Jump to content

രാമചന്ദ്രവിലാസം/അഞ്ചാം സർഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
രാമചന്ദ്രവിലാസം
രചന:അഴകത്ത് പത്മനാഭക്കുറുപ്പ്
അഞ്ചാം സർഗം

ത്താനന്ദം ഭക്തനൊരുനാൾ തമ്പിയോടും പിതാവിൻ
പത്താരാദിച്ചനുനയമോടമ്മാവനെക്കാണുവാനായ്
കൂത്താടും നൽത്തുരഗവരമേരിപ്പുറപ്പെട്ടു വേഗാൽ
പൊൽത്താർമാതിൻകളി കലരുമക്കേകയം പുക്കുവാണു. 1
 
അക്കാലത്തദൃശരഥമഹാരാജനോജസ്സൊതുക്കീ-
ട്ടുൾക്കാമ്പിങ്കൽത്തരളതയോടസ്നേഹമൊക്കെച്ചുരുക്കീ,
ദിക്കാകെ ത്തൻദശയനുഭവിച്ചിട്ടു,നന്നായ് പ്രകാശി-
പ്പിക്കാതാക്കീ നിശയറുതിവന്നിട്ടു, ദീപങ്ങൾ പോലെ 2

രാട്ടില്ലാഞ്ഞാൽ പലവിധമനർഥങ്ങൾ നേരിട്ടുപോമീ-
നാട്ടിന്നെന്നോർത്തരശനൊരുനാൾ മന്ത്രിസാമന്തവർഗം
കുട്ടിച്ചൻപോടരികെയരുളിച്ചെയ്തു തൻകാര്യമോരോ-
മട്ടിൽപ്പിന്നീടിളമയോടു വാഴിക്കുവാൻ രാമനേയും. 3

പൗരന്മാരിക്കഥ മുഴുവനും കേട്ട പൂർണാനുവാദം
സ്മാരം സ്മാരം ദശരഥസുതൻ തന്റെതന്റേടമെല്ലാം
നീരം ചിന്തും മുകിലൊലികളെക്കേട്ട സർപ്പാശനാനാം
വാരം പോലന്നഗിരിയെ നിരച്ചെന്നു കോലാഹലത്താൽ 4

ഫുല്ലാംഭോജേ മദുരസമൊലിക്കുന്നപോൽ നാട്ടുകാർക്കു-
ന്നുല്ലാസത്താലൊഴുകി മുഖപത്മത്തിലാനന്ദബാഷ്പം
സല്ലാവണ്യം തിരളുമൊരു രാമന്റെമെയ്യ് കാണുവാനാ-
യെല്ലാരും തന്മിഴികൾ കഴുകിശുദ്ധമാക്കുന്നപോലെ. 5

മാലോകർക്കീ നടവടി നടത്തീടുവാനാസ്ഥയുണ്ടെ-
ന്നാലോചിച്ചദ്ദശരഥനൃപൻ രാമനെ പ്രേമപൂർവം
താലോലിട്ടയി തനയ നിന്മസ്തകേ പൊൽക്കിരീടം
ചേലോടിഞാൻഝടിതിയണിച്ചീടുമിക്കാലമെന്നാൻ 6


രാമൻപിന്നെദ്ദസരഥമനോരാജ്യമംബാസമീപ-
ത്താമന്ത്രിച്ചിട്ടഥ നിജനിസാത്നത്തിൽ മേവും ദശയാം
ഓമൽക്കൈകാഘുതിലകനെക്കാർപ്പു കെട്ടിച്ചിരുത്തി-
ക്ഷേമത്തിന്നായഖിലജനവും കോപ്പുകൂട്ടിത്തുടങ്ങീ. 7

രക്ഷോജാതിക്കറുതി വരുവാൻ കാരണസ്ഥാനമേറ്റി-
ട്ടക്ഷോണിക്കന്നപശകുനമുണ്ടാക്കുവാൻ മന്തരാഖ്യ
വക്ഷോജത്തെപ്പഴി പറയുമക്കൂനുമേന്തിത്തിരിച്ചാൾ
പ്രക്ഷോഭിപ്പതിന്നു ഭരതൻ തന്റെ മാതാവു തന്നെ. 8

ധീരോദാത്താദ്യഖിലഗുണവാനായ രാമന്റെ മേല-
ന്നാരോപിച്ചിട്ടധികപിശുനത്വത്തെയപ്പാപശീല
ഓരോന്നോതീട്ടിളയ മഹിഷിക്കുള്ളിലങ്ങീർഷ്യ ചേർത്താ
ളാരോമൽപ്പൊയ്കയിലെരുമ പോയ് ചെറിളക്കുന്നപോലെ 9

രാകേന്ദുശ്രീ തഴുകിന മുഖേ ഭാവഭേദങ്ങളോടും
കൈകേയിക്കപ്പരുഷമൊഴി കേട്ടിട്ടു ചിത്തം പകർന്നു
സാകേതാധീശ്വരനൊടൊരുനാൾ ദാനവായോധനത്തിൽ
പാകേ നേടിക്കരുതിയ വരദ്വന്ദ്വമർഥിച്ചു പിന്നെ. 10

