Jump to content

രമണൻ/ഭാഗം രണ്ട്/രംഗം രണ്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

രംഗം രണ്ട് (ചന്ദ്രികയുടെ ഉദ്യാനം പൂവല്ലിപ്പടർപ്പുകളുടെ ഒരു മറവ്. നേരിയ ഒരു മൂടൽമഞ്ഞ്. ഹേമന്തത്തിലെ സുന്ദരമായ പൂനിലാവ്. സമയം അർദ്ധ രാത്രി. ആകാശം നിറയെ നക്ഷത്രങ്ങൾ. ചന്ദ്രികയും രമണനും തൊട്ടു തൊട്ട് ഒരു ശിലാതലത്തിൽ ഇരിക്കുന്നു. രമണന്റെ ഇടതുകൈ ചന്ദ്രികയുടെ തോളോടുതോൾ പുറകുവശത്തുകൂടി ചുറ്റിയിരിക്കുന്നു. രമണന്റെ വലതുകൈ തന്റെ ഇരുകരങ്ങളിലും എടുത്ത് ചന്ദ്രിക വിരലുകളെ പ്രേമപാരവശ്യത്തോടെ താലോലിച്ചു കൊണ്ടിരിക്കുന്നു.)

  • രമണൻ

      ചന്ദ്രികേ, പലപ്പോഴും പറയാറില്ലേ;ശുഭ്ര-
      സുന്ദരസുമാകീർണ്ണമല്ലജീവിതമാർഗ്ഗം!
      എൻചുറ്റുമെരിയുന്നൂ സന്തതമസൂയതൻ-
      വഞ്ചനാവിഷപ്പുക വമിക്കുംതീജ്ജ്വാലകൾ!
      പറ്റിയോരവസരം കാത്തുകാത്തിരിക്കുന്നു
      കഷ്ടമിന്നവയെന്നെപ്പൊതിയാൻ, പൊള്ളിക്കുവാൻ!
      എന്തു ഞാൻ ചയ്യും, നിന്റെ ജീവനുമതുപോലെ
      നൊന്തുനൊന്തഹോരാത്രം മാഴ്കിക്കൊണ്ടിരിക്കുമ്പാൾ?
      

  • ചന്ദ്രിക

      സാരമില്ലെൻ സന്താപ,മവിടുന്നതോർത്തശ്രു-
      ധാരയിൽക്കുളിക്കൊല്ലേ,ഹൃദയം പുണ്ണാക്കൊല്ലേ!
      സാമ്പ്രതം പിടിച്ചെന്നെ വലിപ്പൂ ബന്ധുക്കള-
      ദ്ദാമ്പത്യവാടിക്കുള്ളിൽ വിശ്രമിപ്പിക്കാനായി.
      അഴലിൻ തീജ്ജ്വാലകളല്ലാതെ കാണ്മീല ഞാ-
      നവിടെ,ബ്ഭവാനെന്നോടൊന്നിച്ചങ്ങില്ലെന്നാകിൽ!
      മറ്റൊരാൾക്കെന്നെദ്ദാനംചെയ്വതേക്കാളുമെന്റെ
      പട്ടടയവർ വേഗം കൂട്ടുകയല്ലേ ഭേദം?
      

  • രമണൻ

      ഈവിധം നിശിതമാം വാക്കുകളത്തേനോലും
      നാവിൽനിന്നുതിർന്നാലോ? നീയിദം ക്ഷോഭിച്ചാലോ?
      വാത്സല്യനിധികളാമഗ്ഗുരുക്കൾതന്നേർക്കു
      മൂർച്ചയുള്ളൊരുവാക്കുമെറിയാൻ പാടില്ലാ നീ!
      നിസ്സാരൻ ഞാനെ,ൻകാര്യമെമ്മട്ടുമായിക്കോട്ടേ;
      ചെറ്റുമപ്പിതാക്കളോടഹിതം ഭാവിക്കൊല്ലേ!
      കനിവാർന്നിക്കാര്യത്തിൽ കണ്ണയയ്ക്കുവാൻമാത്രം
      കഴിയുംവിധമെല്ലാം യാചിക്കാൻമാത്രം നോക്കു.

(ചന്ദ്രിക സാരിയുടെ ഉള്ളിൽ ഒളിച്ചുവച്ചിരുന്ന ഒരു മുല്ല മാല എടുത്തു നിവർത്തി സുസ്മേരവദനയായി രമണന്റെ കഴുത്തിൽ അണിയിക്കുന്നു. അതേനിമിഷംതന്നെ കുറച്ചകലെയായി ഏതോ അപകടത്തിലകപ്പെട്ടപോലെ ഒരു പക്ഷിയുടെ ദയനീയരോദനം ക്ഷണനേരം അവിടെമുഴുവൻ വ്യാപിക്കുന്നു. ആദ്യം രമണന്റെ മുന്നം വികസിക്കയും രോദനം കേൾക്കുന്ന ഉടനെ ഏതോഒരവ്യക്തഭീതിയിൽ ആ വികാസശോണിമ നിശ്ശേഷം അപ്രത്യക്ഷമായി, നിസ്തേജമായിത്തീരുകയും ചെയ്യുന്നു. രമണൻ ശിലാതലത്തിൽനിന്നു പിടച്ചെഴുന്നേൽക്കുന്നു; ഒപ്പം ചന്ദ്രികയും. രമണന്റെ ശരീരം വിറയ്ക്കുന്നു. ചന്ദ്രിക അടുത്തുചെന്ന് രമണന്റെ കഴുത്തിൽ കൈചുറ്റി മുന്നം മാറിൽചേർത്തു നിൽക്കുന്നു. അനന്തരം മുന്നമുയർത്തി പ്രസന്നതയോടെ-)

      

  • ചന്ദ്രിക

      ആരെന്തും പറഞ്ഞോട്ടെ, ഞാനിതാസമർപ്പിച്ചു
      ചാരുജീവിതമാല്യം മാമകം ഭവാനായി.
      ഇനി ഞാനന്യന്റെയല്ലി,ല്ലാർക്കുമധികാര-
      മിനിമേലെന്നിൽ-ഭക്തദാസിയായ്ബ്ഭവാനു ഞാൻ!
      ഈ മലർമാല്യത്തിന്റെ സുഗന്ധം നമുക്കെഴും
      പ്രേമത്തിൻ പരിശുദ്ധിയെമ്പാടും പരത്തുന്നു.
      അങ്ങതാ നോക്കൂ, മുല്ലപ്പൂവൊളിനിലാവല്ലേ
      തങ്ങിനിൽപ്പതുചുറ്റും, നമ്മുടെ ഹർഷം പോലെ?
      രാക്കുയിൽ പാടിപ്പാടിയുറങ്ങീ, നക്ഷത്രങ്ങൾ
      നോക്കിനിൽക്കുന്നൂ വാനിൽസാക്ഷിയായിതിനൊക്കെ
      ഈ വിശ്വപ്രകൃതിതൻ പുണ്യക്ഷേത്രത്തിൽവെച്ചു
      പാവനമാം ഗാന്ധർവ്വവിവാഹം നടത്തി നാം!
      ഏതു സന്താപത്തിന്റെ നീങ്ങാത്തോരിരുളിലും
      ജ്യോതിസ്സൊന്നെതിരേ നാം കണ്ടിടും വിടർന്നെന്നും!
      ഈ മുന്നം ദ്യോതിപ്പിക്കുംമ്മ്ലാനതമാത്രം കാണാൻ
      ഹാ,മനസ്സിനു കരുത്തില്ലെനിക്കണുപോലും!

      (നമ്രവദനനായി നിൽക്കുന്ന രമണന്റെ ശിരസ്സു
      പിടിച്ച് ഉയർത്തിക്കൊണ്ട് ഒരപേക്ഷാസ്വരത്തിൽ)

      ഒന്നെന്റെ നേരെനോക്കിച്ചിരിക്കൂ, കാണട്ടെ ഞാൻ
      സുന്ദരാനനമിതു മേൽക്കുമേൽ വിളർത്താലോ!
      

