Jump to content

രാമചന്ദ്രവിലാസം/പന്ത്രണ്ടാം സർഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
രാമചന്ദ്രവിലാസം
രചന:അഴകത്ത് പത്മനാഭക്കുറുപ്പ്
പന്ത്രണ്ടാം സർഗം

ശ്രീരാമൻ തിരുവടി തമ്പിയോടുകൂടി-
പ്പേരാളും പുഴയരികേ വസിച്ചിടുമ്പോൾ
ധീരാത്മാ ദിനകരസൂനു കണ്ടു പേടി-
ച്ചാരാണെന്നറിവതിനാശയുള്ളിലാർന്നു 1

ആരായുന്നതിനിവരേവരെന്നു നേരി-
ട്ടാരായുന്നതിനിഹ? താതശിഷ്യനെന്ന്യേ
ആലോചിച്ചവനിതു നാലു മന്ത്രിമാരോ-
ടാലോകിച്ചനിലജനെപ്പറഞ്ഞയച്ചാൻ 2

  
തോറ്റത്താലരിയൊരു വിദ്യകൊണ്ടുമാദ്യം
കാറ്റിന്നും കതിരവനും പിതൃത്വമേകി
ഊറ്റത്താൽ കവിളിൽ മഹേന്ദ്രവജ്രമൂക്കോ-
ടേറ്റോരക്കപിവരനാർന്നു ഭിക്ഷുവേഷം. 3

പിന്നെത്താൻ ദശവദനന്റെ കീർത്തിയാകും
ചന്ദ്രൻ തൻ കലകളെയൊക്കെയും കുറയ്പാൻ
സന്നാഹം പെരുകിന കൃഷ്ണപക്ഷമായി-
ച്ചെന്നെത്തീ രഘുപതിസന്നിധൗ ഹനുമാൻ. 4

നിരാളും മുകിലുകൾ കൈതൊഴും വപുസ്സിൻ
ധാരാളച്ഛവിയെ വനത്തിലും പരത്തി
പാരാളും നൃപസുതരോടും താഴ്മപൂണ്ട-
നാരാലക്കപിവരനോതിനാനിവണ്ണം. 5


ഉന്നിദ്രപ്രഭ്ര കലരുന്ന മേനി കോലും
ധന്യന്മാരിരുവരിതാരഹോ! ഭനാന്മാർ
ഇന്നാരെന്നറിവതിനിച്ഛയുണ്ടു നേരെ
ചൊന്നാലും വിഷമതയൊന്നുമില്ലയെങ്കൽ 6

      
സന്ന്യാസിപ്രവരനുരച്ച വാക്കു കേട്ടി-
ട്ടന്നേരം രഘുകുലസത്തമൻ പറഞ്ഞാൻ
മാന്ന്യശ്രീദശരഥമന്നവൻ മഹാത്മാ-
വെല്ലാർക്കും പരിചിതനായിരുന്നിരിക്കാം. 7

       
അദ്ദേഹത്തിനു മകനായ രാമനീഞാ-
നുദ്ദേശിക്കണമിവന്റെ തമ്പിയത്രെ
ഇദ്ദേശം ദയിതയൊടും പിതാവിനുളളാ-
നിർദ്ദേശക്കുറി നിറവേറ്റുവാനണഞ്ഞൂ. 8

പ്രാപിച്ചിട്ടരിയൊരു ഗൗതമീതടാന്തെ
മൂപേരും തപമൊടു താമസിച്ചിടുമ്പോൾ
പാപത്മാ ദശമുഖരാക്ഷസൻ കവർന്നാൻ
ഹാ!പാപം! ദയതിയെ, ഞങ്ങൾ തേടിവന്നൂ. 9

          
      
ഈവണ്ണം രഘുവരനുച്ചരിച്ച നേര-
ത്താ വേഷം തരമൊടു തള്ളിക്കുരങ്ങൻ
നോവാളും കപിയുടെ കക്ഷിയായ് സ്വകാര്യം
താവും നൽക്കുതുകമൊടോതുവാനൊരുങ്ങീ. 10


കേട്ടാലും കനിവൊടു കീശജാതിയിൽസ്സ-
മ്രാട്ടായും കതിരവനുണ്ണിയായുമിപ്പോൾ
വ്യഗ്ച്ചീ വനഭുവി വാണിടുന്നൊരുത്തൻ
സുഗ്രീവാഭീധയൊടു സുന്ദരസ്വഭാവൻ. 11

ഇന്ദ്രൻതൻ മകനിഹ ബാലിയെന്നു ചൊൽവോ-
നിന്നാളീയനുജനെയാക്രമിക്കമൂലം
ഇന്നാരുള്ളൊരു തുണയെന്നതോർത്തിരിക്കു-
ന്നന്നേരത്തിവിടെഴുന്നള്ളി നിങ്ങളേവം 12
    
