വസന്തോത്സവം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

രംഗം ഒന്ന്

(സ്ഥലം: കാളിന്ദീതീരത്തിൽ രാധയുടെ ചെറുതെങ്കിലും സ്വച്ഛമായ മൺകുടിൽ. മുൻവശത്തുള്ള തിണ്ണയിൽ രാധയും സഖി മാലിനിയും സംസാരിച്ചുകൊണ്ടിരിക്കുന്നു.

സമയം: വസന്തകാലത്തിലെ സുന്ദരമായ സന്ധ്യ)

  • രാധ:

 
         എത്തിയെന്നോ സഖീ വൃന്ദാവനത്തില-
         ച്ചൈത്രവും പൂക്കളുമൊക്കെയിന്നും?

  • മാലിനി:

 
         മൊട്ടിട്ടു മുല്ലകൾ, പൂത്തു കടമ്പുകൾ
         മറ്റു മരങ്ങളും പൂവണിഞ്ഞൂ.
         പുഷ്പങ്ങൾ, പുഷ്പങ്ങൾ പുഞ്ചിരിക്കൊള്ളുന്ന
         പുഷ്പങ്ങളാണെങ്ങു നോക്കിയാലും.
         പച്ചയും മഞ്ഞയും ചോപ്പുമിടകലർ-
         ന്നച്ഛിന്നകാന്തിതൻ കന്ദളികൾ
         തമ്മിൽത്തഴുകിത്തഴുകിത്തളർന്നുല-
         ഞ്ഞെമ്മട്ടുലാവുന്നതീ വനത്തിൽ!
         നിസ്തുലപുഷ്പസമൃദ്ധി നീ നോക്കുകൊ-
         ന്നെത്രമനോഹരമീ വസന്തം!

  • രാധ:


അന്നത്തെച്ചൈത്രവുമന്നത്തെപ്പൂക്കളും
തന്നെയാണിന്നുമണഞ്ഞതെന്നോ?
എന്തു, നീ നല്ലപോൽ നോക്കിയോ ചൊല്ലിയ-
തെൻ തോഴി നീയെന്നോടെന്തു ചൊല്ലി?

  • മാലിനി:


അന്നു നീ കാളിന്ദീതീരത്തൊരിക്കലാ-
പ്പൊന്നശോകത്തിന്മേൽ തോളുചാരി,
വാർമുടി മാടിവിടുർത്തുകൊണ്ടേകയായ്
കാർമുകിൽച്ചാർത്തിലാ മിന്നൽപോലെ,
ബാലഗാപാലകദർശനലോലയായ്
ലാലസിക്കുന്നൊരാ വേളയിങ്കൽ
വേണുഗാനഭ്രമമേകി; നിന്നെ സ്വയം
നാണിപ്പിച്ചത്ര മധുരമായി,
ആ മരക്കൊമ്പിലിരുന്നന്നു പാടിയോ-
രോമൽക്കുയിലിനെയോർമ്മയുണ്ടോ?
വൃന്ദാവനത്തിൽ ഞാനേറെനാൾകൂടിയി-
ട്ടിന്നാക്കുയിലിന്റെ പാട്ടു കേട്ടു.

  • രാധ:


ഇക്കളിവാക്കിനാൽ കല്ലെറിഞ്ഞെന്നെ നീ
ദു:ഖിപ്പിച്ചാൽ നിനക്കെന്തുകിട്ടും?
അന്നത്തെപ്പൂങ്കുയിൽ തന്നെയാണെത്തിയ-
തിന്നുമെന്നെങ്ങനെ നീയറിഞ്ഞു?

  • മാലിനി:


നീറുന്ന മാനസം മാറിയിട്ടില്ലൊന്നും
നീമാത്രം, നീമാത്രം മാറിപ്പോയി.
മന്ദഹസിപ്പതുണ്ടിന്നും വസന്തത്തിൽ
വൃന്ദാവനത്തിലെക്കുഞ്ജകങ്ങൾ.
അന്നത്തെയാക്കളി തന്നെയാണമ്മട്ടു
വർണ്ണിപ്പതിന്നുമക്കോകിലങ്ങൾ.
വല്ലകി മീട്ടിടുന്നുണ്ടിന്നും കാളിന്ദി
സല്ലീലം കല്ലോലമാലകളാൽ.
അന്തരമേശാതണഞ്ഞിടുന്നുണ്ടിന്നു-
മന്നത്തെച്ചന്ദ്രനും ചന്ദ്രികയും.
പണ്ടത്തെത്തൈമണിക്കാറ്റിനുകൂടിയും
കണ്ടിടുന്നില്ലൊരു ഭാവഭേദം.
നീറുന്നു മന്മനം മാറ്റമില്ലൊന്നിനും
നീമാത്ര, നീമാത്രം മാറിപ്പോയി.

  • രാധ:


അന്നത്തെസ്സൂനങ്ങ,ളന്നത്തെഗ്ഗാനങ്ങ-
ളന്നത്തെ തെന്നലിൻ സ്പന്ദനങ്ങൾ
അന്നത്തെച്ചന്ദ്രികാചർച്ചിതരാത്രിക-
ളന്നത്തെ മന്നിന്റെ മഞ്ജിമകൾ
എല്ലാം കഴിഞ്ഞു- നശിച്ചു സമസ്തവു-
മില്ലവ വീണ്ടും വരില്ല തോഴീ.
പാടുന്നതുണ്ടാകാമിന്നും കുയിലുക-
ളാടുന്നതുണ്ടാകാം പൂവല്ലികൾ.
മന്ദസ്മിതംപെയ്തണഞ്ഞിടാം പൂക്കളും
ചന്ദ്രനും സുന്ദരചന്ദ്രികയും.
എങ്കിലുമന്നത്തെയാവില്ലതൊന്നുമേ
ശങ്കവേണ്ടിന്നില്ലതൊന്നുപോലും.

  • മാലിനി:


മായികമോഹങ്ങൾ കെട്ടിപ്പടുത്ത നിൻ
മാലാണ്ടജീവിതമിപ്രകാരം
ത്യക്തവിവിക്തമായ് മാറിടുമെന്നന്നു
ചിത്തത്തിലാരോർത്തിരുന്നു കഷ്ടം!
ചിന്തിച്ചുനോക്കുകീ മന്നിൽ നിൻ ജീവിത-
മെന്തു പരാജയമാണു രാധേ?

  • രാധ:

 
എന്തുണ്ടതിങ്കൽ പരാജയം?-തോഴി നീ-
യെന്തു ചൊല്ലുന്നിതെൻ ജീവിതത്തിൽ
എല്ലാം വിജയവും സൗഭാഗ്യപൂർത്തിയും
ഫുല്ലപ്രകാശവും മാത്രമല്ലേ?
ആരുണ്ടു ലോകത്തിലെന്നിലും മീതെയൊ-
രാനന്ദപൂർത്തിയനുഭവിപ്പോർ?
മായികമോഹങ്ങൾ കെട്ടിപ്പടുത്തില്ല
മാലിൽ ഞാനിന്നോളമാണ്ടുമില്ല.
എന്താണു കാരണം പിന്നെ നീയീവിധം
ചിന്തിക്കുവാനും പറയുവാനും?

  • മാലിനി:


കാളിന്ദീതീരത്തെക്കാനനകുഞ്ജങ്ങൾ
കാണുമ്പോളിന്നുമെൻ കൺ നിറയും.
വൃന്ദാവനത്തിൽ കുയിൽ വന്നു പാടിയാ-
ലന്നിമേഷത്തിലെന്നുള്ളു പൊട്ടും.
സ്വർഗ്ഗം രചിച്ചു ചിരിച്ച നിൻ യൗവന-
സ്വപ്നങ്ങളെല്ലാമിന്നെങ്ങു രാധേ?
പൂവിന്റെ ജീവനായ്ക്കൂടിക്കഴിഞ്ഞൊര-
ക്കാർവരിവണ്ടതിന്നെങ്ങു പോയി?
നീരസപ്പെട്ടിടേണ്ടെന്നോടതോർത്തിന്നു
നീറുന്നതില്ലല്ലീ നിൻ ഹൃദയം?

  • രാധ:


ഇല്ലില്ല തോഴീ, നീ തെറ്റിദ്ധരിപ്പതാ-
ണില്ലൊരു ശോകവുമെന്മനസ്സിൽ!
നിത്യസ്മൃതിക്കു നിറപറവെയ്ക്കുമാ-
നിസ്തുലനിർവാണരംഗകങ്ങൾ
മാമക പ്രാണനിലൊന്നായവയുടെ
മായാത്ത മുദ്ര വിരിച്ചിരിപ്പൂ!
ഞാനോമനിക്കയാണേകാന്തതയില-
പ്രാണോത്സവാസ്പദരശ്മികളെ.
ഫുല്ലാഭ വർഷിച്ചവയെന്നിൽ നില്പോള-
മല്ലിലെന്നാത്മാവടിയുകില്ല.

