Jump to content

രമണൻ/അവതാരിക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ലയാളത്തിൽ ഇങ്ങനെ ഒരനുഭവമോ? 1112-ൽ ഒന്നാം പതിപ്പ്‌, '15-ൽ രണ്ടാം പതിപ്പ്‌, '17-ൽ മൂന്നാം പതിപ്പ്‌, '18-ൽ നാലാം പതിപ്പ്‌, '19-ൽ അഞ്ചും ആറും ഏഴും എട്ടും ഒൻപതും പതിപ്പുകൾ, '20-ൽ പത്ത്‌, പതിനൊന്ന്‌, പന്ത്രണ്ട്‌, പതിമ്മൂന്ന്‌, പതിനാല് - ഇതാ പതിനഞ്ചും പതിപ്പുകൾ; അതോ, ആയിരവും, രണ്ടായിരവും അയ്യായിരവും പ്രതികൾ വീതം. കേട്ടിട്ടു വിശ്വസിക്കാൻ വിഷമം. പക്ഷേ, ഇതത്ര വലിയൊരു കാര്യമോ? അതേ, ടി.ബി.സി.ക്കാർ പ്രസാദിക്കാത്തൊരു മലയാള കവിതയെസ്സംബന്ധിച്ചിടത്തോളം വളരെ വലിയൊരു കാര്യം തന്നെയാണ്‌. അതിൻറെ പ്രതികൾ മധുരനാരങ്ങ പോലെ വരുന്നതു വരുന്നതങ്ങു വിറ്റഴിയുന്നുവെങ്കിൽ തക്കകാരണം ഉണ്ടായിരിക്കണം; അകത്തും പുറത്തും ഒന്നുപോലെ ലോർഡ്‌ ബയറൻറെ ‘ചൈൽഡി ‌ഹരോൾഡ്‌' എന്ന കവിതയ്ക്ക്‌ ആയിരക്കണക്കിനാവശ്യക്കാരുണ്ടായതിനെപ്പറ്റി പറയുന്ന കൂട്ടത്തിൽ ഒരു നിരൂപകൻ അഭിപ്രായപ്പെടുകയാണ്‌: "ഏറ്റവും ചെലവുള്ള കൃതികൾ കലാസൗഭഗംകൊണ്ട്‌ അനുത്തമങ്ങളാകട്ടെ, അല്ലാതാകട്ടെ പുറപ്പെടുന്ന കാലത്തിൻറെ ആശകളും ആവശ്യങ്ങളും അവയ്ക്കു പിമ്പിൽ കാണും. തക്ക സന്ദർഭങ്ങളിലായിരിക്കും അവയെത്തുന്നത്‌. അതേവരെ കെട്ടിനിന്നിട്ടുള്ള ചില വികാരങ്ങളെ അണമുറിച്ചുവിടാൻ അവ ഉതകുകയും ചെയ്യും." രമണനെക്കുറിച്ചായാലും ഈ അഭിപ്രായം അർത്ഥവത്തല്ലയോ?

ആഭിജാത്യമോ ആഢ്യതയോ നോക്കാതെ ആർക്കും വിദ്യാലയങ്ങളിൽ പ്രവേശിക്കാമെന്നായതിനുശേഷം മലയാളം വായിക്കാനുള്ള കഴിവും കൗതുകവും ന്യൂനപക്ഷത്തിന്റേതെന്ന നിലവിട്ട്‌ ഭൂരിപക്ഷത്തിന്റേതായിത്തീർന്നു. ഒന്നാംകിട സാഹിത്യം തന്നെയാകട്ടെ, പ്രതിപാദ്യം, സ്വാനുഭവമായി രഞ്ജിക്കുന്നതും പ്രതിപാദനം ധാരണാശക്‌തിക്കു വഴങ്ങുന്നതുമാണോ, ശരി, ഒരുകൈനോക്കിക്കളയാം -- ഏകദേശം ഇമ്മട്ടായി അധഃകൃതരിൽ അധഃകൃതർക്കുപോലും അഭിലാഷം. ഇന്നലെ വരെ അത്യാവശ്യങ്ങൾക്കുപോലും പണം തികയാതിരുന്നവർക്ക്‌ ഇന്നു വിശേഷാലാവശ്യങ്ങൾക്കും പണമുണ്ടാക്കിക്കൊടുക്കുന്ന സമ്പത്കാര്യപരിണാമങ്ങൾ ഈ പുതിയ അഭിരുചിയെ ഒന്നൂതിപ്പിടിപ്പിച്ചിട്ടുണ്ട്‌. ഒരഞ്ചാറുകൊല്ലത്തിനുള്ളിൽ വായനക്കാരുടെ എണ്ണം മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധം വർദ്ധിച്ചുവശായിരിക്കുന്നു. ഏതു കേൾപ്പോരും കേൾവിയും ഇല്ലാത്ത ദേശത്തും കാണും ഇക്കാലത്തൊരു വായനശാല. എന്നല്ല, ഏതു കൊച്ചുവീട്ടിലെ ചുമരലമാരിയും ഒരു കൊച്ചു ലൈബ്രറിയായി രൂപാന്തരപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. പെട്ടെന്നു വിജൃംഭിച്ച ഈ സാഹിത്യാസ്വാദനതൃഷ്ണയ്ക്കു പാകത്തിനു ചിലതു കൊടുപ്പാനും അങ്ങനെയങ്ങനെ അത്യുത്തമകൃതികൾവരെ വായിച്ചടങ്ങുന്ന ഒന്നായി അതിനെ വളർത്താനും മലയാളികളായ സാഹിത്യകാരന്മാർ ചുമതലപ്പെട്ടിരിക്കുന്നു. പലരും ആ വഴിക്കു പരിശ്രമിച്ചുപോരുന്നുണ്ട്‌. ചിലരുടെ സംഭാവന ചെറുകഥകളായിട്ടാണ്‌; ചിലരുടേതു ഖണ്ഡകവിതകളായിട്ട്‌; ചിലരുടേതു നാടകങ്ങളായിട്ട്‌, ചിലരുടേതു ലേഖനങ്ങളായിട്ടും. എന്നാൽ അവയെല്ലാറ്റിനെയും വെല്ലുന്നൊരു സംഭാവനയായിരുന്നു ശ്രീ ചങ്ങമ്പുഴയുടെ ആ ബാല്യകൃതി- ഇന്നത്തെ ഭൂരിപക്ഷം വായനക്കാരും ഒളിച്ചുവച്ചോമനിക്കുന്ന കുറെ ജീവിതാനുഭവങ്ങൾ അവരുടെ ഹൃദയങ്ങളെ പെട്ടെന്നു പിടിച്ചടക്കുന്ന ശീലിലും ശൈലിയിലും പ്രതിപാദിക്കുന്ന രമണൻ, ഇക്കാലസന്ധിയിലെ മാനസികമായ ദാഹവും വിശപ്പും ശമിപ്പിക്കുവാൻ ഉദ്ദേശിച്ച്‌ എഴുതപ്പെട്ടതല്ലെന്നിരുന്നാലും അത്‌ ആവശ്യത്തിന്ന്‌ ഏറ്റവും ഉതകിയിരിക്കുന്നുവെന്നു സമ്മതിച്ചേതീരൂ. ബീച്ചിലും ബാൽക്കണിയിലും ബോട്ടുജെട്ടിയിലും വണ്ടിത്താവളത്തിലും മടപ്പള്ളിയിലും മാളികമച്ചിലും കുടിലിലും വയലിലും ഫാക്റ്ററിയിലും പടപ്പാളയത്തിലും കുറെ നാളായിട്ട്‌ രമണനാണ്‌ ഒന്നാംപാഠം. പ്രസ്തുത ജീവിതമണ്ഡലങ്ങളിൽ നവമായി സാഹിത്യാഭിരുചി തെളിഞ്ഞിട്ടുണ്ടെങ്കിൽ അത്‌ കൊളുത്തിക്കൊടുത്തത്‌ തന്റെ ബാല്യകൃതിയാണെന്ന്‌ ശ്രീ ചങ്ങമ്പുഴയ്ക്കഭിമാനിക്കാം. ഒരു യുവഹൃദയത്തിന്റെ ആത്മാർത്ഥതയും അന്തർഹിത ശക്‌തികളും അറിഞ്ഞഭിനന്ദിക്കാൻ കഴിയാത്ത ആഭിജാത്യത്തിന്റെ നീതിസംഹിത ആ ഹൃദയത്തിൽ മനുഷ്യോചിതമായിത്തന്നെ ഉണ്ടായൊരു കാമിതത്തെ കണ്ണടച്ചങ്ങു ചവിട്ടിത്തേച്ചുകളഞ്ഞു; ആ സ്നേഹഭാജനം അതോടെ തകരുകയും ചെയ്‌തു- ഈ ദയനീയോദന്തത്തെ സഹാനുഭൂതിയോടുകൂടി ലോകത്തെ പറഞ്ഞറിയിക്കുകമാത്രമാണ്‌ ശ്രീ ചങ്ങമ്പുഴ ചുരുക്കത്തിൽ ചെയ്‌തിട്ടുള്ളത്‌. ആ അനുഭവമോ, ആയിരമായിരം സമവയസ്കന്മാരുടെ അനുഭൂതിയോട്‌ ഏറ്റവും അടുത്തുനിൽക്കുന്ന ഒന്നാണുതാനും. പിന്നെ എങ്ങനെ രമണൻ പുതിയ കലാരസികതയുടെ 'ഹരിശ്രീ' കുറിക്കാതിരിക്കും? രമണൻ ചെയ്‌ത ഈ കാലോചിതസേവനത്തിനു വിലയിടിച്ചുകണ്ടിട്ടോ ആ സേവനത്താൽ തത്‌കർത്താവിനുണ്ടാകുന്ന നേട്ടങ്ങളെ നെറ്റിചുളിച്ചു നോക്കീട്ടോ എന്തോ, ചിലർ അഭിപ്രായപ്പെടുന്നു, ശ്രീ ചങ്ങമ്പുഴ വെറും തിര്യക്‌സാധാരണമായൊരു വികാരത്തെ Oന്ദോഗതമാക്കിപ്പാടി പണംവാരുകയേ ചെയ്യുന്നുള്ളുഎന്ന്‌. ഇതുകേട്ടാൽ തോന്നുക, രമണൻ മലയാളസാഹിത്യത്തിന്റെ പേർപെറ്റ തറവാടിത്തത്തിനു തീരെ ഇണങ്ങാത്തൊരു തോതിൽ തനികാമമെടുത്തു വിളമ്പി മനുഷ്യമനസ്സിനെ അധപ്പതിപ്പിക്കുന്നൊരു കൃതിയായിപ്പോയെന്നാണ്‌. ചന്ദ്രോത്സവകാരൻതൊട്ട്‌ വെണ്മണിവരെയും വള്ളത്തോൾവരെയും ഉണ്ടായ കവീശ്വരന്മാരിൽ ഒരു വലിയഭാഗം ഏതുമാതിരി അനുഭവങ്ങളെച്ചൊല്ലി, എങ്ങനെയെല്ലാം കവിതയെഴുതി കേരളീയരിൽനിന്നു കുന്നുകുന്നായി യശോധനമാർജ്ജിച്ചുവോ, ആ കുലീനപാരമ്പര്യത്തിന്നു കളങ്കംതട്ടിക്കത്തക്ക ഒന്നായിപ്പോയെന്നോ രമണൻ? കലാപരമായി മറ്റെന്തു ദോഷങ്ങളുണ്ടായാലും രമണനെപ്പറ്റി കൊണ്ടുവന്ന ഈ 'ചാർജ്‌' നിലനിൽക്കുന്നതല്ല.

