രാജയോഗം (കുമാരനാശാൻ)/പൂർവ്വഭാഗം/പ്രാണനിയമനം
←ചേതനാരൂപമായ പ്രാണൻ | രാജയോഗം രചന: പൂർവ്വഭാഗം : പ്രാണനിയമനം |
പ്രത്യാഹാരവും, ധാരണയും→ |
പ്രാണനിയമനം
[തിരുത്തുക]ഇനി നമുക്ക് പ്രാണായാമത്തിലുള്ള അഭ്യാസങ്ങളെപ്പറ്റി ചിന്തി ക്കേണ്ടിയിരിക്കുന്നു. യോഗികളുടെ അഭിപ്രായപ്രകാരം ആദ്യത്തെ പടി ശ്വാസകോശചലനത്തെ നിയമനം ചെയ്കയാണെന്നുള്ളത് നാം കണ്ടുവല്ലോ. ശരീരത്തിനുള്ളിൽ നടന്നുകൊണ്ടിരിക്കുന്ന സൂക്ഷ്മചലനങ്ങളുടെ അറിവാണ് നമുക്കു ഈ വിഷയത്തിൽ സമ്പാദിക്കേണ്ടതായിരിക്കുന്നത്. നമ്മുടെ മനസ്സു ബഹിർമ്മുഖമായി പ്പോകയും അതുകൊണ്ട് ഉള്ളിലത്തെ സൂക്ഷ്മവ്യാപാരങ്ങളുടെ ജ്ഞാനം മറഞ്ഞുപോകയും ചെയ്തു. നമുക്ക് അവയെ അറിയു വാൻ സാധിച്ചാൽ നിയമനം ചെയ്യുവാനും സാധിക്കും. സിരാചലന ങ്ങൾ ശരീരം മുഴുവൻ വ്യാപിച്ചുകൊണ്ടു സഞ്ചരിക്കുകയും ഓരോ മാംസപേശിയിലും ജീവചൈതന്യം നൽകുകയും ചെയ്യുന്നു. എന്നാൽ നാം അവയെ അറിയുന്നില്ല. അവയെ അറിവാൻ നമുത്ത് ശീലിക്കാമെന്നു യോഗി പറയുന്നു. എങ്ങനെ? ശ്വാസകോശചലന ത്തിൽനിന്ന് തുടങ്ങി പ്രാണന്റെ ഈ ചലനങ്ങളെ എല്ലാം ക്രമേണ നിമയനം ചെയ്തു പഴകുന്നതുകൊണ്ട്. അങ്ങനെ നാം വേണ്ടിടത്തോളംകാലം ചെയ്തുകഴിഞ്ഞാൽ ആ സൂക്ഷ്മചലനങ്ങ ളെയും നിയമനം ചെയ്യുന്നതിനു നാം ശക്തരായിത്തീരുന്നതാണ്. ഇനി പ്രാണായാമത്തിന്റെ അഭ്യാസക്രമങ്ങളെപ്പറ്റി പറയാം. നിവർന്നിരിക്കുക. ശരീരം ഋജുവാക്കി വച്ചുകൊള്ളുക. തണ്ടെല്ലിലെ സിരാപാശം അതിന്റെ ഘടകാസ്ഥിപംക്തികളുടെ ഉള്ളിൽ ഇരിക്കു കയാണെങ്കിലും അതിനോടു ചേർന്നിരിക്കുകയല്ല. നിങ്ങൾ കുനിഞ്ഞിരുന്നാൽ ആ സിരാപാശത്തിനുപദ്രവം തട്ടും, അതു കൊണ്ടു അതിനെ നിർബാധമായി വച്ചുകൊള്ളുക, കുനിഞ്ഞിരുന്നു ധ്യാനിപ്പാൻ ശ്രമിക്കുമ്പോളൊക്കെ നിങ്ങൾ നിങ്ങളെത്തന്നെ ഉപദ്രവിക്കുകയാകുന്നു. ശരീരത്തിൽ ഹൃദയം, കണ്ഠം, ശിരസ്സ് ഈ മൂന്നു ഭാഗങ്ങളെയും എപ്പോഴും ഒരേ നിരപ്പിൽ ഋജുവാക്കി വച്ചുകൊള്ളണം. അല്പം പരിചയിച്ചാൽ ഇതു നിങ്ങൾക്കു ശ്വാസോച്ഛ്വാസം ചെയ്യുന്നപോലെ സ്വാധീനമായി വരുന്നതാണ്. രണ്ടാമത്തെ സംഗതി സിരകളെ സ്വാധീനമാക്കുകയാകുന്നു. ശ്വാസകോശാവയവങ്ങളെ നിയമനം ചെയ്യുന്ന സിരാസ്ഥാനങ്ങ ൾക്കു മറ്റുള്ള സിരകളുടെ മേലും ഒരുവിധം നിയമകശക്തിയു ണ്ടെന്നു നാം കണ്ടുവല്ലോ. അതുകൊണ്ടു ശ്വാസോച്ഛാസങ്ങളുടെ സമീകരണം ആവശ്യമായിരിക്കുന്നു. നാം സാധാരണ ചെയ്തു വരുന്ന ശ്വാസോച്ഛ്വാസത്തെ ശ്വാസോച്ഛ്വാസമെന്നു പറവാൻ തന്നെ പാടില്ലാത്തതാണ്. അതു തീരെ വ്യവസ്ഥയില്ലാത്തതാണ്. കൂടാതെ സ്ര്തീകളുടെയും പുരിഷന്മാരെയുടെയും ശ്വാസോച്ഛ്വാസങ്ങൾക്കു തമ്മിൽ സ്വാഭാവികമായി ചില വ്യത്യാസങ്ങളുമുണ്ട്. ആദ്യത്തെ പാഠം മാത്രകൾ അനുസരിച്ച് ഒരു രീതിയിൽ ശ്വസിക്കുകയും ഉച്ഛ്വസിക്കുകയും ചെയ്യുകയാകുന്നു. അതു ശരീരബന്ധത്തെ മുഴുവൻ അനുലോമിപ്പിക്കുന്നതാണ്. അതിനെ സ്വല്പകാലം പരിശീലിച്ചശേഷം അതോടുചേർത്തു ഒരു ശബ്ദത്തെ ഉരുവിട്ടു കൊണ്ടാൽ നന്ന്. ഓം എന്നോ വേറെ ഏതെങ്കിലും മന്ത്രമോ ആയാൽമതി. ആ ശബ്ദം ശ്വാസത്തോടുകൂടി ഉള്ളിലേക്കും വെളിയിലേയ്ക്കും സമമായും അനുലോമമായും പ്രവഹിക്കട്ടെ. അപ്പോൾ ശരീരം മുഴുവൻ ഒരു സമസ്ഥിതിയെ പ്രാപിക്കുന്നതായി നിങ്ങൾ കാണും. വിശ്രമം എന്നാൽ എന്താണെന്നു അപ്പോൾ നിങ്ങൾക്കു മനസ്സിലാകും. അതോടു താരതമ്യപ്പെടുത്തിയാൽ ഉറക്കം വിശ്രമമല്ല. ഈ വിശ്രമത്തെ ഒരിക്കൽ അനുഭവിച്ചാൽ ഏറ്റവും പരിശ്രാന്തമായ സിരകൾക്കുപോലും ആശ്വാസമുണ്ടാ കയും അതിന്നുമുമ്പൊരിക്കലും നിങ്ങൾ വാസ്തവത്തിൽ വിശ്രമി ച്ചിട്ടില്ലെന്നു തോന്നുകയും ചെയ്യും. ഒന്ന്, രണ്ട്, മൂന്ന്, നാല് എന്ന ശബ്ദത്തിനുപകരം ഇന്ത്യയിൽ ഞങ്ങൾ ചില അർത്ഥവത്തുക്കളായ ശബ്ദങ്ങളെ ഉപയോഗിക്കുന്നു. അതുകൊണ്ടാണ് പ്രാണായാമ ത്തോടു ചേർത്തു ഓം എന്നോ മറ്റോ ഉള്ള മന്ത്രാക്ഷരങ്ങളെ ഉരുവിട്ടുകൊള്ളുവാൻ ഞാൻ നിങ്ങളോടുപദേശിക്കുന്നത്. ഈ അഭ്യാസത്തിന്റെ ആദ്യത്തെ ഫലം മുഖത്തു മാറ്റമുണ്ടാക്കുക എന്നുള്ളതാണ്. പരുഷമായ ചുളികൾ മാഞ്ഞു പോകും. ഈ ശാന്തമായ വികാരത്തോടുകൂടി മുഖത്തിൽ ശാന്തത പ്രത്യക്ഷമാകും. പിന്നെ സ്വരം മധുരമായിത്തീരും. പരുഷസ്വരമുള്ള ഒരു യോഗിയെ ഞാൻ ഒരിക്കലും കിട്ടില്ല. ഏതാനും മാസങ്ങളിലെ അഭ്യാസം കൊണ്ടു ഈ ലക്ഷണങ്ങൾ ഉണ്ടാകും. ആ ആദ്യത്തെ ശ്വാസാഭ്യാസം ഏതാനും ദിവസങ്ങൾ അഭ്യാസിച്ച ശേഷം ഇതിനേ ക്കാൾ ഉൽകൃഷ്ടതരമായ ഒന്നിനെ ആരംഭിക്കണം. ശ്വാസത്തെ കൊണ്ട് ഇഡയിൽ അതായത് ഇടത്തെ മൂക്കിന്റെ ദ്വാരത്തിൽക്കൂടി ശ്വാസകോശത്തെ മന്ദമായി പൂരിപ്പിക്കുയും, അതോടൊന്നിച്ചു തന്നെ മനസ്സിനെ സിരാചലനധാരയിന്മേൽ ഏകാഗ്രപ്പെടുത്തുകയും ചെയ്യണം. നിങ്ങൾ അപ്പോൾ സിരാചലനധാരയെ തണ്ടെല്ലിന്റെ അടിയിലേക്കു നയിക്കുകയും കുണ്ഡലിനിയുടെ ഇരിപ്പിടവും ആകൃതിയിൽ ത്രികോണവുമായ മൂലധാരപത്മത്തെ താഡി ക്കുകയും ചെയ്യുമാറാകുന്നു. എന്നിട്ടും ആ ചലനധാരയെ കുറെ നേരത്തേക്കു അവിടത്തന്നെ നിർത്തിക്കൊള്ളണം. പിന്നെ മറ്റെ വശത്തുകൂടെ ആ ചലനധാരയെ ആകർഷിക്കുന്നു എന്നു സങ്കല്പി ക്കയും എന്നിട്ടു അതിനെ വലത്തേമൂക്കിന്റെ ദ്വാരത്തിൽകൂടി പുറത്തേക്കു കളയുകയും ചെയ്യുവിൻ. ഇതിനെ ശീലിപ്പാൻ സ്വല്പം പ്രയാസമുള്ളതായി തോന്നാം. ഏറ്റവും എളുപ്പമായ സംവിധാനം ഇതാണ്. വലത്തേ മൂക്കിന്റെ ദ്വാരത്തെ പെരുവിരൽ കൊണ്ടടച്ചിട്ട് ഇടത്തെ ദ്വാരത്തിൽക്കൂടി ശ്വാസത്തെ വലിക്കുക. എന്നിട്ടു രണ്ടു ദ്വാരവും പെരുവിരലും ചൂണ്ടുവിരലും കൊടച്ചിട്ട് ആ ചലനധാരയെ താഴേത്തേക്കു നയിക്കുകയും സുഷുമ്‌നയുടെ അറ്റത്തെ താഡിക്കു കയാണെന്നു സങ്കല്പിക്കുകയും ചെയ്യുക. പിന്നെ തള്ളവിരൽ എടുത്തിട്ടു വലത്തെ ദ്വാരത്തിൽക്കൂടി ശ്വാസത്തെ പുറത്തേക്കു വിട്ടുകളയുക, ഉടനേ മറ്റേ ദ്വാരത്തെ വിരൽകൊണ്ട് അടച്ച് ആ ദ്വാരത്തിൽകൂടി ശ്വാസത്തെ മന്ദമായി അകത്തേക്കു വലിച്ചു മുമ്പിലത്തേപ്പോലെ രണ്ടു ദ്വാരങ്ങളും അടയ്ക്കണം. ഹിന്ദുക്കൾ ഇതിനെ അഭ്യാസിക്കുന്ന ക്രമം ഈ രാജ്യത്തിൽ (അമേരിക്കയിൽ) വളരെ കഷ്ടമായിത്തോന്നും. എന്തുകൊണ്ടെന്നാൽ അവർ ഇതിനെ തങ്ങളുടെ ശൈശവം മുതൽ പരിചയിക്കുന്നു. അവരുടെ ശ്വാസ കോശം ഇതിനു സന്നദ്ധമായിരിക്കുന്നു. ഇവിടെ നാലുമാത്രകൾ (സെക്കണ്ടുകൾ) കൊണ്ടു തുടങ്ങി ക്രമേണ വർദ്ധിപ്പിക്കുന്നത് ഉത്തമമായിരിക്കും. നാലുമാത്രകൾ കൊണ്ടു ശ്വാസത്തെ വലിക്കു കയും പതിനാലുമാത്രകൾ ഉള്ളിൽനിർത്തുകയും എന്നിട്ടു എട്ടു മാത്രകൾകൊണ്ടു പുറത്തേക്കു വിടുകയും ചെയ്യുവിൻ. ഇതു ഒരു പ്രാണയാമമായി. അതോടുകൂടിത്തന്നെ ആ ത്രികോണസ്ഥാനത്തെ വിചാരിക്കുകയും, ആ സ്ഥാനത്തിൽ മനസ്സിലെ ഏകാഗ്രീകരി ക്കയും ചെയ്യുവിൻ. ഈ സങ്കല്പം വളരെ ഉപയുക്തമായിരിക്കു ന്നതാണ്. അടുത്ത ശ്വാസാഭ്യാസം, മന്ദമായി ശ്വാസത്തെ ഉള്ളി ലേക്കു വലിച്ചു, ഉടനേ തന്നെ മന്ദമായി പുറത്തേക്കുവിട്ട് ശ്വാസ ത്തെ വെളിയിൽ തടഞ്ഞുനിർത്തിക്കൊള്ളുകയാകുന്നു. മാത്രകൾ എല്ലാം മുമ്പിലത്തേതുതന്നെ, ഒരു വ്യത്യാസമേയുള്ളൂ. എന്തെ ന്നാൽ മുമ്പിലത്തേ സമ്പ്രദായത്തിൽ ശ്വാസത്തെ ഉള്ളിൽ തടഞ്ഞു നിർത്തിയിരുന്നു. ഇപ്പോഴത്തേതിൽ വെളിയിൽ തടഞ്ഞു നിർത്തു ന്നു. ഒടുവിൽ പറഞ്ഞതാണ് ഏറ്റവും എളുപ്പമുള്ളതായിട്ടുള്ളത്. ശ്വാസകോശത്തിന്റെ ശ്വാസനത്തെ തടഞ്ഞുനിർത്തുന്ന പ്രാണാ യാമം ക്രമത്തിലധികമായി ശീലിപ്പാൻ പാടില്ല. അതിനെ കാലത്ത് നാലാവർത്തിയും വൈകുന്നേരം നാലാവർത്തിയും മാത്രം ശീലിക്കുക. എന്നിട്ടു, ക്രമേണ മാത്രയേയും ആവർത്തിയേയും വർദ്ധിപ്പിക്കാം. അപ്പോൾ നിങ്ങൾക്ക് അങ്ങനെ ചെയ്യുവാൻ ശക്തിയുണ്ടെന്നും, നിങ്ങൾക്കതിൽ സന്തോഷമുണ്ടെന്നും നിങ്ങൾ കാണുന്നതായിരിക്കും. അതുകൊണ്ടു വളരെ സാവധാനമായും സൂഷ്മമായും സൂക്ഷിച്ചിട്ടു, നിങ്ങൾക്കു ശക്തിയുണ്ടെന്നു കാണു മ്പോൾ നാലിനുപകരം ആറുമാത്രയായി വർദ്ധിപ്പിച്ചുകൊള്ളാം. ക്രമം തെറ്റി അഭ്യസിച്ചാൽ അതു ഉപദ്രവത്തെ ഉണ്ടാക്കി എന്നും വന്നേക്കാം. നാഡിശോധനം, അന്തഃ കുംഭകം (ശ്വാസത്തെ ഉള്ളിൽ തടുത്തുവയ്ക്കുക) ബാഹ്യകുംഭകം (ശ്വാസത്തെ പുറത്തു തടുത്തു നിർത്തുക) ഈ മൂന്നു അഭ്യാസങ്ങളിൽ ആദ്യത്തേതും ഒടുവില ത്തേതും പ്രയാസമുള്ളതോ ആപൽക്കരമോ ആയിരിക്കുന്നില്ല. ആദ്യത്തേതു നിങ്ങൾ എത്രയധികം അഭ്യസിക്കുന്നുവോ അത്രയ ധികം നിങ്ങൾക്ക് ശാന്തതയുണ്ടാകും. ഓം