രാമചന്ദ്രവിലാസം/എട്ടാം സർഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രാമചന്ദ്രവിലാസം
രചന:അഴകത്ത് പത്മനാഭക്കുറുപ്പ്
എട്ടാം സർഗം

നിശിചരാന്ന്വയമൊക്കെയൊടുക്കുവാൻ
നിജമനസ്സിലുറച്ച രഘൂത്തമൻ
ധൃതശരാസനനായെഴുനള്ളിനാൻ
വനതലേനതലേഖനനാകുലം. 1

വിടപസന്തതികൊണ്ടു മരങ്ങള-
ദ്ദിനകരന്റെ കരത്തെ മറയ്ക്കയാൽ
ഇരുളുടഞ്ഞു മഹാഗഹനാന്തരേ
വിരവിലാ രവിലാക്കു പിഴച്ചപോൽ. 2

ചൊറി പെരുക്കരുതാഞ്ഞു തരുക്കളിൽ
കരടമിങ്ങു കരീന്ദ്രൊരയ്ക്കവേ
കറയൊലിച്ചു മണം പെരുകും വിധൗ
സകലരും കലരും ബഹുകൗതുകം. 3

വലിയ പന്നികൾ ചേറ്റിലുരുണ്ടു വീ-
ണവിടെനിന്നു കരേറി വരും വിധൗ
ഇടിയൊടുത്തു മുഴങ്ങി നടക്കവേ
വടിവിലാടി വിലാസമൊടും മയിൽ. 4

ശിഖികൾതൻനടനം ചില ദിക്കില-
ക്കുയിലിനുള്ളൊരു പഞ്ചമഗാനവും
അരിയഭൃദങ്ഗമൃദങ്ഗമുഴക്കവും
പരഹിതം രഹിതംഗുരുശിക്ഷയാ. 5

വിവിധ ദുഷ്ടമൃഗങ്ങളിടയ്ക്കിട-
ക്കഠിനമായലറുന്നതു കേൾക്കുയിൽ
കൊടിയ രാക്ഷസരൂക്ഷതയോർക്കിലും
വളരനാളരനാകിലുമഞ്ചുമേ. 6

അതിഭങ്കരമായൊരു കാട്ടില-
മ്മുനിജനത്തിനു നന്മ വരുത്തുവാൻ
അതിഥിപൂജകളേറ്റു നടന്നു പോ-
ലവരുമൂവരുമൂരു വളഞ്ഞ പോൽ. 7

അവരജൻ നടകൊണ്ടിതു മുൻപിനാ-
ലവനിപുത്രിയതിന്റെ പുറക്കലും
ഒടുവിലേട്ടനു, മിങ്ങനെ പേടി വി-
ട്ടലയവേ; ലയവേളയണത്തെ പോൽ. 8

വലിയ സിംഹവുമാനയുമൂളനും
പുലികളും കടുവാ കിടിവൃന്ദവും
പുതിയ ശൂലമതിൻമുന മൂന്നിലും
യതികളും തികളും ഭുജങ്ങളും. 9

പലതുമങ്ങനെ കോർത്തൊരു കോമ്പലാ-
യവിയലാക്കിയശിപ്പതിനെന്നപോൽ
ചുമടുതാങ്ങിയൊടൊത്തൊരു തോളിൽ വ-
ച്ചലറിയാലറിയാമ്പടി വിണ്ണിലും. 10

പരുഷനിസ്വനമോടൊതിരിട്ടിത-
ങ്ങൊരു മഹാപിശിതാശനവിഗ്രഹം;
വഴിതടുത്തവരെപ്പുരുസാഹസാൽ
തടിയനോടിയനോകഹ ജൃംഭിതൻ (കലാപകം.) 11

ജളശിരോമണിയാമനവാശു ചെ-
ന്നിളിയിലാക്കി വിദേഹതനൂജയേ
നൃപതിപുത്രരൊടിങ്ങനെ ചൊല്ലിനാൻ
തെറിയതേവരെ നിൽക്കയാൽ. 12

പുതിയ മോടി കലർന്നൊരു പേടമാൻ-
മിഴിയൊടൊത്തു സവാരിയടിച്ചിടും
രസികരായൊരു നിങ്ങളിതാരുവാ-
നസുരരോ സുരരോ നരവീരനോ? 13