ആർഭാടങ്ങളിൽനിന്നകന്ന്‌, അന്തസ്സു കുറഞ്ഞൊരു ജീവിതത്തെ മധുരഗാഥകൾകൊണ്ട്‌ കുളിർപ്പിച്ചുപോരുന്ന ഒരു യുവാവുമായി നാഗരികസൗഭാഗ്യങ്ങൾക്കു നായികയായൊരു കന്യക യദൃച്‌ഛയാ പരിചയപ്പെടുന്നു. ആ പരിചയം ആദരാഭിനന്ദനങ്ങളിൽ കുളുർന്നുകുളുർന്ന്‌ അനുരാഗമായി വികസിക്കുന്നു. സാമുദായികമായി തനിക്കുള്ള നില താണതെന്നോർത്ത്‌ അവൻ ആ അനുരാഗത്തെ പരസ്യമായി സ്വാഗതം ചെയ്യുന്നില്ല. അവളെ ആ സാഹസത്തിൽ നിന്നു വിലക്കുവാനാണ്‌ അവന്റെ ശ്രമം. പക്ഷേ, കൗമാരസഹജമായ ആവേശം ആ കന്യകയെ ഒരു ശപഥത്തോളം എത്തിക്കുന്നു. ഒരു നിലാവണിരാത്രിയിൽ ആരണ്യസങ്കേതത്തിൽവെച്ച്‌ അവൾ ആ കാമുകനെ മാലയിട്ടു വരിക്കുകതന്നെ ചെയ്യുന്നു. പരിതസ്ഥിതികളെ പേടിച്ചു വളരെ നാളായി അവൻ ഹൃദയത്തിൽ കെട്ടിനിറുത്തിയിരുന്ന പ്രണയം പിന്നെയങ്ങു അണപൊട്ടി ഒഴുകുകയായി. അവന്റെ ഭാഗ്യത്തെ അഭിനന്ദിക്കാൻ ഒരു തോഴനും അവളുടെ രാഗാവേശത്തെ യഥോചിതം ശുശ്രൂഷിക്കാൻ ഒരു തോഴിയുമുണ്ട്‌.

പെട്ടെന്ന്‌ ആ അനുരാഗത്തെ മറ്റൊരുവഴിക്കു വെട്ടിത്തിരിച്ചുവിടുവാൻ നായികയുടെ പിതാവ്‌ നിശ്ചയിക്കുന്നു. ആ തീരുമാനം അതിന്റെ സകല ശക്‌തികളോടുംകൂടി പിടിച്ചുവലിക്കേണ്ട താമസം, അവൾ അതാ ആ വഴിക്കു തിരിയുന്നു. എന്നല്ല, ഹൃദയപീഠത്തിൽ നിന്നു ആ പ്രണയനായകനെ നിഷ്പ്രയാസം വലിച്ചിറക്കിക്കളയുകയും ചെയ്യുന്നു. അവനോ, ഒരു ഞൊടിയിടകൊണ്ടു മനോരാജ്യത്തിന്റെ സിംഹാസനത്തിൽനിന്നും നൈരാശ്യത്തിന്റെ പടുകുഴിയിലേക്കു വീണുകഴിഞ്ഞു. അവളുടെ വിവാഹം ആഘോഷിക്കുന്ന ദിനത്തിൽത്തന്നെ അവൻ ആത്മഹത്യ ആഘോഷിക്കുന്നു.

ഇത്രയുമാണ്‌ കഥാവസ്തു. മിക്കവാറും സ്വാനുഭവമെന്നു വിശ്വസിക്കാവുന്ന അതിനെ പട്ടം തേച്ചുമിനുക്കി ഒരു നാടകീയകലാശിൽപ്പമാക്കി പ്രദർശിപ്പിക്കുവാനാണ് കവി ശ്രമിച്ചിട്ടുള്ളത്‌. നൈരാശ്യത്തിന്റെ കൊടുംതീയിൽ വെന്തടിഞ്ഞ നായകനെച്ചൊല്ലി വിലപിക്കുന്ന തോഴന്റെ നീറുന്ന സൗഹൃദം അങ്ങനെതന്നെ കോരിപ്പകരുക, എന്നിട്ടു കാവ്യത്തെ ആ ദുരന്തമടഞ്ഞ സുഹൃദവതംസത്തിന്റെ ശ്മശാനത്തിൽ എരിയുന്നൊരു നെയ്ത്തിരിയാക്കിത്തീർക്കുകയും ചെയ്യുക -- സ്വാനുഭവത്തിന്റെ പേരിൽ കവിക്കാദ്യം സാധിക്കേ­ത്‌ ഇതാണല്ലോ. ഒരു വിലാപകൃതിയുടെ പരമജീവനായ ഈ ആത്മാർത്ഥതയ്ക്കും ആത്യന്തികശോകത്തിനും സാരമായ വിലോപം തട്ടാത്തവിധം കഥാവസ്തുവെ, മലയാളത്തിൽ തീർച്ചയായും പുതിയതെന്നു സമ്മതിക്കേs­mരു നാടകീയ രൂപത്തിൽ കൊള്ളിക്കാൻ, ഒരധ്യേതാവിന്റെ പരിമിത സംസ്കാരത്തിൽ പൂർണ്ണമായി വിizknച്ചുകൊ­pത്സാഹിക്കുകയും അനർഹമായിട്ടല്ലാതെ ശ്ലാഘിക്കത്തക്ക വിജയം നേടുകയും ചെയ്‌തു എന്നത്‌ വളർച്ച തികഞ്ഞൊരു മഹാകവിയാകുമ്പോഴും ശ്രീ ചങ്ങമ്പുഴയ്ക്ക്‌ അഭിമാനപൂർവ്വം അനുസ്മരിക്കാവുന്ന ഒരു കാര്യമായിട്ടു­v.

