Jump to content

രാജയോഗം (കുമാരനാശാൻ)/പൂർവ്വഭാഗം/ചേതനാരൂപമായ പ്രാണൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
രാജയോഗം
രചന:കുമാരനാശാൻ
പൂർവ്വഭാഗം : ചേതനാരൂപമായ പ്രാണൻ

ചേതനാരൂപമായ പ്രാണൻ

[തിരുത്തുക]

യോഗികളുടെ മതപ്രകാരം തണ്ടെല്ലിൽ 'ഇഡ'യെന്നും 'പിംഗല'യെന്നും പേരായി രണ്ടു സിരാധാരകളും തണ്ടെല്ലിന്റെ ഉള്ളിൽ സിരാപാശത്തിലൂടെ കിടക്കുന്നതായി 'സുഷുമ്‌ന' എന്നുപേരായ ഒരു ശൂന്യമായ പ്രണാളിയുമുണ്ട്. ആ പ്രണാളിയുടെ അടിയിലത്തെ അറ്റത്തിനാണ് യോഗികൾ 'കുണ്ഡലിനീപത്മം' എന്നു പറയുന്നത്. അതു ആകൃതിയിൽ ത്രികോണമാണെന്ന് അവർ വർണ്ണിക്കുന്നു. അതിൽ യോഗികളുടെ അദ്ധ്യവസായ ഭാഷയിൽ കുണ്ഡലിനി (ചുറ്റികിടക്കുന്ന) എന്നുപറയുന്ന ഒരു ശക്തിയുണ്ട്. ആ കുണ്ഡലിനി ഉണരുമ്പോൾ ഈ ശൂന്യമായ പ്രണാളിയിൽ കൂടി കടന്നു പോകാൻ ശ്രമിക്കുകയും, പടിപടിയായി എന്നപോലെ മേൽപ്പോട്ടേയ്ക്കു കടന്നു ചെല്ലുകയും, അപ്പോൾ മനസ്സിന്റെ അടുക്കുകൾ ഓരോന്നോരോന്നായി തുറക്കപ്പെടുകയും പലവിധത്തിലുള്ള ദർശനങ്ങളും, അത്ഭുതകരങ്ങളായ സിദ്ധികളും യോഗിക്കു വരികയും ചെയ്യുന്നു. അതു തലച്ചോറിൽ എത്തുമ്പോൾ യോഗിക്കു ശരീരത്തോടും, മനസ്സോടുമുള്ള ബന്ധം അശേഷം വേർപ്പെട്ടുപോകുന്നു. ആത്മാവു മുക്തമായിരിക്കുന്നു എന്നു അതു തന്നെത്താൻ കാണുന്നു. തണ്ടെല്ലു സിരാപാശം ഒരു വിശേഷ രീതിയിൽ രചിക്കപ്പെട്ടിരിക്കയാണെന്നു നമുക്കറിയാമല്ലോ? ഇംഗ്ലീഷിൽ എട്ട് എന്നുള്ള അക്കത്തെ വിലങ്ങത്തിൽ എഴുതുക യാണെങ്കിൽ അതിനു രണ്ടു ഭാഗങ്ങളുണ്ട്. ആ രണ്ടുഭാഗങ്ങളുമായി മദ്ധ്യത്തിൽ സംബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ എട്ടിനെ ഒന്നിനു മേലൊന്നായി അടുക്കുകയാണെന്നു കരുതുക. അപ്പോൾ അതു തണ്ടെല്ലിലെ സിരാപാശം പോലേ ആയി. ഇടത്തേ ഭാഗം ഇഡ; വലത്തേ ഭാഗം പിംഗല; മദ്ധ്യേ കിടക്കുന്ന ശൂന്യമായ പ്രണാളി സുഷുമ്‌ന. ഈ സിരാപാശം കടിപ്രദേശത്തിലുള്ള തണ്ടെല്ലിന്റെ ഘടകാസ്ഥികളിൽ അവസാനിക്കുമ്പോൾ ഒരു സൂക്ഷ്മമായ തന്തു താഴോട്ടു വരുന്നു. ആ പ്രണാളി ആ തന്തുവിലുമുണ്ട്. അധികം സൂക്ഷ്മമായിരിക്കും എന്നേയുള്ളൂ. സേക്രൽ സിരാഗ്രന്ഥി (ടമരൃമഹ ജഹലഃൗെ) എന്നുപറയുന്ന സ്ഥാനത്തിനടുത്തുള്ള അടിയിലത്തെ അറ്റത്തു ഈ പ്രണാളി അവസാനിച്ചിരിക്കുന്നു. ആ സ്ഥാനം പുതിയ ശരീരശാസ്ര്തപ്രകാരം ആകൃതിയിൽ ത്രികോണമാണ്. തണ്ടെല്ലിലെ സിരാപാശത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന മറ്റൊരോ സിരാഗ്രന്ഥികളും ശരിയായും യോഗിയുടെ ഓരോ ആധാരപത്മ ങ്ങളായി ഗണിക്കപ്പെടാവുന്നതാകുന്നു. അടിയിലുള്ള മൂലാധാര ത്തിൽനിന്നു തുടങ്ങി തലച്ചോറിലെ സഹസ്രാര (ആയിരം ദളമുള്ള) പത്മം വരെ അനേകസ്ഥലങ്ങളെ യോഗി സങ്കല്പിക്കുന്നു. അതുകൊണ്ടു നാം ഈ ഓരോ സിരാഗ്രന്ഥികളെയും ആ ആധാരചക്രങ്ങളായി സ്വീകരിച്ചാൽ യോഗിയുടെ അഭിപ്രായം പുതിയ ശരീരശാസ്ര്തത്തിന്റെ ഭാഷയിൽത്തന്നെ നമുക്കു എളുപ്പ ത്തിൽ മനസ്സിലാകുന്നതാകുന്നു. ഈ സിരാധാരകളിൽ രണ്ടുവിധം വ്യാപാരങ്ങൾ നടക്കുന്നെണ്ടെന്നു നമുക്കറിയാമല്ലോ. ഒന്നു ഉത്സാരണം, മറ്റേതു അപസാരണം. ഒന്ന് ജ്ഞാനമയം; മറ്റേതു ക്രിയാമയം. ഒന്ന് ആരോഹകം; മറ്റേതു അവരോഹകം. ഒന്നു ഇന്ദ്രിയസാക്ഷാൽക്കാരങ്ങളെ തലച്ചോറിലേക്കു കൊണ്ടുചെല്ലുന്നു. മറ്റേതു അതിനേ തലച്ചോറിൽ നിന്നു ബാഹ്യശരീരത്തിലേക്ക് കൊണ്ടുവരുന്നു. ഈ വിസ്ഫുരണങ്ങളെല്ലാം ഒടുവിൽ തലച്ചോറോടു സംബന്ധിച്ചിരിക്കയുമാകുന്നു. വക്തവ്യസംഗതിക ളുടെ ഹേതുക്കളെ വെളിവാക്കുന്നതിനായി ഇനിയും പല വസ്തുതകളെ നാം ഓർക്കേണ്ടിയുണ്ട്. ഈ തണ്ടെല്ലിലെ സിരാപാശം തലച്ചോറിന്റെ ഉള്ളിലുള്ള ഒരുവക നീരിന്മേൽ തലയോടോടു സംബന്ധിക്കാതെ പൊങ്ങിക്കിടക്കുന്ന മജ്ജാമയ മായ കന്ദത്തിൽ അവസാനിക്കുന്നു. അതുകൊണ്ടു തലയിൽ ഒരു തല്ലേൽക്കുകകയാണെങ്കിൽ ആ തല്ലിന്റെ ഊക്ക് ആ നീരിൽ എത്തി ശിൗിെലമായിപ്പോകയും, ആ കന്ദത്തെ ബാധിക്കാതിരിക്കയും ചെയ്യുന്നു. മേലത്തേക്കു നമുക്കിതു ഒരു പ്രധാനവസ്തുതയായി രിക്കും. രണ്ടാമതു ഈ എല്ലാ സ്ഥാനങ്ങളിലും വച്ചു മൂലാധാരം, സഹസ്രാരപത്മം, മൂലാധാരത്തിന്റെ നേരെ മുകളിലുള്ള സ്വാധിഷ്ഠാനം ഈ മൂന്നു സ്ഥാനങ്ങളെ നാം പ്രത്യേകം ഓർക്കേണ്ട താണെന്നും അറിയണം. ഇനി ഭൗതികവിജ്ഞാനത്തിൽ നിന്നു ഒരു വസ്തുതയെ നമുക്കെടുക്കാം. വൈദ്യുതശക്തിയേയും അതിനോട് സംബന്ധമുള്ള അനേക ശക്തികളെയും പറ്റി നാം എല്ലാം കേൾക്കുന്നുണ്ടല്ലോ? വൈദ്യുതശക്തിയെന്താണെന്നു ആർക്കും അറിഞ്ഞുകൂടാ. എന്നാൽ അറിയപ്പെട്ടിടത്തോളം ഇതൊരു ചലനം ആകുന്നു. ലോകത്തിൽ വേറേയും പല പ്രകാരത്തിൽ ചലനങ്ങളുണ്ട്. അവയ്ക്കും വിദ്യുച്ഛക്തിക്കുമായി വ്യത്യാസമെന്ത്? ഈ മേശ ചലിക്കുന്നു. (അതായതു ഈ മേശയുടെ അവയവാണുക്കൾ എല്ലാ ഭിന്നമാർഗ്ഗങ്ങളിലായി ചലിച്ചുകൊണ്ടിരിക്കുന്നു എന്നിരിക്കട്ടെ. അവയെ എല്ലാം ഒരേ വഴിക്കു ചലിപ്പിക്കയാണെങ്കിൽ ആ ചലനം വിദ്യുച്ഛക്തിയായി. അണുക്കൾ എല്ലാം ഒരേ വഴിക്ക് ചലിക്കു മ്പോഴാണ് വൈദ്യുതചലനമെന്നു പറയുന്നത്. ഒരു മുറിക്കകത്തുള്ള വായവീയാണുക്കളെ എല്ലാം ഒരേ വഴിക്കു ചലിപ്പിക്കാമെങ്കിൽ അത് ആ മുറിയിലുള്ള വിദ്യുച്ഛക്തിയുടെ അതിശക്തിമത്തായ ഒരു വൈദ്യുതകോശം (ഭഅതതറെയ) ആയിത്തീരുന്നതാണ്. ശരീരശാസ്ര്ത ത്തിൽ നിന്നു വേറൊരു തത്വം കൂടി നാം