രാമചന്ദ്രവിലാസം/പതിന്നാലാം സർഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രാമചന്ദ്രവിലാസം
രചന:അഴകത്ത് പത്മനാഭക്കുറുപ്പ്
പതിന്നാലാം സർഗം

ഴിമാതിന്റെ യാവാസം തേടിക്കണ്ടുപിടിക്കുവാൻ

തെക്കോട്ടേക്കു പുറപ്പെട്ടാ൪ ഹനൂമാനാദിയായവ൪. 1

വരിവെച്ചു പറന്നീടും പേരക്കിളികളെന്നപോൽ

ഒരു ദേശം വിടാതെല്ലാം തിരഞ്ഞു ധരണീതലം. 2

ഒരുമിച്ചുഴറുന്നേരത്തിരുന്നു പല ദിക്കിലും

പശിയും ദാഹവും തീ൪ത്തു കടന്നാരധികം വഴി. 3

മകൻ മരിച്ച ഖേദത്താൽ ഭഗവാൻ കണ്‌‌ഡമാമുനി

ശപിച്ചു മരുഭൂവാക്കിത്തീ൪ത്ത ദേശം കട‌ന്നു തേ. 4

ഉട൯ മുന്നിലകപ്പെട്ടു കൊടും പാപിയൊരാശര൯

പടുക്കളാം കപികളൊടടുത്താനടലിന്നവ൯. 5

വീണപ്പട്ടമൊടും നേരേ കാണപ്പെട്ട കഠോരനെ

പ്രാണപ്പെട്ടി ഞരച്ചുമ്പ‍൪കാണെപ്പൊട്ടിച്ചു കൊന്നു തെ. 6

ജാനകീചോരനെന്നുള്ളിൽ ശങ്കിക്കപ്പെട്ട രാക്ഷസ൯

മരിച്ച ശേഷം ലങ്കേശനല്ലെന്നോ൪ത്തിതു മ൪ക്കട൯. 7

പിന്നെയും കപിവീര൯മാ൪ ചെന്നു മുന്നോട്ടു ദേവിയേ

അന്വേഷിച്ചിതു വിന്ധൃന്റെ കുന്നിൻമേൽ ദിക്കിലൊക്കെയും. 8

വിശപും ദാഹവും കൊണ്ടു വശം കെട്ടവരേവരും

വലഞ്ഞു വലുതായുളള ദു൪ഗഘട്ടത്തിൽ കുടുങ്ങിനാ൪. 9

നല്ല നീരുള്ളെടം കൊണ്ടു നിത്യവൃത്തി കഴിച്ചിടും

കാരണം കൊക്കു മുതലായ് പലമാതിരി പക്ഷികൾ. 10

അന്നേരത്തഗ്ഗിരീന്ദ്രന്റെ കന്ദരത്തിങ്കൽ നിന്നുടൻ

പറന്നകണ്ടിട്ടെങ്ങാണ്ടൊ പൊയ്കയുണ്ടെന്നുറച്ചുതെ. (യുഗ്മകം) 11


വള്ളിക്കൈയും പിടിച്ചുംകൊണ്ടെല്ലാവരുമന്തരം

ശിലോച്ചയഗുഹയ്ക്കുള്ളിൽ പ്രവേശിച്ചാരനി൪ഗളം. 12

തപ്പിത്തപ്പിക്കുരങ്ങൻന്മാരിരുട്ടറയിലൂടെ പോയ്

തെല്ലു ദൂരത്തണഞ്ഞപ്പോൾ നല്ല ദേശത്തിനാ൪. 13

കണ്ടാലാ൪ക്കും മനഃപ്രീതിയുണ്ടാക്കും പൊന്മായസ്ഥലം

പാ൪ത്താരവിടെ മിന്നുന്ന മഹായോഗിനി തന്നെയും. 14

മോക്ഷത്തിനായ് തപം ചെയ്യും സാക്ഷാൽതാപസിതൻകീഴിൽ

വന്നിച്ചു വ൪ത്തമാനങ്ങൾ പറഞ്ഞു പവനാദ്മജൻ. 15


നൽകീരവാണി താന്നപ്പോൾ സൽക്കരിച്ചു കപീന്ദ്രരേ

സ്വന്തവൃത്താന്തമെപ്പേരുമവരോടരുളീടിനാൾ. 16


മയനുണ്ടാക്കിയിദ്ദേശം നാന്മുഖന്റെ വരത്തിനാൽ

ഹേമയാമപ്സരസ്ത്രീയേ കൈകൊണ്ടിവിടെ മേടിനാൻ. 17

മയനെക്കൊന്നു ദേവേന്ദ്രനന്നേരം കമലോത്ഭവൻ