പ്രതിപാദ്യമായിത്തീരുന്ന ജീവിതത്തിന്‌, പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒcmരണ്യലോകത്തിൽ അകൃത്രിമതയുടെ മാർത്തട്ടിൽ കളിച്ചുരസിച്ചു വളർന്ന്‌, ആശകളധികമില്ലാത്തതിനാൽ ആനന്ദക്കൂമ്പുകളായിക്കഴിയുന്ന ആട്ടിടയന്മാരെ ആലംബനമാക്കി, കവിക്കു പറയാനുള്ളതെല്ലാം അവരുടെ കാര്യങ്ങളായിപ്പറഞ്ഞ്‌, ഇഴതിരിഞ്ഞുകാണാൻ പാടില്ലാത്തവിധം ഭദ്രമായ ആദർശവും അനുഭവവും പിരിച്ചിണക്കുന്നൊരു കാവ്യസമ്പ്രദായം യൂറോപ്യൻ സാഹിത്യത്തിലുണ്ട്‌, അതിന്‌ ‘പാസ്റ്ററൽ പോയട്രി’ - ആരണ്യകഗാഥകൾ - എന്നു പറയും. ശ്രീ എ. ബാലകൃഷ്ണപിള്ളയുടെ ശൈലിയിലാണെങ്കിൽ റിയലിസത്തെ റൊമാൻസിലൊളിപ്പിച്ച്‌, മധുരസ്വപ്നങ്ങളുടെ മണ്ഡലത്തിൽ വിരഹിക്കുന്നൊരു തോന്നൽ ഉളവാക്കത്തക്കവണ്ണം വർണ്ണിക്കുന്നതാണ്‌ ഈ കലാസമ്പ്രദായം. ഇടയപ്പരിഷയുടെ ജന്മസ്വത്തായ സംഗീതാത്മകത അമ്മാതിരി കൃതികളുടെ ഒരു സാധാരണ ധർമ്മമാണ്‌. ആ ഗാനകളകളത്തിലൂടെ കറയറ്റ വികാരം തടവറ്റൊഴുകിക്കൊണ്ടിരിക്കും. അതിനാൽ ഭാവഗീതങ്ങളുടെ സദസ്സിൽ ആരണ്യഗാഥകൾ ആദ്യത്തെ പന്തിയിൽത്തന്നെ വിളിച്ചിരുത്തപ്പെട്ടിട്ടുണ്ട്‌. പ്രകൃതിയുടെ ഓടക്കുഴൽ വായനകളെന്നു പറയാവുന്ന ഏതാദൃശഗാഥകളിൽ പരിഷ്കാരത്തിൽ അധികമധികം കൃത്രിമനായിത്തീരുന്ന മനുഷ്യന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും എത്രത്തോളം കുത്തിക്കൊള്ളിക്കാം? വളരെക്കുറച്ചെന്നായിരിക്കും എല്ലാവരുടെയും ഉത്തരം. പക്ഷേ, ഇറ്റാലിയൻ സാഹിത്യത്തിൽനിന്ന്‌ സ്പെൻസറുടെയും ഫ്ലെച്ചറുടെയും മിൽട്ടന്റെ യും മറ്റും സാഹിത്യത്തോളം എത്തുമ്പോൾ ഉത്തരം ഒന്നുമാറേണ്ടിവരും. സ്വജീവിതാനുഭവങ്ങളെന്നല്ല, ദാർശനികവും രാഷ്ട്രീയവും സാഹിത്യവിഷയകവും മറ്റുമായി ഈടുറ്റു കിടന്നിരുന്ന അതിതീവ്രമതങ്ങൾപോലും ആ കവീശ്വരന്മാർ വളരെയൊന്നും തട്ടിക്കുറയ്ക്കാതെ ആരണ്യകഗാഥകളിൽ ഒതുക്കി അനൗചിത്യ ങ്ങൾക്കിടയാകാതെ പ്രതിപാദിച്ചിട്ടുണ്ട്‌. ‘ഷെപ്പേർഡ്സ്‌ കലണ്ടർ', ‘ലിസിഡാസ്‌' തുടങ്ങിയ കൃതികൾ ദൃഷ്ടാന്തങ്ങൾ. ചിലചില കാര്യങ്ങൾ ഇരിക്കും പാടിനങ്ങുപപാദിച്ചാൽ ഏവനുമൊന്നു ചുളുങ്ങുംവണ്ണം ചില മൊട്ടുസൂചിക്കുത്തുകൾ ഉണ്ടാകാതിരിക്കുകയില്ല. ആരണ്യകഗാഥകളിൽ പാകത്തിലിറങ്ങിയിരുന്നുവെന്നുവരട്ടെ, ആവകയൊന്നും അത്രയ്ക്കനുഭവപ്പെടുകയില്ല. ആ കാവ്യസമ്പ്രദായത്തിന്റെ പ്രായോഗികമായ മെച്ചങ്ങളിലൊന്ന്‌ ഇതാണ്‌. ആരണ്യകകാവ്യങ്ങൾ (Pastoral Poems) തന്നെ ഇഷ്ടജനവിലാപങ്ങളായതിന്നും ആ വിലാപങ്ങൾതന്നെ നാടകീയരൂപത്തിലായതിന്നും യൂറോപ്യൻ സാഹിത്യത്തിൽ വെവ്വേറെ ദൃഷ്ടാന്തങ്ങളുണ്ട്‌- നമുക്കു സുപരിചിതമായ ഇംഗ്ലീഷിലാണെങ്കിൽ ആദ്യത്തേതിന്ന്‌ ‘ലിസിഡാസും' പിന്നത്തേതിന്ന്‌ ‘ഷെപ്പേർഡ്സ്‌ കലണ്ടറും'. ഓരോമാസത്തിന്ന്‌ ഓരോന്നുവീതം പന്ത്രണ്ടു ഗീതങ്ങൾ തമ്മിലിണക്കി ഒരു കലണ്ടറിന്റെ രൂപമൊപ്പിച്ചതാണ്‌ ആ കാവ്യമെന്നിരുന്നാലും അതിലെ ഖണ്ഡങ്ങളെ അടിനൂലിട്ടുകെട്ടിയിരിക്കുന്നത്‌, കോളിൻ കൗട്ടിന്റെ യും റോസിലിന്റെ യും പ്രണയനൈരാശ്യമാണ്‌. കാവ്യമൊന്നാകെ ആ നൈരാശ്യത്തിന്റെ പേരിൽ അത്യന്തം ഹൃദയദ്രുതികരമായൊരു വിലാപമായിരിക്കുകയാണ്‌. മാത്രമല്ല, നായികാനായകന്മാരുടെ കഥകൾ ഉറ്റമിത്രങ്ങളായ മറ്റിടയന്മാരുടെ സംഭാഷണങ്ങളിലൂടെ വെളിപ്പെടുത്തീട്ടുള്ളതിനാൽ അതിനൊരു നാടകീയത കൈവന്നിട്ടുണ്ട്‌. സ്പെൻസറുടെ സുപൂജിതകൃതികളിലൊന്നായ ആ കലണ്ടറും സജാതീയങ്ങളായ മറ്റേതാനും ആരണ്യകകാവ്യങ്ങളും വായിച്ചുകിട്ടിയ സംസ്കാരവിശേഷമാണെന്നുതോന്നുന്നു, ശ്രീ ചങ്ങമ്പുഴയ്ക്ക്‌ സ്വാനുഭൂതിയെ രമണനിൽക്കാണുംവണ്ണം രൂപാന്തരപ്പെടുത്തിയെടുക്കുവാൻ പ്രേരകമായത്‌. അദ്ദേഹം കഥാവസ്തുവെ ഒരു നാടകീയാരണ്യകവിലാപകാവ്യത്തിന്റെ രൂപമൊക്കുമാറുപപാദിച്ചതെങ്ങനെയെന്നു നോക്കാം. ആകെ മൂന്നുഭാഗങ്ങൾ; ആദ്യത്തെ രണ്ടിലും ഉപക്രമരംഗങ്ങൾക്കു പുറമെ അയ്യഞ്ചു രംഗങ്ങൾ; അവസാനത്തേതിൽ നാലും. ഒന്നാം ഭാഗത്തിന്റെ ഉപക്രമത്തിൽ ഒരു ഗായക സംഘം വന്ന്‌, 'മലരണിക്കാടുകൾ തിങ്ങിവിങ്ങി, മരതകകാന്തിയിൽ മുങ്ങിമുങ്ങി, കരളും മിഴിയും കവർന്നു ' മിന്നിയ മലനാടിന്റെ മാദകസൗന്ദര്യം ഹൃദയാവർജ്ജകമായ ശീലിയിൽ പുകഴ്ത്തിപ്പാടി അകൃത്രിമരമണീയമായൊരു പശ്ചാത്തലം നിർമ്മിക്കുന്നു. അനതിദീർഘമായ ആ പാട്ടിന്റെ ലഹരിയിൽ ഏതനുവാചകനും പരവികാരപരിവർജ്ജിതനായിത്തീരും. അപ്പോഴേക്കും ഒന്നാമത്തെ ഗായകൻ, ‘അവിടേക്കു നോക്കുകത്താഴ്‌വരയി- ലരുവിക്കരയിലെപ്പുൽത്തടത്തിൽ ഒരു മരച്ചോട്ടിൽ രണ്ടാട്ടിടയ- രൊരുമിച്ചിരുന്നതാ, സല്ലപിപ്പൂ!'

