Jump to content

ലീലാങ്കണം/ഉദ്യാനത്തിൽവെച്ച്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സന്ധ്യാരുണൻ തൻ കിരണവ്രജത്താൽ
ചെഞ്ചായമിട്ടുർവ്വി മിനുക്കിടുമ്പോൾ
മിളദ്‌ദ്രസം മർമ്മരഗീതി പാടി-
യിളംകുളുർത്തെന്നലലഞ്ഞിടുമ്പോൾ.

മുദാന്വിതം പക്ഷികൾസൂക്തികൗഘം
മുഴക്കിയങ്ങിങ്ങു പറന്നിടുമ്പോൾ,
ഒരോമനപ്പൂന്തൊടിതന്നകത്തു
വസിച്ചിരുന്നൂ പ്രണയാർദ്രി ഞങ്ങൾ! (യുഗ്മകം)

ഒരഞ്ചിതപ്പൊൻപനിനീരലർച്ചെ-
ണ്ടണിഞ്ഞ തൻ പാണികളൊന്നിനാലേ,
ഇടയ്ക്കിടെ, ബ്ബന്ധമഴിഞ്ഞു കാറ്റി-
ലുലഞ്ഞ പൂഞ്ചായലൊതുക്കിവെച്ചും.

ചിലപ്പോൾ വീർപ്പേറ്റു തുളുമ്പീടും തൻ
മനോജ്ഞമാം മാർത്തടവർത്തി ഹാരം
ചലിപ്പതോർക്കാതെയയൂ, മുജ്ജ്വലപ്പൂം-
സാരിത്തലത്തുമ്പു ചെടിപ്പടർപ്പിൽ,

മരുത്തിൽ മാറിച്ചെറുചില്ലയൊന്നിൽ-
ക്കുരുങ്ങിനിൽക്കുന്നതു കണ്ടിടാതെ
പ്രേമാർദ്രമായ് നർമ്മവചസ്സു ചൊന്നും
മദീയചിത്തേശ്വരി വാണിരുന്നൂ!

അപാംഗവീക്ഷാവിശിഖാളിയേറ്റു
പിളർന്നു മന്മാനസകുംഭമപ്പോൾ
അതിങ്കൽ നിന്നിങ്ങനെ നിർഗ്ഗളിച്ചൂ
പ്രേമസ്ഫുരന്മാധുരി മന്ദമന്ദം;

"ജീവാധിനാഥേ! ഭുവനം നമുക്കു-
തമോവൃതത്താൽ നിറവുറ്റതല്ല
മിന്നിത്തിളങ്ങും പ്രണയപ്രദീപം
തെളിച്ചു സൗഭാഗ്യസുവർണ്ണസൗധം!"

"പാഴാക്കിടേണ്ടീക്കനകക്കതിർച്ചാർ-
ത്തണിഞ്ഞകാലം വ്യഥപൂണ്ടു നമ്മൾ
വരുന്ന ഗാന്ധർവ്വവിവാഹലക്ഷ്മീ-
പദങ്ങളിൽച്ചെന്നു പതിച്ചു കൂപ്പാം!"

കരങ്ങൾചേർത്തക്കമനീയമായ
സന്ധ്യാവിലാസൽ സുമുഹൂർത്തമൊന്നിൽ,
കടന്നു ദാമ്പത്യവിരിപ്രസൂന-
വാടിക്കകം രാഗഹൃദന്തർ ഞങ്ങൾ!

ജയിക്ക ഗാന്ധർവ്വവിവാഹലക്ഷ്മീ-
വിലാസവായ്പ്പേ, പ്രണയപ്പടർപ്പേ
ജയിക്ക ദാമ്പത്യവിലാസലക്ഷ്മീ-
യപാംഗയുഗ്മപ്രഭതൻ പകർപ്പേ!