ലീലാങ്കണം/ശാന്ത

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

(കാകളി)

ഒന്ന്

'ജീവേശ!'- സാരിയാൽ കണ്ണീർ തുടച്ചുകൊ-
ണ്ടാ വേപിതാംഗിയാം 'ശാന്ത' ചൊല്ലീടിനാൾ!
"മൽപ്രാർത്ഥനകളവഗണിച്ചീവിധം
മൽപ്രാണനായകൻ ചെയ്യുന്ന സാഹസം-
ഭീമാപരാധം- സഹിക്കാതെ മാഴ്കയാ-
ണീ മാതൃമേദിനി- മാഹാത്മ്യശാലിനി!
അമ്മഹാധന്യയാമമ്മയെക്കാക്കുവാൻ
ധർമ്മയുദ്ധം ചെയ്വൂ നമ്മുടെ സോദരർ!
അത്രയ്ക്കു ഭക്തരാം മർത്ത്യർതൻ മാറിലോ
തത്രഭവാനിറക്കേണ്ടതീയായുധം?
ഭീകരം,ഭീകരം,ചോരപ്പുഴയൊലി-
ച്ചാവിലമാകയാ, യാർഷഭൂ, കഷ്ടമേ!
അമ്മതൻ പിഞ്ചുസുതരിലൊന്നല്ലയോ
ധർമ്മനിരതൻ ഭവാനും?- ഭയങ്കരം!
എന്നിട്ടുമീ'ലാത്തി' നീന്തിക്കുളിപ്പിച്ചു
തൻ നാട്ടുകാരുടെ ഹൃദ്‌രക്തവാപിയിൽ!
ഈ വസ്ത്രമെല്ലാം കളഞ്ഞണിചേർത്തിടും
ശ്രീവാച്ചിടും 'ഖദർ' ദിവ്യാംബരത്തൊടും.
തത്സഹജാതരോടൊത്തു ധർമ്മാങ്കത്തി-
നുത്സുകനായിഗ്ഗമിക്ക ശീഘ്രം ഭവാൻ!
എങ്കിൽ കൃതാർത്ഥ ഞാൻ!- താവകജീവിതം
പങ്കിലമാക്കൊലിപ്പാതകവൃത്തിയാൽ! ....

ഈവിധം ചൊല്ലും ദയിതയെ നോക്കാതെ
ഭാവം പകർന്നു കുതിരപ്പുറത്തുടൻ,
ചാടിക്കരേറിത്തിരിക്കയായ് 'ലാത്തി' തൻ
മോടിക്കു പാണിയിലേന്തിജ്ജവം പുമാൻ,
കണ്ണിൽനിന്നും വല്ലഭൻ മറയുംവരെ-
ക്കണ്ണുനീർവാർത്തു വാതിൽക്കൽ നിന്നാൾ സതി!

രണ്ട്

ധർമ്മഭടർതന്നിടയിലവരുടെ
മർമ്മംപിളർന്നു മദിക്കുന്നു 'ലാത്തി'കൾ!
ചോരക്കളമൊന്നു തീരുന്നു; ഭാനുമാൻ
നീരദപാളിയ്ക്കിടയ്ക്കൊളിച്ചീടുന്നു!
നായകൻ 'ലാത്തി'യൊന്നോങ്ങിയതേറ്റൊരു
നാരീലലാമം പതിക്കുന്നു ഭൂമിയിൽ!
'ശാന്തേ! മമ പ്രിയശാന്തേ!' - വിലപിച്ചു
താന്തനായ് വാജിപ്പുറത്തുനിന്നക്ഷണം
ചാടിയിറങ്ങുന്നു കണ്ണുനീർവാർത്തൊരു
ധാടികൂടീടുന്ന പട്ടാളനായകൻ!

ഓമലെത്തൻകരവല്ലിയിലേന്തിയാ-
ദ്ധീമാൻ രണതലംവിട്ടു പിന്മാറിനാൻ!
തൻ പുരശീതളാരാമത്തിലെത്തവേ
ചെമ്പകവല്ലിക വാടിത്തളർന്നുപോയ്!
പുൽത്തട്ടിൽ മന്ദം പ്രിയയെശ്ശയിപ്പിച്ചു
ഹൃത്തീയെരിയും പുമാനുറ്റസംഭ്രമാൽ,
ഘോരമാമക്ഷതസൃക്പ്രവാഹം നിജ-
വാരിളം തൂവലാൽ തടുത്തോതിനാൻ!

'എന്തു നീ ചെയ്തു മൽശാന്തേ?-തുടരുവാൻ
ഹന്ത! കഴിഞ്ഞീലവനശ്രുധാരയാൽ.
ഓതിനാൾ-ജീവേശ,പോരും വിഷാദ,മെൻ
ഭൂതികരമൃത്യുവിൽ തപിക്കായ്‌കിനി!
ഞാനെൻ കടമനിറവേറ്റി;മറ്റില്ലൊ-
രാനന്ദപൂരമെനിക്കു കൈവന്നിടാൻ!
ധന്യയായ്; ഞാനെന്റെ പൂതയാമംബതൻ
സ്തന്യാമൃതത്തിൻ മധുരമറിഞ്ഞുപോയ്!
ഇന്നിമേലെങ്കിലുമിങ്ങനെ വാഴുവാൻ
തന്നെ,യെൻ നാഥൻ നിനയ്ക്കാതിരിക്കണേ!"

ആ മകരന്ദപ്രവാഹം നിലച്ചു; തൽ-
ക്കോമളക്കൺമിഴിരണ്ടുമടഞ്ഞുപോയ്!

കണ്ണുനീർ മാരിപൊഴിച്ചു കാർകൊണ്ടലേ,
വിണ്ണു,ന്മുഖം നോക്കി വീർപ്പിട്ടു കൊൾകിനി!

"https://ml.wikisource.org/w/index.php?title=ലീലാങ്കണം/ശാന്ത&oldid=23189" എന്ന താളിൽനിന്ന് ശേഖരിച്ചത്