Jump to content

രമണൻ/ഭാഗം രണ്ട്/രംഗം മൂന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

രംഗം മൂന്ന്
(അർദ്ധരാത്രി. ചന്ദ്രികയുടെ മണിയറ. മേശപ്പുറത്തൊരു
മങ്ങിയ വിളക്കു കത്തുന്നു. അവളുടെ മുന്നം വിഷാദസ
മ്പൂർണ്ണവും എന്നാൽ പൈശാചികമായ ഒരു ഭാവത്തോടു
കൂടിയതുമായിരിക്കുന്നു. വലതു കൈയിൽ ഒരു കഠാരി.)

  • ചന്ദ്രിക

        നിർദ്ദയലോകമേ, സാധുവാമെന്നെ നീ
      നിർദ്ദയമിട്ടിദം നീറ്റുന്നതെന്തിനോ?
      ഹന്തയെന്നോടു നീയീവിധം കാട്ടുവാ-
      നെന്തെന്തു സാഹസം നിന്നോടു കാട്ടി ഞാൻ?
      നൊന്തുനൊന്തേവം കഴിക്കുവാനാണെങ്കി-
      ലെന്തിനെനിക്കിദം ജീർണ്ണിച്ച ജീവിതം?

        ഘോരകഠാരമേ, മൽക്കരളിങ്കലെ-
      ച്ചോരയ്ക്കുവേണ്ടിപ്പുളയുകയല്ലല്ലി നീ
      അൽപവുംകൂടിക്ഷമിക്കു, നിൻ തൃഷ്ണയെ-
      ത്തൃപ്തിപ്പെടുത്താനൊരുങ്ങുകയായി ഞാൻ!

        അച്ഛനുമമ്മയും മാമകജീവിത-
      പ്പിച്ചകപ്പൂമാലയെന്നേക്കുമായിതാ,
      നാണയക്കാട്ടിലുള്ളേതോ കുരങ്ങിനു
      കാണിക്കവെയ്ക്കാനൊരുങ്ങിക്കഴിഞ്ഞുപോയ്!
      പുത്രിവത്സല്യം നിറഞ്ഞുതുളുമ്പുമ-
      ച്ചിത്തങ്ങൾ കാൺകെ, തളർന്നുപോകുന്നു ഞാൻ!
      അമ്മയെൻ കാലുപിടിച്ചപേക്ഷിക്കുന്നു
      പിന്നെയുംപിന്നെയു-മെന്തുചെയ്യട്ടെ ഞാൻ?
      ഒന്നുകിൽ മാതാപിതാക്കളെക്കൈവെടി-
      ഞ്ഞെന്നനുരാഗം പുലർത്തുവാൻ നോക്കണം;
      അല്ലെങ്കിലിന്നുമുതൽക്കു ഞാനാക്കൊച്ചു-
      പുല്ലാങ്കുഴലിനെപ്പാടേ മറക്കണം-
      അച്ഛനുമമ്മയും കാട്ടുമാ ദാമ്പത്യ
      മുൾച്ചെടിക്കാട്ടിലലഞ്ഞുതളരണം-
      ഭാവനാഗാനമധുരമായുള്ളോരു
      ജീവിതം തന്നെ മറക്കുവാൻ നോക്കണം.
      എന്തു ഞാൻ ചെയ്യും?-മതി, മതി നീയെന്റെ
      ചിന്തേ, വിടൂ,വിടൂ...പൊള്ളുന്നു...പോട്ടെ ഞാൻ!