ഓർക്കേണ്ടിയുണ്ട്. ശ്വാസകോശാവയവചക്രത്തെ ക്രമീകരിക്കുന്ന പ്രധാനസ്ഥാന ത്തിനു സിരാചക്രത്തിന്റെ മേൽ ഒരുവിധം നിയാമക വ്യാപാരമുണ്ട്. ശാസകോശാവയവചക്രത്തിന്റെ നിയാമകസ്ഥാനം ഹൃദയപഞ്ജര ത്തിന്റെ പിൻഭാഗത്തു തണ്ടല്ലിലും ആണ്. ഈ സ്ഥാനം ശ്വാസകോശാവയവങ്ങളെ ക്രമീകരിക്കയും, മറ്റു അപ്രധാനസ്ഥാന ങ്ങളുടെ മേൽ ഒരുവിധം നിയമനശക്തിയെ പ്രയോഗിക്കയും ചെയ്യുന്നുണ്ട്. ശ്വാസാഭ്യാസം എന്തിനായി പരിശീലിക്കപ്പെടുന്നു എന്നു ഇനി നമുക്കു നോക്കാം. ഒന്നാമതു തന്നെ ശ്വാസോച്ഛ്വാസക്രമത്തെ സമീകരിക്കുന്നതു കൊണ്ടു ശരീരത്തിലുള്ള എല്ലാ അവയവാണു ക്കൾക്കും ഒരേവഴിക്കു ചലിപ്പാനുള്ള താല്പര്യമുണ്ടാകും. മനസ്സ് ഇച്ഛയായി പരിണമിക്കുമ്പോൾ ആ ചലനങ്ങൾ വിദ്യുച്ഛക്തിക്കു തുല്യമായ ഒരു ചലനമായിത്തീരും. എന്തുകൊണ്ടെന്നാൽ വൈദ്യുത ചലനധാരയുടെ വ്യാപാരത്താൽ സിരകൾക്ക് എക പ്രവണത (ഒരു വശത്തോട്ടു തിരിയുന്ന സ്വഭാവം) വരുന്നു എന്നുള്ളത് ശാസ്ര്തജ്ഞന്മാരാൽ സിദ്ധാന്തിക്കപ്പെട്ടിട്ടുള്ളതാകുന്നു. ഇച്ഛ സിരാചലനമായി പരിണമിക്കുമ്പോൾ അതു് വിദ്യുച്ഛക്തി പോലുള്ള ഏതാണ്ടായിത്തീരുന്നു എന്ന് ഇതു കാണിക്കുന്നു. ശരീരത്തിലുള്ള എല്ലാ ചലനങ്ങളും പൂർണ്ണമായി ഒരേ കണക്കിൽ നിൽക്കുമ്പോൾ ശരീരം മനശ്ശക്തിയുടെ (ഇച്ഛയുടെ)ഒരു അതി മഹത്തായ ബാറ്ററി (വൈദ്യുതകോശം) ആയിത്തീരുന്നു. ഈ മഹത്തായ മനശ്ശക്തിയാണു വാസ്തവത്തിൽ യോഗിക്കു വേണ്ടത്. അതുകൊണ്ടു് ഇത് ശ്വാസാഭ്യാസത്തിന്റെ ഒരു ഒരു ശരീര ശാസ്ര്തപരമായ വിവരണമാകുന്നു. ശ്വാസാഭ്യാസം ശരീരത്തിൽ ഒരു സമസ്ഥിതിയിലുള്ള വ്യാപാരത്തെ ഉണ്ടാക്കുകയും, ശ്വാസസ്ഥാനം വഴിയായി മറ്റുള്ള സ്ഥാനങ്ങളെ നിയമനം ചെയ്യുന്നതിൽ നമ്മെ സഹായിക്കയും ചെയ്യുന്നു. ഇവിടെ പ്രാണായാമത്തിന്റെ ഉദ്ദേശ്യം കുണ്ഡലിനി എന്നു പറയുന്ന മൂലാധാരത്തിൽ ചുറ്റിക്കിടക്കുന്ന ശക്തിയെ ഉൽബോഉധിപ്പിക്കയാകുന്നു. നാം കാണുകയൊ, ഊഹിക്കയൊ, സങ്കല്പിക്കയൊ ചെയ്യുന്ന എല്ലാവും ഒരു ഇടത്തിൽ അതായതു ആകാശത്തിൽവെച്ചു ഗ്രഹി ക്കേണ്ടിയിരിക്കുന്നു. ഇതു മഹാകാശം എന്നുപറയുന്ന സാധാരണ ഇടമാകുന്നു. ഒരു യോഗി മറ്റുള്ളവരുടെ വിചാരങ്ങളെ കാണുക യോ അല്ലെങ്കിൽ അതീന്ദ്രിയവിഷയങ്ങളെ ഗ്രഹിക്കയൊ ചെയ്യു മ്പോൾ അയാൾ അവയെ ചിത്താകാശം എന്നുപറയുന്ന മറ്റൊരു ഇടത്തിൽ വച്ചു കാണുകയാകുന്നു. ഗ്രഹണം അല്ലെങ്കിൽ സാക്ഷാൽക്കാരം വിഷയരഹിതമായിത്തീരുകയും ആ ആത്മാവ് അതിന്റെ സഹജസ്ഥിതിയിൽതന്നെ പ്രകാശിക്കുകയും ചെയ്യു മ്പോൾ അതിനു ചിദാകാശം അല്ലെങ്കിൽ ജ്ഞാനാകാശം എന്നു പറയുന്നു. കുണ്ഡലിനി ഉൽബോധിച്ചു സുഷുമ്‌നാമാർഗ്ഗത്തിൽ പ്രവേശിക്കുമ്പോൾ ഉള്ള സാക്ഷാൽക്കാരങ്ങൾ എല്ലാം ചിത്താകാശ ത്തിൽ ഉള്ളവയാകുന്നു. അതു തലച്ചോറിനുള്ളിലേക്കു തുറക്ക പ്പെട്ടിരിക്കുന്ന ആ പ്രണാളിയുടെ അറ്റത്തു എത്തുമ്പോൾ ഉള്ള വിഷയരഹിതമായ സാക്ഷാത്ക്കാരം ചിദാകാശത്തിലുള്ളതാന്നു. വിദ്യുച്ഛക്തിയുടെ സാദൃശ്യത്തെ എടുക്കുമ്പോൾ മനുഷ്യനു കമ്പിയിൽക്കൂടിമാത്രമേ ചലനധാരയെ അയയ്ക്കാവൂ എന്നു കാണുന്നു. എന്നാൽ പ്രകൃതിക്കു തന്റെ ശക്തിയേറിയ ചലന ധാരകളെ കടത്തിക്കൊണ്ടുപോവാൻ കമ്പികളുടെ ആവശ്യമേ ഇല്ല. ഇതുകൊണ്ടു വാസ്തവത്തിൽ കമ്പിയുടെ ആവശ്യകതയില്ലെന്നും എന്നാൽ നമുക്കു അതിനെ വിട്ടുകളയാനുള്ള ശക്തി ഇല്ലാത്ത തിനാൽ നാം അതിനെ ഉപയോഗിപ്പാൻ നിർബന്ധിതരായതാ ണെന്നും ഇതിനാൽ വിശദമാകുന്നു. അതുപോലെ ശരീരത്തിലുള്ള എല്ലാ ഇന്ദ്രിയബോധങ്ങളും ചലനങ്ങളും തലച്ചോറിലേക്കും അവിടെനിന്നും വെളിയിലേക്കും ഈ സിരാതന്തുക്കളാകുന്ന കമ്പികൾ വഴി അടക്കപ്പെടുകയാകുന്നു. തണ്ടെല്ലിലെ സിരാപാശത്തിലുള്ള ജ്ഞാനവാഹിനികളും ക്രിയാ വാഹിനികളുമായ തന്തുസംഹതികളാണ് യോഗികളുടെ ഇഡയും പിംഗലയും. ആരോഹികങ്ങളും അവരോഹികങ്ങളുമായ ചലനധാര കൾക്കു ഗതാഗതം ചെയ്യുവാനുള്ള പ്രധാനപ്രണാളികൾ ഇവ യാണ്. എന്നാൽ എന്തുകൊണ്ടു മനസ്സു കമ്പികൂടാതെ തന്നെ സമാചാരങ്ങളെ ആനയിക്കയോ പ്രത്യാനയിക്കയോ ചെയ്കയില്ല? പ്രകൃതിയിൽ അതു അപ്രകാരം തന്നെ ചെയ്യപ്പെടുന്നതായി നാം കാണുന്നു. ' നിങ്ങൾക്കു അങ്ങനെ ചെയ്യാൻ സാധിച്ചു എങ്കിൽ നിങ്ങൾ ജഡപദാർത്ഥബന്ധത്തിൽനിന്നു മുക്തരായി' എന്നാണ് യോഗി പറയുന്നത്. അതെങ്ങനെ സാധിക്കും? ഈ ചലനധാരയെ തണ്ടെല്ലിന്റെ മദ്ധ്യത്തുള്ള പ്രണാളിയായ സുഷുമ്‌നയിലൂടെ കടത്തിവിടാമെങ്കിൽ ഈ സന്ദേശം ഉടനേ തീരും. മനസ്സാണ് സിരാചക്രങ്ങളെക്കൊണ്ടു ഊടും പാവുമായി വലകൾ കെട്ടിയുണ്ടാ ക്കിയത്. തനിക്കു വ്യാപരിക്കാൻ കമ്പികളുടെ അപേക്ഷ ഉണ്ടാവാ തിരിക്കത്തക്കവണ്ണം അതു തന്നെ ആ വലയെ പെട്ടിച്ചു കളയേണ്ടതുമാണ്. അപ്പോൾ മാത്രമേ എല്ലാ ജ്ഞാനങ്ങളും നമുക്കുണ്ടാവൂ. പിന്നെ ശരീരബന്ധമില്ല, അതുകൊണ്ടാണ് സുഷുമ്‌നയെ സ്വാധീനമാക്കണം എന്നുള്ളതു അത്ര പ്രാധാന മായിരിക്കുന്നത്. മാനസ ചലനധാരയെ ആ അന്തഃശൂന്യമായ പ്രണാളിയിൽകൂടി കമ്പിയുടെ സ്ഥാനത്തിലുള്ള ഒരു സിരാതന്തു വിന്റെയും സഹായംകൂടാതെ അയപ്പാൻ കഴിഞ്ഞു എങ്കിൽ സന്ദേശം നിവൃത്തിച്ചുകഴിഞ്ഞു എന്നു യോഗി പറയുന്നു. അതു സാദ്ധ്യമാണെന്നും യോഗി പറയുന്നു. സാധാരണ മനുഷ്യർക്ക് സുഷുമ്‌നയുടെ അടിയിലത്തെ അറ്റം മൂടപ്പെട്ടിരിക്കുന്നു. അതു വഴിയായി ഒരു വ്യാപാരവും നടക്കുന്നില്ല. യോഗി ഒരു അഭ്യാസത്തെ ഉപദേശിക്കുന്നു. അതുകൊണ്ട് അതു