എന്നിങ്ങനെ ആ പ്രകൃതിയുടെ കടാക്ഷങ്ങൾപോലുള്ള രമണമദനന്മാരുടെ സമീപത്തേക്കു കൂട്ടുകാരെ ക്ഷണിക്കുന്നു. കാനനശ്രീവിലസിതമായ ഒരു രംഗത്തിൽ ഏതാനും ഇടയന്മാർ പ്രത്യക്ഷപ്പെട്ട്‌ അനവാപ്തക്ലേശന്മാരെപ്പോലെ നീട്ടിയങ്ങനെ പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ ആ രംഗത്തുതന്നെ അൽപം അകന്ന്‌ ഒരരുവിക്കരയിലെ പുൽത്തടത്തിൽ അവരുടെ സകല ശ്ലാഘകളുമർഹിക്കുന്ന രമണമദനന്മാരെക്കണ്ടിട്ട്‌ ആ ഭാഗത്തേക്കുപോകാൻ ഭാവിക്കുന്ന മട്ടിൽ ഒരു ഉപക്രമം കൽപിച്ചതു വിജയമായി. അതിന്നപ്പുറം ഒന്നാം രംഗത്തിൽ രമണനും മദനനും അതേവരെ ചെയ്‌തുകൊണ്ടിരുന്ന സംഭാഷണം തുടർന്നുകൊണ്ടവതരിപ്പിക്കുകയാണ്‌. അതോ, വളരെ സ്വാഭാവികമായിരിക്കുന്നു. പ്രാണമിത്രത്തിന്റെ നിർബ്ബന്ധത്താൽ രമണൻ തന്റെ പ്രണയകഥ,

‘ശരദഭ്രവീഥിയിലുല്ലസിക്കു- മൊരു വെള്ളിനക്ഷത്ര,മെന്തുകൊണ്ടോ, അനുരക്‌തയായിപോൽപ്പൂഴി മണ്ണി- ലമരും വെറുമൊരു പുൽക്കൊടിയിൽ;'

എന്നാരംഭിക്കുന്ന ഒരു രസികൻ ഗാനത്തിൽ സംക്ഷേപിച്ചു പറയുന്നു. ആ സംക്ഷേപണം അസ്സലായിട്ടുണ്ട്‌. മദനൻ ആ രാഗോദയത്തിൽ സന്തോഷിച്ചു രമണനെ ഹാർദ്ദമാ‍യഭിനന്ദിക്കുകയും അതിന്റെ പരിണാമത്തെക്കുറിച്ചു തെല്ലും സംശയിപ്പാനില്ലെന്നു പറഞ്ഞു സമാശ്വസിപ്പിക്കുകയും ചെയ്യുന്നു. എന്നാലും രമണൻ വിശ്വസിക്കുന്നില്ല. അവൻ ആ പ്രണയത്തിടമ്പിലലിഞ്ഞുപോയെന്നതു ശരിയാണ്‌. പക്ഷേ, ഭാവി ഇരുണ്ടതായിക്കണ്ടിട്ട്‌ തന്റെ മനോലയത്തെ മറച്ചുവയ്ക്കാനാശിക്കുന്നു. ഓർക്കുന്തോറും വിഷാദത്തിലേക്കാഴുമ്പോലെ അവനൊരനുഭവം. മദനൻ പിന്നെയുമാശയങ്ങനെ കുത്തിവെക്കുകയാണ്‌. ആ സന്ധിയിൽ,

"മദനനും തോഴനും തോളുരുമ്മി മരതകക്കുന്നുകൾ വിട്ടിറങ്ങി; അഴകുകണ്ടാനന്ദമാളിയാളി, വഴിനീളെപ്പാട്ടുകൾ മൂളിമൂളി, ഇടവഴിത്താരയിൽക്കൂടിയാ ര- ണ്ടിടയത്തിരകളൊലിച്ചുപോയി!'

മറ്റിടയന്മാരുടെ വാക്കിൽ വർണ്ണിതമായ ഈ പോക്ക്‌ ആർക്കും കണ്ണിലങ്ങനെ കാണാം. രംഗം അവസാനിക്കുന്നത്‌ ലോലമധുരമായ രാഗാലാപം കേട്ടുകേട്ട്‌ അതിന്റെ മറ്റേതല രമണനാണെന്നുറച്ചു കാത്തിരിക്കുന്ന ചന്ദ്രികയുടെ മണിമാളികയിലേക്കാകർഷിക്കുന്നൊരു നല്ല ഇടയപ്പാട്ടോടുകൂടിയാണ്‌. പിന്നത്തെ രംഗം ചന്ദ്രികയുടെ മനോഹരഹർമ്മ്യോപവനത്തിൽ. ഇടക്കണ്ണിയുടെ വിളക്കൊത്തിട്ടുണ്ട്‌. ചന്ദ്രികാരമണന്മാരുടെ ഭിന്നപ്രകൃതികളെ വിശദീകരിക്കുന്നൊരു ദീർഘഭാഷണമാണ്‌ ആ രംഗം. പക്ഷേ, അസ്വാരസ്യം തോന്നിക്കുമാറ്‌ അതിഭാഷണം ഒരു ഭാഗത്തും ഉണ്ടാകുന്നി ല്ല. നേരേമറിച്ച്‌,

‘തുച്‌'ഛനാമെന്നെ നീ സ്വീകരിച്ചാ- ലച്‌'ഛനുമമ്മയ്ക്കുമെന്തു തോന്നും?' ‘കൊച്ചുമകളുടെ രാഗവായ്പ്പി- ലച്‌ഛനുമമ്മയ്ക്കുമെന്തു തോന്നാൻ? '

എന്നിങ്ങനെ നായകപക്ഷത്തിലെ ആശങ്കാകൃതമായ സംയമവും നായികാപക്ഷത്തിലെ ആവേഗകൃതമായ ഉത്സാഹവും ഒപ്പമാവിഷ്കരിക്കുന്ന ചോദ്യോത്തരങ്ങൾ ആ സല്ലാപത്തിന്റെ മർമ്മസൂക്‌തികളായിത്തീർന്നിട്ടുണ്ട്‌. ഒന്നു വായിക്കുമ്പോഴേക്കും അവ നാവിലങ്ങനെ പറ്റിപ്പിടിച്ചുപോകുന്നതിൽ എന്താണാശ്ചര്യം? ഭാവനയ്ക്ക്‌ പരിണതി വന്നുകഴിഞ്ഞ വലിയ വലിയ സാഹിത്യകാരന്മാർ ഏതോ ദൃശപാത്രങ്ങളെ വിജനസങ്കേതത്തിൽ അവതരിപ്പിച്ചു നിബന്ധിക്കാറുള്ള ഹൃദയസല്ലാപങ്ങൾക്കരികെ നിൽപ്പാൻ ഒട്ടും ഭയപ്പെടേണ്ടതില്ല. പ്രസ്തുത രംഗത്തിന്ന്‌. അതിനെത്തുടരുന്നത്‌ ഒരു പനിനീർപ്പൂ സമ്മാനിച്ചിട്ട്‌,

‘അച്ഛനുമമ്മയുമൽപവുമെ- ന്നിച്‌ഛയ്ക്കെതിർത്തു പറകയില്ല; സമ്മതിക്കുന്നു ഞാനൊന്നിലെങ്കിൽ സമ്മതമാണവർക്കുമപ്പോൾ, അത്രയ്ക്കു വാത്സല്യമാണവർക്കീ പുത്രിയിലെന്തിന്നു ശങ്ക പിന്നെ? '

എന്നാത്മവിശ്വാസം വെളിവാക്കി പ്രാണേശ്വരനുമായിപ്പിരിഞ്ഞുപോന്ന ചന്ദ്രിക ആ കഥ പ്രിയസഖിയായ ഭാനുമതിയെ പറഞ്ഞുകേൾപ്പിക്കുന്ന രംഗമാണ്‌. ഈ കാവ്യത്തിന്റെ വശീകരണശക്‌തി ഏറ്റവും സാന്ദ്രീഭവിച്ചുനിൽക്കുന്നതെവിടെയെന്നു ചോദിക്കുന്നതായാൽ, ഒരുപക്ഷേ, ആ രണ്ടാത്മസഖിമാർ കൈകോർത്തുപിടിച്ച്‌ അപ്സരലോകത്തിലേക്കുയരുന്ന സംഭാഷണത്തിലെന്നു പറയാം. അനുരാഗത്താൽ അത്യൂഷ്മളമായ ഒരു കന്യകാഹൃദയത്തെയും അതിനനുരോധമായി സ്പന്ദിക്കുന്നൊരു സഖീഹൃദയത്തെയും തന്മയത്വത്തോടുകൂടി ചിത്രീകരിക്കുവാൻ കവിക്കു സാധിച്ചിട്ടുണ്ട്‌. നീണ്ടും അപ്പോഴേക്കും കുറുകിയും വീണ്ടുമൊന്നു നീണ്ടും പോകുന്ന ആ വികാരഭരിതമായ സല്ലാപം ക്രമേണ ഒറ്റയൊറ്റ ഈരടികളിലായി ത്വരിതഗതിയിൽ കയറി ആ കന്യകമാരെ സാങ്കൽപി കസ്വർഗ്ഗത്തിൽ എത്തിച്ചതു കാണാനെന്തൊരു കൗതുകം! 'ലീല'യിലെ രണ്ടാംസർഗ്ഗത്തിനുശേഷം റബ്ബർപ്പന്തുകണക്കടിച്ചടിച്ചുയരുന്ന ദീപ്തവികാരം ഈ രംഗത്തിലേ കണ്ടിട്ടുള്ളു. ഇനിയും ഇനിയും എന്നാകാംക്ഷ കയറിക്കൊണ്ടിരിക്കുന്നതിനിടയ്ക്കു പെട്ടെന്ന്‌,

‘മണി പതിനൊന്നു കഴിഞ്ഞുവല്ലോ; മകളേ, നിനക്കിന്നുറക്കമില്ലേ?'