        സമ്പൂതമാം മനം നീഹാരസാന്ദ്രമാം
      ചെമ്പനിനീരലർപോലത്ര മോഹനം!
      തിങ്ങിത്തുളുമ്പുന്നതുണ്ടതിൽ, വറ്റാത്ത
      മംഗളരാഗമധുരപരിമളം.
      അസ്വർഗ്ഗസൗരഭാസ്വാദനത്തെപോലൊ-
      രുത്സവം മറ്റെനിക്കെന്തുണ്ടു ഭൂമിയിൽ?
      ഒന്നോടവയൊക്കെ,യേതോ കടങ്കഥ-
      യെന്നപോൽ,വിസ്മൃതി മൂടിക്കളകയോ?
      എന്നിലൊട്ടിപ്പിടിച്ചീടിനോരാ ജീവ-
      നെന്നേക്കുമായിപ്പറിച്ചുകളകയോ?
      ഏതാദൃശം ഞാൻ പ്രവർത്തിക്കിലെന്തൊരു
      പാതക കർമ്മമായ്ത്തീരുമതൂഴിയിൽ!
      ലോകം മുഴുവൻ പഴിക്കുന്നു, കഷ്ടമീ
      രാഗകഥകൾ കേട്ടാ നിഷ്ക്കളങ്കനെ
      ആരറിയുന്നു പരമാർത്ഥതത്ത്വങ്ങ,-
      ളാരവയല്ലെങ്കിലാരാഞ്ഞിടുന്നു ഹാ!
      ഞാനല്ലി, കഷ്ട,മീ നാശഗർത്തത്തിലേ-
      ക്കാനയിച്ചേവം ചതിപ്പതസ്സാധുവെ?
      എത്രയോഴിഞ്ഞകന്നീടുവാൻ നോക്കിയി-
      ല്ലുത്തമാദർശസ്വരൂപിയാമപ്പുമാൻ!
      പാരിലിത്തിക്കൺനിയായി നിന്നാപ്പൂത്ത
      പാരിജാതത്തെക്കരിച്ചു കളഞ്ഞു ഞാൻ!
      എന്നിട്ടുമാരുമാരോപിപ്പതില്ലയി-
      ന്നെന്നിലൊരൽപമപരാധമെങ്കിലും!
      തെറ്റിദ്ധരിക്കുവാൻ മാത്രമറിയുന്ന
      നിഷ്ഠൂരനിന്ദ്യനിശിതപ്രപഞ്ചമേ,
      അക്കൊച്ചുവേണുഗാപാലനിൽ സർവ്വത്ര
      കുറ്റവും വെച്ചു വിധിയെഴുതുന്നു നീ!
      നീയും നനഞ്ഞ നിൻ നീതിയും! പോ, നിന്റെ
      ന്യായവാദങ്ങൾതൻ ജൽപ്പനക്കെട്ടുമായ്!
      ഇല്ല,നീ നന്നാവുകയില്ലൊരു നാളിലും;
      പുല്ലുപോൽ നിന്നെയവഗണിക്കുന്നു ഞാൻ.
      * * *
        എന്തെ,ന്റെ കൈയിൽക്കുഠാരമോ-ചെന്നിണം
      ചിന്തുവാൻ വെമ്പിക്കിതയ്ക്കും കുഠാരമോ?
      ഞാനാത്മഹത്യയ്ക്കു പോകയോ?-ജീവിതം
      ഞാനിതിൻ കൂർത്ത മുനയ്ക്കിരയാക്കയോ?
      മത്സുന്നം, മജ്ജയം, മാമകാസ്വാദനം,
      മത്സൗകുമാര്യം, മമോജ്ജ്വലയൗവനം,
      മൽപ്രേമ,മീ മനസ്പന്ദനം, മാമക-
      സ്വപ്ന,മാസ്വാദനം, മോഹം, മനോന്മദം,
      സർവ്വം-സമസ്തവും-കഷ്ടം ! ഞൊടിക്കുള്ളി-
      ലുർവ്വിയിൽ മങ്ങിപ്പൊലിഞ്ഞു മറകയോ!
      എന്റെയെന്നുള്ളതന്നിലം വിറങ്ങലി-
      ച്ചെന്തിവിടത്തിൽ ദ്രവിച്ചു നശിക്കയോ?
      പച്ചപുതച്ചൊരിക്കാടും മലകളും
      കൊച്ചുകൊച്ചോളങ്ങൾ പാടും പുഴകളും
      ഇക്കുളിർപ്പൂങ്കുലച്ചാർത്തും, കിളികളും
      ചിത്രശലഭങ്ങൾ മൂളും തൊടികളും
      എല്ലാം-സസ്തവും-വിട്ടുപിരിഞ്ഞു ഞാൻ
      കല്ലറയ്ക്കുള്ളിൽ ദ്രവിക്കുവാൻ പോകയോ?
      ഇല്ലില്ല-ജീവിതം, ജീവിതം! ഇന്നതിൻ
      ഫുല്ലപ്രകാശം തെളിഞ്ഞുകാണുന്നു ഞാൻ.
      ദുഷ്ട കുഠാരമേ, ദൂരത്തു പോക നീ;
      ഞെട്ടുന്നു നിന്റെ മുന്നത്തു നോക്കുമ്പോൾ ഞാൻ.
       (കഠാരി വലിച്ചെറിയുന്നു. അത് 'ഘിണം'എന്ന
        ഒരു ശബ്ദത്തോടെ നിലം പതിക്കുന്നു.)
          (ഒരു ദീർഘനിശ്വാസത്തോടെ)

