ലീലാങ്കണം/വസന്താവസാനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

(അന്നനട)

ഉദയഭാസ്കരകിരണങ്ങൾ തട്ടി
മുദിതഭാവത്തിലുണർന്നുവെങ്കിലും,
കഴിഞ്ഞരാത്രിതൻ സ്മരണയാലുടൻ
മിഴിയിണ തെല്ലു കലുഷിതമായി,
വ്യഥയേറ്റുല വൃഥാ വിലപിക്കുമൊരു
പഥികനോടിദം പറഞ്ഞുകോകിലം;

"പരിതപിക്കൊലാ, പഥിക, നീ വൃഥാ
പരിണതഭാഗ്യവിധു മറകയാൽ,
ക്ഷണികമാമതിൻ മനോജ്ഞസുസ്മിത-
കണികകണ്ടു നിൻകരൾ കുളുർത്തനാൾ,
മറഞ്ഞുപോയെങ്കിൽ മറയട്ടെ അതു
നിറമെഴും മഞ്ജുമഴവില്ലുപോലെ;
പരമശോഭയാൽ പരിലസിച്ചുകൊ-
ണ്ടരഞൊടിക്കുള്ളിൽ മറഞ്ഞുപോയതാം!
ഭവജലധിതൻ തിരകളിൽപ്പെട്ടു
വിവശനാകാതില്ലൊരുവനെങ്കിലും,
മനോരഥത്തിലെ, മണിമയാസ്തരം
മനോഹരമെന്നു കരുതുന്നുണ്ടെങ്കിൽ;
മരീചിക, കണ്ടു മനംമയങ്ങിടു-
മൊരു, മാൻകുഞ്ഞിന്റെ നിലയിലാണു നീ!
കഴിഞ്ഞ സൗഭാഗ്യസ്മൃതികളാൽ തവ
മിഴികൾ തെല്ലിനി വികസിക്കുമെങ്കിൽ,
അതു മതി; വൃഥാ ലയിച്ചിടേണ്ടയീ-
പുതുമലരിന്റെ പുതുസുഷമയിൽ!"

കനലൊളിയാർന്ന കതിരോൻ, പാരിടം
കനകകാന്തിയിൽ കഴുകിടുംനേരം,
കരളുരുകിന കുമുദിനി കഷ്ടം,
തെരുതെരെ ചുടുനെടുവീർപ്പിട്ടിതാ,
വിരളശീകരഹിമകണങ്ങളാൽ
കരഞ്ഞിടുന്ന കണ്ടഹങ്കരിച്ചുടൻ;
നലമൊടാടിടും നളിനപാളികൾ
പലതരം നിന്നു പരിഹസിക്കുന്നു
തിരകലിൽ താണു മറഞ്ഞ തിങ്കളിൻ
കരളിതു കണ്ടു തകർന്നിരിക്കണം!
മധുകരികതൻ മദാലസ്യം കണ്ടൂ
മധുരസുസ്മിതം പൊഴിച്ച മാലതി,
അരികത്തെത്തിന ശലഭങ്ങളൊടു
സരസസല്ലാപം സമാരംഭിക്കവേ,
മലരണിമണം പകർന്നു നല്കുവാൻ
മലയമാരുതൻ കരഞ്ഞുചൊന്നിടും,
തുനിഞ്ഞിടായ്കയാൽ തുഹിനമോഹന
വനപ്പച്ചക്കച്ച വലിച്ചിഴയ്ക്കുന്നൂ!
കദംബകാനനകമനീയാൾക്കപ്പോൾ
വദനം കോപത്താലരുണമായ്ത്തീർന്നു
പരുങ്ങുന്നെന്തിനു ലതകളേ, നിങ്ങൾ
മരുൽകിശോരകൻ വരുന്നതു കാൺകേ?

മഴമുകിൽ നീങ്ങിഗ്ഗഗനവൃക്ഷത്തിൻ
കിഴക്കേക്കൊമ്പെല്ലാം തളിർത്തു നിൽപായി
തരംഗവല്ലകി തെരുതെരെ മീട്ടി-
ത്തരംഗിണീഗണം തടവറ്റു പാടി
മമതാമദ്യത്തിൻലഹരികൊണ്ടിടും
മമ മനമെന്തോ, പരിതാപം തേടി!
വിലാസരംഗവും വിലാപരംഗവു-
മുലകിടത്തിനുള്ളിരുവശങ്ങളാം!