എന്നണിയറയിൽ നിന്നെത്തുന്ന ഹ്രസ്വസ്നിഗ്ദ്ധമായ മാതൃശാസനം തികച്ചും സ്വാഭാവികമായി രിക്കുന്നു. നാലാം രംഗത്തിൽ രമണമദനന്മാരുടെ മറ്റൊരു സന്ദർശനമാണ്‌. ആ അനുരാഗബന്ധം പിന്നെയും മുറുകിവരുന്നു എന്നതാണ്‌ അവരുടെ പ്രതിപാദ്യം.

'ആദർശവീണയിൽപ്പാട്ടുപാടുന്ന ര- ണ്ടാനന്ദതന്ത്രികളാണു നിങ്ങൾ! എത്താതിരിക്കുമോ, നിങ്ങൾതൻ ചാരത്തു നിത്യാനുഭൂതിതന്നംഗുലികൾ? '

എന്നിങ്ങനെ മദനൻ സോത്സാഹം ഭാവിയെ സ്വാഗതം ചെയ്യുന്നു. സംശയമെന്നൊന്ന്‌ അയാൾക്കില്ല. പക്ഷേ,

"വഞ്ചിതനാകുകയില്ലേ ഞാനിന്നിതിൻ പുഞ്ചിരി നോക്കി മദിച്ചു നിന്നാൽ?'

എന്നന്തർമ്മാരകമായി ശങ്കാവിഷം കയറിക്കയറിവരികയാണ്‌ രമണനിൽ. മറ്റിടയന്മാർ വരുന്നതുകണ്ട്‌ ആ സ്നേഹിതന്മാർ സംഭാഷണം മതിയാക്കി ആ രസികപ്പരിഷയൊന്നിച്ചു വനത്തിന്റെ വേറൊരു ഭാഗത്തേക്കുമറയുന്നതോടെ, അണിയറയിൽനിന്ന്‌,

"ഏകാന്തമാമുക, നിന്റെ രഹസ്യങ്ങൾ ലോകമ്മുഴുവനറിഞ്ഞുപോയി"

എന്നാരംഭിച്ച്‌,

"സങ്കൽപലോകമല്ലീ പ്രപഞ്ചം!"

എന്നവസാനിക്കുന്നൊരു കൊച്ചുഗാനം പുറപ്പെടുന്നത്‌ രമണനൂഹിച്ചവിധം കഥ ദുർഘടസന്ധിയിലേക്കു കടക്കുകയാണെന്നു സൂചിപ്പിക്കുന്നു. പിന്നത്തെ രംഗത്തിൽ ചന്ദ്രികാരമണന്മാരുടെ മധുരസല്ലാപങ്ങൾ- ഒരാണ്ടിനുള്ളിൽ പരിണിതമായി, പരമാസ്വാദ്യമായിത്തീർന്ന രാഗമധുരിമ വഴിഞ്ഞൊഴുകുന്ന സല്ലാപം. 'റോമിയോ ആൻഡ്‌ ജൂലിയറ്റ്‌' എന്ന ഷേക്സ്പീരിയൻ നാടകത്തിലെ ഗൃഹാന്തവാടികാരംഗത്തെ അനുസ്മരിപ്പിക്കുന്ന ഈ സന്ദർശനത്തിന്റെ അവസാനത്തിൽ ചന്ദ്രിക മാളികവിട്ടു രമണനൊന്നിച്ചിറങ്ങി വനാന്തരവിഹാരത്തിനൊരുങ്ങുന്നതും ദുഷ്പരിണാമശങ്കിയായ രമണൻ

"നിന്നെയൊരിക്കൽ ഞാൻ കൊണ്ടുപോകാ- മിന്നുവേണ്ടിന്നു വേണ്ടോമലാളേ!'

എന്നു പറഞ്ഞ്‌ ആ സംരംഭത്തെ വിലക്കുന്നതും,

"ഏകനായ്ത്തന്നിന്നാക്കാട്ടിലേക്കു പോകട്ടേ, പോകട്ടേ, ചന്ദ്രികേ, ഞാൻ! ' എന്നിറങ്ങുന്ന പ്രാണപ്രിയനെ, 'ഭാവനാലോലനായേകനായ്‌ നീ പോവുക, പോവുക, ജീവനാഥ!'

എന്ന്‌ ആ രാഗപരവശയായ കന്യക സമംഗളാശംസം യാത്രയാക്കുന്നതും രസികൻ കൽപനകൾ തന്നെ! രമണൻ പോകുന്ന പോക്കും ആ സുകുമാരരൂപത്തെ അപ്രത്യക്ഷമാകുംവരെ നോക്കിയങ്ങനെ നിൽക്കുന്ന ചന്ദ്രികയുടെ ആ നിൽപ്പും ഒന്നു കാണേണ്ടതാണ്‌. ജീവിതത്തിൽനിന്നു ചീന്തിയെടുത്ത ഒരൊന്നാന്തരം ചിത്രം. കാമുകരൂപം പച്ചപ്പടർപ്പിൽ മറയുന്നതോടുകൂടി അവളുടെ കണ്ണുകളിൽനിന്നു രണ്ടശ്രുകണങ്ങൾ അടർന്നു വീഴുന്നതും ഒപ്പം അണിയറയിൽ നിന്നു "ചന്ദ്രികേ!' എന്നൊരുവിളി ഉണ്ടാകുന്നതും രംഗസമാപ്തിയെ സുഭദ്രമാക്കിയിട്ടുണ്ട്‌. രണ്ടാം ഭാഗത്തിന്റെ ഉപക്രമരംഗം വിtiഷിച്ചൊരുമട്ടാണ്‌. പ്രകൃതിയുടെ പൂമച്ചായ വനസങ്കേതത്തിൽവെച്ചു നായികാനായകന്മാർ കൈമൈമറന്നു മേളിച്ചാനന്ദപുളകം കൊള്ളുന്നതിനെ അത്രയും കമനീയമായും എന്നാൽ അനഭിനേയമെന്നൊട്ടും തോന്നിക്കാതെയും കാണിക്കണമെന്നതാണ്‌ അവിടെ കവിക്കുദ്ദേശം. അതിനദ്ദേഹമെടുത്ത വിദ്യ മലയാളത്തിൽ നവീനവും അത്യഭിനന്ദനീയവുമായ ഒന്നാണ്‌. രമണൻ ആ വനസങ്കേതത്തിൽ ഓടക്കുഴൽ വായിച്ച്‌ ആരണ്യകലോകത്തെ 'ചാരുസംഗീതത്തിൽ മുക്കി' സകലവും വിസ്മരിച്ചങ്ങനെ നടക്കുന്നു. അണിയറയിലേക്കു തിരിഞ്ഞ്‌ അവന്റെ ആ നടപ്പിനെ ചൂണ്ടി ഒരു ഗണം ഗായകന്മാർ പാടുന്നതായിട്ടാണ്‌ രംഗാരംഭം. അവർ പൊയ്ക്കഴിയുമ്പോൾ അതാ മറ്റൊരു സംഘം ഗായകന്മാർ. അവർ കാണുന്നതു പാടിപ്പാടി,

'ഒരു പൂത്തമരത്തിന്റെ തണൽച്ചുവട്ടിൽ ഓമൽത്തൃണങ്ങൾ വിരിച്ച പട്ടിൽ, കമനീയമായൊരു കവിതപോലെ, രമണനുറങ്ങിക്കിടക്കുന്നതായിട്ടാണ്‌. അരങ്ങത്തുനിന്നണിയറയിലേക്കു നോക്കി ആ കാമുകന്റെ മധുര സ്വപ്നങ്ങളെക്കുറിച്ച്‌ അവർ പാടുന്നു. ആ സംഘത്തിന്റെ തിരോധാനത്തിനുശേഷം വനത്തിലൊരുഭാഗത്തുനിന്ന്‌ ചന്ദ്രിക പ്രവേശിച്ച്‌ രംഗത്തിന്റെ മറുഭാഗത്തുകൂടെ മറയുന്നു. ചന്ദ്രികാരമണന്മാരുടെ രഹസ്സമാഗമമായെന്നാണ്‌ അവിടെ വിവക്ഷയെന്നു പറയേണ്ടല്ലോ. താമസിയാതെ ഗായകസംഘങ്ങൾ ഒന്നിനുപിന്നിൽ മറ്റൊന്നെന്ന ക്രമത്തിൽ പ്രവേശിക്കുന്നു. രമണന്റെ ഭാഗ്യാനുഭൂതിയെക്കുറിച്ചാണ്‌ അവരുടെ സംഭാഷണം. രണ്ടാമത്തെ സംഘക്കാർ അതിനിടയ്ക്ക്‌ അണിയറയിലേക്കു സൂക്ഷിച്ചു നോക്കി, ആ കാമിനീകാമുകന്മാരുടെ ഹൃദയാനുരഞ്ജനപാരമ്യത്തിൽ വിരിഞ്ഞുവിളങ്ങിയ നിഷ്കപടലീലാകലവികൾ വാഴ്ത്തിപ്പാടി,

'ഒരിക്കലും മറക്കുകില്ലീ വനാന്തം നേരിട്ടു കണ്ടൊരീ രാഗരംഗം'