ജടകളുണ്ടു മരത്തൊലിയുണ്ടഹോ
നെടിയ കൈകളലായുധജാലവും
സരസിജേക്ഷണയൊന്നരികത്തിലും;
ചരിതമീരിതമീവിധമെങ്ങുവാൻ. 14

മുടി വളർത്തി മഹാമുനിയാകിലും
തുകിലുടുത്തു ദികംബരാനാകിലും
ശരമെടുത്തു വനേചരനാകിലും
മതിവരാതിവരാശയിലാളുവോർ. 15

അറികിലിന്റെ പരാക്രമമീവിധം
വെറിയോടിഞ്ഞു നടപ്പവരല്ല കേൾ;
തിറമേഴുന്ന വിരാധനഹം മഹാ-
മറവനേറ വനേ വിളയാടുവോൻ. 16

പലതുമിങ്ങനെ കൂസലൊഴിഞ്ഞുടൻ
പരിഹസിച്ചു പലാശകുലാധമൻ
നിലയിൽ നിൽപ്പതു കണ്ടൊരു രാഘവൻ
ശമനനേ മനനേ വശമാക്കിനാൻ. 17

അവനൊടോതി രഘൂത്തമനിത്തരം
നൃപതിമാർ നായകരത്നമാം
ദശരഥന്റെ തനൂജരിൽ മൂത്തവൻ
പുനരഹം നരഹന്തൃകുലാന്തകൻ. 18

അറിക രാമനിതെന്നുടെ നാമമെ-
ന്നനുജനേഷ മഹാമതി ലക്ഷ്മണൻ
ഇവളെനിക്കു കുടുംബിനി സീതയാ-
ണിവിടെ നീ വിടനീതി നടത്തൊലാ. 19

ജനകശാസനയാലിഹ ഞങ്ങളീ
മനുജഭോജികളെക്കൊല ചെയ്യുവാൻ
അടവിതന്നിലണഞ്ഞിതു, നീ വൃഥാ
മുടി വിനോടി വിനോദമൊടെത്തലാ 20

കനിവെഴും ഭഗവാനുടെ വാക്കു കേ-
ട്ടമിതരോഷമിയന്നൊരു രാക്ഷസൻ
അലറിയെങ്ങെതിരിട്ടു ഹൃദിസ്ഫുരൽ
കുസൃതി സംസൃതി സന്ധിയറുക്കുവാൻ 21

രഭസമോടു രഘൂത്തമനക്ഷണം
ശരമെടുത്തു തൊടുത്തു ഭയം വിനാ
നിശിപരോസി ലക്ഷ്യമിരുത്തി വി-
ട്ടതിലവൻ തിലവന്മുറിവേന്തിനാൻ 22

അരിശമോടഥ സീതയെ വിട്ടയ-
ച്ചരിശമോത്സുകരാമവരേ മദാൽ
ദുരിശമോടിഹ റാഞ്ചിയെടുത്തു തൻ-
ചുമലിനമ്മലിനനഞ്ചുമടാക്കിനാൻ. 23

അവരെയങ്ങനെ തോളിലെടുത്തുകൊ-
ണ്ടവിടെ നിന്നവനാശു ശമിക്കവേ
നില വിളിച്ചു മഹീസുത മാനസേ
വലിയ മാലിയമാർന്നു വനാന്തരേ 24

കരുണയോടതു കണ്ടസിധാരകൊ-
ണ്ടവരറുത്തിവന്റെ കരങ്ങളേ
വലിയ നെഞ്ചിൽ വളച്ചൊരു വാതിൽ തീ-
ർത്തരുളിനാരുളിനാക്കെഴുമമ്പിനാൽ 25

തുഹിന ശൈലനിതംബമതിങ്കൽ നി-
‌ന്നമരവാഹിനിയാഞ്ഞൊഴുകുന്ന പോൽ
അളയിൽ നിന്നൊരരത്തമഹാസരി-
ത്തുതിരവേ തിര വേണ്ടതു ജാതമായ് 26

