Jump to content

രമണൻ/ഭാഗം മൂന്ന്/രംഗം മൂന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

  രംഗം മൂന്ന്
(വനത്തിന്റെ ഹൃദയം. അർദ്ധരാത്രി. ഇരുട്ടും മങ്ങിയ നിലാവും. ചുറ്റും ആവൽച്ചിറകടികൾ. കിടുകിടുപ്പിക്കുന്ന എന്തോ ഒരു ഭയങ്കരത. പരുപരുത്ത ഒരു കാറ്റ്. മുളങ്കാടിന്റെ അസുഖപ്രദമായ ഒരുവക കുഴൽ വിളി. നേരിയ മർമ്മരം. തണുപ്പ്. കാട്ടരുവിയുടെ കളകള ശബ്ദം. രമണൻ ഒരു പിശാചിനെപ്പൊലെ പ്രവേശിക്കുന്നു. വിക്കൃതമായ മുഖഭാവം. പാറിപ്പറന്ന തലമുടി. ജ്വലിക്കുന്ന കണ്ണൂകൾ. രൂക്ഷമായ നോട്ടം. ഇടയ്ക്കിടെ പൈശാചികമായ ഒരുവക പൊട്ടിച്ചിരി. വേച്ചുവേച്ചു ഭ്രാന്തനെപ്പോലുള്ള നടപ്പ്. കൈയിൽ പിരിച്ചുമുറുക്കിയ ഒരുമാറു കയർ. വന്നുവന്ന് അരുവിയുടെ വക്കത്ത് ഉള്ളിലേക്കുന്തിനിൽക്കുന്ന പാറക്കല്ലിന്മേൽ കയറി നിൽക്കുന്നു. അരുവിയിലേക്കു ചാഞ്ഞു കിടക്കുന്ന ഒരു മരത്തിന്റെ കൊമ്പിന്മേൽ പിടിച്ചു ബലം പരീക്ഷിച്ചിട്ട്, 'ഹാ,ഹാ' എന്നു വികൃതമായി ഒരു പൊട്ടിച്ചിരി.)

  • രമണൻ

ഹൃദയരക്തം കുടിച്ചു തടിച്ചിട്ടും
ഹൃദയശൂന്യപ്രപഞ്ചമേ, ഘോരമേ
കുടിലസർപ്പമേ കാളകാകോളമേ,
കുടലുമാലയണിഞ്ഞ കങ്കാളമേ,
മതി,മതി,നിന്റെ ഗർജ്ജന-മെന്മനം
ചിതറിടുന്നു, ദഹിച്ചുവീഴുന്നു ഞാൻ!
എവിടെ?-എന്താണൊരുക്കുന്നതിന്നു നീ-
യവിടെ? എന്തെൻ ചുടലക്കിടക്കയോ?
കഴുകർവന്നു ചിറകടിച്ചാർത്തിടും
കഴുമരങ്ങളോ കാണുന്നുമുന്നിൽ ഞാൻ?
ഇവിടെയെന്തു തീ,യെന്തുചൂടോ,ന്നിനി-
യെവിടെയോടേണ്ടു?-പൊള്ളുന്നു ജീവിതം!
അരുതൊരായിരം സർപ്പങ്ങളൊന്നുചേർ-
ന്നഹഹ! കെട്ടുപിണയുന്നു ജീവനിൽ!
സിരകളൊക്കെയും ഞെക്കിപ്പിഴികയാ-
ണൊരു ഭയങ്കരഹസ്തമദൃശ്യമായ്.

(ഒന്നു ഞെട്ടി പുറകോട്ടൊഴിഞ്ഞ് ചുറ്റും നോക്കിയിട്ട്)