കൊടുമുടി വാനിൻ നിറുകയിൽ മുകർ-
ന്നുടനുടനെന്തോ രഹസ്യംചൊൽകയാം!
പ്രണയശക്തിതൻ പല തത്ത്വങ്ങളും
ഗുണികളാമവരറിഞ്ഞിരിക്കണം!
മലർവല്ലി കെട്ടിപ്പുണർന്നിടുന്നൊരീ
മലയമാരുതൻ മഹിതജീവിതൻ,
എവിടെയും കാണ്മൂ പ്രണയജ്യോതിസ്സിൻ
സുവർണ്ണസുന്ദരനിഴലാട്ടങ്ങൾ ഞാൻ.
ഇവൻമാത്രമൊരു നിഹതൻ, നിസ്സാരൻ
വിവശമാനസൻ, വിചാരവിഹ്വലൻ."

വനാന്തലക്ഷ്മിതൻ വിരിമാറിലൊരു
പനിനീരലരായിജ്ജനിച്ചു ഞാനെങ്കിൽ!
വരാഭ വാർന്നിടും വനമലർ തെണ്ടും,
വരിവണ്ടായി ഞാൻ പിറന്നിരുന്നെങ്കിൽ!
മിനുത്ത മാന്തളിരശിച്ചു പാടിടും-
വനപ്രിയയായി വസിച്ചിരുന്നെങ്കിൽ!
മതിബിംബത്തിനേക്കൊതിച്ചുകൊണ്ടു നീ
മതി കുതിച്ചതെൻ ശിഥിലചിത്തമേ!

മനോജ്ഞമാകന്ദമകരന്ദമുണ്ടു
മദോന്മത്തനായിമയങ്ങുമാക്കുയിൽ,
പഥികൻ-എന്നോടു, പറഞ്ഞതൊക്കെയെൻ
കഥകളാണെന്നു കരുതിയില്ല ഞാൻ!

അതെങ്ങേ?-മതി 'വസുമതി' മമ
മതിയിതുവിധം പിളർത്തിടായ്ക നീ!
അവളെച്ചിന്തിച്ചൊട്ടവശനാകാത്തോ-
രവസരമിവനാണുപോലുമുണ്ടോ?

"മമ ജീവിതമാം മലർക്കാവിങ്കലെ-
സ്സുമവിഭൂഷിത 'വസന്ത' ലക്ഷ്മിയാൾ
നിജവിലാസങ്ങൾ നിറുത്തുവാനിതാ
നിനച്ചതുപോലെ നിലകൊണ്ടീടുന്നൂ!
മധുരദാമ്പത്യമകരന്ദത്തിനാൽ
മനോജ്ഞമായ്‌ത്തീർന്ന മദീയജീവിതം
അവസാനിക്കുമീയവസരസ്മൃതി-
യവശേഷിക്കുമോ തവ ഹൃദന്തത്തിൽ?"

വസന്തകാലമൊട്ടവസാനിക്കവേ
വസുമതിയെന്നോടുരച്ചതാണിദം

ശരി,ശരി,യവൾ പരീക്ഷിച്ചു മമ
പരിണയാൽപരപ്രണയനൈർമ്മല്യം
അറിഞ്ഞിരിക്കണമമലയാമവൾ
കറയെഴാത്തൊരെൻ കരളിനേപ്പറ്റി!

വസന്തവുംപോയീ വസുമതിയും പോയ്
വസുന്ധരയിപ്പോൾ നരകതുല്യമായ്!
മടുമലർവാടി വെടിഞ്ഞു ഞാൻ ചെന്നാ-
ചുടുകാടിന്നകം കടക്കട്ടേ വേഗം!
അവിടമാണെന്റെയകതളിർ വെന്നോ-
രനർഘശക്തിതന്നഭയസങ്കേതം!
ചുടുനെടുവീർപ്പിട്ടുറക്കെ, ക്കേണാലി-
ച്ചുടലക്കാടിനോ കനിവുദിക്കുന്നൂ?

നിലമറന്നെന്നോ നിലവിളിച്ചുപോയ്
നലമൊടെൻകുറ്റം ക്ഷമിക്ക കൂട്ടരേ!

"https://ml.wikisource.org/w/index.php?title=ലീലാങ്കണം/വസന്താവസാനം&oldid=52458" എന്ന താളിൽനിന്ന് ശേഖരിച്ചത്