കരളു വിണ്ടു ഖലൻ ബലഹീനനായ്
വരികയാൽ മരിയാതെ മരിക്കവേ
ഉടനുടൻ നെടുവീർപ്പു വിടുന്ന കേ-
ട്ടിടിയതോടിയതോടെയൊളിച്ചുതേ 27

പിണമവിഞ്ഞു വനം വഷളാക്കുവാ-
നിടവരാതെയിരിപ്പതിനെന്നപോൽ
കുഴി കുഴിച്ചു നിശാടനെ മൂടുവാൻ
പെരുമയൊരുമയോവിശിഖങ്ങളാൽ. 28

ചെറുതുണർന്നുടനോതി വിനീതനായ്,
വിബുധനഗായകനായി നടക്കവേ
ധനദശാപവരങ്ങളടഞ്ഞതിൽ
വിവരമാ വരമാനുഷരോടവൻ. 29

“ദശരഥാത്മാജരെത്തി വനാന്തരേ
നിശിചരാന്ന്വയ ഹിംസ തുടങ്ങിനാർ"
പറയുവാനിദാമുമ്പരോടെന്നപോ-
ലവനെ യാവനയാക്കി യമന്നഹോ. 30

ഒരു വിളംബരമങ്ങുരഗാധിപൻ
പുരിയിലും പ്രഹരിച്ചു നകട്ടുവാൻ
ഉടലധോഭുവനത്തിലുമായപോൽ-
തരിയ മാരി,യമായമകന്നുപോൽ. 31

ജഡശരീരമൊഴിഞ്ഞമരാലയേ
നടകൊതിച്ചമരും ശരഭങ്ഗനാം
മുനിവരന്റെരികത്തതഥ ചെന്നുതേ
സവിനയം വിനയൻപൊടകറ്റുവാൻ. 32

തദനു താപസനേയവർ കൂപ്പിനാർ
വിനയമാർന്നടനമ്മുനിപുങ്ഗവൻ
അവരെ മൂവരെയർച്ചന ചെയ്തൊര-
ക്കുതുകമോതുക മോക്ഷദമേവനും. 33

അരിതു മെയ്യിതു മേലിലുമേന്തുവാൻ
കരുതിയശ്ശരഭങ്ഗനുമിങ്ങനേ
വരുതി വാങ്ങി രമേശനോടിവിധം
ത്വരിതമാരിതമാർന്നിവനെന്നിയേ? 34

കനലിലിന്ധനമെന്നതു പോലെ തൻ
തനുവെരിച്ചു തപോധനനക്ഷണം;
കുട പിടിച്ചു വിമാനവുമായി വ-
ന്നുപരി തേവരിതേ ബഹു വിസ്മയം. 35


അഥ കരേറി വിമാനമതിങ്കല-
ന്നമരലോകമമർന്നു മുനീശ്വരൻ;
രഘൂവരന്റെ കഴൽക്കു പണിഞ്ഞുപോയ്
പെരുമ നേരുമനേക നിലിമ്പരും 36

അവിടെ വച്ചു മഹാമുനിമാർകളോ-
തരുളി രാമനരക്കർ കുലത്തിനേ
കുടിമുടിക്കുവനെന്നോരു സത്യവാ-
ക്കവനതൻ വനതൽപരനപ്പൊഴേ. 37

മുനികുലോത്തമനായ സുതീക്ഷണനാ-
ലനുനയത്തൊടു പൂജിതനായ് തദാ
അവിടെ നിന്നു തിരിച്ചവനാ മല-
ഞ്ചുഴിയിലൂടെ നടന്നിതേ. 38

കടലശേഷമൊരേ സമയം പുരാ
മടി വെടിഞ്ഞമൃതേത്തു കഴിക്കയാൽ
കുടി മുടങ്ങി വലഞ്ഞു വലാഹകം
തിരിയെ വാരിയെ വാങ്ങുവതിന്നു താൻ. 39

ചുഴലെ മുട്ടു മറിപ്പിനു വന്നപോൽ
കഴുകളേന്തിയ വന്മരശാഖയാൽ
നിഴൽ നിറഞ്ഞൊരഗസ്ത്യ തപോവനം
ഗതനതായ് തനതാളുകൾ തമ്മൊടും. 40