നാട്ടിൻഭാരം ഭരതനു കൊടുക്കേണമെന്നിട്ടു രാമൻ
കാട്ടിൽപ്പോയിത്തപമൊടു വസിക്കേണമീതേഴു കൊല്ലം
കേട്ടിക്കാര്യങ്ങളെ , യുലയിൽവച്ചൂതിനന്നായുരുക്കീ-
ട്ടോട്ടിൻ പരവച്ചെവികളിലൊഴിച്ചോണമായ്ക്ഷോണിപന്ന്. 11

പാങ്ങില്ലാഞ്ഞിട്ടഥ നരവരൻ പുത്രനേ വേർപെടുത്താ-
നേങ്ങി പ്രാണൻ നെറുകൈയിലൊളിച്ചാശു മൂർഛിച്ചു വീണാൻ;
നീങ്ങിപ്പിന്നെച്ചെറുതുസമയംകൊണ്ടുമോഹം, മുഖാബ്ജം.
മങ്ങിപ്പാരം നിരജമണിയൊടോതിനാൻ സാമവാക്യം. 12

ധന്ന്യേ! രാമൻ വനഭുവി മടിക്കാതെ പോയീടുമിപ്പോൾ
മാന്ന്യേ! ലോകപ്രമദഭരവും പിന്നെയാട്ടെന്നു വയ്ക്കാം
ദൈന്ന്യേ ഞാനെൻ തനയവിരഹം പാപമോർത്തിന്നടക്കാ-
മന്ന്യേ നിന്നെപ്പഴി പഫകിലിന്നെങ്ങനേഞാനൊഴിപ്പൂ. 13

പ്രത്യാദേശിച്ചരശനുടെ വാക്യങ്ങൾ, കൈകേയി ചൊന്നാ-
ളത്യാസക്ത്യാ പൊരുളുകൾ പഠിച്ചുള്ളൊരങ്ങുന്നിദാനീം
സത്യാപായം തനയനെ വിചാരിച്ചു ചെയ്കെന്നുവന്നാൽ
വ്യത്യാസത്താൽ പൊളി പറയുമിശ്ശാസ്ത്രമൊട്ടേറെ യോഗ്യം. 14

രക്ഷിക്കാനായ് നിജസമയവാക്യത്തെ മുന്നം പരുന്താം
പക്ഷിക്കേകി ശിബിനരവരൻ തന്റെ മെയ് മാംസമെല്ലാം
അക്ഷിദ്വന്ദ്വം ദ്വിജവരനു നൽകീടിനാൻ മറ്റൊരുത്തൻ
സൂക്ഷിക്കുന്നു മൊഴികളഴിവില്ലാതെകണ്ടുത്തമന്മാർ.15

വേണ്ടും നാളിൽതരുവാനിതു ഞാനെന്നുകൽപ്പിച്ചകാര്യം
രണ്ടും വെള്ളത്തിലെ വരകളെപ്പോലെ വന്നീടിലിപ്പോൾ
വീണ്ടും നേരുംനെറിയുമധികം പൂണ്ടരാജാക്കളങ്ങേ
ക്കണ്ടും കേട്ടുംപലപടി ശകാരിച്ചു പുച്ഛിക്കയില്ലേ?. 16

ആപൽക്കാലത്തുതകിയതു കണ്ടന്നു കല്പ്പിച്ച വാക്യം
ഭൂപർക്കെല്ലാം മകുടമണിയാമെന്റെ ഭർത്താവിദാനീം
ചാപല്യത്താലനുചിതമിതെന്നോർത്തു തള്ളുന്ന പക്ഷം
ധൂപപ്രായം ദൃഢമുടലിവൾക്കിന്നു ഹാലാഹലത്താൽ. 17
 
ഉണ്ടാമിപ്പോൾ പദവി പലതാരാമമാതാവിനന്നാൽ
കണ്ടാലുള്ലിൽ കരുമന സഹിക്കാവതല്ലല്പവും മേ
കുണ്ടാമണ്ടിത്തരമിദമുരയ്ക്കുന്ന കൈകേയിയോടായ്
രണ്ടാം പ്രാവശ്യമരുളിനാനാത്തിപൂണ്ടക്ഷിതീശൻ.18
 
ധൂർത്തേ നീതാൻ വകതെരിവൊഴിഞ്ഞെന്തിവണ്ണം കഥിപ്പാൻ
താർത്തേൻ വാണീമണികളിനിമേൽ നിന്നെ നിന്ദിക്കുമല്ലോ
ഓർത്തേനെങ്കിൽത്തവ ഹൃദയകാഠിന്ന്യ, മന്നീവരത്തേ
തീർത്തേകീടാനിവനിട വരുത്തീടുകില്ലായിരുന്നു. 19

ദുഷ്ടേ രാമൻ നൃപതികളിലിന്നേകനായ് തീർന്നതില്ലാ
കഷ്ടേ ഞാനന്നവടികളാൽ പുത്രവാനായുമില്ലാ
നഷ്ടേ ദേഹേ ഭരതനിനി മേ കർമശേഷം കഴിപ്പാൻ
ശിഷ്ടേ പാത്രേ പിറവിയവനില്ലായ്കയാലർഹവല്ലാ. 20