ഞാനിപ്പോളവനുടെ കിങ്കരൻ ഹനൂമാൻ
മാനിച്ചിക്കഴലിണ കൈവണങ്ങിടുന്നേൻ
ദൂനത്വം വെടിയണമിന്നി നിങ്ങളൊന്നി-
ച്ചാനന്ദിച്ചമരണമെന്നെനിക്കു മോഹം. 13

ആശിക്കുന്നവനിഹ നിങ്ങളോടു സഖ്യം
ക്ലേശിപ്പാനിനിയവകാശമില്ല നിങ്ങൾ
രാശിക്കിജ്ജനതയിലൈകമത്യമൊട്ടാ-
വേശിച്ചാലതുവഴി നന്മയേറെയുണ്ടാം. 14

മധ്യസ്ഥൻ മധുരമുരച്ച വാക്കു കേട്ടി-
ട്ടത്യന്തം കുതുകമിയന്നു രാമദേവൻ
കൃത്യജ്ഞൻ കൃപയോടു മൈത്രിയേബ്ഭരിപ്പാ-
നുദ്യോഗിച്ചനുമതിയക്കപിക്കു നൾകീ. 15

തൻതോഴൻ കപികു‌ലവീരനായിരുന്നാൽ
വൻ തോൽവിക്കിനിയിടയില്ലയെന്നൂറച്ച്
സന്തോഷിച്ചിടുമൊരു രാമനേ ഹനൂമാൻ
തൻ തോളിൽസ്സഹജനൊടും വഹിച്ചു പോയാൻ. 16

ഭീരുത്വം മുഴുവനൊഴിച്ചു സൂര്യപുത്രൻ
നേരെത്താത്തൊരു വിനിമയം നടിച്ചുനിൽക്കേ
ചാരത്തന്നരവരപുത്രരാഗമിക്കും
നേരത്തക്കപിയവരെസ്സമാചരിച്ചൂ. 17

സുഗ്രീവൻ ദശരഥപുത്രരോടുകൂടി-
സ്സഖ്യം ചെയ്തതുലസുഖം വളർന്നു ചിത്തേ,
മുഖ്യന്മാരരികളെ നിഗ്രഹിപ്പതിനാ-
യക്കാലം പുതിയ കരാറു ചെയ്തു തമ്മിൽ. 18
             
ചാതുര്യത്തൊടു കവി ധാതുവിൻ പദം പാ-
ർത്താദേശം ബത നിയമിച്ചിടുന്നപോലെ
വാഴിപ്പൻ വലരിപുപുത്രനെത്തുലച്ച-
സ്ഥാത്തെന്നരുണജനോടുരച്ചു രാമൻ. 19

കൊന്നിട്ടദ്ദശമുഖനെക്കുലത്തൊടും നി-
സ്സന്ദേഹം തിറമൊടു തമ്പുരാട്ടിയേ ഞാൻ
മുന്നിൽക്കൊണ്ടടിയറ വൈപ്പനെന്നിവണ്ണം
ധന്ന്യാത്മാ കപി കണിശം പറഞ്ഞുപിന്നെ. 20

രക്ഷസ്സിൻ പുരിയിൽ വിരുന്നിനായി മുന്നേ
ദാക്ഷിണ്യത്തൊടു ഹനൂമാൻ ക്ഷണിച്ച പോലെ
സാക്ഷിക്കായവരുടെ സഖ്യവേലമേലും
സുക്ഷിപ്പാൻ ശിഖിയെ നടുക്കെരിച്ചു നിർത്തീ 21

വിശ്വാസം പെരുകിയവർക്കു തമ്മിലപ്പോ-
ളാശ്വാസം രഘുവരനേകുവാൻ കപീന്ദ്രൻ
ഏണപ്പെൺമിഴിയുടെ പൊൻചരക്കശേഷം
കാണിച്ചാൻ കനിവൊടു കാഴ്ചവെച്ച മട്ടിൽ. 22

കണ്ടപ്പോൾ കിഴിയുടെ കെട്ടഴിച്ചുടൻ മേൽ-
മുണ്ടീന്നച്ചമയമെടുത്തണച്ചു മാറിൽ
ത്തൊണ്ടയ്ക്കുള്ളിടറിയനന്തരം കരഞ്ഞാൻ

തണ്ടാരിൻ മകളുടെ കാന്തനാം നരേന്ദ്രൻ. 23

കൈകാര്യം കുറയുകയാലഴുക്കടഞ്ഞി-
ട്ടൽപ്പാൽപ്പം തെളിവു തിളങ്ങിടാതെ കണ്ട്
ശ്രീരാമൻ പ്രണയിനിതന്റെ ഭൂഷണത്തെ-
ക്കണ്ണീരാൽ കഴികിയെടുത്തു നല്ലപോലെ. 24