അരുവികൾക്കരുമപ്പെടുമീശനാം
കടലിനെക്കരതാർമധുവെന്ന പോൽ
രുചിയറിഞ്ഞൊരഗസ്ത്യർ തപസ്സു ചെ-
യ്തമരുമാ മരു മാനസ ഹർഷദം. 41

അവിടെയീന്തിമരം മദയാനതൻ
കരബലാൽ കുനിയുന്നിതു മെല്ലവേ
പറകയാണതു വിന്ധ്യമഹാദ്രിയാ
മുനികരേ നികരേറ്റു ചുളിഞ്ഞതായ് 42

വഴിപിഴച്ചറിയാതിഹ വായിൽ നി-
ന്നൊഴിയുവാനരുതാതെ വിഷണ്ഡരായ്
പെരുവയറ്റിലിരുന്നു പിടച്ചത-
ക്കരികൾ മൂരികൾ മൂത്ത വൃകങ്ങളും. 43

കഥകഴിച്ചിവയെച്ചില വാഹസം
കലശസംഭവകുക്ഷിയിൽ മൂന്നമേ
കഠിനകൃത്യമെടുത്തവർ ചത്തിതെ
ന്നപരമാം പരമാർഥമുരച്ചുപോൽ. 44

ജലധിയെച്ചെറുതേനതുപോലെ കൈ-
ത്തലമതിങ്കൽ വഹിച്ചു കുടിക്കവേ
ജലധരം മധുമക്ഷികയെന്നപോ-
ലകലെയാക ലയാർഥമല‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞഹോ. 45

അതുകളൊക്കെയഗസ്ത്യതപോവനെ
മഹിഷവേഷമെടുത്തുപജീവനം
കഴിയുവാനിഹ വാസമുറച്ചുപോൽ;
പിഴകളേഴകളേവമണഞ്ഞിടും. 46

ഇനിയുമിത്ഥമനേകവിധങ്ങൾ ക-
ണ്ടനിടെയുള്ള വിശേഷമശേഷവും
ഉടജവാതിലിൽ വന്നെതിരേറ്റൊരാ-
മുനിവരാനിവരാശു പണി‍ഞ്ഞുതേ. 47

ഉലകിലൊകക്കെ നിറഞ്ഞ യശസ്സൊടും
കമലസംഭവനാം വിധിയെന്നപോൽ
സുരമുനീന്ദ്രകുലത്തിനു വന്ദൃനാ,-
യുടലിനാടലിനായ് ശചിയെ ബ്ബലാൽ. 48

പുണരുവാൻ പണി നോക്കി നിരന്തരം
ചുണകെടും നഹുഷക്ഷിതിപാലനേ
അലിയായ്‌വരികകെന്നുരചെയ്തു വൻ-
മലയമാലയമാക്കിയ കേമനായ്. 49

കൊടിയൊരില്ല്വലനായ സുരാരി തൻ
സഹജനേ നിഹനിച്ചുദരാഗ്നിയിൽ
മഹിതനാം, മുനിയെബ്ബത കണ്ടിത-
ശ്ശൂഭരതാം ഭരതാഗ്രജനാദികൾ. (വിശേഷകം) 50

ദിനകരോപമനായിരുൾ നീക്കിയ-
ങ്ങനുദിനം വിലസുന്നൊരു യോഗിയേ
ചരിതമോതി വണങ്ങി വിനീതരാ-
യവരഹോ വരഹോതൃപദാംബുജേ. 51

കനിവൊടുള്ളമലി‍ഞ്ഞെഴുനേറ്റു തൻ
കരയുഗത്തെയുയർത്തി മുനീശ്വരൻ
കുശലമോതിയനുഗ്രഹമേകി മേൽ
ഗുണവുമീണവുമീശ്വരനേറുവാൻ. 52

അനുഭവിച്ചഖിലേശനുമായ് മഹാ
മുനീവരൻ പരിരംഭസുഖത്തിനേ
നിജകരത്തോടു കോർത്തിതു രാഘവൻ-
കരമിതാരമിതാദരമാർന്നിടും? 53

കനകപീഠമതിങ്കലിരുത്തി മാ-
മുനിവരൻ പുനരാരഘുനാഥനേ
വിനയമോടു പദം കഴുകിച്ചത-
സ്സജനരാജനരാഗികൾ കൂപ്പുവോൻ. 54