പക്ഷേ രാമൻ മരവിരിയുടുക്കട്ടെ കാന്തരദേശം
സ്വക്ഷേത്രം പോൽ കരുതി നിവസിക്കട്ടെ വൃക്ഷച്ചുവട്ടിൽ
രൂക്ഷേ നിന്നാ‍ശയസദൃശമാം കല്ലിലക്കോമളാങ്ഗം
നിക്ഷേപിച്ചിട്ടൊരു നിശിയുറങ്ങുന്ന കാര്യം ഞെരുക്കം. 21

ഉള്ളം നീറിക്ഷിതപനരുളുന്നൊരു വാക്യങ്ങൾ രാജ്ഞി-
ക്കുള്ളന്ധാളിപ്പകലെ വിടുവിച്ചീല ദുസ്സംഗദോഷാൽ
പള്ളം തോറും ചെളിയിൽ മുഴുപ്പോയ ചന്ദ്രാശ്മജാലം
കള്ളം കൈവിട്ടമൃതകരനും മേനികൂട്ടാൻ പ്രയാസം. 22

ഭൂജാനിക്കാമകനുടെ മുഖം കണ്ടിനിക്കാണി നേരം
വ്യാജാപേതം മനതളിൽ തണുപ്പിച്ചീടാമെന്നു തോന്നീ
നീ ജാനക്യാരമണനെ ജവാൽ കൊണ്ടുവന്നാലുമെന്നാ-
രാജാവഗ്രേ മരുവിനൊരു മന്ത്രീന്ദ്രനെപ്പാർത്തു ചൊന്നാൻ. 23

താതാദേശം സചിവനറിയിച്ചപ്പൊഴാരാമചന്ദ്രൻ
സ്പീതാമോദത്തൊടു നൃപഗൃഹം പുക്കു തൃക്കാൽ വണങ്ങീ
ഏതാണ്ടൊക്കെപ്പിണി ജനകനുണ്ടെന്നു ചിന്ദിച്ചു ചിത്തേ
മാതാവൊടക്കഥ പറകയെന്നോതിനാൻ സാവധാനം.24

ചൊന്നാളപ്പോൾ കഠിനഹൃദയം പൂണ്ട ചിറ്റമ്മ,കുഞ്ഞേ
തന്നാൻ മുന്നം മമ വരയുഗം നിൻപിതാ കമ്പമെന്ന്യേ
എന്നാൽ,നിന്നെപ്രതി വളരുമുൾപ്രേമവും സത്യഭങ്ഗം
വന്നാലുണ്ടാം നിരയഗതിയും പാർത്തു കേഴുന്നൂ ഭൂപൻ25

ദുസ്സാമർഥ്യം പറയുമെന്നുള്ളിലൂഹിച്ചിടൊല്ലാ
നിസ്സാരം നീ കരുതുകീലെനിക്കുള്ള മോഹങ്ങൾ രണ്ടും
ഇസ്സാമ്രാജ്യം ഭരതനു കൊടുക്കേണമൊന്നാമതായ് നീ
നിസ്സാമാന്യവ്രതമൊടു വനേ പിന്നെ വാണീടവേണം 26

എന്നീവണ്ണം ഭരതജനനീഭാഷണം കേട്ടനേര-
ത്തന്നീരിത്താർ നയനനറിയിച്ചീടിനാനിപ്രകാരം
ഇന്നീവൃത്തിൻ ഭരണവിധിയിൽ സോദരൻ കേമനത്രേ
വന്നിടാ മേ വനതലനിവാസത്തിലും ക്ലേശലേശം 27

എന്തായാലും ജനകനിനിയിച്ചില്ലറക്കാര്യമെണ്ണി
സ്സന്താപം കൊൾവതു വിഹിതമോ?ഞങ്ങളെല്ലാമിരിക്കെ
വൻതാപത്തെ നിജ പിതൃകുലത്തിന്നു ഗങ്ഗാജലത്താൽ
സ്വന്താരംഭാൽ പഴവയവരൊഴിച്ചെന്നപോലില്ലിതോർത്താൽ28

അച്ഛൻ പാരം പ്രിയമോടു നിരൂപിച്ചു കല്പിച്ചയച്ചേ
സ്വച്ഛന്ദ്യം മേ വലിയ വനവാസത്തിനുണ്ടാകയുള്ളൂ
അച്ഛന്ദാത്മാ നരവരനിദം കേട്ടു ഞെട്ടിപ്പതിച്ചാൻ
പ്രച്ഛന്നാന്തഃ കരണധൃതിയായ് വജ്രമേറ്റദ്രിപോലെ 29

സാധിച്ചാലും ജനഹിതമെന്നമ്മ ചൊല്ലുന്ന വാക്യം
ബാധിക്കാതക്കമലനയനൻ സമ്മതിച്ചുന്മനസ്കൻ
രോദിച്ചീടായ്കിതിനെയിനി നീയെന്നു കൗസല്യ തന്നെ-
ബ്ബോധിപ്പിച്ചാൻ കഥമുഴുവനും തൽപ്പദം കൂപ്പിമോദാൽ. 30
  