  • രമണൻ

      ചന്ദ്രികേ! മന്മാനസവീണയിലെഴും പ്രേമ-
      തന്ത്രികേ,നീയിന്നെന്നെ മറ്റൊരാളാക്കിത്തീർത്തു.
      ആയിരം ജന്മംകൊണ്ടു നേടുവാൻ കഴിയാവു-
      ന്നാനന്ദമാർജ്ജിപ്പൂ ഞാനൊരുമാത്രതന്നുള്ളിൽ
      അതുപോൽ പരകോടിജന്മത്താത്സഹിക്കേണ്ടും
      ഹൃദയവ്യഥയെന്നെക്കാത്തുനിൽക്കൂന്നൂ ചാരേ.
      ആയതിൻ മുന്നം കാൺകെ വിറച്ചുപോകുന്നു ഞാ-
      നാരോമലാളേ, പനീർപ്പൂന്തോട്ടമല്ലാ ലോകം!
      ചലനം,ചലനം-ഹാ,മാത്രയ്ക്കുമാത്രയ്ക്കുണ്ടാം
      ചലനം-പ്രപഞ്ചത്തെ മുന്നോട്ടുനയിക്കുന്നു.
      അതിലെന്തെല്ലാം മാറ്റ,മെന്തെല്ലാം പരിണാമ -
      ഗതിവൈചിത്യ്രം വന്നുകൂടിടാ,മാലോചിക്കൂ!
      നിസ്സഹായന്മാർ, വെരുംപുഴുക്കൾ, മർത്യന്മാർ നാം
      നിഷ്ഠൂരവിധിയോടുമല്ലിടാനശക്തന്മാർ!
      നാമൊന്നു നിരൂപിക്കും, മറ്റൊന്നായ്ത്തീരും ഫലം;
      നാമതുകണ്ടാർത്തരായ് നിഷ്ഫലം വിലപിക്കും,
      ജീവിതമൊരു കടങ്കഥയാ,ണോർത്താലാർക്കു-
      മാവില്ല ശരിയായൊരുത്തരം സ്ഥാപിക്കുവാൻ!
      അശുഭാസിതഭാവിസൂചനയായിട്ടെനി-
      ക്കകതാരിങ്കലെ,ന്തോ,തോന്നുകയാണാനാദം
      മൽഗളത്തിലാ മലര്മാല വീണതും; ദുഃഖ-
      മഗ്നമാ നാദം പുറപ്പെട്ടതുമൊന്നിച്ചല്ലേ?
      എന്തുകൊണ്ടാവോ ഭാവിചിന്തയാൽ പ്രക്ഷുബ്ധമായ്
      ഹന്ത, മന്മനമിതാ മേൽക്കുമേൽ തുടിക്കുന്നു!
      കേൾപ്പൂ ഞാനന്തർന്നാദമൊന്നെന്നിലീ നാടകം
      തീർച്ചയാണവസാനം രക്തത്തിലാണെന്നായി.
      അശുഭത്തിലാണതിൻ പ്രാരംഭം; കലാശവു-
      മശുഭത്തിങ്കലാവാന്തന്നെയാവണം യോഗം!

(വീണ്ടും ശിലാതലത്തിൽ ഇരിക്കുന്നു. ചന്ദ്രിക രമണന്റെ ഇരുകരങ്ങളും കൂട്ടിപ്പിടിച്ചുകൊണ്ട് അടുത്തിരുന്നിട്ട്)

 

