വത്സല

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പ്പുഴവക്കിലെക്കായ്കനിത്തോപ്പിലൊ-
രപ്സരകന്യയെക്കാണാം,
പൊന്നുഷസ്സന്ധ്യയുമന്തിയും ചെങ്കതിർ
ചിന്നിച്ചിരിക്കുമ്പോഴെന്നും;
നിഷ്കളങ്കത്വമുടലെടുത്തങ്ങനെ
നിൽക്കുന്ന വിസ്മയം പോലെ!

സത്സ്വഭാവത്തിനന്നാ നാട്ടിലൊട്ടുക്കു
'വത്സല'യെന്നാണു നാമം!
അന്വഹാരാധനയ്ക്കങ്കമൊരുക്കുമ-
ക്കന്യകാജീവിതക്ഷേത്രം,
പാവനചിന്തതൻ തീർത്ഥാടനങ്ങൾക്കു
പാരിജാതത്തണലായി!
പ്രത്യഹശാന്തിയും, കാന്തിയും, കൈകോർത്തു
നൃത്തം നടത്തുമാ നാട്ടിൽ
ശാലീനതയ്ക്കൊരു മുദ്രപോ, ലാ മുഗ്ധ-
ബാലികയങ്ങനെ മിന്നി!....ചാരത്തു, ചാരത്തു, കാണാതടിവെച്ചു-
താരുണ്യമാമന്ദമെത്തി,
പൊട്ടിച്ചിരിച്ചുകൊണ്ടപ്പൂവുടലൊന്നു
കെട്ടിപ്പിടിച്ചപ്പൊഴേയ്ക്കും,
ഞെട്ടി, ക്കുതറിയകന്നു, പരിഭവ-
പ്പെട്ടു, ലജ്ജിച്ചതുപോലെ,
ആ വനകോരകം പാതിവിടർന്നു നി-
ന്നാമോദധാമമായ് മിന്നി!
മാറത്തുതാമരമൊട്ടിട്ട യൗവന-
മായിമഹേന്ദ്രജാലം,
തൽക്കലാപൂർത്തിതൻ വൈജയന്തിക്കൊരു
പൊൽക്കസവിട്ടതുപോലെ,
ഉത്സാഹലോലയാ വത്സലബാലയൊ-
രുത്സവദായിനിയായി!പല്ലവീതങ്ങളാം വല്ലികളോടവൾ
സല്ലപിക്കുന്നതുകാണാം.
ചെല്ലസഖികളായ് നിൽക്കുന്നൊരുർവ്വശി-
മുല്ലകൾ പൂക്കുന്നകാലം,
ഓണമാ, ണാവശ്യമില്ലവൾക്കന്നൊട്ടു-
മൂണുമുറക്കവും പോലും!
നോവുതട്ടീടിലോ തോഴിമാ,ർക്കോമലാൾ
പൂവറുത്തീടുകില്ലൊന്നും!
ബാലതൻ മുഗ്ധകലാസ്വാദനത്തിന്റെ
വേലിയേറ്റത്തിൻപുളപ്പിൽ,
സുന്ദരമക്കനിത്തോപ്പൊരു നൂതന-
നന്ദനാരാമമായ് മാറി!
അത്തൊടിതൻ പടിവാതിലിൽ പൂക്കാല-
മെത്തി, മുട്ടീടുമ്പൊഴേക്കും,
ശ്രീലമഗാമം മുഴുവനും സൗരഭ-
ച്ചോലയിൽ മുങ്ങുകയായി!കൊച്ചരിപ്രാക്കളു, മക്കിളിവാതിലിൽ,
പച്ചക്കിളികളുമെത്തും.
കൈത്താമരത്തണ്ടിൽ നെന്മണിയോരോന്നു
കൊത്തിക്കൊറിച്ചങ്ങിരിക്കും.
തത്തകൾ മുറ്റത്തു മാതളത്തൈകളിൽ
തത്തിപ്പറന്നു കളിക്കും.
പൂവുടലാളിൻ തുടയിൽ തലചായ്ച്ചു,
'പോവില്ല ഞാ'നെന്ന മട്ടിൽ,
ഞാവൽപ്പഴവും കരണ്ടുകൊണ്ടങ്ങനെ
പൂവാലനണ്ണാനിരിക്കും
ആ മെയ്യുരുമ്മിത്തലയുയർത്തിക്കൊണ്ടൊ-
രോമനപ്പേടമാൻ നിൽക്കും!അച്ഛനൊ,ത്തേവ,മപ്പുൽക്കുടിലിങ്കല-
ക്കൊച്ചുശകുന്തള മിന്നി!!....