കുമ്പിട്ടഗ്രേ തനയനറിയിക്കുന്ന വാർത്താവിശേഷം
തുമ്പിൽ ക്ഷ്വേളം തടവിയ ശരംപോലെ കർണത്തിലേറ്റ്
കമ്പിച്ചേറ്റം കരളിനു കഴപ്പാർന്ന കൗസല്യയപ്പോൾ
തൻപിള്ളയ്ക്കെത്തിയൊരപകടം പാർത്തു രോദിച്ചുരച്ചാൾ 31

നാലുണ്ടല്ലോ നൃപസുതരവർക്കെൻമകൻ മൂത്തപുത്രൻ
മാലുണ്ടാക്കും നകതെരിനുകേടില്ല നാലാൾക്കുമോർത്താൽ
മേലും, നിന്നിൽ പ്രിയമധികമായുള്ള ഭൂപന്നനിഷ്ടം
മേലുണ്ടാമെന്നൊരു പൊഴുതുമോർത്തീല ഞാൻ ശീലരാശേ! 32

രാജീവംപോൽ മൃദുലതരമായ് രാജചിഹ്നങ്ങളോടെ
രാജീടും തവ കരതലംകൊണ്ടു കാന്താരദേശേ
നീ ജീവിക്കുന്നതിനു ഫലമൂലങ്ങൾ തെണ്ടീടുവാനോ?
യാജിശ്രേഷ്ഠൻ ഗുരുവിവിടെവന്നിന്നലെക്കാപ്പുകെട്ടി. 33

പേരമ്മയ്ക്കുള്ളഴലുമഭിഷേകത്തെ വിഘ്നപ്പെടുത്താ-
നാരംഭിക്കുന്നൊരു പണികളും കണ്ടുകൊണ്ടിണ്ടലോടും
പാരം കോപിച്ചടിയിണ പണിഞ്ഞഗ്രജന്മാവിനോട-
ന്നേരം ചൊന്നാനരികിൽ മരുവും ലക്ഷ്മണൻ ത്ര്യക്ഷതുല്യൻ. 34

പ്രായാമധിക്യാൽ ജനകനിളയമ്മയ്ക്കു ലാക്കായിരുന്ന-
മ്മായാതന്ത്രപ്പെരുവലയിലുൾപ്പെട്ടു നട്ടം തിരിഞ്ഞ്
ന്രായാപേതം പറയുമൊരു നിസ്സാരവാഗ്ജാലമെല്ലാം
പേയാണോ൪ത്താലതിനെ വകവയ്ക്കേണ്ട പോകേണ്ട കാട്ടിൽ. 35

ചോദിക്കാതിക്ഷിതിഭരണമരൃന്നുതന്നേച്ചു താത൯
ഖേദിച്ചിപ്പോതു തിരിയെ മീളുന്നതും ,നിഷപ്രമാണം
മോദിച്ചങ്ങുന്നതു സപദി വാങ്ങുന്നതു സപദി വാങ്ങാത്തതും, ദോഷ.,മുളളം
ഭേദിച്ചോതും മൊഴിയെ വകവയ്ക്കേണ്ട പോകേണ്ട കാട്ടിൽ. 36

ദൈവംനല്ൾകുന്നതിലധികമായ് പൗരു,ഷംകൊണ്ടു പുംസാ
കൈവന്നിടും നികിലപുരുഷാർഥങ്ങളെന്നുണ്ടു ഞായം
ഏവം തൃക്കാലടവിയിൽ നടന്നിട്ടു രക്തംതുളിപ്പാ-
നാവശ്യപ്പെട്ടതിന് വകവയ്ക്കേണ്ട പോകേമ്ട കാട്ടിൽ37

ജാലം കൂടും ഭരതജനനിക്കുള്ള വാഗ്ധാടി കൊണ്ടി-
ക്കാലം ഭൂപൻ ചപലതകളോരോന്നീവണ്ണം പുലമ്പും.,
കോലംതാവും ധനുവിതു വഴങ്ങീടുമബോഷ്കു കേട്ടി,-
ന്നാലംബിച്ചിട്ടതിനെ വകവയ്ക്കേണ്ട പോകേണ്ട കാട്ടിൽ 38

തിണ്ണം കോപിച്ചവരജനുരയ്ക്കുന്ന ദുർഭാഷണം കേ-
ട്ടണ്ണൻ വേഗാലനുജനെ വിരോധിച്ചു പയ്യെപ്പറഞ്ഞാൻ
എണ്ണം പണ്ടും ദിനകരകുലത്തിലങ്കലുണ്ടായവർക്കീ-
വണ്ണം താതാജ്ഞകളനുസരിക്കുന്നതാണെന്നു കേൾപ്പൂ. 39

മുന്നം കണ്വൻ ഗുരുമൊഴി വഴിപ്പെട്ടു ഗോഹത്യ ചെയ്താൻ
തന്നമ്മയ്ക്കുള്ളൊരു ഗളമറുത്തീടിനാൻ ജാമദഗ്ന്യൻ
പിന്നൻപോടും ജനകനൊടു നാങ്ങിച്ചു വാർധക്യമന്നൻ
ഖിന്നന്മാരല്ലിവർ ഗുരുനിദേശതിതിനാൽ ധന്ന്യരായാർ 40
    
