുന്നരുളുവാനായി
വരമായിട്ടുള്ളോരരമനകളും
തുരഗശാലയും കരികൾ ശാലയും
ദ്രവിണശാലയും നടനശാലയും
രുചിരമായുള്ള രതിഗൃഹങ്ങളും
മുകുരഗേഹങ്ങൾ മനോഹരങ്ങളായ്
പ്രധാനമായുള്ള പ്രധാനവേശ്മങ്ങൾ
പെരുത്ത മുത്തുകൾ പതിച്ച ഭിത്തികൾ
തരത്തിലുള്ളൊരുനടനർത്തകന്മാർ
കളിപ്പതിന്നോരോ മണിത്തറകളും
സ്ഫടികങ്ങൾ കൊണ്ടു പടുത്ത നീരാഴി
കടുത്ത വൈരങ്ങൾ പതിച്ച വാതിലും
സുരവരമണിഗണങ്ങളെക്കൊണ്ടു
സുരുചിരമായിക്കടഞ്ഞതൂണുകൾ
നവമണിഗണമണിഞ്ഞമഞ്ചത്തിൽ
സുവർണ്ണശൃഖലമൃദുലശയ്യയും
തരന്തരമുള്ള ഗൃഹങ്ങളെക്കൊണ്ടു
നിരന്തരമായി ചമച്ച പട്ടണേ
ധരിത്രി തന്നിലും ദിവത്തിലുമുള്ള
സരിത്തുക്കൾ താനും ക്ഷണത്തിനാൽ വന്നു.
ചിലതതിൽ നല്ല തണുത്ത വെള്ളമായ്
ചിലതതിൽ നല്ല സുരയായും പിന്നെ-
ച്ചിലതതിരുചിമധുവായുംതന്നെ
പെരുത്തസേനയ്ക്കു കുടിപ്പതിന്നായി
ഒലിച്ചുമാമുനി വരപ്രഭാവത്താൽ
ദളങ്ങളൊക്കയും വസനാദികളായ്
ഫലങ്ങളൊക്കയും തരുണികളായു-
മിരിക്കുമുത്തരകുരുക്കളിലുള്ള
വനപ്രദേശത്തിലിരുന്നവൃക്ഷങ്ങൾ
രസാലനാളികേരവും പനസവും
രസമേറും നല്ല ഫലനിബിഡമാം
കദളിമാതളം കപിത്ഥം കൂവളം
കരിമ്പുചന്ദനമരങ്ങളെന്നിവ
പരുത്ത ജംബുവും പ്രശസ്തചൂതവും
വരുത്തിനാൻ മുനിവരപ്രഭാവത്താൽ
നലമുടയചന്ദനപുഷ്പത്തോടും
മലയദർദ്ദരഗിരികളും വന്നു
ഭുവനപാലന്മാരൊരുമൂന്നുമഥ
ഭുവിതന്നിൽ വന്നു മുനിപ്രഭാവത്താൽ
സുരപതിമുഖസുരവിസരവും
വരഗന്ധർവ്വന്മാർ സുരനാരീജനം
ഹാഹാവെന്നും വിശ്വവസുവെന്നും പിന്നെ
ഹ്രൂഹ്രൂവെന്നുമുള്ളതൊരുഗന്ധർവ്വരും
സുരചിരഗാനമുടയഗന്ധർവ്വീ-
ജനങ്ങളും നല്ല വിപഞ്ചികൾ കൊണ്ടു
പുരിതന്നിൽ വന്നു നിറഞ്ഞാരന്നേരം
ഭരദ്വാജൻ തന്റെ വരപ്രഭാവത്താൽ
സുരപതിക്കുള്ളവരനാരിമാരി-
ലിരുപതായിരം പുരിയിൽ വന്നിതു
സരസിജാനനനയച്ചിരുപതു
സഹസ്രമംഗനാമണികളുംവന്നു
ഹരസഖനയച്ചിരുപതായിരം
തരുണിമാർവന്നുവരകാന്തിയോടെ
കരതലേവീണാധരിച്ചുനാരദൻ
സരസതംബുരുപരഗോപാലനും
മയർക്കുമുർവ്വശീറ്റിലോത്തമാരംഭാ
നടിക്കും മിശ്രകേശിയുമലംബുസാ
ഘ്നതാചിമേനകായഥവിശ്വാചിയും
കൃതസ്ഥലിയെന്നിത്തരം സുരസ്ത്രീകൾ
ഇവരെല്ലാവരുമിവിടെവന്നപ്പോൾ
വിവിധഘോഷങ്ങൾ വലുതായുണ്ടായി.
പരംവിശ്ചകർമ്മാവവന്റെസൃഷ്ടിയെ-
ബ്ഭരതസേനയും പരിചിൽ കൊണ്ടാടി
പുരന്ദരവനസുമങ്ങളെക്കൊണ്ടു-
നിരന്തരമായിതതിലുമന്നേരം
വിചിത്രമായുള്ള വിഭൂഷണങ്ങളും
വിചിത്രമായുള്ള വിലേപനങ്ങളും
വിചിത്രമായുള്ള വസനസഞ്ചയം
വിചിത്രമായുള്ള വരമാല്യങ്ങളും
ചികുരം നന്നാക്കും ചിതമാം കങ്കതം
മഷിനിറച്ചൊരുജനനിയുംകൂർച്ചവും
വരഗൃഹം തോറും നിറന്നിതേറ്റവും
കലാനിധിവന്നു മുനിപ്രഭാവത്താൽ
നലമുടയന്നം ചമച്ചുവേഗേന
അപൂപാദികളാമൊരോ ഭക്ഷ്യങ്ങളും
രസാലപക്വമാദിയാം പക്വങ്ങളും
ജലമാദിയായിട്ടുടയപേയങ്ങൾ
പലതരമേവം പരിചിലുണ്ടാക്കി
വിവിധമായുള്ള രസത്തോടുമന്ന-
മവധികൂടാതെനിറച്ചിതന്നേരം
ഭരതനുമതിൽ മനോഹരമായോ-
രരമനപുക്കു മഹർഷി ചൊല്ലിനാൻ.
മതിശാലികളാമമാത്യവീരരു-
മതികുശലരാം പുരോഹിതന്മാരും
മതിമുഖിമാരാം ജനനിമാരോടും
അതിവേഗത്തോടുമകത്തുചെന്നഥ
വടിവേറും നൃപവരാസനത്തേയും
കുടയും ചാമരയുഗവും കൂടവെ
പ്രദക്ഷിണം വെച്ചു നമസ്കരിച്ചുട-
നരക്ഷണം രാമസ്മരണവും ചെയ്തു.
വെളുത്ത ചാമരമെടുത്തു തൃക്കയ്യി-
ലടുത്തുമന്ത്രികളിരിക്കുമാസനേ
ധരിത്രിനായകസുതനിരുന്നതു
യഥാക്രമമായിട്ടിരുന്നെല്ലാരും
നടിച്ചിതുതദാസുരനടികളും
വദിച്ചു വന്ദികൾ മികച്ചമംഗലം,
ധരിത്രീനായകചരിത്രമൊക്കയും
ധരിച്ചവർവന്നുപഠിച്ചുമങ്ങിനെ
രപിച്ചുനാടകം പടിച്ചു കേചന
രസിച്ചുപാടിയും കളിച്ചിതു തദാ,
സുരവിസരങ്ങൾ വരവിദ്യകൊണ്ടു
ഭരതനുമവൻ പടയും മോദിച്ചു.
കളിപ്പതിന്നായി കടവുകൾ തോറും
കളിയ്ക്കും കോപ്പുകളൊരുക്കി നന്നായി
ഒരുത്തനേഴെട്ടുസുരതരുണിമാർ
ത്വരിച്ചുവന്നവർ കുളിപ്പിച്ചാരപ്പോൾ
ഒടുക്കമില്ലാതപടകളിലോരോ
ജനത്തിനേഴെട്ടു തരുണിമാർ വന്ന-
ങ്ങിരുന്നുവെവ്വേറെ പിടിച്ചു ദേഹങ്ങൾ-
കുളിപ്പിച്ചാരതിസുഖമാകുംവണ്ണം
തരം തരമുള്ള ദുകൂലസഞ്ചയം
ധരിച്ചു ചന്ദന കളഭവും തേച്ചു
എഴുത്തുചട്ടകൾ ശിരസ്ത്രാണങ്ങളും
സുപുഷ്പങ്ങളെല്ലാമണിഞ്ഞു നന്നായി
ചെരിപ്പുകൾ കാലിലണിഞ്ഞുവേഗേന
പുരത്തിൽ ചെന്നവരിരുന്നു സാദരം
അജങ്ങൾ പന്നികൾ മയൂരകുക്കുടം
മൃഗങ്ങളാദിയാമിവറ്റിന്റെ മാംസം
പചിച്ചിരിയ്ക്കുന്ന സുവർണ്ണപാത്രങ്ങൾ
നിറച്ചുകൊണ്ടന്നുനിരത്തിനാരപ്പോൾ
സരസമായുള്ള വരസൂപാന്നങ്ങൾ
സരസമായവർ ഭുജിച്ചനന്തരം
സുരതരുണിമാർ കൊടുത്തുവീടിക-
സുമുഖരായവർ രസിച്ചിരുന്നഥ
മദിച്ചുസേനയും സുഖിച്ചുനന്നായി
സുരതരുണികളൊടുമൊരുമിച്ചു
രസിച്ചുനന്നായിവസിച്ചനന്തരം
പ്രമത്തന്മാരായി വച്ചിരോരോന്നെ.
നമക്കിനി നല്ലൊരയോദ്ധ്യാപട്ടണേ
പ്രശസ്തദണ്ഡകവനത്തിലും പോവാൻ
മനസ്സിലാനമുക്കിനിയെന്നുകേചിൽ
ധരിത്രീനായകസുതനായരാമൻ
തനിയ്ക്കുനല്ലതുഭവിയ്ക്കട്ടെയെന്നും
പറഞ്ഞുകേചന പുകഴ്ത്തിനന്നായി.
കരിവരങ്ങളും തുരംഗമങ്ങളും
ഖരങ്ങളൊട്ടകഗണങ്ങളും പിന്നെ
എരുതുകളെന്നുമിവറ്റിനെ നന്നായ്
പരിപാലിക്കുന്ന ജനങ്ങൾ വന്നഥ
തൃണങ്ങളാദിയായിരുന്നു ഭക്ഷണ-
ഗണങ്ങൾ കൊണ്ടന്നു കൊടുത്തു സാദരം
കുളിപ്പിച്ചോരോരോദിശികൊണ്ടുചെന്നു
തളച്ചാർ മെല്ലവെയവരവരെല്ലാം
പ്രമത്തന്മാരായിച്ചിലരതിലപ്പോൾ
ഭരതനു ശുഭം ഭവിയ്ക്കട്ടെയെന്നും
പഠിച്ചുനാടകം രസിച്ചുമങ്ങിനെ
നടിച്ചഭിനയം പിടിച്ചുനാരിമാർ
പഠിച്ചു പാട്ടുകൾ പിടിച്ചു കേചന-
ഒരുത്തൻ പാടിനാനതുകേട്ടുപിന്നെ
ഒരുത്തൻ കൊണ്ടാടിത്തലകുലുക്കിനാൻ.
തരത്തിലോരോരോ വിനോദങ്ങൾ ചൊല്ലി
ഒരുത്തൻ തോഷിപ്പിച്ചിതു ജനങ്ങളെ.
മദിച്ചു വീരന്മാർ പുളച്ചു തങ്ങളിൽ
പിടിച്ചുമോരോന്നെ വദിച്ചുമങ്ങിനെ
കുതിച്ചുചാടിയും തിരിച്ചുവീഥിയിൽ
ത്വരിച്ചുമണ്ടിയും കളിച്ചുമങ്ങിനെ.
പടുത്വമുള്ളൊരു പ്രമദമാർ വന്ന-
ങ്ങെടുത്തമ്മാനകളെറിഞ്ഞുമങ്ങിനെ
വചിച്ചാരെന്നതിൽ ചിലരതുകണ്ടു
വചിച്ചുകൂടാത കിനാവെന്നും കേചിൽ
പ്രശസ്തമായുള്ള സമസ്തഭോഗവും
ഭുജിപ്പാനുള്ളൊരു ത്രിവിഷ്ടപമെന്നും
രമിച്ചതൊക്കയും വചിച്ചും തങ്ങളിൽ
പിടിച്ചു കൈകോർത്തു ഗമിച്ചുനാരിമാർ
മദിച്ചുമല്ലന്മാരടിച്ചു തങ്ങളിൽ
പതിച്ചു ഭൂമിയിൽ ത്വരിച്ചെഴുന്നേറ്റും
ഇതിങ്ങിനെ ചൊല്ലിക്കളിച്ചും ഭോഗിച്ചു-
മിരുന്ന സേനയ്ക്കു പുലർന്നു രാത്രിയും
ഉടനെയമരഗണങ്ങളും മുനി-
വരനോടും ചൊല്ലി യഥാഗതം പോയി.
ഭരതനും യാത്രയറിയിപ്പാൻ വന്നു
ഭരദ്വാജമുനി പദം പണിഞ്ഞപ്പോൾ
പറഞ്ഞിതുമുനി സുഖമായിത്തന്നെ
പുലർന്നിതോരാത്രി നിനക്കെന്നനേരം
എനിയ്ക്കുള്ളദാസീജനം മുതലായി-
ട്ടിരിയ്ക്കുന്ന സേനാസമസ്തവും മുനേ!
അനുഗ്രഹത്തിനാലഭീഷ്ടവസ്തുക്കൾ
ഭുജിച്ചുവേണ്ടുന്നതിഹമുനിവര!
വനത്തിന്നുരഘുപ്രവീരനെവേഗം
വരുത്തേണം തിരിച്ചയോദ്ധ്യയിലെന്നു
ഗമിയ്ക്കുന്നു ഞാനുമതിനു വൈകാതെ-
യനുഗ്രഹം ചൈതങ്ങയയ്ക്കയും വേണം
പടകളൊക്കയുമിവിടുന്നെന്നോടു
തടവുകൂടാതെനടന്നുപോവാനായ്
വഴികളെങ്ങിനെ ഗിരിയിൽ ചൊല്ലുവാൻ?
വഴിയുടെ സംഖ്യ പറയേണമെന്ന-
ങ്ങുടനെമാമുനിയവിടെയ്ക്കുപോവാൻ
വടിവിലുള്ളോരു വഴികളും ചൊല്ലി
വഴിചിത്രകൂടമതിലണവാനാ-
യിനിയും യോജനാ വഴികൾ മൂന്നര
മനുകുലവരനനുജനും തന്റെ
ജനകജയോടുമിരിയ്ക്കുന്നങ്ങതിൽ
ഗിരിവരത്തിന്നു വടക്കുഭാഗമേ
നദി മന്ദാകിനി പ്രവഹിയ്ക്കുന്നതു
നദിയ്ക്കും ചിത്രകൂടപർവ്വതത്തിനും
നടുവിൽ തന്നെ രാഘവന്നുടജവും
ഇവിടുന്നു നിങ്ങൾ പുറപ്പെട്ടാശ്രമം
കടന്നുതെക്കോട്ടു വളച്ചനന്തരം
നടന്നു പിന്നെയും പടിഞ്ഞാറേ ചെന്നാൽ
ഉടനെ കാണലാം രഘുവരാശ്രമം.
ഇതിങ്ങിനെയവർ വിശേഷങ്ങൾ തമ്മിൽ
പറഞ്ഞിരിയ്ക്കുന്നോരവസരമതിൽ
പ്രയാണമെന്നു കേട്ടുടനെ ഭൂപന്റെ
പ്രധാനപത്നിമാരഖിലരുമെല്ലാം
സ്വയാനങ്ങളീന്നുമിറങ്ങിസ്സൌജന്യ-
നിധാനനായുള്ള മുനിയെ വന്ദിച്ചു.
ഭരതൻ തന്നുടെ ജനനിയും വന്നു
ഭരദ്വാജൻ തന്നെ നമസ്കരിച്ചഥ
പെരിയലജ്ജകൊണ്ടവനേയും നോക്കി
അരികിൽ നിന്നപ്പോൾ ഭരദ്വാജമുനി
അറിഞ്ഞിരുന്നിട്ടുമവർകളെയെല്ലാം
അറിയാതെപോലെമുനിചോദിച്ചപ്പോൾ
ഭരതനും നന്നായ്പറഞ്ഞുകേൾപ്പിച്ചാൻ:
ഭരദ്വാജമുനി തനിയ്ക്കതൊക്കയും
അതിധർമ്മിഷ്ഠയായതികൃശയായും
അതിദീനയായുമിരിയ്ക്കുന്നോരിവൾ
മതിമാൻ രാഘവൻ തനിയ്ക്കു മാതാവാം
കൃതിവര! ഭവാനറിയേണമിപ്പോൾ
അവളുടെ ഇടപ്പുറത്തു നിൽക്കുന്നോ
രിവളുടെ നാമം സുമിത്രയായതു.
ഇരുവരുണ്ടിവൾ തനിയ്ക്കു പുത്രന്മാർ
അരിയ ലക്ഷ്മണനിവൻ ശത്രുഘ്നനും
അതിവിഹീനയായ് പതിഘാതിനിയാ-
യതിദൃഷ്ടിയായുമിരിയ്ക്കുന്നോരിവൾ
നിമിത്തം തന്നെയീവിപത്തുകളെല്ലാ-
മിനിയ്ക്കും രാമനും പതിയ്ക്കും വന്നതും
ഇവൾ തനിയ്ക്കെന്ന മകനെന്നു ചൊല്ലും
ഇവളും കേകയതനൂജയെന്നറി-
ഇതിത്തരം ചൊല്ലിത്തപിച്ചു നിശ്വസി-
ച്ചിരിയ്ക്കും ഭൂപനോടുരത്തു മാമുനി
ഗുരുജനങ്ങളെയൊരിയ്ക്കലും നിന്ദി-
യ്ക്കരുതു സേനയെ പുറപ്പെടുവാനും
കരിവരരഥതുരഗമേറിയും
പെരിയ വീരന്മാർ പുറപ്പെട്ടാരപ്പോൾ.
ഭരതനും നല്ല കനകപ്പല്ലക്കിൽ
കരയേറിത്തന്റെ ജനനിമാരോടും
പുരോഹിതരാജപുരുഷന്മാരോടും
ഒരുമിച്ചു കാട്ടിൽ നടന്നു ചെല്ലുമ്പോൾ
അരണ്യത്തിലുള്ള മൃഗങ്ങളും പിന്നെ
കരിവരങ്ങളും കരടികൾ പന്നി
കലകളെന്നിവ ബലങ്ങളെക്കണ്ടു
പലദിശിമണ്ടിഭയപ്പെട്ടൊക്കയും
പലതരമായിട്ടിരിയ്ക്കുന്നസേനാ-
നലമുള്ള വഴി ബഹുദൂരം ചെന്നു
ഗുരുവായ മുനി വസിഷ്ഠനോടതി-
ബലവാ‍നായുള്ള ഭരതൻ ചൊല്ലിനാൻ.
കലാസകലവുമറിഞ്ഞമാമുനി
നലമൊടുനമുക്കടയാളം ചൊന്ന
ശിലോച്ചയം കാണുന്നരുവികളോടും
പലതരമുള്ള മനശ്ശിലയോടും
ഫലകുസുമങ്ങൾ നിറഞ്ഞിരിയ്ക്കുന്ന
പലമരത്തോടും വരഗുഹയോടും
ശിലോച്ചയത്തിന്റെ വടക്കുഭാഗമെ
ഒലിയ്ക്കുന്ന മന്ദാകിനിയും കാണുന്നു.
മൃഗീവരമെല്ലാം മൃഗവരത്തോടും
അഗവരമതിൽ കളിച്ചു ചാടുന്നു
നഗങ്ങളിൽ നിന്നു ഗഗനത്തിൽ വേഗം
ഖഗങ്ങളൊക്കയും പറന്നുപായുന്നു
അതിയായിപ്പെരുവഴികളെയെല്ലാം.
അതിക്രമിച്ചുള്ള പെരുമ്പടയിപ്പോൾ
അതിലതിൽ തന്നെ ഇറങ്ങിപാളയം
ചതിവരാതെ കണ്ടിരിയ്ക്കയും വേണം
മതിമാനായുള്ള രഘുവരനിപ്പോൾ
ഇതിലെങ്ങാനായുമിരിയ്ക്കുന്നോയെന്നു
മതിഗുണമുള്ള മഹാവീരന്മാറി-
പ്പഥി പുറപ്പെട്ടു തിരിയേണമെന്ന-
ങ്ങുടനെ വീരന്മാർ വരായുധികളാ-
യടവിയിലെങ്ങും ഭൃശമന്വേഷിച്ചു
നടന്നു തീപ്പുകാ ഒരുദിക്കിൽകണ്ട-
ങ്ങുടനെ മന്നവരറിയിച്ചാരേവം
മനുകുലവീര ഭവാൻ നിയോഗത്താ-
ലനുജനോടും കൂടിരിയ്ക്കും രാമനെ
വനമെങ്ങും ചെന്നു വിചാരിയ്ക്കുന്നേരം
തനുവായിക്കണ്ടങ്ങൊരുദിക്കിൽ പുക്കു
മനുജനില്ലാതെ വനത്തിൽ ധൂമങ്ങൾ
മനുവര ഇല്ലെന്നറിഞ്ഞുകൊണ്ടാലും
രഘുവരന്താനോ മുനിജം താനോ
ഇരിയ്ക്കുന്നുയെന്നതുറച്ചുചൊന്നപ്പോൾ
ഭരതനും തന്റെ പരികുലത്തിനോ-
ടുര ചെയ്തു സൂക്ഷിച്ചിരിയ്ക്കേണമെന്നു
വനമതിൽ തന്നെ ജനമിതൊക്കയും
ഇരിയ്ക്കേണമെന്നതുരത്തുനന്നായി.
ധൃതിസുമന്ത്രരെന്നിവരോടും കൂടി
ധൃതിമാനായവൻ പുറപ്പെട്ടുവേഗം
രഘുപതിതന്നെത്തിരഞ്ഞവരോടും
പുകാകാണുന്നൊരുദിശി നടന്നിതു
മനുവരനുമദ്ദിനം വനമെല്ലാം
ജനകജയ്ക്കായി നടന്നു കാണിച്ചു.
മതിനയത്തോടുപറഞ്ഞാനോരോന്നു
മനുവരനേവം മനം തെളിഞ്ഞഥ
മനുജന്മാരെയുമയോദ്ധ്യയുമെന്റെ
ജനനിമാരെയും പിരിഞ്ഞുള ശോകം
രമണി നിന്നുടെ വദനം കാൺകയാൽ
അകന്നുപോകുന്നു മദിരലോചനെ
വിവിധമാം തരു മൃഗപക്ഷികളാൽ
നിരവൊടുനന്നായ് നിറഞ്ഞ കാനനം
തരുണിരത്നമെവിലോകിയ്ക്കകൊണ്ടും
പരിതാപമില്ല കരളിലേതുമെ
വിശേഷിച്ചും നിന്നോടൊരുമിച്ചിങ്ങിനെ
വിഷയഭോഗങ്ങൾ ഭുജിപ്പാനുമിനി-
യ്ക്കിവണ്ണമുളൊരു പ്രദേശവും വരാ!