സന്തോഷിച്ചിവിടം നൾകി ഹേമയ്ക്കു്നിവസിക്കുവാ‍ൻ. 18

എൻതോഴിയവ,ളിദ്ദേശമെനിക്കായി പിന്നെയേകിനാൾ

അന്നുതൊട്ടിപ്രദേശത്തെസൂക്ഷിച്ചു മരുവുന്നു ഞാ൯. 19

എ൯പിതാ മേരുസാവ൪ണി നാമധേയം സ്വയംപ്രഭ

വലുതായുണ്ടു വൈ‍‍ഷമ്യം പ്രണികൾക്കിങ്ങു പോരുവാ൯. 20

അഥവാ വന്നകപ്പെട്ടാൽ തിരിയെപ്പോയ് പിഴയ്ക്കുവാ൯

എളുപ്പമാ൪ക്കുമല്ലാത്ത ഗുഹയാണിതു ദു൪ഘടം 21

ഈവണ്ണമുരചെയ്തിട്ടാ വാനരപ്പടയെ ക്ഷണാൽ

നേ൪വഴിക്കാക്കി മുന്നെപ്പോൽ കൗശലത്താൽ സ്വയംപ്രഭ. 22

അപ്പോൾ സാലാവൃകേന്ദ്രന്മാ൪ വസന്തത്തിന്റെ വാതിലാം

മാഘമാസത്തിൽ മാമ്പൂ കണ്ടാകപ്പാടേ വിഷണ്ണരായ്. 23

ഗുഹയിൽ പാ൪ത്തു പാഴാക്കിക്കളഞ്ഞു ദിവസങ്ങളെ

അവധിക്കുറിയും തെറ്റി ദേവിയെക്കണ്ടുമില്ല നാം. 24

ശിക്ഷിപ്പാൻ തമ്പുരാനിന്നിപക്ഷം രണ്ടില്ല ചെല്ലുകിൽ

ലക്ഷ്യമില്ലാതെ പോന്നോരീ ലക്ഷം പേ൪ക്കുമധോഗതി. 25

പശ്ചാത്താപത്തോടീവണ്ണം ദീനനായ് ബാലിനന്ദനൻ

വാവിട്ടു കരയുന്നേരത്താശ്വസിപ്പിച്ചു മാരുതി. 26

ത്രാണിയില്ലായ്കയാൽ ശൗര്യം കാണിപ്പാൻ സ്വന്തജോലിയിൽ

നാണം കെടുന്നതിൽ ഭേദം പ്രാണത്യാഗം മഹാസുഖം. 27

ഈവണ്ണമവരെല്ലാരും കൂടി മന്ത്രിച്ചു തങ്ങളിൽ

പ്രയോപവേശനം കൊണ്ടു മരിപ്പാനയൊരുങ്ങിനാ൪. 28

വിന്ധ്യമാമലയോരത്തു ദ൪ഭ കൊയ്ത്ങ്ഗദാദികൾ

അഗ്രം തെക്കോട്ടു വച്ചോരോ പാചമ,ച്ചതിനാലവ൪. 29


കൈകാൽ ശുദ്ധി വരുത്തീട്ടു ചാകാനേകാഗ്രബുദ്ധിയാൽ

ദ൪ഭയിന്മേൽ കിഴക്കോട്ടു നോക്കി വാണാരനാകുലം. (യുഗ്മകം) 30


കടുത്ത വെയിലേറ്റിട്ടും പട്ടിണിച്ചീട്ടു വാങ്ങിയും

കൂസലില്ലാതെ ധൈര്യത്തെ ഭേസിനാരവരൊക്കയും. 31


സങ്കടത്തിൽലകപ്പെട്ട വാനരന്മാ൪ പരസ്പരം

രാമവൃത്തന്തമോരോന്നു സംസാരിച്ചു തുടങ്ങിനാ൪. 32

പോരിൽ പൗലസ്ത്യനാൽ മുന്നം വെട്ടപ്പെട്ട ജഡായുവെ

വ൪ണിപ്പാ൯ ബന്ധമുണ്ടാ,യപ്പട്ടാളക്കാ൪ക്കു തങ്ങളിൽ. 33

സഹോദരന്റെ നിര്യാണവാ൪ത്ത കേട്ടൊരു മാത്രയിൽ

പക്ഷീന്ദ്രനായ സമ്പാദിക്കുളവായ് രോമഹ൪ണം. 34


വാരത്തിൽനിന്നെഴുന്നേറ്റു തത്തിത്തത്തിപ്പതുക്കവേ

വെളിപ്പെട്ടു കപീന്ദ്രന്മാ൪ മരുവും ദിക്കിലായവ൯. 35

അവ൪ക്കു നന്മ നൾകീടാ൯ നേ൪ന്നു ദൈവത്തിനോടിവ൯

വിളിച്ചു പയ്യെച്ചോദിച്ചാ൯ വാനരന്മാരൊടിങ്ങനെ. 36

അപായമെന്റെ തമ്പിക്കു നേരിട്ട,തുരചെയ്യുവോ൪