വാവിട്ടാ രഘുപതി പൗരുഷം മറന്നേ-
ച്ചീവണ്ണം ചപലതയാർന്നു കേണിടുമ്പോൾ
ആ വിശ്വേശ്വരനുടെ സങ്കടം കുറയ്പാൻ
ഭാവിച്ചക്കപിവരനാദരിച്ചുരച്ചാൻ. 25

സന്താപം സമമിഹ നമ്മൾരണ്ടുപേർക്കും
ചിന്തിച്ചാൽ കപിയൊരു പിച്ചനാണു താനും
എന്നിട്ടും വ്യസനമടക്കി ഞാനിരിപ്പൂ
ധന്യാത്മാൻ! തൊഴിലിതു മറന്നവർക്കയോഗ്യം. 26

ദുഃഖിക്കിൽ തിരുവുടൽ വാടുമെന്നു തന്ന-
ല്ലോജസ്സം ഢടിതി കുറഞ്ഞുപോമശേഷം
ആലോചിച്ചകമലരിൽ ബ്ഭവാനിതെല്ലാ-
മാലംബിക്കണമിഹ കാര്യഗൗരവത്തേ. 27

എന്നല്ലാമവസരയോഗ്യമായ് കപീന്ദ്രൻ
ചൊന്നപ്പോൾ ദശരഥനന്ദനൻ വിഷാദം
തന്നെത്താൻ കരളിലടക്കി മിക്കവാറും;
ധന്ന്യന്മാർ ഹിതമൊഴി ധിക്കരിപ്പതുണ്ടോ? 28

ശൂരന്മാർ മുടിമണിയായ ബാലി തന്നോ-
ടോരോരോ കുസൃതികൾ മുൻപു ചെയ്തതെല്ലാം
നേരെ നിന്നതുപൊഴുതോതുവാൻ കപീൻന്ദ്രൻ
ശ്രീരാമൻ തിരുവടി ചൊൽകയാലൊരുങ്ങി. 29

കൈയൂറ്റം പെരിയൊരു ബാലിയെജ്ജയിപ്പാൻ
മായാവീതൃതിബലവാനാണഞ്ഞരക്കൻ
കൈയോങ്ങീട്ടലറിയടുത്ത ബാലിയെക്ക-
ണ്ടായാസത്തൊടുമവനോടിയിൾബ്ഭയത്താൽ. 30

കീടംപോലൊരു ഗുഹ പുക്കൊളിച്ചു ദൈത്യൻ
കൂടെപ്പോയരിശമൊടിന്ദ്രസൂനു താനും
ഊടൊർത്തിട്ടൊരുവനതിൽക്കടന്നിടായ് വാൻ
പോടേറെ പ്രിയമൊടു കാത്തിരുന്നു ഞാനും. 31

വാത്സല്യം പെരിയൊരു സോദരൻമുഖത്തെ-
ക്കാണാഞ്ഞിട്ടവശതയോടനേകകാലം
നിന്നപ്പോൾ നിണമൊടു മാംസവും കൊഴുപ്പും
വന്നല്ലോ ഗുഹവഴി ഞാനിരുന്ന ദിക്കിൽ. 32

മല്ലിൽപ്പെട്ടദയമരക്കനാലെ ബാലീ
കൊല്ലപ്പെട്ടതു പെഴുതെന്നെനിക്കു തോന്നീ
അല്ലല് പെട്ടവനിനിയാഗമിച്ചിടായ് വാൻ
കല്ലാപ്പിട്ടവടമടച്ചു പോന്നു ഞാനും. 33

ദണ്ഡം പൂണ്ടിവനഥ വാനരേന്ദ്രനായി-
പ്പിണ്ഡം വച്ചരമന പുക്കിരുന്നിടുമ്പോൾ
ഗണ്യന്മാർ ചിലരിഹ വന്നു ചൊൽകമൂലം
ദണ്ഡം പൂണ്ടിവനഥ വാനരേന്ദ്രനായീ. 34

അക്കാലം ഗുഹയുടെ മൂടി മാറ്റിയേറ്റം
മുഷ്കാളും കപിവരനിങ്ങു കേറിവന്ന്
ധിക്കാരം പരമവനോടെടുത്തു ഞാനെ-
ന്നുൾക്കാമ്പിൽ കരുതിയുപദ്രവം തുടങ്ങീ. 35

സത്യംചെയ്തിവനൊരു കുറ്റവാളിയല്ലെ-
ന്നത്യന്തം ഭയമൊടു കാക്കൽ വീണിരന്നേൻ
എന്നിട്ടും ഖലമതിയപ്പുരത്തിൽ നിന്നി-
ട്ടന്നേരത്തടിയനെയാട്ടിയോട്ടി കഷ്ടം! 36

ഭൂഗോളം മുഴുവനുമെന്നെയിട്ടു ചുറ്റി-
ച്ചേകാന്തപ്പകയൊടു പാകവൈരിപുത്രൻ;
ഹാ കഷ്ടം! പൊറുതിവരാഞ്ഞൊടുക്കമീഞാൻ
ശോകത്തോടിവിടെയുറച്ച കാര്യമോതാം. 37

