ലീലാങ്കണം/അപരാധി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

(കേക)
ഒന്ന്
വല്ലികാവൃതമായ വാടികയ്ക്കകത്തൊരു
നല്ലാർമൗലിയാളേകാകിനിയായ് വസിക്കുന്നു!

വാരുണീകപോലത്തിൽ തങ്കം കുങ്കുമപങ്കം
ചാരുവെൺകരങ്ങളാൽ തുടച്ചു താരാനാഥൻ.

ഇരവിൻ കരിങ്കൂന്താലായിടുമിരുൾ ചിക്കി-
ച്ചൊരിവൂ പനിനീരിൻ ശീതളവെൺതുള്ളികൾ

ശരദാകാശാംഗന നിദ്രാവൈവശ്യം പൂണ്ടു
താരനേത്രങ്ങൾ മന്ദമടച്ചുതുറക്കുന്നൂ!

അന്ത്യമായ്‌ത്തരുക്കളെയാശ്ലേഷിച്ചെങ്ങോ പോയി-
പ്പൂന്തെന്നൽപോലും നിദ്രചെയ്യുവാനാരംഭിച്ചു.

നിദ്രതൻ പരിഷ്വംഗത്താലപ്പോൾ പ്രകൃത്യംബ
സദ്രസം വശഗയായ് നിശ്ചലം നിലകൊൾവൂ!

പാതിയും തീർന്നൂ രാവിൻനർത്തനം, ഗാനാൽപ്പരം
പാതിരാപ്പതത്രിയും നിദ്രയിൽ പങ്കുകൊണ്ടാൻ

ക്രമുകാവലികൾതൻ പുതുപൂക്കുല പൊട്ടി-
യമലാമോദമപ്പോളവിടെപ്പരക്കയായ്!

ഓമലാൾ നെടുതായ വീർപ്പുവിട്ടനന്തരം
തൂമുഖത്താമരത്താരൊന്നു പിതിരിക്കവേ,

അന്തികേ കണ്ടീടിനാളിഷ്ടതോഴിയാളാകും
'സാന്ധില്യ'തന്നെ-സന്താപാവിഷ്ടയെ-സാധുവെ.

ത്വരയാർന്നവൾ വേഗം ചോതിപ്പൂ:- "തോഴീ! അവ-
നുരചെയ്തൊരു വാക്യം മുൻചൊന്ന വൃത്തംതാനോ?"

ചൊല്ലിനാൾ സഖീ:- "ഭദ്രേ! ദുഷ്ടനാമവൻ നിന്നെ
വല്ലമട്ടിലും ചതിച്ചീടുവാൻ മുതിരുന്നു

സദ്വൃത്തയാകും നിന്റെ സാരോപദേശമെല്ലാം
വ്യർത്ഥമാണവനോടു ഫലിക്കില്ലവയൊന്നും!

പോക നാമുറങ്ങുവാൻ, പാതിര കഴിഞ്ഞുപോ-
യാകുലംവേണ്ട നിന്നെ രക്ഷിച്ചീടുന്നുണ്ടു ഞാൻ.

താവകചിത്തേശന്റെ താരുണ്യപ്പൂങ്കാവിലെ-
പൂവണിത്തൂമരന്ദം മൃഷ്ടമായ് നുകർന്നീടാൻ,

നിന്നെ ഞാൻസഹായിക്കാ, മവൻതന്നരവാളി-
നെന്നുടെ കണ്ഠരക്തമർപ്പണം ചെയ്തെങ്കിലും.

ഇന്നു നാം പരസ്പരം നമ്മുടെയുറക്കറ-
യൊന്നു മാറ്റേണം-എങ്കിൽ സർവ്വവും സഫലമായ്

നിത്യവും നിദ്രചെയ്യും നിൻമച്ചു മാറ്റീടാഞ്ഞാ-
ലത്യാപത്തടുത്തു വന്നെത്തിടും നിസ്സംശയം.

അങ്ങിനെ വന്നാകിൽ നിൻ മാനസേശ്വരൻ തന്റെ
മംഗളഭാഗ്യോദയമക്ഷണം നശിച്ചുപോം!

പാടില്ല,മൽജീവിതം തുച്ഛമാ-ണതു തീർക്കാ-
നാടലില്ലല്പംപോലും താവകാർത്ഥമായ്ശ്ശുഭേ!

ഈ മട്ടിലുരചെയ്തു തോഴി, സ്വാമിനിയെത്തൻ
പൂമണിമേടതന്നിലേക്കുടൻ നയിക്കയായ്!