സുവദനെബാലേ! കുലമൊഴിയാളെ!
തരുണിമാരോടു രമിച്ചിരിക്കുന്ന-
തൊരു സുഖംയന്നെതമൃമെന്നറി
പലതരമോരോന്നുരചെയ്തിങ്ങിനെ.
ലലനാരത്നമോടൊരുമിച്ചുവന്നു
വരമന്ദാകിനി നദിയും കാണിച്ചു.
സരിസിജേക്ഷണൻ പറഞ്ഞുപിന്നെയും
അരയന്നം കോകം പെരിയസാരസം
വരപക്ഷികളും നിറഞ്ഞിരിയ്ക്കുന്ന
നദിയേയും നല്ല ഗിരിയേയുമിപ്പോൾ
വരഗുണശീലെപരിചിൽ കണ്ടാലും
ഇവണ്ണം സീതയോടനുനയം ചൊല്ലി
യരണ്യം കാണിച്ചു നടന്നുപിന്നെയും
രസമേറും മാംസം പചിച്ചു സീതയ്ക്കായ്
സരസമെദുരൻ കൊടുത്തിരിയ്ക്കവെ
പടകളൊക്കയും നിറഞ്ഞുകാനനേ
പൊടികളെക്കൊണ്ടുനിറഞ്ഞിതാകാശം
വടിവുള്ള സേനാനിനാദങ്ങൾ കൊണ്ട-
ങ്ങടവിയൊക്കയും കുലുങ്ങിയന്നേരം
കടുവ കാട്ടാന നരികൾ സിംഹങ്ങൾ
തടിച്ച പന്നികൾ മൃഗങ്ങളെന്നിവ
അടവിയിലോടിബ്ഭയപ്പെട്ടുവേഗം
നടന്നതുകണ്ടു രഘുവരൻ ചൊന്നാൻ
കടാകടായെന്നെന്നനുജലക്ഷ്മണ!
നടുങ്ങുന്നു ഭൂമി ഭയങ്കരമായി
പടവിളിപോലെ നിലവിളികളും
വനത്തിലുണ്ടാവാനവകാശമില്ല
ഹരിവരങ്ങളാൽ പരിതപിച്ചുഞാൻ
കരിവരാദികൾ ഗമിയ്ക്കയല്ലയോ
നൃപതി താൻ പിന്നെ നൃപതി മാത്രം താൻ
സപദിവേട്ടയ്ക്കായ് വരികയോവീര!
ഉയർന്ന പർവ്വതമിതിങ്കലെങ്ങാനും
പറന്നുകൂടുമോ പതത്രിയ്ക്കുപോലും?
അറിക ലക്ഷ്മണ ഝടിതിയെന്നപ്പോൾ
പെരിയസാലമാം തരുകരയേറി
ഹരിത്തുകളെല്ലാം ചുഴലവും നോക്കി
തരത്തിലൊന്നുമെയവിടെ കാണാഞ്ഞു
മർല്പതി തന്റെ ദിശനോക്കിപ്പിന്നെ
പുലസ്യജദിശിവിലോകിയ്ക്കുന്നേരം
സരിപതിൽ പോലെ വരും പട കണ്ടു
ധരിത്രിനായകസുതനതിയായി
പരിഭ്രമിച്ചുടൻ മരത്തിന്നുതന്നെ
രഘുപ്രവീരനോടുരത്തുകോപേന
ഹുതാശനൻ തന്നെ ശമിപ്പിയ്ക്കവേഗം
ഗുഹാതന്നിൽ സീതാ നടക്കട്ടെവേഗം
വിരൽ ചരടുകൾ ചിതത്തോടും കെട്ടി
ധരിച്ചു ചട്ടകളെ എടുത്തനികളും
അരയ്ക്കു ചേർത്തുടൻ മുറുക്കികെട്ടുക
കുലച്ചവില്ലുമായിഷ്ഠകിയും കെട്ടി-
യുറച്ചുനില്പാനായി വചിച്ചതു കേട്ടു
സുമിത്രപുത്രനോടുരത്തു പിന്നെയും
പെരുത്ത വമ്പട വരുന്നതാരുടെ
പതുക്കവെ നോക്കിപ്പറകയെന്നപ്പോൾ
പരന്നസേനകൾ വരുന്നതു സൂക്ഷി-
ച്ചിരുന്നു കണ്ടവൻ പറഞ്ഞാൻ പിന്നെയും
അരികൾ കൂടാതെ ധരണിയൊക്കയും
പരിപാലിയ്ക്കേണം തനിയ്ക്കെന്നും ചൊല്ലി
വരുന്നിതു നമ്മെക്കുലചെയ്തീടുവാൻ
ഭരതനായവനറികരഘവ!
അടയാളമാം കോവിദാരമാം കൊടി
അടയാളമുള്ള രഥമിതായെന്നും
കരിരഥവരതുരഗവുമേറി
പെരിയ വീരന്മാർ വരുന്നിതാവേഗം
ശരങ്ങളും വില്ലുമെടുത്തുനാമിനി
യൊരുമ്പെട്ടു ഗിരി മുകളിലേറുക
ഇതിൽ തന്നെ നില്പാൻ തിരുമനസ്സെങ്കിൽ
അതിവേഗം നന്നായുറച്ചുനിൽക്കണം
അതിക്രൂരയായിട്ടിരിയ്ക്കും കൈകേയി
തനിയ്ക്കു പുത്രനാം ഭരതനിന്നിതിൽ
രണത്തിനുകോപ്പിട്ടടുത്തുതാകിലോ
മടിയ്ക്കാതെവേഗമൊടുക്കുന്നുണ്ടുഞാൻ
എനിയ്ക്കും ജാനകി തനിയ്ക്കും രാഘവ!
നിനക്കുമിക്കാടുവരുത്തിയതിപ്പോൾ
അതിക്രൂരയായിട്ടിരിയ്ക്കും കൈകേയി
തനിയ്ക്കുള്ള പുത്രൻ ഭരതനല്ലയോ?
വധിയ്ക്കുന്നുണ്ടുഞാനിവനെ നിർണ്ണയം.
ത്വരിച്ചതിന്നായിട്ടുറച്ചുനിന്നാലും
അപകാരം ചെയ്തമനുജനെക്കൊല്ലാം
കൃപാകര! ദോഷമതിനില്ല നൂനം
പെരുത്ത ശത്രുവെ വധിച്ചതിൻ ശേഷം
സുഖിച്ചു രാജ്യവും ഭുജിയ്ക്ക സുന്ദര!
രണത്തിങ്കൽ ചത്തു കിടക്കും പുത്രനെ
മികച്ച പാതകീ തപിച്ചു കാണെണം
കുലഘ്നിയായുള്ളൊരവളേയും കൂടി
ക്കുലത്തോടെ തന്നെ കുലചെയ്തീടുവൻ
ഇതിത്രനാളും ഞാനടക്കിയ കോപം
അമിത്രനായുള്ളൊരിവങ്കലാക്കുവൻ
ഉണങ്ങി നന്നായി വറണ്ട കാടതിൽ
ഗുണനിധെ തീയ്യങ്ങിടുന്നതുപോലെ
മനസ്സിൽ തിങ്ങിന പരിഭവമെല്ലാം
മനുവരരാമ! കളെയുന്നുണ്ടുഞാൻ.
ഗിരിചിത്രകൂടമിതിനെയൊക്കയു-
മരിരക്തം കൊണ്ടു കുളിപ്പിച്ചീടുവൻ
രണക്ഷിതിതന്നിലിനിയ്ക്കുള്ള ശരം
ജപത്തിനാൽ ചെന്നു രിപുക്കൾ തന്നുടെ
ഉറച്ച മാറത്തു തറച്ചുടൻ തന്നെ
വിറച്ചുവൈരികൾ പതിച്ചു ഭൂമിയിൽ
കിടക്കുന്ന നേരം നരികളും നായും
വലിയ്ക്കേണം ചെന്നു കടിച്ചു രാഘവ!
വരായുധത്തിന്റെ കടങ്ങളൊക്കയും
ഭരതനെക്കൊന്നങ്ങുടനെവീട്ടുവൻ
വദിച്ചു ലക്ഷ്മണൻ തനിയ്ക്കുള്ള കോപം
പതിപ്പിച്ചു രാമൻ പറഞ്ഞു സാന്ത്വമായി
ശരാസനം കൊണ്ടും പെരിയ വാൾ കൊണ്ടും
വരാനനനമുക്കിവിടെയെന്തിപ്പോൾ?
മഹാരഥനായ ഭരതൻ താൻ തന്നെ
മഹാമതെ! വന്നാൽ നമുക്കെന്തു ചേതം?
പതിന്നാലുവർഷം വനേ വസിപ്പാനായ്
പ്രതിജ്ഞയുഞ്ചെയ്തു പിതാവിനു വീര!
ഭരതനെയിപ്പോൾ കുലചെയ്താലെങ്ങും
പരമപവാദം ജഗതിയിലുണ്ടാം.
പരിവാദത്തോടു കലർന്ന രാജ്യം ഞാൻ
പരിമോഹിക്കയില്ലറിക ലക്ഷ്മണ!
സുഹൃത്തുക്കൾ മിത്രജനങ്ങൾക്കുമെല്ലാ-
മുപദ്രവമുണ്ടായ്‌വരുന്നൊരുരാജ്യം
മരുൽ‌പ്പതിത്വമായ് വരികിലും തന്നെ
യെനിക്കതുവേണ്ട ധരിച്ചുകൊണ്ടാലും
സകലധർമ്മവും സകലവിത്തവും
സകലകാമവും സകലരാജ്യവും
ഭരതൻ ശത്രുഘ്നൻ ഭവാൻ തന്നെ നിങ്ങൾ
നിമിത്തമായി ഞാനുപേക്ഷിക്കുന്നിഹ
വരായുധം തൊട്ടു പറയുന്നിന്നു ഞാൻ
വരസത്യത്താണ വിശേഷമില്ലേതും
ഭരതൻ ശത്രുഘ്നൻ ഭവാനുമില്ലാതെ
പരമസുന്ദര! സുഖമെന്തുള്ളതു
അവണ്ണമുള്ളൊരു സുഖം കൊണ്ടു ചെന്ന
ങ്ങനലനിലിട്ടുകളകളകഷ്ട
എനിയ്ക്കു ജീവിത സമാന കൈകേയി
തനിയ്ക്കു സൂനുവായിരിയ്ക്കും ഭ്രാതാവും
തിരിച്ചയോദ്ധ്യയാം പുരത്തിൽ വന്നാറെ
ത്വരിച്ചു സീതയും ഭവാനും ഞാനുമായ്
ധരിച്ചുവൽക്കലജടകളെയെനും
ഗമിച്ചു ദണ്ഡകവനത്തിലെന്നതും
ശ്രവിച്ചുടൻ തന്നെ പിതൃപദത്തിങ്കൽ
നമിച്ചവനെയും പ്രസാദിപ്പിച്ചഥ
പഴിച്ചവൻ തന്റെ ജനനി തന്നേയും
തപിച്ചു നമ്മെയും വിളിച്ചുകൊണ്ടവൻ
തിരിച്ചുപോവാനായിരിയ്ക്കും ലക്ഷ്മണ.
ഇതാശത്രുജയമഹാഗജം കാണു-
ന്നതിവേഗമുള കുതിരകളിതാ
നൃപതി താൻ തന്നെ വരികയോയെന്നാൻ.
നൃപനുടെ വെള്ളക്കുട കാണുന്നില്ല
ഇതിത്തരം രാമൻ പറഞ്ഞനുജനെ
മരത്തിൽ നിന്നുടനിറങ്ങുകയെനാൽ
അമിത്രഹാവായ സുമിത്രസൂനുവും
മരത്തിന്മേൽ നിന്നുമിറങ്ങിയന്നേരം
ശിരസ്സിൽ കൈരണ്ടുമെടുത്തുവന്ദിച്ച-
ങ്ങടുത്തു പാർശ്വത്തിൽ തൊഴുതു നിന്നഥ.
ഭരതന്റെ പടയിരിക്കും ചൂഴവും
മിരുന്നുയോജനവഴികളൊന്നര
നിറഞ്ഞുപാളയമിറങ്ങുവാൻ ചൊല്ലി
ബ്ഭരതനും തന്റെയനുജനോടേവം
പറഞ്ഞുകാനനേവിരഞ്ഞുലുബ്ധക-
ജനങ്ങളോടൊത്തു തിരഞ്ഞുവൈകാതെ
വരിക എന്നവനനുനയത്തോടെ.
ഗുഹനും സേനയുമൊരുപുറം ചെന്നു
ഗുഹകളാദിയായ് തിരയേണമെന്നും
ഗുരുവരന്മാരോടൊരുമിച്ചുഞാനും
ഗിരിവരൻ തന്നിൽ തിരയുന്നതെന്നും
അവരുടെ മുഖം വിലോകിച്ചല്ലാതെ
അവശതയിനിക്കകലുകയില്ലെ-
ന്നുരത്തുകാനനെതിരയുന്നനേര
മെഴുന്നുയർന്നരന്നതീപ്പുകയും കണ്ടവൻ
എഴുന്നരുളിയൊട്ടിതിലുണ്ടുനൂനം
വഴി ഭരദ്വാജൻ പറഞ്ഞതെന്നവൻ
വഴിയെ ചിന്തിച്ചു തെളിഞ്ഞുമാനസം
ജലധിയനീന്തിക്കടന്നവൻപോലെ
ജലജലോചനൻ ഭരതൻ മോചിച്ചു
ജനനിമാരേയും വസിഷ്ഠന്റെ കൂടി
വനത്തിൽ മെല്ലവെ വരുവാനും ചൊല്ലി:
സുമന്ത്രരും തന്റെയനുജനും താനും
വനം തന്നിൽ വേഗം നടന്നുചെല്ലുമ്പോൾ
നിറന്നൊരുമന്ദാകിനിയും കണ്ടഥ
നടന്നുചെല്ലുമ്പോൾ ഉടജദ്വാരത്തിൽ
വടിവൊടു ചെന്നോരളവുകാഷ്ടങ്ങ-
ളൊടിച്ചു ലക്ഷ്മണൻ നിറച്ചതുകണ്ടു
പറിച്ചുവെച്ചുള്ള കുസുമസഞ്ചയം
അടവിയിൽ ചെന്നാൽ തിരിയത്തന്നുടെ
ഉടജമേതെന്നറിവാനായിട്ടു
നെടിയ വൃക്ഷത്തിൻ മുകളിൽ കെട്ടിയോ
രടയാളം ചില കുശങ്ങളും കണ്ടു
വിവിധമാം തരുവരങ്ങളാലൊത്തു
വിരവിലുള്ള പർണ്ണശാലയിൽ ചെന്നു
ഭയപരവശഹൃദയനായപ്പോൾ
സരസിജാസനനിരുന്നപോലവെ
സരസിജാനനൻ കുശതൃണങ്ങളാൽ
വിരിച്ചതിന്മീതെയിരിയ്ക്കുന്നവീരൻ
ഭരതൻ കണ്ടാറെ പെരുത്ത ശോകവും
ഭയവും ഭക്തിയും രഘുപ്രവീരനി-
ലുറച്ച പ്രേമവും തഴച്ചു ദീനനാ-
യ്‌വറണ്ടകണ്ഠവും പദത്തിൽ ചെന്നവൻ
നമസ്കരിപ്പാനായടുക്കുന്നനേരം
പെരുത്ത ശോകത്താലെടുത്തൊരുപദം
നടപ്പാൻ വല്ലാഞ്ഞു പതിച്ചു രാമനെ
വിളിച്ചു ഭൂമിയിൽ പദത്തിൽ ശത്രുഘ്നൻ
സുമന്ത്രരുമായി മഹാമതിതന്നെ
വണങ്ങിനാർവന്നുഹിമകരനെയും
ദിനകരനെയും സമമായിഗുരു
കവി കാണുമ്പോലെ ഭരതനുമതി
ഗുരുഭക്തനായി മരവിരിജടാ
ധരിച്ചിരിയ്ക്കയാൽ നരവരൻ തനി-
യ്ക്കനുജനെക്കണ്ടുതിരിയാതെപോയി
കുറഞ്ഞൊരുനേരം പരമറിഞ്ഞവൻ
കരം പിടിച്ചുടനെടുത്തു സാദരം
കരുണസാഗരനണച്ചു മൂർദ്ധാവിൽ
തെരുതെരെയഥമണത്തനന്തരം
തണുത്ത തമ്പിയേ വിലോകനം ചെയ്തു
ഗുണഗണമുള്ള ഭരതനെത്തന്റെ
മടിയിൽ വെച്ചിതു പിതാവിനെപ്പോലെ
പടുവായ രാമനനുജനോടേവം
മധുരമാം വണ്ണം കുശലം ചൊല്ലിനാ-
നതിധർമ്മാത്മാവായിരിക്കുമെന്നുടെ
പിതാവിനു നല്ല കുശലമോ വീര?
വനത്തിലെന്നുടെ പ്രവാസനം കൊണ്ടു
ഗമിച്ചിതോനാകം വചിയ്ക്കസുന്ദര!
വയസ്സുചെന്നുള്ളപിതാവിനെ വിട്ടു
വനത്തിൽ വന്നതുമുചിതമല്ലനീ
കുലഗുരുവിനും കുശലമല്ലയോ?
ജനനിമാർക്കെല്ലാം സുഖമോ ചൊല്ലുക
ജനനി കൌസല്യാ തപിയ്ക്കുന്നോപാരം
വരമന്ത്രങ്ങളെയറിഞ്ഞമന്ത്രികൾ
വരഗുണഗണം പരിമോദിയ്ക്കുന്നോ?
ജനങ്ങളൊക്കയുമനുരഞ്ജനയാ-
യനുജനിൽ നയമിരിക്കുന്നോ വീര?
സുരപിതൃഗുരുമുനികളേയും നീ
പരിചോടെ നന്നായ് ഭജിയ്ക്കുന്നോ ഭവാൻ
ചികിത്സകവൃദ്ധശിശുക്കളെയെല്ലാം
വരുത്തിലാളിച്ചങ്ങിരുത്തുന്നില്ലയോ?
ധനുർവ്വേദത്തിന്റെ മറുകര കണ്ട
സുധന്വാവെ നന്നായ് വണങ്ങുന്നോ വീര?
തനിക്കു തുല്യരായ് ജിതേന്ദ്രിയരുമായ്
ബഹുപ്രദാനരായ് ശ്രുതവാന്മാരായും
കുലീനന്മാരായിപ്പരെംഗിതജ്ഞരാ-
യതിശൂരരായുമിരിക്കുന്നപേരെ
അമാത്യരാക്കിനീയവരോടുകൂടി-
യൊരുമിച്ചുമന്ത്രം നിരൂപിക്കുന്നിതോ
നയജ്ഞരായുള്ളൊരമാത്യവൃദ്ധന്മാർ
ഉറച്ചുചെയ്തുള്ള ഗുരുമന്ത്രമല്ലോ
ജയത്തിനുമൂലം പരിചിലായതും
പരിച്ഛേദമല്ലോ പരവസ്തുവെല്ലാം
അകാലത്തിൽ നിദ്രാവശനായില്ലല്ലോ
സ്വകാലത്തിൽ തന്നെയുണരുന്നോ നിത്യം
അപരരാത്രിയിലുണർന്നു നിത്യവും
വരമന്ത്രങ്ങളെയറിയുന്നില്ലയോ
ഒരുത്തനായ്ത്തന്നെ നിനച്ചു സംസാരം
വ്യവസ്ഥവെയ്ക്കയുമരുതാതില്ലല്ലോ
പലരോടും കൂടി വിചാരിച്ചുപോയി-
പ്പലമുഖമായിച്ചമയുന്നില്ലല്ലോ
അകത്തീന്നു മന്ത്രം വിചാരിച്ചതൊന്നും
പുറത്തുപോയെങ്ങും പരക്കുന്നോ വീര?
പ്രയത്നമല്പമാം ഫലം മഹത്തായു-
മിരിയ്ക്കുന്ന കാര്യം വിചാരിച്ചു വെച്ചാൽ
ഒരുമന്ദം കൊണ്ടു പതുത്തുപോയിടു-
മതുവരാതെ കണ്ടിരിക്കുന്നോ വീര?
ഒരു കാര്യം ചെയ്‌വാനൊരുമ്പെട്ടാലതു
കൃതമാകും മുമ്പെയറിഞ്ഞുപോമെന്നോ
വരമന്ത്രിമാരോടൊരുമിച്ചു നീയു-
മതിരഹസ്യമായ് നടത്തുന്ന കാര്യം
സുയുക്തികൾ കൊണ്ടും പ്രമാണങ്ങൾ കൊണ്ടും
മുഖത്തുള്ള ഭാവവികാരമാദിയായ്
പരീക്ഷകൾ കൊണ്ടും പുറത്തുള്ള ജനം
അറിഞ്ഞുപോകാതെയിരിക്കുന്നോ വീര?
അതിമൂഢന്മാരാമനേകം പേർകളെ-
യുപേക്ഷിച്ചും പല വരകർമ്മങ്ങളാൽ
അതിമേധാവിയായതിസമർത്ഥനായ്-
ഒരുത്തനേ നന്നായിരുത്തിക്കൊള്ളുന്നോ
പെരുത്ത സമ്പത്തെ വരുത്തീടുമവ-
നുപായ ശൌര്യാദി ഗുണങ്ങളെക്കൊണ്ടു
വരകർമ്മങ്ങളിൽ വരഗുണന്മാരെ
സമകർമ്മങ്ങളിൽ സമഗുണന്മാരെ
അധർമ്മകർമ്മത്തിലധമന്മാരെയും
ത്രിവിധമാം വണ്ണം നിയോഗിക്കുന്നിതോ
സ്വരൂപത്തിൽ പണ്ടെ പരമ്പരയായി
പരജ്ഞാനമുണ്ടായിരിക്കും പേരെയും
പരീക്ഷിച്ചു രാജപുരുഷരാക്കിനീ-
യോരോ കാര്യങ്ങളിൽ നിയോഗിക്കുന്നിതോ
കഠിനമായുള്ള ദമനങ്ങൾ കൊണ്ടു
പ്രജകളെ നീയങ്ങതിക്രമിക്കുമ്പോൾ
വടിവോടു സേവാ പറയാതെ നന്നാ
യമാത്യന്മാർ നിന്നെ നിവർത്തിപ്പിക്കുന്നോ
അതിക്രൂരമായ കരഗ്രഹണത്താൽ
അതിചിരകാലരതിസമാപക
നചിരേണ രതീസതിയാകുന്നവൻ
അനുവാദമെന്ന്യെ ബലാൽക്കരിച്ചുട-
നനുവളിക്കുന്നോനൊരുനപുംസകൻ
ഇവരെ നാരിമാർ വെടിഞ്ഞനുരാഗ-
മപമാനഞ്ചെയ്യുന്നവരെന്നപോലെ
പതിതനുള്ളൊരു യജനബുദ്ധിയെ
മഹിതയാചകജനങ്ങൾ പോലെയും
പെരുത്തുള്ള ജനം വരിക കൊണ്ടിഹ
പ്രജകൾ നിന്നെയുമപമാനിക്കുന്നോ
ഉപായവേദിയായൊരുശാസ്ത്രജ്ഞനായ്
നൃപപദത്തിനെയപേക്ഷയുള്ളോനാ-
യതിമേധാവിയായതിശൂരനായി
ചടുലഭൃത്യങ്കൽ വികടകനായു-
മിരിക്കുന്നവനെ വധിച്ചില്ലയെങ്കിൽ
തനിക്കുതന്നെയുമകപ്പെടും വധം
അവണ്ണമുള്ളവരെയുമറിഞ്ഞു നീ
ഹനിച്ചീടുന്നിതോ നിനച്ചിരിയാതെ?