  • മാലിനി:


അന്നത്തെയാ വെറും ഗോപാലബാലക-
നിന്നു ലോകേശ്വരൻ, സാർവ്വഭൗമൻ;
ദ്വാരകയിങ്കൽ മണിമയഹർമ്മ്യത്തിൽ
ചാരുവാം രത്നസിംഹാസനത്തിൽ
തങ്കക്കിനാക്കൾ നിനക്കന്നു നൽകിയ
നിൻകളിത്തോഴനിന്നുല്ലസിപ്പൂ.
അന്നു നീ ഗോപിക, വർഷങ്ങളേറെയാ-
യിന്നും വെറുമൊരു ഗോപിക നീ.
നിത്യവും പൈക്കറന്നഷ്ടികഴിച്ചിടും
നിസ്സാരയാണു നീയന്നുമിന്നും.
പോരെങ്കിലിന്നു നിന്നച്ഛനുമില്ല നീ
പാരിങ്കലേകയായ് കഷ്ടമായി!
ഭാഗ്യവതികളാം രുഗ്മിണീദേവിയും
ഭാമയും കൃഷ്ണന്റെ ഭാമിനിമാർ.
ലോകൈകവന്ദ്യരാം രാജ്ഞിമാരിന്നവർ
നീ കഷ്ടമീവിധം ത്യക്തയായി.
വിസ്മയം, കൃഷ്ണന്റെ ജീവനായ് നിന്ന നീ
വിസ്മൃതയായ്ക്കഷ്ടമീവിധത്തിൽ.
വൃന്ദാവനം വിട്ടുപോയതൊട്ടച്യുതൻ
വന്നിട്ടുപോലുമില്ലിങ്ങു വീണ്ടും.
മണ്ണിനാൽ നിർമ്മിച്ച വിഗ്രഹം വെച്ചു നീ
യിന്നും ഭജിപ്പിതക്കേശവനെ!
വേദനാപൂർണ്ണമായുള്ള നിൻ ജീവിതം
ഹാ, ദയനീയമാണോർക്കിൽ രാധേ!

  • രാധ:


മൃണ്മയവിഗ്രഹമായതിലുണ്ടെന്റെ
ചിന്മയൻ മാമകജീവനാഥൻ.
മേവുന്നതില്ലായിരിക്കാമെൻ ചാരെയ-
ദ്ദേവന്റെ ഭൗതികഗാത്രപിണ്ഡം.
ഇന്നതിന്നർഹരെൻ തോഴി നീ ചൊന്നപോൽ-
ത്തന്നെയദ്ധന്യകളായിരിക്കാം.
ആ വിശുദ്ധാർദ്രമാം മാനസം നേടുവാ-
നാവുകില്ലെന്നാലവർക്കുപോലും!
ഇല്ലതിൽ സ്ഥാനമൊരാൾക്കുമീയേഴയാം
വല്ലവപ്പെണ്ണൊഴിഞ്ഞിന്നുലകിൽ.
എല്ലാമൊതുങ്ങുമതിൻ വിസ്മൃതിയിൽ ഞാൻ
വെള്ളിനക്ഷത്രമായ് മിന്നിനിൽപ്പൂ.
നന്നായറിയാമെനിക്കു പിന്നെ ഞാൻ
ഖിന്നയായ്ത്തീരുന്നതെന്തിനായി?
പൂപോൽ വിടർന്നൊരപ്പിഞ്ചുമനസ്സിലെ-
പ്പൂതപ്രണയസുഗന്ധപൂരം,
സ്വപ്നങ്ങൾകൊണ്ടു പൊതിഞ്ഞു മദ്​യൗവനം
സ്വർഗ്ഗീയമാക്കിയ ദിവ്യഭാഗ്യം,
വിസ്മരിക്കാവതോ, തോഴി, യതിന്മീതെ
വിത്തമെനിക്കിനിയെന്തുവേണം?
ധന്യരിൽ ധന്യ ഞാൻ കൈവന്നിട്ടില്ലോർക്കി-
ലന്യർക്കോരാൾക്കുമിഭാഗധേയം!
തെറ്റിദ്ധരിക്കായ്ക, തോഴി, പരാജയം
പറ്റിയിട്ടില്ലെന്റെ ജീവിതത്തിൽ.

  • മാലിനി:


ഇണ്ടലകന്നു വസന്തമഹോത്സവം
കൊണ്ടാടുമാറായി ഗോപികമാർ
പൊന്മലർചൂടിയ വൃന്ദാവനികയിൽ
മന്മഥപൂജയ്ക്കു കാലമായി.
എത്രയോ വർഷമായ് നീയതിന്നൊന്നിന്നു-
മെത്താതെ വീട്ടിൽത്തനിച്ചിരിപ്പൂ?
കൈവിട്ടു പോയൊരക്കൃഷ്ണനെദ്ധ്യാനിച്ചു
കൈവളർത്തുന്നു നീ താപഭാരം.
ഉൾക്കുതുകം പൂണ്ടനംഗപൂജാദികൾ-
ക്കിക്കൊല്ലമെങ്കിലും പോകണം നീ.

  • രാധ:

 
കാമാർച്ചനയും വസന്തോത്സവങ്ങളു-
മോമൽത്തരുണിമാർക്കുള്ളതല്ലേ?
വൃദ്ധയല്ലല്ലി ഞാൻ തോഴി, യെനിക്കിനി
പുഷ്പോത്സവാദിയിലെന്തു കാര്യം?

  • മാലിനി:


മംഗളദർശനേ, ചൊല്ലുന്നതെന്തു നീ
മങ്ങിയിട്ടില്ല നിൻ യൗവനശ്രീ
നിന്നിലും മീതെയായ് മറ്റൊരു സുന്ദരി
മന്നിലൊരേടവുമില്ലയിന്നും.
കാമദേവാർച്ചനയ്ക്കെത്തുകിൽ സ്തബ്ധനായ്
കാമദേവൻ നിന്നെ നോക്കിനിൽക്കും
കൈവന്നിട്ടില്ല മറ്റാർക്കുമദ്ദേവന്റെ
കൈവല്യദമാം വരപ്രസാദം!

  • രാധ:

 
ചിന്തിതം യാതൊന്നും സാധിക്കാനില്ലെനി-
ക്കെന്തിനിനിയാ വരപ്രസാദം?
മറ്റുള്ളവർക്കാണു ലോക, മെനിക്കെന്റെ
ചെറ്റക്കുടിലിതുമാത്രം പോരും.
ഞാനും നടത്തും വസന്തോത്സവം മമ
പ്രാണേശപാദാബ്ജപൂജകളാൽ.
ആ മുറ്റത്തപ്പൂത്തുനിൽക്കുമിലഞ്ഞിതൻ
ശ്യാമളച്ഛായയിലാത്തമോദം
ആരചിച്ചീടുമൊരായിരം പൂക്കളാ-
ലാരമ്യമാമൊരു മണ്ഡപം ഞാൻ.
പ്രേമദീപ്തമാമെന്മനം പോലെയ-
ത്തൂമലർമണ്ഡപം ലാലസിക്കും.
തന്മദ്ധ്യഭൂവിൽ ഞാനെന്മനോനാഥന്റെ
മൃണ്മയവിഗ്രഹം വിന്യസിക്കും.
അഞ്ജലിചെയ്യു,മെൻ ചിന്തകൾപോലെഴും
മഞ്ജുസൂനങ്ങൾ ഞാൻ തൃപ്പദത്തിൽ!
ചന്ദ്രികപെയ്യുമ്പോൾ വീർപ്പിട്ടു വീർപ്പിട്ടു
മന്ദസമീരനലഞ്ഞിടുമ്പോൾ,
വെള്ളിമേഘങ്ങളും, താരാഗണങ്ങളു-
മുള്ളംകുളിർത്തു ചിരിച്ചിടുമ്പോൾ,
ഏകാന്തരാത്രിയിലേകാന്തശാന്തിയിൽ
ലോകം മുഴുവനലിഞ്ഞിടുമ്പോൾ,
ദണ്ഡനമസ്കൃതി ചെയ്തു കിടക്കുമാ-
മണ്ണിലെൻനാഥന്റെ മുന്നിലായ് ഞാൻ;
ഭക്തിവിവശയായസ്തപ്രബോധയാ-
യപ്പൊഴുതേവം ശയിച്ചിടുമ്പോൾ,
ജന്മാന്തരങ്ങൾക്കുമപ്പുറം തൊട്ടെഴും
കർമ്മബന്ധത്തിന്റെ കാഹളംപോൽ;
മൃണ്മയമാ വിഗ്രഹത്തിങ്കൽനിന്നൊരു
നൻമുരളീരവമുത്ഭവിക്കും.
വിദ്യുതശക്തിയാലെന്നപോലായതു
തട്ടിയുണർത്തുമെൻ ചേതനയെ.
ആവേഗപൂർവമുയർന്നെഴുനേറ്റുടൻ
ദേവന്റെ വിഗ്രഹത്തിനുചുറ്റും
എന്നെയുംകൂടി മറന്നു ഞാനങ്ങനെ
മന്ദസ്മിതംചെയ്തു നൃത്തമാടും.
ആ വിഗ്രഹത്തിന്റെ കൈകൾ പൊങ്ങും! കൃഷ്ണ-
മീ വിശ്വകോടികളാകമാനം
ഒന്നിച്ചു ചേർന്നൊരു ഗാനമാകും!- ഞങ്ങ-
ളൊന്നിച്ചു കൈകോർത്തു നൃത്തമാടും.
കല്യാണകൃഷ്ണനെൻ നാഥനല്ലാതെനി-
ക്കില്ലർച്ചനയ്ക്കന്യപുഷ്പബാണൻ!