എന്നു കൃതാർത്ഥരാകുന്നു. കാനനസൗഭഗവായ്പിs\യും അതൊന്നിച്ചൊഴുകുന്ന ആയർക്കുല ജീവിതതെയും, ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നൊരു ചിത്രപംക്‌തികകൊണ്ടെന്നകണക്ക്‌ ഒന്നു കാട്ടി ഉടനെമാറ്റി അങ്ങനെ പലരംഗങ്ങളിലായി പ്രദർശിപ്പിക്കുകയും അതിനിടയിൽ മേൽപ്പറഞ്ഞ രഹസ്സമാഗമത്തെ വേണ്ടിടത്തോളം മാത്രം സമാവിഷ്കരിക്കുകയും ചെയ്യുന്ന ഈ കൽപനാവിശേഷം മഹാകവികൾക്കുപോലുമഭ്യസൂയാർഹമായ ഒന്നാണ്‌. അടുത്തരംഗത്തിൽ വെളുപ്പിനു കുളിച്ചു ദേവദർശനം കഴിഞ്ഞു മടങ്ങുന്ന ചന്ദ്രികയും ഭാനുമതിയും പ്രത്യക്ഷപ്പെടുന്നു. സംഭാഷണവിഷയം 'സംഗീതദേവതയാമൊരു ഗന്ധർവ്വ"നായ ആ കൊച്ചാട്ടിടയൻതന്നെ. ജീവിതത്തിന്‌ ഒരുത്സവമാണ്‌ അവനെന്നും,

"രോമഹർഷങ്ങൾ വിതച്ചുകൊണ്ടീവഴി- ക്കാ മദനോപമൻ പോയിടുമ്പോൾ'

താനാനന്ദനിർവ്വാണമടയുന്നുവെന്നുമൊക്കെ അവളാവർത്തിച്ചാവർത്തിച്ചു പറയുന്നു. പക്ഷേ - അതേ, ഒരു "പക്ഷേ' അവളെ വിഷമിപ്പിച്ചുതുടങ്ങിയിട്ടുണ്ട്‌. ഭാനുമതി ആ പരിണാമത്തെപ്പിടിച്ചു തോഴിയെ വിദഗ്ദ്ധമായനുശാസിക്കുന്നു. എന്തായാലും,

"മാമക ജീവിതമാകണ്ടത്തോപ്പിലാ മന്മഥ കോമളനല്ലാതാരും തേൻപെയ്യും ഗാനം പൊഴിച്ചണbnല്ലൊരു ദാമ്പത്യമാല്യവും കൈയിലേന്തി'

എന്നു ശപഥം ചെയ്‌തിട്ടേ അവളടങ്ങുന്നുള്ളു. തുടരുന്നരംഗം ചന്ദ്രികയുടെ ഗൃഹോപവനത്തിൽവെച്ചാണ്‌. സാധകബാധകങ്ങൾ സകലവും പര്യാലോചിച്ച്‌ ചന്ദ്രിക രമണനെ മാലയിട്ടുവരിക്കുന്നു. സ്വയംവരത്തിലെത്തിക്കുന്ന ആ സമാഗമത്തിന്റെ പടികളോരോന്നും സ്ഥാനസ്ഥിതമായിട്ടും അന്യോന്യഭാഷണങ്ങളുടെ ദൈർഘ്യം വികാരോജ്ജ്വലതയ്ക്കു ബാധകമായിരിക്കുന്നു. പൂർവ്വരംഗങ്ങളിൽ ഗുളികാപ്രായം മുറുകിക്കണ്ട ഹൃദ്ഭാവങ്ങൾ ഈ രംഗംതൊട്ട്‌ ആസവപ്രായം അയഞ്ഞയഞ്ഞുപോകുന്നില്ലേ എന്നൊരു തോന്നൽ. രംഗാവസാനത്തിൽ,

‘കഷ്ടമായി, നിന്നാശകളെല്ലാം വ്യർത്ഥമാണിനിച്ചന്ദ്രികേ! അസ്സുമുന്നനാമാട്ടിടയനെ വിസ്മരിക്കുവാൻ നോക്കു നീ! തവകാമലാകാശത്തിലിതാ, താവുന്നുണ്ടൊരു കാർമുകിൽ. നിശ്ചയിച്ചുകഴിഞ്ഞു, നിൻ വിവാ- ഹോത്സവത്തിൻ സമസ്തവും.’

എന്നു തിരശ്ശീലയ്ക്കു പിന്നിൽനിന്നുണ്ടാകുന്ന അറിയിപ്പ്‌ രാഗബന്ധത്താൽ അടിച്ചുകയറ്റിയ ചിറ്റാണി ഊരിത്തെറിക്കാൻ വളരെ താമസമില്ലെന്നു സൂചിപ്പിക്കുന്നുണ്ട്‌. ഇനിയത്തെ രംഗം അർദ്ധരാത്രി. ചന്ദ്രികയുടെ മണിയറയിൽവെച്ചാണ്‌. അവൾ മാത്രമേയുള്ളു. ഒരു ഭാഗത്ത്‌ സമുദായമര്യാദയും അതിനെ പരിരക്ഷിക്കുന്നതു വലിയൊരു കരണീയമായെണ്ണുന്ന പിതൃജനങ്ങളുടെ ശാസനവും. എതിർഭാഗത്ത് ആ കാമുകോത്തമനോടു പ്രതിജ്ഞാതമായ പ്രണയവുമായി ഒരു മഹാസമരം നടക്കുന്നു അവളുടെ മനസ്സിൽ. അതിന്റെ ഭിന്നഭിന്നഘട്ടങ്ങൾ ഇടയ്ക്കിടയ്ക്ക്‌ 'ടോർച്ചടിച്ചു' കാണിക്കുന്നതാണ്‌ അവളുടെ ദീർഘാത്മഗതം. അതിൽവെച്ച്‌ അവൾക്കുണ്ടാകുന്ന ഹൃദയപരിണാമം അൽപം വിചിന്തനീയമായിരിക്കുന്നു. ഏതിരുൾക്കൂമ്പാരത്തെയും രാഗരശ്മി വീശിപ്പിളർന്നു നവമായൊരു സുപ്രഭാതത്തെ സൃഷ്ടിക്കാമെന്നുറച്ച്‌ ആത്മാർപ്പണംചെയ്‌തുകഴിഞ്ഞ ഒരു നായിക പെട്ടെന്നിങ്ങനെ പിന്മാറുകയോ? യാഥാർത്ഥ്യം മറച്ചിട്ടില്ലെന്നേയുള്ളു എന്നു പറഞ്ഞേക്കാം കവി. എന്നാലും അവളെക്കൊണ്ടു കഠാരിയെടുപ്പിച്ചതു വായനക്കാരനോ പ്രേക്ഷകനോ പ്രതീക്ഷിക്കാത്തത്ര വേഗത്തിലായെന്നും അവളുടെ പിന്മാറ്റത്തിനു പ്രേരകമാകുന്ന പ്രതിപക്ഷത്തിന്റെ ശക്‌തി കാണിച്ചതു മതിയായില്ലെന്നും ഒരാവലാതിക്കിടയുണ്ട്‌. Truth is stranger than fiction (സ്വഭാവം കൽപിതത്തെക്കാളും അസംഗതമാകാം) എന്നുണ്ടല്ലോ. ഈ ഘട്ടത്തോടെ നായികയുടെ സ്വഭാവം അധഃപതിക്കുകയാണ്‌.

‘എന്തുവന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരിജ്ജീവിതം!’


