Jump to content

ലീലാങ്കണം/സ്വപ്നവിഹാരി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

(വഞ്ചിപ്പാട്ട്)

ചരമാർക്കന്നവസാന മരീചിയും മറയവേ
വരരണംസമാപ്തിയിട്ടൊഴിഞ്ഞൂ യോധർ!

ചുടുനിണക്കളംതന്നിൽപ്പിടച്ചീടും കബന്ധങ്ങൾ
ചുടലയിലേക്കു ചുമന്നെടുത്ത നേരം.

പകലാകെപ്പടപൊരുതുടലാകെ മുറിപ്പെട്ടു
സ്വകതനു തളർന്നൊരു യുവസുഭഗൻ,

മടങ്ങിത്തൻകുടീരത്തിൻ പുറത്തുള്ള മനോജ്ഞമാം
മടുമലർക്കാവിൽവന്നു മയങ്ങിവീണു

മലയമരുത്തും, ശീതംനിറഞ്ഞ ചന്ദ്രികച്ചാർത്തു-
മലമവനരുളിനാൻ സുഷുപ്തിസൗഖ്യം!

മിഴിയിണകളിൽ വന്നു മിളിതരസേന പുൽകീ
വഴിയേ നിദ്രാദേവിയാം നിലിമ്പനാരീ!

ആ മധുരദർശിനിതൻ മടിത്തട്ടിൽ കിടന്നുകൊ-
ണ്ടമന്ദസൗഖ്യംകൊൾകയായവൻ ക്ഷണത്തിൽ.

"അടർ തീർന്നു; പിരിയുവാനനുമതി ലഭിച്ചു; തൻ
പടകുടീരവും, വെടിഞ്ഞുടൻ തിരിച്ചൂ

അകലെയാം നിജനാട്ടിലരഞൊടിയിടയ്ക്കുള്ളി-
ലകമലർ തെളിഞ്ഞുകൊണ്ടണഞ്ഞൂ യോധൻ!

നുരയിട്ടു തിരതല്ലുമരുവിച്ചാട്ടവു,മതി-
ന്നരികിലെ വനപ്പച്ചപ്പടർപ്പുകളും,

അതിനുള്ളിൽ പൈങ്കിളികൾ പൊഴിച്ചീടും ഗാനങ്ങളും
പുതുപൂക്കൾ പരത്തീടും പരിമളവും,

നിജചിത്തം കുളുർപ്പിച്ചു; നിരവധി നിരന്നുക-
ണ്ടജങ്ങളുമറിവുറ്റോരിടയന്മാരും,

അവരോടിയടുത്തെത്തിപ്പിരിഞ്ഞതുതൊട്ടതുവരെ-
യവനുടെ വൃത്താന്തങ്ങൾ തിരക്കുകയായ്.

പരമസന്തുഷ്ടിപൂണ്ടു പലതുമവരോടോതി-
പ്പിരിഞ്ഞൂ, തൽഗൃഹത്തിന്റെ നടക്കാവായീ!

ഇരുവശത്തണിചേർന്നു വിളഞ്ഞനെൽപ്പാടങ്ങളെ-
പ്പുരുകുതുകേന നോക്കി മനംകുളിർത്തു!

പലമട്ടിൽപ്പാട്ടുപാടിപ്പരിചൊടപ്പാടംതന്നിൽ
ചില ചെറുമികൾ കൊയ്ത കതിർക്കറ്റകൾ

വരമ്പിൽ കുന്നുപോൽ കാണായ്: കമലപ്പെൺകൊടിയാൾതൻ
വരഹേമസമകുചകലശംപോലേ!

അവ കൊത്തിവച്ചിറകടിച്ചവിടത്തിൽ പറന്നീടും
വിവിധ വർണ്ണത്തിലുള്ള കിളിക്കൂലവും,

കുയിൽവിളിച്ചുണർത്തിവിട്ടിളകിപ്പൊന്നണിയിള
വെയിലിൽക്കളിക്കും ചിത്രശലഭങ്ങളും,

അകതാരിലതിമോദം വളരുമാറണഞ്ഞു; തൻ
പുകൾപെറും സദനത്തിൻ പടിപ്പുരയിൽ.

ശിഥിലകുന്തളത്തൊടും മധുരസുസ്മിതത്തൊടും
വ്യഥയറ്റു നിജപുത്രി വിലസീടുന്നൂ!

അരികിൽ ചെന്നതിവേഗാൽ ഗളംകുനിച്ചെടുക്കയാ-
യരുമക്കുഞ്ഞിനെ, മെയ്യിൽപ്പുളകം ചാർത്തി.

അകത്തുനിന്നണഞ്ഞൂ തന്നകമലർമണിദീപം-
പികമൊഴി-പ്രിയപത്നി-പ്രണയമൂർത്തി!-

നറുനിലാവൊളിയിളംഹസിതലേശത്തിനാലും
മറിമാനും മടുപ്പൊരു കടാക്ഷത്താലും,

കുതുകാൽ സ്വാഗതംചൊല്ലും കുവലയമിഴിയെത്താ-
നതുലരാഗത്തോടെത്തിയെതിരേല്ക്കയായ്.

വിരഹമേ,യൊടുവിൽ നിൻ വിജയത്തിൽ സുഖിപ്പതിൽ-
പരമിനിയുണ്ടോ ഭാഗ്യം പ്രണയികളിൽ!

പരമസംതൃപ്തയായിപ്പരിചരിച്ചിരിക്കും തൻ
പരഭൃതമൊഴിയാളാം പ്രിയതമയും

അരികിലായ് കൊഞ്ചിനില്ക്കും നിജ ഭാഗ്യലതികതൻ
പരിമളാഞ്ചിതവിരിമധുമലരും

ഒരുമിച്ചു വസിക്കുന്നൂ,"..."ഉണരുക, വേഗം, നോക്കൂ-
കരുണോദയമായ്,മതിയുറക,മേൽക്ക"

ഇതുവിധം നിജമേനി കുലുക്കിവിളിച്ചുണർത്തു-
ന്നതിലളവറ്റെഴുന്ന നീരസത്തോടെ,

നയനങ്ങൾ ചിമ്മി ഞെട്ടിയുണർന്നിതു സാധു നിജ-
പ്രിയ, പുത്രി, സദനവും മറഞ്ഞുപോയീ!

ആരോമൽപ്പുത്രിയാൾ തൂകീനിന്ന കിളിക്കൊഞ്ചൽ യുദ്ധ-
ഘോര'ഘണ്ടാ' നിനദത്തിൽ ലയിച്ചുപോയീ!

‌‌‌‌‌‌__________

*From English, a free translation

"https://ml.wikisource.org/w/index.php?title=ലീലാങ്കണം/സ്വപ്നവിഹാരി&oldid=52459" എന്ന താളിൽനിന്ന് ശേഖരിച്ചത്