ആചാരോക്തം വിനയമൊടു നാമാദരിക്കേണ്ടതാണി-
ന്നാചാരത്തെ വെടിയുക വെടിപ്പല്ല പോകാം വനത്തിൽ
വാചാ രാമൻ സഹജനെ മടക്കീട്ടു, കൂടെത്തിരിപ്പാ-
നോചാരം പൂണ്ടൊരു ജനനിയെകൂപ്പിയേവം പറഞ്ഞാൻ.41

നേരേ നിത്യം നരപതി നടത്തീലേ രാജ്യഭാരം
നേരേയാവൂ ജനകനതിനാലീവിധം നിശ്ചയിച്ചു
നേരേമാതാവിതിനിഹ ചെറുത്തോതൊലജീവജാലം
നേരേപാർത്താലൊരിദിശി സദാ മേവുകെന്നുള്ലതില്ലാ. 42


മാതാവച്ഛൻമകൾ മകനുമമ്മാവനപ്പുപ്പനുറ്റോർ
ഭ്രാതക്കൻമാർ സഖികളിവരൊന്നിച്ചുവാഴുന്നതോർത്താൽ
ഓതാമാറ്റിൽ തടികൾ പലതും ചപ്പുചിപ്പെന്നിതെല്ലാ-
മേതാനുംമാത്രകളൊരു തടത്തിങ്കൽമേളിച്ചിടുംപോൽ. 43

സൗധപ്രാന്തസ്ഥിതി വഴുതിഞാൻ കാനനത്തിന്നു പോമ്പോൾ
വൈധവ്യത്തിൽ ചെറുതു ഭയമില്ലാതെ കൊച്ചമ്മമൂലം
ബോധഭ്രംശം വരുമൊരു പിതാവിന്റെ ജീർണിച്ച ഗാത്രം
ഹേ! ധന്ന്യാങ്ഗീ! ഭവതിയുപേക്ഷിപ്പതന്ന്യായമത്രേ. 44

ഏറും ഭക്ത്യാ തനയനറിയിച്ചോരു വാണീരസത്താൽ
നീറും ചേതസ്സൊരുവിധമചക്കീട്ടു കൗസല്യയപ്പോൾ
കൂറുണ്ടാവാൻ മകനിലമരന്മാരെയർഥിച്ചു ചിത്തേ
തേറും മോദാലഥ വിട കൊടുത്തീടിനാൾ പോവതിന്നായ്. 45

രോഷാവേശാലടിയന മനത്തണ്ടിലുണ്ടായണ ഗർവം
ഭേഷായ് നീങ്ങി തവ മൊഴികളാ,ലിനി ഞാനും വനത്തിൽ
ദോഷാപേതം ഝടിതി വിടെകാൾവാൻ തയാറെന്നു ചൊല്ലും
ശേഷഠശനമതമതനകുലിച്ച മോദിച്ചു രാമൻ46

അ‍‍ഗ്രേ ചെന്നജ്ജനനിയെ വണങീട, വില്ലാളിവീര -
ർക്കഗ്രേഗണ്യൻ രഘുപതിയൊടും കാനനത്തിന്നു പോവാൻ
അഗ്രേ! മഹ്യം വിട തരിക മോദേന കൗസല്യതന്ന-
ഭ്യഗ്രേ! വാഴ്കെന്നരുളിയഥ പെറ്റമ്മയോടക്കുമാരൻ47

നീ താൻ നിത്യം തനയ! ഹൃദയേ രാമനത്തൊതനെന്നും
മാതാവെന്നും മിഥിലസുതയേക്കാട്ടിനേ നാടിതെന്നും
ജാതാമോദം കരുതി നടെകൊൾകഗ്രജന്മാവിനോട-
ങ്ങേതായാലും ഹൃദി തിരുവളക്കേടു നേടായ്കവേണം 48

ഉണ്ണിക്കേവം പുതിയൊരുപദേശത്തെ നാൾകിസ്സുമിത്രാ
കണ്ണിൽക്കൂടെക്കുടുകുടെയൊലിക്കുന്ന കണ്ണീർ തുടച്ചാൾ
പെണ്ണിൽക്കണ്ണാം നിജദയിതയേ മാതൃശുശ്രൂഷയോരോ-
ന്നെണ്ണിച്ചെയ്കെന്നരുളി നടകൊണ്ടാനവൻ രാമപാർശ്വേ. 49

രാമൻ പിന്നെ പ്രിയയുടെ ഗൃഹം പുക്കു വൃത്താന്തമോതി-
ക്ഷേമത്തൊടും മരുവിന മഹീകന്ന്യകയ്ക്കാർത്തി ചേർത്താൻ
കാമം മേഘധ്വനിയിലനുമോദിച്ചു മേവും മയൂരീ-
സ്തോമത്തിന്നാ വനഭുവി നിഷാദന്റെ വില്ലോശപോലെ. 50

കോഴക്കണ്ണാൾ മണിയവളിദം കേട്ടുടൻ കർണശല്യം
താഴത്തപ്പോളപഘനമുലഞ്ഞാഞ്ഞു മോഹിച്ചു വീണാൾ
കോഴയ്ക്കൽപ്പം ശമനമുളവായപ്പൊഴക്കാനനാന്തേ
വാഴത്തക്കോളിവളുമതിനായ് കൂടെയുണ്ടെന്നു ചൊന്നാൾ. 51

അന്നപ്പേടയ്ക്കരിയ നടകൊണ്ടാകെ മാനം കൊടുക്കും
കന്നല്ക്കണ്ണിക്കിടറിയ മനോഭാവമീക്ഷിച്ചു രാമൻ
നിന്നല്പത്വം കളക കളഭശ്രേഷ്ഠയാനേ വനേ ഞാൻ
തന്നത്താനേയുഴറുകിലെനിക്കില്ല തുൻപങ്ങളെന്നാൻ.52

മേളിച്ചേവം പ്രിയമൊടു വസിക്കുന്നൊരീയെന്നെയിന്നീ-
ക്കോളിൽ കാന്തൻ വെടിയുമിതി ചിന്തിച്ചു ചെന്താമരാക്ഷീ
ധൂളിച്ചിടുന്നകമലരോടും ചൊല്ലിനാൾ വീണ്ടുമിത്ഥം
വേളിക്കാലം പറയുമൊരു മന്ത്രാർഥമെന്തെന്റെ കാന്താ! 53

എന്തായാലും കണവനെയരക്കാണിനേരം പിരിഞ്ഞാൽ
കുന്താഘാതാധികരുജയൊടീ മന്നിൽ മേവീടുമോ ഞാൻ
കാന്താരത്തിൻ നടുവിലിവളെച്ചൊല്ലിയങ്ങേക്കൊരിക്കൽ
സന്താപത്തിന്നിടവരണ' മെന്നല്ല ഞാനും വരുന്നു. 54

കൂടെച്ചൊൽവാൻ കൊതി കലരുമക്കാന്തയെസ്സാന്ത്വവാക്കാൽ
കൂടസ്ഥൻ താൻ പലവഴി സമാധാനമോദീട്ടുമൊട്ടും
ജാടയ്ക്കുൾപ്പെട്ടിവളനുസരിക്കില്ലയെന്നോർത്തു പിന്നെ -
കൂടെപ്പോകുകുന്നതിനനുവദിച്ചീടിനാനാടലെന്ന്യേ. 55

ക്ഷോണീവാനോർക്കമിതമണിഭൂഷാദിദാനങ്ങളേകി-
ത്തൂണീബാണാസനകവചഖഡ്ഗങ്ങളെല്ലാമെടുത്ത്
ഏണീശാബാക്ഷികളുമിതരന്മാരുമോരോന്നു ചൊല്ലി-
ക്കേണിടുമ്പോൾ ജനകനുടെ കൊട്ടാരമുൽപ്പുക്കു രാമൻ. 56

അഞ്ചാതിന്നീ നഗരതലവാസത്തെ വേർപെട്ടു കാട്ടിൽ
സ്സഞ്ചാരത്തിന്നഭിരുചി വളർന്നുള്ല യുഷ്മത്തനൂജൻ
നിഞ്ചാരേ വന്നതു തിരുവളം പൂണ്ടു കണ്ടാലുമെന്നാ-
വഞ്ചാപല്യം കലരുമരചൻതന്നോടോതീ സുമന്ത്രൻ. 57

ആശാഭങ്ഗത്തൊടു മരുവുഭൂപനപ്പോൾ പിശാചാ-
വേശാലുണ്ടാം വികൃതിയതുപോൽ ഭാവമേറ്റം പകർന്ന്
ആശാസിച്ചാൻ നീജതനയനോടൊത്തു വൻകാനനാന്ത-
ർദ്ദേശവാസത്തിനു, സുഭഗയായുള്ള കൗസല്യയോടും. 58
   
ഹാഹാകാരത്തൊടു മുറവിളിച്ചീടിനാൻ മാനവേന്ദ്രൻ
സ്നേഹധിക്യാലരമനയിലുള്ളോരുമൊപ്പം കരഞ്ഞാർ
ദേഹാപായം നൃപനുവരുമെന്നോർത്തു കൈകേയിയോടി-
ദ്രോഹാചാരങ്ങളെ വെടിയുവാനോതിനാൻ മന്ത്രിയേവം. 59

ഇപ്പാരിൽക്കണ്ടിടുമൊരഖിലപ്രാണി ഭാഷാവിശേഷം
തപ്പാതോതുന്നതിൽ വിരുതനാം നിൻ പിതാവോടു മുന്നം
ദർപ്പാവേശാലതു പരിചയിച്ചീടുവാൻ ചെന്ന തള്ള-
യ്ക്കൊപ്പായ് നീയും തുനിയുകിലനർഥങ്ങളുണ്ടാകുമാര്യേ!60

ചൊന്നാളപ്പോൾ സഗരനസമഞ്ജാഖ്യാനെക്കൈവെടിഞ്ഞാൻ
വന്നാപത്തീ നൃപനുമതുപോൽ മാറ്റിയാലെന്തു? ദോഷം
അന്നാട്യം നീ കളക സരയൂസിന്ധുവിങ്കൽ പതിച്ചോ-
രിന്നാട്ടാരെ പ്രതി സഗരനപ്പുത്രനെത്തളളിവിട്ടു. 61