  • മാലിനി:

 
വ്യാമോഹം, വ്യാമോഹം, സർവ്വവും വ്യാമോഹം
ധീമയക്കീടുമപ്രേമദാഹം
എന്തിനിനിയുമി സ്വപ്നങ്ങൾ?- നിന്മനം
നൊന്തിടും - രാധേ, നീ പിന്മടങ്ങൂ!

  • രാധ:


മിത്ഥ്യകളാണോർക്കിൽ സർവ്വയാഥാർത്ഥ്യവും
സ്വപ്നങ്ങൾ മാത്രമേ സത്യമുള്ളു.
മത്സുഖസ്വപ്നങ്ങളുള്ളിടത്തോളമൊ-
രുത്സവം മറ്റെനിക്കെന്തുവേണം?
വഞ്ചിതയാകില്ലൊരിക്കലും രാധയ-
ച്ചഞ്ചലഭൗതിക ഭോഗങ്ങളാൽ.
കാളിന്ദീതീരത്തിൽ കാർമുകിൽവർണ്ണന്റെ
കാലടിപ്പാടുകൾ ചൂടിച്ചൂടി.
നിസ്തുലനിർവൃതി നേടുവാൻ സാധിച്ച-
നിസ്സാരമാമോരോ മൺതരിയും
എന്തു സായൂജ്യമിയന്നതാണോർക്കിൽപ്പി-
ന്നെൻ തോഴിയെൻ കഥയെന്തു ചൊല്ലാൻ?
ആ നന്ദനന്ദനാകാ മറക്കുവാ-
നാനന്ദസാന്ദ്രമെൻ സാഹചര്യം.
കാളിന്ദിതീരത്തിലാ മരച്ചോട്ടി, ലാ-
നീലശിലാതലമന്നു നിത്യം!
ആരചിച്ചാരചിച്ചാ ദേവനർപ്പിച്ചോ-
രാരാഗദീപ്തമാം സ്വപ്നരംഗം
നിർണ്ണയമേകുവാനാവുകില്ലിന്നത്തെ-
സ്വർണ്ണസിംഹാസനത്തിന്നുപോലും!
അന്നേ ലയിച്ചിട്ടുണ്ടെൻ ജീവരക്തത്തി-
ലെന്നാത്മനാഥന്റെ വേണുഗാനം-
ശുഷ്കിച്ച വല്ലികൾപോലുമടിമുടി
മൊട്ടിട്ടുപോകുമദ്ദിവ്യഗാനം,
വിസ്മയമാമ്മട്ടഖിലത്തിനുമാത്മ-
വിസ്മൃതിയേകുമാ വശ്യഗാനം.
വാരുറ്റഗാനകലാകൽപവല്ലിയിൽ
വാടാതെ മിന്നുമക്കമ്രസൂനം!
മാമകാത്മാവിനെ നർത്തനം ചെയ്യിപ്പു
മാദകമാമതിൻ സൗരഭത്താൽ
ധന്യ ഞാൻ, ധന്യ ഞാൻ എൻ പൂർവ്വപുണ്യത്താൽ
കണ്ണനു ഞാനേവം കണ്മണിയായ് ! ...
പുഷ്ടപ്രസന്നയായന്തി വന്നെത്തി, നീ-
പുഷ്പങ്ങൾ പൂജയ്ക്കൊരുക്കു തോഴി!
ഞാനിതാ വന്നുകഴിഞ്ഞു, യമുനയിൽ
സ്നാനം കഴിഞ്ഞിട്ടരഞൊടിയിൽ! ....

(സന്ധ്യാദീപ്തിയിലാറാടിക്കൊണ്ട്, രാധ കാളിന്ദിയിലേക്കു പോകുന്നു).

  • മാലിനി:

 
(രാധ പോയ വഴിയേ കണ്ണയച്ചുകൊണ്ട്, വ്യാകുലസ്വരത്തിൽ)

വിണ്ണിലും ദുർല്ലഭമാകുമിസ്സൗഭഗം
കണ്ണീരിൽ മുങ്ങുവാനാണു യോഗം!
ആനായവംശത്തിലെത്ര യുവാക്കളു-
ണ്ടാനന്ദമുൾക്കൊണ്ടതാസ്വദിക്കാൻ!
സമ്മതിക്കില്ലവളെന്തൊക്കെച്ചൊന്നാലും
കർമ്മഗതിയാണിതാർ തടുക്കും?
എങ്കിലുമാ മുഖം കാണുമ്പോൾ പൊട്ടുന്നി-
തെൻ കരളയ്യോ, ഞാനെന്തുചെയ്യും?

രംഗം രണ്ട്

(രാധയുടെ മൺകുടിലിന്റെ അന്തർഭാഗ. ഇടുങ്ങിയതെങ്കിലും ശുചിത്വവും സ്വച്ഛതയുമുള്ള ഒരു പൂജാമുറി - ഭിത്തിയോടടുപ്പിച്ച് മരംകൊണ്ടുണ്ടാക്കിയ ഒരു പീഠത്തിന്മേൽ, പൂത്തുനിൽക്കുന്ന ഒരു കദംബവൃക്ഷത്തിന്റെ ചുവട്ടിൽ വെളുത്തു കൊഴുത്തു തലയുയർത്തിനിൽക്കുന്ന ഒരു പശുവി ന്റെ സമീപം വലംകാൽ അൽപം വളച്ച് ഇടതുകാലിന്റെ മുന്വശത്തായിചേർത്തുപിടിച്ചുകൊണ്ടു നിർവൃതിയിൽ ലയിച്ചുകൊണ്ടെന്നപോലെ നിലകൊള്ളുന്ന ശ്രീകൃഷ്ണന്റെ നീലകോമളമായ മൃണ്മയവിഗഹം പ്രതിഷ്ടിച്ചിരിക്കുന്നു. മാറിൽ വിവിധ വർണ്ണോജ്ജ്വലങ്ങളായ വനമാലകളും, അരയിൽ ആകർഷകമായ പീതാംബരവും നല്ലപോലെ തെളിഞ്ഞുകാണുമാറ്, ആ വിഗഹത്തിൽ ചായപ്പകിട്ടുകൊണ്ടു സമർത്ഥമാംവിധം പ്രത്യക്ഷപ്പെടുത്തിയിട്ടുണ്ട്. വിഗഹത്തിനു മുമ്പിൽ ഏഴു തിരികൾ മിന്നിത്തിളങ്ങുന്ന മൂന്നു നിലവിളക്കുകൾ അൽപാൽപം അകലത്തായി സമുല്ലസിക്കുന്നു. അവയുടെ മുമ്പിലായി വിവിധ പുഷ്പങ്ങൾ നിറച്ചിട്ടുള്ള തളികകളും പൂജാപാത്രങ്ങളും ഉത്തമഫലാദി നിവേദ്യങ്ങളും സ്വപ്നാത്മകവും ഭക്ത്യുത്തേജകവുമായ ഒരന്തരീക്ഷത്തെ, അകൃത്രിമമായി സൃഷ്ടിച്ചുകൊണ്ട് നേർത്തുനേർത്ത ഒരു സുഗന്ധധൂപം മുറിയിലെങ്ങും വ്യാപിക്കുന്നു. രാധ പുഷ്പാർച്ചന ചെയ്തുകൊണ്ട് വിഗഹത്തിനുമുമ്പിൽ വലതുഭാഗത്ത് ഭക്തിപരവശയായി സ്ഥിതിചെയ്യുന്നു.)

ജയ ജയ ജയ ജയ, ഗാപാലാ
ജയ ജയ ഗളധൃതവനമാലാ
ജയ ജയ കുണ്ഡാമണ്ഡിത കർണ്ണ
ജയ ജയ ജലധരവരവർണ്ണ
ജയ ജയ മാധവ മധുമഥനാ
ജയ ജയ പരിണത വിധുവദനാ
ജയ ജയ ഗാകുലശുഭസദനാ
ജയ ജയ ഗാപീജനമദനാ
ജയ ജയ ജയ ജയ, ഭുവനേശാ
ജയ ജയ മാമകഹൃദയേശാ
ജയ ജയ കേശവ നരകാരേ
ജയ ജയ കേവലകൃഷ്ണഹരേ.

പാലയ പാലയ പാലയ മാം
പാവനമൂർത്തേ പാലയ മാം
ജനിമൃതിനാശന പാലയ മാം
ജനശതപൂജിത പാലയ മാം

ജയ ജയ ജയ ജയ ഭുവനേശാ
ജയ ജയ മാമക ഹൃദയേശാ! ....

ഇത്തളികയിലുല്ലസിക്കുമീ-
ക്കൊച്ചു ചെമ്പനേർപ്പൂവുകൾ
അത്യനഘമാം മൽപ്രണയത്തിൻ
സ്നിഗ്ദ്ധകോമളമുദ്രകൾ
തത്തിടുന്നുണ്ടവയിലെൻ ചിത്ത-
ശൂദ്ധിപോൽ നേർത്ത സൗരഭം.
ഞാനിതഞ്ജലിചെയ്തിടട്ടെയ-
ച്ചേണണിച്ചേവടികളിൽ!

(ആ തളികയിലെ പനിനീർപുഷ്പങ്ങൾ ഓരോന്നായെടുത്ത് ആ പാദങ്ങളിൽ അർപ്പിക്കുന്നു. അനന്തരം മറ്റൊരു തളികയെടുത്തിട്ട്)

എന്നകക്കാമ്പിൽ തുളുമ്പിടും ഭക്തിതൻ
ചിഹ്നങ്ങളാണിക്കുളിർമുല്ലമൊട്ടുകൾ.
ചിന്മയാ, നിന്മെയ് പുണർന്നിടട്ടായതിൻ
വെണ്മയും, ശ്രീയും, വിനീതസുഗന്ധവും!
സന്തതം താവകദ്ധ്യാനത്തിലത്യന്ത-
സമ്പൂതമാണെന്റെ സംതൃപ്തജീവിതം.
അച്ഛമാമായതിൻ ഭക്ത്യങ്കുരങ്ങളി-
ന്നർച്ചിച്ചിടട്ടാശ്ശിരസ്സിലവയെ ഞാൻ!

(ഭക്തിപാരവശ്യത്തോടെ വിഗഹത്തിന്റെ ശിരസ്സിൽ ഒരഭിഷേകമെന്നോണം ആ മുല്ലമൊട്ടുകൾ ചൊരിയുന്നു. മറ്റൊരു തളികയിൽനിന്നു വിവിധ പുഷ്പങ്ങൾ ഇണക്കിക്കൊരുത്തിട്ടുള്ള ആകർഷകമായ ഒരു പുഷ്പമാല്യം എടുത്തിട്ട്)

ഞാനാണിപ്പൂമാല ചേർന്നിട്ടുണ്ടിന്നതിൽ
സൂനങ്ങളേറെപ്പലതരങ്ങൾ.
ചെമ്പനീർപ്പൂക്കളെൻ പ്രേമവും മുല്ലതൻ
വെൺപൂക്കളെന്നിലെഭക്തിവായ്പും
ദ്യോതിപ്പിക്കുമ്പൊഴിപ്പത്മമെന്നാശതൻ
പ്രാതിനിദ്ധ്യം വഹിച്ചുല്ലസിപ്പൂ.
തേജോമയങ്ങളെൻ സ്വപ്നങ്ങൾപോലിതിൽ
രാജിപ്പൂ, ചേണറ്റ രാജമല്ലി.
കങ്കേളിപ്പൂക്കളെൻ ചിത്തം രചിക്കുമ-
സ്സങ്കൽപചിത്രങ്ങളാവഹിപ്പൂ.
മന്ദാരപുഷ്പങ്ങളെൻ ത്യാഗബുദ്ധിതൻ
സന്ദേശവാഹകരാണിതിങ്കൽ!
അൽപം വിവർണ്ണമായ് മുഗ്ദ്ധപ്രശന്തമാ-
യുൽപ്പലമൊന്നുണ്ടിവയ്ക്കിടയിൽ ....
എന്താണതെന്നു പറയുകയില്ല ഞാ-
നെന്തും ഭഗവാനറിയാമല്ലോ!
ഞാനണിയിക്കട്ടെ ഞാനാകും മാലയെൻ
പ്രാണാധിനാഥാ നിൻ മാർത്തടത്തിൽ!
അപ്പൊഴോർക്കും ഭവാൻ നൂനമപ്പണ്ടത്തെ
മുഗ്ദ്ധവൃന്ദാവനരംഗമെല്ലാം! ...

(ഒരു തളികയിൽ കർപ്പൂരവും കത്തിച്ച് ആദ്യത്തെ സ്തുതിഗാനം പാടിക്കൊണ്ടു വിഗഹത്തെ ആവഹിച്ചു പ്രദക്ഷിണംവയ്ക്കുകയും അനന്തരം കർപ്പൂരനാളങ്ങളുടെ മീതെ മൂന്നുപ്രാവശ്യം കൈത്തലങ്ങൾ കാണിച്ച് അവയെ മുഖത്തോടു ചേർത്തുപിടിക്കുകയും ചെയ്തിട്ട് വിഗഹത്തിനുമുമ്പിൽ സാഷ്ടാംഗം നമസ്കരിക്കുന്നു.)

(അണിയറയിൽ ഒരു നേരിയ ഓടക്കുഴൽ വിളി. അതിനെത്തുടർന്ന്:)

മരിപ്പോളമാ രംഗമൊന്നുപോലും
മറക്കുവാൻ കഴിയുമോ നമുക്കു രാധേ!
മറക്കുവാൻ കഴിയില്ല മറന്നിട്ടില്ല
മറക്കില്ല മാധവനവയിലൊന്നും!

(രാധ പിടഞ്ഞെഴുന്നേറ്റ് അവാച്യമായ ഒരു വികാരവിക്ഷോഭത്തോടെ ചുറ്റും നോക്കുന്നു. തോഴി പ്രവേശിച്ച് സ്തബ്ധയായി നിലകൊള്ളുന്നു.)

എങ്ങുപോയെങ്ങുപോയ് തോഴീ- നാഥൻ
ഇങ്ങിതാ ഞാനേകയായി.
മഞ്ജുപീതാംബരധാരി- മുഗ്ധ
വൃന്ദാവനാന്തവിഹാരി.
ഗാപികാവസ്ത്രാപഹാരി-സർവ്വ-
ഗാപാലകൻ കൈടഭാരി
സ്ത്യസ്വരൂപകൻ ശൗരി-നിത്യ-
സച്ചിന്മയൻ മധുവൈരി.
വേണുഗാപാലൻ മുകുന്ദൻ-മമ
പ്രാണേശ്വരൻ സദാനന്ദൻ.
എങ്ങുപോയെങ്ങുപോയ് തോഴീ- നാഥൻ
ഇങ്ങിതാ ഞാനേകയായി.

(തേങ്ങിക്കരയുന്നു.)

  • മാലിനി:

 
അഴകിയന്നശ്രുപൊഴിപ്പതെന്താ-
ണയി രാധേ, ഹാ നിനക്കെന്തുപറ്റി?
പറയുകെന്തിന്നിപ്പരിഭ്രമങ്ങൾ
പഴുതേ നീ പിച്ചു പുലമ്പിയാലോ!