  • ചന്ദ്രിക

      മൂടൽമഞ്ഞിലാണ്ടെങ്ങോ, ദൂരത്തി,ലവ്യക്തമായ്
      മൂളിക്കൊണ്ടിരിക്കുമബ്ഭാവിയെപ്പേർത്തും പേർത്തും
      ചിന്തിച്ചു ചിന്തിച്ചോരോ നവമാം വിഷാദത്തി-
      നെന്തിനു വിധേയമാക്കീടുന്നു വൃഥാ ചിത്തം?
      വേണുനാദത്തിലിതു പൊതിയൂ; നവോന്മേഷ-
      ശോണമാം ചായം തൊട്ടുമിനുക്കൂ പ്രജ്ഞാകേന്ദ്രം!
       അശുഭം സൂചിപ്പിച്ചതായിരുന്നില്ലാപ്പക്ഷി
      പിശുനപ്രകാശത്തിൻ നാന്ദിയോതിയതെന്ന്യേ.
      അങ്ങയെത്താലോലിക്കാൻ കാത്തുകാത്തിരിക്കുന്നു-
      ണ്ടന്തികത്തിങ്കൽത്തന്നെയാർദ്രയാം പുരോഗതി!
      ഗാനസാമ്രാജ്യത്തിലെസ്സാർവ്വഭൗമനാമങ്ങ-
      യ്ക്കാനന്ദം ചരാചരമൊക്കെയും വിളമ്പുമ്പോൾ,
      അവിടുന്നസംതൃപ്തനാകുവാനണുപോലു-
      മവകാശമില്ലേവ-മാശ്വസിക്കുവാൻ നോക്കൂ!
      ഭഗ്നഭാഗ്യയാം ഞാനാം നീർപ്പോളമൂലം ഭവാ-
      നഗ്നിപർവ്വതംചുമന്നെന്തിനു ദഹിക്കുന്നു?
      ആസ്വസിക്കുവാൻ നോക്കൂ!-നമ്മളോമനിക്കുമി-
      ശ്ശാശ്വതസ്നേഹം നൽകും നമുക്കു സർവ്വോത്കർഷം!
      

  • രമണൻ

      (ചന്ദ്രികയുടെ പുറത്തു തലോടിക്കൊണ്ട്)
      ധവളപ്രഭമാമിച്ചന്ദ്രികാസരിത്തിങ്ക-
      ലിവിടം വെള്ളിച്ചാറു പൂശിക്കൊണ്ടിരിക്കിലും
      അങ്ങോട്ടു, ദൂരത്തേക്കാ മഞ്ഞണിക്കുന്നും കാടും
      തിങ്ങിടും രംഗത്തിലേക്കൊന്നു നീ കണ്ണോടിക്കൂ!
      ആവൃതം തിമിരത്താലാകമാനമാ രംഗ-
      മാവലിൻ ചിറകടിയൊച്ചയാൽ പ്രകമ്പിതം;
      അതുപോ,ലിനിയെന്റെ ഭാവിയുമജ്ഞാതമാ-
      മഴൽ തിങ്ങിടുമൊന്നാണി,ന്നു ഞാൻ ചിരിക്കിലും.
      നിസ്തുലേ, നിന്നെക്കൊണ്ടെൻ ജീവിതം മധുരിച്ചാൽ
      നിർദ്ദയപരിസരമതിനെച്ചവർപ്പിക്കും!
      സമുദായമാം ബ്രഹ്മരക്ഷസ്സു പാഞ്ഞെത്തുന്നൂ
      സരളസ്നേഹാർദ്രമാം ഹൃദയങ്ങൾക്കുപിൻപേ.
      രക്ഷനേടുവാൻ മഹാവിഷമമസൂയതൻ-
      പക്ഷിപീഡയിൽനിന്നു; ദുർബ്ബലമാശാപോതം!
      എമ്മട്ടെങ്കിലുമാട്ടേ പരിണാമം ഞാൻ നിന്നെ-
      യെന്നാത്മക്ഷേത്രത്തിങ്കലെന്നേക്കും പ്രതിഷ്ഠിച്ചു
      ഞാനിതിൽ ദഹിക്കുവാനാണെങ്കിൽ ദഹിക്കട്ടെ,
      ഗാനലോലുപേ, പരിത്യജിക്കില്ലീ രാഗം ഞാൻ.
      അങ്ങതാ, കോഴി കൂകിത്തുടങ്ങി! പോകുന്നു ഞാ;-
      നിങ്ങിനി നിൽക്കാന്മേല-വെളുക്കാറായീ നേരം.
     