രണ്ട്

കോമളമായീടുന്നൊരാമണിമേടതെന്റെ
പൂമച്ചിൻ കവാടമൊന്നുഗമാം കൃപാണത്താൽ

ദലനംചെയ്തുകൊണ്ടു ദനുജാകാരനേകൻ
നിലയും മറന്നതാ ചീർത്തുകൊണ്ടണയുന്നൂ!

മഞ്ചത്തിൽശ്ശയിച്ചിടും പൊൻതിടമ്പിനുനേരെ
വഞ്ചകൻ പകയ്ക്കാതെ പാരാതെ പാഞ്ഞീടുന്നൂ!

ആ, നിന്ദ്യഖൾഗധാരാപതനം പെട്ടെന്നൊരു
ദീനരോദനത്തിനാൽ പിന്നോട്ടു വലിയുന്നൂ!

എന്തിനായ്ക്കരവാളം വലിച്ചു പെട്ടെന്നു നീ
ഹന്ത, യാ, മൃണാളം നീ രണ്ടായ്പ്പിളർത്തുപോയ്!

എത്രയും പരിചിതമാകിന "ജ്യേഷ്ഠാ!"യെന്നു
ള്ളാർത്തരോദനമവൻ കേട്ടൊന്നു ഞെട്ടീടിനാൻ!

ജാലകം തുറക്കവേ,പൂനിലാവെളിച്ചത്തിൽ
ചാലവേ കണ്ടാനവനക്കുളിർകളേബരം

അന്ധകാരത്തിലറിയാതെ താൻ ഹനിച്ചുപോയ്-
സ്സാന്ധില്യയാം തന്നുടെയേകസഹോദരിതന്നെ!

വേപഥുകളേബരനായ് നിന്നീടുമവനോടു
താപവാക്യങ്ങൾ തന്വിയോതിനാൾ സഗൽഗ്ഗദം.

'ഭ്രാതാവേ! തപിക്കായ്ക; സാരമില്ലിതു, പക്ഷേ
സാധുവാം 'സൗഗന്ധിക'യ്ക്കത്തൽ നീ ചേർത്തീടൊല്ലേ!

ഇക്കൊച്ചു സഹോദരി പോകിലും പകരമാ-
യക്കുളിർവാണിതന്നെയെന്നെപ്പോൾ ഗണിക്ക നീ!

ആയവൾക്കണുപോലുമാതങ്കം ചേർത്തീടാതെ-
യായുഷ്കാലാന്ത്യംവരെ വർത്തിക്കേണമേ ഭവാൻ!

എന്നാകിൽ കൃതാർത്ഥ ഞാൻ, സോദരാ, പോയീടട്ടേ
മന്നിന്റെ മറിമായമിന്നിമേൽ കണ്ടീടാതെ!"

മൂന്ന്

ആദ്യമായവനുടെയക്ഷികൾ ജലാർദ്രമായ്-
യാദ്യമായവനൊരു തപ്തനിശ്വാസം വിട്ടാൻ!

ധന്യനാമൊരുവന്റെ രാഗത്തെകൊതിച്ചീടും
കന്യകാരത്നത്തിനെപ്പാട്ടിലാക്കീടാനവൻ;

ഏറെനാൾ ശ്രമിച്ചിട്ടും, സാദ്ധ്യമാകായ്കമൂലം
കാറൊളിക്കുഴലാളെക്കൊല്ലുവാൻ സന്നദ്ധനായ്

അണഞ്ഞതാണപ്പുമാൻ,-എന്തെന്ത് പുമാനോ? ഹാ!
ഗുണിയാണവനെങ്കിലീവിധം തുനിയുമോ?

തത്തോപദേശമെത്ര ചെയ്കതില്ലവർ രണ്ടു-
മുൾത്താരിലവനു ചെറ്റലിവുണ്ടാക്കീടുവാൻ!

ആയവ വിഫലമായെങ്കിലു, മിപ്പോഴവൻ
ന്യായചിന്തകനായ്പ്പോയ്സോദരീവധംമൂലം

അന്നുതൊട്ടവൻ തനിക്കുറ്റസോദരിയെപ്പോൽ
ധന്യയാം സൗഗന്ധികതന്നോടു വർത്തിക്കയായ്

എങ്കിലും, 'അപരാധി' തന്നെ താനെന്ന ചിന്ത
പങ്കിലമാക്കീടാറുണ്ടവനു തന്മാനസം!

"https://ml.wikisource.org/w/index.php?title=ലീലാങ്കണം/അപരാധി&oldid=52454" എന്ന താളിൽനിന്ന് ശേഖരിച്ചത്