ദ്വിതീയ വീചിക

രുമറിഞ്ഞിടാതന്നൊരു 'ദുഷ്ഷന്ത'-
നാരോമലാളിൻ ഗൃഹത്തിലെത്തി.
മധ്യാഹ്നത്തീവെയ്ലിലാ മംഗളാംഗനാ-
മദ്ധ്വഗൻ വാടിത്തളർന്നിരുന്നു.
ക്ഷീണവും തീവെയ്ലുമൊന്നിച്ചു നെറ്റിയിൽ
മാണിക്യക്കല്ലു നിരത്തിവയ്ക്കെ,
ദാഹ,മവനുടെ തൊണ്ടയ്ക്കകത്തെന്തോ
സാഹസംചെയ്യാൻ തുനിഞ്ഞിരുന്നു.
എങ്കിലു, മേതോ കുലീനതാദീപ്തിത-
ന്നങ്കുരരശ്മികളാ മുഖത്തിൽ,
"ആദരിച്ചീടേണമെന്നേ'-യെന്നുള്ളൊരു
വാദം സമർത്ഥിച്ചു നിന്നിരുന്നു.
ആ മുഖഭാവമതന്യർക്കുപോലു,മൊ-
രാദരാവേശകമായിരുന്നു!സ്വച്ഛജലാർത്ഥിയായ് മുറ്റത്തണഞ്ഞൊരാ
പ്രച്ഛന്നകാമനെക്കണ്ടനേരം,
സംഭൂതമായിതവൾക്കൊരു നേരിയ
സങ്കോചസംഭ്രമപാരവശ്യം.
ഏകയാണോമലാ, ളച്ഛനില്ലാതിത്ഥ്യ-
മേകുവാ,നെ,ങ്ങനെ മാറിനിൽക്കും?
അദ്ധ്വഗനാഗത,നർദ്ധവചോദ്ഗത-
നർത്ഥിതസ്വാഗത,നദ്ഭുതാംഗൻ!
എങ്ങനെയെന്തിനിച്ചെയ്യണം, ചൊല്ലണം?
എങ്ങനെ കാണാത്തമട്ടുകാട്ടും?
ഏകനിമേഷം പരുങ്ങലിൽപ്പെട്ടവ-
ളേതുമോർക്കാതെ പകച്ചുനിൽപായ്
പിന്നത്തെ മാത്രയിൽ സ്ത്രീസഹജോചിത-
കർമ്മവൈദഗ്ദ്ധ്യത്തിൻ കന്ദളികൾ
മിന്നിക്കിളർന്നിതവളുടെ ചേതനാ-
മണ്ഡലത്തിന്റെ വിശാലതയിൽ!നാണം വിലക്കിലും പുല്ലുപായൊന്നെടു-
ത്തേണാക്ഷി തിണ്ണയിൽ സജ്ജമാക്കി.
ആഗതനാദരപൂർവകം സസ്മിതം
സ്വാഗതമോതിനാൾ മോഹനാംഗി.
ആകമ്രകാന്തി വഴിഞ്ഞു വിളങ്ങും തൻ
കായ്കനിത്തോട്ടത്തിലോടിയെത്തി,
നാരകക്കൊമ്പിലെ സ്വർണ്ണഗാളത്തിലൊ-
ന്നാരാൽപ്പറിച്ചെടുത്താത്തവേഗം,
ഞെക്കിപ്പിഴിഞ്ഞതു നീരിൽക്കലർത്തി,ത്ത-
ന്നുൾക്കാമ്പുപോലെ മധുരമാക്കി,
അജ്ഞാതനാകുമതിഥിതൻ മുന്നിൽ വെ-
ച്ചദ്ഭുതഗാത്രിയൊതുങ്ങിനിന്നു!-ആ മധുരാമൃതപാനീയപാനവു-
മാ മംഗളാകാരദർശനവും,
ഓതാവതല്ലാത്തൊരാനന്ദനിർവൃതി
ചേതസ്സിലർപ്പിച്ചിതപ്പുമാനിൽ!
തിങ്ങിത്തുളുമ്പും കൃതജ്ഞതകാരണം
ഭംഗിയിരട്ടിച്ച കൺമുനയാൽ,
തൂണിന്റെ പിന്നിൽ മറഞ്ഞുനിന്നങ്ങനെ
നാണംകുണുങ്ങുമാ മിന്നലിനെ,
ഓമനിച്ചോമനിച്ചോമൽപ്പുളകത്തിൻ-
പൂമാല ചാർത്തിച്ചൂ പുഷ്പബാണൻ!പൊന്നുടലാർന്നൊരാ പ്രേമഗാനത്തിന്റെ
മുന്നിലവൻ കണ്ട ദേവലോകം
ആയിരമായിരമജ്ഞാതസ്വപ്നങ്ങൾ
ചായംപിടിപ്പിച്ചതായിരുന്നു!
ആയിരമായിരം സൽക്കാരശാലയി-
ലാകർഷണങ്ങൾതൻ വീചികളിൽ,
നീന്തിത്തളർന്നു പരിചയിച്ചുള്ളതൻ
സ്വാന്തമിച്ചിന്തയ്ക്കധീനമായി:
'ചൂടിൻ തളർച്ച സഹിക്കാ, മിക്കൺമുന-
യോടു ഞാനെമ്മട്ടെതിർത്തുനിൽക്കും?
സാമാന്യയല്ലിവ, ളാസ്വദിച്ചെങ്കിലീ
ഗാമീണപുഷ്പത്തിൻ തൂമരന്തം!
തൽക്കാല,മാദ്യത്തെ ദർശനംപോലുമി-
സ്സൽക്കാരംകൊണ്ടു നിറംപിടിക്കേ,
ആശയ്ക്കു മാർഗ്ഗം യഥേഷ്ടമു,ണ്ടൗദാര്യ-
രാശിയായ് ഞാനുമഭിനയിക്കിൽ! ...."ആ നിഷ്കളങ്കയാം ഗാമീണബാലയു-
മാനന്ദസ്തബ്ധയായ് നിന്നുപോയി.
എന്തെന്നറിയാത്തോരേതോ മിന്നൽപ്പിണ-
രന്തരംഗത്തിലുയർന്നുപൊങ്ങി,
ഓരോസിരയിലുമൊറ്റഞൊടിക്കുള്ളി-
ലോളമിളക്കിപ്പുളഞ്ഞൊഴുകി,
ഏതോ വിദൂരമാം ശൂന്യതാസിന്ധുവി-
ലാപതിക്കുമ്പോലവൾക്കു തോന്നി!
സങ്കൽപം നിർമ്മിച്ചോരാമേഖലയിലെ-
ത്തങ്കക്കതിർതോറുമൂയലാടി,
ഓമലിൻ ചേതനയോരോരോ ഗന്ധർവ്വ-
ഭൂമി പിന്നിട്ടു കടന്നുപോയി.
എല്ലാം വെളിച്ചവുമെല്ലാം സുഗന്ധവു-
മെല്ലാം പുളകവുമായിരുന്നു.
ആകൽപകാലം ഹാ, നീണ്ടുനീണ്ടങ്ങനെ
പോകിലാ സ്വർഗ്ഗീയസന്മുഹൂർത്തം! . . .ഏകാന്തതയുടെ വീണയിലാമട്ടു
മൂകതകൊണ്ടവർ പാട്ടുപാടി!!