  • രാധ:

 
അല്ലല്ല തോഴി ഞാൻ കേടൂ-ഞാനാ-
പ്പുല്ലാങ്കുഴല്വിളി കേട്ടു.
ജീവനതു കേട്ടുണർന്നു-പക്ഷെ,
ദേഹം തളർന്നു കിടന്നു.
ആ വേണുഗാനം വഴിഞ്ഞു-അതി-
ലീ വിശ്വമൊട്ടുക്കലിഞ്ഞു.
വീർപ്പിട്ടുഗാളങ്ങൾ വന്നു-അതിൽ
നീർപ്പോളപോൽത്തത്തിനിന്നു.
ജന്മാന്തരങ്ങൾ ഞാൻ കണ്ടു-അതി-
ലെന്മനം നിർവൃതിക്കൊണ്ടു.
എന്നിലെൻ നാഥൻ കനിഞ്ഞു-മോദാ-
ലെന്നരികത്തിന്നണഞ്ഞു.
എന്നാത്മരാഗാഭ ചിന്നും-ദിവ്യ-
വൃന്ദാവനരംഗമൊന്നും
വിസ്മരിക്കില്ലെന്നലിഞ്ഞു-നാഥൻ
സസ്മിതം വന്നു പറഞ്ഞു.
സ്വർഗ്ഗമതെങ്ങോട്ടുപോയി-അയേ്യാ!
സ്വപ്നസമാനമതായി!
എങ്ങെന്റെ നായകൻ തോഴീ-കഷ്ട-
മെന്നെത്തനിച്ചിട്ടു പോയി!

  • മാലിനി:

 
ഉന്മാദം! ഉന്മാദം! പ്രേമാഗ്നി കത്തിടു-
മുന്മാദമാണിതിന്നെന്തു ചൊല്ലാൻ! ....

രംഗം മൂന്ന്

(ദ്വാരകയിൽ ശ്രീകൃഷ്ണന്റെ രാജധാനിയിൽ അന്ത:പുരോപാന്തത്തിലുള്ള അഭിരാമമായ ഒരാരാമമണ്ഡലം. വസന്തകാലം നിബിഢമായി നിൽക്കുന്ന വൃക്ഷങ്ങളും വല്ലികളും അടിമുടി പൂവണിഞ്ഞിട്ടുണ്ട്. ചന്ദ്രികാചർച്ചിതമായ രാത്രി. നിലാവും നിഴലും ഇടകലർണ്ണ് വായുവിൽ ആവേശജനകമായ പരിമളം തുളുമ്പി, പ്രശാന്തസുന്ദരവും വികാരോദ്ദീപകവുമായ ഒരന്തരീക്ഷം- അങ്ങകലെ കാണുന്ന വനാച്ഛാദിതമായ ശൈലപംക്തിക്കിടയിൽക്കൂടി വെള്ളിമേഘങ്ങൾ അലഞ്ഞുനടക്കുന്ന നീലനിർമ്മലമായ ആകാശം നക്ഷത്രദീപ്തമായി നയനമനോഹരമായി പ്രത്യക്ഷപ്പെടുന്നു.

ആരാമമദ്ധ്യത്തിലുള്ള ലീലാസരസ്സിൽ കളഹംസങ്ങൾ മദനപാരവശ്യത്തോടെ ക്രീഡിച്ചുകൊണ്ട് വിഹരിക്കുന്നു. അതിന്റെ തടത്തിൽ കുറുമൊഴിമുല്ലകൾ പറർന്നുപിടിച്ചു പൂവുതിർന്നു പാവാടവിരിച്ചിട്ടുള്ള ഒരു ശിലാതളിമം. ശ്രീകൃഷ്ണൻ അതിന്മേൽ കൊടുംകൈകുത്തി കൈത്തലത്താൽ ശിരസ്സും താങ്ങിക്കൊണ്ട് ഒരുവശംവെച്ചു ചരിഞ്ഞുകിടക്കുന്നു. സുസ്മേരവദനനാണെങ്കിലും എന്തുകൊണ്ടാണാവോ അദ്ദേഹം തെല്ലൊരു ചിന്താമഗ്നനായിട്ടാണു പ്രത്യക്ഷപ്പെടുന്നത്. അരികിലായി, പച്ചത്തളിരൊത്ത മൃദുലമോഹനമായ ഒരു പട്ടു ദാവണിയണിഞ്ഞ്, സർവ്വാഭരണവിഭൂഷിതഗാത്രിയായി, പുഷ്പാലംകൃതവേണിയായി, മഡലസയായ രുഗ്മിണി, അദ്ദേഹത്തിന്റെ കൈവിരലുകളെ മെല്ലെ മെല്ലെ തിരുപ്പിടിച്ചുകൊണ്ട് സ്വപ്നാത്മകമായ ഒരന്തരീക്ഷത്തിലെന്നതുപോലെ അങ്ങനെ ലീലാലോലുപയായി സ്ഥിതിചെയ്യുന്നു.)

  • ശ്രീകൃഷ്ണൻ:


കണ്മണി, കമ്രമാമീ വസന്തോത്സവം
വർണ്ണിച്ചു നീയൊരു പാട്ടുപാടൂ.
പുഷ്പസമൃദ്ധിയിതെൻചുറ്റും കാണുമ്പോൾ
പുഷ്പിച്ചുപോകുന്നിതെന്മനസ്സും.
ഒന്നു നീ പാടൂ, ഞാൻ കേൾക്കട്ടെ തെല്ലിട-
യെന്നിൽനിന്നും ഞാനകന്നിടട്ടെ! ...

  • രുഗ്മിണി:


വേണുഗാപാലനന്യസംഗീതം
വേണമെന്നോ സുഖിക്കുവാൻ?
മുക്തഗർഭമാം സാഗരത്തിനോ
മുത്തുമാലയിൽ വിഭ്രമം? ...

  • ശ്രീകൃഷ്ണൻ:

പാടിസ്സുഖിക്കലുമന്യർ മധുരമായ്
പാടുന്ന കേട്ടു സുഖിക്കലും വേറെയാം!

  • രുഗ്മിണി:


ഇന്നാ മൊഴികളിൽ വ്യംഗ്യമായ്സിദ്ധിപ്പ-
തന്യരിലൊന്നാണെന്നല്ലി ഞാനും?
എന്തിനു പിന്നെ ഞാൻ പാടണം, പാടുവാൻ
സ്വന്തം പ്രിയപ്പെട്ടോർ വേറെയില്ലേ?

  • ശ്രീകൃഷ്ണൻ:


പാഴിൽ പരിഭവമെന്തിന്നു രുഗ്മിണീ
പാടുകിന്നെൻ പ്രാണസർവ്വസ്വമല്ലി നീ?
ഭൂവിലെൻ ജീവനും ജീവനായ് നിൽക്കുമെൻ
ദേവി നിൻപ്രേമം തികച്ചുമറിവൂ ഞാൻ!
നിന്മനസ്സാകുമാ വെൺതാമരപ്പൂവിൽ-
നിന്നുത്ഭവിക്കും നിരഘപരിമളം,
പ്രജ്ഞയെപ്പാടേ ലഹരിപിടിപ്പിച്ചൊ-
രജ്ഞാതനിർവൃതി നിത്യമേകുന്നു മേ!
ആശ്രയിക്കട്ടെ ചെന്നാത്മഹർഷത്തെ ഞാ-
നാത്തഹർഷം പ്രിയേ, പാടിടുകൊന്നു നീ!

  • രുഗ്മിണി:


(മധുരസ്വരത്തിൽ പാടുന്നു.)
      പല്ലവി

കളലളിതം കവനമയം
കളിമലർവനമിതു കമനീയം!

     അനുപല്ലവി

അനുപമസുഷമകളണിയിട്ടിട്ടലർചൂടി
മനവും ഹാ, നയനവും കവരുന്നീ മലർവാടി!

    ചരണങ്ങൾ

ദകളമഞ്ജുമരാളവിനോദ-
വിഹാരതരംഗിതകുഞ്ജിനികൾ
മദഭരിതാസിതമധുകരനികര-
നിഷേവിതമടുമലർമഞ്ജരികൾ!
             (കളലളിതം ...)

       2

ന്ദനശീതളസുലളിതചന്ദ്രിക-
ചിന്നിയ ശിശിരനിശീഥിനികൾ
ചഞ്ചലരജതവലാഹകലാപക-
വലയിതതാരവരൂഥിനികൾ!
             (കളലളിതം ...)

       3

ന്ദമദാകുലമലയവനാനില-
മർമ്മരതരളിതതരുനിരകൾ
മംഗളമയമധുമാസമഹോത്സവ-
മരുളുന്നുലകിനു നിർവൃതികൾ! ...
             (കളലളിതം ...)