മായാവിക്കിളയവനായ ദാനവൻ പോ-
ത്തായാർത്തിട്ടൊരു കുറി ബാലിയോടെതിർത്താൻ;
നായാടി ദ്രുതമിവനെപ്പടക്കളത്തിൽ
ദായാദൻ മരുവിന ദിക്കിലോട്ടയച്ചാൻ. 38

പൊണ്ണത്തം പെരിയൊരു ദാനവന്റെ ദേഹം
തിണ്ണന്നക്കപിവരനൊന്നെടുത്തെറിഞ്ഞൂ
അന്നേരത്തതിനുടെ ചോരയിറ്റു വീണി-
പ്പുണ്യാത്മാ മുനിയുടെ പർണശാലയിങ്കൽ 39

കോപം പൂണ്ടിവിടെ മതങ്ഗനാം മുനീന്ദ്രൻ
ശാപത്തെപ്പുനരവനേകിനാനിവണ്ണം;
പ്രാപിച്ചാലിനിയിഹ ബാലിയെന്ന ദുഷ്ടൻ
പ്രാപിക്കും യമപുരി മസ്തകം പിളർന്ന്. 40

അന്നാൾതൊട്ട, വനിവിടെക്കടക്കുകില്ലാ
നന്നായെന്നടിയെനുമിങൊളിച്ചിരിപ്പു;
അന്നാടും നഗരവുമെന്റെ തല്പവും കൂ-
ടന്ന്യായത്തൊഴിലുകൾ കൊണ്ടവൻ കവർന്നാൻ. 41

അയ്യോ! ഞാനവനുടെ ഹേമദണ്ഡമേൽപ്പാൻ
വയ്യാഞ്ഞിങ്ങവശതയോടു പാർത്തിടുന്നു;
പയ്യൻമാർ വലിയവനോടു ചെവ്വതെന്ത-
കയ്യൂറ്റം പെരിയവർ കാര്യശേഷിയുള്ളോർ. 42

ആരാനും പൊരുവതിനായവന്റെ നേരെ
നേരിട്ടാലവനുടെ പാതിയൂക്കവങ്കൽ
ചേരെട്ടെന്നൊരു വരമുണ്ടന്നു മുൻപെ
യോരുമ്പോളൊരുവനുമില്ലെതിർത്തു നിൽപാൻ 43

ദുഃഖിച്ചിങ്ങമരുമൊരുജ്ജനം ഭവാനെ-
ശങ്കിച്ചേൻ രിപുജനപക്ഷപാതിയേപ്പോൽ;
ഒന്നിൽത്തന്നൊരുവനു മാനസം പതിഞ്ഞാൽ
പിന്നെക്കണ്ടവയവനത്തരത്തിലോർക്കും 44
                   
മേ‌ഘത്തിൻ പ്രചുരിമ കണ്ടു കാട്ടുതീതൻ
       
ധൂമഭ്രാന്തിളകിയ കേകിതന്റെ മോഹം
ശീതക്കാറ്റുടനടി ചെന്നു തീർത്തിടുംപോൽ
തീരെത്തിർത്തടിയനു സംശയം ഹനുമാൻ 45

എന്നെല്ലാമവനുടെ സങ്കടങ്ങൾ കേട്ടി-
ട്ടെന്നാലെന്നുടെ ശരമാകുമിപ്ഫണീന്ദ്രൻ
ചെന്നിപ്പോളവനുടെ വായുവഞ്ചുമുണ്ണും
സന്ദേഹം കളയുകയെന്നുരച്ചു രാമൻ. 46
                        
ആദിത്യാത്മജനൊരു സമ്മതം വരുത്താ-
നാദിവ്യത്തിരുവുടൽ പുണ്ട ദേവനപ്പോൾ
പാദത്തിൻ പെരുവിരൽ കൊണ്ടെടുത്തെറിഞ്ഞാൻ
മോദത്തോടരിയൊരു ദുന്ദുഭിപ്പിണത്തേ. 47
                        
ഇല്ലല്ലോ കനമിതിൽ മുൻപിലേക്കണക്കി-
ങ്ങെല്ലത്രേ രഘുപതിതാനെടുത്തു ചാണ്ടി
വില്ലങ്കം തൊഴിലിതു കണ്ടു തീരെ മാറീ-
ട്ടില്ലെന്നദ്ദിനകരനന്ദനൻ നടിച്ചൂ. 48

ഭിന്നിപ്പാനവനുടെ സംശയങ്ങൾ ചോടേ
പിന്നീടും കുഴൽ തൊഴുതാഗ്രഹിച്ചവാറേ
മന്നൻമാർ മുടിമണി രാമനങ്ങൊരമ്പാൽ
ഖണ്ഡിച്ചാൻ കപിയുടെ സാലമേഴുമൻപാൽ. 49
 