പെരിക ധൈര്യവും മതിയും ശൌര്യവും
കുലീനതാതനുമനുരഞ്ജനയും
പടുതയുമേറ്റമുടയവനെ നീ
പടനായകനായ് ചമച്ചിടുന്നിതോ?
പരാക്രമം കൊണ്ടു പല പടകളിൽ
പെരുകിയ കീർത്തി ലഭിച്ചവനായി
പ്രധാനഭൂതനായതിമേധാവിയാ-
യിരിക്കുന്നവനെ ബഹുമാനിക്കുന്നോ?
അടുത്തു ഭോജനം വസനഭൂഷണം
കൊടുത്തു നിത്യവും പടുത്വമുള്ളോരേ
മിടുക്കരായുള്ള ഭടവരന്മാരെ-
യിരുത്തിക്കൊള്ളുന്നോ രഘുകുലമണേ?
പടിയളന്നിട്ടുമൊരുകൂട്ടം നല്ല
പടയാളികളെയനുസരിയ്ക്കുന്നോ?
വടിവിൽ ശമ്പളം കൊടുക്കുന്ന പെരും-
പടകളെ നന്നായനുനയം ചൊല്ലി
യഥാകാലദേശം കൊടുക്കുന്നില്ലയോ?
കൊടുക്കുന്ന വസ്തു കൊടുക്കേണ്ടുന്നേരം
കൊടുക്കാതെ കാലമതിക്രമിക്കുമ്പോൾ
ഭടന്മാരന്നേരമധിക്ഷേപിച്ചീടു-
മതുലഘുത്വമായ്‌വരികയും ചെയ്യും
അതിന്നുനീതരം വരുത്തുന്നില്ലല്ലോ?
കുലപുത്രന്മാരെ സഹോദരതുല്യം
ബഹുമാനിച്ചു നീ നടത്തിക്കൊള്ളുന്നോ?
രണത്തിലിന്നവർ നിനക്കുവേണ്ടിയ-
ങ്ങസുക്കളും കൂടിപ്പരിത്യജിക്കുമോ?
പറഞ്ഞതൊന്നുമേ മറന്നുപോകാതെ
പറയുന്നോനെയും മതിശാലിയേയും
പരൻ പറഞ്ഞതിന്നുടനെയുത്തരം
പറയുന്നവനായ് പടുവായും തന്റെ
ജനപദത്തിങ്കൽ ജനിച്ചവനായും
പരേംഗിതത്തിനെയറിയുന്നവനാ-
യിരിക്കുന്നോൻ തന്നിൽ വശമിരിക്കുന്നോ
കരങ്ങൾ പേടിച്ചു പിഴച്ചുള്ള ജന-
മരികളായവർ തിരിയരാജ്യത്തിൽ
ഇരുന്നവരെന്തു പ്രതികരിക്കുന്നു
ബലഹീനരെന്നു നിരൂപിച്ചുപോയി
ഒരു ശങ്ക വിട്ടു പരിചിൽ വിശ്വസി-
ച്ചിരുന്നു പോകുന്നോ ഭരത! സോദര!
അവൈദികമതമവലംബിച്ചൊരു
ദ്വിജമതത്തെ നീ വെടിഞ്ഞിരിക്കുന്നോ?
നിജനിജകർമ്മം വഴിപോലെചെയ്യും
ദ്വിജവരാദിയാം ചതുവർണ്ണങ്ങളാൽ
നവരത്നത്താലും ധനധാന്യത്താലും
ചതുരംഗസേനാനിവഹത്തിനാലും
നിരന്തരമായ പുരമയോദ്ധ്യയും
പരന്തപ! നന്നായ് പരിപാലിക്കുന്നോ
വഴിപോലെ നിന്നാലുപലാളിതരായ്
കൃഗോരക്ഷവാണിജമിവറ്റിനെ
പടുക്കളാം വൈശ്യവരന്മാരെനിയ്യും
നടത്തിപ്പോരുന്നോ തടവുകൂടാതെ
നിരുപമഗുണദയിതമാരെ നീ-
യൊരുപോലെതന്നെയനുസരിക്കുന്നോ
തരുണിമാരോടു രഹസ്യമൊന്നുമേ
പറയാതെ കണ്ടങ്ങിരിക്കുന്നോ വീര?
കരിവരങ്ങളെപ്പിടിക്കുന്നവനം
പരിചിനോടു നീ പരിപാലിക്കുന്നോ
നിനക്കൊരിക്കലും പ്രജകൾ ദർശിപ്പാൻ
വരുന്നനേരം നീയലങ്കരിച്ചുകൊ-
ണ്ടിരിക്കുന്നില്ലയോ നരപതിക്കുള്ളൊ-
രതിലോഭങ്ങളുമരിനിരകളും
അധികാരികളും തിരുവുള്ളമുള്ള
നരന്മാരും പിന്നെപ്പരന്നു കക്കുന്ന
പെരിയകള്ളന്മാരിവരഞ്ചാലുമു-
ണ്ടുപദ്രവം നാട്ടിലതിലെങ്ങുമൊന്നും
വരാതെ കാക്കുന്നോ ഭരത! സോദര!
ഉഷസിനിത്യവുമെഴുനേറ്റെല്ലാർക്കു-
മവസരം കാണ്മാൻ കൊടുക്കുന്നില്ലയോ
കുലഹീനരായോർ വിലോകിപ്പാൻ വന്നാൽ
അതിസുലഭമായ്‌വരികിലും കാല-
മതിദുർല്ലഭമായ്‌വരികിലുമാകാ
അതങ്ങറിഞ്ഞവസരം കൊടുക്കുന്നോ
ഗിരീദുർഗ്ഗംനല്ലജലാദുർഗ്ഗങ്ങളും
തരുദുർഗ്ഗംനല്ലയരിണിദുർഗ്ഗവും
മരുദുർഗ്ഗം ബഹുധനധാന്യങ്ങളും
വരയന്ത്രങ്ങളും പരായുധങ്ങളും
വരഭടന്മാരും രുചിയ്ക്കും വെള്ളവും
ഇവറ്റിനാൽ നാടുനിറഞ്ഞിരിയ്ക്കുന്നോ
വരവേറ്റമായുമഴിചുരുക്കിയും
വരഗുണഭവാനിരിയ്ക്കുന്നില്ലെയോ
നടവിടാദിയാമപാത്രങ്ങൾ തന്നിൽ
തടവുകൂടാതെകൊടുത്തുപോകുന്നോ
പിതൃദേവം വിപ്രഗുരുസുഹൃത്തുക്ക-
ളതിശൂരന്മാരാം പടയാളികളു-
മിവരെല്ലാരിലുമതിമാത്രമായി
ധനം കൊടുക്കുന്നോ തരാതരം കൊണ്ടു
ബലാലൊരുത്തനെക്കളവുശങ്കിച്ചാൽ
പലരോടുമതിൽ പരമാർത്ഥം നന്നാ-
യ്പലപ്രകാരവും തിരഞ്ഞറിയാതെ
ബലാൽകരിച്ചു നീ കുലചെയ്തീടുന്നോ
കളവും കയ്യുമായകപ്പെട്ടവനെ
പണങ്ങൾ വാങ്ങിക്കൊണ്ടയച്ചുപോകുന്നോ
ദരിദ്രനാകിലും ധനവാനാകിലും
വിവാദമുണ്ടായിട്ടനിയായം പെട്ടാൽ
പണങ്ങളിലൊട്ടും മനസ്സുവെയ്യാതെ
പറഞ്ഞുതീർക്കുന്നോ ഭവദമാത്യന്മാർ
പിഴയാതവങ്കൽ പിഴ ചുമത്തി നീ
പിഴച്ചെന്നു പണം പറിയ്ക്കുന്നില്ലെല്ലോ
അനുസരം കൊണ്ടും പ്രിയവാക്യം കൊണ്ടും
അഭിഷ്ടവസ്തുക്കൾ കൊടുത്തതുകൊണ്ടും
ശിശുക്കൾ വൃദ്ധന്മാരിവരെയെല്ലാംനിൻ
വശത്തിലാക്കിക്കൊണ്ടിരിയ്ക്കുന്നില്ലെയോ
സുരപിതൃമാതൃഗുരുമുനികളും
വരാതിഥികളും സവർത്തധേനുക്കൾ
പെരിയ വൃക്ഷങ്ങൾ പെരിയ നാൽക്കൊല
പെരുവഴിദേവാലയങ്ങൾ തീർത്ഥങ്ങൾ
ധരാസുരന്മാരെന്നിവരെല്ലാരെയും
പരിചോടെ നിത്യം നമസ്കരിയ്ക്കുന്നോ
വരുത്തുവാൻ പണം പ്രയത്നം ചെയ്കയാൽ
പരദേവകാര്യം മുടങ്ങിപ്പോകുന്നോ
പകൽകൂടികാമമനുഭവിയ്ക്കയാൽ
മികച്ച ധർമ്മാർത്ഥം മുടങ്ങിപ്പോകുന്നോ
ഒരുതേവാരത്താൽ പുനരന്തിയോള-
മൊരോ സൽക്കർമ്മങ്ങളനുഷ്ഠിയ്ക്കയാലും
വരുത്തുവാനർത്ഥം ലഭിയ്ക്കുന്ന കാലം
വരുത്താതെ കണ്ടങ്ങിരുന്നുപോകുന്നോ
നിശകളിൽ കാര്യം പറഞ്ഞിരിയ്ക്കയാൽ
സുഖമേറും കാമം മുടങ്ങിപ്പോകുന്നോ
ഗുണങ്ങൾ കണ്ടുനിൻ മഹാജനമെല്ലാം
നിനക്കുന്നല്ലതുനിനയ്ക്കുന്നോവീര?
പരലോകമില്ലെന്നൊരുമതിയ്ക്കേവം
പരമനൃതവും പ്രമാദവും മാന്ദ്യം
അറിവുള്ളവരെ പ്രതിദിനം കണ്ടു
പറഞ്ഞിരിയാതെയിരുന്നുപോകയും
ഒരുത്തനായ് തന്നെ നിനയ്ക്ക കാര്യവും
പെരുത്തിരിയ്ക്കുന്നോരലസഭാവവും
ഭരത!യെന്നുടെ സഹോദരവീര!
നിരൂപിച്ചുനന്നായുറച്ചസംസാരം
വരഗുണ! പിന്നെ പതുത്തുപോകയും
പറഞ്ഞുവെച്ചുള്ള സുമന്ത്രമൊക്കയും
പുറത്തുള്ള ജനമറിഞ്ഞുപോകയും
ശുഭപ്രദങ്ങളായിരിയ്ക്കുന്നല്ലോരോ
ശുഭങ്ങളെച്ചെയ്യാതിരുന്നുപോകയും
പലരോടും യുദ്ധമൊരുമിച്ചേൽക്കയും
പതിന്നാലുദോഷം കളയുന്നോവീര?
മൃഗയാക്ഷാദിയാം ദശവർഗ്ഗങ്ങളെ
അകറ്റുന്നില്ലയോ ജിതേന്ദ്രിയനായി
അപരാധം കൊണ്ടും മൊഴിദോഷം കൊണ്ടും
സപത്നതകൊണ്ടും നിലങ്ങൾ ചൊല്ലിയും
തരുണിമാരുടെ നിമിത്തമായിട്ടും
വരും വൈരമഞ്ചുവിധമിതില്ലല്ലോ
പരദ്വേഷം രാഗമതിലോഭം മോഹം
പെരുത്തകോപമങ്ങിതിങ്ങിനെയഞ്ചും
ജയിയ്ക്കുന്നോ വീര! ഭരതസുന്ദര!
ത്രിവർഗ്ഗവും പിന്നെ വിനിയോഗം വൃഥാ
വികല്പമെന്നഞ്ചുമറിയുന്നില്ലയോ
പുരോഹിതമാത്യകുമാരകൂലന്മാർ
പടനായകനെന്നിവയഞ്ചും തഥാ
നലമുള്ള ഭ്രാതൃസുതാദികളെന്നും
പുലബന്ധമുള്ള ജനഗ്ങളും പിന്നെ
സ്വപൂർവ്വപൂരുഷാശ്രയമായുള്ളവർ
വിപത്തിങ്കൽ തന്നാലഭിരക്ഷിതനും
ഇതിത്തരം നാലുവിധം മിത്രങ്ങളാം
അറിഞ്ഞവരെ നീ സുവശമാക്കുന്നോ
ഉപായങ്ങൾ നാലുമറിഞ്ഞവറ്റിനെ
അപായമെന്നിയെപ്രയോഗിയ്ക്കുന്നിതോ
പണം ഞായത്തോടെ വരുത്തി രക്ഷിച്ചു
കണം പോലും പാത്രെ കൊടുത്തിടുന്നിതോ
അറിയാതവസ്തുവരികിലും പിന്നെ
അറിഞ്ഞവസ്തുവെവിനിശ്ചയിയ്ക്കയും
വിവിധമാർഗ്ഗത്തിലുറയ്ക്കയൊന്നിങ്കൽ
പ്രവൃത്തിശേഷത്തെനിറച്ചുകാൺകയും
ഇവ നാലുമനുഗുണമിതെന്നറി
അവണ്ണമെയ്തു നീ വിചാരിയ്ക്കുന്നിതോ
ധനുമകരങ്ങൾക്കിടയിലും മേട-
മിടവമാസങ്ങൾക്കിടയിലുമ്പിന്നെ-
യൊരു ചിങ്ങം പാതികഴിഞ്ഞുകന്നിയിൽ
പതിനഞ്ചുദിനം വരുന്നതിനിടെ
തനിയ്ക്കുവൃദ്ധിയും ക്ഷയമരികൾക്കും
ഇരിക്കുമ്പോൾ പട പുറപ്പെടുന്നിതോ
അതിങ്ങിനെ കാലമറിയുന്നോനാലും
വലിയവൻ വന്നിങ്ങെതൃക്കിലുംസമ-
ബലമുടയവനെതൃക്കുന്നാകിലും
മഹാദുർഗ്ഗത്തിങ്കലുറച്ചിരിയ്ക്കുന്ന
മഹീപതിയോടും വരഗുണാകര!
എതൃത്തവനെക്കൊണ്ടൊരുഫലമുണ്ടാം
ഒരിയ്ക്കലെന്നതുതനിയ്ക്കുതോന്നുമ്പോൾ
അറിവുള്ള ജനമവരുമായിട്ടു
നിരന്നുകൊള്ളേണമതിങ്ങുചെയ്യുന്നോ-
രിരുപതുമ്പിന്നെ പതിനാറുഗുണം
നരപതിയ്ക്കുണ്ടു പറഞ്ഞറിയുമ്പോ-
ളിരുപതുമഞ്ചുഗുണമുള്ളമന്ത്രി
യ്ക്കൊരുനാലുഗുണമുടയകോശവും
ഭരതപന്ത്രണ്ടുഗുണങ്ങൾ മിത്രനും
ഒരു നാല്പത്തഞ്ചു ഗുണങ്ങൾ നാട്ടിന്നും
ഇരുനാലു രണ്ടും ഗുണങ്ങൾ ദുർഗ്ഗത്തി-
ന്നൊരു പതിനഞ്ചു ഗുണം പടയ്ക്കെന്നും
ഇതുസപ്തവർഗ്ഗമറിയുന്നോവീര!
വ്യസനങ്ങളേഴും പരിഹരിയ്ക്കുന്നോ
പരിത്രാണാർത്ഥമായ്സ്സമാശ്രയിച്ചവ-
നൊരുകന്യാവിനെ കൊടുത്തുകൊണ്ടുള്ള
കുലസംബന്ധം കൊണ്ടുടുത്തവൻ താനും
ഒരു കാര്യത്തിന്നായൊരുമിച്ചവനും
ഭൃതികൊടുത്തഥ ഭൃതനായവനും
പലസൽക്കാരത്താൽ സ്വവശനായോനും
ഇവണ്ണം പക്ഷങ്ങൾ നൃപതിയ്ക്കുണ്ടാകും
ഇവയേഴും ഭവാനറിയുന്നില്ലെയോ?
സുരപതിസൂര്യസമീരണയമ
വരുണൻശീതാംശുമഹീകൾപോലവെ
പ്രവൃത്തിച്ചീടേണം നൃപതിയായവൻ
പ്രവൃത്തിസപ്തകമിതെന്നറിഞ്ഞാലും
മഴയവനിയിൽ ചതുർമ്മാസമിന്ദ്രൻ
പൊഴിയ്ക്കുന്നപോലെ കൊടുക്കേണം ഭൂപൻ
ഇതുസുരപതിതനിയ്ക്കുള്ളവൃത്തി
അതങ്ങറിഞ്ഞുനീയനുഷ്ഠിയ്ക്കുന്നിതോ?
തരണിയായവനൊരെട്ടുമാസത്താൽ
കരം കൊണ്ടു ജലം വലിയ്ക്കുന്നപോലെ
നരവരൻ താനും പ്രജകളിൽ നിന്നു
കരങ്ങൾ വാങ്ങേണം മഹിതമാനസ!
അരുണവൃത്തിയെന്നറിഞ്ഞവണ്ണമേ
കരം ഗ്രഹിയ്ക്കുന്നോ യഥോചിതമായി
സകലഭൂതങ്ങൾ ഹൃദയത്തിൽ വായു
ചരിയ്ക്കുന്നപോലെ നൃപതിയായവൻ
ചരന്മാരെക്കൊണ്ടു പരഹൃദയങ്ങൾ
അറിയേണമിതുസമീരവൃത്തിയാം
അഹിതനാകിലും ഹിതമനന്നാകിലും
മഹീപതിതന്റെ ജനങ്ങളെയെല്ലാം
പരിശിക്ഷിയ്ക്കേണം പിഴയ്ക്കുതക്കതു
തുരിയമായതുയമവൃത്തിവീര!
പ്രതിദിനം നന്നായൊഴുകിവന്നുള്ള
നദികളൊക്കയും ജലധിയിൽകൂടി
വരുന്നതാകിലും വികാരങ്ങളില്ല
വരുണനുചെറ്റുമതുപോലെതന്നെ
നരപതിതാനും മുപാതകൾ വന്നാൽ
പതരാതെമദമിരിയ്ക്കയും വേണം
ഇതുവരുണന്റെ ചരിതമഞ്ചാമ-
തവണ്ണം തന്നെ നീയിരുന്നുപോരുന്നോ
കുളുർമതികണ്ടാൽകുളുർക്കുന്നപോലെ
കുളുർക്കേണം ലോകം നിജഗുണംകൊണ്ടു
ഹിമകരനുടെ ചരിതമാറാമ-
തിവണ്ണം ലോകരെതണുപ്പിയ്ക്കുന്നിതോ
ഒരുത്തരോടുമങ്ങൊരു ഭേദം കൂടാ-
തെടുത്തിരിയ്ക്കുന്ന ധരണിയെപ്പോലെ
ധരിത്രിപാലനുമൊരുപോലെതന്നെ
പൊറുപ്പിച്ചീടേണം പ്രജകളെയെല്ലാം
മഹീഗുണമേഴാമതെന്നറിഞ്ഞുനീ
മഹീപാല! നന്നായനുസരിയ്ക്കുന്നോ
അടുത്തില്ലയെന്നു ക്ഷമിയ്ക്കേണമൊന്നിൽ
കടന്നുപോയെന്നും ക്ഷമിക്കേണം ക്വചിൽ
ക്ഷമിയ്ക്കേണമൊന്നിലസാരമെന്നിട്ടും
ക്ഷമകാലമേഴുമറിയുന്നില്ലെയോ
നടത്തേണം കരി കിടക്കുന്ന നിലം
വരുത്തുവാൻ വെള്ളമണകെട്ടീടേണം
കടൽ വരവിനും മലവരവിനും
കടകൾ വെപ്പിയ്ക്ക വടിവിൽ പിന്നെയും
ഇടിഞ്ഞകോട്ടകളുടനെ കെട്ടിയും
ഭടന്മാർക്കുകൊറ്റുനിറച്ചുകോട്ടയിൽ
കരിവനങ്ങളിൽ കരിപിടിയ്ക്കയും
മരങ്ങളെ വെട്ടി മുറിച്ചുനിൽക്കയും
കനകാഞ്ഞകരസ്ഥലങ്ങളിൽനിന്നു
കനകരത്നങ്ങളരിപ്പിച്ചീടുക
ഒഴിച്ചുപോയേടം കുടിയിരുത്തുക
ഇതെട്ടുകർമ്മങ്ങൾ പ്രവൃത്തിപ്പിയ്ക്കുന്നോ
സമർത്ഥമാനസ! രഥവരങ്ങളും
തനിയ്ക്കുചിതമായിരിയ്ക്കുന്നനല്ല
കരിവരങ്ങളും തുരഗവീരന്മാർ
വരഭടന്മാരും പടച്ചിലവിനു
ധനധാന്യങ്ങളും കടുപ്പമേറുന്ന
വരായുധങ്ങളും വരമായയന്ത്ര-
നിചയവും പിന്നെയരിവിസരദു-
ർഗ്ഗമവരണവും തനിയ്ക്കുചിതമാ-
യിരിയ്ക്കുന്ന നല്ല ത്രിവർഗ്ഗവും കാല-
ത്രയമിതോരാതെ മഹോത്സവമന്ത്രം
പ്രഭുശക്തികളും മഹേഷ്യസാന്നിദ്ധ്യം
ഭജിച്ചിടുന്നിതോ ഗുണങ്ങൾ മൂന്നെന്നും
പ്രമാണം മൂന്നെന്നും ത്രയീവാർത്തദണ്ഡ-
നയങ്ങളാം വിദ്യ അറിയുന്നോ മൂന്നു
മനുകുലമണെ പതിനാറുഭേദ-
മുടയസന്ധ്യയും പതിനെട്ടിൽ രണ്ടു
മുടയവിഗ്രഹം ഒരഞ്ചുഭേദമാ-
മരിയമാനസം വിരവൊടുരണ്ടു
ഗുണം ദ്വൈതീഭാവം സമാശ്രയമെന്നു-
മിതിങ്ങിനെയാറും സതാംവരനന്നാ-
യറിയുന്നില്ലയോ മലവെള്ളംവ്യാധി
പടുതീയ്യും പിന്നെ വലിയദുർഭിക്ഷ-
മസൂതിയുമെന്ന വിപത്തുകളഞ്ചു
വിധമായി ദൈവം വരുത്തുമെന്നതു
മറികസോദരഅരാതി ചോരന്മാ-
രധികാരികളും ധരപതിതന്റെ
അധികലോഭവും നൃപവല്ലഭന്മാർ
ഇവരഞ്ചാലുള്ള വിപത്തുമാനുഷ-
ർക്കറിഞ്ഞുടൻ തന്നെ പരിഹാരങ്ങളാ-
ലിവയഞ്ചും നന്നായ് പരിഹരിയ്ക്കുന്നോ
പറകബാലക! അസന്നദ്ധന്മാരാ-
യിരുപതുപേരുണ്ടറിഞ്ഞുനന്നായി
നടന്നുകൊള്ളുന്നോ അതിബാലൻ വൃദ്ധൻ
അതിദീർഘരോഗാതിലുബ്ധൻ നാനാ-
വിഷയങ്ങൾ തന്നിലതിസക്തിയുള്ളോൻ
ദ്വിജദേവദ്വേഷി അതിലുബ്ധന്മാര-
ആരികിലുള്ളവർ ഇണങ്ങരൊക്കയും
പുറത്തുനീക്കിയ മനുഷ്യരും പിന്നെ
നരവരാത്മജവിരക്തരായുള്ള
പ്രജകളുള്ളവൻ ധരിത്രിനായക-
സുതാശ്രവിയ്ക്കനീ ഭയമുള്ളവനും!