ആരെടോ‌‌‍! നിങ്ങളെന്നോടു നേരിട്ട,തുരചെയ്യുവി൯. 37

തൂവലെല്ലാം കരിച്ചോരു പകലോനുടെ ചൂടിനെ

പണ്ടൊരിക്കലറിഞ്ഞേ൯ ഞാനുണ്ടാതെന്നുള്ളിലിപ്പൊഴും. 38

ചൂടേറുംമിച്ചരിത്രത്തെച്ചെവിക്കൊണ്ടൊരു മാത്രയിൽ

രവി ത൯ കഠിനച്ചൂടു മുഴുവ൯ മാഞ്ഞിത്ഭുതം. 39

സമ്പാതിവാക്യമൂവണ്ണമ൯പോടും കേട്ടൊരുങ്ഗദ൯

തുമ്പാംവണ്ണം ജടായുസ്സുത൯ പ്രാണാവസ്ഥയോതിനാ൯. 40

വിസ്തരിച്ചതു കേട്ടപ്പോൾ ഗൃദ്ധ്രരാജ൯ വിഷണ്ണനായ്

കരഞ്ഞു തന്റെ തമ്പിക്കു തരസാ പിണ്ഡമേകിനാ൯. 41

ആ൪ത്താരം വാനരന്മാരെപ്പാ൪ത്തു പിന്നെയുമിങ്ങനെ

നമ്മ നേടുവതിന്നായി സ്സമ്മനിച്ചവനോതിനാൽ. 42

മഹേന്ദ്രഗിരിയിൽക്കൂടെ രാവണൻ രാമപത്നിയെ

ഇണ്ടലില്ലാതെ തേരേറ്റിക്കൊണ്ടു തെക്കോട്ടുപോയേടോ! 43

കൊറ്റിനു മാംസമാരാഞ്ഞെൻ മകനായ സുപാ൪ശ്വനും

ചുറ്റുന്ന നേരമിതു കണ്ടോടി വന്നെന്നോടോതിനാൽ. 44

രാക്ഷസസ്ത്രീകളാൽ ചുഴപ്പെട്ടു ജാനകി ലങ്കയിൽ

ശിംശപാവൃക്ഷമൂലത്തിലിരിപ്പൊണ്ടങ്ങു ചൊല്ലുവിൻ. 45

ആണത്തമുള്ള നിങ്ങൾക്കീയാഴിക്കക്കരെയെത്തുവാൻ

കുഴപ്പമൊന്നുമില്ലെങ്കിൽ കാണാം ദേവിയെ നിശ്ചയം. 46

ദിവാകരകരം കൊണ്ടു ചിറകറ്റു കിടന്ന ഞാൻ

നിശാകരകരം കൊണ്ടു രക്ഷപ്പെട്ടു യദൃച്ഛയാൽ. 47


നിങ്ങൾക്കെല്ലാം തക്കയോഗ്യസൗജന്യം ഞാനുരയ്ക്കവേ

തൂവലുണ്ടാകുമെന്നുള്ള മുനിവാക്യം യഥാ൪ഥമായ്. 48

ഓരോ തൂവൽ മുളച്ചീടാനാരംഭിച്ചിന്നു മെല്ലവെ

സാരവേദികൾ ചൊല്ലുന്ന ഗീരു നിഷ്ഫലമാകുമോ? 49

സമുദ്രം താണ്ടുകിൽ കാണാം സ്വീരദ്ധ്വജതനൂജയേ

നിങ്ങൾ കൈയേറ്റ കാര്യത്തെ നിറവേറ്റാ൯ ശ്രമിക്കണം. 50

പറഞ്ഞിതവരോടുള്ളിൽ കണ്ണുള്ളോരദ്വിജാധിപ൯

ആശീ൪വചനവും ചൊല്ലി യാത്രയാക്കി മഹാമതി. 51

ആകസ്മികമതായ് കണ്ട ശകുനത്താൽ പ്രഹൃഷ്ടരാം

ശാഖാമൃഗപ്രവീരന്മാ൪ക്കാകുലം തീ൪ന്നു മാനസേ. 52

കവിരാജാജ്ഞയാകുന്ന പാഥേയുംപൂണ്ടു മൗലിയിൽ

ചെന്നുകണ്ടവ൪ സന്ദേഹകടലായലയാഴിയേ. 53

ബലവാനായ രാമന്റെ ബാണങ്ങളുടെ കൂ൪മയും

കരകാണാത്ത വാരാശി കടപ്പാനുള്ള ദുഃഖവും. 54

നിനച്ചു നെഞ്ചടചേറ്റമന്ധാളിച്ചവരെയൊക്കെയും;

അന്നേരം പുഞ്ചിക്കൊണ്ടു പറഞ്ഞാനേവമങ്ഗദൻ

                                   (യുഗ്മകം)               55

ശൗര്യമേറും വകക്കാരെന്നുള്ള പേരാണ്ട കൂട്ടരേ!