വാനം തൊട്ടുയരമൊടും നിരന്നുനിൽക്കെ-
ത്താനപ്പൂമരുതിമരങ്ങളേഴുമൊപ്പം
മൂളിച്ചിട്ടലസത വിട്ട രാമബാണം
ധൂളിച്ചമ്മലയുടെ പാർശ്വവും വിശേഷാൽ. 50

ഈവണ്ണം ദശവദനന്റെ സാലമേഴും
നീവേഗം പടകളൊടും തകർക്കുകെന്ന്
സുഗ്രീവന്നറിവു കൊടുത്തപോൽ ശരം പാ-
ഞ്ഞുഗ്രഹത്തിൽഗ്ഗിരികടകത്തിലൊച്ച പൊങ്ങീ. 51

സുഗ്രീവന്നകതളിരാശ്വസിച്ചു രാമൻ-
തൃക്കാൽ തൊട്ടുടനടി കൈവണങ്ങി വേഗാൽ
വക്കാണം തുടരുവതിന്നു മപ്പു കൊട്ടി-
കിഷ്ക്കിന്ധാപുരിയിലണഞ്ഞു ഗർവമോടും. 52

ഉച്ചത്തിൽക്കുലഗിരി ഞെട്ടിടുംപ്രകാരം
ഗർജിച്ചിട്ടുടനടി ബാലിയേ വിളിച്ചാൻ
പർജ്ജന്യത്തിനു സമമാർത്തടുത്ത ബാലീ
തച്ചീടാനവരജനെച്ചെറുത്തു നിർത്തീ. 53
               
തമ്മിത്തല്ലിനു ശരിയിട്ടു രണ്ടുപേരും
വിമ്മിഷ്ടം കതിരവനന്ദനന്നു തോന്നി
എന്മെയ് കാത്തരുളെണമെന്ന ഭാവമോടും
തന്മധ്യേ രഘുപതിയെത്തിരിഞ്ഞുനോക്കീ. 54

യോഗത്തിൽ ക്ഖലരെയുംമേറെ നല്ലരേയും
ഭാഗിപ്പാൻ പണി പരമെന്നു തോന്നിടുമ്പോൾ
മൂകത്വം തടവിന വാഗ്മിപോലെ രാമൻ
മാഴ്കീട്ടപ്പടനടുവിൽശ്ശേരം വിടാഞ്ഞൂ. 55

ഇല്ലിപ്പോൾ ജയമിഹ നേർത്തു നിൽക്കിലെന്നോ-
ർത്തല്ലൽപ്പെട്ടിരവിമകൻ മടങ്ങി മണ്ടീ;
മെല്ലെപ്പോയരമന പുക്കു ബാലിതാനും
ചെല്ലപ്പോരിനു വെരുതെ മുഷിഞ്ഞ മട്ടിൽ. 56

മേലെല്ലാമിടികൾ തിണത്ത് വീക്കമോടും
വാലുന്നക്കുടുനിണമാകവേ തുടച്ചു
മാലോതുന്നിളയ കപിന്ദ്രനെസ്സമീപ-
ത്താലോകിച്ചലിവു വളർന്നു രാമനുളളിൽ. 57

ആളാരെന്നടലിലറിഞ്ഞിടാതെയൂഹ-
ക്കോളാരാൽ കരുതിയൊരമ്പയച്ചിടാമോ?
മാലാറും പടിയൊരു മാലയിട്ടയപ്പാ-
നാലോചിച്ചനുജനൊടോതി രാമചന്ദ്രൻ. 58

വാത്സ്യത്തൊടുമൊരു പുഷ്പമാല തീർത്താ-
വത്സൻ പിൻപരുണസുതൻ കഴുത്തിലിട്ടു
"ഉത്സാഹ,ത്തൊടുമിനി മത്സരിക്ക നീ" യെ-
ന്നൗത്സസുക്യം പെരുകിന രാമനോതിവിട്ടാൻ. 59

വിണ്ടും പോയവനുടനിന്ദ്രസൂനുതന്നെ-
ശ്ശണ്ഠയ്ക്കായലറി വിളിച്ചു വൈരമോടും:
പണ്ടോടിപ്പതറിയ തണ്ടുതപ്പി മേലാൽ
മിണ്ടാതാക്കിടുവതിനുദ്യമിച്ചു ബാലീ. 60
           
കോപിച്ചിട്ടനുജനോടേറ്റിടുന്നതിന്നായ്
ഭാവിച്ചിട്ടലറിയവൻ പുറപ്പെടുമ്പോൾ
വേപിച്ചട്ടവനുടെ കാക്കൽ വീണുറക്കേ
വാവിട്ടക്കളമൊഴി താര കേണൂ ചൊന്നാൾ. 61

നന്നല്ലീയടിപിടിയെന്നു മോർക്കിൽ നിങ്ങൾ-
ക്കെന്നല്ലേ പലവുരു തോറ്റ തമ്പി വീണ്ടും
വന്നില്ലേ? വലിയൊരു ബന്ധു തൻപുറംകൈ
ക്കിന്നില്ലാതവനിഹ വന്നു കേറുകില്ലാ. 62