തുറക്കപ്പെടും. സിരാചലനധാരകൾ അതുവഴി അതു സഞ്ചരി ക്കുകയും ഇന്ദ്രിയബോധം ഒരു സ്ഥാനത്തേക്കുനയിക്കപ്പെടുമ്പോൾ ആ സ്ഥാനം പ്രതികരിക്കുന്നു. ഈ പ്രതിക്രിയയെ സ്വയം ചലിത മായ സ്ഥാനങ്ങളിൽ ചലനം പിന്തുടരുന്നു. സബോധമായ സ്ഥാന ങ്ങളിൽ ആദ്യം പ്രത്യക്ഷജ്ഞാനവും രണ്ടാമതു ചലനവും പിന്തുടരുന്നു. പ്രത്യക്ഷജ്ഞാനങ്ങൾ എല്ലാം വെളിയിലിൽനിന്നുള്ള ക്രിയകളുടെ പ്രതിക്രിയകളത്രെ. എന്നാൽ സ്വപ്നത്തിൽ പ്രത്യക്ഷം എങ്ങനെ ഉണ്ടാവും? അപ്പോൾ വെളിയിൽനിന്നും ക്രിയകൾ വരുന്നില്ലല്ലോ. ക്രിയവാഹങ്ങളായ ചലനങ്ങൾ പല സ്ഥാന ങ്ങളിലും ചുറ്റിക്കെട്ടികിടക്കുന്നതായായി അറിയപ്പെട്ടിരിക്കുന്നതു പോലെ ജ്ഞാനവാഹചലനങ്ങളും ഏതോ ഒരു ദിക്കിൽ ചുറ്റിക്കെട്ടിക്കിടക്കുന്നുണ്ട്. ദൃഷ്ടാന്തം പറയാം, ഞാൻ ഒരു നഗരം കാണുന്നു. ആ നഗരത്തിന്റെ പ്രത്യക്ഷം, ആ നഗരമായി പരിണമിച്ച ബാഹ്യവിഷയങ്ങളിൽനിന്നു ആനയിക്കപ്പെട്ട ഇന്ദ്രിയ സാക്ഷാൽക്കാര ങ്ങളുടെ പ്രതിക്രിയയിൽനിന്നുണ്ടായതാണ്. അതായതു സാക്ഷാൽ കാരണങ്ങളെ ഉള്ളിലേക്കു കൊണ്ടുവരുന്ന സിരകൾ തലച്ചോറിന്റെ അണുക്കളിൽ ഒരു ചലനത്തെ ഉണ്ടാക്കുന്നു. ആ സിരകൾ നഗരത്തിലുള്ള ബാഹ്യവിഷയങ്ങളാൽ ചലിപ്പിക്കപ്പെട്ടും ഇരിക്കുന്നു. എന്നാൽ ദീർഘകാലം കഴിഞ്ഞ ശേഷവും ആ നഗരത്തെ എനിക്കു ഓർമ്മിക്കുവാൻ കഴിയുന്നല്ലോ. ഈ ഓർമ്മ ശക്തിയായും ആ വ്യാപാരം തന്നെ ആകുന്നു. കുറേക്കൂടി മന്ദമായി ഇരിക്കുന്നു എന്നേയുള്ളൂ. ഈ മന്ദതരമായ വ്യാപാരത്തെ ആവിഷ്‌ക്കരിച്ച തുല്യമായ വിസ്ഫുരണങ്ങളെ തലച്ചോറിൽ ഉണ്ടാക്കിയ ക്രിയ എവിടെ നിന്നുത്ഭവിച്ചു? നിശ്ചയമായും ആദ്യത്തെ ഇന്ദ്രിയ സന്നികർഷങ്ങളിൽ നിന്നല്ല. അതുകൊണ്ടു ഇന്ദ്രിയ സാക്ഷാൽകാരങ്ങൾ ഏതോ ഒരു ദിക്കിൽ ലയിച്ചു കിടക്കുകയും അവയുടെ ക്രിയയിൽനിന്നു സ്വപ്നപ്രത്യക്ഷം എന്നു പറയുന്ന മന്ദതരമായ പ്രതിക്രിയയെ ഉത്ഭവിപ്പിക്കയും ചെയ്യുന്ന തായിരിക്കണം. സ്ഥായിയായ ഇന്ദ്രിയ സാക്ഷാത്ക്കാരങ്ങൾ എല്ലാം എവിടെ സംഭരിച്ചു കൂട്ടപ്പെട്ടപോലെ ഇരിക്കുന്നുവോ ആ സ്ഥാനത്തിനു മൂലാധാരമെന്നും ചുറ്റിക്കെട്ടി ലയിച്ചുകിടക്കുന്ന ക്രിയാശക്തിക്ക് (ചുറ്റിക്കെട്ടിക്കിടക്കുന്ന) കുണ്ഡലിനി എന്നും പറയുന്നു. അടങ്ങിയിരിക്കുന്ന ക്രിയാശക്തിയും, ആ സ്ഥാനത്തിൽ തന്നെ സംഭൃതമായിരിക്കും എന്നുള്ളതു വളരെ സംഭാവ്യമാണ്. എന്തുകൊണ്ടെന്നാൽ വളരെ ബുദ്ധിപതിച്ചിട്ടു വായിക്കുകയോ ബാഹ്യപദാർത്ഥങ്ങളെപ്പറ്റി വളരെനേരം ചിന്തിക്കുകയോ ചെയ്താൽ മൂലാധാരസ്ഥാനം സ്ഥിതി ചെയ്യുന്നതായ ഭാഗത്തുള്ള സിരാഗ്രന്ഥിയിൽ (ആയിരിക്കാം) ചൂടുപിടിക്കുന്നുണ്ട്. എന്നാൽ ഈ കുണ്ഡലിനി (ചുറ്റിക്കിടക്കുന്ന) ശക്തിയെ ഉൽബോധിപ്പിച്ചു വ്യാപരിക്കുകയും, എന്നിട്ടു ബുദ്ധിപൂർവ്വമായി സുഷുമ്‌നാപ്രണാളി യിലേക്കു സഞ്ചരിപ്പാൻ അയക്കയും ചെയ്താൽ അതു സ്ഥാനങ്ങൾ തോറും എത്തി വ്യാപരിക്കുമ്പോൾ ഒരു ശക്തിയേറിയ പ്രതിക്രിയ ഉള്ളിൽ സംഭവിക്കും. ക്രിയാശക്തിയുടെ അല്പമായ ഒരംശം ഒരു സിരാതന്തുവിൽകൂടി സഞ്ചരിക്കുകയും അതാതു സ്ഥാനങ്ങളിൽ (ആധാരങ്ങളിൽ) നിന്നു പ്രതിക്രിയയെ ഉത്ഭവിപ്പിക്കയും ചെയ്യു മ്പോൾ ആ പ്രത്യക്ഷം സ്വപ്നമോ അല്ലെങ്കിൽ മനോരാജ്യമോ ആകുന്നു എന്നാൽ ദീർഘകാലത്തെ അദ്ധ്യാത്മധ്യാന ബലത്താൽ സഞ്ചയിക്കപ്പെട്ട ഈ ശക്തിയുടെ മഹത്തായ സംഘാതം സുഷുമ്‌നാമാർഗ്ഗമായി സഞ്ചരിക്കുകയും, ആ സ്ഥാനങ്ങളെ സമ്മർദ്ദിക്കുകയും ചെയ്യുമ്പോൾ പ്രതിക്രിയ വളരെ ശക്തി യേറിയതാകുന്നു. സ്വപ്നത്തിന്റെയോ മനോരാജ്യത്തിന്റെയോ പ്രതിക്രിയയേക്കാൾ എത്രയോ അധികം ഉൽകൃഷ്ടമായിരിക്കുന്നു. ഇന്ദ്രിയപ്രത്യക്ഷത്തിന്റെ പ്രതിക്രിയയേക്കാൾ എത്രയോ അധികം തീക്ഷ്ണമായും ഇരിക്കുന്നു. അതു അതിന്ദ്രിയ പ്രത്യക്ഷമാകുന്നു. ആ സ്ഥിതിയിൽ ഉള്ള മനസ്സിനു സ്വബോധാതീതം എന്നും പറയുന്നു. അത് എല്ലാ ഇന്ദ്രിയബോധങ്ങളുടെയും തലസ്ഥാനമായ തലച്ചോറിൽ എത്തുമ്പോൾ തലച്ചോറു മുഴുവൻ പ്രതികരിക്കുന്നതു പോലെ ആകുകയും ശരീരത്തിലുള്ള ജ്ഞാനജനകങ്ങളായ എല്ലാ അണുക്കളും പ്രതികരിക്കുന്നപോലെ ആകുകയും അതിന്റെ ഫലമായ ജ്ഞാനത്തിന്റെ പൂർണ്ണമായ പ്രകാശധോരണി അതായതു ആത്മപ്രത്യക്ഷം ഉണ്ടാകുകയും ചെയ്യുന്നു. ഈ കുണ്ഡലിനീശക്തി സഞ്ചരിച്ച് ഓരോ സ്ഥാനങ്ങളെ (ആധാരങ്ങളെ) കടന്നുചെല്ലുമ്പോൾ മനസ്സിന്റെ അടുക്കുകൾ ഒന്നിനുശേഷം ഒന്നായി തുറക്കപ്പെട്ടതുപോലെ ആകുകയും യോഗിക്കു ഈ മുഴുവൻ ബ്രഹ്മാണ്ഡവും അതിന്റെ സുഷ്മമോ സ്ഥൂലമോ ആയ രൂപത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഈ പ്രപഞ്ചത്തിന്റെ കാരണങ്ങളായ ഇന്ദ്രിയ സാക്ഷാത്ക്കാരം, പ്രതിക്രിയ എന്നീ രണ്ടും അപ്പോൾമാത്രം അവയുടെ പരമാർത്ഥരൂപത്തിൽ അറിയ പ്പെടും, അതിൽനിന്നും എല്ലാ ജ്ഞാനവും ഉണ്ടാവുകയും ചെയ്യും. കാരണങ്ങൾ അറിയപ്പെട്ടാൽ കാര്യങ്ങളെപ്പറ്റിയ അറിവു നിശ്ചയ മായും അതിനെ പിന്തുടരുന്നതാണല്ലോ. നിന്നുപോയപോലെ ആകുകയും മനസ്സെന്നു പറയുന്നതായ സൂക്ഷ്മവിസ്ഫുരണങ്ങൾ മാത്രം അദ്ദേഹത്തിന് ഉണ്ടായിരിക്കു കയും ചെയ്തു. തനിക്കുചുറ്റും സൂക്ഷ്മ വിസ്ഫുരണങ്ങൾ മാത്രം അദ്ദേഹത്തിനു കാണാമായിരുന്നു. എല്ലാവും വിചാരമയമായി ത്തീർന്നിരുന്നു. പ്രപഞ്ചം മുഴുവൻ ഒരു വിചാരസമുദ്രമായി, അദ്ദേഹവും മറ്റുള്ള എല്ലാവും അതിലെ വിചാരനീർച്ചുഴികളായും തീർന്നു. ഇങ്ങിനെ ഈ വിചാരപ്രപഞ്ചത്തിൽ കൂടിയും നാം ഈ ഏകത്വത്തെ കാണുന്നു. ഒടുവിൽ ആത്മാവിനോടടുക്കുമ്പോൾ ആ ആത്മാവ് കേവലം ഏകമായിരിപ്പാനേ പാടുള്ളൂ എന്നും നാം അറിയുന്നു. വികാരത്തിനതീതമായി ഒന്ന് തന്നെയുള്ളൂ. പ്രത്യക്ഷ മായ വികാരത്തിൽ കൂടിയും കേവലം ഒരു ഏകത്വമാണുള്ളത്. പുതിയ പ്രകൃതിശാസ്ര്തങ്ങൾ നല്ലവണ്ണം ഈ വസ്തുതകളെ വെളി പ്പെടുത്തിയിരിക്കുന്നതുകൊണ്ട് അവയെ ഇനി വിസമ്മതിപ്പാൻ തരമില്ല. പ്രപഞ്ചത്തിലുള്ള ശക്തികളുടെ എല്ലാം ആകത്തുക എപ്പോഴും, എവിടെയും ഒന്നുതന്നെയാണെന്ന് പുതിയ ഭൗതിക വിജ്ഞാനികൾ തെളിയിച്ചിരിക്കുന്നു. ഈ ശക്തിയുടെ ആകത്തുക രണ്ടുവിധത്തിൽ ഇരിക്കയാണെന്നുള്ളതും തെളിയിക്കപ്പെട്ടിരി ക്കുന്നു. ഇത് ലീനവും, ശാന്തവുമായി അടങ്ങുകയും പിന്നെ പല പ്രകാരമുള്ള ഈ എല്ലാ ശക്തികളുമായി വെളിപ്പെട്ടു പുറത്തു വരികയും ചെയ്യുന്നു. വീണ്ടും ഇത് അശാന്താവസ്ഥയിലേക്ക് മടങ്ങുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം ഇത് ആവിർഭവിച്ചും, തിരോഭവിച്ചും എന്നെന്നേക്കും ഇരുന്നു കൊണ്ടേ ഇരിക്കുന്നു. മേൽപറഞ്ഞ പ്രകാരമുള്ള ഈ പ്രാണന്റെ നിയമനത്തെയാണ് പ്രാണായാമം എന്ന് പറയുന്നത്. ശ്വാസാഭ്യാസത്തിനു ഒരു പരിശീലനം എന്നുള്ളതല്ലാതെ ഈ പ്രാണായാമത്തോട് വേറെ വലുതായ സംബന്ധമൊന്നുമില്ല. മനുഷ്യശരീരത്തിൽ ഈ പ്രാണന്റെ ഏറ്റവും സ്പഷ്ടമായ ആവിർഭാവം ശ്വാസകോശത്തിന്റെ ചലനമാകുന്നു. അത് നിന്നുപോയാൽ ശരീരം നിന്നു. ശരീരത്തിലെ ശക്തിയുടെ മറ്റെല്ലാ പരിണാമങ്ങളും ഇത് തടുക്കപ്പെട്ടാൽ ഉടനെ നിന്നു. ഈ ചലനം നിന്നുപോയാലും ജീവിച്ചിരിക്കത്തക്കവണ്ണം അഭ്യസിക്കാൻ കഴിയുന്ന ആളുകളും ഉണ്ട്. ഏതാനും മാസങ്ങൾ ഭൂമിയിൽ കുഴിച്ചു മൂടിയിരുന്നാൽ കൂടിയും ശ്വാസം വിടാതെ ജീവിച്ചിരിപ്പാൻ കഴിയുന്നവരായും ചിലരുണ്ട്. എന്നാൽ സാധാരണയാളുകൾ ക്കൊക്കെ ഈ ശ്വാസചലനം തന്നെയാണ് ശരീരത്തിലെ പ്രധാന മായ സ്ഥൂലചലനമായിരിക്കുന്നത്. അധികം സൂക്ഷ്മമായുള്ളതിൽ എത്തുന്നതിനു നാം അതിനേക്കാൾ സ്ഥൂലമായത്തിന്റെ സഹായ ത്തെ അപേക്ഷിക്കണം. അപ്രകാരം ക്രമേണ നാം ഏറ്റവും സൂക്ഷ്മ മായതിനെ ലക്ഷ്യമാക്കി ചെല്ലുകയും ഒടുവിൽ നമ്മുടെ ഉദ്ദിഷ്ടഭൂമി യിൽ എത്തുകയും വേണം. ശരീരത്തിലുള്ള എല്ലാ ചലനങ്ങളിലും വച്ച് ഏറ്റവും സ്പഷ്ടമായിരിക്കുന്നത് ശ്വാസകോശചലനമാണ്. അതാണ് ശാരീരമായ മറ്റെല്ലാ ശക്തികളേയും വലിപ്പിച്ചുകൊണ്ടിരി ക്കുന്ന പ്രൗമെചക്രം. പ്രാണായാമം എന്നതിന്റെ വാസ്തവമായ അർത്ഥം ഈ ശ്വാസകോശചലനത്തിന്റെ നിയമനം എന്നാണ്. ഈ ചലനത്തിൻ ശ്വാസോച്ഛ്വാസത്തോട് സംബന്ധമുണ്ട്. ശ്വാസോച്ഛ്വാസം കൊണ്ട് ഈ ചലനം ഉണ്ടാകുന്നു എന്നുവച്ചല്ല. നേരെമറിച്ച് ഈ ചലനം കൊണ്ടാണ് ശ്വാസോച്ഛാസങ്ങൾ ഉണ്ടാകു ന്നത്. ഈ ചലനം വായുവിനെ പീച്ചാങ്കുഴലിന്റെ ആകർഷണരീതി പോലെ ഉള്ളിലേക്ക് വലിക്കുന്നു. പ്രാണൻ ശ്വാസകോശത്തെ ചലിപ്പിക്കുന്നു. ശ്വാസകോശത്തിന്റെ ആ ചലനം വായുവിനെ ഉള്ളിലേക്ക് വലിക്കയും ചെയ്യുന്നു. അതുകൊണ്ട് പ്രാണായാമം ശ്വാസാഭ്യാസമല്ല. പിന്നയോ ശ്വാസകോശത്തെ ചലിപ്പിക്കുന്ന മാംസലീനമായ ആ ശക്തിയുടെ നിയമനമത്രേ. ആ മാംസലീന ശക്തി സിരകൾ വഴിയായി കടന്നുചെന്നു മാംസപേശികളിലേക്കും അവിടെനിന്നും, അവിടെ നിന്നു ശ്വാസകോശത്തിലേക്കും എത്തി അവയെ ഒരു ക്രമം അനുസരിച്ചു ചലിപ്പിച്ചു കൊണ്ടിരിക്കുന്നു. ആ ശക്തിയാകുന്നു പ്രാണൻ. പ്രാണായാമപരിശീശലനത്തിൽ അതിനെയാണ് നമുക്ക് നിയമനം ചെയ്യേണ്ടിയുള്ളത്. ഈ പ്രാണനെ നിയമനം ചെയ്തുകഴിഞ്ഞാൽ ഉടനെ ശരീരത്തിലുള്ള പ്രാണന്റെ മറ്റെല്ലാ വ്യാപാരങ്ങളും ക്രമേണ നമ്മുടെ ആജ്ഞയിൻ കീഴിൽ വരുന്നതായി നമുക്ക് കാണാം. ശരീരത്തിലെ മിക്കവാറും എല്ലാ മാംസപേശികളേയും വശംവദമാക്കീട്ടുള്ള ചിലയാളുകളെ ഞാൻ തന്നെ കണ്ടിട്ടുണ്ട്. എന്തുകൊണ്ട് പാടില്ല? ഏതാനും മാംസപേശികളെ എനിക്ക് നിയന്ത്രിപ്പാൻ കഴിയുമെങ്കിൽ എന്തു കൊണ്ട് എല്ലാ മാംസപേശികളേയും സിരകളെയും നിയന്ത്രിപ്പാൻ കഴികയില്ല? എന്തശക്യതയാണുള്ളത്? തൽക്കാലം നിയന്ത്രണം വിട്ടുപോകയും ചലനം സ്വയം സിദ്ധമായിത്തീരുകയും ചെയ്തിരി ക്കുന്നു. നമുക്ക് കാതുകളെ ഇഷ്ടം പോലെ ചലിപ്പിപ്പാൻ കഴിക യില്ല. എന്നാൽ മൃഗങ്ങൾക്ക് അത് കഴിയുമെന്ന് നാം അറിയുന്നു. നമുക്ക് ആ ശക്തിയില്ല. എന്തുകൊണ്ടെന്നാൽ നാം അതിനെ പരിശീലിക്കുന്നില്ല. ഇങ്ങിനെ വരുന്നതിന് പാരമ്പര്യസിദ്ധിയെന്നു പറയുന്നു. എന്നുതന്നെയല്ല, ലീനമായിരിക്കുന്ന ചലനത്തെ പ്രത്യക്ഷമാക്കി കൊണ്ടുവരാൻ കഴിയുമെന്നും നമുക്കറിയാം. തീവ്രമായ യത്‌നവും, അഭ്യാസവും കൊണ്ട് ശരീരത്തിൽ ഏറ്റവും അന്തർലീനമായി ക്കിടക്കുന്ന ചില ചലനങ്ങളെക്കൂടിയും പൂർണ്ണമായ നിയന്ത്രണ ത്തിൻകീഴു കൊണ്ടുവരാൻ സാധിക്കുന്നതാണ്. ഇങ്ങിനെ ഊഹിച്ചു നോക്കിയാൽ ശരീരത്തിന്റെ ഓരോ ഭാഗത്തേയും പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുവരുന്നത് ഒന്നുകൊണ്ടും അശക്യമ ല്ലെന്നും നേരെമറിച്ച് സംഭാവ്യമാണെന്നും നാം കാണുന്നു. യോഗി ഇതിനെ പ്രാണായാമം കൊണ്ടു സാധിക്കുന്നു. പ്രാണായാമത്തിൽ ശ്വാസത്തെ ഉള്ളിലേക്ക് വലിക്കുമ്പോൾ നിങ്ങളുടെ ശരീരത്തെ മുഴുവൻ പ്രാണനെക്കൊണ്ട് പൂരിക്കണമെന്ന് പക്ഷേ നിങ്ങളിൽ ചിലർ യോഗശാസ്ര്തങ്ങളിൽ വായിച്ചിരിക്കാം. ഇംഗ്ലീഷ് തർജ്ജിമ കളിൽ പ്രാണൻ എന്ന പദം ശ്വാസം എന്ന അർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങൾക്ക് അത് എങ്ങിനെ സാധിക്കുമെന്ന് സംശയം തോന്നുന്നതാണ്. അത് തർജ്ജിമ ക്കാരുടെ തെറ്റാകുന്നു. ജീവശക്തിരൂപമായ പ്രാണനെകൊണ്ട് ശരീരത്തിന്റെ എല്ലാ ഭാഗവും പൂരിപ്പിക്കാം. അങ്ങിനെ ചെയ്‌വാൻ നിങ്ങൾക്കു എപ്പോൾ കഴിയുമോ അപ്പോൾ നിങ്ങൾക്കു മുഴുവൻ ശരീരത്തേയും നിയന്ത്രിപ്പാൻ കഴിയും. ശരീരത്തിൽ തോന്നുന്ന എല്ലാ ഉപദ്രവത്തെയും, അസ്വാസ്ഥ്യത്തെയും പൂർണ്ണയമായും നിയന്ത്രിപ്പാൻ കഴിയും. അത്ര മാത്രമല്ല മറ്റുള്ളവരുടെ ശരീര ത്തെയും കൂടി നിങ്ങൾക്ക് നിയന്ത്രിപ്പാൻ കഴിയും. നല്ലതാകട്ടെ, ചീത്തയാകട്ടെ ഈ ലോകത്തിലുള്ളതെല്ലാം പകർച്ചയുള്ളതാണ്. നിങ്ങളുടെ ശരീരത്തിൽ ഒരു വേഗം ഉണ്ടാകുമ്പോൾ ആ വേഗത്തെ മറ്റുള്ളവരിൽ അങ്കുരിപ്പാനുള്ള ഒരു താൽപര്യം കൂടി അതിനു ണ്ടാകുന്നു. നിങ്ങൾക്കു ബലവും, ആരോഗ്യവും ഉണ്ടെങ്കിൽ നിങ്ങളുടെ അടുത്തു താമസിക്കുന്നവർക്കും ബലവാന്മാരും, അരോഗികളും ആയിരിപ്പാനുള്ള ഒരു താൽപര്യം ഉണ്ടാകുന്നു. എന്നാൽ നിങ്ങൾ രോഗികളും, ബലഹീനരുമാണെങ്കിൽ നിങ്ങളുടെ സമീപസ്ഥന്മാകർക്കും അപ്രകാരമായിത്തീരാനുള്ള ഒരു താൽപര്യം ജനിക്കുന്നതാകുന്നു. ഈ വേഗജനകമായ വിസ്ഫുരണം മറ്റൊരു ശരീരത്തിലേക്ക് നയിക്കപ്പെട്ട പോലെ ആയിത്തീരുകയാണ്. ഒരാളിന്റെ രോഗം ശമിപ്പിപ്പാൻ മറ്റൊരാൾ ശ്രമിക്കുന്ന വിഷയത്തിൽ ആദ്യ അഭിപ്രായം കേവലം തന്റെ ആരോഗ്യത്തെ താൻ മറ്റവനിൽ പകർത്തുന്നു എന്നുള്ളതാകുന്നു. ചികിത്സയുടെ പൂർവ്വസമ്പ്രദായം ഇതാണ്. അറിഞ്ഞിട്ടോ, അറിയാതേയോ ആരോഗ്യത്തെ പകർത്താൻ കഴിയും. ബലിഷ്ഠനായ മനുഷ്യൻ തന്നോടൊത്തു താമസിക്കുന്ന ബലഹീനനെ പൂർവാധികം ബാലവാനാക്കി ത്തീർക്കും. താൻ അറിഞ്ഞെന്നോ, അറിഞ്ഞില്ലെന്നോ വരാം. അറിവോടുകൂടി ചെയ്യുമ്പോൾ ഇത് കുറേക്കൂടി ശീഘ്രതരമായും ക്രിയയിൽ കുറേക്കൂടി ഫലവത്തായും തീരുന്നു. പിന്നെ അടുത്തതു താൻ അത്ര ആരോഗ്യശാലിയായി ഇരിക്കുന്നില്ലെങ്കിൽ കൂടിയും ഒരു മനുഷ്യനു മറ്റൊരു മനുഷ്യനു ആരോഗ്യം നൽകുവാൻ സാധിച്ചു വരുന്നതായി നാം അറിയുന്നെല്ലോ എന്നുള്ള സംഗതി യാണ്. അങ്ങിനേയുള്ള സംഗതിയിൽ ആദ്യത്തെ മനുഷ്യനു പ്രാണൻ കുറേക്കൂടി സ്വാധീനമായിരിക്കയും തൽക്കാലം ഒരു പ്രത്യേക വിസ്ഫുരണക്രമത്തിലേക്കു എന്നപോലെ ഉയർത്തി ക്കൊണ്ടുവരുന്നതിനും അതിനെ മറ്റവനിൽ പകർത്തുന്നതിനും സാധിക്കയും ചെയ്യുക ആകുന്നു. ഈ സമ്പ്രദായം ദൂരത്തിൽ നടത്താൻ സാധിച്ചിരിക്കുന്നതായും ദൃഷ്ടാന്തങ്ങളുണ്ട്. എന്നാൽ വാസ്തവത്തിൽ ഒരു പഴുതു (ശൂന്യമായ ഒരു അന്തരാളം) എന്ന അർത്ഥനത്തിൽ ദൂരം തന്നെ ഇല്ലാത്ത താകുന്നു. ഒരു പഴുതുള്ള ദൂരം എവിടെയുണ്ട്? നിങ്ങൾക്കും, സൂര്യനും മദ്ധ്യേ ഏതെങ്കിലും ഒരു പഴുതുണ്ടോ? ഇത് അനുസ്യൂതമായി വ്യാപിച്ചുകിടക്കുന്ന ഒരു ഭൂതസംഘാതം; സൂര്യൻ അതിന്റെ ഒരു ഭാഗം, നിങ്ങൾ മറ്റൊരു ഭാഗം. ഒരു നദീ പ്രവാഹത്തിന്റെ ഒരു ഭാഗത്തിനും, മറ്റൊരു ഭാഗത്തിനും മദ്ധ്യേ ഒരു പഴുതുണ്ടോ? അപ്പോൾ എന്തുകൊണ്ട് ഏതു ശക്തിക്കും സഞ്ചരിച്ചു കൂടാ? ഇതിനെ ഖണ്ഡിപ്പാൻ യുക്തിയില്ല. ഈ ദൃഷ്ടാന്തങ്ങൾ പൂർണ്ണമായും വാസ്തവമത്രേ? ഈ പ്രാണനെ വളരെ ദൂരത്തിൽ സംക്രമിപ്പിച്ചു കൊണ്ടുപോവാൻ കഴിയും. എന്നാൽ ഈ ദൃഷ്ടാന്തങ്ങളിൽ ഒരു വാസ്തവ സംഭവത്തിൻ എത്രയോ നൂറുകണ്ടു വ്യാജങ്ങളും ഉണ്ടായിരിക്കും. ഇത് വിചാരിച്ചുവരും വണ്ണം അത്ര എളുപ്പമായ സംഗതിയല്ല. ഈ ചികിത്സയുടെ ഏറ്റവും സാധാരണമായ ദൃഷ്ടാന്തങ്ങളിൽ തന്നെ ചികിത്സകന്മാർ കേവലം മനുഷ്യശരീരത്തിന്റെ സ്വാഭാവികമായ ആരോഗ്യാവസ്ഥയെ ഉപായമായി പിടിച്ചു കൊള്ളുമാറുണ്ടെന്ന് നിങ്ങൾക്കു് കാണാം. പിടിപെട്ടവരിൽ ഭൂരിഭാഗത്തേയും കൊല്ലുന്നതായ രോഗം ലോകത്തിലില്ല. സാംക്രമികമായ വിഷൂചികയിൽ തന്നെ ഏതാനും ദിവസത്തേക്ക് നൂറ്റിനു അറുപതു കണ്ടു മരിക്കുമെങ്കിൽ പിന്നീട് മരണത്തിന്റെ നിരക്ക് കുറഞ്ഞുകുറഞ്ഞു നൂറ്റിനു മുപ്പതും ഇരുപതും വീതമായിത്തീരുകയും ശേഷം പേർ രക്ഷപ്പെടുകയും ചെയ്യും. ഒരു 'ആലോപ്പതി' വൈദ്യൻ (അഹഹീുമവേ) വന്നു വിഷൂചികയ്ക്കു മരുന്നു കൊടുക്കുന്നു. ഒരു ഹോമിയോ വൈദ്യനും (ഒീാലീുമവേ) വന്നു മരുന്നു കൊടുക്കുന്നു. ഈ ഒടുവിൽ പറഞ്ഞ വൈദ്യന്റെ ചികിത്സയിൽ പക്ഷേ അധികപേർക്കു സുഖം കിട്ടിയെന്നു വരാം. എന്തുകൊണ്ടെന്നാൽ അയാൾ രോഗിയുടെ ശരീരത്തിൽ ഉപദ്രവമൊന്നും ചെയ്യുന്നില്ല. പ്രകൃതിയെ അതിൽ ഇഷ്ടം പോലെ പ്രവർത്തിച്ചുകൊള്ളുവാൻ അനുവദിക്കുന്നു. എന്നാൽ വിശ്വാസം കൊണ്ട് തന്നെ ചികിത്സിപ്പാൻ ശീലിച്ചിട്ടു ള്ളവർ ഇതിലും അധികം പേരെ സുഖപ്പെടുത്തുന്നതാണ്. കാരണം, അവർ മനശ്ശക്തിയെ എകാഗ്രീകരിച്ചു അതിനെ വിശ്വാസം വഴിയായി രോഗിയുടെ മങ്ങിക്കിടക്കുന്ന പ്രാണശക്തി യിലേക്ക് പ്രയോഗിച്ചു ആ പ്രാണശക്തിയെ ഉന്മേഷപ്പെടുത്തുക യാകുന്നു. എന്നാൽ അവർക്കു സാധാരണയായി ഒരബദ്ധം പറ്റാറുണ്ട്. കേവലം വിശ്വാസമാണ് രോഗശാന്തി വരുത്തുന്നതെന്നു അവർ വിചാരിക്കുന്നു. വിശ്വാസം കൊണ്ട് മാത്രം എല്ലാ രോഗങ്ങളും ശമിച്ചുകാണുന്നില്ല. ചില രോഗങ്ങളുണ്ട്; അവ പിടിപെട്ടാൽ രോഗികൾ ഒരിക്കലും തങ്ങൾക്കു രോഗം പിടിപെട്ടെന്നു അശേഷം വിചാരിക്കുന്നില്ല. ആ ദൃഡവിശ്വാസം തന്നെയാണ് ആ രോഗങ്ങളുടെ ഏറ്റവും വലുതായ ദുർലക്ഷണവും. ആ ലക്ഷണം കണ്ടുതുടങ്ങിയാൽ രോഗിക്ക് മരണം അടുത്തു