മഹാഢ്യനും പിന്നെ ഭയമുള്ള ജന-
മരികിലുള്ളവൻ അകാലയുക്തനും
ബഹിർമ്മുഖരായ പ്രജകളുള്ളവൻ
പലരോടും കൂടി നിരൂപിയ്ക്കുന്നവൻ
സ്വപൌരുഷമെന്ന്യേ പരദേവവാദി-
വ്യസനമുള്ളവൻ വിദേശസ്ഥൻ താനും
വ്യസനമുള്ളൊരുപടകളുളവൻ
അകാലയുക്തനനേകവൈരിയും
അമിത്ഥ്യാദിധർമ്മവിവർജ്ജിതന്താനും
പലവിധമായ പ്രകൃതിമണ്ഡലം
ബലവിധാനവുമറിയുന്നോവീര!
ഒരുമൂന്നോനാലോസചിവന്മാരോടു
മൊരുമിച്ചുകൂടി അനന്യചിത്തനായ്
സമസ്തകാര്യവും മഹിതമാനസ
സമസ്തവ്യസ്തമായിരിയ്ക്കുന്നോനിത്യം.
കൊടുക്കവേണ്ടുന്ന ജനങ്ങളെല്ലാർക്കും
കൊടുത്തുതാനുമങ്ങനുഭവിച്ചീടും
പലവിധമായ ധാങ്ങളൊക്കയും
ഫലിയ്ക്കുന്നില്ലയോ നിനക്കതീതരാം
സുവീഹിതകാലമതിക്രമിയാതെ
സുതൊല്പത്തികൊണ്ടുഭവാന്തനിക്കുള്ള
സുവദന! ജനമഖിലവും വീര!
സുഖവുഞ്ചൊല്ലുക സഫലമായിതോ
വിനയാചാരങ്ങൾ ഭവിയ്ക്കകൊണ്ടുനിൻ
വിശദവിദ്യകൾ സഫലമായിതോ
മധുരവസ്തുക്കൾ പലർക്കും നൽകാതെ
വിധുനേരാനന! ഭുജിയ്ക്കുന്നില്ലല്ലോ
സുഹൃത്തുക്കളൊന്നു മനസ്സിൽ മോഹിച്ചാൽ
കൊടുക്കുന്നില്ലയോ ഭവാനറഞ്ഞതു
പലകുശലങ്ങൾ പറഞ്ഞതൊക്കയും
ഭവാൻ മതി നന്നായനുസരിക്കുന്നോ
യശസ്സുമൈശ്വര്യമധികമായുസ്സും
മനസ്സിൽ മോഹിച്ച സകലവസ്തുവും
മനുവരഭവാൻ ഇവണ്ണഞ്ചെയ്യുമ്പോൾ.
അനുഭവിച്ചീടും വിശയമില്ലേതും
പിതൃപിതാമഹപ്രപിതാമഹന്മാർ
ഗതിയിൽ തന്നെ നീ നടക്കുന്നില്ലയോ
ശ്രുതിസ്മൃതികൾക്കു വിരുദ്ധമായുള്ള
വഴിയ്ക്കു നീയൊട്ടും നടക്കുന്നില്ലല്ലോ
പരിചിലിങ്ങനെ ധരണി പാലിച്ചാൽ
നരസുഖങ്ങളുമനുഭവിച്ചഥ
ശരീരം മാറുമ്പോൾ സുരലോകമേറ്റും
ദുരിതമെന്നിയെ വരും കുശലവും
സതിയായീടുന്ന ജനകജാസീതാ
പതിയായവീരനനുജനോടേവം
കുശലവും രാജനയങ്ങളുമെല്ലാം
വിശയം കൂടാതെ പറഞ്ഞുപിന്നെയും
മരവിരിജടധരിച്ചുപോരുവാൻ
പറകകാരണം ഭരതയെന്നപ്പോൾ
പരമസുന്ദരനതിവിനീതനായ്
പരന്തപനോടു ഭരതൻ ചൊല്ലിനാൻ:
അധർമ്മവാനായോരിനിയ്ക്കെന്തിനിപ്പോൾ
നൃപധർമ്മം ചൊല്ലി ഫലം രഘുവര!
തമയനായനീയിരിയ്ക്കവേയെന്തു
കമലലോചനയിനിക്കെന്തുരാജ്യം
അടിയനോടിപ്പോളെഴുനെളിരാജ്യം
അയോദ്ധ്യയിൽനിന്നു പരിപാലിയ്ക്കേണം
തവവിയോഗം കൊണ്ടതിഖന്നനായി-
ട്ടവനിനായകൻ മരിയ്ക്കയും ചെയ്തു-
വിധവകളായ ജനനിമാരെല്ലാം
വിധിയെന്നുവെച്ചുമറക്കുന്നേറ്റവും
വിധുവദന! നീയയോദ്ധ്യയിൽ വന്നു
വിധിമ്പൂർവ്വമായങ്ങഭിഷേകംചെയ്തു-
പൃഥവീപാലിച്ചുപരിമോദിയ്ക്കനീ
സുഹൃത്തുകളായ ജനങ്ങൾക്കൊക്കയും
സുഖമുണ്ടാകേണം ഭവാൻ വിരഞ്ഞിനി
ജനനിമാരുടെ മനം തണുപ്പാ‍നായ്
ജനമനോഹര! വരികവൈകാതെ
അധികദുഷ്ടയാം മമജനിനിയ്ക്കു
വിധവത്വമല്ലാതൊരുഫലമില്ല
തവദാസനായും തവഭൃത്യനായും
തവസോദരനായിരിക്കുന്നൊരുഞാൻ
തവമലരടിയതില്വീണു മന്ത്രി
വരന്മാരുമായിത്തൊഴുതിരിക്കുന്നേൻ
ഇതിങ്ങിനെ ചൊല്ലി ഭരതനും തൃക്കാൻ
പിടിച്ചുവീണഥ നമസ്കരിയ്ക്കുമ്പോൾ
നരവരന്തന്റെ സഹോദരനായ
ഭരതനെനന്നായെടുത്തണച്ചഥ
പരമസുന്ദരൻ പറഞ്ഞാനിങ്ങിനെ
കുലീനനായതിമനോഹരനായി
ബലവാനായി നല്ലോരറിവുള്ളനിന്നൊ
ടുപമചൊല്ലുവാനൊരുവനുണ്ടാമൊ
തനിയ്ക്കുവന്നൊരു ധരണിയെയാരാൻ
പരധർമ്മമെന്നു പരന്നു നൽകുമൊ?
തിലമാത്രം പോലുമൊരുപാപം നിങ്കൽ
പലതരമോർത്താലിഹകാണുന്നില്ല.
അനുജ! കോപം കൊണ്ടറിയാതെ നിന്റെ
ജനനിയെ നിന്ദിച്ചുരത്തുപോകൊല്ലാ
അതിധർമ്മിഷ്ഠനായിരിയ്ക്കുന്ന താതൻ
പതിന്നാലാണ്ടെന്നെവനേവസിപ്പാനായ്
വദിച്ചുഭൂപതിയയച്ചിരിക്കവെ
തിരിച്ചുപോരുവാനുചിതമല്ലേതും
ഗുരുവായതാതൻ നിനക്കുതന്നുള്ള
ധരണിയെനീയുമഭിഷേകഞ്ചെയ്തു
പരിപാലിയ്ക്കണം പരമസുന്ദര!
മരവിരിജടധരിച്ചിഹകാട്ടിൽ
ഇരിയ്ക്കുന്നെന്നുടെ സഹോദര ഞാനും
നിനക്കുരാജ്യവുമിനിയ്ക്കരണ്യവും
മനുകുലവരൻ പകുത്തുതന്നതു
മനുഭവിയ്ക്കേണമിരുവരുമിനി
നമുക്കു ദൈവവും ഗുരുവും താതനും
നരപ്രവരനാം ദശരഥനല്ലൊ
ഇനിയ്ക്കു ദണ്ഡകവനമെല്ലൊതന്നു
നിനക്കു ഖണ്ഡമായിരിക്കും രാജ്യവും
ഭുജിച്ചിടേണം നാമിരുവരുമിനി
രഘുപ്രവീരന്റെ വചനം കേട്ടപ്പോൾ
ഉരച്ചിതു കൈകൾ ശിരസ്സിൽ വെച്ചഥ
സുധർമ്മമൊന്നുമെതിരിയാതൊരുഞാൻ
പൃഥിവിയെപ്പാലിച്ചിരിയ്ക്കുന്നെങ്ങിനെ
തമയനായനീവനെവസിയ്ക്കയു-
മനുജനായഞാൻ ധരാപാലിയ്ക്കയും
അയോഗ്യമായുള്ള വഴികളിലൊന്നും
നയജ്ഞ! സവദ! ചരിയ്ക്കയില്ല ഞാൻ
ധരാഭരിയ്ക്കേണം ധരാപതിയായി
വരഗുണനിധേ! ഭവാന്തന്നെയിനി
തവവിയോഗം കൊണ്ടവനിനായകൻ
ദിവം ഗമിച്ചിതു ഭവാനിനി വേഗം
ജലക്രിയചെയ്‌വാനെഴുനീറ്റീടുക-
ജലജലോചന! ജനമനോഹര!
ജലക്രിയ ഞങ്ങൾ വഴിപോലെതന്നെ
കഴിച്ചിതുമുമ്പെ ധരിച്ചുകൊണ്ടാലും
പ്രിയനായ സൂനുകഴിച്ചൊരുശേഷ-
ക്രിയകളാലല്ലേ പിതാവിന്റെ ഗതി
ഇതുകേട്ടുരാമനതിവിഷണ്ഡനായ്
മതിയും കേട്ടുടൻ പതിച്ചു ഭൂമിയിൽ
അനുജന്മാരവരരികിൽമൂവരും
ജനകജയുമായ് കരഞ്ഞുവെള്ളവും
തളിച്ചുബോധവും തെളിഞ്ഞുകണ്ണിൽനി-
ന്നൊലിച്ചുകണ്ണുനീരതിതാപംകൊണ്ടു
വചിച്ചുപീഡിച്ചുനരവരാത്മജൻ
പിതാദൈവഗതിഅടങ്ങിനിഞാനും
വൃഥാനഗരത്തിൽ ഗമിയ്ക്കുന്നെന്തിനു?
ദശരഥനൊടു സമമായി രാജ്യം
വഴിയായിപ്പാലിപ്പതിനാരുള്ളതു?
മമഹേതുവായി മരിച്ച താതന്റെ
മഹിതസംസ്കാരമടുത്തുചെയ്‌വാനും
മഹിതമാനസ! തരം വന്നില്ലല്ലോ
മഹാപാപിയായിട്ടിരിയ്ക്കുന്നോരെന്നാൽ
പിതാവിനെന്തൊരു ഫലമുണ്ടായ്‌വന്നു?
പിതാവിനുത്തരക്രിയചെയ്‌വാൻ നിങ്ങൾ-
ക്കതിയായ ഭാഗ്യമകപ്പെട്ടിതെല്ലൊ.
വനവാസാന്തത്തിലയോദ്ധ്യയിൽ വന്നാ-
ലനുശാസിപ്പാനുമിനിയാരുള്ളതു
പരമിനിസ്വാന്തവിശേഷമെന്നോടു
പരിചിൽ ലാളിച്ചു പറവാനാരുള്ളു
ഭരതനോടേവം പറഞ്ഞനന്തരം
വരതരുണിയോടുരത്തിതുരാമൻ
പരമസുന്ദരീശ്വശുരൻ പോയൊരു
പരിതാപമുണ്ടോപിരിയുന്നുബാലെ
ഇതിത്തരം കേട്ടങ്ങിരുന്നവരെല്ലാം
അതിഖിന്നരായിക്കരഞ്ഞുചൊല്ലിനാർ
തിലോദകക്രിയ കഴിപ്പതിന്നായി
ജലജലോചനേ! എഴുനീൽക്കയെന്നാ-
രതുകേട്ടന്നേരം വരഗുണനിധി
പതുക്കെച്ചൊല്ലിനാനനുജനോടേവം
മരവിരിയുമികണത്തിൻപിണ്ണാക്കും
നരവരൻ പിണ്ണം കഴിപ്പതിന്നായി
സഹോദര! വേഗമെടുത്തുകൊണ്ടുവാ
ജനകജാമുമ്പിൽ നടക്കട്ടെനിയ്യു-
മനുഗമിച്ചാലും കുളിപ്പതിന്നായി
മനുവര ഞാനും വരുന്നുപിമ്പെയെ-
ന്നനുനയത്തോടു പറഞ്ഞയച്ചഥ
സുമന്ത്രന്റെ കയ്യും പിടിച്ചുമെല്ലവേ
പരന്തപൻ രാമനെഴുന്നരുളിനാൻ
കുളിച്ചനന്തരം ജലക്രിയകളും
കഴിച്ചു പിന്നെയും കരയിൽ വന്നഥ
ബദരമിശ്രമായിരിയ്ക്കുമിംഗുദീം
തരുപിണ്യാകവുമുരുട്ടിരാഘവൻ
പിതാവിനു പിണ്ഡം കഴിച്ചനന്തരം
ഭരതലക്ഷ്മണരവരുടെ കയ്യും
പരിചൊടെരാമൻ പിടിച്ചുമെല്ലവേ
ഗിരിതടത്തിങ്കൽ കരയേറിച്ചെന്നു
ഗൃഹദ്വാരത്തിങ്കലെഴുന്നരുളുമ്പോൾ
കരഞ്ഞാരങ്ങതിലിരുന്നവരെല്ലാം
കരഞ്ഞ ശബ്ദം കേട്ടറിഞ്ഞു വൻപട
വിരിഞ്ഞുവന്നുവാഹനങ്ങളേറിയും
നിലത്തുപുല്ലുകൾ വിരിച്ചിരിയ്ക്കുന്ന
മനുപ്രവീരനെ വിലോകിച്ചാർ ചെന്നു
കരഞ്ഞുള്ള ശബ്ദം മുഴങ്ങുകകൊണ്ടു
പറന്നിതാകാശം നിറഞ്ഞുപക്ഷികൾ
നരന്മാരാൽ നിറഞ്ഞരണ്യഭൂമിയും
പരിശോഭിച്ചതു ധരണിയാകാശം
ജലജലോചനനിരുന്നതുകണ്ടു
ജനങ്ങളൊക്കയും വണങ്ങിയശേഷം
ഭരതമാതാവെപ്പറഞ്ഞുനിന്ദിച്ചും
പരമദുഷ്ടയാം പെരിയകൂനിയെ
പഴ്ച്ചും കേചന പറഞ്ഞുമങ്ങിനെ
തപിച്ചിരിക്കുന്ന ജനങ്ങളെക്കണ്ടു
പിടിച്ചു ഗാഢമായണച്ചുസുന്ദരൻ
അതിൽ ചിലരെയും വിളിച്ചു ലാളിച്ചു
പഴിച്ചുതോഷിപ്പിച്ചിരിപ്പാനുംചൊല്ലി
പടകളിൽ ചിലതരാതരം കണ്ടു
കടാക്ഷവീക്ഷകൊണ്ടനുസരിച്ചപ്പോൾ
മദിച്ചവൻപടജ്ജനങ്ങളെരാമൻ
മൃദുസ്മിതങ്ങളാൽ തണുപ്പിച്ചുമനം
അഭിനയംകൊണ്ടു ചിലരേയും തദാ
അഭിരാമൻ നന്നായ് പ്രമോദിപ്പിച്ചിതു
അഭിരൂപാജനമവരേയുമെല്ലാം
അഭിവാദ്യം ചെയ്തു പരിമോദിപ്പിച്ചു
പുരോഹിതനായ വസിഷ്ഠനും തദാ
നരപതിഭാര്യാജനങ്ങളെയെല്ലാം
ഒരുമിച്ചുകൊണ്ടുവരുന്നൊരുനേരം
നരവരനാരീജനം മന്ദാകിനീ-
വരതീർത്ഥംകണ്ടുപറഞ്ഞാൾ കൌസല്യാ
സുമിത്രേ! നിന്നുടെ മകനാം ലക്ഷ്മണൻ
അമിത്രഹാവായോനലസതാവിട്ടു
മമസുതനായി ജലമെടുത്തുടൻ
മലതന്നിൽ നിത്യം കരയേറ്റുന്നല്ലോ
ഗുരുഭൂതനായ തമയനുവേണ്ടി
പ്പരിചാരം ചെയ്താൽ ഗുണം വരും നൂനം
ഇതിങ്ങിനെ ചൊല്ലി നടക്കുന്നനേരം
ഹിതത്തൊടുതെക്കുമുഖമായിപ്പുല്ലും
വിരിച്ചതിൻ കണാമരത്തിൻ പിണ്യാകം
ഉരുട്ടിവെച്ച പിണ്ഡവും വിൽകിച്ചു
വചിച്ചാൾ കൌസല്യാ തരുണിമാരോടു
പെരുത്തോരിക്ഷ്വാകുകുലത്തിൻ നാഥനാ-
യിരിക്കുന്ന ദശരഥനു ശ്രീരാമൻ
മരത്തിൻ പിണ്ണാക്കുമുരുട്ടിപിണ്ഡവും
കഴിച്ചിതു കാണ്മിൻ ശിവ! ശിവ! യെന്നും
സുരപതിപോലെയിരിക്കും ഭൂപനു-
മരത്തിൻ പിണ്ണാക്കുമുരുട്ടിവെച്ചപ്പോൾ
ഇതിത്തരം ക്രിയ കഴിപ്പാറായല്ലോ
ഇതിനേക്കാൾ ദുഹ്ഖമിനിയില്ലയെന്നും
മനുകുലവര! ചത്തിചിതോയെന്നും
ഇതുകാന്മാൻ കൂടത്തരം വന്നോരെന്റെ
മതിശകലമായുടയുന്നിതെല്ലോ
ഇതിത്തരം കേട്ടു സുമിത്രാദികളും
പതിപ്പിച്ചു ചൊല്ലിത്തണുപ്പിച്ചുശോകം
നടന്നുപിന്നെയും ജനനിമാർ ചെന്നു
കടന്നിതാശ്രമമുടനെ രാഘവൻ
പദങ്ങളിൽ വീണു നമസ്കരിച്ചപ്പോൾ
കരഞ്ഞുരാമനെ വിലോകിച്ചനേരം
അഭിവാദ്യംചെയ്തോരനന്തരമവ-
രഭിരാമന്തന്നെമൃദുകരങ്ങളാ-
ലെടുത്തുനന്നായിത്തുടച്ചുപൂഴിയും
മിടുക്കനായുള്ളോരനുജൻ ലക്ഷ്മണ-
നടുക്കവന്നപ്പോളഭിവാദ്യംചെയ്തു
ജനകനന്ദനാവണങ്ങിനാൾവര-
ജനനിമാരുടെ പദങ്ങളിലെല്ലാം
ജനനിമാരെല്ലാം ജനകജാതന്നെ
അതിമോദം പിടിച്ചണച്ചനന്തരം
വനവാസംകൊണ്ടുകൃശയായിട്ടുള്ള
മനുകുലവരദയിതതന്നൊടു
അനുനയത്തൊടു പറഞ്ഞുകൌസല്യ
വെയിൽകൊണ്ടുവാടും വനജം പോലെയും
കനകക്കൽ‌പ്പൂഴിപിരണ്ടതുപോലെ
ജലദങ്ങൾ കൊണ്ടു മറഞ്ഞിരിയ്ക്കുന്ന
കലാനിധിതന്റെ നിറമെന്നപോലെ
നിറക്കുന്ന മുഖമിവിടെക്കണ്ടെന്റെ
പിളർക്കുന്നുമനമതിശോകംകൊണ്ടു
സതിയാം കൌസല്യപറഞ്ഞോരുനേരം
ഗുരുവായുള്ളൊരു വസിഷ്ഠനെക്കണ്ടു
നരവരൻ രാമനഭിവാദ്യം ചെയ്തു
ഇരുത്തിതന്നുടെഗുരുവിനാസനം
കൊടുത്തുതാനുമങ്ങിരുന്നുരാഘവൻ
അമാത്യസൈനികപ്രവരരുമഥ
മഹാമാത്രാദിയാം ജനങ്ങളും വന്നു
പരന്നരംഗത്തിലിരുന്നെല്ലാവരും
ഭരതനെന്തിനിതമയനോടിപ്പോൾ
പറയുന്നതെല്ലാം നിരൂപിച്ചെല്ലാരും
അനങ്ങാതെനിന്നോരളവുരാഘവൻ
ഭരതനോടേവമരുൾ ചെയ്തീടിനാൻ
ഭരതസോദര! വരചികുരനീ!
മരവിരിജടധരിച്ചിരിയാതെ
അരണ്യത്തിൽ നിന്നു തിരിയ രാജ്യത്തിൽ
തിരിച്ചഭിഷേകം കഴിച്ചുവാഴുക
അരുളപ്പാടെവമറിഞ്ഞനുജനു-
മറിയിച്ചാനതിവിനീതനായപ്പോൾ
പിതാവുകൈകേയീവചനങ്ങൾ കേട്ടു
ഭവൽ പരിത്യാഗമുടനെ ചെയ്കയാൽ
അപവാദത്തോടെ ഗമിച്ചു നാകത്തിൽ
അതുകൊണ്ടമ്മയും നരകെ വീണുപോം
അടിയനെച്ചൊല്ലിയിതിനെല്ലാറ്റിനു-
മവകാശമുണ്ടായ്‌വരികയും ചെയ്തു
തവദാസനായോരടിയനിലിപ്പോൾ
പ്രസാദിച്ചീടേണം കരുണാവാരിധേ!
അഭിഷേകം ചെയ്തു മടിയാതെയിപ്പോ-
ളവനിയൊയ്ക്കയും പരിപാലിയ്ക്കുക-
സുഹൃത്തുക്കളായ ജനങ്ങളെല്ലാരും
സുഖമിതുകൊണ്ടങ്ങനുഭവിയ്ക്കേണം
പ്രജകളൊക്കയും രഘുവരനിന്റെ
പ്രസാദം കാംക്ഷിച്ചു നിരന്നുനിൽക്കുന്ന
ഇരിയ്ക്കുന്നേനതിന്നനുവദിയ്ക്കേണം
തിരുമനസ്സോടെ പ്രസാദിച്ചീടേണം
ഇവണ്ണഞ്ചൊല്ലിയങ്ങവനിയിൽ വീണു
അവശതപൂണ്ടു ചരണങ്ങൾ രണ്ടും
പിടിച്ചുദീനനായ്‌വിളിച്ചുകേഴുമ്പോൾ
എടുത്തുരാഘവൻ തുടച്ചു കണ്ണുനീർ
മിടുക്കനായുള്ള ഭരതനോടേവം
വദിച്ചുസാദരമതിസ്നേഹത്തോടും
ദിനകരകുലമഹിതരത്നമേ!