(ഗാനത്തിൽ മുഴുകിയിരിക്കുന്നെങ്കിലും ശ്രീകൃഷ്ണന്റെ ഹൃദയം മറ്റെവിടെയോ ചുറ്റിപ്പറക്കുന്നതുപോലെ കാണപ്പെടുന്നു.)

  • ശ്രീകൃഷ്ണൻ:


മംഗളാപാംഗി, നിൻ ഗാനത്തിലൂടയർ-
ന്നെങ്ങോ പറക്കുന്നിതെൻ ഹൃദന്തം!

  • രുഗ്മിണി:


പ്രേമാനുഭൂതികൾ കാഴ്ചവെയ്ക്കും
ഭാമതൻ പാർശ്വത്തിലായിരിക്കും!

  • ശ്രീകൃഷ്ണൻ:


എന്തിനാണീ മുള്ളുവാക്കുകൾ പിന്നെയും?
ചിന്തിച്ചുപോലുമില്ലക്കഥ ഞാൻ
കണ്ണഞ്ചുമിച്ചൈത്രകാന്തി നീയങ്ങനെ
വർണ്ണിച്ചുവർണ്ണിച്ചു പാടിയപ്പോൾ,
നിസ്തുലമെങ്കിലും മർത്ത്യവിനിർമ്മിത-
കൃത്രിമമാകുമിത്തോപ്പിൽനിന്നും
കുന്നും മലകളും, കാടും പുഴകളു-
മൊന്നിച്ചനാരതമുല്ലസിക്കും,
ആ വിദൂരസ്ഥ്മാമെൻ ജന്മഭൂവിലേ-
ക്കാവേശപൂർവം പറന്നു ചിത്തം!
ഈ വസന്തത്തിലിന്നാ വനഭൂമിതൻ
ലാവണ്യപൂർത്തിയെന്തായിരിക്കും!
എത്രകൊതിപ്പു ഞാ, നെത്ര കൊതിപ്പു ഞാ-
നദ്ദിക്കിൽ വീണ്ടും പറന്നുചെല്ലാൻ!

  • രുഗ്മിണി:


കാലിമേച്ചഷ്ടികഴിച്ചുകൂട്ടും
കാടന്മാർ വാഴ്വതാണപ്രദേശം
വിദ്യയില്ലാത്മസംസ്കാരമില്ല
വിത്തവിഖ്യാതികളൊന്നുമില്ല.
ഇന്നും പരിഷ്കാരരശ്മിയൊന്നും
ചെന്നുചേരാത്തതാണപ്രദേശം!
എന്തുണ്ടവിടെസ്സുഖാസ്പദമാ-
യെന്തുണ്ടവിടെസ്സമാസ്വദിക്കാൻ?
ഇമ്പം വളർക്കുമാറത്രമാത്രം
സമ്പത്സമൃദ്ധമാണീ നഗരം!
അങ്ങയോ ലോകൈകചക്രവർത്തി
മംഗലസൗഭാഗ്യശൃംഗവർത്തി!
വിശ്വാഭിനന്ദനാലംബമൂർത്തി
വിസ്മയാർഹം ഭവൽപുണ്യപൂർത്തി!
രാജൽപ്രതാപസമൃദ്ധി വന്നീ
രാത്തഅഹർമ്മ്യത്തിൽ ത്രസിച്ചുനിൽക്കേ,
ആ വെറും കാട്ടുംപുറത്തു ചെന്നെൻ
ജീവേശ്വരനിനിയെന്തു വേണം?

  • ശ്രീകൃഷ്ണൻ:


കാടനാ, ണെങ്കിലീ ഞാനു, മെന്നോമനേ
കാലികൾ മേച്ചു നടന്നവൻ ഞാൻ!
പാരിങ്കൽപ്പൈക്കറന്നഷ്ടികഴിക്കുമ-
പ്പാവങ്ങളൊത്തു വളർന്നവൻ ഞാൻ!
അമ്മട്ടിൽപ്പൈക്കറക്കാരിയൊരമ്മത-
ന്നമ്മിഞ്ഞപ്പാലാണെൻ ജീവരക്തം!
ഇന്നലെക്കിട്ടിയതാണെനിക്കിക്കാണും
സ്വർണ്ണസിംഹാസനധാടിയെല്ലാം!
വന്നവഴിക്കവ പോകട്ടെ പോണെങ്കിൽ
പൊന്നിൻപൊലിമയിതാർക്കുവേണം!
ഒന്നോർത്താലിന്നത്തെച്ചെങ്കോലിനേക്കാളു-
മന്നത്തെക്കാലിക്കോലാണു ഭേദം!
ഈ ലസത്സൗധത്തിലല്ലെനിക്കങ്ങുള്ളോ-
രോലക്കുടിലിലാണെന്റെ നാകം ...
കാടന്മാർ, കണ്മണി, കാലിമേച്ചീടുമ-
ക്കാടന്മാ, രെന്നാത്മസോദരന്മാർ.
ഉണ്ടവർക്കാവെറും കാടന്മാർക്കോമനേ,
ചെണ്ടുപോൽ ചേണുറ്റ ശുദ്ധചിത്തം
സംഗീതസംഫുല്ലമാകുമൊരാത്മാവു-
ണ്ടങ്ങെഴും തിര്യക്കുകൾക്കുപോലും,
കഷ്ടമാണിങ്ങോ സജീവങ്ങളിങ്ങെഴും
സൃഷ്ടികൾകൂടിയും കൃത്രിമങ്ങൾ.
നിർവ്വികാരങ്ങൾ, നിശ്ചേഷ്ടങ്ങൾ, മൂകങ്ങൾ
സർവ്വവും, സർവ്വവും പാഴ്ജ്ജഡങ്ങൾ.
എല്ലാം നിഴലുകൾ, പൊള്ളകൾ, പോതുകൾ
ഇല്ലിവയ്ക്കൊന്നിനും സ്പന്ദനങ്ങൾ.
ഉത്തുംഗരമ്യമണിമയഹർമ്മ്യങ്ങ-
ളുദ്യാനവീഥിക,ളുത്സവങ്ങൾ
ഉജ്ജ്വലവിദ്യുല്ലതാംഗികളൊത്തെഴു-
ന്നുത്തേജകങ്ങളാം നർത്തനങ്ങൾ‌
യന്ത്രസംജാതസങ്കീർണ്ണസംഗീതങ്ങൾ
സന്തതം മേളിക്കും സങ്കേതങ്ങൾ
ചാമീകരോജ്ജ്വലമാതപത്രം തഴ
ചാമരം,ചാരുവാമാലവട്ടം
കൊട്ടുംകുഴൽവിളി കോലാഹലങ്ങളും
പൊട്ടും വെടികൾ,കുരവകളും
ആനക,ളശ്വങ്ങൾ,തേരുക,ളാളുക-
ളാഡംബരങ്ങളകമ്പടികൾ
എന്തെല്ലാമുണ്ടെനിക്കെന്താണൊന്നില്ലാത്ത-
തെന്തിൻമീതെ മറ്റെന്തു വേണം?
പൊള്ളകൾ,പൊള്ളകൾ,സർവ്വവും പൊള്ളകൾ
പൊള്ളുകയാണെനിക്കുള്ളു, ദേവി!
കാലമൊന്നൂതിയാലൊക്കെതകരുമീ
ലോലനീർപ്പോളകളെത്രനേരം

രംഗം നാല്

(അന്തഃപുരത്തിന്റെ മറ്റൊരുഭാഗം. സത്യഭാമയുടെ മണിമേടയിലെ ദീപപ്രഭാപരിപൂരിതമായ ഒരു മുറി. ഭാമ ഒരു പര്യങ്കത്തിൽ, പൂമെത്തയിൽ ചിന്താവിഷ്ടയായി കൈത്തലത്താൽ ശിരസ്സും താങ്ങിക്കൊണ്ടിരിക്കുന്നു.
നേത്രങ്ങൾ ജലാർദ്രങ്ങളാണ്. രണ്ടു തോഴിമാർ പരിചര്യാലോലരായി, വെൺചാമരം വീശിക്കൊണ്ട് ഇരു പാർശ്വങ്ങളിലും നിൽക്കുന്നു.

