രാമചന്ദ്രവിലാസം/പ്രാർത്ഥനാനവകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രാമചന്ദ്രവിലാസം
രചന:അഴകത്ത് പത്മനാഭക്കുറുപ്പ്
പ്രാർത്ഥനാനവകം

വില്ലങ്കം തീർത്തു വാനോർക്കുലകിതു നിലനിർത്തീടുവാൻ മന്നവൻതൻ
ചെല്ലക്കുഞ്ഞായ്, വധിച്ചന്നിശിടരിയെ, മഖം കാത്തു കാരുണ്യമോടേ,
കല്യാണം കല്ലിനേകി,ക്കമലകളെയും വേട്ടുടൻ, വെണ്മഴുക്കൈ
മല്ലൻ തന്നെജ്ജയിച്ചോരരിയ വിരുതെഴും രാമനെക്കൈതൊഴുന്നേൻ        1

പട്ടം കെട്ടാൻ തുടങ്ങുമ്പൊഴുതതിനെ മുടക്കിച്ചു താൻ തേരിലേറി
പ്പെട്ടെന്നെത്തി ഗുഹൻതന്നിടവകവഴിയായാ ചിത്രകൂടാചലത്തിൽ
തട്ടെന്ന്യേ തത്ര വാഴുന്നളവിലരിയ ബന്ധുക്കളെക്കണ്ടു കാര്യം
ശട്ടം കെട്ടിസ്ഥലം വിട്ടൊരുഗുണനിധിയാം രാമനെക്കൈതൊഴുന്നേൻ        2

മല്ലിൽത്തീർത്തു വിരാധൻമദ, മിഹ ശരഭങ്ഗന്നു മോക്ഷം കൊടുത്തു,
വന്ദിച്ചൂ ചെന്നഗസ്ത്യൻ കഴ,ലഥഖരനെക്കൊന്നു മാരീചനേയും
സാരൂപ്യത്തെജ്ജടായുസ്സിനുമരിയ കബന്ധന്നുമത്താപസിക്കും
നൾകിസ്സീതാവിയോഗവ്യഥയൊടു മരുവും രാമനെക്കൈതൊഴുന്നേൻ.        3

സഖ്യം സുഗ്രീവനോടാർന്നതുപൊഴുതവിടെ ദുന്ദുഭിക്കുള്ള ഗാത്രം
തൃക്കാലാലൊന്നെറിഞ്ഞിട്ടുടനൊരു കണയാൽ സാലമേഴും തകർത്ത്
ഊക്കേറും ബാലിയെക്കൊന്നിരവിമകനെ വാഴിച്ചു വർഷം കഴിച്ച -
ദ്ദിക്കെല്ലാമാളയച്ചാൻ പ്രിയയിലലിവൊടാ രാമനെക്കൈതൊഴുന്നേൻ        4

ഊക്കോടംഭോധിപിന്നിട്ടവനിമകളെയും കണ്ടു സന്ദേശമേകി-
ക്കൈക്കൊണ്ടാ മൗലിരത്നം പുനരുപവനമൊട്ടുക്കു തല്ലിത്തകർത്ത്
വക്കാണത്തിന്നടുത്തുള്ളവരെ യമപുരത്താക്കി ലങ്കാപുരം ചു-
ട്ടഗ്രേ വന്നാ ങനുമാനടിയിണ പണിയും രാമനെക്കൈതൊഴുന്നേൻ        5

വൻപോടംഭോധിങ്കൽപ്പെരിയൊരു ചിറയിട്ടങ്ങു പോയ് കുംഭകർണ്ണൻ-
മുൻപാം രക്ഷോഗണത്തെപ്പടനടുവിൽ മുടിച്ചാശു ലങ്കേശനേയും
അൻപോടംഗീകരിച്ചജ്ജനകജയെ, വിമാനത്തിലേറിട്ടു രാജ്യം
സമ്പ്രാപിച്ചൂഴിയെക്കാത്തരുളിയ രഘുവീരന്നു ഞാൻ കൈതൊഴുന്നേൻ        6

സ്വാമിൻ! ശ്രീരാമന രാജേശ്വര തവ ചരിതം ഞാനുരച്ചേനിതിങ്കൽ
സാമർഥ്യക്കേടു മൂലം ചപലതകൾ പിണഞ്ഞുള്ളതെല്ലാം പൊറുത്ത്
ഓമൽക്കൈക്കൊണ്ടരിഷ്ടസ്ഥിതികളഖിലവും നീങ്ങുവാനും മുദാ നിൻ-
നാമം നിത്യം സ്മരിക്കുന്നതിനുമൊരു വരം നൾകണം ഗീനബന്ധോ!        7

ത്വൽക്കാരുണ്യം ലഭിക്കുന്നത്നമിതധനംകൊണ്ടു സംതൃപ്തനാക്കാൻ
ശക്തിപ്പെട്ടില്ല വാരോചനിയു,മൊരുമുറിക്കീര നൾകീട്ടൊരിക്കൽ
നീൽക്കാൻമേലാത്തൊരാപത്തിലുമപടമില്ലാതെ പാഞ്ചാലി നിന്നാൾ;
ഭക്തിക്കങ്ങുന്നു വശ്യൻ പരമതിവനു നൾകീടണം ഭവ്യരാശെ!        8

ലങ്കാനാഥന്റെ പൊന്നും മുടിനടുവിലിരുന്നോരു മാണിക്യരത്ന-
ത്തിങ്കൽത്താനപുരം ചുട്ടൊരു കരി നിജവാൽകൊണ്ടു തട്ടിപ്പുരട്ടി
ശങ്കാഹീനം ധരിത്രീമകളൊടു വിടവാങ്ങിച്ചു ചെന്നങ്ങു രാമൻ
തൻകാൽ കുമ്പിട്ടുനിന്നീടിന പവനസുതന്നായിരം കൈതൊഴുന്നേൻ.        9

രാമചന്ദ്രവിലാസം മലയാളകാവ്യം സമാപ്തം.


ശുഭമസ്തു.