      പാടെ തിരശ്ശീല വീണു ഹാ, മൽപ്രേമ-
      നാടകം തീർന്നു-ജയിച്ചു, ജയിച്ചു, ഞാൻ!
      ജീവിതം! ജീവിതം!-തേനിനെപ്പോലുള്ള
      ജീവിതം! ഹാ ഹാ! കിതയ്ക്കുന്നു മന്മനം!
      ഇല്ല, ഞാനെന്നെ നശിപ്പിക്കയില്ലൊരു
      പുല്ലാങ്കുഴലിനുവേണ്ടിയൊരിക്കലും.
      എന്നെ ഞാനാക്കാൻ തപസ്സുചെയ്തീടിനോ-
      രെന്നച്ഛനമ്മമാരെന്നിഷ്ടദേവകൾ;
      ഇന്നവർതന്മുന്നിലെൻ മാർത്തടത്തിലെ-
      ച്ചെന്നിണംകൊണ്ടു കുരുതികൂട്ടില്ല ഞാൻ!
      പോവുക, നീയജപാലക, ഗായക,
      ഭാവിയിലേക്കു നിന്നോടക്കുഴലുമായ്!
      എന്നെ നീ പാടേ മറന്നേക്കു, ലോകത്തി-
      ലിന്നുമുതൽ നിന്നനുജത്തിയാണു ഞാൻ!

        എന്തുവന്നാലുമെനിക്കാസ്വദിക്കണം
      മുന്തിരിച്ചാറുപോലുള്ളൊരിജ്ജീവിതം!
      എന്നുമിതിന്റെ ലഹരിയിലാനന്ദ-
      തുന്ദിലമെന്മനം മൂളിപ്പറക്കണം!
      കണ്ണീർനിറഞ്ഞ നിൻ പിഞ്ചുമനസ്സുമാ-
      യെന്മുന്നിൽനിന്നൊന്നു വേർപെട്ടുപോകണേ!
      എല്ലാം മറന്നേക്കു-മേലിൽ നാമന്യരാ-
      ണെല്ലാം കഴിഞ്ഞു-സ്വതന്ത്രയായ്ത്തീർന്നു ഞാൻ.
      അങ്ങതാ, ദൂരത്തിലല്ലാതെ കാണ്മൂ ഞാൻ
      മഗളകല്യാണമണ്ഡപം മാമകം!
      ആസ്വാദനങ്ങളേ, നിങ്ങളെക്കേവല-
      മാശ്രയിച്ചീടിനോരിബ്ഭക്ത ദാസിയെ
      വിശ്രമിപ്പിക്കൂ, ദയവാർന്നു നിങ്ങൾതൻ-
      വിദ്രുമമഞ്ചത്തിലൊന്നിനിയെങ്കിലും!
      ഇത്രനാൾ നിർമ്മിച്ച സങ്കൽപമൊക്കെയും
      മുഗ്ദ്ധയാഥാർത്ഥ്യത്തിലെത്തിക്കസസ്പൃഹം!
      ഇന്നോളമുള്ളെൻ സമസ്താപരാധവു-
      മൊന്നൊഴിയാതെ പൊറുക്കൂ, സഹോദരാ!
      നമ്മൾക്കു രണ്ടു വഴിയായിവിടെവെ-
      ച്ചെന്നേക്കുമായിപ്പിരിയാം സുമംഗളം.