തൃതീയ വീചിക

ചെണ്ടണിഞ്ഞു ചിരിച്ചു പിന്നെയും
രണ്ടുവട്ടമത്തോപ്പുകൾ,
ഫുല്ലയൗവനാശ്ലേഷിതാംഗിയാ-
യുല്ലസിക്കയാണിന്നവൾ,
ആ വനപുഷ്പം വാരിവീശിയ
ലാവണ്യത്തിൻ പരിമളം
ആനയിച്ചു വിദൂരതയിൽനി-
ന്നായിരം ശലഭങ്ങളെ,
വന്നപോൽ, കഷ്ടം, പിന്മടങ്ങിപ്പോ,
യൊന്നുപോലവയൊക്കെയും!
സന്തതം രാഗചിന്തയിൽ മനം
നൊന്തുനൊന്തു വിവശയായ്,
കണ്ണുനീരിൽക്കഴിച്ചു നാളുകൾ
കൺമണി മാത്രമെന്തിനോ!
ആരുമാരുമറിഞ്ഞതി,ല്ലവ-
ളാരാധിക്കുമദ്ദേവനെ.
പുത്രിയെപ്പരിണീതയാക്കുവാ-
നുദ്യമിച്ചൊരത്താതനോ,
ക്ഷീണചേതനനായവസാനം
വീണടിഞ്ഞു നിരാശയിൽ! ...സദ്രസം വീണ്ടുമാ മലനാട്ടി-
ലെത്തിയാപുഷ്പസായകൻ;
ഉൽക്കടഗീഷ്മസ്സുഖവാസ-
ദിക്കിൽവാണുകഴിയ്ക്കുവാൻ.
പ്രത്യഹം ഭജിച്ചിഷ്ടദൈവതം
പ്രത്യക്ഷപ്പെട്ട മാത്രയിൽ,
വേനലിൽ മഴയേറ്റ മുല്ലപോ-
ലാനന്ദിച്ചൂ വിലാസിനി.
രണ്ടുനാൾകൊണ്ടപ്പൂർവ്വസൗഭഗം
ചെണ്ടണിഞ്ഞിതാ മേനിയിൽ!...ആത്തമോദമിരുന്നിടുമവ-
നാറ്റുവക്കിൽ വന്നന്തിയിൽ.
തെല്ലകലെത്തൻ കായ്കനിത്തോപ്പി-
ലുല്ലസിക്കുമാ മോഹിനി.
മൺമുനകളാൽ സല്ലപിച്ചുകൊ-
ണ്ടങ്ങുമിങ്ങുമിരുന്നവർ,
സ്വപ്നമോരോന്നു കാണു, മാ രംഗം
സ്വർഗ്ഗവേദിയായ് മാറിടും!
ഉണ്ടവർക്കേറ്റമാഗഹമൊന്നു
മിണ്ടുവാൻ തമ്മി, ലെങ്കിലും,
ഒത്ത,തില്ലത്തൊടിക്കകത്തെന്നു-
മച്ഛനും കാണുമന്തിയിൽ!
എന്നിരിക്കിലും, മൂകസന്ദേശ-
മൊന്നുരണ്ടല്ലൊരായിരം,
കൈവിരൽകളാൽ, കൺമുനകളൽ,
കൈമാറുമവർ തങ്ങളിൽ,
ഓരോരോ ദിനമാവിധമൊരു
ചാരുസൗരഭധാരയിൽ
മുക്കിമുക്കിക്കഴിച്ചുകൂട്ടിനാ-
രുൾക്കുതുകമോടന്നവർ!കാതരേ, വെറും പാഴ്കിനാവിൽ നിൻ
കാലമിങ്ങനെ പോകിലോ? . . .