 മണിമുഴക്കം-മരണം വരുന്നൊരാ-
മണിമുഴക്കം-മുഴങ്ങുന്നു മേൽക്കുമേൽ!
ഉയിരുപൊള്ളിക്കുമെന്തു തീച്ചൂളയാ-
ണുയരുവതനുമാത്രമെൻ ചുറ്റുമായ്!
മരണമേ, നീശമിപ്പിക്കുകൊന്നുനിൻ-
മഴ ചൊരിഞ്ഞതിൽ ധൂളികാപാളികൾ
അരുതരുതെ,നിക്കീവിഷവായുവേ-
റ്റരനിമിഷമിവിടെക്കഴിയുവാൻ!
ധരയിതിൽ, കഷ്ട,മെന്തെങ്കളേബരം
വെറുമൊരുശുഷ്കപാഷാണപഞ്ജരം!
പരസഹസ്രം കൃമികീടരാശിതൻ-
വെറുമൊരാഹാരകേദാരശേന്നരം!
വെറുതെയെന്തിനതും ചുമന്നിങ്ങനെ
പൊരിവെയിലത്തലഞ്ഞു നടപ്പുഞാൻ?
അതു മണലിലടിയട്ടെ; ശാന്തിതൻ-
മൃദുലശയ്യയിൽ വിശ്രമിക്കട്ടെ ഞാൻ!
വിലപെടുമിപ്രപഞ്ചത്തിനില്ലൊരു
ഫലവുമെന്നെപ്പുലർത്തിയകൊണ്ടിനി!
മറവിൽ ഞാനടിയട്ടെ!-മജ്ജടം
മണലിലാണ്ടു ലയിക്കട്ടെ നിഷ്ഫലം.

(പാറപ്പുറത്ത് പൊടുന്നനെ ഇരിക്കുന്നു. ആകാശത്തിലേക്കുറ്റു
നോക്കി ഒരു വികൃതമായ രോദനത്തോടെ ഒന്നു ചൂളിക്കൊണ്ട്)

 മഹിയിൽ മാമക ജീവിതമിത്രനാൾ
മധുരമാക്കിയ വെള്ളിനക്ഷത്രമേ,
പിരിയുകയാണു നീയുമനന്തമാ-
മിരുളിലെന്നെ വെടിഞ്ഞിദ,മോമലേ!
ഇവിടെയിത്തമോമണ്ഡലവീഥിയി-
ലവശജീവി ഞാനെന്തു ചെയ്തീടുവാൻ?
അനുപമഭോഗശൃംഗകത്തിങ്കലേ-
യ്ക്കഴകിലേവം കുതിച്ചുയരുന്നു നീ;
അതുപൊഴുതിതാ, ഞാനോ?-വെറുങ്ങലി-
ച്ചടിവുനൈരാശ്യപാതാളവീഥിയിൽ!
(കൊടുംകൈകുത്തി ഒരു വശത്തേക്ക് ചരിഞ്ഞ് ശിരസ്സു താങ്ങിക്കൊണ്ട്)
ശരിയിതുതന്നെ ലോകഗതി;-യതേ,
സ്ഥിരതയില്ലിപ്രപഞ്ചത്തിലൊന്നിനും,
കപടതയ്ക്കേ കഴിഞ്ഞിടൂ കാഞ്ചന-
ജയപതാകയിവിടെപ്പറത്തുവാൻ!
ഹൃദയശൂന്യതമാത്രമാണേതൊരു
വിജയലബ്ധികുമേകാവലംബനം!
ഇവിടെയാദർശമെല്ലാമനാഥമാ,-
ണിവിടെയാത്മാർത്ഥതയ്ക്കില്ലോരർത്ഥവും
   (ചാടി എഴുന്നേൽക്കുന്നു)
രജതതാരകേ,നിന്മുന്നിൽ നിർമ്മല-
ഭജനലോലുപം നിന്നു ഹാ! മന്മനം!
കരുതിയില്ല കിനാവിലുംകൂടിഞാൻ
കരിപുരട്ടുവാൻ നിൻ ശുദ്ധചര്യയിൽ!
കരഗതമായെനിക്കതിനായിര-
മിരുൾപുരണ്ട നിമിഷങ്ങളെങ്കിലും,
ചിലപൊഴുതെന്റെ മാനവമാനസം
നിലയുറയ്ക്കാതഴിഞ്ഞുപോയെങ്കിലും,
അവയിൽനിന്നൊക്കെ മുക്തനായ് നിന്നു ഞാ-
നടിയുറച്ചൊരെന്നാദർശനിഷ്ഠയിൽ
നിയതമെൻ ചിത്തസംയമനത്തിനാൽ
സ്വയമിരുമ്പിൻ കവചം ധരിച്ചുഞാൻ
അതിചപലവിചാരശതങ്ങളോ-
ടമിതധീരമെതിർത്തുനിന്നീടിനേൻ!
ഒരുതരത്തിലും സാധിച്ചതില്ലവ-
യ്ക്കൊളിവിലെന്നെയടിമപ്പെടുത്തുവാൻ!
അതുവിധം നീയപങ്കിലയാകുമാ-
റനവരതം പ്രയത്നിച്ചതല്ലയോ,
ഇതുവിധം നീയൊടുവിലെന്നെക്കൊടു
മിരുളിലേക്കുന്തിനീക്കുവാൻ കാരണം?
ക്ഷിതിയിതിങ്കൽ മറ്റേവനെപ്പോലെയും
മുതിരുവോനായിരുന്നു ഞാനെങ്കിലോ,
അടിയുമായിരുന്നില്ലേ ദുരന്തമാ-
മവമതിതന്നഗാധഗർത്തത്തിൽ നീ?
അതിനിടയാക്കിടാഞ്ഞതിനുള്ളൊരെൻ-
പ്രതിഫലമോ തരുന്നതെനിക്കു നീ?
ശരി;-യതുമൊരു ലേശം പരിഭവം
കരുതിടാതിതാ സ്വീകരിക്കുന്നു ഞാൻ!
പരിഗണിച്ചിടേണ്ടെന്നെ നീയൽപവും;
പരമതുച്ഛനാം ഞാനൊരധഃകൃതൻ
പരിണതാനന്ദലോലയായ് മേൽക്കുമേൽ
പരിലസിക്ക നീ വെള്ളിനക്ഷത്രമേ!
ഇരുളുമുഗനിരാശയും മന്നിലെൻ
മരണശയ്യ വിരിക്കുന്നു-പോട്ടെ ഞാൻ!

(കുറച്ചുനേരം ഒരു പ്രതിമയെപ്പോലെ അനങ്ങാതെയിരിക്കുന്നു. പെട്ടെന്നു
ചാടിയെഴുന്നേറ്റു കയറിന്റെ ഒരു തുമ്പിൽ ഒരു കുരുക്കുണ്ടാക്കുന്നു.
അനന്തരം മറ്റേത്തുമ്പ് വൃക്ഷശാഖയിൽ ദൃഢമായി ബന്ധിക്കുന്നു.
വീണ്ടും അനങ്ങാതെ ഇതികർത്തവ്യതാമൂഢനായി കുറേനേരം നിൽക്കുന്നു.
ശരീരം കിലുകിലാ വിറയ്ക്കുന്നു. കണ്ണുകളിൽ ജലം നിറഞ്ഞു ധാരധാര
യായി ഇരുകവിളിലൂടെയും ഒഴുകുന്നു. ചുറ്റുപാടും പരിഭ്രമത്തോടും ഭയ
ത്തോടുംകൂടി പകച്ചുനോക്കുന്നു. വീണ്ടും പൂർവ്വാധികം വേദനയോടെ
മാറത്തു രണ്ടുകൈയും ചേർത്ത് ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട്)

 പ്രിയകരങ്ങളേ, നീലമലകളേ,
കുയിലുകൾ സദാ കൂകും വനങ്ങളേ,
അമിതസൗരഭധാരയിൽ മുങ്ങിടും
സുമിതസുന്ദരകുഞ്ജാന്തരങ്ങളേ,
കുതുകദങ്ങളേ, കഷ്ട,മെമ്മട്ടു ഞാൻ
ക്ഷിതിയിൽ വിട്ടേച്ചു പോകുന്നു നിങ്ങളെ?....

 കുളിർതരംഗതരളിതനിർമ്മല-
സലിലപൂരിതസ്രോതസ്വിനികളേ,
ലളിതനീലലസത്തൃണകംബള-
മിളിതശീതളച്ഛായാതലങ്ങളേ
അനുപമങ്ങളേ, കഷ്ടമെമ്മട്ടുഞാൻ
തനിയെ വിട്ടേച്ചു പോകുന്നു നിങ്ങളെ?...