എൻപ്രാണപ്രിയനിഹ പോകൊലാ പടയ്ക്കാ-
യൻപാർന്നിട്ടനുജനുമായിണങ്ങിയാലും
കമ്പാണക്കെടുതി കരിമ്പിനെന്നു കേൾപ്പു
വെമ്പാതെൻ കണവനിതോർത്തു കൊൾക നല്ലു. 63

ചുമ്മാതീയടിപിടിയെന്തിനെന്റെ കാന്താ!
നമ്മൾക്കിക്കലശലിനില്ല കാര്യമോർത്താൽ
സാമ്രാജ്യപ്രചുരിമ നിത്യമല്ലിതാർക്കും
കർമ്മത്തിൽ കളിയിതു ചാകുവോളമത്രേ. 64

അന്ന്യന്മാരുടെ മുതലാർത്തിയാണു നമ്മൾ-
ക്കന്ന്യായത്തരവഴിയും ഗുണത്തിനല്ല
മാന്ന്യന്മാർക്കവമതി ചെയ്തിടൊല്ല ചെറ്റും
ഖിന്നന്മാരൊടു കൃപ വേണമുളളിലെന്നും. 65

ഒരോരോവകതെരിവിന്നിയും പറഞ്ഞോ -
രാരോമൽപ്രിയയുടെ വാക്കിനേ മറുത്ത്
പോരാടുന്നതിനു കുതിച്ചുയർന്നു, കാലം
പോരാഞ്ഞിട്ടരിശമിയന്ന ശുരരത്നം. 66

ചാടിചെന്നിളയവനോടെതിർത്തു മർമം
തേടിക്കൊണിരുവരുമൊത്തു മല്ലിടുമ്പോൾ
വാടിക്കൊണ്ടനുജനെ, രാമനാത്മഗാത്രം
മൂടിക്കൊണ്ടരിയുടെ മാറിൽവിട്ടൊരസ്ത്രം. 67

അയ്യൊ! പാതകമൊളിയമ്പയച്ചിതാരോ?
വയ്യാഞ്ഞോ?വലിയവരെങ്കിലൊന്നെതിർപ്പാൻ
ചെയ്യാമോ? ചതിവുകളെന്നുരച്ചു പാരിൽ
കയ്യോടക്കപിതിലകൻ മറിഞ്ഞു വിണാൻ. 68

അപ്പോളിക്കഥകളറിഞ്ഞു കണ്ണുനിർ വാ-
ർത്തുൽപ്പന്നവ്യഥയൊടഴിച്ചു വേണിയെല്ലാം
ഒപ്പാരും പൊടികളുമായ് വിരണ്ടു വന്നാൾ
തൽപ്രാണപ്രണയിനിയായ താര താനും. 69

നീർക്കൊണ്ടങ്ങനവധി ശല്യമേകി രാജ്യ -
ത്തുക്കോടും കടിയിടയൊക്കയും മുടിച്ച്
നിൽക്കുമ്പോൾ പെരിയൊരു കൊമ്പനാന, പാപ്പാൻ
തക്കം പാർത്തരിയൊരുടക്കുടക്കി നിർത്തി. 70

വേഗത്തോടിടയമരങ്ങളിൽ കൊളുത്തി-
പ്പാകം പോലുടനടി മെയ് തൊടുത്തു പിന്നെ
ആകുമ്മട്ടൊരു തറിയിൽ തളച്ചിടുമ്പോൾ
ഭീ കൂടാതരികെയടുത്ത ലോകർപോലെ. 71
 
രാമാസ്ത്രം രയമൊടു നെഞ്ചിലേറ്റു പാരം
വ്യാമോഹിച്ചവിടെ മലർന്ന ബാലിതന്നേ
ക്കുട്ടാക്കാതനുജനടുത്തു നോക്കിനിൽക്കും
മട്ടെല്ലാം മധുമൊഴി താര കണ്ടു കേണാൾ. (വിശേഷകം) 72

ആറായിട്ടൊഴുകിന ചോരയിൽ കിടന്ന -
ങ്ങാറാടീട്ടുടനെഴുന്നേൽക്കുവാനൊരുങ്ങി
ഏറിടും വിവശതയാൽ തളർന്നുടൻ തൻ-
മോറപ്പോൾ ചെറുതു കിളിർത്തിയാത്ത കോപം. 73

വില്ലൂന്നിത്തറയിലതിൻ തലയ്ക്കു കൈ വ-
ച്ചുല്ലാസത്തൊടു മരവുന്ന രാമനോടായ്
സല്ലാപം പലവിധമങ്ങു ചെയ്തുമേവും
ഭല്ലൂകപ്രവരനെയാ മൃഗാക്ഷി കണ്ടാൾ (യുഗ്മഗം) 74
              