എന്നൊരു തിളച്ചുമറിയുന്ന ഭോഗലാലസയായി തരം താഴുന്നു, അവളുടെ പ്രേമം. അതേവരെ പൂജിച്ചിരുന്നതൊക്കെ അവളെടുത്തുവലിച്ചെറിയുന്നു. പിതൃജനാദരവ്രതത്തിനു ബലിയോ ചന്ദ്രിക? അതു വിശ്വസിക്കാൻ കഴിയുന്നില്ല. അവൾ സ്ത്രീഹൃദയത്തിന്റെ പ്രവാഹത്തെ ഒരു രാത്രികൊണ്ടണകെട്ടി പിന്നോക്കമിറക്കിയിരിക്കുകയാണ്‌. അതിനു നാം വേണ്ടാ, അവളെകുറ്റപ്പെടുത്താൻ. അവളുടെ ഇഷ്ടതോഴി, ആ വിവേകിനിയായ ഭാനുമതിതന്നെ, അവളെ വിളിച്ചുനിർത്തി 'ക്രോസ്‌' ചെയ്യുന്നുണ്ട്‌ - ശ്രീ രാമനോടു ഞായം ചോദിക്കുന്ന വാസന്തിയുടെ വൈഭവത്തോടുകൂടി. നാലാം രംഗം നോക്കുക. അതവസാനിക്കുമ്പോൾ കുറ്റം സമുദായ നീതിക്കെന്നതിലുമധികം ചന്ദ്രികയ്ക്കുതന്നെയെന്നു സ്പഷ്ടം. ഗായക സംഘത്തിന്റെ ഉപസംഹാരം നായകനൈരാശ്യത്തിന്റെ കൊടും വിഷനാളത്തിലൂടെ വരാനിരിക്കുന്ന സംഹാരത്തിന്നുപക്രമമായിട്ടുണ്ട്‌. അഞ്ചാമംഗം വനാന്തരങ്ങളിൽനിന്നു കേൾക്കുന്ന വിഷാദപര്യാകുലമായ ഗാനംകൊണ്ടാരംഭിക്കുന്നു. ഇതുകേട്ടുണരുന്ന മദനൻ സ്നേഹിതന്റെ ദുർദ്ദശാപരിപാകത്തെക്കുറിച്ചോർത്ത്‌ മുഖം വിളറി ഒരു മരച്ചുവട്ടിൽ പൊങ്ങിനിൽക്കുന്നൊരു വേരിന്മേൽ തലയ്ക്കു കൈയുംകൊടുത്തു ചാരിയിരിക്കുകയാണ്‌. അവന്റെ സഹാനുഭൂതിയിൽനിന്ന്‌ ഒരു വ്യാകുലഗാനം പൊഴിയുന്നു. ആ ഗാനത്തോടുകൂടി മദനന്റെ സൗഹാർദ്ദത്തിന്നു വിലയൽപ്പം ഇടിയുന്നില്ലേ? ആരംഭംതൊട്ടേ രമണനിൽ നിഴലടിച്ചിരുന്ന പരാജയഭീതിയെ തടിപ്പിക്കേണ്ടെന്നു കരുതി വകതിരിവോടെ അയാളെ പ്രോത്സാഹിപ്പിച്ചുപോന്നു എന്നു വെച്ചിട്ട്‌ മദനൻ ആ രാഗകഥയിലെ അപകടസന്ധിയെപ്പറ്റി അതേവരെ ആലോചിച്ചിട്ടില്ലെന്നു വരാമോ? എന്നല്ല, അങ്ങനെയൊരു വിപരീതഗതിക്കു വിളംബമില്ലെന്നു തോന്നുമ്പോഴേക്കും,


'നീ മറഞ്ഞാലും തിരയടിക്കും,

നീലക്കുയിലേ നിൻ ഗാനമെന്നും.'


എന്നൊരാശംസയോടെ ചുമലൊഴിഞ്ഞുനിൽക്കുന്നത്‌ ഉറച്ച സൗഹാർദ്ദത്തിനിണങ്ങിയതോ? ഏതായാലും ആ നിസ്സഹായതാഗാനത്തെ രമണന്റെ പ്രവേശം വിച്ഛേദിച്ചതു നന്നായി. ഇരുപേരും കടുംദു:ഖത്തിനു പുഞ്ചിരിച്ചുകൊണ്ടു വെങ്കളിയിടുവാൻ ക്ലേശിക്കുന്നു. പിന്നെ ഒരു കൊച്ചു കുശലാനുയോഗമാണ്‌.

‘അക്കൊച്ചുതേന്മാവിൻ മൂട്ടിൽനിന്നി-

ശ്ശർക്കരമാമ്പഴം വീണുകിട്ടി;

ഞാനിതും സൂക്ഷിച്ചുവെച്ചു നിന്നെ-

ദ്ധ്യാനിച്ചിരിക്കുകയായിരുന്നു!'


എന്ന മദനോക്‌തി ഏറ്റവും ഹൃദയാവർജ്ജകമായിട്ടുണ്ട്‌. ഇടിഞ്ഞ സൗഹാർദ്ദത്തിന്ന്‌ അതു നല്ലൊരൂന്നായിരിക്കുന്നു. അപ്പുറം ആ പ്രാണമിത്രങ്ങളുടെ കരളുരുക്കുന്ന വികാര വിനിമയമാണ്‌.


‘നിസ്സാരമായൊരു പെണ്ണുമൂലം

നിത്യനിരാശയിൽ നിന്റെ കാലം

ഈവിധം പാഴാക്കുകെന്നതാണോ

ജീവിതധർമ്മം?- ഒന്നോർത്തുനോക്കു.'


എന്നിങ്ങനെ സ്നേഹത്തിന്റെ വ്രണത്തെ വിരോപണം ചെയ്യാൻ മദനൻ ശ്രമിക്കുന്നുണ്ട്‌; പക്ഷേ,


‘കഷ്ടം ! കൊതിയുണ്ടു പാടുവാനെൻ

ചിത്തമുരളി തകർന്നുപോയി!

ഇക്കണ്ണുനീരും നിരാശയുമാ-

യൊറ്റയ്ക്കു ഞാനീ വനാന്തരത്തിൽ,

ഹാ! മരണത്തിൻ സമാഗമം കാ-

ത്തീമട്ടിരുന്നു കരഞ്ഞുകൊള്ളാം!'


എന്നുവരെ മജ്ജാതന്തുക്കളെ കരണ്ടൊടുക്കിയിരിക്കുന്നു ആ വ്രണം. പിന്നെ, ഒന്നഴിച്ചുകെട്ടിയാലുണ്ടോ വാടുന്നു, ഉണങ്ങുന്നു?

ഇനിയത്തെ ഭാഗത്തിൽ രമണമദനന്മാരുടെ അന്തിമ സന്ദർശനം, ചന്ദ്രികയുടെ വിവാഹദിവസം രാവിലെ മദനന്റെ സകലകാര്യപരാമർശകമായ വിലാപം, അന്നുതന്നെ അർദ്ധരാത്രി മരണത്തെ സ്വാഗതംചെയ്യുന്ന രമണന്റെ മാനസോപപ്ലവവിജ്ഞാപനം, രമണന്റെ ജഡം കണ്ടമ്പരന്നു മിത്രമരണത്തോടു ബന്ധപ്പെട്ട സകലത്തിനോടും തട്ടിക്കയറിക്കൊണ്ടുള്ള മദനന്റെ നിലവിളി എന്നിങ്ങനെയാണു രംഗങ്ങൾ. അവയ്ക്കു പൊതുവേ ഒരു തരക്കേടു പറ്റിയിട്ടുണ്ട്‌. എത്തേണ്ടിടത്തെത്തുംമുമ്പ്‌ പൊട്ടിപ്പരക്കുന്ന അമിട്ടുപോലെയാണ്‌ ആദ്യത്തെ രംഗം രണ്ടും. കഥാഗതിയനുസരിച്ചു നടക്കാനിരിക്കുന്നതേയുള്ളു മരണം. പക്ഷേ, അനുഭവമനുസരിച്ച്‌ അതങ്ങു നടന്നുകഴിഞ്ഞതായി വെച്ചുംകൊണ്ടല്ലേ ആ രംഗത്തിലെ പ്രസ്താവനകളുടെ ഗതി എന്നു തോന്നിപ്പോകുന്നു. തീരുമാനപ്പെട്ട ഒരു സംഗതിയിൽ ഇനിയൊന്നും തനിക്കു കരണീയമായില്ലെന്നൊരു മട്ടിലാണ്‌ മദനന്റെ ദീർഘദീർഘമായ നിരൂപണം. ആ രംഗങ്ങളിലും ശരി, പാത്രങ്ങൾ കഥയുടെ പൊഴിയിൽനിന്നു തെറ്റി കലാകാരന്റെ കൈപ്പമ്പരങ്ങളായിത്തീർന്നിരിക്കുന്നു. അതിഭാഷണം - എല്ലാറ്റിലും വിശേഷിച്ച് അവസാനത്തേതിൽ - വിപരീതഫലം ചെയ്‌തിരിക്കുന്നു. ശാന്തഗംഭീരമായിത്തീരേണ്ട കരുണം പരഭാഗശോഭ കളഞ്ഞ്‌ രൗദ്രബീഭത്സഭയാനകസങ്കുലമായിപ്പോയിരിക്കുന്നു. ഇതൊരു വല്ലാത്ത അനൗചിത്യമായെന്നാരും പറയും. പക്ഷേ, കവിയുടെ ഭാഗത്തുനിന്ന്‌ അൽപം വാദിക്കാൻ വകയില്ലെന്നില്ല. ചെറുപ്പത്തിൽ തനിക്കുണ്ടായ ഒരു സുതീവ്രാനുഭവത്തെ ആ ചെറുപ്പത്തിന്റെ കത്തിക്കാളുന്ന വികാരത്തോടും ഭാവനയോടുംകൂടി രൂപപ്പെടുത്തി പ്രതിപാദിച്ചതാണിക്കാവ്യം. അതിന്റെ അന്തിമഘട്ടത്തിൽ - ദാരുണ ദാരുണമായ പരിണാമത്തിന്റെ ഘട്ടത്തിൽ - അദ്ദേഹം അനുഭവസ്മരണാകുലനായി അനീതിപക്ഷത്തോട്‌ അല്പം അരിശപ്പെട്ടുവെന്നത്‌ ഒരുവിധത്തിൽ മർഷണീയമായിരിക്കുന്നു. യാതൊരനുഭവത്തോടും കടപ്പാടില്ലാതെ കലാശിൽപ്പത്തിനൊത്തവിധത്തിൽ ഭാവനയെ സ്വരൂപിക്കാൻ തികച്ചും സ്വതന്ത്രരും സുപരീക്ഷിതവൈഭവരുമായ മഹാകവികൾ തന്നെ ഒടുക്കമെന്നല്ല, ഇടയ്ക്കിടയ്ക്കും അപകടങ്ങൾ കാണിച്ചിട്ട്‌, അതെല്ലാം ‘മാപ്പാക്കിക്കളയാ' നേയുള്ളു എന്നൗദാര്യം കാണിക്കുന്ന നമ്മുടെ സഹൃദയന്മാർക്ക്‌ അതു തീർച്ചയായും മർഷണീയമായിരിക്കും.