ചതുർത്ഥ വീചിക

"നിയേഴുനാളേക്കു ഞാനിവിടെ-
ത്തനിയെയാ, ണദ്ദേഹമെത്തിയെങ്കിൽ!
വരികയില്ലച്ഛനൊരാഴ്ചയോളം
കഴിയാ,തിതെന്തു സുവർണ്ണഘട്ടം!
ഒരുപക്ഷേ, കാര്യം മനസ്സിലായാൽ
വരുമായിരിക്കുമാക്കോമളാംഗൻ!
അറിയിപ്പതെങ്ങനെ?-വല്ലപാടു-
മറിയിച്ചാ,ലിന്നെന്നോടെന്തുതോന്നും?
ഒരുവാക്കു മിണ്ടുവാൻ പോലു, മൊന്നു
തരമായിട്ടില്ലെനിക്കിത്രനാളും.
മദനോപമാംഗനു വേണമെങ്കിൽ
മമ ജീവൻപോലും ഞാനേകുമല്ലോ!! ..."പരിചിലദ്ദേഹത്തിനെൻ പ്രണയ-
ചരിതമിതൊട്ടുമറിഞ്ഞുകൂടേ?
മഹിയിലിന്നോളം ഞാനെത്രയെത്ര
മനുജരെ,ക്കഷ്ടം, ഹതാശരാക്കി!
അവശഞാനിന്നിസ്സഹിപ്പതെല്ലാ-
മവരുടെ ശാപങ്ങളായിരിക്കാം!
അനുപമാകാര, മൽപ്രാണനാള-
മനുബന്ധിപ്പിച്ചു ഭവാനൊടീ ഞാൻ
തവ പാദദാസിയാമെന്നെയോർത്ത-
ത്തരളഹൃദയം തുടിപ്പതില്ലേ?
അവിടുന്നെൻ സങ്കൽപവിഗഹത്തെ-
യരികിൽച്ചേർത്താശ്ലേഷം ചെയ്വതില്ലേ?...."മിഴിയടച്ചാൽ ഭവാനെന്നരികി-
ലഴകിൽക്കുളിച്ചു വന്നെത്തുമല്ലോ!
അവിടുത്തെ സ്വപ്നങ്ങളാകമാന-
മതുപോലെൻ സാന്നിധ്യസാന്ദ്രമല്ലേ?
ഒരുദിനം രാഗവിവശനായെ-
ന്നരികിലെങ്ങാൻ ഭവാൻ വന്നുചേർന്നാൽ,
ഹൃദയാധിനാഥ, നിൻ മുന്നിൽ ഞാനെൻ
ഹൃദയം മലർക്കെത്തുറന്നുകാട്ടും.
അതിലെപ്രണയത്തിൻ ദർശനത്തി-
ലവിടുന്നതിശയപ്പെട്ടുപോകും.
പരിചി,'ലെന്നോമനേ'യെന്നു ചൊല്ലി-
ക്കരയുഗമങ്ങെന്റെ നേർക്കുനീട്ടും.
അവിടുത്തെക്കെട്ടിപ്പിടിച്ചു, ഞാന-
സ്സുവിമലവിസ്തൃതമാർത്തടത്തിൽ
തലചായ്ച്ചു തേങ്ങിക്കരയു,മപ്പോൾ
പല സാന്ത്വനങ്ങൾ ഭവാനരുളും.
അതുകേട്ടു ഞാനക്കവിൾത്തടത്തിൽ
മതിമറന്നായിരമുമ്മവെയ്ക്കും!
പുരുമോദാലെന്നെത്തലോടി,യങ്ങു
പുളകംപുരട്ടുമെൻ പൂവൽമെയ്യിൽ!
'പറയുകെൻ വത്സലേ, നിന്നെയീ ഞാൻ
പരിണയിക്കുന്നതു സമ്മതമോ?'
അവിടുന്നു ചോദിക്കുമെന്നോടേവ-
മതു കേട്ടു ലജ്ജയിൽ ഞാനലിയും.
വിവരണാതീതമാം മോദവായ്പിൽ
വിറകൊണ്ടു നിൽക്കുമെൻ ചിത്തപുഷ്പം!
'ശരിതന്നെ, യച്ഛനും സമ്മതിക്കിൽ'-
പരിചിൽ ഞാൻ പുഞ്ചിരിയിട്ടുചൊല്ലും.
'അതിനെന്തു വൈഷമ്യ'-മെന്നു ചൊന്നെ-
ന്നധരത്തിലങ്ങൊരു മുദ്രചാർത്തും.
മൃദുകരബന്ധനത്തിങ്കൽനിന്നും
കുതറിപ്പിടഞ്ഞു ഞാൻ മാറിനിൽക്കും!....!"അവിടുന്നെന്നച്ഛൻ മടങ്ങിവന്നാ-
ലഭിമതമൊക്കെത്തുറന്നരുളും.
അവിചാരിതാനന്ദസാഗരത്തി-
ലവശനായച്ഛൻ കുഴഞ്ഞുവീഴും.
അനുരാഗലോലരാം നമ്മെയച്ഛ-
നനുയോജിപ്പിച്ചന്നനുഗഹിക്കും!
തവ സഹധർമ്മിണിയായി ഞാനീ-
യവനിയിൽത്തൃപ്തയായുല്ലസിക്കും!
ഉടലുമെൻ പ്രാണനും ത്വൽപദത്തി-
ലടിയറവച്ചുഞാനാത്തരാഗം,
തവ ഭക്തദാസിയായ് മേവി, നിത്യ-
മവിരളശാന്തി സമാസ്വദിക്കും!
അവിടുന്നു വീണ്ടും ജനിച്ചപോ,ലൊ-
രരുമപ്പൂമ്പൈതലിന്നമ്മയായ്, ഞാൻ..."ഒരുകാലടിയോച്ച കേട്ടു ഞെട്ടി-
ത്തരളാക്ഷിയൊന്നു തിരിഞ്ഞുനോക്കി.
പടികടന്നെത്തുന്നു സാന്ധ്യദീപ്തി-
യുടലിലണിഞ്ഞുകൊണ്ടാ മദനൻ!
അവൾ പിടഞ്ഞേറ്റു...മുന്നോട്ടു നീങ്ങാ-
നരുതി,തെന്തുന്മാദപാരവശ്യം!!അതുവെറും സ്വപ്നമോ, മായയോ?-ഹാ!
മതിമറന്നോമലാൾ നിന്നുപോയി!!