ഇക്കാര്യത്തോടതിനെയുപമിക്കാതെ ദൂരെ ത്യജിക്കൂ
ധിക്കാരത്തെബ്ഭവതിയിതി മന്ത്രീന്ദ്രനന്ന്യൻ പറഞ്ഞാൻ
പുക്കാറേതാണ്ടിവളിഹ വരുത്തീടുമെന്നോർത്തു ഭൂപൻ
മുക്കാലംശം മനമനുവദിക്കാതെ ചൊന്നാനിവണ്ണം. 62

വിശ്വാമിത്രപ്രഭൃതിമുനിമാരൊക്കെ മാനിച്ചു വാഴ്ത്തും
വിശ്വാതീതൻ മമ തനയനാനം രാമനെന്നാലിദാനീം
അശ്വാരുഢധ്വജിനികളൊടും കാടുപൂകട്ടെയെന്നാ-
നിശ്വാസം പൂണ്ടരുളിയ മൊഴിക്കുത്തരം രാമനോതി. 63

ഞാനും വൈദേഹിയുമനുജനും മാത്രമല്ലാതെ മറ്റാ-
രാനും കൂടെത്തുടരുവതിങ്ങുന്നു കല്പിക്കവേണ്ടാ
മാനും കാട്ടിൽ കലകൾ മയിലിൻകൂട്ടവും കൂട്ടുപോരും
തേനും കായും കനിയുമവിടെത്തീനുമുണ്ടാം സുഭിക്ഷം 64

നീളം കൂടും തരിശു വഴിപോൽ ഞങ്ങൾ വെട്ടിത്തെളിക്കാം
ചോളം പിന്നെത്തിന വരകു നെല്ലെന്നിതെല്ലാം വിതയ്ക്കാം
മാളം തോണ്ടിപ്പലതരമെടുത്തുള്ള കന്ദം ഭുജിക്കാം
മേളം കോലും ചെറിയ പുഴവക്കത്തു വെള്ളം കുടിക്കാം. 65

ജന്ന്യത്തിന്നങ്ങൊരുവനതിരിട്ടാകിലീയമ്പുകൂട്ടിൽ
സന്ന്യസ്താസ്ത്രപ്രകരനിഹ ഞാൻ ദൂരെയോടിച്ചയയ്ക്കാം
ധന്ന്യന്മാരാം മുനികളുടെ സംസർഗസൗഖ്യം ലഭിക്കാം-

മന്ന്യക്ലേശങ്ങളെയകലെ വിട്ടീശനെസ്സേവ ചെയ്യാം 66

മുജ്ജന്മം ചെയ്തൊരു സുകുതസാരത്തിനാൽ മർത്ത്യനായാ-
ലിജ്ജന്തുക്കൾക്കതിലധികമെന്തുള്ളു സന്തോഷസൗഖ്യം?
ഇജ്ജന്മം കൊണ്ടതിലുപരിമാർഗങ്ങൾ നോക്കായ്കിലോ സാ-
യൂജ്യം പൂജ്യം പുനരപി പഴേപോലെ കീഴ്പോട്ടുപോകും. 67

ആകും നാളിൽ പല സുകൃതസമ്പപത്തുപാർജിച്ചു വാണാ-
ലേകും മോക്ഷം നിഖിലജഗതാം നാഥനാസ്ഥാനുരൂപം
ചാകും നാളിനാളിൽ‌ പുരുജകളുൾപ്പെട്ടു ഖേദിച്ചു ബാഷ്പം
തൂകുന്നേരത്തതിനു കഴിവില്ലോർക്കിലാർക്കും വിതർക്കം.68

സാക്ഷ്യക്കാര്യത്തിനു ചരമകാലത്തിലിധർമ്മമത്രേ.,
രക്ഷിക്കേണം സുകൃതമതിനിദ്ദേഹമന്നാൾ വരയ്ക്കും,
ഭക്ഷിക്കേണ്ടുന്നതിനു ഫലമൂലങ്ങളന്നന്നു തേടി-
സ്സൂക്ഷിക്കാനുളളപകരണവസ്തുക്കളാവശ്യമല്ലോ. 69


ഭൂഭാരത്തെക്കളവതിനുളവായ് വന്ന ലോകൈകനാഥൻ
ക്ഷോഭാപേതം മനസി ധൃതിയോടേവമോതുന്ന ഭാഗം
ലോഭാവശം പെരുകിയഭിന്ദിച്ചു കൈകേയിയേറ്റം
ലാഭാപ്തിക്കായ് മരവിരി കൊടുത്തീടിനാൾ മൂന്നുപേർക്കും. 70

ബദ്ധാമോദം സപദി ബഹുമാനിച്ചു മാതാവിനെത്തൽ
സിദ്ധാന്തത്താൽ തുകിലതരയിൽ ചുറ്റിയാ രാഘവൻമാർ
അദ്ധാ കണ്ണീരനവധി പൊഴിച്ചുറ്റയിട്ടമ്മരത്തോൽ
ശ്രദ്ധാപൂർവം ജനകസുതയും വാങ്ങി മെല്ലെന്നുടുത്താൾ. 71