 ക്ഷിതിയിലെന്തിലും മീതെ ഞാൻ വാഴ്ത്തിടും
ഹൃദയഹാരിയാം ഹേമന്ത ചന്ദ്രികേ,
സുരുചിരോജ്ജ്വലശാരദാകാശമേ,
സുകൃതിനികളേ, താരാമണികളേ,
മദകരങ്ങളേ,കഷ്ട,മെമ്മട്ടു ഞാൻ
മഹിയിൽ വിട്ടേച്ചുപോകുന്നു നിങ്ങളെ?

 സസുഖമെന്നൊടൊത്തിത്രയും കാലവും
സഹവസിച്ചോരജകിശോരങ്ങളേ,
സദയമെന്നെപ്പിരിഞ്ഞിടാതിത്രനാൾ
സഹകരിച്ചൊരെന്നോമന്മുരളികേ.
കവിതകാണിച്ച മൽപ്രകൃത്യംബികേ,
കരൾകവർന്നൊരെൻ കൊച്ചുപുഴകളേ,
അഭയദങ്ങളേ,കഷ്ട,മെമ്മട്ടു ഞാ-
നവനിയിൽ വിട്ടുപോകുന്നു നിങ്ങളെ?...
   (ഒരു ഞടുക്കത്തോടുകൂടി)
 മണിമുഴക്കം!-സമയമായ്-മാരണ-
മണിമുഴക്കം!-വിടതരൂ, പോട്ടെ ഞാൻ
മദന, മൽപ്രാണസോദരാ, സൗഹൃദം
മഹിയിലെന്തെന്നു കാണിച്ച മത്സഖ,
പ്രണയനാടകം മാമകം ഘോരമാം
നിണമണിയലിൽത്തന്നെ കഴിയണം
ഇനിയൊരിക്കലും കാണുകയില്ല നാം-
അനുജ, മാപ്പുതരൂ, യാത്രചൊൽവു ഞാൻ!
ഇതുവരെയ്ക്കെൻ സുഖദുഃഖമൊന്നുപോൽ
പ്രതിദിനം പങ്കുകൊണ്ടവനാണു നീ!
ഹൃദയമയ്യോ! ദഹിക്കുന്നു നിന്നെയി-
ക്ഷിതിയിൽ,വിട്ടുപിരിവതോർക്കുമ്പോൾ മേ!
കഠിനമാണെന്റെ സാഹസമെങ്കിലും
കരുണയാർന്നതു നീ പൊറുക്കേണമേ!
അനുജ, മൽപ്രാണതുല്യനാമെന്റെപൊ-
ന്നനുജ, നിന്നൊടും,യാത്രചോദിപ്പു ഞാൻ!
കരയരുതു നീ നാളെയെൻ ഘോരമാം
മരണവാർത്ത കേട്ടി,ന്നു പോകട്ടെ ഞാൻ!

 മമ ഹൃദയരക്തം കുടിച്ചെങ്കിലും
മലിനലോകമേ, യാശ്വസിച്ചീടു നീ!
വികൃതജീവിതപ്പുല്ലുമാടം സ്വയം
വിരവിലിന്നിത, തീവെച്ചെരിപ്പു ഞാൻ!
മമ ശവകുടീരത്തിൽ നീയെന്നെയോർ-
ത്തൊരു വെറും കണ്ണുനീർത്തുള്ളിയെങ്കിലും
പൊഴിയരുതേ, നമോവാകമോതി ഞാ-
നൊഴികയായിതാ വെള്ളിനക്ഷത്രമേ!

(അത്യന്തം ഭയപാരവശ്യത്തോടെ ഞെട്ടി പിന്മാറി
ചുറ്റും പകച്ചുനോക്കി കയറിൽ കടന്നു പിടിക്കുന്നു.)

 മണിമുഴക്കം!...സമയമായ്...മാരണ-
മണിമുഴക്കം!...വരുന്നു...വരുന്നു ഞാൻ
പ്രിയകരമാം...പ്രപഞ്ചമേ...ഹാ!...
പ്രിയ...വെ...ള്ളി...ന...ക്ഷ..ത്ര..മേ!
........................................................