പഞ്ചമ വീചിക

യിരം മിന്നലൊരുമിച്ചു ഹൃത്തട്ടി-
ലാളിപ്പടർന്നു കുഴങ്ങുമത്തയ്യലാൾ,
ആഗതനായൊരതിഥിയെസ്സസ്മിതം
സ്വാഗതം ചെയ്തുവിടർന്ന മിഴികളാൽ
തിങ്ങിത്തുളുമ്പിയൊരോമന്മുരളികാ-
സംഗീതമാ മുഗ്ദ്ധചിത്തത്തിലൊക്കെയും!....കുന്നിന്റെ പിന്നിൽ മറഞ്ഞുനിന്നങ്ങനെ
മന്ദഹസിച്ചു മനോജ്ഞസായന്തനം!
വെള്ളിനക്ഷത്രം കിളർന്നൂ പടിഞ്ഞാറു
ഫുല്ലാനുരാഗപ്രതീക്ഷപോലങ്ങനെ!
മന്നിലുലഞ്ഞൂർന്നുവീണുതുടങ്ങി,യാ
വിണ്ണിങ്കൽനിന്നുമിരുൾത്തിരശ്ശീലകൾ!
പ്രേമപ്രസന്നമാം നർമ്മസല്ലാപത്തി-
ലാമഗ്നരായിക്കഴിയുകയാണവർ!!...മിന്നിയില്ലന്തിത്തിരി,യന്നുമാത്രമാ
മന്ദിരത്തിങ്കൽ!-നടുങ്ങീ വിലാസിനി.
ഇത്രയുംനേരമൊരദ്ഭുതസ്വർഗ്ഗത്തിൽ
നൃത്തംചവിട്ടിയ ചേതനയിങ്കലോ,
പാഴ്നിഴൽ വീശുന്നതീ മണൽക്കാടിന്റെ
മേനിയും ഹാനിയും?-സംതൃപ്തയാണവൾ!
എങ്കിലും, നിത്യനിയമവിഭഞ്ജന-
ശങ്കയാ,ലൽപമധീരയായോമലാൾ,
അന്തിവിളക്കു കൊളുത്തിഞൊടിക്കുള്ളി-
ലന്തികത്തെത്തുമാ ലാവണ്യലക്ഷ്മിയെ
മിന്നിവിടർന്ന വിശാലനേത്രങ്ങളാ-
ലുമ്മവെച്ചുംകൊണ്ടിരുന്നിതാക്കോമളൻ!
ഉൾപ്പുളകാർദ്രയായ് നിൽക്കുമത്തന്വിക്കു
സ്വപ്നസമാനമായ്ത്തോന്നീ സമസ്തവും!തേനിറ്റുവീഴും സ്വരത്തിലക്കാമുക-
നാനന്ദപൂർവ്വം തുടർന്നു തൻ ഭാഷണം:
"ഇന്നച്ഛനില്ലെന്നറിഞ്ഞതുകൊണ്ടാണു
വന്നതിവിടെക്കടന്നു ഞാൻ, വത്സലേ!"
"എമ്മട്ടറിഞ്ഞൂ?" - വളർന്നൊരുൽക്കണ്ഠയാൽ
മൺമണിചോദിച്ചു രാഗപ്രസന്നയായ്.
'വത്സലേ, നിന്റെ വളപ്പിൽനിൽക്കും വെറും
പുൽക്കൊടിത്തുമ്പൊന്നനങ്ങിയാൽക്കൂടിയും,
ആരുംപറയാതെതന്നെ, സുസൂക്ഷ്മമാ-
യാ നിമിഷത്തിലറിയും 'സദാശിവൻ'.
അത്രയ്ക്കലിഞ്ഞുകഴിഞ്ഞുപോയ് നിന്നിലെൻ
ചിത്ത,മതു നീയറിവിതോ വത്സലേ?
സദ്രസം നിന്നെത്തനിച്ചിദം കാണുവാ-
നെത്രനാളായ് ഞാൻ കൊതിപ്പിതെന്നോമനേ!"കോരിത്തരിക്കും മനസ്സുമായിത്ഥമ-
ക്കോമളാപാംഗിയാളോതീ മധുരമായ്:
"അങ്ങയെ ധ്യാനിച്ചു രണ്ടു സംവത്സരം
കണ്ണീരിൽമുങ്ങിക്കഴിഞ്ഞവളാണു ഞാൻ!"
"ഞാനും കൊതിച്ചു ഭജിച്ചതാ,ണേവമീ-
യാനന്ദരംഗം സമാഗതമാകുവാൻ!...."
എന്നാൽ നമുക്കിസ്സുദിനം സുഖാപ്തിതൻ
വെന്നിക്കൊടി പറപ്പിച്ചു കഴിക്കണം!"