  • ചന്ദ്രിക

 (എഴുന്നേൽക്കുന്ന രമണനെ വീണ്ടും പിടിച്ചിരുത്തിയിട്ട്)
      അതു 'പാതിരാക്കോഴി'യാണു; പേടിക്കാനില്ല;
      പുതുപൂനിലാവസ്തമിച്ചിട്ടില്ലിതുവരെ.

  • രമണൻ

      ഒന്നു നീ കിഴ്ക്കോട്ടു നോക്കുക, ദൂരെക്കാണും
      കുന്നിന്റെ പിന്നിൽ ശോണച്ഛായകൾ പൊടിച്ചല്ലോ.

  • ചന്ദ്രിക

      ചെങ്കനൽനക്ഷത്രത്തിൻ തങ്കരശ്മികൾ തട്ടി-
      ത്തങ്കിയതാണാ വർണ്ണസങ്കരം കിഴക്കെല്ലാം.

  • രമണൻ

      അല്ലല്ല, പുലർകാലകന്യതൻ കാശ്മീരാങ്കി-
      തോല്ലസൽപദപത്മസംഗമദ്യുതിയത്രേ.

  • ചന്ദ്രിക

      പുലരാനിനിയുണ്ടൊരാറുനാഴികകൂടി;-
      പ്പുതുപൂനിലാവിതൊന്നസ്തമിച്ചോട്ടെ-പോകാം!

  • രമണൻ

      ഞാനിങ്ങു നിന്നാൽ, നേരം വെളുത്താ,ലാരാനെന്നെ-
      ക്കാണുവാനിടവന്നാൽ-നീയതൊന്നാലോചിക്കൂ!
      നമ്മുടെ പരമാർത്ഥമാരറിഞ്ഞീടും-ഒരു
      നിന്ദ്യമാം കഥയല്ലേ പരക്കുന്നതു നാളെ?
      മിഥ്യാപവാദക്കൊടുങ്കാട്ടുതീയിലുംകൂടി-
      ത്തപ്തമാനസം വീണ്ടും ഹോമിപ്പതെന്തിന്നായ് നാം
      ഞാനിനിപ്പോട്ടെ; നേരം വെളുക്കാറായിപ്പോയി;
      കാണുവാൻ നമുക്കിടയിനിയും ലഭിക്കില്ലേ?

  • ചന്ദ്രിക

      പതിവില്ലാതിന്നിത്ര നേരത്തെ മനഃപ്പൂർവ്വം
      ഹതകുക്കുടമേ, നീയെന്തിനു കൂവിപ്പോയി?
      അതുകൊണ്ടല്ലേ പോകാൻ തിടുക്കം കൂട്ടുന്നതെൻ
      ഹൃദയേശ്വരൻ-ഹാ! നീയിത്ര നിഷ്ഠൂരനാണോ?
      ഒരു ചുംബനമാട്ടേ,പൊയ്ക്കോളൂ! കാണാം നമു-
      ക്കൊരു രാത്രിയിൽക്കൂടിയല്പനാളുകൾക്കുള്ളിൽ-
      നില്ക്കൂ,ഞാനൊരു കാര്യം പേർത്തുമൊന്നോതിക്കോട്ടെ;
      കഷ്ടമാണിനിയുമിദ്ദുന്നമഗ്നമാം ഭാവം!
      എന്നോടെള്ളോളം സ്നേഹമുണ്ടെങ്കിൽ ബ്ഭവാനിനി-
      യെങ്കിലുമെന്നെയോർത്തു ഖേദിക്കാതിരിക്കണേ!
       (രമണൻ പോകുന്നു)
       (അണിയറയിൽ)
      കഷ്ടമായി, നിന്നാശകളെല്ലാം
      വ്യർത്ഥമാണിനി,ച്ചന്ദ്രികേ!
      അസ്സുമുഖനാമാട്ടിടയനെ
      വിസ്മരിക്കുവാൻ നോക്കു നീ!
      തവകാമലാകാശത്തിലിതാ,
      താവുന്നുണ്ടൊരു കാർമുകിൽ.
      നിശ്ചയിച്ചുകഴിഞ്ഞു, നിൻ വിവാ-
      ഹോത്സവത്തിൻ സമസ്തവും.