മനംകുലുങ്ങാതെ മനോഹരബാല
പിതൃവചനത്തെയതിക്രമിച്ചുഞാൻ
ക്ഷിതിസമാഭിലാഷയാലിതെങ്ങിനെ
അതിപാപങ്ങൾ ഞാൻ ചരിക്കേണ്ടുവീര!
ഗുണഗണമുള്ള പിതൃവാക്യത്തിനെ
അണുമാത്രം പോലുമതിക്രമിക്കാമോ?
അതുകൊണ്ടു ഖേദം മനസ്സിൽ തോന്നാതെ
അവനിനായക മഹിഷിയാം നിന്റെ
ജനനിയോടേവം മതികൾ ചെയ്യാതെ
പിതാവുമാതാവും ഒരു ഭേദമില്ല
പിതാപുത്രരിൽ പലതും ചെയ്തീടു-
മതുകൊണ്ടേവനും പറവാനുമില്ല
മഹാരാജാപിതാനിരൂപിച്ചാലെന്നെ
മഹാരാജാവായിട്ടഭിഷേകം ചെയ്യാം
മരവിരിജടധരിച്ചുകാനനേ
മലമുകളിലും കളകയും ചെയ്യാം
പരരുനാടങ്ങതു നിരൂപിച്ചീടേണ്ട
പരനുടെ മതമറികയും വേണ്ട
അനുഗ്രഹിപ്പാനും വിനിഗ്രഹിപ്പാനും
പ്രഭുവല്ലോ താതൻ നമുക്കു നിർമ്മല!
നിനക്കുരാജ്യവുമെനിക്കരണ്യവും
ധരിത്രിനായകനരുളിനാനതിൽ
മറുത്തൊരുത്തനും പറവാനില്ലല്ലോ
ധരിത്രി വാഴുക പിതാവുതന്നത്
മനുപ്രവീരനീ! മടിക്കാതെയിനി
പെരുത്തകാടിതുപതിന്നാലാണ്ടുഞാൻ
ഭരിയ്ക്കുന്നെന്നതു ധരിച്ചുകൊണ്ടാലും
പലതരമേവമിരുവരുമായി
പറഞ്ഞിരിയ്ക്കവേ പുലർന്നു രാത്രിയും
പ്രഭാതകാലത്തിൽ കുളിച്ചെല്ലാവരും
പ്രഭാതകൃത്യങ്ങൾ കഴിച്ചനന്തരം
പ്രഭാവമേറുന്ന രഘുവരനുടെ
സഭതന്നില്വന്നുനിറഞ്ഞിതെല്ലാരും
പുനരപിപർണ്ണകുടിയിങ്കൽ നന്നായ്
മനുവരൻ ചൊല്ലാലിരുന്നെല്ലാവരും
ഭരതൻ ചൊല്ലിനാനനന്തരം തന്റെ
പരന്തപനായതമയനോടേവം
എനിയ്ക്കുതാതനാംനരപതിതന്ന
ധരിത്രിയെരാമ! നിനക്കു തന്നു ഞാൻ
ജനനിക്കുമതിന്നനുവാദംതന്നേ
ജനമനോഹര! ധരിച്ചുകൊണ്ടാലും
അകണ്ടകമായിപ്പരിപാലിച്ചാലു-
മഖണ്ഡരാജ്യവും മനുകുലവര
തുരഗവേഗങ്ങൾ ഖരത്തിനുണ്ടാമോ
ഗരുഡന്റെവേഗം കുരുവിയ്ക്കുണ്ടാമോ
തവഗതികളെയനുസരിപ്പാനാ-
യവനിനായക! ബലമുണ്ടോ മമ?
ഉയർന്നിരിയ്ക്കുന്ന മരത്തിൽ വല്ലതു-
മുയർന്നിരിയ്ക്കുന്ന മനുഷ്യൻ വെക്കിലോ
അതിവാമനനായിരിയ്ക്കുന്നവനാ-
ലതിനെച്ചെന്നുടനെടുത്തുകൂടുമോ?
അഭിഷേകം ചെയ്തങ്ങിരിയ്ക്കുന്നനിന്നെ-
യഭിരൂപന്മാരാം പ്രജകൾ ശുദ്ധാന്ത-
ജനങ്ങളുമെല്ലാം വിലോകിച്ചുനല്ല
ഗുണങ്ങളെനന്നായനുഭവിക്കട്ടെ
ഇവണ്ണം വാക്യങ്ങൾ പലതരം ചൊല്ലി-
യിരിയ്ക്കും തമ്പിയോടുരത്തുരാഘവൻ
പിതൃമരണവുമിതെൻ പ്രവാസവും
ഇതിനെല്ലാം മൂലം തവ മാതാവല്ല
പരമേശൻ തന്റെ നിയോഗത്താൽ വന്നു
നരന്മാർക്കുമുണ്ടോ സ്വവശതയോർത്താൽ?
ഇവണ്ണമിക്കാര്യം വരുത്തേണമെന്ന-
ന്നുരത്തൊന്നുദ്യോഗിച്ചിരിയ്ക്കവേയതു
മറിഞ്ഞുമറ്റൊരുപ്രകാരമായീടും
നിരൂപിയ്ക്കുമ്പോലെ വരികയില്ലേതും
നിനയ്ക്കാതെതന്നെയിരിയ്ക്കുന്നവന-
ങ്ങകപ്പെടുകിലാം വലുതായഫലം
ധനധാന്യാദികൾ നിചയം കൂടിയാൽ
ക്ഷമിപ്പോളമതുപെരികെനിന്നീടും
അതിപ്പോളന്നേരം ത്യജിച്ചുമേൽ‌പ്പോട്ടു
മരിപ്പോളം നേരമിരിപ്പുദേഹിയ്ക്കും
വിധിവശമല്ലോ വരുന്നതൊക്കയും
സ്വപൌരുഷത്തിനാൽ വരികയില്ലൊന്നും
ഇരിയ്ക്കുന്നവരും പിരിഞ്ഞുപോം കാലം
പിരിഞ്ഞുപോയീട്ം വരഗുണാകര!
ഒരുനാളുമൊരു ചലനം കൂടാതെ
വരികയില്ലെന്നുമറികസോദര!
പഴുത്തുനിന്നുള്ള പനം പഴത്തിന്നും
പതിച്ചുപോമെന്നു ഭയമെന്നപോലെ
ജനിച്ചുവന്നുള്ള നരന്മാർക്കും ലോകേ
മരിച്ചുപോമെന്നേ ഭയമുള്ളു പാർത്താൽ
പുതുമരംകൊണ്ടു ചമച്ചൊരു ഗൃഹം
പഴകുമ്പോൾ കേടുമുഴുത്തുപോയീടും
അവണ്ണം ദേഹവും ജരാനരകൊണ്ടു
പഴകുമ്പോൾ വീണു പഴുത്തുപോയീടും-
കഴിഞ്ഞരാപ്പകലൊഴുകിടുന്നൊരു
പുഴതിരിച്ചുണ്ടോ വരുമാറു വീര!
ഇവണ്ണമായുസ്സുകഴിഞ്ഞതൊന്നുമേ
തിരിച്ചുവന്നീടാധരിയ്ക്കമാനസേ.
ചെറുപ്പത്തിൽ തമ്മിൽ കളിച്ചിരുന്നൊരു
ശരീരമിന്നിപ്പോളവണ്ണമല്ലല്ലോ
ദിനം പ്രതി ദേഹം വളരുമ്പോളിന്നും
ജരാനരവന്നു മരിച്ചുപോമെന്നു
നിരൂപിച്ചുതന്റെയവസ്ഥചിന്തിച്ചും
പരിതപിയ്ക്ക നീ പരമസുന്ദര!
പിതാവിനെച്ചൊല്ലിത്തപിയ്ക്കുന്നെന്തിനു?
പിതൃലോകം തന്നെ നമുക്കുമെന്നറി
സുകൃതം ചെയ്യേണം സുരലോകേ പോവാൻ
സുമുഖൻ തന്നുടെ മരണം ചിന്തിച്ചു
മരണമുണ്ടെന്നും ജനനമുണ്ടെന്നും
ശരീരികൾക്കെല്ലാം പതനമുണ്ടെന്നും
ശരീരമെന്നുള്ളതനിത്യമെന്നതും
സ്മരിയ്ക്കയില്ലെടോ! മനുഷ്യരിലാരും
ജനകനെന്നതും ജനനിയെന്നതും
തമയനെന്നതും തരുണനെന്നതും
തനയനെന്നതും തനൂജയെന്നതും
ധനങ്ങളെന്നതും ധരണിയെന്നതും
കനകമെന്നതും മണികളെന്നതും
കരണമെന്നതും വയലുകളെന്നും
ശരണമെന്നതും ശയനമെന്നതു-
മശനമെന്നതും വസനമെന്നതും
വശമായുള്ളൊരോ സ്വജനമെന്നതും
നിരൂപിച്ചുവൃഥാ കളയാതെകാലം
പുരഹരസേവാസതതം ചെയ്തുനീ
ധരണിയെനന്നായ്പരിപാലിച്ചാലും
ഇരിയ്ക്കുമ്പോൾ കാലനിരുന്നീടും കൂടി-
ച്ചരിയ്ക്കുമ്പോൾ കൂടച്ചരിയ്ക്കയും ചെയ്യും
അടുക്കെയോടീടുമുറയ്ക്കുമണ്ടുമ്പോൾ
കിടക്കുമ്പോൾ മൃത്യു കിടന്നീടും കൂടി
ദിശിദിശിപോയങ്ങൊളിക്കിലും കാലൻ
വിടുകയില്ലവനരക്ഷണം പോലും
വിശയം കൂടാതെ വഴിയെ വന്നീടും
വിധിച്ച കാലത്തിൽ മരിയ്ക്കയും ചെയ്യും
തടുത്തുകൂടയങ്ങൊരുത്തർക്കുമതു-
കൊടുത്തദേഹം പോയിളച്ചുപോകുന്നു
ഉറച്ചപല്ലുകളുതിർന്നുപോകുന്നു
അകത്തുള്ളൊരെല്ലും പുറത്തുകാണുന്നു
ഭുജിച്ചവസ്തുക്കൾ ദഹിയാതെപോകും
ദ്രഢമോടുന്നവൻ വയസ്സുചെല്ലുമ്പോൾ
തടിയൂന്നിപ്പോകുമതിവിഷണ്ണനായ്
മികച്ച കന്മഷം പെരുത്തു വ്യാധിയാ-
യിരുത്തിരണ്ടങ്ങുഭവിയ്ക്കും ദേഹത്തിൽ
പറഞ്ഞുശോണിതമുണങ്ങിദേഹവും
തിരണ്ടുപാപികൾ കിടന്നുഴലുന്നു
മരിച്ചുനാരകേപതിയ്ക്കയും ചെയ്യും
നരകയാതനകഴിഞ്ഞനന്തരം
ദുരിതശേഷങ്ങൾകിടക്കിലോപിന്നെ-
ത്തരുതൃണപക്ഷികൃമികളാദിയായ്
ധരണിയിൽ വന്നുപിറക്കയും ചെയ്യും
സുകൃതദുഷ്കൃതഫലമിതായതു
സുഖിച്ചുരാജ്യവും ഭുജിച്ചുകേചന
ദരിദ്ര്യരായ് രോഗം പിടിച്ചും കേചന
സുമുഖരായിട്ടും നടക്കും കേചന
കുപിതരായ്സ്സദാനടക്കും കേചന
സുരൂപികളായും സ്വരമുള്ളോരായു-
മപസ്വരമായും സുവരണ്ണന്മാരായും
വിവർണ്ണന്മാരായും സുഖിച്ചുവാഴുന്നു
ധരിത്രിയിൽ ചിലർ ധനികരായിടും
ദരിദ്ര്യരായ് മുഷ്ടിയെടുത്തും കേചന
സുകൃതദുഷ്കൃതഫലമിതൊക്കയും
സുമുഖജന്തുക്കൾ ഭുജിയ്ക്കുന്നു നൂനം
വിപത്തുവന്നിങ്ങു ഭവിയ്ക്കുന്നതെല്ലാം
പെരുത്തദുഷ്കൃതം ഭുജിപ്പാനായഥ
സുഖങ്ങളെ നന്നായ് ഭുജിയ്ക്കുന്നാകിലോ
സുകൃതശേഷങ്ങൾ ഭുജിയ്ക്കയായതും
വിപത്തുണ്ടാകുമ്പോൾ തപിയ്ക്കയും വേണ്ട
സുഖം ഭുജിയ്ക്കുമ്പോൾ പ്രമോദിച്ചീടാതെ
സ്വപൌരുഷം കൊണ്ടും പരാശ്രയം കൊണ്ടു-
മുപായങ്ങൾ കൊണ്ടും പരാക്രമങ്ങൾ കൊണ്ടും
നിരൂപിയ്ക്കും വണ്ണം വരികയില്ലൊന്നും
മഴക്കാലമിനിയടങ്ങേണമെന്നും
മഴക്കാലം പോയിനടക്കാമെന്നിട്ടും
വസന്തം വന്നിതു മരങ്ങൾ പൂത്തെന്നും
നിശാക്ഷയത്തിങ്കലുദിച്ചുവെന്നതും
വിളഞ്ഞൊരുവയലറുപ്പാറായെന്നും
കുളിച്ചുവന്നന്നുഭുജിയ്ക്കേണമെന്നും
കളമൊഴിയൊടുരസിക്കണമെന്നും
തെളിഞ്ഞ ചന്ദ്രിക വിളങ്ങുന്നെന്നതും
പുളച്ചും കായങ്ങൾ നിനച്ചും കേചന
കുളിച്ചും കാലങ്ങൾ കഴിച്ചും കേചന
പെരുത്തുള്ളധനംവരുത്തേണമെന്നും
നിനച്ചുസന്തതം കഴിച്ചീടും കാലം
വയസ്സുപോയതുധരിയ്ക്കയില്ലാരും
ജലധിയിൽ രണ്ടുതടിവന്നുകൂടി
പ്പിരിഞ്ഞുപോം പോലെ പിതൃമാത്രാദികൾ
പിതാവും മാതാവും സുഹൃത്തുക്കളെന്നും
വൃഥാപറയുന്നു നിനച്ചിരിയാതെ
സുഹൃത്തുക്കളാരുപിതാവാരായതും
സഹോദരന്മാരും സഹോദരിമാരും
മഹാമതേ! വീര! പറകിൽ വെവ്വേറെ
സഹോദരനീയും ദശരഥൻ താനും
സഹോദരന്മാരിങ്ങിവരിരുവരും
മഹാമാത്രാദിയാമമാത്യവീരരും
ശരീരികളെല്ലാം പറകിൽ വെവ്വേറെ
എവിടുന്നുവന്നുജനിച്ചെതെന്നതും
എവിടെപ്പോകുന്നുമരിച്ചാലെന്നതും
അമിത്രനെന്നതും സുമിത്രനെന്നഥും
തനിയ്ക്കുതാൻ ചെയ്ത സുകൃതദുഷ്കൃതം
മരിച്ചുപോകുമ്പോളിവരണ്ടുമല്ലാ-
തൊരുത്തനുമില്ലെന്നുറച്ചുകൊള്ളുക
വഴിയ്ക്കുനാലുപേരൊരുമിച്ചുകൂടി-
ച്ചരിച്ചു താൻ ചെയ്ത തളർച്ച തീർക്കുവാ-
നിരുന്നനന്തരംഗമനവേളയിൽ
ഒരുത്തൻ ഞാൻ മുൻപിൽ നടക്കുന്നെന്നവൻ
നടക്കും പിന്നാലെ ഗമിയ്ക്കും മറ്റേവൻ
ഇതിത്തരമെല്ലാമൊരുഭേദമില്ലാ
പിറക്കയും വന്നു മരിയ്ക്കയും കൂടി
മരിച്ചു താൻ ചെയ്ത ഫലം ഭുജിയ്ക്കയും
മഹാദാനങ്ങളും മഹാജപങ്ങളും
മഹായാഗങ്ങളും മഹാഹോമങ്ങളും
മഹത്വത്മാവായദശരഥൻ ചെയ്തു
മഹാമതേ സ്വർഗ്ഗം ഭുജിയ്ക്കുന്നു നന്നായ്
തപിയ്ക്കാതെനീയ്യും പിതാവിനെച്ചൊല്ലി
ധരിത്രിനായകൻ നിനക്കുതന്നുള്ള
ധരിത്രിപാലിച്ചീടയോദ്ധ്യയിൽച്ചെന്നു
ധരിത്രിനായകനിർദ്ദേശത്തെക്കൊണ്ടു
വനത്തെരക്ഷിച്ചുവസിയ്ക്കുന്നു ഞാനും
ഇതിത്തരം ചൊല്ലിത്തണുപ്പിച്ചുശോകം
രഘുപ്രവീരന്റെ വചനം കേട്ടപ്പോൾ
മതിമാനായുള്ള മുനിജാബാലിയും
അതിസ്നേഹംകൊണ്ടുപറഞ്ഞാനിങ്ങിനെ-
സമർത്ഥനായുള്ള ഭവാൻ തനിയ്ക്കിപ്പോൾ
നിരർത്ഥകജനങ്ങടെമതിപോലെ
അനർത്ഥമായുള്ളമതിയെവിടുന്നു?
സദർത്ഥമായ്ച്ചൊല്ലും വചനം കേൾക്കനീ
ജഗത്തുക്കൾ തന്നിലെവൻ തനിയ്ക്കെവൻ
സുഹൃത്തായുള്ളതുവചിയ്ക്കരാഘവ!
മയവന്റെവസ്തുവിലേപനേകണ്ടു
ഭവാനതുനന്നായ്വിചാരിച്ചുകാൺക
ഒരുത്തനായിന്നുജനിയ്ക്കും ഭൂമിയി-
ലൊരുത്തനായ്ച്ചത്തുതിരിയ്ക്കുമപ്പോലെ
ജനനിയെന്നേവം ജനകനെന്നേവം
തനൂജനെന്നേവം തനൂജയെന്നേവം
തരുണിയെന്നേവമിവരിലേതേതു
നരൻ സക്തനായാലവനുന്മത്തനെ
ന്നറികമന്നവകുലശിഖാമണേ!
ഒരുനരൻ തനിയ്ക്കൊരുനരനില്ല
നരവര! രഘുകുലതിലകമേ!
ഒരുദേശം വിട്ടുപുറപ്പെട്ടുപിന്നെ-
യൊരുദേശം പോവാനിടയിൽ തങ്ങിയും
നരന്മാർപിറ്റന്നാളവിടുന്നുവേഗം
നരവരമണേ! നടന്നുപോമ്പോലെ
പിതാവും മാതാവും സുതനും ഭ്രാതാവും
ധനവും ധാന്യവും ഗൃഹവുമൊക്കയും
അറിയപ്പോകുന്ന ജനങ്ങൾ രാഘവ!
പെരിയസക്തനായിരിയ്ക്കയില്ലതിൽ
പിതൃരാജ്യം വിട്ടു വിഷമമാംവന-
മിതിലിന്നെന്തിനുനടക്കുന്നുരാമ!
മതിമാനായുള്ള ഭവാനയോദ്ധ്യയി-
ലതിവേഗം ചെന്നു കഴിച്ചഭിഷേകം
സതിയാം നിന്നുടെദയിതയുമായി-
ക്കൃതിവര! രാജ്യം സുഖം ഭുജിച്ചാലും
നിനക്കാരുമില്ല ദശരഥനവൻ-
തനിയ്ക്കുതാനാരും ഭവാനുമില്ലെടോ!
അവനുമേകനാം ഭവാനുമേകനാം
അതുകൊണ്ടുഭവാൻ പറഞ്ഞതുകേൾക്ക
ഋതുകാലത്തിങ്കൽ ജനനിശോണിതം
പിതൃശുക്ലത്തോടെയൊരുമിച്ചുചേർന്നാ-
ലതുതന്നെയെന്നും ശരീരികൾക്കെല്ലാം
പിതാവെന്നുള്ളതിനിതിന്നുമൂലമാം
നൃപതിയാം പോകേണ്ടെടത്തുപോയിതു
സ്വഭാവമാണിതുശരീരികൾക്കെല്ലാ-
മിതിനെന്തുഭവാൻ വൃഥാക്ലേശിയ്ക്കുന്നു?
മതിമതിമഹാമതേ! രഘുവര!
സദാധർമ്മാധർമ്മമിതിങ്ങിനെചൊല്ലി
വൃഥാതന്നെകഥിച്ചിരിയ്ക്കുന്നു ചിലർ
കുളിരുന്നകാലം കുളിച്ചുഷസ്സിങ്കൽ
തളിച്ചുമന്ത്രങ്ങൾ ജപിച്ചുഹോമാദി
കഴിച്ചുറക്കവുമൊഴിച്ചുഭക്ഷണം
ത്യജിച്ചുചീരവുമുടുത്തുമജ്ജടാ
ധരിച്ചുകാനനേചരിയ്ക്കുന്നുചില-
രിഹത്തിലെന്തൊരു സുഖമവർക്കുള്ളു
പരലോകസുഖം നടന്നുകണ്ടവർ
ധരണിയിലാരാൻ പറഞ്ഞുകേൾക്കുമോ?
ഇവണ്ണമുള്ളോരോജനങ്ങളെച്ചൊല്ലി
വിഷണ്ണമാകുന്നെൻ മനസ്സുരാഘവ!
പിതൃമാതൃശ്രാദ്ധം കഴിയ്ക്കേണമെന്ന-
ങ്ങതിമൂഢജനം പരിതപിയ്ക്കുന്നു
മരിച്ചവനുണ്ടോ തിരിച്ചുവന്നിങ്ങു
ഭുജിയ്ക്കുന്നന്നത്തെനിനച്ചുകാൺക നീ
തനിയ്ക്കഭീഷ്ടമായിരിയ്ക്കും വസ്തുക്കൾ
ഭുജിച്ചുകൊള്ളാതെ ത്യജിയ്ക്കുന്നുവൃഥാ
ഒരുത്തനായന്നം ഭുജിയ്ക്കകൊണ്ടുമ-
റ്റൊരുത്തൻ തന്നുടെ വിശപ്പുതീരുമോ?
ഒരുദേശം വിട്ടുപുറപ്പെട്ടുപിന്നെ-
യൊരുദേശമ്പോയനരൻ തന്നെച്ചൊല്ലി
കഴിയ്ക്കട്ടെശ്രാദ്ധം ഗൃഹത്തിന്നുതന്നെ
വഴിച്ചോറുവേണ്ടവിശപ്പുപോമെല്ലോ
ഇതൊക്കയും നല്ല മതിശാലിജനം
പതുക്കവെചേർത്തുവശമാക്കിയേവം
ശ്രുതികളെന്നിട്ടും സ്മൃതികളെന്നിട്ടും
ശ്രുതങ്ങളെന്നതും പിഴപ്പാനുള്ളതു
യജിയ്ക്കേണമെന്നും കൊടുക്കേണമെന്നും
തപസ്സുകൾ തന്നെ ചരിയ്ക്കേണമെന്നും
പരോക്ഷമായുള്ള സുഖംകൊണ്ടതാരി-
പ്പരിചിൽ പ്രത്യക്ഷസുഖം ഭുജിച്ചാലും
തിരിച്ചയയോദ്ധ്യയിൽ ഗമിയ്ക്കസീതയോ-
ടൊരുമിച്ചു രാജ്യം ഭുജിച്ചുവാഴുക
ഇതിത്തരമവനവൈദികമത-
പ്രയുക്തവാക്യങ്ങൾ പറഞ്ഞുടൻ തന്നെ
ശ്രവിച്ചുരാമനുമതികുപിതനാ-
യ്‌വദിച്ചു ജാബാലി മുനിയോടിങ്ങിനെ
അകാര്യം കാര്യമെന്നതുപോലെതന്നെ-
യപത്ഥ്യം പത്ഥ്യമെന്നതുപോലെതന്നെ
അശുചിയായവൻ ശുചിയെപ്പോലെയും-
അകുലീനനായോൻ കുലീനനെപ്പോലെ
പറയുന്നെന്തെടോ! മുനിവര! ഭവാ-
നറിവില്ലാത്തവൻ പറയുന്നപോലെ?