തൻ പണസ്സഞ്ചിയിൽനിന്നും ധനപത്ര-
ഖണ്ഡത്തിലൊന്നെടുത്തുദ്വേഗപൂർവ്വകം
ആരോമലിൻനേർക്കു സാകൂതമായ് നീട്ടി-
യാ രമ്യരൂപൻ! - നടുങ്ങീഗുണവതി!!

"ഇപ്പോൾ പണത്തിനു ബുദ്ധിമുട്ടുണ്ടെനി-
ക്കിപ്പത്തുരൂപയിരിക്കട്ടെ, വത്സലേ,
മല്ലികയിന്നു തനിച്ചു കിടന്നിട-
ട്ടില്ല, പോകുന്നില്ല വീട്ടിലേക്കിന്നു ഞാൻ!"

'മ. .ല്ലി. . ക - മല്ലിക' - ഗദ്ഗദം കാരണം
വല്ലാതെയസ്സാധു വീർപ്പുമുട്ടീടിനാൾ!
'മല്ലിക തീരെക്കിടപ്പാണൊരൊന്നര-
ക്കൊല്ലമായ്, നീയറികില്ലയോ, വത്സലേ?
സാരമില്ലീ രാത്രി നമ്മൊളൊരുമി,ച്ച-
താരുമൊരാളുമറികില്ലൊരിക്കലും!..."

തീരാത്ത കൂരിരുൾ!-കഷ്ടമായ് വത്സലേ,
വേരറ്റുപോയി നിന്നാശകൾ സർവ്വവും.
നീ കിതയ്ക്കുന്നുവോ?-വഞ്ചിതയായി നീ!
ലോക,മിതാണയേ ലോകം, മനസ്വിനി!..."വത്സലേ! .. ഞാൻ..എന്റെയാശ .."യക്കാമുകൻ
തത്സമീപത്തേക്കടുക്കുന്നു വഞ്ചകൻ!
അസ്സാധുഞെട്ടിവിറച്ചു-തിമിരത്തിൽ
വിശ്വമടിഞ്ഞു-തെറിപ്പു വെൺതാരകൾ!
ലോകം കറങ്ങുന്നു ...ചക്രവാളങ്ങളിൽ
തീകത്തിയാളുന്നു ...മൂളുന്നു മൂങ്ങകൾ!
മുന്നിൽ മുഴുവൻ ഫണം വിടുർത്തിപ്പാഞ്ഞു
വന്നുകൂടീടുന്നു കാളസർപ്പാളികൾ!
ഞെട്ടുന്നു, ചുറ്റും മിഴിച്ചുനോക്കുന്നു ...ഹാ!
കഷ്ടമവൾക്കുറയ്ക്കുന്നില്ല കാലുകൾ!
'ദുഷ്ടൻ!'. . വിറക്കൊണ്ടു ഗർജ്ജിച്ചു, തൽക്കരം
തട്ടിമാറ്റി, ത്താഴെ മൂർച്ഛിച്ചുവീണവൾ!...അപ്പുഷ്പബാണൻ പിശാചായി പെട്ടെന്നു
സ്വപ്നങ്ങൾ മാഞ്ഞൂ,യഥാർത്ഥമായ്സ്സർവ്വവും!
മുന്നോട്ടുനീങ്ങി, യാക്കൊച്ചുവിളക്കിലെ
പ്പൊന്നെതിർനാളം കെടുത്തിപ്പൊടുന്നനെ
കൊട്ടിയടച്ചു കവാട, മിരുട്ടിലാ-
പ്പട്ടുടൽ കോരിയെടുത്തൂ നരാധമൻ! ...പ്രജ്ഞയില്ലാത്തൊരാക്കന്യകാവിഗഹം!-
പൊട്ടിത്തെറിക്കാത്തതെന്തു നീ വാനമേ?
പങ്കമേലാത്തൊരച്ചാരിത്രം!-എന്തിനു
ശങ്കിപ്പു, ലോകം വിഴുങ്ങൂ, സമുദ്രമേ!
നിസ്സഹായത്വം!-നിയമനിർമ്മാണത്തിൽ
ബദ്ധമാണിപ്പോഴുമല്ലി നീ, ലോകമേ?വാനിൽത്തിളങ്ങുന്ന സത്യദീപങ്ങളേ,
ഹാ, നിങ്ങളെങ്കിലും സാക്ഷ്യം വഹിക്കണേ!!...


