Jump to content

ലീലാങ്കണം/'നാട്ടിന്'

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

"ഓമൽപ്രിയേ! പിഴ പൊറുക്കുക; ജീവിതത്തിൻ
ക്ഷേമപ്രസന്നവദനേ, മഷിതേച്ചുപോയ് ഞാൻ;
നീ മന്ദയായി വിലപിക്കരുതേ, രണത്തിൽ
ധീ മങ്ങിടാനിവനു സംഗതിയാക്കിടൊല്ലേ!"

"ദാമ്പത്യവല്ലി പുതുപൂക്കളണിഞ്ഞു; രാഗ-
സമ്പത്തിനാൽ നിലയനം നവനാകമായീ.

തേമ്പൂർണ്ണമായ് മുകുളമേകമിതാ വിരിഞ്ഞു
സമ്പൂർണ്ണശോഭയോടു മന്നിൽ വിളങ്ങിടുന്നൂ!

"ഞാൻ പോർക്കളത്തിനൊടു യാത്രപറഞ്ഞു വീണ്ടു-
മെൻ പൊന്നുപൈതലിനടുത്തു വരുംവരേക്കും,
ചെമ്പൊൽത്തിടമ്പിതു നിനക്കു സുഖം തരട്ടെ,
ഞാൻ പോയ്‌വരട്ടെ, സരളേ, കരയാതിരിക്കൂ!

"പന്തിക്കു പന്തവുമെടുത്തു പകൽ പകയ്ക്കാ-
തെന്തക്രമത്തിനുമൊരുങ്ങിന ശത്രു സൈന്യം
ചെന്തീയിൽ നമ്മുടയ നാടുചുടുന്ന കണ്ടി-
ട്ടെന്തീപ്പുരയ്ക്കകമിരുന്നുകഴിക്കയോ ഞാൻ?"

"നാനാതരത്തിൽ നിജനാടു നശിച്ചൊടുക്ക-
മീ, നായർ വംശതരു വേരുമറിഞ്ഞുവീഴ്കെ,
ഹാ, നാണവും ചുണയുമറ്റു വസിക്കയെങ്കിൽ
ഞാ, നായുധക്കളരിയെന്തിനശുദ്ധമാക്കീ?"

ജീവൻ!-വരണ്ട തൃണമാണത്; പോയിയെങ്കിൽ
പോവട്ടെ!-യെൻ കടമ ഞാൻ നിറവേറ്റുമെങ്കിൽ,
ഹാ! വല്ലഭേ,യുപരിയെന്തൊരു ചാരിതാർത്ഥ്യം
കൈവന്നിടേണ്ടു ഭുവനത്തിലെനിക്കു ഭദ്രേ?"

"താരങ്ങളായ് വിലസിടും മമ മാതുലർക്കു-
ള്ളാ, രക്തമെൻ സിരകളിൽ പ്രവഹിച്ചിടുമ്പോൾ,
പോരല്ലയേതുപ്രളയത്തോടുമൊന്നു നിന്നു
നേരിട്ടിടാൻ മമ കരങ്ങൾ ബലിഷ്ഠമത്രേ!"

"ഏതാണു 'ടിപ്പു?'-ജളനാമവനെന്തുകാര്യം,
ശ്രീതാവിടുന്ന ചെറുവഞ്ചിയിൽ വന്നുകേറാൻ?
ഏതാണ്ടൂ മാപ്പതിനു നല്കുകതന്നെ!-പോട്ടെ,
വീതാനുകമ്പമതുടയ്ക്കുവതാർ സഹിക്കും?"

"ആകട്ടെ,യെന്നുമണയും ഭവതിക്കു സൗഖ്യ-
മേകട്ടെ,യെൻ സുതനു ദൈവമനുഗ്രഹങ്ങൾ!
പോകട്ടെ, ഞാൻ പ്രിയതമേ!-രണഭൂവിലേക്കു
പോകട്ടെ,-നമ്മുടയ 'നാട്ടിനു' വേണ്ടിമാത്രം!"

"https://ml.wikisource.org/w/index.php?title=ലീലാങ്കണം/%27നാട്ടിന്%27&oldid=52451" എന്ന താളിൽനിന്ന് ശേഖരിച്ചത്