Jump to content

രമണൻ/ഭാഗം രണ്ട്/രംഗം ഒന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

(ഒരൊറ്റയടിപ്പാത. അതിന്റെ അഗ്രഭാഗത്തായി ഒരു ക്ഷേത്രം. ചന്ദ്രികയും ഭാനുമതിയും ദേവദർശനം കഴിഞ്ഞ് ഈറൻ‌മുണ്ടുകളോടുകൂടി മടങ്ങുന്നു. ചുറ്റുപാടും മനോഹരമായ പ്രകൃതിവിലാസം. മൂടൽമഞ്ഞു ക്രമേണ നീങ്ങിനീങ്ങി ഇളം‌കാറ്റു വീശുന്നുണ്ട്. പക്ഷികളുടെ കളകളം നാനാഭാഗത്തുനിന്നും കേൾക്കപ്പെടുന്നു.)

  • ഭാനുമതി

 ചന്ദ്രികേ, സംഗീതദേവതയാമൊരു
ഗന്ധർവ്വനാണക്കൊച്ചാട്ടിടയൻ!
ഏവനും കണ്ടാൽക്കൊതിതോന്നുമാറൊരു
പൂവമ്പനാണക്കൊച്ചാട്ടിടയൻ!
അദ്ഭുതമില്ലെനിക്കല്പവും നീയവ-
നർപ്പണംചെയ്തതിൽ നിന്റെ ചിത്തം.

  • ചന്ദ്രിക

 മത്സഖി, മാമകജീവിതാങ്കത്തിനൊ-
രുത്സവമാണക്കൊച്ചാട്ടിടയൻ
രോമഹർഷങ്ങൾ വിതച്ചുകൊണ്ടീവഴി-
ക്കാ മദനോപമൻ പോയിടുമ്പോൾ
എന്തൊരാനന്ദമാ,ണെന്തു നിർവ്വാണമാ-
ണന്തരംഗത്തിൽപ്പൊടിപ്പതെന്നോ!

  • ഭാനുമതി

 ആവർത്തനോത്സുകമാ വേണുസംഗീത-
മാവിഷ്കരിക്കുന്നതേതുലോകം?

  • ചന്ദ്രിക

 മർത്ത്യന്റെ നീതിതൻ മുള്ളുവേലിക്കക-
ത്തൊട്ടുമൊതുങ്ങാത്ത ദിവ്യരാഗം
കാണിച്ചിടുന്നോരപാരതയാണ,തിൽ-
ക്കാണില്ല കാമാന്ധകാരലേശം.

  • ഭാനുമതി

 എങ്കിലുമുണ്ടതിനേതോ നിഗൂഡമാം
സങ്കടത്തിന്റെ മുഖാവരണം.

  • ചന്ദ്രിക

 ശങ്കയെന്നുണ്ടൊരു പാഴ്നിഴലേതൊരു
മന്ദസ്മിതത്തേയും മൂടിവെയ്ക്കാൻ.

  • ഭാനുമതി

 കുറ്റപ്പെടുത്തുവാനില്ലതിൽ;നാമൊക്കെ-
യെത്രയായാലും മനുഷ്യരല്ലേ?

  • ചന്ദ്രിക

 എങ്കിലുമൊന്നു ഞാൻ തീർത്തുചൊല്ലാ,മെന്റെ
സങ്കല്പമെന്നുമിതായിരിക്കും.
ബന്ധുജനങ്ങൾ മുഴുവനിപ്രേമ-
ബന്ധത്തിലെന്നോടെതിർത്തുനില്പൂ
പ്രാണന്റെ ബന്ധവും തൂക്കിനോക്കുന്നതു
നാണയത്തുട്ടുകളാണുപോലും!
പുല്ലാണെനിക്കിപ്പണ,മവൻ‌തൻ കൊച്ചു-
പുല്ലാങ്കുഴലുമായ് നോക്കിടുമ്പോൽ!

  • ഭാനുമതി

 അപ്രേമസിദ്ധിക്കവകാശമോതുവാ-
നത്രയ്ക്കതിനോടടുത്തുവോ നീ?