ഷഷ്ഠ വീചിക

കുളിർമതിലേഖ പൊങ്ങി, യപ്പാതിരാ-
ക്കിളി ചിലച്ചു ... ചരിച്ചു മന്ദാനിലൻ.
മിഴി തുറന്നൂ മനോഹരി;-ജാലക-
പ്പഴുതിലൂടെത്തിയേണാങ്കരശ്മികൾ!
വിഗളിതാംശുകയായൊരുമെത്തയിൽ
വിവശമയ്യോ കിടക്കുകയാണവൾ.
നവമരന്ദം യഥേച്ഛം കവർന്നെടു-
ത്തെവിടയോ പോയി മത്തമധുകരം!
മലിനമായ്ത്തീർന്നി,തിന്നുതൊട്ടാരുമാ
മലരിനെപ്പറ്റി വാഴ്ത്തില്ലൊരിക്കലും!
ഇതളുതിർന്നതു വീഴണം ശൂന്യമാ
മിരുളി,ലുൽക്കടനൈരാശ്യസീമയിൽ!...അമിതരോഷവുമുഗനൈരാശ്യവു-
മലയടിച്ചുതകർന്നമനസ്സുമായ്,
അവൾ പിടഞ്ഞെഴുനേറ്റു;-ഹാ, കാൺമതി-
ല്ലവിടെയാരെയു,മെങ്ങുപോയ് കശ്മലൻ?
ഝടിതി ദീപം കൊളുത്തി,ത്തളർന്നത-
ന്നുടലിൽ നോക്കിക്കരഞ്ഞിതപ്പൈങ്കിളി,
തളിരെതിർപ്പിഞ്ചധരപുടങ്ങളിൽ,
കുളുർകുചങ്ങളിൽ,ച്ചെഞ്ചോരമുദ്രക്കൾ-
വിഷഭരിതനാമാ വിടവൃശ്ചികം
രുഷിതനായ്ച്ചെയ്ത ദംശനപ്പാടുകൾ
അവ വിളംബരംചെയ്യുന്നു മൗനമാ-
യധമമാമൊരു പൈശാചികോത്സവം!
അവൾ വിറകൊണ്ടു!-ലോകമേ, നീയിരു-
ന്നവസരോചിതനീതി നിർമ്മിക്കണേ!....അവിടെയാ,ദ്ധനപത്രം കിടപ്പതു-
ണ്ടധമനാമവനിട്ട കാണിക്കപോൽ.
അതുകടന്നെടുത്തായിരം ഖണ്ഡമാ-
യവൾ പറത്തീ പരിസരവായുവിൽ!
അവയെനോക്കിച്ചിരിച്ചു വിക്ര്6തമാ-
യമിതരോഷേണഗർജ്ജിക്കയാണവൾ:
'പ്രണയ,മയ്യോ,പ്രണയം!-പ്രപഞ്ചമേ,
നുണപറഞ്ഞെന്നെയെത്ര വഞ്ചിച്ചു നീ?
കരുതിയില്ല ഞാനിന്നേവരേക്കുമീ-
ക്കുരുതിപൂശിയ കാമസർപ്പോത്സവം!
ഇതിനുമാത്രമോ ദേഹ, മെന്നാലതിൽ
ഹൃദയമെന്തിനു ബന്ധിച്ചതീശ്വരൻ?
എരിപൊരിക്കൊണ്ട മാംസദാഹങ്ങളേ,
നരകമാക്കുന്നു നിങ്ങളിപ്പാരിനെ!
വെറുതെനിങ്ങൾ വിടില്ല, വിടില്ലൊരു
ചിറകൊടിഞ്ഞ പൂമ്പാറ്റയെക്കൂടിയും!! ...പകലിരവു ഭജിച്ചു, നിസ്വാർത്ഥതാ-
പരിധിയിൽവെച്ചു ഞാനൊരു ദേവനെ.
ഒരു പിശാചാണതെന്നുള്ള വാസ്തവം
കരുതിയില്ല, കിനാവിലും കൂടി ഞാൻ!
പുരുഷനല്ലവൻ, മർത്ത്യനുമല്ലവ-
നൊരു മൃഗമ,ല്ലതിലുമധഃകൃതൻ.
അവനെയീവിധം സ്നേഹിക്കുവാനെനി-
ക്കവസരം വെച്ച മുജ്ജന്മപാപമേ!
ഒരു തരുണിതൻ ജീവിതത്തിങ്കലും