ലീലമർത്യൻ തുകിലതു ധരിക്കുമ്പൊഴേതും പൊറുക്കാൻ
മേലാതന്ത;കരണപരിണാമങ്ങൾ നാട്ടാർക്കുദിച്ചൂ;
നാലാമ്നായംതെരിയുമൊരുപാധ്യായനും കണ്ണുചിമ്മി-
പ്പാലാഴിപ്പെൺകൊടിയുടെ മണാളന്റെ മായങ്ങളോർത്തു. 72

നീലാംഭോദച്ഛവി തിരളുമത്താരിൽമാതിന്റെ കാന്തൻ
മേലാലോരോ പണികളമരൻമാർക്ക് വേണ്ടീട്ടു ചെയ് വാൻ
ലോലാത്മാവായ് ക്ഷിതിയിലുളവായ് വന്നതോർക്കുമ്പൊഴിന്നീ-
മാലാലോചിച്ചിടുക ശരിയല്ലെന്നടങ്ങീ വസിഷ്ഠൻ. 73

സീതാദേവിക്കുടുപുടവയെത്തള്ളീയിത്തോലുടുപ്പാ-
നേതായാലും വയമനുവദിക്കില്ലയെന്നാൻ മുനീന്ദ്രൻ
വിതാനന്ദം കുഴൽപ്പണിയുമപ്പുത്രിയെപ്പുൽകി, രാമൻ-
മാതാവഗ്രേ ഹൃദയമിടറിക്കേണു ചൊന്നാളിവണ്ണം. 74

വേനൽക്കാലത്തഹിമകിരണൻ തൻ മയൂഖങ്ങളേറ്റ-
കാനൽദേശേ മണൽ ചുടുചുടൊപ്പൊള്ളുമപ്പോൾ പദം തേ
സ്ഥാനത്തെല്ലാം തളരു, മുടനേ കണ്ണടയ്ക്കാത്ത ശീലം
മാനക്കേടെന്നകതളിരിലക്കാട്ടുദൈവങ്ങളോർക്കും. 75

കാകുൽസ്ഥൻ താൻ കമനിയൊടുമത്തമ്പിയോടും പിതാവിൻ
കാൽ കുമ്പിട്ടജ്ജനനികളേയും വൻകൊടും കാട്ടിലേക്കായ്;
കാകുക്ലേശങ്ങളോടനുഗമിപ്പാൻ തുടങ്ങുന്ന കാവൽ-
ക്കാർ കുണ്ടത്വം കളയുവതിനും ചൊല്ലി മെല്ലെത്തരിച്ചു. 76

അപ്പോൾ ഭൂപൻവരുതിയനുരോധിച്ചു പൊൽത്തേരു പൂട്ടി-
ക്കെൽപ്പോടന്ത:പുരപരിസരേ കൊണ്ടു നിർത്തീ സുമന്ത്രൻ
നിൽപ്പോരെല്ലാം കരയുമളവിൽ സീത തേരേറി മുൻപെ
ശിൽപോപേതം രവിയുടെ രഥാഗ്രത്തിലച്ഛായ പോലെ.77

ശിങ്കാരക്കോപ്പലിലവുമുപേക്ഷിച്ചു സൗമിത്രിയോടും
വയ്ക്കാന്താരത്തിനു രഘുവരൻ താനുമത്തേരിലേറി
ശങ്കാഹീനം ജനകജയുമായ് നാടുവിട്ടോരു നേരം
ലങ്കാശ്രീയും ദശമുഖപുരേ നിന്നു നീങ്ങിത്തുടങ്ങീ. 78

ത്രൈലോക്യത്തെക്കനിവൊടു പുലർത്തേണ്ടുമാളാണു രാമൻ
ശീലോപേതൻ വിധിയുടെ മകൻ ദേശികൻ സത്യവാദീ
ആലോചിക്കാത്തൊരു പിശകു വന്നായവർക്കും പിണഞ്ഞൂ;
ഹാ! ലോകത്തിൽ സകല വിപദാമാസ്പദം കർമമത്രേ. 79

തുടർന്നു രഘുവീരനെ സ്വപുരവാസിവൃന്ദം ജവാൽ
നടന്നു വിപിനത്തിലേ, ക്കുചിതമല്ല ഞാൻ കേവലം
അടങ്ങുകിലിതെന്നു കണ്ടുടൽ ഞെരിഞ്ഞു ധൂളിച്ചലാൽ
തുടങ്ങിയതുവേളയിൽ ഗമനരീതിപൃഥ്വീ തലം. 80

തീരാതുള്ള വിഷാദമാർന്നു നഗരീവാസ്തവ്യവൃന്ദങ്ങള-
ശ്രീരാമന്നു സഹായമായ് സവിനയം കൂടെത്തിരിച്ചീടവേ
ഊരാകെശ്ശിഥിലീഭവിച്ചുടലൊഴിഞ്ഞുള്ളോരു പാമ്പിൻപടം
സാരാംശം കുറവായ് കിടക്കുമതുപോൽ വല്ലാതെ കമ്പിച്ചുതേ. 81


അഞ്ചാം സർഗം സമാപ്തം