  • ചന്ദ്രിക

 സമ്പൂതമപ്രേമസിദ്ധിക്കു പച്ചില-
ക്കുമ്പിളും കോട്ടി ഞാൻ പിച്ചതെണ്ടാം;
വേണെങ്കിലാ രാഗവേദിയിൽ‌വെച്ചു മൽ-
പ്രാണനെക്കൂടി ഞാൻ സന്ത്യജിക്കാം;
എന്നാലു,മയ്യോ! മരക്കാനരുതെനി-
ക്കെന്നെ വാഴ്ത്തീടുമക്കോകിലത്തെ!
എൻ‌മുന്നിലർപ്പണംചെയ്യുകയാണതു
തന്നാത്മഗീതങ്ങളാകമാനം!
അർപ്പണംചെയ്യുകയാണവൻ ഞാനായ
‘നക്ഷത്ര’ത്തിന്നു തൻ ഗാന’ഹാരം’!
ആ വിശുദ്ധാദർശവാനേ ത്യജിക്കുവാ-
നാവതല്ലൊട്ടുമെനുക്കു, തോഴീ!

  • ഭാനുമതി

സംഭവചക്രമുരുണ്ടുരുണ്ടങ്ങനെ
സംവത്സരോജ്ജ്വലസ്യന്ദനങ്ങൾ
ഓരോന്നകന്നു മറയുമ്പോ,ളിപ്രേമ-
മാരിവില്ലും സ്വയം മാഞ്ഞുപോകാം!
കുറ്റപ്പെടുത്താനുമില്ലതിൽ, നാമൊക്കെ-
യെത്രയായാലും മനുഷ്യരല്ലേ?
     

  • ചന്ദ്രിക

എന്നാലുമെന്നെ നീയാവിധം ശങ്കിക്കേ-
ണ്ടെന്നും ഞാൻ ഞാൻതന്നെയായിരിക്കും.
നാകത്തിലാദിത്യദീപമൊരുപക്ഷേ,
നാളെപ്പൊടുന്നനെക്കെട്ടുപോകാം;
വറ്റിവരണ്ടുപോയേക്കാം സ്വയമതി-
രറ്റുകിടക്കും സമുദ്രമെലാം;
എന്നാലുമിപ്രേമമെന്നുമിതുവിധം
മിന്നിത്തിളങ്ങും തിരയടിക്കും!
     

  • ഭാനുമതി

ആകട്ടെ,നിന്മനമെന്നെന്നുമിമ്മട്ടി-
ലാകണമെന്നാണെനിക്കു മോഹം!
ചിത്രവർണ്ണോജ്ജ്വലപത്രസമ്പന്നമാം
ചിത്രപതംഗത്തിൻ ദർശനത്തിൽ
ചഞ്ചലോദ്വിഗ്നപ്രസൂനം ക്ഷണത്തില-
ച്ചഞ്ചരീകത്തെ മറന്നുപോകാം!
ലോകഗതിയാണ,തുകൊണ്ടു ചൊന്നതാ;-
ണാകട്ടെ, കുണ്ഠിതം വേണ്ടതോഴി!
     

  • ചന്ദ്രിക

മാമക ജീവിതമാകന്ദത്തോപ്പിലാ
മന്മഥ കോമളനല്ലാതാരും
തേൻപെയ്യും ഗാനം പൊഴിച്ചണയില്ലോരു
ദാമ്പത്യമാല്യവും കൈയിലേന്തി;
അപ്പുഷ്പ ബാണനോടൊന്നിച്ചു ചേർന്നിനി
മൽപ്രേമപ്പൂവല്ലി പൂത്തിടാവൂ!
      

  • ഭാനുമതി

നിന്നഭിലാഷം സഫലമായ്ത്തീരുവാ-
നെന്നുമർത്ഥിക്കുവോലാണയേ, ഞാൻ!
നിൻ പ്രേമസാമ്രാജ്യനാഥനായീടുവാൻ
സമ്പന്നനാണക്കൊച്ചാട്ടിടയൻ!