മരിയാ‍ദം കേട്ടു നരൻ മുഖത്തിങ്കൽ
പെരിയസജ്ജനമിരിയ്ക്കയുമില്ല
കുലീനനെന്നതുമകുലീനനെന്നും
ശുചിയെന്നുള്ളതുമശുചിയെന്നതും
അനാര്യനെന്നതും പരമാര്യനെന്നും
വിലക്ഷണനെന്നും സുലക്ഷണനെന്നും
കുശീലനെന്നതും സുശീലനെന്നതും
സുകുലനെന്നതും വികുലനെന്നതും
സകലവും തന്റെ ചരിതം തോന്നിയ്ക്കും
സുധർമ്മവേഷേണവരും ധർമ്മത്തെ ഞാൻ
സുകർമ്മം വിട്ടു ഞാൻ നടക്കുന്നെങ്ങിനെ
തവചൊല്ലാലിന്നുനടന്നുതാകിൽഞാ-
നവമാനിച്ചീടും മഹാജനമെല്ലാം
സ്വഭാവമായ്ത്തന്നെ ജനങ്ങളെല്ലാരും
സുകാമവൃത്തരായിരിയ്ക്കും നിർണ്ണയം
അതുപോലെതന്നെ നൃപതിയുമായാ-
ലധർമ്മമേറീടും ധരണിയിലെങ്ങും
നൃപവരൻ തന്നിലിരിയ്ക്കുമെപ്പൊഴും
കൃപയും സത്യവും വരഗുണങ്ങളും
അതുകൊണ്ടു സത്യം ധരണിയൊക്കെയു-
മഹിപ്രവരനെ ഭയപ്പെടും പോലെ
അസത്യവാദിയെ ഭയപ്പെടും ജനം
ഹുതവും ഹോമവും തപസ്സുമിഷ്ടിയും
യജനവും പിന്നെജ്ജപങ്ങൾ മന്ത്രങ്ങൾ
പ്രദാനവും പിന്നെ പ്രദത്തവുമെല്ലാം
പ്രശസ്തമായുള്ളതൊരു സത്യം തന്നെ
പവിത്രമായതു മഹാസത്യം തന്നെ
ജഗത്തിങ്കലൊന്നുമിതിൽ പരമില്ല
ഒരുത്തനു മക്കൾ പലതുണ്ടാകിലു-
മൊരുത്തനെപ്പോലെയൊരുത്തൻ വന്നീടാ
സമർത്ഥനാമേകം ധരിത്രിപാലിപ്പാൻ
കുലത്തെ രക്ഷിപ്പാൻ സമർത്ഥനാമേകൻ
ഒരുത്തൻ തന്നുടെ പിതൃക്കളെയെല്ലാം
ദിവത്തിലാക്കീടുമൊരുസൽക്കർമ്മത്താൽ
പെരുത്തപാപിയായ് നടന്നതിലേകൻ
പിതൃക്കളെ മഹാനരകേ തള്ളിടും
അതിധർമ്മാത്മാവാം പിതാവിന്റെ വാക്യം
മതിക്രമിയ്ക്കയില്ലറികരാഘവൻ
അതിലോഭംകൊണ്ടുമതിമോഹംകൊണ്ടും
ധരണിമോഹിച്ചും നടന്നുസത്യവും
പരിത്യജിയ്ക്കയില്ലറികമാമുനെ!
മനസാവാചാകർമ്മണായൊരിയ്ക്കലു-
മനുസ്മരിയ്ക്കയില്ല സത്യമെന്നതും
അവൈദികം ചൊല്ലി മനസ്സിളക്കുവാൻ
ഭവാൻ മനസ്സിങ്കൽ നിനയ്ക്കയും വേണ്ട-
അവൈദികമതം ഗ്രഹിച്ചുള്ള നിന്നെ-
പ്പിതാസമീപത്തിലിരുത്തിക്കൊണ്ടതിൻ-
ഫലമിന്നുനന്നായറിയാറുമായി-
ഇതിങ്ങിനെകേട്ടുപറഞ്ഞുജാബലി
മതിമാനായുള്ള രഘുവര! നിന്റെ
മനമുറപ്പാനായ് പറഞ്ഞുഞാനിപ്പോൾ
നരവര! നീയും തിരിച്ചയോദ്ധ്യയിൽ
വരുവാനായുള്ളോരുപായമായതു
അഭിഷേകം ചെയ്തങ്ങിരിയ്ക്കുന്നനിന്നെ-
യഭിരൂപന്മാരാം പ്രജകൾ കാണേണം
ഇതിങ്ങിനെ കേട്ടു വസിഷ്ഠൻ ചൊല്ലിനാൻ
ജഗത്രയത്തിന്റെ ഗതാഗതങ്ങളെ
സമസ്തവും നന്നായറിയും ജാബാലി
ഇവിടെ നാസ്തികവചനം ചൊപ്പുവാ-
നവരസമെന്നു പറഞ്ഞതല്ലാതെ
യനാസ്തികനെന്നതറികയും വേണം
രവിശതകോടിപ്രഭാകലരുന്ന
രവികുലവരമഹിതരത്നമേ!
പുരാരവികലനരപാലന്മാരും
പരിചുള്ളവഴിത്യജിയ്ക്കരുതുനീ
പുരാതനയനായ് വിരിഞ്ചങ്കൽനിന്നു
മരീചിയെന്നുള്ള മകനുണ്ടായ്മുന്നം
മതിമാൻ കാശ്യപൻ വിവസ്വാനും പിന്നെ
മനുവുമിക്ഷ്വാകുസുതൻ കുക്ഷിതാനും
മനുവരനായ വികുക്ഷിയെന്നുള്ള
കുകുത്സ്ഥനും പൃഥുശ്രുതൻ വിശ്വഗന്ധി
സമർത്ഥനായുള്ള യുവാനാശ്വനുടെ
തനയൻ ശാശ്വതൻ ബൃഹദൃശ്വനവൻ
തനയനായുള്ള കൃപാലയാശ്വനും
പരന്നുമാരനും ദൃഢാശ്വനും പിന്നെ
ഹരിദശ്വൻ തന്റെ മകൻ നികുംഭവൻ
മകൻ ബഹിണാശ്വൻ കൃശാശ്വനുമവൻ
മകനുണ്ടായി പ്രസേനജിത്തെന്നും
യുവനാശ്വനെന്നോരവനുമാന്ധാതാ
പുരുകുത്സൻ ഭാണനനരണ്യൻ പൃഥു
ഹരിദശ്വൻ മകനരുണനെന്നവൻ
ത്രിബന്ധനൻ സത്യവ്രതൻ ത്രിശങ്കുവും
ഹരിശ്ചന്ദ്രനുടെ മകനാം രോഹിതൻ
സുവന്തി തന്നുടെ മകൻ ധ്രുവസന്ധി
ഭരതൻ തന്മകൻ ഹരിതനും ജംബു
സുദകൻ തന്മകൻ വിജയനും ഭരു
മകനാം ധ്രുവന്റെ മകൻ ബാഹുകനും
സഗരനെന്നവൻ മകനാം സാമജ്ഞൻ
തനയനംശുമാൻ ദിലീപനും പിന്നെ
ഭഗീരഥശ്രുതൻ രഘുവും ശംഖണൻ
സുദർശനൻ മകനവനഗ്നിവർണ്ണൻ
തനയൻ ശീഘ്രജൻ മരുപ്രശുശ്രുകൻ
തനിയ്ക്കുപുത്രനംബരീഷനെന്നവൻ
മകൻ നഹുഷനും യയാതിനാഭഗൻ
മകനാം സിന്ധുജീവനും മയൂതാവു-
മൃതുവർണ്ണൻ തന്റെ മകൻ സത്യകാമൻ
സുദാസനെന്നവൻ പ്രവൃദ്ധനും പിന്നെ
പുരൂഷദകസൂനുകന്മഷപാദ-
നവൻ മകൻ സൌദാസനനാത്മകനും
അതിനുപിന്നെമൂലകൻ ദശരഥ-
നിളിവിളിവശ്വാസഹൻ ഖട്വാംഗകൻ
മകൻ ദീർഗ്ഘബാഹുനഹുഷൻ നാഭാഗ-
നജൻ ദശരഥൻ നരപതിരാമൻ
ഇതിങ്ങിനെ പണ്ടു കഴിഞ്ഞുനിന്നുടെ
പിതൃപിതാമഹപ്രപിതമഹന്മാർ
വയസ്സുമൂത്തവരിരിയ്ക്കവേരാജ്യം
ഭരിച്ചിട്ടില്ലടോ! ഇളയരാജാക്കൾ
പരിരക്ഷിയ്ക്കേണമഭിഷേകംചെയ്തു
ധരണിയിലുള്ള ജനങ്ങളെയെല്ലാം
ഗുരുവും മാതാവും പിതാവുമിങ്ങിനെ
ഗുരുക്കന്മാർ മൂന്നു നരന്നുലോകത്തിൽ
ജനനികൌസല്യാപറഞ്ഞതുമിപ്പോൾ
മനുവര! തവഗുരുവായഞാനും
പറഞ്ഞതുകേട്ടിന്നരുളുകഭവാൻ
പ്രവാസിജനം പറഞ്ഞതുകേൾക്ക
വരസുഹൃത്തുക്കൾ പറഞ്ഞതും കേൾക്ക
ഭരതൻ കാക്കൽ‌വീണിരന്നതുംകേട്ടി-
ന്നഭിഷേകം ചെയ്‌വാൻ മടിയാതെയിപ്പോൾ
മതിമാൻ കേട്ടപ്പോൾ പറഞ്ഞാനുത്തരം
പിതാവെക്കാൾ വലുതൊരുത്തരുമില്ല
പിതൃവാക്യത്തെഞാൻ കടക്കയുമില്ല
അതുപറഞ്ഞപ്പോൾ ഭരതൻ സൂതനോ-
ടുരത്താനിങ്ങിനെ പരിതപ്തനായി
കുശദർഭകളെ വിരിച്ചുനന്നായി
വിശയമെന്നിയേശയനംനിർമ്മിയ്ക്ക
വിശാലമാനസൻ പ്രസാദിപ്പോളവും
കൃശതയോടുഞാനുപവസിച്ചിഹ
ശയിയ്ക്കുന്നെന്നിവവെചിച്ചുകേട്ടപ്പോ-
ളമിത്രഹാവായ രഘുപ്രവീരന്റെ
അഭിപ്രായമെന്തെന്നറിയാഞ്ഞുസൂതൻ
തൃണങ്ങളെക്കൊണ്ടുവരാതെനിന്നപ്പോൾ
ഗുണഗണമുള്ള ഭരതൻ താൻ തന്നെ
കുശവിരിച്ചതിൽ കിടക്കുന്നേരത്തു
വിശാം പതിരാമൻ വചിച്ചാനിങ്ങിനെ
വഴിയല്ല നൃപവരന്മാർക്കുമിനി-
യെഴുനേൽക്കവേഗം ഭരത! യെന്നപ്പോൾ
എഴുനേറ്റപ്പോഴെപരിഭവത്തോടെ
എഴുന്നശോകത്താൽ പറഞ്ഞാനിങ്ങിനെ
പ്രജകളെ നിങ്ങളുണർത്തിയ്ക്കാതെക-
ണ്ടിരിയ്ക്കുന്നെന്തെന്നു പറഞ്ഞപ്പോളവർ
പറഞ്ഞാരിങ്ങിനെ ഭരതൻ തന്നോടു
അറിവേറും രഘുവരനോടെന്തിപ്പോൾ
അറിയിപ്പാനുള്ളു നരവരാത്മജ!
സകലവുമറിഞ്ഞരുളുന്നവീരൻ
പരഹൃദയങ്ങളറിയുന്നില്ലയോ?
പ്രജകളിങ്ങിനെ പറഞ്ഞതുകേട്ടു
പ്രജാനാഥനായ ഭരതനോടപ്പോൾ
പ്രഭാവമേറുന്ന രഘുവരൻ ചൊന്നാൻ
ഇനിയ്ക്കുനിന്നോടങ്ങൊരുശങ്കയില്ല
ജനത്തിന്റെ ശങ്ക കളവാനായിനീ
മനുവര! കാലും കഴുകിയാചമി-
ച്ചനന്തരം മമചരണങ്ങൾ രണ്ടും
പിടിച്ചു സത്യമായ് സഭാനടുവിന്നു
പലരും കേൾക്കവേ പറകയെന്നപ്പോൾ
ശുചിയായിവന്നു ഭരതനും വേഗ-
മുചിതമാം‌വണ്ണം രഘുവരനുടെ
പദങ്ങളും പിടിച്ചിവണ്ണം ചൊല്ലിനാൻ
വിരവൊടുരാജ്യമപേക്ഷിച്ചീല ഞാൻ
അതിക്രൂരയായജ്ജനനിതന്നോടു-
മപേക്ഷിപ്പാനായിപ്പറഞ്ഞിട്ടുമാള-
ങ്ങയച്ചിട്ടുമോലകൊടുത്തയച്ചിട്ടും
മനസാവാചാകർമ്മണാചെയ്തീലഞാൻ
മഹാലോകരെല്ലാം ശ്രവിച്ചുകൊള്ളേണം
തമയനുവേണ്ടിപ്പതിനാലാണ്ടുഞാൻ
വനവാസം ചെയ്തു വ്രതം കഴിയ്ക്കുന്നു
അഭിഷേകം ചെയ്തങ്ങയോദ്ധ്യയിൽ രാമ-
നവനിഭാരത്തെവഹിയ്ക്കയുംവേണം
അതുകേട്ടുരാമനരുൾ ചെയ്താനിദ-
മതിമോദം പൂണ്ടങ്ങനുജനോടപ്പോൾ
പിതാവിന്റെ വാക്യമിരുവരും ബല-
മതികൊണ്ടുചെറ്റുമതിക്രമിയ്ക്കരു-
തതുമതി തന്നിൽക്കരുതീട വേണം
ഭരതൻ ശുദ്ധനെന്നറിഞ്ഞിരിക്കുന്നു
ഭയം വേണ്ടാ നിനക്കിതുകൊണ്ടു ബലാൽ
സഹാനുജനായിപ്പതിന്നാലുവർഷം
മഹാവനം തന്നിൽ വസിച്ചനന്തരം
തിരിച്ചുവന്നു ഞാനഭിഷേകം ചെയ്തു
ധരിത്രിപാലിച്ചു വസിയ്ക്കുന്നുണ്ടെടോ?
പ്രതിനിധികൊണ്ടുവനവാസംചെയ്‌വാ-
നവകാശമില്ല സുധർമ്മവുമല്ല
ഭരതനിങ്ങിനി പതിനാലുവർഷം
ധരണിപാലിയ്ക്കപ്രജകളെയെന്നാൽ
ഭരതനോടേവം പറഞ്ഞുസാദരം
രഘുവരൻ ചൊന്ന വചനം കേട്ടുടൻ
നിശിചരവധം മനസികാംക്ഷിച്ചു
വശികളായുള്ള മുനികൾ ചൊല്ലിനാർ
രഘുവരൻ ചൊന്ന വചനം കേൾക്ക നീ
മടിയ്ക്കാതെയെന്നുപറഞ്ഞുകേട്ടപ്പോൾ
ഭരതനും രഘുവരചരണത്തിൽ
പരിചിൽ വന്ദിച്ചു പറഞ്ഞാൻ പിന്നെയും
അറിവുള്ളവനു മഹാരാജ്യംകൊണ്ടും
മഹാടവികൊണ്ടുമൊരുഭേദമില്ല
പരാവരജ്ഞനായിരിക്കുന്നഭവാൻ
പരന്മാരെപ്പോലെ തപിയ്ക്കയുമില്ല
എനിയ്ക്കുമെന്നുടെ ജനനിയ്ക്കും പിന്നെ-
ജ്ജനനിയ്ക്കുമൊരുവിനിന്ദിതമായ-
യശസ്സുകേടിനിബ്ഭവൽപ്രസാദത്താൽ
വിശയം കൂടാതെ കളഞ്ഞരുളേണം
കൃപയാലിന്നുനീയയോദ്ധ്യയിൽ‌വന്നു
കൃതാഭിഷിക്തനായിരുന്നു രാഘവ!
കൃപചെയ്കമയിമരണകാലത്തു
മതികേടെല്ലാർക്കും വരുമെന്നുകേൾപ്പു
തഥാപിതാവിനും മതികേടുണ്ടായി-
തതുകൊണ്ടന്യായം നടത്തിപ്പോയതെ-
ന്നുറച്ചുകൊള്ളണം പിതാവിനുമൊരു
പിഴവന്നുപോയാലതുഗുണമാക്കി-
ച്ചമയ്ക്കേണം പുത്രൻ പിതൃസ്നേഹായുതൻ
ഗുണമുള്ളനിന്നെക്കളഞ്ഞതുകൊണ്ടു
ഗുണനിധേ! യുള്ളോരപവാദത്തെയും
കളഞ്ഞരുളേണമഭിഷേകം ചെയ്തു
പിതാവിന്റെ ദോഷം കളവതിന്നായി
മതിമാനായ നീ മഹിപാലിയ്ക്കേണം
നൃപതിയ്ക്കു ധർമ്മം പരിത്രാണം തന്നെ
സ്വധർമ്മത്തെ നിയ്യും ബഹുമാനിയ്ക്കേണം
ബലം കൊണ്ടും ബുദ്ധിബലംകൊണ്ടും പിന്നെ
വയസ്സുകൊണ്ടുമങ്ങറിവുകൊണ്ടിട്ടും
ഇളയഞാനെങ്കൽ മഹീഭാരമാക്കി
യിരുന്നതുകേട്ടാലൊരു ചേർച്ചയുണ്ടോ?
അഭിഷേകമിപ്പോളിവിടുന്നുതന്നെ
വസിഷ്ഠാദിജനം കഴിക്കട്ടെവേഗം
അനന്തരം നമുക്കൊരുമിച്ചുപോകാ-
മയോദ്ധ്യയിലതിനനുവദിക്കേണം
അടിയനുമെന്റെ ജനനിയ്ക്കുമുള്ളോ-
രപകീർത്തിനന്നായകറ്റേണം ഭവാൻ
ഇതിത്തരം ചൊല്ലി തൊഴുതിരുന്നിട്ടു
മിളക്കം വന്നീല രഘുപ്രവീരനു
പ്രതിജ്ഞകളിരുവരുമൊഴിയ്ക്കാഞ്ഞു
പ്രഭാവമുള്ളോരു വസിഷ്ഠമാമുനി
സഭാനടുവിൽ നിന്നരുൾ ചെയ്താനിദം
മെതിയടി രണ്ടും കൊടുക്കേണമിപ്പോൾ
മതിമാനായുള്ള ഭരതന്റെ കയ്യിൽ
അതുതന്നെ രാജ്യം ഭരിയ്ക്കുമെന്നപ്പോൾ
ഇതിങ്ങിനെ മുനിയരുൾചെയ്തുകേട്ടി-
ട്ടതിമുദാപറഞ്ഞിതുഭരതനും
മെതിയടികളിലെഴുന്നരുളിനി-
ന്നതിമുദാഭവാൻ മമ തന്നീടണം
ഇതിങ്ങിനെ കേട്ടു മതിമാൻ തൃക്കാല-
ന്നതിൽ വെച്ചുപിന്നെയിറങ്ങിത്തൽക്ഷണം
നനമണികളാൽ വിചിത്രിതയായ
നവപാദുകകൾ കൊടുക്കുന്നനേരം
മെതിയടിരണ്ടും വണങ്ങിനന്നായി
മതിമാനായുള്ള ഭരതൻ ചൊല്ലിനാൻ
രവിശതകോടിനിഭാകൃതേ! ഭവാൻ
രവികുലശിഖാമഹിതരത്നമേ!
മരവിരിജടധരിച്ചടിയനും
വരഫലമൂലം ഭുജിയ്ക്കയും ചെയ്തു
പുരമയോദ്ധ്യയ്ക്കു പുറമിരുന്നുനി-
ന്തിരുവടിയുടെ വരവും കാംക്ഷിച്ചു
ഭരിയ്ക്കും പാദുകധരിയ്ക്കും ഭൂമിയെ
പതിന്നാലാമാണ്ടു കഴിഞ്ഞാലുംദേവ!
തരിനേരംതവവരുവാൻ‌വൈകിയാ-
ലെരിവുമഗ്നിയിൽ പതിച്ചുവേഗേന
മരിപ്പനെന്നവൻ പ്രതിജ്ഞയും ചെയ്താൻ
അതുകേട്ടൊരളവതിമുദിതനാ-
യതിഗാഢമണച്ചനുജന്മാരേയും
ഭരതനോടേവം പറഞ്ഞുപിന്നേയും
ജനനികേകയസുതയോടുകോപം
ജനമനോഹര! മനസ്സിൽ തോന്നാതെ
ജനകജയാണു ഭരത! യെന്നാണു
ജനനിയെനന്നായനുസരിയ്ക്കേണം.