നിങ്ങൾ മാനം കെടുത്താനായ് പോകുന്നോ? കീശജാതിയേ. 56

പണ്ടാരാണ്ടോരു ഭൂപാല൯ തോണ്ടിച്ചോരിതു താണ്ടുവാ൯

മണ്ടന്മാരെന്നു ഭാവിച്ചും കൊണ്ടിരുന്നാൽ കുറച്ചിലാം. 57

ഔ൪വാഗ്നിക്കുമഗസ്ത്യന്നും നീ൪ വറ്റിപ്പാ൯ വിഷത്തിനും

ശേഷിയില്ലാത്തതാം;പങ്കമേറും ദുഷ്കീ൪ത്തിസാഗരം. 58

അതു ലംങ്ഘിപ്പതി,ന്നുപ്പുനിരാഴിയിതു കാൺകവേ

ഭയപ്പെടുന്ന നമ്മൾക്കു ശക്യമാകുന്നതെങ്ങനെ? 59

അന്നേരത്തപ്ലവങ്ഗന്മാരാ൪ണ്ണവത്തെക്കടുക്കുവാ൯

ഇന്നാ൪ക്കിന്നാ൪ക്കിത്രമാത്രം കുതിക്കാമെന്നു ചൊല്ലിനാ൪. 60

അക്കരെച്ചെന്നു പറ്റീടാ൯ ശക്തിയുണ്ടെന്നിരിക്കിലും

അംഗദ൯ ഭരമേറ്റില്ല തിരിച്ചിങ്ങോട്ടു പോരുവാ൯. 61

കാറ്റിന്റെ മകനായുള്ള ഹനുമാനജ്ഞനാത്മജ൯

നാക്കെടുക്കാതിരുന്നപ്പോൾ ജാംബവാനേവമോതിനാ൯. 62

ആഴമേറുന്ന വാരാശിക്കക്കരെച്ചാടി വീഴുവാ൯

ആരുമില്ലെന്നു സന്ദേഹിച്ചരു,താതങ്കമാ൪ക്കൂമേ. 63


പടത്തലവനാകുന്ന ഹനുമാനാശവയ്ക്കുക്കിൽ

സംശയിക്കേണ്ട തെല്ലും പയ്ക്കുളമ്പും കടലും ശരി. 64

പ്രാണികൾക്കുയിരാകുന്ന വായുവി൯മകനാണിവ൯

കൊച്ചുന്നാളിൽ പിച്ച നിന്ന കാലത്തെക്കളിയത്ഭുതം. 65

പകലോ൯തന്റെ ബിംബത്തെ പഴമെന്നു നിനച്ചുട൯

പിടിപ്പാ൯ ചെന്നവാറിന്ദ്രവജ്രമേറ്റു പതിച്ചിവ൯. 66

മേലാലിവനെ മറ്റാരും ദ്രോഹിക്കാതെയിരിക്കുവാ൯

മോഹിച്ചു വീണ കുഞ്ഞിന്റെ പേരിൽ സ്നേഹിച്ചു മാരുത൯. 67

കൈക്കോട്ടിൽ താങ്ങിയും കൊണ്ടു നാന്മുഖന്നരികത്തുപോയ്

ആവലാതി പറഞ്ഞപ്പോൾ കല്പിച്ചു കമലാസനൻ. 68

തോൽപ്പിക്കില്ലാരുമിവനെയേൽപ്പിക്കില്ലായുധങ്ങളും

കൽപ്പാന്തത്തോളമായുസ്സും കെല്പ്പും ലോപിച്ചിടാ ദൃഢം 69


ഇത്തരം വരമാഹാത്മ്യം സിദ്ധിച്ച ഹനുമാനിഹ

ഊമയെപ്പോലിരുന്നീടിൽ നാമെന്തോന്നിനി വേണ്ടതും? 70

എറിയാനാശയുള്ളോ൪ക്കും കല്ലും കൈയൂക്കുമില്ലഹോ!