പതിയരുതു നീ മേലിലൊരിക്കലും!വരു കുഠാരമേ, നീതന്നെ വേണമി-
ദ്ധരണിയിൽ മൽപ്രതികാരം നടത്തുവാൻ.
കരിപിടിച്ചതാമാ വിടഹൃത്തിലി-
ക്കുരുതികൊണ്ടു നീ കുങ്കുമം ചാർത്തണം!
പുരുഷലോകപരാക്രമകാഹള-
ത്തിരയിളക്കുന്ന നൽച്ചരിത്രങ്ങളേ,
വികൃതമിജ്ജഡം നിങ്ങൾ ക, ണ്ടക്ഷണം
വിഗതഗർവ്വരായ് ലജ്ജിച്ചു ചൂളണം! ...
ഒരു ഫലമില്ലതുകൊണ്ടു,മെന്തു ഞാൻ
കരുതി?- ലോകമിതുതന്നെയെപ്പൊഴും!
അവനെ നിഗഹിച്ചീടുകിൽത്തീർന്നുപോ..
മതിനൊടൊപ്പമവനുള്ളതൊക്കെയും!
അതുലമാമൊരു നേട്ടമാ, ണിന്നവ-
നതിനവസരം നൽകുകയില്ല ഞാൻ!
മരണമെത്ര സുഖദ,മിജ്ജീവിതം
ദുരിതപൂർണ്ണ,മതാണതിദുസ്സഹം.
വിടകുലാധമാ, പൊയ്ക്കൊൾക, നിർഭയം
വിടുകയാണിതാ നിന്നെയതിനു ഞാൻ!
ഇതിലുമുഗപ്രതികാരമൊന്നുമി-
ക്ഷിതിയിലില്ല ഞാൻ നിന്നോടു ചെയ്യുവാൻ!അവനു കാമകൃതാർത്ഥതയ്ക്കേവമെ-
ന്നവശഗാത്രമിരയായിതെങ്കിലും,
അറിവു, ഞാനൊരു ഗർഭിണിയാവുകി-
ല്ലറികയുമില്ല ലോകമിതൊന്നുമേ!
പഴയമട്ടൊരു സാവിത്രിതന്നെയായ്
കഴിയുവാനില്ല വൈഷമ്യമൽപവും.
പ്രിയതമനെയും കിട്ടുമെനിക്കു, ഞാൻ
സ്വയമതിനൊന്നു സമ്മതം മൂളുകിൽ.
പരമവഞ്ചനയാണതെന്നാകിലും
പരിലസിക്കാമെനിക്കിദ്ധരിത്രിയിൽ!
ക്ഷണികമാ വെറും സ്വപ്നത്തിനെന്തിനായ്
പണയമേകണമെൻ മനസ്സാക്ഷി ഞാൻ?
വിഫലമാത്മാർത്ഥരാഗം, വിഷമയ-
വികൃതമാണിപ്രപഞ്ചം, ഭയങ്കരം!
ഇവിടെനിന്നിനി വീർപ്പുമുട്ടാനെനി-
ക്കരുതു, ഞാനും വരുന്നു മരണമേ!
അതിവിശുദ്ധനാമെൻ പ്രിയതാതനൊ-
രശുഭദർശനയാവുകയില്ല ഞാൻ!ഇതുവിധത്തിലൊരാത്മഹത്യയ്ക്കു ഞാൻ
മുതിരുകിലെന്നെ ലോകം പഴിച്ചിടും.
ചിലരിതു വെറും ഭീരുത മാത്രമായ്
പ്രലപനങ്ങൾ നടത്തും പലവിധം.
അതിനെനിക്കെന്തു?-ധീരയായ്ത്തന്നെ ഞാ-
നിത വരുന്നൂ, വരുന്നൂ, മരണമേ! .."ഒരു കുഠാരമാ മുഗ്ദ്ധഹൃത്തിങ്കലെ-
പ്പരമരാഗം പകർത്തി ചെഞ്ചോരയിൽ!!

                                   ഒക്റ്റോബർ 1943.

"https://ml.wikisource.org/w/index.php?title=വത്സല&oldid=52460" എന്ന താളിൽനിന്ന് ശേഖരിച്ചത്