ഗർവം വിട്ടലകളൊഴി‍ഞ്ഞിളക്കമെന്ന്യേ
മേവീടും കടലിനു തുല്ല്യനായു, മപ്പോൾ
ആ വൻപാർന്നൊരു കപിയസ്തമിക്കുവാനായ് 75
ഭാവിക്കും കതിരവനൊപ്പമായുമേറ്റം.
ശോഭിക്കുമ്പൊഴുതഴുതിട്ടടുത്തു ചെന്ന-
ങ്ങാപാടം പ്രിയതമനെ തലോടി നന്നായ്
പ്രാപിച്ചവൾ മടിയങ്കലശ്ശിരസ്സാ-
ക്ഷേപത്താൽ കളമൊഴി രാമനോടുരച്ചാൾ (യുഗ്മകം) 76
 
ചുടാറ്റും പനിമതിതൻ തണുപ്പുപോൽ നിൻ-
കുടാളും പുരുകൃപയും പ്രസിദ്ധമല്ലോ
ചൊൽക്കൊള്ളും മനുകുലപാല!നീയതെല്ലാ -
മിപ്പോളെന്തകനെ വെടിഞ്ഞതെന്റെ പാപം. 77

ഭർത്താവിൻ ദശയിതു കണ്ടു ജീവനോടും
വർത്തിക്കുന്നിവളൊരു രാക്ഷസീതി.......
നന്നായോർത്തിവളെ വധിക്ക താടകാ....
വന്നിടും തവഗതി പെൺകൊടയ്ക്കു തുല്യം. 78

നായാടാൻ നരപതികൾക്കു, സത്യസന്ധൻ
നീയോതി വലിയ സദസ്സിൽ മുൻപു ഞായം
ഹേ! ശാഖാമ്യഗിയിവളേ വധിക്കെടോ നീ
വേട്ടക്കാർ മ്യഗികളെ വിട്ടയപ്പതുണ്ടോ? 79

പേടിച്ചെൻ പതിയെ,യിവൻ ഭവാന്റെ തോഴൻ
ചാടിപ്പോയ് മലയിലൊളിച്ചിരിന്ന പോലേ
പേടിച്ചെൻ പ്രിയതമനും ഭവാനെ, യെന്നുൾ-
ക്കാടാളുന്നിവിടെ വരില്ല നിന്റെ ബാണം. 80

പൊന്മാനല്ലവനുടെ തളളയല്ലെടോ! ഞാൻ
സമ്മാന്യൻ കപിവരനല്ല സാലമല്ല
അമ്പേൾക്കാതശനിസമാനചിത്തയാകും
താരപ്പെണ്ണുയിരൊടിരിക്ക വില്ലനോ? നീ 81

ചാകാതെൻമനസി മനോരമൻ വസിക്കേ
നീ കാണുന്നിവനെ വൃഥാ ശവത്തിനെപ്പോൽ!
വിദ്വത്വം പെരിയ പുമാനുടപ്പിറപ്പോ?
മുഗ്ധത്വം ശിവ ശിവ ! ശൗര്യമെന്നപോലെ. 82

വാശിക്കങ്ങണുവുമിളച്ചിടാതെ നേരേ
കീശപ്പെൺകൊടിയുടെ കൊളളിവാക്കശേശം
വേശിച്ചാ രഘുവരനാശയം നുറുങ്ങി

ക്ളേശിച്ചിട്ടൊരു മൊഴിയോതിനാനിവണ്ണം. 83
മെയ്യോ ? നിന്നുടെ പതി ജീവനോ ? സുശിലേ !
മയ്യേലും മിഴി ! മടിയാതെ ചൊല്ലിയാലും
മെയ്യെന്നാൽ മടിയിലിവൻ കിടപ്പതില്ലേ
പൊയ്യല്ലീ വരനുയിർ നിന്മനസ്സിലല്ലേ? 84

യാഥാർഥ്യം പെരുകിന രാഘവന്റെ വാക്കും
ഖേദിക്കും പ്രണയിനിതന്റെ നെഞ്ചിടിപ്പും
കണ്ണീരും ബഹുനെടുവീർപ്പുമെന്നിവറ്റാ-
ലന്നേരം കപിവരനാശ്വസിച്ചുണർന്നാൻ. 85

ചേതപ്പെട്ടുടലിദമെന്നുറച്ചു ചിത്തേ
താതൻ പണ്ടവനു കൊടുത്ത തങ്കമാല്യം
ആതങ്കത്തൊടുമരികത്തു നിന്നു കേഴും
ഭ്രാതാവിൻ ഗളഭുവി മാറിയിട്ടു ബാലീ. 86

വാത്സ്യത്തൊടു മകനെപ്പിടിച്ചുടൻ തൻ
വത്സലത്തോടധികമണച്ചു മെയ് തലോടീ
എന്നുണ്ണിക്കിതിലൊരു കുണ്ഠിതം വരൊല്ലാ
ധന്ന്യൻ ഞാൻ ധരണിയിലെന്നുറയ്ക്കയെന്നാൻ. 87