കല്ലും കരുത്തുമുണ്ടായോ൪ക്കേറിനും മടിയേറിടും. 71

സന്തതബ്രഹ്മചര്യത്തോടിരിക്കും വായുപുത്രനെ

‍ശ്ലാഘിച്ചു ജാംബവാനേവമവനോടാതിയാദരാൽ. 72

വേഗേന ലങ്കയിൽ പോയികാര്യം സാധിച്ചു പോരുവാൻ

പോരായ്കയില്ല നീയൊന്നു തെളിഞ്ഞാലെന്നു നിശ്ചയം. 73

നിനക്കു ചാടുവാനിപ്പോളാകാശമൊരു വൃക്ഷമാം

ഇലമ്പലാമിദ്ദിക്കെല്ലാം തളിരാം മേഘപങ് ക്തികൾ 74

നക്ഷത്രസൂര്യചന്ദ്രന്മാ൪ പ്രസൂനഫലവ൪ഗമാം

തടമാം കടൽ നാരായാവേരാമിന്നാദികൂ൪മവും. 75

ഉ‍ത്സാഹമുള്ളിലുണ്ടെങ്കിലിക്കാര്യം നി൪വഹിക്കുവാൻ

വിഘ്ന്മെന്തൊക്കെ വന്നാലും കൈവരും പല മാ൪ഗവും. 76

നിൻ കൈയിലല്ലയോ തന്നു രാഘവൻ തിരുവാഴിയേ?

അതെന്തിനെന്നു ചിന്തിച്ചു കടക്കൂ വേഗമാഴിയേ. 77

വകതെരിവൊടു മുന്നം പിന്നമോ൪ത്തിട്ടിതെല്ലാ-

മകപടമതിയാകും വൃദ്ധനോതുന്ന നേരം

വികലതകളശേഷം വിട്ടു കൈയൂക്കു വ൪ധി-

ച്ചകമല൪ വികസിച്ചാ വാതജൻ മൂരിനീ൪ന്നാൻ. 78


വിദ്യുചഛക്തി കടന്നു കമ്പിവഴിയായഞ്ചാറു കാവൽസ്ഥലം

പാ൪ത്തും കൊണ്ടു മുറയ്ക്കണഞ്ഞു തലയാംശാലയ്ക്കകത്തിച്ഛപോൽ

ഉദ്ദേശം നിറവേറ്റിടുന്ന വിധമക്കാറ്റിന്മക൯ ബദ്ധിമാ൯

പ്രത്യേകിച്ചു നൃപന്റെ കല്പന വഹിക്കാമെന്നുറച്ചോതിനാൽ. 79

ക്ലേശിച്ചീടരുതാരുമിന്നു ഹനുമാനുണ്ടിങ്ങു;ലങ്കാപുരേ

നാശത്തിന്നൊരു കാലു നാട്ടി വഴിപോൽ വന്ദിച്ചു വൈദേഹിയെ

കീശന്മാരുടെ കീ൪ത്തിയെന്നു മുലകിൽ സ്ഥാപിച്ചു നിസ്സംശയം

ലേശം മോശമണഞ്ഞിടാതുദധിയും പിന്നിട്ടു ഞാൻ പോരുവാൻ. 80


ആലസ്യംവി​ട്ടനിലതനയൻ വാമനൻ പോൽ വള൪ന്ന-

ക്കോലം നോക്കുന്നൊരു കപികളെസ്സാദരം സൽക്കരിച്ച്

പാലാഴിപ്പെണ്മണിയുടെ മണാളങ്കലുൾക്കാമ്പുറപ്പി-

ച്ചാലംബിച്ചാനുടനടി മഹേന്ദ്രാചലത്തിന്റെ കൂടം. 81

സീതാന്വേഷണം പതിന്നാലാം സ൪ഗം സമാപ്തം.