Jump to content

ലീലാങ്കണം/പ്രഥമതാരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

വാരഞ്ചിടും കുളുർവരക്കുറിയിട്ടണഞ്ഞൊ-
രാ, രമ്യസന്ധ്യയുടെ ഫാലമലങ്കരിക്കും,
താരത്തനിക്കനകചിത്രകമേ, നിനക്കു-
ള്ളോരപ്രഭാവലയമൂഴിയലങ്കരിപ്പൂ!

വാടിത്തളർന്ന പകലിൻ വളർമേനിതാങ്ങാ-
നോടിക്കിതച്ചു രജനീമണിയെത്തിടുമ്പോൾ,
മോടിക്കു ചേർന്നപടി നീ മൃദുഹാസലേശ-
മോടിക്ഷമാംബികയെ നോക്കിരസിച്ചിടുന്നു!

പോകാൺ തുനിഞ്ഞു ദിനനായക;നംബരത്തി-
ലേകാധിപത്യമിനിയിന്ദുവിനാണുതാനും,
ആകാം തനിക്കിവിടെ നിശ്ചലനൃത്ത,മാർക്കു-
മാകാ വിലക്കുവതിനീവിധമോർക്കയോ നീ?

മന്ദാകിനീമൃതുതരംഗമെടുത്തു തുള്ളും
മന്ദാഭയാർന്ന കനകക്കതിരേ, നിനക്കായ്
മന്ദാരമഞ്ജരികൾതോറുമണഞ്ഞലഞ്ഞ
മന്ദാനിലൻ സുമസുഗന്ധമെടുത്തുനിൽപൂ!"

ആനന്ദക്കുളുർകന്ദമേ, രജനിതൻ വാർകുന്തളക്കെട്ടിലെ-
ക്കാനപ്പൂങ്കണികേ, കലങ്ങിമറിയും കണ്ണിന്നു കർപ്പൂരമേ!
വാന,ല്ലിന്നു വസുന്ധരാവലയവും വർഷിച്ചു വർത്തിച്ചിടു-
ന്നാ,നൽശാന്തിയെഴുന്ന മന്ദഹസിതം നിന്മേന്മ വാഴ്ത്തുന്നിതോ!

"https://ml.wikisource.org/w/index.php?title=ലീലാങ്കണം/പ്രഥമതാരം&oldid=23190" എന്ന താളിൽനിന്ന് ശേഖരിച്ചത്