ശ്രീകൃഷ്ണൻ പ്രവേശിക്കുന്നു. ചേടിമാർ തൽക്ഷണം മുറിവിട്ടിറങ്ങിപ്പോകുന്നു. ശ്രീകൃഷ്ണൻ സത്യഭാമയുടെ സമീപം ചെന്നിരുന്ന് പ്രേമപൂർവ്വം തോളിൽ കൈവെച്ചുകൊണ്ട്)

  • ശ്രീകൃഷ്ണൻ:



ഉൽപ്പലോജ്ജ്വലങ്ങളീ നീലക്കണ്മുനകളി-
ലിപ്പൊഴും തോർന്നിട്ടില്ല കണ്ണുനീരെന്നോ ഭാമേ?
എന്തിനായനാരതം കുണ്ഠിതം വൃഥാ, നിന്നോ-
ടെന്തപരാധം ചെയ്തൂ ഹത ഞാൻ മനോനാഥേ!
കോപത്താലിരട്ടിച്ച ശോണിമ നൃത്തംചെയ്യും
കോമളാനനമിതൊന്നുയർത്തൂ കാണട്ടെ ഞാൻ.

  • ഭാമ:


കരളെരിയും കഥയാരറിയും
കരയുന്നതെന്തിനെന്നാണു ചോദ്യം.
ഒരുതെറ്റും ചെയ്​വോരല്ലാരുമാരും
ഒരു നേരം തോരില്ലിക്കണ്ണുനീരും.
ചിരികൾ വിടരുന്ന ദിക്കിൽ മാത്രം
സ്ഥിരവാസം കൈക്കൊള്ളുമങ്ങയെ ഞാൻ
കരുതുന്നതില്ലല്ലോ തെല്ലുപോലും
കരയലിൻ ചാരെത്തടുത്തു നിർത്താൻ
സരസത താവി ത്രസിച്ചുനിൽക്കും
സമയം പാഴാവുകിൽ കഷ്ടമല്ലേ?
അനുഭൂതി മറ്റെങ്ങോ കാത്തുനിൽപു-
ണ്ടവിടേക്കു വേഗം തിരിച്ചുചെല്ലൂ.

  • ശ്രീകൃഷ്ണൻ:



അരുതേവം ഭാമേ പരിഭവം, നീയെ-
ന്നകളങ്കസ്നേഹമറിവീലേ?
സതി നിന്നെക്കാളും സരസതയാളും
സഖിയെനിക്കാരീയുലകത്തിൽ?
വെറുതേ മറ്റൊന്നും കരുതല്ലേ, നീയെൻ
പരമാനന്ദത്തിന്നുറവല്ലേ?
വരികരികിലാ മിഴിതുടയ്ക്കുകി-
പ്പരിഭവമിനി മതിയാക്കൂ!
(ഭാമയോടു ചേർന്നിരുന്ന് കണ്ണുനീർ തുടച്ച് ആശ്വസിപ്പിക്കുന്നു.)

ഒന്നങ്ങു നോക്കുകത്തൂവെള്ളിമേഘങ്ങ-
ളൊന്നിച്ചു കൈകോർത്തു ചന്ദ്രന്റെ ചുറ്റുമായ്
മോടിയിലോരോ മദാലസനൃത്തങ്ങ-
ളാടുന്നു, നിന്നു ചിരിക്കുന്നു താരകൾ.

  • ഭാമ:


അതുപോലൊരു രംഗമൊന്നാസ്വദിച്ചീടുവാൻ
കൊതിതോന്നുന്നുണ്ടാകുമുള്ളിലിപ്പോൾ!

  • ശ്രീകൃഷ്ണൻ:


അക്കാഴ്ച കാണുമ്പൊഴിപ്പൊഴും കഷ്ടമെ-
ന്നുൾക്കാമ്പു നീറിദ്രവിക്കയാണോമനേ!
അത്ഭുതോദ്ദീപ്തമസ്വപ്നലോകം വെടി-
ഞ്ഞെത്രകാതം വഴി പിന്നിട്ടു പോന്നു ഞാൻ!
ചന്ദനത്തൈമണിത്തെന്നൽ തലോടുന്ന
ചന്ദ്രികചാർത്തുമിച്ചൈത്രരജനികൾ
നീലനിഴലുകൾ വൃന്ദാവനന്തന്നിൽ
നീളേ നിവർത്തി വിരിച്ചുല്ലസിക്കവേ,
വെള്ളിച്ചിലങ്കകൾ ചാർത്തി യമുനയിൽ
ചെല്ലത്തിരകൾ മദിച്ചു പുളയ്ക്കവേ;
മത്തടിച്ചാർത്തു മരാളമിഥുനങ്ങൾ
മത്സരിച്ചങ്ങതിൽ നീന്തിക്കളിക്കവേ;
നർത്തനലോലരായ് ഞാനും സഖികളു-
മൊത്തുകൂടീടുമാ രംഗമോർക്കുന്നു ഞാൻ!

തെന്നലിലൽപമിളകുമിലകളി-
ലൊന്നോടുലാവുമാ നീഹാരധാരയിൽ
പൂനിലാക്കാലു വീണോരോ മരത്തിലും
കാണാമൊരായിരം വെള്ളിയലുക്കുകൾ.
മുറ്റിത്തഴയ്ക്കും നിഴലുകൾ പൂത്തപോൽ
മുറ്റിപ്പറന്നിടും മിന്നാമിനുങ്ങുകൾ.
മാറാതെ നിർത്തിടും മെയ്യിൽ പുളകങ്ങൾ
മാദകമാമൊരു മാലതീസൗരഭം.
പൊക്കത്തിൽ വൃക്ഷപ്പടർപ്പിൻപഴുതിലൂ-
ടുൾക്കുതുകംപൂണ്ടു വെണ്മുകിൽച്ചാർത്തുകൾ
തിക്കിത്തിരക്കിനിന്നെത്തിനോക്കും, ചില-
തൊക്കായ്കയാൽ മുഖം വീർപ്പിച്ചൊഴിഞ്ഞുപോം!
അൽപം വലങ്കാൽ മടക്കിയിടങ്കാലി-
ലർപ്പിച്ചു തെല്ലെൻ ശിരസ്സുചാഞ്ഞങ്ങനെ
നിന്നു ഞാനൂതുമോടക്കുഴൽ, ചുറ്റിലും
നിന്നാടുമുജ്ജ്വലസ്വർണ്ണവർണ്ണാംഗികൾ
താളവും മേളവുമൊത്തിണങ്ങിക്കൊഴു-
പ്പാളുമാ രാസകലോത്സവവേളയിൽ
ചുറ്റുകൾ താനേയഴിഞ്ഞു തരുക്കളെ-
വിട്ടൂർന്നിറങ്ങി വന്നോരോ ലതികകൾ
ഓർക്കാതെ പെട്ടെന്നു മൊട്ടിട്ടു മുന്നിൽ നി-
ന്നാത്ത കൗതൂഹലമാട്ടും ശിരസ്സുകൾ.
പിന്നെച്ചലിക്കില്ലിലക, ളനങ്ങാതെ
നിന്നിടും തെന്ന, ലടങ്ങിടും വീചികൾ
നിദ്രയിൽനിന്നുണർന്നേറ്റു ഞൊടിക്കുള്ളി-
ലുദ്രസം പീലി വിടുർത്തി പ്രസന്നരായ്
താളത്തിനൊപ്പിച്ചു ചോടുവച്ചാടിടും
താഴ്മരക്കൊമ്പിൽ നിന്നോരോ മയിലുകൾ.
നിൽക്കും കരയ്ക്കെത്തി വെള്ളക്കഴുത്തുകൾ
പൊക്കിപ്പിടിച്ചക്കളഹംസരാശികൾ.
എല്ലാം മറന്നെന്റെ വേണുഗാനത്തിന്റെ
കല്ലോലിനിയിലലിഞ്ഞലിഞ്ഞങ്ങനെ
ഞാനൊഴുകിപ്പോമൊരോർമ്മയുണ്ടാവുകി-
ല്ലാനന്ദമാത്രമെനിക്കപ്പൊഴോമനേ!
ആ രംഗ, മാ രംഗമിന്നുമോർക്കുമ്പൊഴും
കോരിത്തരിച്ചുപോകുന്നു മന്മാനസം ....
എല്ലാം കഴിഞ്ഞു, തെറിച്ചുപോയെൻ കൊച്ചു-
പുല്ലാങ്കുഴലിന്നു ചെങ്കോൽ പിടിപ്പു ഞാൻ
കൃത്യബാഹുല്യം കലാസക്തിതൻ കണ്ണു-
പൊത്തുന്നു, യന്ത്രമായ്ത്തീരുന്നു ഹന്ത ഞാൻ ...
ചൈത്രം വരുമ്പോൾ പറക്കുകയാണെന്റെ
ചിത്തമാ വൃന്ദാവനത്തിലേക്കിപ്പൊഴും...