ഇതിങ്ങിനെ രാമനരുളിച്ചെയ്തപ്പോൾ
മെതിയടി രണ്ടും തൊഴുതുവന്ദിച്ചു
മനസ്സിൽ ഭക്തിയും ഭയവും പീഡയു-
മതിസ്നേഹം നല്ല വിനയവും കൂടി
ശിരസ്സിൽ വെച്ചഥ പ്രദക്ഷിണം ചെയ്തു
മദഗജത്തിന്റെ കഴുത്തിൽ വെച്ചഥ
യഥോചിതമായി രഘുവരൻ പിന്നെ
രഥികളും പിന്നെപ്പുരോഹിതന്മാരെ-
ന്നരിശൂരന്മാരാം ഭടവരരേയും
അതിമോദാൽ ചെന്നു പറഞ്ഞയച്ചഥ
ജനനിമാരോടുമനുനയം ചൊല്ലി-
ജ്ജനനിമാർ പദം വണങ്ങിനനേരം
ജനനിമാരെല്ലാമവശതപൂണ്ടു
ജലജം പോലുള്ള വിലോചനങ്ങളിൽ
ജലം നിറഞ്ഞങ്ങു വഴിഞ്ഞുയാത്രയും
പറയാൻ വയ്യാത വിവശതപൂണ്ടു
പരിസാന്ത്വം ചെയ്തങ്ങയച്ചുരാഘവൻ
അനന്തരം പർണ്ണകുടിയിൽ ചെന്നവൻ
തൃണപർണ്ണങ്ങളിലിരുന്നുരാഘവൻ
ഭരതനുമന്തരം മെതിയടി
ശിരസ്സിൽ വെച്ചു തേരതിൽ കരയേറി
പുരഹിതമന്ത്രജനത്തൊടും കൂടി
വരചിത്രകൂടം പ്രദിക്ഷിണമായി
നദീമന്ദാകിനീതനിയ്ക്കുചെന്നവൻ
കിഴക്കുഭാഗമേനടന്നുവേഗത്തിൽ
ഗിരിധാതുക്കളും വിലോകിച്ചുംകൊണ്ടു
ഭരതൻ ചെന്നിതു ഭരദ്വാജാശ്രമേ
ഭരദ്വാജമുനിപദം പണിഞ്ഞപ്പോൾ
ഭരദ്വാജൻ കേട്ടുകഴിഞ്ഞ വൃത്താന്തം
ഭരതൻ ചൊല്ലിനാൻ യഥോചിതമായി-
ദ്ധരണിവാഴുവാൻ വരികയില്ലെന്നു
ധരാപതിചൊല്ലിമെതിയടിരണ്ടും
ഗുരുവിന്റെചൊല്ലാലടിയന്റെകയ്യിൽ
തിരുവടിവെച്ചുമെതിയടിരണ്ടും
ധരണിപാലിപ്പാൻ തരികയും ചെയ്തു
ചരണങ്ങൾ രണ്ടും പിടിച്ചിരന്നിട്ടും
വരികയില്ലെന്നു പറഞ്ഞുരാഘവൻ
രഘുവരൻ തന്നാലനുജ്ഞാതനായി
പ്പുരമയോദ്ധ്യയിൽ ഗമിയ്ക്കുന്നു ഞാനും
ഭരതൻ ചൊല്ലിയ വചനം കേട്ടപ്പോൾ
ഭരദ്വാജമുനി പറഞ്ഞാനീവണ്ണം
മരിച്ചില്ലനിന്റെപിതാവെന്നുതോന്നും
ചരിത്രങ്ങൾ തവ നിരൂപിയ്ക്കുന്തോറും
ന്നക്കുനല്ലതുവരികയെന്നവ-
നനുഗ്രഹം ചെയ്തങ്ങയച്ചപ്പോളവ-
നഭിവാദ്യം ചെയ്തു സ്വനാമവും ചൊല്ലി-
യയപ്പിച്ചുകൊണ്ടു പെരുമ്പടയോടും
യമുനയും കടന്നതിര‌മ്യമായി-
ട്ടിരിയ്ക്കും ഗംഗയും തരിച്ചുവേഗേന
വരശൃംഗിവേരപുരം പ്രവേശിച്ചു
കടന്നുചെന്നവയോദ്ധ്യയും കണ്ടു
പിതാവും ഭ്രാതാവും പുരത്തിലില്ലാതെ-
യിരിയ്ക്കകൊണ്ടവൻ തപിച്ചിതിങ്ങിനെ
വദിച്ചുസാരഥിയൊടുഭരതനും
കടാകടായെന്റെപുരത്തെക്കണ്ടായോ
കടകളങ്ങാടിയടച്ചുപോയല്ലോ
ഒരുശബ്ദമ്പോലുമിവിടെകേൾപ്പാനി-
ല്ലറികയെന്നവൻ നടന്നു തേരോടേ
ഭരതൻ ചെന്നുടൻ പുരം പ്രവേശിച്ചു
പെരിച്ചായി കൂമൻ പെരിയ പൂച്ചയും
നിറഞ്ഞിരിയ്ക്കുന്ന പുരവും കണ്ടഥ
ഇരുട്ടിനാൽ നിറഞ്ഞൊരു കാളരാത്രി
പരിശോഭിയ്ക്കാതെയിരിയ്ക്കുന്നപോലെ
തപനനെക്കൊണ്ടുതപിച്ചിരിക്കുന്ന
പതത്രികൾ കൊണ്ടും ജലജന്തുകൊണ്ടും
കൃശയായുള്ളൊരു ഗിരിനദിപോലെ
കൊടികുടതഴകവചമെന്നിവ
ഭടവരന്മാരും മുറിഞ്ഞുപോയുള്ള
പടയിലാപത്തു ഭവിച്ചിരിക്കുന്ന
പടക്കൂട്ടം പാരം തളർന്നതുപോലെ
പവനനില്ലാത്ത കടൽത്തിരകൾ തൻ
രവമില്ലാതെ കണ്ടിരിക്കും പോലെയും
നവമണികളാൽ വിഹീനമായുള്ള
നവഹാരലതവലികൾപോലെയും
സുകൃതമൊക്കെയുമൊടുങ്ങിഭൂമിയിൽ
പതിച്ചനക്ഷത്രാവലിയെപ്പോലെയും
വസന്തകാലത്തിൽ സുപുഷ്പിതലതാ
വനാഗ്നിനാവാടിക്കിടക്കും പോലെയും
ജലദങ്ങൾ കൊണ്ടു മറഞ്ഞിരിക്കുന്ന
മതിയും താരകാഗണങ്ങൾ പോലെയും
അടിച്ചുതൂർക്കാതെയിരിക്കകൊണ്ടെങ്ങും
പൊടികളും കുഴി പലതുണ്ടാകയാൽ
ഉടഞ്ഞപാത്രങ്ങൾ ചുഴലവുമതിൽ
കിടക്കുന്നതൊരു പ്രഭയെന്നപോലെ
കറുത്തിരിക്കുന്ന ജലധരംകൊണ്ടു
തറിച്ചിരിക്കുന്ന രവിപ്രഭാപോലെ-
യിരിക്കുന്ന പുരമയോദ്ധ്യയും കണ്ടു
പറഞ്ഞു സാരഥിവരനൊടുവീരൻ
രഘുവരനിതിലിരിക്കുന്നനേരം
രഥകരിവരതുരഗങ്ങൾകൊണ്ടു-
മതിശോഭിച്ചീടുമതുവുമില്ലിപ്പോൾ
തരുണന്മാരായ ജനങ്ങൾ മാല്യാദി
ധരിച്ചു വീഥിയിൽ പുറപ്പെടുന്നില്ല.
തരുണിമാർ നന്നായലങ്കരിച്ചൊരോ
തരന്തരം പോകുന്നതുകാണ്മാനില്ല
നരവരൻ രാമനിരിപ്പുതന്നെയി-
പ്പുരവരത്തിന്നുപെരിയശോഭയും
ഇനിയെന്നെന്നുടെതമയന്റെ മുഖം
വനത്തിന്നുവന്നങ്ങിതിൽക്കാണുന്നെന്നും
പറഞ്ഞുപീഡിച്ചുനടന്നുതാതന്റെ
വരഗൃഹം തന്നിൽ പ്രവേശിച്ചാനപ്പോൾ
തപനനില്ലാതംബരം പോലെയുള്ള
ഗൃഹം കണ്ടുപാരം കരഞ്ഞുദീനനായ്
അനന്തരം തന്റെ ജനനിമാരെയു-
മനുനയം ചൊല്ലിയിരുത്തിയങ്ങതിൽ
ഗുരുക്കന്മാരൊടുമുരത്താനിങ്ങിനെ
നരപതിതന്റെവരവും നോക്കിഞാ-
നിരിക്കും നന്ദിഗ്രാമമെന്നപട്ടണേ
അതിനായി നിങ്ങൾ ഗുരുജനങ്ങളെ-
യനുവദിയ്ക്കേണമെനിയ്ക്കുപോവാനായ്
തമയന്റെ രാജ്യമിതെന്നറിഞ്ഞാലും
മുനിജനം മന്ത്രിപ്രവരന്മാരെല്ലാം
മനം തെളിഞ്ഞവർ തല കുലുക്കിനാർ
ഭരത! യിന്നു നിൻ ഗുണഗണമെല്ലാം
പരമൊരുത്തനുമറികയുമില്ല
ഇതിങ്ങിനെയവർ പറഞ്ഞനുവദി-
ച്ചനന്ത്രം തേരും വരുത്തുവാൻ ചൊല്ലി
ജനനിമാരെയും നമസ്കരിച്ചുട-
നനുജനോടൊത്തു രഥമതിലേറി
പുരോഹിതമന്ത്രിപ്രവരന്മാരൊടു-
മൊരുമിച്ചുനേരെ കിഴക്കുചെന്നുടൻ
മെതിയടിരണ്ടും ശിരസ്സിലും വെച്ചു
മതിമാനായുള്ള ഭരതൻ പോകുമ്പോൾ
വളരെയുള്ളൊരു പെരുമ്പടയെല്ലാം
വിളിക്കാതെ തന്റെ വഴിയേ വന്നിതു
വരനന്ദിഗ്രാമമതിൽച്ചെന്നുപിന്നെ
ഭരതൻ തേരതീന്നിറങ്ങിത്തന്നുടെ
ഗുരുക്കന്മാരൊടു തൊഴുതുചൊല്ലിനാൻ
ഇനിക്കെന്റെ ജ്യേഷ്ഠനരുളിനരാജ്യം
മനുവരനുടെ മെതിയടിരണ്ടും
പരിരക്ഷിക്കുമെന്നുരത്തുപിന്നെയും
ശിരസ്സിൽ പാദുകമിരിക്കവേ തന്റെ
തമയനെച്ചിന്തിച്ചുഴന്നുദീനനായ്
പ്രജകളോടേവം പറഞ്ഞാൻ പിന്നെയും
വരാര്യപാദങ്ങൾ ഭരിക്കുന്നുരാജ്യം
വര വെൺ ചാമരമിരുപുറം വീശി
കൊടികളും നല്ല കുടതഴകളും
പിടിക്കേണം മെതിയടിക്കുനിത്യവും
സകലരാജോപകരണമൊക്കെയും
സകലരും വന്നു പതിന്നാലാണ്ടിനി
മെതിയടിക്കുചെയ്തിരിക്കണം നിത്യം
സകലവാദ്യവും ഗണീകമാർകളും
സകലരായുള്ള ജനങ്ങളും വന്നു
മെതിയടിയെന്റെ തമയനെന്നോർത്തു
പ്രതിദിനം പണിഞ്ഞതിവിനീതരായ്
നിജനിജകൃത്യം മെതിയടിക്കായി
പ്രജകൾ ചെയ്തുകൊണ്ടിരിക്കണമിനി
വസുന്ധരായെങ്കലൊരുനിക്ഷേപമായ്
വസുന്ധരാപതി തരികയും ചെയ്തു
മമജ്യേഷ്ഠഭ്രാതാവരുവോളം നേരം
മമതമയന്റെ തിരുവടിയെന്നും
മനസിചിന്തിച്ചുതൊഴുതുനിത്യവും
മൊഴിപിഴകളും കണക്കും കൈകളും
വഴക്കുതീർത്തതുമറിയിച്ചുനിത്യം
വരവും രാജ്യത്തിൽ ചിലവുമെന്നിവ
വരമെതിയടിക്കുണർത്തിക്കൊണ്ടുഞാൻ
ഭരിക്കുന്നെന്നതുധരിച്ചുകൊള്ളുവിൻ
നരവരോത്തമൻ തിരിയെവന്നാലി-
ദ്ധരണിയെയുടൻ കൊടുക്കയും ചെയ്തു
പുരമയോദ്ധ്യയിലഭിഷേകം ചെയ്ത-
ങ്ങിരിക്കുന്നോരെന്റെ തമയനെക്കണ്ടു
പുരജനപദപരികുലമെല്ലാം
പരിമോദിച്ചിതും രസിച്ചു കാൺകിലോ
പരമൊരു സുഖമിതിൽ പരമില്ല
പ്രജകളെയിനിക്കറിഞ്ഞുകൊള്ളുവിൻ
തമയനുദാസപ്രവൃത്തിയും ചെയ്തു
സമീപത്തിൽ നന്നായ് വസിച്ചുകൊള്ളുവാൻ
മനസ്സെനിക്കെന്നു ധരിച്ചുകൊള്ളുവിൻ
യശസ്സുമായുസ്സുമിനിയ്ക്കുസ്വർഗ്ഗവു-
മിതിൽ പരമില്ല മഹാജനങ്ങളെ!
ധനവും ധാന്യവും പെരിയ രാജ്യവും
മനുവരസാമീപ്യമെന്നതുതന്നെ
ഭരതൻ ശോകേന പറഞ്ഞിതുരാജ
പുരുഷന്മാരോടുമിരുന്നനന്തരം
ജടകൾ വൽക്കലം ധരിച്ചു കാനനേ
നടക്കുന്ന മുനിപ്രവരനെപ്പോലെ
ഫലമൂലങ്ങളും ഭുജിച്ചുമിന്ദ്രിയ-
മടക്കിമാനസമുറച്ചുനന്നായി
വസിഷ്ഠരാദിയാം മുനികളോടൊത്തു
വരിഷ്ഠമായുള്ള നൃപാസനത്തിങ്കൽ
വരമെതിയടിയെടുത്തുവെച്ചഥ
വിധിപൂർവ്വമായിട്ടഭിഷേകംചെയ്തു
സകലകാര്യവും സകലവൃത്തവും
സകലധർമ്മവും സകലമന്ത്രവും
മെതിയടികൾക്കു പറഞ്ഞുകേൾപ്പിച്ചോ-
രനന്തരം വന്നു പുറത്തിരുന്നവൻ
പരിരക്ഷശിക്ഷവഴിപോലെചെയ്താൻ-
ഭരതൻ പോയതിന്നനന്തരം രാമൻ
തപോവനത്തിങ്കലിരിക്കുന്നകാലം
മുനിജനമതിഭയത്തോടും കൂടി
വനാന്തരത്തിങ്കൽ വസിക്കേണമെന്നു
മനസി ചിന്തിച്ചു പുറപ്പെട്ടുവന്നു
ഗിരിചിത്രകൂടമതിനുടെപൂർവ്വ
ദിശിവസിക്കുന്ന മുനിജനമവർ
പുരികങ്ങൾ കൊണ്ടും നയനങ്ങൾ കൊണ്ടും
പെരിയതാപസജനങ്ങളെല്ലാരും
നരവരൻ തന്നെ വിശങ്കിതന്മാരായ്
പരിചിൽ കാണിച്ചുപരസ്പരം ചിലർ
ചെയിലന്യോന്യം രഹസ്യമായതിൽ
ചിലർ പറഞ്ഞതുവിലോകിച്ചുരാമൻ
പരാതങ്കൽത്തന്നെരഘുവരൻ താനും
വശങ്കിച്ചുമുടൻ തൊഴുതുദീനനായ്
ചലനമെന്തെന്നു പറയേണമെന്നു
കുലപതിയായ മുനിയൊടും കേട്ടാൻ
മുനിജനങ്ങൾക്കു പിഴകളേതാനും
മുനിവര! മുമ്പെ പറക ചെയ്തിതോ?
അറിവേറും മുനിജനത്തിനിന്നുതാ-
നറിയാതെ താനും പിഴച്ചിതല്ലയോ?
എനിയ്ക്കു തമ്പിയായിരിക്കും ലക്ഷ്മണ-
നിവൻ താനെ താനും പിഴച്ചുപോയിതോ?
ജനകജതാനിങ്ങറിയാതെമുനി
ജനത്തിനേതാനും പിഴച്ചിതല്ലയോ?
വരമുനികളെ ഭവാന്മാരെല്ലാരും
വരുമ്പോലെയുള്ള വരവിതല്ലിപ്പോൾ
മുഖവികൃതിയുമിഹകാണുന്നേരം
രഘുകുലവീരൻ പറഞ്ഞുകേട്ടപ്പോൾ
സ്വവീരനായൊരു മുനിവരൻ ചൊന്നാൻ
രവികുലമണിപ്രദീപമേ! കേൾക്ക
ലലനമാർമണിജനകപുത്രിക്കു
ചലനമെങ്ങുമേ ഭവിക്കുമോവീര!
വിശേഷിച്ചുമിതു തപസ്വികൾ തന്നിൽ
വിശദമാനസ! വരികയുമില്ല
ഭവാൻ നിമിത്തമായിതുവിനാശങ്ങൾ
ഭവിച്ചതുമല്ല ജനകജാപതേ!
നിശിചരരുടെ ഭയം നിമിത്തമായ്
വശികളാം മുനി ജനങ്ങൾ വന്നിങ്ങു
ദിശിദിശിതോറുമിരുന്നുതങ്ങളിൽ
കൃശതയോടേവം പറയുന്നു മെല്ലെ
ദശകണ്ഠൻ തന്റെയനുജനായൊരു
നിശാചരമുണ്ടു ഖരനെന്നുപേരായ്
ജനസ്ഥാനമിതിലിരുന്നുമാമുനി
ജനങ്ങളെയെല്ലാമുപദ്രവിക്കുന്നു
മനുജന്മാരെയും കുലചെയ്തുതിന്നു
വനമിതിൽ തന്നെ നടക്കുന്നിപ്പൊഴും
രഘുവര! നിങ്ങളിതിലിരുന്നതു
ഖരാശരനേതും പൊറുക്കുന്നില്ലിപ്പോൾ
ഭവാനടവിയിൽ പ്രവേശിച്ചമുതൽ
പലലാശൻ ഹന്തിമുനിജനങ്ങളെ
ഒരിക്കൽ ഭീഭത്സാകൃതികളായ്‌വരു-
മൊരിക്കലുഗ്രരൂപികളായുംവരും
വരുത്തിടുമവസരമായെമുനി-
ജനത്തിനുകഷ്ടതരാശുചിതന്നെ
ചിലമുനികളെ വിലോകിച്ചപ്പോഴേ
കുലചെയ്തീടുവോർ നിശാചരവീരർ
മുനിവരാശ്രമമതിലതിലെല്ലാം
മുനികളാരുമേയറിയാതെനിന്നു
പലതും പീഡകൾ വരുത്തിയെല്ലാർക്കും
പലലാശിവീരൻ രമിക്കുന്നിങ്ങിനെ
സകലപാത്രവുമെടുത്തെറിഞ്ഞീടും
സലിലങ്ങൾ വീഴ്ത്തിക്കെടുക്കുമഗ്നിയും
കലശങ്ങളെല്ലാമടിച്ചുടച്ചവർ
ശകലമാക്കീടും വിശയം കൂടാതെ
ഇതൊക്കയും കണ്ടു പൊറാതെമറ്റൊരു
വനത്തിൽ പോകേണം നമുക്കെന്നും ചൊല്ലി
വരമുനിജനമിവിടെവന്നെന്നോ-
ടുരചെയ്യുന്നിപ്പോൾ രഘുകുലവീര!
ഇവിടെവാസമല്ലിതുഞങ്ങൾക്കെല്ലാ-
മെവിടെയെങ്കിലുമിനിഗ്ഗമിയ്ക്കുന്നു
വനമിതെന്നുടെ സമീപത്തിൽ തന്നെ
മുനികണ്ഡ്വനുടെ വരാശ്രമമുണ്ടു
അതിമധുരമാം ഫലമൂലങ്ങളു-
മതിയായിയുണ്ടു തദാശ്രമത്തിങ്കൽ
അതിലിവരോടും ഗമിപ്പനിന്നുഞാ-
നതിനു സമ്മതിച്ചയക്കയും വേണം
പരാശരൻ വന്നു ഭവാങ്കലുമിനി-
പ്പരമായുള്ളൊരുപ്രയോഗം ചെയ്തീടും
വരാനന! മുനിജനങ്ങളോടൊത്തു
വരുവാനായങ്ങുമനസ്സുണ്ടെങ്കിലോ
വരിക വൈകാതെ മടിയ്ക്കവേണ്ടനീ
പരിചിലിങ്ങിരിപ്പതും തരമല്ലാ
സകളത്രനായി വസിപ്പാനും പണി
സകലവും വെച്ചു ഗമിപ്പാനും പണി
ഇതിങ്ങിനെ ചൊല്ലിപ്പുറപ്പെട്ടുമുനി-
ജനങ്ങളെച്ചെറ്റും നിറുത്തിക്കൂടാതെ
ഇരുന്നരാമനോടയപ്പിച്ചും കൊണ്ടു
നടന്നുമാമുനിജനങ്ങളെല്ലാരും-
നരവര! ഞാനും കുറഞ്ഞൊരുദൂരം
വരമുനികളോടനുഗമിച്ചഥ
വണങ്ങിമെല്ലവേയവരെയൊക്കയും
ഗുണവാണികൊണ്ടുപരിമോദിപ്പിച്ചു
തിരിച്ചവർ പർണ്ണകുടിയിൽ വന്നഥ
നിനച്ചുകണ്ടിതു മനസ്സിൽ രാഘവൻ
ഭരതനുമിനിപ്രതിദിനമിങ്ങു
വരുമതുനേരം പ്രജകളും വരും
കരിതുരഗാദികരീഷവുമുണ്ടാം
വരരഥങ്ങടെയൊരുസമ്മർദ്ദവും
ഇവറ്റിനെക്കൊണ്ടുവനത്തിന്നുപാര-
മുപദ്രവങ്ങളെ വരുത്താതെ തന്നെ
തിരിയ്ക്കേണമിപ്പോളിവിടുന്നിന്നിയു-
മൊരുത്തിയിലെന്നു നിനച്ചുടൻ തന്നെ
പുറപ്പെട്ടുരാമൻ ജനകജയോടും
പെരുത്തവീരനാമനുജൻ തന്നോടും
വിരഞ്ഞത്രിമുനിവരാശ്രമേചെന്നു
പണിഞ്ഞവൻ തന്റെ വരപദങ്ങളിൽ
മഹർഷിയുമവർക്കതിഥിസൽക്കാരം
സഹർഷം ചെയ്തുടൻ കുശലവും ചൊല്ലി
അനന്തരം മുനിപ്രവരനോതിനാൻ
പരന്തപൻ രഘുപ്രവരനോടേവം
രഘുകുലനവജലരുഹബാല-
രവിബിംബ! വൈരിവനദവാനല!
ദശവർഷം പണ്ടു മഴയില്ലാതെപോയ്
ദശരഥസൂനോ! ഭുവനമൊക്കയും
പരിതപിച്ചാറേ ജരഠയാമിവൾ
വരിഷമുണ്ടാക്കീനിജതപസ്സിനാൽ
സുരുചിരങ്ങളാം ഫലമൂലങ്ങളും
സുരുചിരബാല! ശശധരാനന!
ഒരുപതായിരം വരിഷമൊക്കയു-
മൊരുപോലെതന്നെയതിശുചിയായി
മഹാവനത്തിങ്കലിരുന്നതിഘോരം
മഹാതപസ്സുകൾ വഴിപോലെ ചെയ്താൾ
മുനിമാണ്ഡവ്യനെയൊരുശാപംകൊണ്ടു
തനിയ്ക്കുവൈധവ്യം പുലർന്നാലുണ്ടെന്നു
നിനച്ചുമാനസേവരാനാളായണീ
തപിച്ചുരാഘവകുലാർണ്ണവചന്ദ്ര!