എന്ന് സാധാരണയായി ഊഹിച്ചു കൊള്ളാം. വിശ്വാസചികിത്സകന്റെ ഊഹത്തിന്നു ഈ മാതിരിയുള്ള സംഗതികളിൽ വ്യാപ്തിയില്ലാതെ പോകുന്നു. വിശ്വാസമാണ് രോഗത്തെ ശമിപ്പിക്കുന്നതെങ്കിൽ ഇങ്ങിനെയുള്ള രോഗികൾക്കും രോഗമില്ലെന്നുള്ള വിശ്വാസം കൊണ്ട് സുഖം കിട്ടേണ്ടി വരുന്നു. വാസ്തവ രോഗശാന്തി പ്രാണശക്തി മൂലമായിട്ടാണുണ്ടാകുന്നത്. ഈ പ്രാണനെ സ്വാധീനമാക്കീട്ടുള്ള പരിശുദ്ധപുരുഷൻ അതിനെ മറ്റുള്ളവരിൽ നയിക്കത്തക്ക ഒരു വിസ്ഫുരണാവസ്ഥയിൽ കൊണ്ടുവരികയും അവരിലും അപ്രകാരം തന്നെയുള്ള വിസ്ഫുരണത്തെ ഉല്പാദിപ്പിക്കയും ചെയ്‌വാൻ ശക്തിയുണ്ട്. ദിവസംപ്രതിയുള്ള നമ്മുടെ പ്രവൃത്തികളിൽ നിങ്ങൾക്ക് അതിനെ കാണാം. ഞാൻ നിങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. എന്തുചെയ്യാനാൺ ഞാൻ ശ്രമിക്കുന്നത്? എന്റെ മനസ്സിനെ ഞാൻ ഒരു പ്രത്യേക വിസ്ഫുരണാവസ്ഥയിലേക്ക് കൊണ്ടുവരികയാകുന്നു. ആ അവസ്ഥയിൽ അതിനെ കൊണ്ടുവരാൻ എനിക്ക് എത്രയധികം സാധിക്കുമോ അത്രയധികം ഞാൻ പറയുന്നത് നിങ്ങളിൽ ഫലിക്കുന്നതാണ്. അത് നിങ്ങൾക്ക് എല്ലാവർക്കുമറിയാവുന്ന താണല്ലോ? ഞാൻ അധികം ഉത്സാഹത്തോടു കൂടി പ്രസംഗിക്കുന്ന ദിവസം പ്രസംഗം നിങ്ങൾക്ക് അധികം രുചിക്കയും, എന്റെ ഉത്സാഹാതിശയം കുറയുമ്പോൾ നിങ്ങൾക്കു രസക്കുറവു തോന്നുകയും ചെയ്യുന്നില്ലേ? ലോകത്തിന്റെ അതിമഹത്തായ മനശ്ശക്തികൾ മൂർത്തീഭവിച്ച ലോകപ്രേരകന്മാരായ മഹാന്മാർക്ക് അവരുടെ പ്രാണനെ ഒരു ഉയർന്ന വിസ്ഫുരണാവസ്ഥയിൽ കൊണ്ടുവരാൻ കഴിയും. അത് ഒരു ക്ഷണത്തിൽ മറ്റുള്ളവരിൽ പ്രതിഫലിക്കും. അനേകായിരം പേർ അവരാൽ ആകർഷിിക്കപ്പെടുകയും, ലോകത്തുള്ള ഒന്നുപാതി ജനങ്ങളും അവർ വിചാരിക്കുന്നതുപോലെ വിചാരിക്കുകയും ചെയ്യും. അതിനു അത്ര മാഹാത്മ്യവും, ശക്തിയുമുണ്ട്. ലോക ത്തിലെ മഹാന്മാരായ ദീർഘദർശികകൾക്ക് ഏറ്റവും അത്ഭുതകര മായ പ്രാണനിയമനം സിദ്ധിച്ചിരുന്നു. അതവർക്ക് ഗംഭീരമായ മനശ്ശക്തിയെ നൽകി. അവർ തങ്ങളുടെ പ്രാണനെ അത്യന്തം ഉയർന്ന നിലയിലുള്ള ചലനാവസ്ഥയിൽ എത്തിച്ചു. അതാണ് അവർക്കു ലോകത്തെ ഭരിപ്പാനുള്ള ശക്തിയെ നൽകിനയത്. ഈ നിയമനത്തിൽ നിന്നാണ് എല്ലാ സിദ്ധികളും ഉണ്ടാകുന്നത്. മനുഷ്യർക്ക് ആ രഹസ്യം അറിഞ്ഞുകൂടെന്നുവരാം. എന്നാൽ അതിന്ന് ഇതൊന്നേ കാരണമായി പറവാൻ കാണുന്നുള്ളൂ. നിങ്ങളുടെ സ്വന്തശരീരത്തിൽ തന്നെ ചിലപ്പോൾ പ്രാണന്റെ സംഭാരം ഒരുഭാഗത്തു അധികമായോ ന്യൂനമായോ ആകർഷിക്ക പ്പെടുന്നു. അപ്പോൾ സമത തെറ്റുന്നു. എപ്പോൾ പ്രാണന്റെ സമത തെറ്റിയോ അപ്പോൾ നാം രോഗമെന്ന് പറയുന്നതായ അവസ്ഥ അതിൽ നിന്നു സംഭവിക്കുന്നു. അധികപ്പെട്ട പ്രാണനെ എടുത്തു കളകയോ കുറവുള്ള പ്രാണനെ സംഭരിച്ചുകൊടുക്കുക യോ ചെയ്യുന്നതാണ് രോഗത്തെ ശമിപ്പിക്കുക എന്നുള്ളത്. കൂടാതെയും ശരീരത്തിന്റെ ഒരു ഭാഗത്തിൽ പ്രാണൻ അധികമായോ കുറവായോ ഇരിക്കുമ്പോൾ അതിനെ അറിയുന്നതും പ്രാണായാമം തന്നെ. ഗ്രഹണശക്തി അഭ്യാസത്താൽ വളരെ സൂക്ഷ്മങ്ങളായിത്തീരും; അതുകൊണ്ട് കാലിന്റെ പെരുവിരലിലോ, തള്ളവിരലിലോ വേണ്ടതിൽ കുറവായേ പ്രാണനുള്ളൂവെങ്കിൽ അതിനെ മനസ്സ് ഗ്രഹിക്കും. അതിനെ സംഭരിച്ചുകൊടുപ്പാനുള്ള ശക്തിയും അതിനുണ്ടായിരിക്കും. ഇവ പ്രാണായാമത്തിന്റെ വിവിധ വ്യാപാരങ്ങളിൽ ചിലതാകുന്നു. അവയെ സാവധാനമായും, ക്രമമായും അഭ്യസിക്കണം. വാസ്തവത്തിൽ രാജയോഗത്തിന്റെ മുഴുവൻ നോട്ടവും പ്രാണനെ അതിന്റെ നാനാ പ്രകാരമുള്ള സ്ഥാനങ്ങളിലെല്ലാം നയിക്കയും, നിയമനം ചെയ്കയും ചെയ്‌വാൻ പഠിപ്പിക്കയാണെന്നുള്ളത് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായിരി ക്കുമല്ലോ? ഒരുത്തൻ തന്റെ ജീവശക്തികളെ എല്ലാം എകാഗ്ര പ്പെടുത്തിയിരിക്കുന്നു എങ്കിൽ അവൻ തന്റെ ശരീരത്തിലുള്ള പ്രാണനെ വശമാക്കിയിരിക്കുകയാകുന്നു. ഒരുത്തൻ ധ്യാനിക്കു മ്പോൾ അവൻ തന്റെ പ്രാണനെ എകാഗ്രപ്പെടുത്തുകയും ആകുന്നു. ഒരു മഹാസമുദ്രത്തിൽ പർവ്വതം പോലെ വമ്പിച്ച തിരമാല കളും, അതിൽ ചെറിയതും അതിലും ചെറിയതുമായ അലകളും ഇങ്ങേയറ്റം നീർപ്പോളകൾ വരേയും ഉണ്ട്. എന്നാൽ ഇവയ്‌ക്കെല്ലാം ആധാരമായിരിക്കുന്നത് ആ അപാരമായ സമുദ്രം തന്നെ. നീർപ്പോള ആ അപാരമഹാസമുദ്രത്തിന്റെ ഒരറ്റത്തും, വമ്പിച്ച തിരമാല മറ്റേ അറ്റത്തും അതിനോട് സംബന്ധിച്ചിരിക്കുന്നു. അതുപോലെ ഒരുത്തൻ ഒരു മഹാപുരുഷനും, മറ്റൊരുത്തൻ ഒരു നീർപ്പോള പോലെ നിസ്സാരനും ആയിരിക്കാം. എന്നാൽ ഓരോരുത്തനും ആ അപാരമായ ശക്തിസമുദ്രത്തോട് സംബന്ധിച്ചിരിക്കയാണ്. അത് ജീവിച്ചിരിക്കുന്ന എല്ലാ പ്രാണികൾക്കും ഒന്നുപോലെയുള്ള ജന്മാവകാശവുമാകുന്നു. എവിടെയെങ്കിലും ഒരു ജീവിതമുണ്ടെങ്കിൽ ആ അഖണ്ഡശക്തിയുടെ സംഭാരശാല അതിനടിയിൽ ഉണ്ട്. ഒരു ജീവൻ ഒരു പൂപ്പിൽ (പൊടിക്കുമിളിൽ) അല്ലെങ്കിൽ ഭൂതക്കണ്ണാടി കൊണ്ട് നോക്കിയറിയത്തക്ക അതികൃശമായ ഒരു നീർപ്പോളയിൽ നിന്നു പുറപ്പെട്ടു അതുമുതൽ ആ അപരിച്ഛിന്നമായ സംഭാര ശാലയിൽ നിന്നു ജീവശക്തിയെ ആകർഷിച്ചുകൊണ്ട് മന്ദമന്ദമായി ശരീരം മാറി കാലാന്തരത്തിൽ ഒരു ചെടിയായും, പിന്നെ ഒരു ജന്തുവായും, അനന്തരം മനുഷ്യനായും, അവസാനം ഈശ്വര നായും തീരുന്നു. ഇത് എത്രയോ കോടി പുരുഷാന്തരങ്ങൾ കൊണ്ട് സാധിക്കുന്നതാകുന്നു. എന്നാൽ കാലം എന്നുവച്ചാൽ എന്താണ്? അധികതരമായ വേഗത്തിനും, അധികതരമായ ശ്രമത്തിനും കാല ത്തിന്റെ ദൈർഘ്യത്തെ ലഘൂകരിപ്പാൻ കഴിയും. സ്വഭാവേന യായാൽ ദീർഘകാലം കൊണ്ട് സാധിക്കാവുന്ന സംഗതിയെ തീവ്രപ്രയത്‌നം കൊണ്ടു വേഗത്തിൽ സാധിക്കാമെന്ന് യോഗി പറയുന്നു. ഒരു മനുഷ്യൻ പ്രപഞ്ചത്തിലുള്ള അഖണ്ഡമായ ഭൂതസംഘാതത്തിൽ നിന്നു ജീവശക്തിയെ ഉള്ളിലേക്ക് ആകർഷിച്ചുകൊണ്ട് മന്ദമായി കയറിവരാം! അവനു പക്ഷെ ഒരു ദേവനാകണമെങ്കിൽ ഒരു ലക്ഷം വർഷവും, പിന്നെയും അതിനേക്കാൾ ഉയർന്ന സ്ഥാനത്തേയ്ക്ക് അഞ്ചുലക്ഷം വർഷവും, പൂർണ്ണനാകുന്നതിന് പക്ഷെ അമ്പതുലക്ഷം വർഷവും വേണ്ടിവന്നു എന്നു വരാം. വളർച്ചയെ ശീഘ്രമാക്കിയാൽ സമയത്തെക്കുറയ്ക്കാം. എന്തുകൊണ്ട് ഈ പൂർണ്ണാ വസ്ഥയെത്തന്നെ ആറു മാസം കൊണ്ടോ ആറു വർഷംകൊണ്ടോ പ്രാപിക്കുന്നത് ശക്യമല്ല? ക്ലിപ്തമായ അവധി ഉണ്ടായിരിപ്പാൻ പാടില്ല. ഊഹിച്ചാൽ അങ്ങിനെയാൺ കാണുന്നത്. ഒരു ആവിയന്ത്രം ഏതാനും കൽക്കരികൊണ്ട് ഒരു മണിക്കൂറിൽ രണ്ടു മൈൽ ഓടുന്നു എങ്കിൽ അധികം കൽക്കരിയിടുക, അതിനേക്കാൾ വേഗത്തിൽ അതോടി യെത്തും. അതുപോലെ ആത്മാവും അതിന്റെ യത്‌നത്തെ തീവ്ര മാക്കിയാൽ ആ ലക്ഷ്യത്തെ ഈ ജീവിതത്തിൽ എന്തുകൊണ്ട് പ്രാപിക്കയില്ല? എല്ലാ ജീവികളും ഒടുവിൽ ആ പൂർണ്ണാവസ്ഥയെ പ്രാപിക്കുമെന്ന് നമുക്കറിയാമല്ലോ? പിന്നെ ഈ അനേകകോടി പുരുഷാന്തരങ്ങൾവരെ കാത്തിരിപ്പാൻ ആരു കരുതും? എന്തു കൊണ്ട് അതിനെ ഈ ശരീരത്തിൽ ഈ മനുഷ്യരൂപത്തിൽ ഇരുന്നുകൊണ്ടുതന്നെ ഉടനെ പ്രാപിച്ചുകൂടാ? എന്തുകൊണ്ടെ നിക്കു ആ അഖണ്ഡമായ ജ്ഞാനവും അഖണ്ഡമായ ശക്തിയും ഇപ്പോൾ തന്നെ ലഭിച്ചുകൂടാ? അതാണ് യോഗിയുടെ ലക്ഷ്യം. യോഗശാസ്ര്തം മുഴുവൻ ഈ ഒരു ലക്ഷ്യത്തെ നോക്കിയാണ് പുറപ്പെട്ടിരിക്കുന്നത്. അത് പഠിപ്പിക്കുന്നത്, മന്ദമായി കയറിച്ചെന്നു ഓരോരോ സ്ഥാനം കടന്നു മനുഷ്യവർഗ്ഗം മുഴുവൻ വെളിയിൽവന്നു പൂർണ്ണാവസ്ഥയെ പ്രാപിക്കുന്നതുവരെ കാത്തിരിക്കുന്നതിനു പകരം ശക്തിയെ അധികപ്പെടുത്തി സമയത്തെ എങ്ങിനെ ചുരുക്കാമെന്നും, സ്വരൂപീകരണശക്തിയെ എങ്ങനെ തീവ്രമാക്കിചെയ്യാമെന്നും, അതുകൊണ്ട് പൂർണ്ണതയെ പ്രാപിക്കുന്നതിനുള്ള കാലത്തെ എങ്ങനെ ചുരുക്കാമെന്നും ആകുന്നു. ലോകത്തിലെ മഹാത്മാക്ക ളായ ദീർഘദർശികളും, തപസ്വികളും, ഋഷിമാരും എല്ലാം എങ്ങനെയുള്ളവരാണ്? തങ്ങൾ ജീവിച്ച പരിമിതമായ ഒരു കാലം കൊണ്ടു അവർ മനുഷ്യസന്തതിയുടെ മുഴുവൻ ജീവിതകാല മത്രയും ജീവിച്ച ഫലം സ്വാനുഭവത്തിൽ വരുത്തിയിരുന്നു. സാധാരണ മനുഷ്യവർഗ്ഗത്തിനു പൂർണ്ണതയെ പ്രാപിപ്പാനുള്ള കാലത്തിന്റെ മുഴുവൻ ദൈർഘ്യത്തെയും ചുരുക്കിക്കളഞ്ഞു. ഈ ജീവിതത്തിൽത്തന്നെ അവർ അവരെ പൂർണ്ണന്മാർ (മുക്തന്മാർ) ആക്കിചെയ്യുന്നു. അവർക്കു മറ്റൊന്നിനെക്കുറിച്ചും ചിന്തയില്ല. ഒന്നിനെയും ആശിക്കുന്നില്ല. ഒരു ക്ഷണംപോലും വേറൊരുദ്ദേശ ത്തിനു വേണ്ടി അവർ ജീവിക്കുന്നില്ല. അതുകൊണ്ട് അവരുടെ വഴിയുടെ ദൂരം ചുരുങ്ങിപ്പോകുന്നു. പ്രവൃത്തിയെ അതായത് സ്വരൂപീകരണത്തെ തീവ്രമാക്കി അതുകൊണ്ട് സമയത്തെ ചുരുക്കുന്നതിനാണ് ഏകാഗ്രത എന്നു പറയുന്നത്. നമുക്ക് ഏകാഗ്രതാസിദ്ധിയെ സമ്പാദിപ്പാനുള്ള ഉപായത്തെ ഉപദേശിക്കുന്ന ശാസ്ര്തം രാജയോഗവുമാണ്. പരേതവിശ്വാസത്തോട് ഈ പ്രാണായാമത്തിനു എന്തു സംബന്ധമുണ്ട്? അതും പ്രാണായാമത്തിന്റെ ഒരു പരിണാമമത്രെ. 'പരേതന്മാരായ ആത്മാക്കൾ ഉണ്ട്; നമുക്കു അവരെ കാണാൻ കഴിയില്ലെന്ന് മാത്രമേ ഉള്ളൂ'എന്നുള്ളതു ശരിയാണെങ്കിൽ നമുക്കു കാണുകയോ, അറികയോ, തൊടുകയോ ചെയ്‌വാൻ പാടില്ലാത്ത വണ്ണം എത്രയോ കോടി ആത്മാക്കൾ ഇവിടെ ജീവിക്കുന്നുണ്ടെന്നു ള്ളത് നിശ്ചയമായും സംഭാവ്യമാണ്. നാം അവരുടെ ശരീര ങ്ങളിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും നിരന്തരമായി ഗതാഗതം ചെയ്യുന്നുണ്ടാവാം. നമ്മേ അവർ കാണുകയും, അറികയും ചെയ്യുന്നില്ലെന്നുള്ളതും സംഭാവ്യമായി വരാം. ഇത് ഒരു വൃത്തരേഖക്കുള്ളിൽ ഒരു വൃത്തരേഖ, അതായതു പ്രപഞ്ചത്തി നുള്ളിൽ പ്രപഞ്ചം ആയിരിക്കുന്നു. ഒരേ നിലയിൽ ഉള്ളവർ മാത്രം അങ്ങോട്ടുമിങ്ങോട്ടും കാണുന്നു. നമുക്കഞ്ചിന്ദ്രിയങ്ങൾ ഉണ്ട്. നാം പ്രാണന്റെ ഒരു പ്രത്യേക വിസ്ഫുരണാവസ്ഥയുടെ സന്തതിക ളാണ്. ഒരേ വിസ്ഫുരണാവസ്ഥയിലുള്ള ആത്മാക്കൾ എല്ലാം അന്യോന്യം കാണും. എന്നാൽ പ്രാണന്റെ അതിനേക്കാൾ ഉയർന്ന തരം വിസ്ഫുരണാവസ്ഥയുടെ സന്തതികളായി ആത്മാക്കൾ ഉണ്ടെങ്കിൽ അവർ ദൃഷ്ടിക്കു വിഷയമാകുന്നില്ല. പ്രകാശത്തിന്റെ തീവ്രതയെ നമുക്കു തീരേപ്രകാശം കാണാതാകത്തക്ക സ്ഥിതി വരെ വർദ്ധിപ്പിക്കാൻ കഴിയും. എന്നാൽ അങ്ങിനെയുള്ള പ്രകാശത്തെ കാണുന്നതിൻ വേണ്ടത്ര ശക്തിമത്തായ കണ്ണുകളുള്ള ജീവികളും ഉണ്ടാവാം. തീരേ വിസ്ഫുരണങ്ങൾ മന്ദമായിരിക്കു മ്പോഴും നാം പ്രകാശത്തെ കാണുന്നില്ല. എന്നാൽ പൂച്ച, മൂങ്ങ മുതലായ ജന്തുക്കൾ അതു കാണുന്നു. ഈ പ്രാണവിസ്ഫുരണ ത്തിന്റെ ഒരു പ്രത്യേകാവസ്ഥ മാത്രമേ നമ്മുടെ ദൃഷ്ടിക്കു വിഷയ മാകുന്നുള്ളൂ. ഈ വായുമണ്ഡലത്തെത്തന്നെ ദൃഷ്ടാന്തമായെ ടുക്കുക. ഇത് ഒന്നിനൊന്നു മേൽമേൽ അടുക്കടുക്കായി സ്വരൂപിക്ക പ്പെട്ടിരിക്കുന്നു. എന്നാൽ ഭൂമിയോട് ഏറ്റവും ഏറ്റവും അടുത്തുള്ള അടുക്കു അതിനു മുകളിലുള്ളതിനെ അപേക്ഷിച്ചു അധികം ഞെരുക്കമുള്ളതായിരിക്കുന്നു. മേല്‌പോട്ടു മേല്‌പോട്ടു പോകു ന്തോറും വായു അധികമധികം സൂക്ഷമായിത്തീരുകയും ചെയ്യുന്നു. അല്ലെങ്കിൽ സമുദ്രത്തെ ദൃഷ്ടാന്തമായെടുക്കുക. അടിയിലടിയിൽ പോകുന്തോറും വെള്ളത്തിന്റെ ഞെരുക്കം വർദ്ധിക്കുന്നു. ത്സമുദ്ര ത്തിന്റെ അടിയിൽ ജീവിക്കുന്ന ജന്തുക്കൾക്കു് ഒരിക്കലും മുകളിൽ വരാൻ കഴിയുന്നില്ല. വരികയാണെങ്കിൽ അവ ശകലങ്ങളായി നുറുങ്ങിപ്പോകും. മുഴുവൻ ബ്രഹ്മാണ്ഡവും, പ്രാണന്റെ വ്യാപാരത്താൽ വിസ്ഫുരിച്ചുകൊണ്ടിരിക്കുന്ന ആകാശമയമായ സമുദ്രമാണെന്നും, അത് വിവിധ മാത്രയിലുള്ള വിസ്ഫുരണങ്ങളോട് കൂടിയ അടുക്കുകളാൽ ഒന്നിനുശേഷം ഒന്നായി ഘടിപ്പിക്കപ്പെട്ടിരിക്ക യാണെന്നും വിചാരിക്കുക. അധികം പുറത്തുള്ള അടുക്കുകളിൽ വിസ്ഫുരണം അധികം കുറഞ്ഞിരിക്കും. മദ്ധ്യത്തോട് അധിക മധികം അടുക്കുന്തോറും വിസ്ഫുരണം അധികമധികം വേഗവത്താ യുമിരിക്കും. വിസ്ഫുരണത്തിന്റെ ഓരോ അവസ്ഥയെ ഓരോ ഭൂമി ആയി വിചാരിക്കാം. എല്ലാം കൂടി ഒരു വൃത്തരേഖ യാണെന്നും അതിന്റെ മദ്ധ്യം പൂർണ്ണതയാണെന്നും വിചാരിക്കുക. മദ്ധ്യത്തിൽ നിന്ന് എത്രയോ അകന്നുപോകുന്നുവോ വിസ്ഫുരണ ങ്ങൾ അത്ര മന്ദമായിത്തീരുന്നു. ഭൂതങ്ങൾ എല്ലാറ്റിനും പുറമെയുള്ള തൊണ്ടാണ്. അതിനുള്ളിലാണ് മനസ്സ്; ശരിയായ മദ്ധ്യം ആത്മാവുമാകുന്നു. ഇനി നമ്മുടെ ദർശനത്തിന്റെ വ്യാപ്തിസീമകൾ ഓരോ ഭൂമികളായി വേർതിരിക്കപ്പെട്ടിരിക്കുന്നു എന്നും വിചാരിക്കുക. എത്രയോ കോടി മൈൽ പര്യന്തം ഒരുതരം വിസ്ഫുരണം വ്യാപിച്ചിരിക്കുന്നു. എത്രയോ കോടി മൈൽ പര്യന്തം അതിനേക്കാൾ ഉയർന്നന്തരം വിസ്ഫുരണമായിരിക്കും; ഇങ്ങനെ മേല്‌പോട്ടു പോകുന്നു. അപ്പോൾ ഒരുതരം വിസ്ഫുരണ ത്തിന്റെ ഭൂമിയിൽ ജീവിക്കുന്നവർക്കു തങ്ങളിൽ കണ്ടറിയുന്ന തിനുള്ള ശക്തിയുണ്ടാകുമെന്നും, എന്നാൽ ആ ഭൂമിക്കു മുകളിലോ താഴേയോ ഉള്ളവരെ അവർ കണ്ടറികയില്ലെന്നും ഉള്ളത് പൂർത്തിയായും സമ്മതിക്കത്തക്കതാകുന്നു. എന്നാലും ദൂരദർശിനി യും, ഭൂതക്കണ്ണാടിയുംകൊണ്ട് നമ്മുടെ ദർശനവ്യാപ്തിയെ നമുക്കു വർദ്ധിപ്പിക്കയും, അധികം ഉയർന്നതോ താണതോ ആയ വിസ്ഫുരണങ്ങളെ വിഷയീകരിക്കയും ചെയ്യാവുന്നതുപോലെ ഓരോ മനുഷ്യനും അടുത്തഭൂമിയിലുള്ള വിസ്ഫുരണത്തിന്റെ സ്ഥിതിയേ സ്വയമേവ പ്രാപിക്കയും അതുകൊണ്ടു അവിടെ നടക്കുന്ന വസ്തുതകളെ കണ്ടറികയും ചെയ്‌വാൻ കഴിയുന്നതാ കുന്നു. ഈ മുറി മുഴുവൻ കാണാൻ കഴിയാത്ത ജീവികളെ ക്കൊണ്ടു നിറഞ്ഞിരിക്കയാണെന്നു വച്ചുകൊള്ളുക. അവർ പ്രാണന്റെ ഒരുതരം വിസ്ഫുരണങ്ങളെയും നാം മറ്റൊരുതരം വിസ്ഫുരണങ്ങളെയും വഹിക്കുന്നു. അവർ ശീഘ്രമായും, നാം മന്ദമായുമുള്ള വിസ്ഫുരണങ്ങളെ വഹിക്കുന്നു എന്നിരിക്കട്ടെ. പ്രാണനാകുന്ന ഉപാദാനവസ്തുവിനാലാണ് അവർ നിർമ്മിക്കപ്പെട്ടി രിക്കുന്നത്. അതുകൊണ്ടുതന്നെയാണ് നാമും നിർമ്മിക്കപ്പെട്ടിരി ക്കുന്നത്. എല്ലാം പ്രാണസമുദ്രത്തിന്റെ ഓരോ ഭാഗങ്ങളാകുന്നു. വിസ്ഫുരണത്തിന്റെ മാത്രകളിലുള്ള ഭേദമേയുള്ളൂ. എനിക്കു തന്നത്താൻ ശീഘ്രതരമായ വിസ്ഫുരണാവസ്ഥയെ പ്രാപിപ്പാൻ കഴിയുമെങ്കിൽ ഉടനേ എനിക്കു ഈ ഭൂമി മാറിപ്പോകും. ഞാൻ പിന്നെ ഒരിക്കലും നിങ്ങളെ കാണുകയില്ല. നിങ്ങൾ മറഞ്ഞു പോകുന്നു. ആ ഭൂമിയിലുള്ളവർ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇത് ശരിയാണെന്നു പക്ഷേ നിങ്ങളിൽ ചിലർക്കു അറിയാ മായിരിക്കും. മനസ്സിനെ ഒരു ഉയർന്ന തരം വിസ്ഫുരണാവസ്ഥ യിൽ നയിക്കുന്ന ഈ എല്ലാം കൂടി യോഗശാസ്ര്തത്തിൽ 'സമാധി' എന്ന ഒറ്റവാക്കിൽ അന്തർഭവിക്കുന്നു. ഉയർന്നതരമായ ഈ എല്ലാ വിസ്ഫുരണങ്ങളും, അതായത് മനസ്സിന്റെ ബോധാതീതദശ യിലുള്ള ഏല്ലാ വിസ്ഫുരണങ്ങളും കൂടി സമാധി എന്ന ആ ഒരു വാക്കിൽ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു. താഴ്ന്നതരം സമാധി നമുക്കു മേൽപറഞ്ഞ തരം ആത്മാക്കളുടെ ദർശനനത്തെ നൽകുകയും ചെയ്യുന്നു. എപ്പോൾ നാം സാക്ഷാൽ പരമാർത്ഥവസ്തുവിനെ കാണുന്നുവോ അപ്പോളാണ് ഏറ്റവും ഉയർന്നതായ സമാധി. ആ മൃൽപിപണ്ഡത്തെ അറിഞ്ഞാൽ ബ്രഹ്മാണ്ഡത്തിലുള്ള എല്ലാ മൃത്തികളെയും നാം അറിഞ്ഞു ഇപ്രകാരം ഈ പ്രാണായാമത്തിൽ പരേതവിശ്വാസത്തിലെയും വാസ്തവമായുള്ള ഭാഗം എല്ലാം അടങ്ങുന്നു എന്നു നാം കാണുന്നു. ഇതുപോലെത്തന്നെ ജനങ്ങളുടെ ഒരു സമുദായമോ, സംഘമോ ഗൂ™മായോ, രഹസ്യമായോ മറയ്ക്കപ്പെട്ടതായോ ഉള്ള ഏതിനേ എങ്കിലും ആരാഞ്ഞറിവാൻ ശ്രമിക്കയാണെങ്കിൽ നിശ്ചയമായും അതു ഈ യോഗമാണ്. പ്രാണനെ നിയമനം ചെയ്‌വാനുള്ള ഈ ഉദ്യമമാണ്. എവിടെ എങ്കിലും ശക്തിയുടെ അസാധാരണമായ വിലാസം കണ്ടാൽ അത് ഈ പ്രാണന്റെ ആവിർഭാവമാണെന്നു നിങ്ങൾക്കു കാണാവുന്നതാണ്. ഭൗതികവിജ്ഞാനങ്ങളെപ്പോലും പ്രാണായാമത്തിൽ അന്തർഭവിപ്പിക്കാം. ആവിയന്ത്രത്തെ ചലിപ്പിക്കു ന്നതെന്താണ്? ആവിയിൽക്കൂടി വ്യാപരിക്കുന്ന പ്രാണനത്രേ. വിദ്യുച്ഛക്തി ആദിയായ ഭാവങ്ങൾ എല്ലാം പ്രാണനല്ലാതെ മറ്റെന്താണ്? ഭൗതികവിജ്ഞാനശാസ്ര്തം തന്നെ എന്താണ്? ബാഹ്യോപായങ്ങളെക്കൊണ്ടുള്ള പ്രാണായാമം തന്നെ. മാനസ ശക്തിയായി പരിണമിച്ചിരിക്കുന്ന പ്രാണനെ മാനസികമായ ഉപായങ്ങൾ കൊണ്ടു മാത്രമേ നിയന്ത്രിക്കാൻ കഴിയൂ. പ്രാണന്റെ ഭൗതികമായ പരിണാമങ്ങളെ ഭൗതികമായ ഉപായങ്ങളെക്കൊണ്ട് നിയമനം ചെയ്‌വാൻ ശ്രമിക്കുന്ന പ്രാണായാമത്തിന്റെ ആ ഭാഗത്തിനു ഭൗതികവിജ്ഞാനമെന്നും, പ്രാണന്റെ മാനസശക്തി കളായ പരിണാമങ്ങളെ മാനസികമായ ഉപായങ്ങളെക്കൊണ്ടു നിയമനം ചെയ്‌വാൻ ശ്രമിക്കുന്ന ഭാഗത്തിനു രാജയോഗമെന്നും പറയുന്നു.



കുറിപ്പുകൾ

[തിരുത്തുക]