  • ഭാമ:


ഇടയപ്പെണ്ണുങ്ങളവരേക്കാണാഞ്ഞി-
ട്ടിടനെഞ്ഞങ്ങേയ്ക്കിന്നുടയുന്നോ?
വിവിധ കൗമാരചപലകേളികൾ
വിവശതയങ്ങേയ്ക്കരുളുന്നോ?
പരിഭവിക്കല്ലേ പറയുമ്പോൾ, ലജ്ജാ-
കരമാണോർക്കി ലക്കഥയെല്ലാം!
നിഖിലലോകൈകപതിയാകും ഭവാൻ
നിലമറന്നേവം പറയല്ലേ!

  • ശ്രീകൃഷ്ണൻ:


നിലകൾ, കഷ്ടം നിലകളതൊക്കെയും
നിഴലുകൾ തൻ കഥകളാണോമനേ!
ഇതുവരേക്കെത്ര സിംഹാസനങ്ങൾതൻ
ഗതിവിഗതികൾ കണ്ടു മൽക്കണ്ണുകൾ
അതിനു തക്കതാം കൈയൂക്കൊടേൽക്കുകി-
ലചലമല്ല ഹിമാലയം കൂടിയും.
...............................
...............................
സമതയിലാണു സൗഖ്യവും ശാന്തിയും
സഹജഭാവമാണാത്മോത്സവാസ്പദം.
ഉയരൽ താഴ്ചയ്ക്കു താങ്ങിനല്ലെങ്കിലെ-
ന്തുയരലാണതിന്നർത്ഥമെന്തൂഴിയിൽ?
വലിയവർക്കു ഞാൻ വൈരിയാണെപ്പൊഴു-
മെളിയവർക്കുള്ളതാണെന്റെ ജീവിതം.
മണിമയോത്തുംഗഹർമ്മ്യശതവ്യത-
മഹിതമാണിന്നീ ദ്വാരകയെങ്കിലും
ഇടയർ വാഴുന്നൊരോലമേഞ്ഞുള്ളൊര-
ക്കുടിലുകൾ ചൂടിനിൽക്കുന്ന ഗോകുലം
അകലെനിന്നെന്നെ മാടിവിളിക്കയാ-
ണകമലിഞ്ഞുപോമാർദ്രസ്മിതങ്ങളാൽ.
സുഖമിതാണെന്നു മൂളിക്കുവാൻ സദാ
നഗരമീർഷ്യയിൽ ശാഠ്യം പിടിക്കവേ,
അമരസംതൃപ്തി നൽകിലും ഞാൻ, വെറു-
മഗതിയെന്നൊഴിയുന്നു നാട്ടിൻപുറം!
അവിടമൊക്കെ വിട്ടിങ്ങോട്ടു പോന്നതൊ-
ട്ടരമനതൻ തടവാളിയായി ഞാൻ
അരുതെനിക്കു മറക്കാനൊരിക്കലു-
മറിയുകെൻ ജീവനാണു വൃന്ദാവനം!

  • ഭാമ:


ഭംഗിവാക്കോതും യഥേച്ഛമായെന്നല്ലാ-
തങ്ങേയ്ക്കു ഞങ്ങളിൽ സ്നേഹമില്ല.
ഞങ്ങളോ?-തെറ്റിപ്പോയല്ലല്ലാ ഞാൻ മാത്ര-
മങ്ങേക്കെന്നോടൊട്ടും സ്നേഹമില്ല.
ദേഹവും ജീവനുമങ്ങേയ്ക്കായർപ്പിച്ചു
സ്നേഹത്തിൻ ദാസിയായ് ഞാനിരിക്കേ
എന്നെ തൃണപ്രായം തട്ടിമാറ്റി ത്രസി-
ച്ചെങ്ങോ കുതിപ്പൂ തവാന്തരംഗം.
എന്നല്ലൊരായിരം ഭാഗ്യങ്ങളൊത്തൊരു-
കന്യാമണിയായി ഞാൻ ജനിച്ചു.
ഭാഗ്യാനുഭൂതികൾ തൻ മലർമെത്തയി-
ലത്തലറിയാതെ ഞാൻ സുഖിച്ചു.
ഓജസ്സും തേജസ്സും മൂർത്തിമത്താമൊരു
രാജാധിരാജനെ ഞാൻ വരിച്ചു.
പിന്നെയോ?- കണ്ണുനീർ, കണ്ണുനീരല്ലാതെ-
യൊന്നെനിക്കെന്തുണ്ടീന്നെന്റെയായി?
ആരറിഞ്ഞീടുവാൻ നിശ്ശബ്ദദു:ഖമി-
താരോടു ചൊല്ലി ഞാനാശ്വസിക്കും?

  • ശ്രീകൃഷ്ണൻ:


കഷ്ട, മെന്തിനിക്കണ്ണുനീരേവം
വിട്ടൊഴിയുകൊന്നീ ദു:ഖഭാവം.
എന്നെ നീ വൃഥാ തെറ്റിദ്ധരിപ്പൂ
പിന്നെ ഞാൻ നിന്നോടൊത്തുകഴിപ്പൂ.
ഉൽക്കടപ്രേമസാന്ദ്രമാണെന്നാ-
ലുദ്ധതമാണു നിന്മനമിന്നും.
അഭ്യസൂയയാണാശങ്കകൾക്കു-
ള്ളുത്ഭവസ്ഥാനമെന്നു നീയോർക്കൂ.
നിന്നഴലിന്നേകനിദാനം
നിന്നിലാളുന്ന സ്വാർത്ഥതമാത്രം.
വിശ്വഗാളസഹസ്രങ്ങളോളം
വിസ്തൃതം മമ രാഗാർദ്രചിത്തം.
മൊട്ടുസൂചിതൻ തുമ്പത്തുനിർത്തി-
ക്കെട്ടുവാനുള്ള നിന്നതിമോഹം
പട്ടുനൂലിഴ പോകുന്നു പക്ഷേ,
പൊട്ടുകയാണതാർക്കതിൽ കുറ്റം?
ഉദ്യമം വ്യർത്ഥമാകെ നിൻ ഹൃത്തി-
ലുജ്ജ്വലിക്കുന്നു മേൽക്കുമേൽ കോപം.
ആയതിൻ പുകയാണു നിൻ ശോകം
നീയതാകെക്കെടുത്തുക വേഗം.
ദേഹചിന്ത വെറും വെറും മോഹം
സ്നേഹലക്ഷ്യമോ പാവനത്യാഗം.
ഒന്നു നോക്കുകെൻ നേരെ നീ ഭാമേ,
നിന്നൊടൊന്നു ഞാൻ ചോദിച്ചിടട്ടെ.
കൊന്നിടാതെ മനസ്സാക്ഷിതന്നെ-
ച്ചൊന്നിടേണമെന്നോടു നീ സത്യം.
എന്നെ വേട്ടതിൽ സന്തോഷമിന്നും
നിന്നകക്കാമ്പിലൂറുന്നതില്ലേ?

  • ഭാമ:


അവിടുന്നെൻ പ്രാണേശനായതോർത്താ-
ലതിരറ്റതാണെന്റെ പൂർവപുണ്യം.

  • ശ്രീകൃഷ്ണൻ:


അന്നു നീയുന്നതകൗതുകം പൂ-
ണ്ടെന്നെ വേട്ടീടുവാനെന്തു ബന്ധം?

  • ഭാമ:


അവിടത്തെ വേൾക്കാൻ കൊതിച്ചിടാത്ത
യുവതിയേതുണ്ടിജ്ജഗത്രയത്തിൽ?
സകലസൗഭാഗ്യസുഖസമേതൻ
സരസിജാസ്ത്രോപമൻ സാർവ്വഭൗമൻ
ഭുവനാന്തവിക്രമൻ ധർമ്മശീലൻ
വിവിധവിജ്ഞാനവിഹാരലോലൻ
സരസൻ, ദയാമയൻ, സ്നേഹസാന്ദ്രൻ
സവിലാസൻ, കമ്രകലാരസികൻ
അവികലപുണ്യമിയന്നിടാതാർ-
ക്കവിടത്തെപ്പത്നീപദം ലഭിക്കും?

  • ശ്രീകൃഷ്ണൻ:


വല്ലഭനായെന്നെ വേട്ടതിലൽപവു-
മില്ല നിനക്കു നിരാശയെങ്കിൽ
എന്തിന്നു പിന്നെയിത്താപവുമീർഷ്യയും
ചിന്താഭാരവും പരിഭവവും?

  • ഭാമ:


..................................
..................................

(അപൂർണ്ണം)

a

"https://ml.wikisource.org/w/index.php?title=വസന്തോത്സവം&oldid=52482" എന്ന താളിൽനിന്ന് ശേഖരിച്ചത്