നിശാപുലരാതെഭവിയ്ക്കേണമെന്നു
നിശാകരാനന! ശപിച്ചാളെന്നാറെ
ദിവായെന്നുള്ളതും നിശായെന്നുള്ളതും
ദയാനിധേ! ചെറ്റും തിരിയാതെപോയി
അവർണ്ണം പത്തുനാളിരുട്ടായിനിന്നു
അതിന്നുമന്നിവൾ കഴിവുണ്ടാക്കിനാൾ
ദനുജവൈരികൾ നിമിത്തമായ് മുന്നം
ദശദിശകളെയൊരുദിശിയാക്കി
അനസൂയയെന്നങ്ങിവൾക്കുനാമവു-
മനുപകർമ്മഗുണങ്ങളാലുണ്ടായ്
ജനനിയെപ്പോലെയിവളെയുമിപ്പോൾ
ജനകജാപതേ!യറികനന്നായി
അനസൂയതന്റെ പദങ്ങളിൽചെന്നു
ജനകനന്ദനാവണങ്ങട്ടെയെന്നാൽ
തവദയിതയ്ക്കശുഭം വരുത്തീടു-
മിവളിലിനിമേലിലറികയെന്നപ്പോൾ
ദിവാകരകുലമണിയുരച്ചിതു
അവനിജാതയോടതിമൃദുലമായ്
സുദതി! സുന്ദരി! സുമുഖി! ജാനകി!
സുകേശി! സുശ്രോണി! സുലോചനേ! സീതേ!
മുനിവരൻ ചൊന്നതറിഞ്ഞതോവേഗം
മുനിപത്നിതന്റെയരികിൽചെല്ലുക
നിനക്കുനല്ലതുവരുമതുകൊണ്ടു
മടിയ്ക്കവേണ്ടെന്നുരചെയ്തപ്പോഴെ
ത്വരിച്ചുസീതയും പതിനിയോഗത്താൽ
ഗമിച്ചുവൃദ്ധയാമവളുടെപദം
ഗമിച്ചുനാമവുമുരച്ചഭിവാദ്യം
കഴിച്ചനന്തരം പ്രവാതത്തെക്കൊണ്ടു
നടുങ്ങും വാഴപോൽ പ്രവേപിതയായോ-
രനസൂയാദേവി ജനകഭൂപന്റെ
തനൂജയായിട്ടും മനുവരൻ തനി-
യ്ക്കനുകൂലയായുമിരിയ്ക്കും സീതയോ-
ടതിമോദത്തോടെയുരത്തുനല്ലൊരു
പതിവ്രതാധർമ്മം സകലവിത്തവും
സകലബന്ധുവും സുഖോചിതമായ
സദനവും വിട്ടു സതീധർമ്മത്തിനെ
നിനച്ചുകാനനെപതിയോടുദൈവാ-
ലനുഗമിച്ചിതോ ഗൃഹസ്ഥനാകിലും
വനസ്ഥനാകിലുമപാപനാകിലു-
മധീരനാകിലും ധൃതിമാനാകിലും
സുശീലനാകിലും കുശീലനാകിലും
സുകാമവൃത്തനായിരിയ്ക്കിലും പിന്നെ
സതീജനത്തിനു പതിതന്നെ നല്ല
ഗതിയെന്നുള്ളതിന്നറികജാനകി!
പതിവ്രതമാർക്കു പതിയെക്കാ‍ളിഷ്ടം
ക്ഷിതിയിലില്ലെങ്ങും നടന്നുകണ്ടാലും
സകലസമ്പത്തുമവൾക്കവൻ തന്നെ
സതീമണീ! സീതേ! സരസിജാനനേ!
അസതികളായോർ ഗുണദ്ഷങ്ങളെ-
യറികയുമില്ല ജഗതിയിലെങ്ങും
പതിയായുള്ളോനേ ഗതിയെന്നോരാത
മതിമുഖി തനിയ്ക്കതിപാപമുണ്ടാം
ഭവതിയെപ്പോലെ ഗുണവതികളാം
പ്രമദകൾ സ്വർഗ്ഗം ഗമിയ്ക്കും നിർണ്ണയം
ഇനിയുമീവണ്ണം പതിയ്ക്കു ശുശ്രൂഷ
വിനീതയായിട്ടു വഴിപോലെ ചെയ്ക
ജഗതിയിലെങ്ങുമതുകൊണ്ടുതന്നെ
യശസ്സുമായുസ്സുമവധികൂടാതെ
ശുഭങ്ങളുമുണ്ടാം ശുഭതരശീലേ!
ഇതിങ്ങിനെ ചൊന്ന വചനങ്ങൾ കേട്ടു
വണങ്ങിസ്സീതയും വചിച്ചാളുത്തരം
പതിവ്രതമാർക്കു ഗുരുദൈവമെല്ലാം
പതിതന്നെയെന്നതറിഞ്ഞിരിയ്ക്കുന്നേൻ
സുചാരിതമില്ലാതിരിക്കിലും പതി
സുചരിതയായോരനുസരിയ്ക്കേണം
ഗുണചരിതങ്ങളുടയരാമനെ-
യനുസരിപ്പാനായ് പറയുന്നെന്തിനു?
അതികഠിനമാം വനേ വരുന്നപ്പോൾ
പതിജനനിമേ പറഞ്ഞ ധർമ്മങ്ങൾ
മതിമതിചെറ്റും മറന്നുപോവില്ല
മതിയിൽ നന്നായിട്ടുറച്ചിരിയ്ക്കുന്നു
പ്രദാനകാലത്തിൽ ജനനിയെന്നോടു
പറഞ്ഞനുശാസിച്ചതും മറന്നീല
ഭവതിയുമിപ്പോൾ പറഞ്ഞതുകൊണ്ടു
നവീനമായിതു സകലവും ദേവ!
പതിശുശ്രൂഷപോൽ ഗതിവരുത്തുവാൻ
പതിവ്രതമാർക്കു പരമൊന്നുമില്ല
പതിശുശ്രൂഷചൈതതുകൊണ്ടുതന്നേ
സതീസാവിത്രിയും ലഭിച്ചിതുദിവം
പതിശുശ്രൂഷയാൽ ദിവം ലഭിച്ചീടും
ദയാർദ്രമാനസേ! പലരുമിങ്ങിനെ
വിലാസിനീജനം ചലനമില്ലാതെ
സുരലോകെപോയിസ്സുഖിച്ചുവാഴുന്നു
ഇതിത്തരം കേട്ടങ്ങുടനനസൂയ
മണത്തുജാനകീശിരസ്സിൽ നന്നായി
കഴിച്ചുഘോരമാം തപസ്സു ഞാനതിൽ
നിനച്ചുവേണ്ടുന്നതുരത്തുകൊള്ളുക
സുധർമ്മമായുള്ള വചനം ചൊൽകയാൽ
സുധർമ്മചാരിണി പരിതോഷിച്ചു ഞാൻ
നിനക്കു ഞാനെന്തൊന്നിവിടെച്ചെയ്യേണ്ടൂ?
വദിയ്ക്കയെന്നപ്പോൾ പറഞ്ഞുസീതയും
എനിക്കു സർവ്വവുമിരിയ്ക്കുന്നിപ്പൊൾനി-
ന്നനുഗ്രഹം കൊണ്ടെന്നുരത്തതുകേട്ടു
മനസ്സിലാനന്ദം വളർന്നു നന്നായി
മനസ്വിനി ചൊന്നാൾ മഹീസുതയോടു-
സപദി ഞാൻ നിങ്കൽ പരിമോദിച്ചിതു
സഫലമാക്കേണം രമണിയെന്നവൾ
സുഗന്ധമായുള്ളതൊരുവിലേപനം
സുമാല്യവസ്ത്രാദിവിഭൂഷണങ്ങളും
സുവർണ്ണസൌരഭ്യംകലർന്നംഗരാഗം
സകലവും ദേവി കൊടുത്തുചൊല്ലിനാൾ
സുദതിനിന്നുടെ ശരീരചേഷ്ടയെ-
സ്സഹജം പോലവേ പരിശോഭിപ്പിയ്ക്കും
ഇതൊക്കെയും നിന്റെ തനുവിലെപ്പൊഴു-
മിരിയ്ക്കും സുന്ദരി മുഷിഞ്ഞുപോകാതെ
പതിയ്ക്കുമാനന്ദകരം തന്നെയെന്നു
കൊടുത്തുദേവിയുമതിപ്രീതിയോടെ
പതുക്കവേരഘുവരമഹിഷിയു-
മതൊക്കെമേടിച്ചുതൊഴുതുനിന്നപ്പോൾ
മനസ്വിനിയായ തപസ്വിനിചൊന്നാൾ
മനസ്വിനീമണിജനകജയോടു
സ്വയം വരേ നിന്നെ ലഭിച്ചിതുരാമൻ
പ്രിയംവദേ കേട്ടുകഥപോലെതന്നെ
എനിയ്ക്കുവിസ്തരിച്ചതൊക്കയുമിപ്പോൾ
വദിക്കയെന്നവളുരച്ചതുകേട്ടു
സമസ്തവും സീത പറഞ്ഞുകേൾപ്പിച്ചു
സുവിസ്താരമായി മുനിദാരങ്ങൾക്കു
നിരസ്തദോഷം തൻ സ്വയംബര കഥാം
മഹീപതിയായ ജനകനെന്നുടെ
മഹിതനായുള്ള ജനകനായതു
മഹിമയേറുമദ്ധ്വരശാലയ്ക്കായി
മഹീതലത്തിങ്കലുഴുതനേരത്തു
വിധിവശാലതിലുളവായിഞാനും
നിധിപോലെതന്നെകൊഴുവിൻ ചാലിന്നു-
തതഃപരമെന്നെയെടുത്തു ഭൂപതി-
യപത്യഹീനനാനൃപവരൻ താനും
വളർത്തിലാളിപ്പാൻ ധരിത്രിനായകൻ
കൊടുത്തിതുനിജമഹിഷിതൻ കയ്യിൽ
മദത്തൊടങ്ങവൾ ധരിത്രിനായക-
പദത്തിൽ വീണഥ കൊതിച്ചുമേടിച്ചു
അതിപ്രീതിയായി വളർത്തിനകാല-
മെനിയ്ക്കുനേരായി ജഗത്തിലെങ്ങുമേ
കരുത്തനായുള്ളവരനെകാണാഞ്ഞു
തപിച്ചുതാതനുമിരിയ്ക്കുന്നകാലം
നിനച്ചിതു ഹരധനുസ്സിനെമുറി-
ച്ചിരിയ്ക്കും വീരൻ നിൻ വരനെന്നിങ്ങിനെ.
ഉറച്ചിതു സ്വയംവരത്തിനായിട്ടും
ധരിത്രിനായകരൊരുമിച്ചുവന്നു
ധരിത്രിജായെന്നെപ്പരിഗ്രഹിപ്പാനായ്
ജഗത്തിലുള്ളോരോനരപ്രവരന്മാർ
നൃപവരർ വില്ലുമുറിപ്പാനായ് വന്ന-
ങ്ങെടുത്തുകൂടാതെയസാദ്ധ്യമെന്നവ-
രശക്തരായവർ ഗമിച്ചാരെല്ലാരും
വികർത്തനകുലമണിയായിട്ടുള്ള
ധരിത്രീനായകൻ ദശരഥനുടെ
സുപുത്രനായവൻ സലക്ഷ്മണനായി-
ത്തപസ്സേറുന്ന ഗാഥിജനുമായപ്പോൾ
സവപ്രവരത്തെ വിലോകിപ്പാനായി
മനുപ്രവീരനാം രഘുപതിരാമൻ
സദസ്സിൽ വന്നപ്പോൾ ശ്രവിച്ചിതുകഥ
മനസ്വിരാഘവൻ ധനുസ്സുകാണ്മാനായ്
കൊതിച്ചുചെന്നപ്പോൾ വരുത്തിവേഗേന
സദസ്സിൽ വെച്ചപ്പോൾ സരസചേതസാ
കടുത്തവില്ലിനെയെടുപ്പതിന്നായി-
പ്പടുത്വമുള്ളവനടുത്തുചെന്നഥ
മുനിപ്രവരനായിരിയ്ക്കും ഗാഥിജ
പദത്തിൽ വന്ദിച്ചങ്ങനുജ്ഞമേടിച്ചു
പ്രദക്ഷിണം വെച്ചു തൊഴുതുവില്ലിനെ-
സ്സുദക്ഷിണാനാഥസമർച്ചനം ചെയ്തു
അഭംഗുരബലൻ പതംഗവംശജൻ
മതംഗജവരഗമനസുന്ദരൻ
നൃപുംഗവവീരൻ സ്മരകളേബരൻ
ദുരന്തഭീഹരൻ പരന്തപൻ രാമ-
നനന്താനായകൻ ദിഗന്തവിശ്രുതൻ
അനന്തകീർത്തിമാനമന്ദശക്തിമാൻ
ജഗഗ്ധുരന്ധരൻ ലസൽസുകന്ധരൻ
സമസ്തരക്ഷകൻ നിരസ്തകന്മഷൻ
സുരവരാകാരൻ നരമനോഹരൻ
അപാരവൈഭവൻ ജപാസമാധ
കൃപാപരൻ പരൻ നൃപകുലവരൻ
അനംഗസുന്ദരൻ മൃംഗസുസ്വരൻ
സുമംഗലാചരനംഗലഹരൻ
രമണീമോഹനൻ രമണീയഗുണൻ
ധരണിപാലനസരണിനൈപുണൻ
അമരഭൂരുഹസമരസഭുജൻ
സമരഭൂവീരൻ കുമാരവിക്രമൻ
അരിവരഹരൻ ഹരിഹരസമൻ
ശരീരകോമളൻ ശരീരഭാസുരൻ
ഘനാഘനശ്യാമൻ ഘനാഘനാശനൻ
സനാതനമുനിജനവനക്ഷമൻ
കരിവരഗതിഗിരിവരധൃതി
ഗുരുതമമതിസുരുചിരാകൃതി
ഇനകുലമണിസനാതനവാണീ-
തനുമയൻ ഗുണീമൃദുപദന്ന്യാസി
മധുരസംഭാഷീതനുതരഹാസീ
ഗുരുകുലവാസീസുരാഗമോടഥ
വരാനനൻ തദായെടുത്തുവില്ലിനെ
ധരിത്രിനായകൻ വരപ്രദായകൻ
പരമാനന്ദമുൾക്കരുതിമന്നവൻ
ശരാസനം കുത്തിക്കുലച്ചുവേഗേന
ചെറുഞാണിന്നൊലിതെരുതെരച്ചെയ്തു
വലിച്ചഥചെവിയ്ക്കണച്ചനേരത്തു
ശിഖണ്ഡകധരൻ ദ്വിഖണ്ഡമാക്കുമ്പോൾ
ശതകോടിപോലെമുഴുക്കിദിക്കുകൾ
ലഘുതരമെന്റെ ജനകൻ ചൊല്ലിനാൻ
രഘുപ്രവീരനോടിതിങ്ങിനെതദാ
രമണീയഗുണധരണിജാതന്നെ
വിവാഹിച്ചുനന്നായ്സുഖിച്ചുരാഘവ!
ധരാപരിത്രാണം വഴിപോലെചെയ്തു
പുരമയോദ്ധ്യയിലിരുന്നുവാഴുക
ജനകനിങ്ങിനെ പറഞ്ഞതുകേട്ടു
ജനമനോഹരനരുളിനാനേവം
ജനകനാമെന്റെ ദശരഥൻ താനും
ജനനിമാരുമങ്ങയോദ്ധ്യയിലുള്ള
ജനങ്ങളും നല്ല ജനപദേശന്മാർ
പുരോഹിതന്മാരുമൊരുമിച്ചുവന്നു
ജനകജാതന്നെയെനിയ്ക്കായിട്ടിപ്പോൾ
ജനകരാജാവേ! തരികസാദരം
ദശരഥസുതവചനമിങ്ങിനെ
ദശമികളായ ജനങ്ങൾ കേട്ടഥ
വിശയമെന്നിയേയയച്ചുദൂതരെ
വരുത്തിനാനഥസകലപേരെയും.
മിഥിലാപട്ടണമലങ്കരിച്ചങ്ങു
വ്യഥയുമെന്നിയേസകലലോകരും
പ്രഥിതമംഗലക്രിയകളൊക്കയും
വിധിപൂർവ്വമായിക്കഴിച്ചിതുതദാ.
സുപുഷ്പങ്ങൾ കൊണ്ടും സുമാല്യങ്ങൾ കൊണ്ടും
സുഗന്ധചന്ദനകളഭങ്ങൾകൊണ്ടും
സുമംഗലവാദ്യനിനാദങ്ങൾകൊണ്ടും
സുമംഗലമായോരലങ്കാരം കൊണ്ടും
സുമംഗലമാരാം തരുണിമാരോടും
സുമംഗലഹേമമണിദീപംകൊണ്ടും
സുമംഗലാഗരുവരധൂപംകൊണ്ടും
സുമംഗലമദഗജങ്ങളെക്കൊണ്ടും
സുമംഗലവരതുരഗങ്ങൾകൊണ്ടും
സുമംഗലവരഭടനിരകൊണ്ടും
സുമംഗലവരരഥങ്ങളെക്കൊണ്ടും
സുമംഗലഹേമകലശങ്ങൾകൊണ്ടും
സുമംഗലാക്ഷതനികരങ്ങൾകൊണ്ടും
സുമംഗലമായ വിഭൂഷണംകൊണ്ടും
സുമംഗലമായ ചതുർവ്വേദംകൊണ്ടും
സുമംഗലമായദ്ധ്വജനിരകൊണ്ടും
സുമംഗലമായ നടനങ്ങൾകൊണ്ടും
സുമംഗലഗീതരസങ്ങളെക്കൊണ്ടും
സുമംഗലമായ വിപഞ്ചികൾകൊണ്ടും
സുമംഗലതാളലയങ്ങളെക്കൊണ്ടും
സുമംഗലസ്തുതിവചനങ്ങൾകൊണ്ടും
സുമംഗലവന്ദിവചനങ്ങൾകൊണ്ടും
സുമംഗലനടീജനങ്ങളെകൊണ്ടും
സുമംഗലകൊടിക്കൂറകൊണ്ടും
സുമംഗലതാലപ്പൊലികളെക്കൊണ്ടും
സുമംഗലമാരാം ഗണികമാരോടും
സുമംഗലസതീമണികളെക്കൊണ്ടും
സുമംഗലസിംഹാസനങ്ങളെകൊണ്ടും
സുമംഗലമായ വിതാനങ്ങൾകൊണ്ടും
സുമംഗലമായ ശിബികകൾകൊണ്ടും
സുമംഗലമായ ജയഘോഷങ്ങൾകൊണ്ടും
സുമംഗലവിപ്രവരന്മാരെക്കൊണ്ടും
നിരന്തരമായി പുരവരമെല്ലാം
സുമംഗലവസ്തുപലവുംകൊണ്ടന്നു
സുമംഗലമായിക്കഴിച്ചുകല്യാണം
സുമംഗലം തങ്ങളൊരുമിച്ചുകൂടി
സരസമാനന്ദക്കടലിലായിതു.
സമസ്തവും സീതാവചനങ്ങളേവം
ശ്രവിച്ചനസൂയപിടിച്ചുപൂണ്ടഥ
ശിരസ്സിലാമ്മാറുമണത്തുനന്നായി
ഉരസ്സിനാൽ ഗാഢമണച്ചനന്തരം
വിചിത്രമാം നിന്റെ സ്വയംവരം രാമ-
ചരിത്രവും കേട്ടുരമിക്കുന്നെന്മനം
ധരിത്രിനന്ദനേ!യിരുട്ടുപാരമായ്
പതിച്ചുദധിയിൽ വികർത്തനബിംബം
പതത്രികൾനീഡംപ്രവേശിപ്പാനുള്ള
കരച്ചിലായതുശ്രവിയ്ക്കുന്നുപാരം.
മുനിപ്രവരന്മാർ കുളിച്ചുസന്ധ്യയും
കഴിച്ചുവൽക്കലം നനച്ചതുകൊണ്ടു
ഗമിയ്ക്കുന്നുഹോമംകഴിപ്പതിന്നായി
ത്വരിച്ചവരവർ വിലോകിയ്ക്കസീതേ!
മരങ്ങൾ തന്നുടെയിലകൾകൂടിയും
മൃഗങ്ങളോരോരോദിശിയുറങ്ങിയും
നിശിചരിയ്ക്കുന്ന മഹാഭൂതമെല്ലാം
ദിശിദിശിയൊക്കെമുദാചരിയ്ക്കയും
വിരവിൽ താരകാഗണങ്ങളൊക്കെയും
വിരവിലംബരതലേവിളങ്ങിയും
നിശാകരബിംബപ്രഭകലർന്നുള്ള
നിശാസീതേ! വന്നുമുദാഗമിച്ചാലും!
ദിനകരകുലശിരോമണിയ്ക്കുനീ-
യെനിയ്ക്കു സന്തോഷം വരുത്തിയിട്ടഥ
ഗമിയ്ക്കരാമന്റെ സമീപത്തിലെന്ന-
തുരത്തുകേട്ടുടനലംകരിച്ചഥ
നമസ്കരിച്ചുതൻ പതീസമീപത്തിൽ
ഗമിച്ചുസീതയുമതിത്വരിതയായ്
സുദതിതന്നുടെയലങ്കാരംകൊണ്ടു
മുദിതനായ് രാമനുടനെസീതയും
മഹിതമായുള്ള വിലേപനാദികൾ
ദയിതൻതങ്കയ്യിൽകൊടുത്തുസാമോദം
സഹാനുജനായിട്ടതൊക്കെയുംകണ്ടു
മഹാമതിരാമൻ പരിമോദിച്ചതിൽ
മഹാമുനികളോടൊരുമിച്ചുതന്നേ
മഹാത്മാവാം രാമൻ വസിച്ചന്നുരാത്രി
അഹർമ്മുഖേരാമനുണർന്നുടൻ തന്നെ
സധർമ്മദാരനായ്തൊഴുതവർകളോ-
ടയപ്പിച്ചുകൊണ്ടുപുറപ്പെടുന്നേരം
ഭയപ്പെട്ടുപാരം മുനികൾ ചൊല്ലിനാർ
മനുഷ്യരേത്തന്നേപിടിച്ചിതിന്നുന്ന
മഹാനിശാചരർ വളരെയുണ്ടിതിൽ
അശുചിതനായി പ്രമത്തൻ താനായി
വശിയായ മുനിജനമിരുന്നെങ്കിൽ
വിശയം കൂടാതെയശിയ്ക്കുംകൊന്നഥ
പശിതാശനന്മാരിതുവനത്തിങ്കൽ
വളരെയത്നിച്ചുവരുമുപദ്രവം
കളയണം ഭവാൻ കൃപനിനച്ചിപ്പോൾ
വരമുനികൾക്കു ഫലമൂലംകൊണ്ടു
വരുവാനുള്ളോരുവഴിയിതുതന്നേ
സുദുർഗ്ഗമമായ വനത്തിൽ നിങ്ങൾക്കു
ഗമിയ്ക്കേണമെന്നാൽ വഴിയിതുതന്നേ.
ഇതിത്തരം ചൊല്ലി മുനികളുമാശീ-
ർവ്വദിച്ചുടൻ തന്നെയയച്ചുരാമനെ.
അനുജനോടുമജ്ജനകജയോടും
മനുവരൻ മഹാവനം പ്രവേശിച്ചാൻ
അനുജനും താനും ജനകജയുമായ്
മുനിജനങ്ങളെ മനം തണുപ്പിപ്പാ-
നിനകുലമണിസുഖിച്ചുമേവിനാൻ.

ഇതി വാൽമീകിരാമായണേ
അയോദ്ധ്യാകാണ്ഡം സമാപ്തം.