എന്നു ധ്യാനിച്ചു കൊണ്ടു പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുമ്പോൾകൂടി നിങ്ങൾക്ക് അതിനെ ശീലിക്കാം. അതുകൊണ്ടു ഗുണമുള്ളതായി നിങ്ങൾ കാണും. തീവ്രമായി അഭ്യസിക്കുകയാണെങ്കിൽ ഒരു ദിവസം കുണ്ഡലിനിയുടെ ഉത്‌ബോധമുണ്ടാകും. ദിവസം ഒരിക്കലോ രണ്ടുപ്രാവശ്യമോ അഭ്യസിച്ചുകൊണ്ടിരിക്കുന്നവർക്ക് ശരീരത്തിനും മനസ്സിനും സ്വല്പമായ സ്വാസ്ഥ്യവും ശാന്തതയും സ്വരമാധുര്യ വുമുണ്ടാകും. അതിനേക്കാൾ അധികം അഭ്യസിക്കുന്നവർക്കു മാത്രമേ കുണ്ഡലിനിയുടെ ഉൽബോധനമുണ്ടാവു. അപ്പോൾ മുഴുവൻ ലോകത്തിലും മാറ്റം സംഭവിക്കയും സകല തത്വങ്ങളും വെളിപ്പെടുകയും ചെയ്യും. അതിനുശേഷം ജ്ഞാനസമ്പാദനത്തി നായി നിങ്ങൾ പുസ്തകമന്വേഷിച്ചു പോകേണ്ട ആവശ്യകതയില്ല. അപരിമേയജ്ഞാനത്തിന്നിരിപ്പടമായ നിങ്ങളുടെ സ്വന്തം മനസ്സുതന്നെ നിങ്ങളുടെ പുസ്തകമായിത്തീരും. തണ്ടെല്ലിന്റെ ഇരുപാശങ്ങളിലായി പ്രവഹിക്കുന്ന ഇഡ, പിംഗല ഈ ചലന ധാരകളെയും, സിരാപാശത്തിന്റെ മധ്യത്തിലൂടെയുള്ള പ്രണാളിക യായ സുഷുമ്‌നയെയും പറ്റി ഇതിനു മുമ്പുതന്നെ പറഞ്ഞിട്ടുല്ലോ. ഇതു മൂന്നും എല്ലാ ജന്തുക്കൾക്കുമുണ്ട്. തണ്ടെല്ല് ഏതിനെല്ലാ മുണ്ടോ അതിന്നൊക്കെയും ക്രിയാർത്ഥമായുള്ള ഈ മൂന്നു പാന്ഥാക്കളുമുണ്ട്. സാധാരണ മനുഷ്യർക്കു സുഷുമ്‌ന അടഞ്ഞി രിക്കുകയാണെന്നും അതിന്റെ വ്യാപാരം പ്രത്യക്ഷമല്ലെന്നും എന്നാൽ മറ്റേ രണ്ടിലും ശക്തികളെ ശരീരത്തിന്റെ ഓരോ ഭാഗ ങ്ങളിലും വ്യാപിപ്പിക്കുന്നതായ ക്രിയ നടന്നുകൊണ്ടിരിക്കുന്നതു പ്രത്യക്ഷമാണെന്നും യോഗി പറയുന്നു. യോഗിക്കുമാത്രമേ സുഷുമ്‌ന തുറന്നിരിക്കുന്നുള്ളു. സുഷുമ്‌നാ മാർഗ്ഗം തുറക്കുകയും വിചാരം അതുവഴി ഉന്നമിക്കയും ചെയ്യു മ്പോൾ നാം ഇന്ദ്രിയങ്ങളെ അതിക്രമിക്കയും, നമ്മുടെ മനസ്സു ഇന്ദ്രിയാതീതമായും, ബോധാതീതമായും തീരുകയും നാം ബുദ്ധിയെയും ഊഹം എത്താത്ത ദിക്കിനേയുംകൂടി അതിക്രമിച്ചു ചെല്ലുകയും ചെയ്യുന്നു. ആ സുഷുമ്‌നയെ തുറക്കുക എന്നതാണ് യോഗിയുടെ മുഖ്യോദ്ദേശ്യം. യോഗിയുടെ മതപ്രകാരം ഈ സുഷുമ്‌നാമാർഗ്ഗത്തിലാണ് ശക്തിവിഭാഗസ്ഥാനങ്ങൾ അല്ലെങ്കിൽ കുറേക്കൂടി രൂപകഭാഷയിൽ പറഞ്ഞാൽ ആധാരപത്മങ്ങൾ പ്രതിഷ്ഠി ക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും അടിയിലത്തേത് തണ്ടെല്ലിലെ സിരാ പാശത്തിന്റെ താഴത്തെ അറ്റത്താണ്. അതിനു മൂലാധാരം എന്നു പറയുന്നു. അടുത്തതിന് സ്വാധിഷ്ഠാനം എന്നു പറയുന്നു. അതിന്നടുത്തതു മണിപൂരവും അതിന്നടുത്തതു അനാഹതവും അതിന്നടുത്തത് വിശുദ്ധിയും അതിന്നടുത്തത് ആജ്ഞയും ഒടുവിലത്തേതു തലച്ചോറിലുള്ള സഹസ്രാരം അല്ലെങ്കിൽ ആയിരം ഇതളുള്ള പത്മവുമാകുന്നു. ഇവയിൽ നമുക്ക് ഇപ്പോൾ അറിയേ ണ്ടത് അടിയിലുള്ള മൂലാധരവും മുകളിലത്തേ സഹസ്രാരവു മാകുന്നു ഈ രണ്ടു സ്ഥാനങ്ങളെ മാത്രമാണ്. അടിയിലത്തേ സ്ഥാനത്തിലാണ് എല്ലാ ശക്തികളും സംഭരിക്കപ്പെട്ടിരിക്കുന്നത്. ആ ശക്തികളെ അവിടെനിന്നും ഉദ്ധരിച്ചു ഒടുവിലത്തെ ആധാരമായ തലച്ചോറിലേക്കു കൊണ്ടുവരേണ്ടതാണ്. മനുഷ്യശരീരത്തിൽ അടങ്ങിയ എല്ലാ ശക്തികളിലുംവച്ചു ഏറ്റവും ഉൽകൃഷ്ടമായ ഓജസ് എന്ന ഒന്നാണെന്നു യോഗിപറയുന്നു. ഓജസ് തലച്ചോറി ലാണ് സംഭരിക്കപ്പെട്ടിരിക്കുന്നത്. ഒരു മനുഷ്യന്റെ തലയിൽ എത്രയധികം ഓജസ്സുണ്ടോ അവൻ അത്രയധികം ശക്തിയും അത്രയധികം ബുദ്ധിയും അത്രയധികം മതവിഷയത്തിൽ ദാർ™്യവും ഉള്ളവനായിരിക്കുന്നു. അതാണ് ഓജസ്സിന്റെ പ്രവൃത്തി. ഒരുത്തൻ രമണീയമായ ഭാഷയിലും രമണീയമായ അർത്ഥങ്ങ ളോടുംകൂടി പ്രസംഗിക്കാം. എന്നാൽ അതു ജനങ്ങളിൽ പ്രതിഫലി ക്കുന്നില്ല. മറ്റൊരുത്തൻ രമണീയമായ ഭാഷയിലാകട്ടെ രമണീയ മായ അർത്ഥത്തിലാകട്ടെ അല്ല പ്രസംഗം ചെയ്യുന്നത് എങ്കിലും അവന്റെ വാക്കുകൾ ജനങ്ങളെ ആകർഷിക്കുന്നു. അതു വെളിയി ലേക്കു പുറപ്പെടുന്ന ഓജസ്സിന്റെ ശക്തിയാണ്. അങ്ങനെയുള്ളവ നിൽനിന്നുണ്ടാകുന്ന ഏതു പ്രവൃത്തിയും ശക്തിമത്തായിരിക്കും. എല്ലാ മനുഷ്യരിലും ഏറക്കുറേ ഈ ഓജസ് സംഭരിക്ക പ്പെട്ടിരിക്കുന്നുണ്ട്. ശരീരത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന എല്ലാ ശക്തികളും അതിന്റെ ഉയർന്നതരമായ രൂപത്തിൽ ഓജസ്സായി പരിണമിക്കുന്നു. ഇതെല്ലാം കേവലം ഒരു രൂപാന്തരീഭാവം മാത്രമാണെന്നുള്ള സംഗതി നിങ്ങൾ ഓർക്കുന്നുണ്ടായിരിക്കുമല്ലോ, വിദ്യുച്ഛക്തിയായോ അയസ്‌കാന്തശക്തിയായോ വെളിയിൽ കാണുന്ന അതേ ശക്തികൾതന്നെ അകത്തുള്ള ശരീരശക്തികളായി മാറും. മാംസികശക്തികളായി വ്യാപരിക്കുന്ന അതേ ശക്തികൾ തന്നെ ഓജസ്സായിട്ടും മാറും. സ്ര്തീപുരുഷസംയോഗങ്ങളിലും തത്സംബന്ധമായ വിചാരം മുതലായലതിലും വെളിപ്പെട്ടു കാണുന്ന മനുഷ്യശക്തിയുടെ ആ ഭാഗത്തെ തടുക്കയും നിയമിക്കയും ചെയ്താൽ അതു എളുപ്പത്തിൽ ഓജസ്സായി പരിണമിക്കുമെന്നു യോഗി പറയുന്നു. അടിയിലുള്ള ആധാരം ഈ വ്യാപാരങ്ങളെ പ്രവർത്തിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ടു ആ സ്ഥാനത്തെപ്പറ്റി യോഗി പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നു. ഈ എല്ലാ മൈൗുെനികശക്തിയേയും ഉദ്ധരിച്ചു ഓജസ്സാക്കാൻ യോഗി ശ്രമിക്കുന്നു. ചാരിത്രനിഷ്ഠയുള്ള പുരുഷനോ സ്ര്തീക്കോ മാത്രമേ ഈ ഓജസ്സിനെ ഉദ്ധരിച്ചു തലച്ചോറിൽ സംഭരിക്കാൻ കഴിയൂ. അതുകൊണ്ടാണ് ചാരിത്രനിഷ്ഠ അത്യുത്തമമായ സദാചാരമായ ഗണിക്കപ്പെടുന്നത്. മനുഷ്യൻ ബ്രഹ്മചര്യം തെറ്റിയാൽ തനിക്കു വ്രതഭംഗം വന്നു എന്നു വിചാരിക്കുന്നു. അവനു തന്റെ മാനസികമായ ബലത്തിനും സദാചാരസംബന്ധമായ ദൃ™നിഷ്ഠ കൾക്കും ശൈൗിെല്യമുണ്ടാആകുന്നു. അതുകൊണ്ടാണ് ലോക ത്തിൽ ദൈവിക മഹാപുരുഷന്മാരുടെ അവതാരത്തിൽ വിശ്വാസമുള്ള എല്ലാ മതങ്ങളിലും തീവ്രമായ ബ്രഹ്മചര്യവ്രതം നിർബ്ബന്ധമാക്കപ്പെട്ടിരിക്കുന്നതായി കാണുന്നത്. അതുകൊണ്ടാണ് വിവാഹം ചെയ്യാത്ത സന്യാസിമാർ ലോകത്തുണ്ടായത്. വിചാര ത്തിലും വാക്കിലും പ്രവൃത്തിയിലും പൂർത്തിയായ ചാരിത്രനിഷ്ഠ ഉണ്ടായിരിക്കണം. അതു കൂടാതെ രാജയോഗാഭ്യാസം ആപൽക്കര വും ഉന്മാദത്തെ ഉണ്ടാക്കാവുന്നതും ആകുന്നു. ജനങ്ങൾ രാജയോഗം അഭ്യസിക്കയും എന്നാൽ അശുദ്ധമായ ജീവിതം നയിക്കയും ചെയ്താൽ എങ്ങനെ അവർക്കു യോഗികളാവാൻ കഴിയും.