ശ്രീരാമൻ തിരുവടിതന്റെ ചേവടിത്താ-
രുഢപ്രമദമൊടും ഭജിക്കണം നീ
സ്വാമിക്കങ്ങലിവുളവാം സദാപി നിന്നിൽ
ക്ഷേമത്തെത്തരുമതിനാൽ നിനക്കു നാഥൻ. 88

മൽപുത്രൻ പരമിവനെത്തുണയ്ക്ക നീയെ-
ന്നേൽപ്പിച്ചങ്ഗദനെ രഘൂത്തമന്റെ പക്കൽ
മേൽപ്പോട്ടക്കവനഥ ചൂണ്ടനക്കിയൽപ്പം
വീർപ്പിട്ടാ വടിവു വെടിഞ്ഞു വാനരേന്ദ്രൻ. 89

ചാരത്തങ്ങവനുടെ വിക്രമം പ്രശംസി-
ച്ചോരോന്നായ് കപികുലമാകവേ കരഞ്ഞൂ
ശ്രീരാമൻ തിരുമൊഴിയാലിവന്നു ജാത്യാ-
ചാരംപോൽ ക്രിയകൾ നടത്തിയർക്കപുത്രൻ. 90

അക്കാലം രഘുപതി വാക്കിനാലനേകം
പൊൽക്കുംഭങ്ങളിലുദകം നിറച്ചുവച്ച്
അഗ്രേപോയ് ഹിതമൊടുമുർമിളാമണാളൻ
കിഷ്ക്കിന്ധാ നഗരിയിലക്കപീന്ദ്രനോടും. 91

ധന്യൻ നീ കപീകുല സാർഭൗമനായി-
ട്ടന്ന്യുന പ്രമദമിയന്നു വാഴ്കയെന്ന്
കൽപ്പിച്ചട്ടനവധി വാദ്യാഘോഷമോടും
സുഗ്രീവന്നഥ പടിയേറ്റവും കഴിച്ചാൻ. 92

ദിനകരസുതനെ ശ്രീരാമനാം നീലമേഘം
കനിവിനൊടഭിഷേകം ചെയ്തു വാഴിച്ചകാലം
പുനരവനുടെ രാഞ്ജിക്കൊപ്പമബ്ഭൂമിയേയും
ഘനനിരയഭിഷ്കത്തി …..........കാപ്പിട്ടുവാനിൽ 93
    
"സ്വാമിൻ! ശരത്സമയമി.....................വരുന്ന നേര-
ത്താമിന്ദുബിംബമുഖിയെ.................തിരയേണ്ട കൃത്യം
പ്രേമം വറർന്നടിയനിൽ................രുമേനി ഭൂരി-
ക്ഷേമത്തൊടിങ്ങതുവരെ.....................രിപുക്കുവാഴാം.” 94

അത്യന്തവിനയം പുണ്ടാ-
ദിത്യനന്ദനീവിധം
അറിയിച്ചു കഴിഞ്ഞപ്പോ-
ളരുൾചെയ്തു രഘൂത്തമൻ. 95

അനാവശ്യം രാജ്യത്തമരുക നമുക്കിന്നൊരുസുഖ-
ത്തിനായച്ഛൻ കല്പിച്ചൊരു വിധിയ.........ക്കില്ലിവനെടോ
വിനാ ഖേദം നീ പോയ് മരവുക …........ക്കോളു മറയും
ദിനാന്തത്തോളം തൻനഗരിയിൽ മരക്കാതിവരെയും.

പ്രാവൃൾക്കാലം കഴിഞ്ഞാലഥ കപകളെനീദേവിയെത്തോടുവാനാ-
യാവശ്യപ്പെട്ടയച്ചീടണമതുവരെ ഞാനാർത്തിയൊട്ടൊട്ടടക്കി
മേവിടാം ബാലികേറാമലയുടരികിലാമാല്യവാൻ പർവതം പു-
ക്കീവണ്ണം ചൊല്ലിവിട്ടാൻ കപിതിലകനയാരാമനാനന്ദശീലൻ.97

ശ്രീരാമസ്വാമി തൻ കൽപ്പന തലയിൽ വഹിച്ചൻപൊടാദിത്യപുത്രൻ
നേരേ നാട്ടിൽക്കടന്നക്കളമൊഴി രുമയോടൊത്തു മോദിച്ചു വാണാൻ;
ധീരോദാത്തൻ ധരീത്രീപതിയനുജനൊടും മുൻപറഞ്ഞുളള കുന്നിൻ
ചാരേ ചാരുസ്ഥലം പുക്കമിതതരവിശേഷങ്ങൾ വീക്ഷിച്ചു വാണാൻ. 98


ബാലിവധമെന്ന പന്ത്രണ്ടാം സർഗം സമാപ്തം