വലിയ തോണിയിൽ നിർത്തുമൊരോടുപാ-
യ്ക്കെതിരിടും ചിറകൊണ്ടിരുപക്കവും
മലയൊടൊത്ത ശരീരവുമുണ്ടവൻ
പ്രകൃതിയാലറിയാവതോ? 64

കടലിലുള്ളൊരു വെള്ളമശേഷവും
കടമതിങ്കലുളായ തപോധനൻ
പൊടിയടിക്കുകയാലെതിരിട്ട ത-
ന്നികടസങ്കട സങ്ഗതിയൊക്കയും 65

ഹരജി വച്ചറിയിച്ചു മുനീന്ദ്രനോ-
ടതിനു തക്കൊരു പോംവഴി നേടുവാൻ
അവിടെ വന്ന ഹിമാലയപുത്രനെ-
ന്നിറീടുമീടുമീശനുമാശയേ. (യുഗ്മകം ) 66

അകലെ വച്ചിതുപോലെ നിനച്ചുകൊ-
ണ്ടരശനൊട്ടരികത്തണയും വിധൗ
“മുനികളെബഹു കൊറ്റു കഴിച്ചൊരി-
ക്കുടിലനീടിലനീതി നടത്തുവോൻ.” 67

കരളിലിങ്ങനെയോർത്തഥ വില്ലിൽ വൻ-
കരുതൽ ചെയ്‌വതു കണ്ടു ജടായുവും
ചകിതനായ് ബത വീണു വണങ്ങിനാൻ
പ്രഭുവിനെബ്ഭുവി നേരുരചെയ്തവൻ. (യുഗ്മകം ) 68

അരുണസാരഥിതൻ മകനേഷ ഞാൻ
കഴുകജാതിയിലുള്ള ജടായുവാം
ദശരഥപ്രിയനത്തരമിഷ്ടമോ-
ടമരണം മരണം വരെ നമ്മളും . 69

ഇവനെയങ്ങു വൃഥാ കൊലചെയ്കൊല-
തവ ഹിതത്തിനു സജ്ജനിവൻ സദാ,
ഇദമുരച്ചഥ വീണ്ടുമടുത്തു ചെ-
ന്നമരമാമരമാമടി കൂപ്പിനാൻ. 70

അമനെയാശു പിടിച്ചു തലോടി ന-
ന്മധുരവാക്കിലിണക്കി രഘൂത്തമൻ
അരികിലഞ്ചു വടദ്രുമമൊന്നുപോ-
ലുയരമായരമാണ്ടു വളർന്നിടും. 71

ശുഭതലത്തിലൊരാശ്രമമന്നു ത-
ന്നനുജനങ്ങു ചമച്ചതിലാസ്ഥയാ
ഗുണമെഴും നിജഭാമിനിതന്നൊടും
മരുവി ചാരുവിചാരമനസ്കനായ്. (യുഗ്മകം) 72

പാരം കോച്ചിവലിച്ച ചുണ്ടുകൾ വിറച്ചൂളം വിളിച്ചേറ്റവും
ദൂരത്തക്കുളിരാം പിശാചിനെയടിച്ചോടിച്ചു പിന്നെച്ചിലർ
കോരിത്തൂറ്റി മുറയ്ക്കു മഞ്ഞുമഴയസ്സാധുക്കളാം പാന്ഥരിൽ
ശൂരത്വത്തൊടു ശീതകാലമിതവർക്കുൾക്കാമ്പു കൂമ്പിച്ചുപോൽ. 81

വെളിയടിയിലെദ്ദീപം പോലത്തുഷാരനിമഗ്നനാ-
യൊളികളഖിലം മങ്ങിബ്ഭാസ്വാനുദിച്ചൊരു ശേഷവും
കുളിരിനടിപെട്ടങ്ഗം ചുങ്ങിക്കിടന്നൊരു ലോകരുൾ-
ത്തെളിവിനൊടെഴിന്നേല്ക്കാത്തോണം ഹിമർത്തു തിമർത്തുപോൽ. 82


എട്ടാം സർഗം സമാപ്തം