പ്രണയവൈഫല്യം വഴി ശോകപര്യവസിതമായ രമണജീവിതം നമ്മുടെ സഹാനുഭൂതിയെ അർഹിക്കുന്നുവോ? കാവ്യത്തിൽ കാണുന്നപടിക്ക്‌ രമണനുള്ളത്‌, ഒരാദർശത്തിനുവേണ്ടി ജീവിച്ച്‌, പരിതഃസ്ഥിതലോകം അതിനെ യഥോചിതമറിഞ്ഞഭിനന്ദിക്കുന്നില്ലെന്നു വരുമ്പോൾ കുണ്ഠിതപ്പെട്ടും പരാജയം വരിക്കുന്ന ഒരു കലാകാരന്റെ വികാരം നിറഞ്ഞ ഹൃദയമാണ്‌. തനിക്കൊരു മാഹാത്മ്യം – അനിതരസാധാരണമായൊരു മാഹാത്മ്യം- ഉണ്ടെന്നാത്മാർത്ഥമായി വിശ്വസിക്കുക. അത്‌ അർഹിക്കുന്നത്ര അഭിവന്ദിതമല്ലാതാകുമ്പോൾ മനസ്സുകൊണ്ടപകർഷപ്പെട്ടു പോവുക, ആ അപകർഷബോധം നീറിപ്പിടിച്ച്‌ ജീവിതത്തോടാകെ വല്ലാത്ത വെറുപ്പായിത്തീരുക, എന്നിട്ടു അപരാധമെല്ലാം യാഥാ സ്ഥിതികലോകത്തിന്റെ നെറുകയിൽ വെച്ചുകെട്ടി താനേ അന്തരിക്കുക - ഈ പ്രകൃതിക്കാരായ ഒരു ഗണം റൊമാന്റിക്‌ കവികളില്ലേ. രമണനെ അത്തരത്തിലൊരാളായെടുക്കാം. അഭിജാതന്മാരുടെ നീതിയാൽ പിന്തള്ളപ്പെട്ടു പിന്തള്ളപ്പെട്ട്‌ അയാൾ പൊട്ടിത്തെറിക്കാറായ ഒരഗ്നിപർവ്വതം പോലെയായി. അയാളുടെ ആത്മഹത്യ. The inevitable defeat of the ideal by the real (അനുഭവത്താൽ അവശ്യം തോൽപ്പിക്കപ്പെടുന്ന ആദർശം) എന്നതിനു ദൃഷ്ടാന്തമായിരിക്കുകയാണ്‌. ചന്ദ്രികയെ അയാൾ സ്നേഹിച്ചു. തനിക്കുള്ളതെന്തെന്നും തന്നോടെതിർത്തേക്കാവുന്ന ബഹുശ്ശക്‌തികളേവയെന്നും പലവട്ടം വെളിപ്പെടുത്തി അധികമധികം സ്നേഹിച്ചു. എന്നല്ല, സർവ്വാദർശ വിഗ്രഹമായാരാധിക്കുകയുംചെയ്‌തു- ‘ഡാന്റി' ‘ബിയട്രിസി'നെ എന്നപോലെ. ആ ഗാഢബന്ധം നിഷേധിക്കപ്പെട്ടപ്പോൾ തന്റെ സകല വൈഭവങ്ങളും - തന്റെ അസ്തിത്വം പോലും - നിഷേധിക്കപ്പെട്ടെന്നു തോന്നി; അയാളങ്ങാത്മഹത്യചെയ്‌തു.

താൻ ജീവിതചന്ദ്രികയായി പൂജിച്ച ആ ചന്ദ്രികയിൽ രമണൻ യാതൊരു കളങ്കവും കണ്ടില്ല. കാണുമെന്നു മദനൻ തന്നെ പറഞ്ഞിട്ടും അയാൾ വിശ്വസിച്ചില്ല. കാട്ടിക്കൊടുത്തിരുന്നെങ്കിലോ, കണ്ണു വഞ്ചിച്ചതായേ അയാൾ എണ്ണുമായിരുന്നുള്ളു. അയാൾ എതിർത്തത്‌ ചന്ദ്രികയുടെ മനം മാറ്റത്തോടോ? അല്ല, അഭിജാതപ്പരിഷയുടെ വ്യക്‌തിപ്രഭാവാവധീരണത്തോടാണ്‌. ആ പ്രത്യാഖ്യാനം അല്പം അർത്ഥവത്താണെന്നു സമ്മതിക്കണം. സമുദായത്തിന്‌ അതിൽനിന്നൊരുപാഠം പഠിക്കാനുണ്ട്‌. പക്ഷേ, ഒരു പ്രണയവൈഫല്യത്തിന്റെ പേരിൽ- മറുഭാഗത്തെ വികാരസ്ഫുരിതമായ അഭിനന്ദനത്തെ, ‘റൊനി' അഭിപ്രായപ്പെടുമ്പോലെ ആദർശപ്രേമത്തിന്റെ പര്യായമായി തെറ്റിദ്ധരിച്ചി ട്ടുണ്ടായൊരു പ്രണയനൈരാശ്യത്തിന്റെ പേരിൽ - സ്വജീവിതത്തെ ഹനിച്ച്‌ സമുദായഭർത്സനം ചെയ്യുന്നത്‌ എത്രത്തോളം ഫലവത്താണ്‌? അതിലും ഭേദം ഒരുപടി യാഥാർത്ഥ്യങ്ങളിലേക്കിറങ്ങി നിന്ന്‌ പൗരുഷത്തോടെ നീതി പരിഷ്കാരത്തിന്നുവേണ്ടി പൊരുതുന്നതല്ലേ? പക്ഷേ, അതിനുവേണ്ട മനോബലം - സംസ്കാരത്തിൽ കാച്ചിയെടുത്ത മനോബലം - രമണനില്ലാതെപോയി.

‘കണ്ണു നീരോടെതിർത്തുനിൽക്കുവാൻ കർമ്മധീരനുമല്ലവൻ.'

കർമ്മവിരക്‌തി – അതു രമണനെപ്പോലുള്ള ഒരുഗണം റൊമാന്റിക്‌ കവികളുടെ ഭാഗ്യക്കേടാണ്‌. ചുരുക്കത്തിൽ രമണന്റെ പരാജയസമ്മതം അയാളുടെ പ്രായത്തിനും പ്രകൃതിക്കും ഒത്തതായെന്നേയുള്ളു. Life, which is a comedy for those who think, is a tragedy for those who feel - Walpole (ജീവിതം വിചാരശീലന്മാർക്കു ശുഭാന്തമാണെങ്കിൽ വികാരഭരിതന്മാർക്ക്‌ അശുഭാന്തമാണ്‌.) കഥയുടെ ചുരുൾ അഴിഞ്ഞുപോകുന്തോറും രമണന്റെ ആദർശോന്മുമായ ആത്മവത്തയും അതു വിലമതിക്കപ്പെടാത്തതിനാൽ അകത്തു പുകഞ്ഞുകൊണ്ടിരുന്ന വിഷാദവും അവ തമ്മിൽ മത്സരിച്ചു ദുർമ്മരണത്തിലെത്തിച്ച ജീവിതവും യഥാരൂപം പ്രദർശിതമാകുന്നതിനാൽ സഹൃദയന്മാർക്ക്‌ അയാളോടുണ്ടാകുന്ന സഹതാപത്തെ അടിസ്ഥാനപ്പെടുത്തി ഈ കാവ്യം ഒരു യഥാർത്ഥവിലാപകൃതിയുടെ ഫലം ചെയ്യുന്നുണ്ടെന്നു പറയാം. ഒരു നാടകീയാരണ്യകകാവ്യത്തിന്റെ രൂപത്തിൽ ഒളിഞ്ഞുനിന്നതുകൊണ്ട്‌ നായകോത്കർഷം മങ്ങിപ്പോയിട്ടില്ല. വിലപിക്കുന്ന വന്റെ ആത്മവിശുദ്ധിക്കു കോട്ടം തട്ടിയിട്ടുമില്ല. അന്തിമഖണ്ഡത്തിൽ മദനന്റെ രോദനങ്ങൾ വേറിട്ടുനിൽക്കുന്ന വിലാപങ്ങളാവുകയും എന്നാൽ കഥയാൽ ജാഗരിതമായ ശോകത്തെ ശക്‌തിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. ദുരന്തത്തെ കണ്ടുംകൊണ്ടുനിന്നു പൊട്ടിപ്പിളരുന്ന ഒരു മിത്രമനസ്സിന്റെ വിലാപം വികാരവിപ്ലവമായിരിക്കുമെങ്കിൽ പൂർണ്ണമായും അതായിട്ടുണ്ട്‌, മദനന്റെ രോദനം. സംഭവത്തിൽനിന്നു കുറെ അകന്ന്‌ വികാരത്തെ സംയമനം ചെയ്‌തു നല്ലൊരു വിചിന്തനത്തിന്റെ ഫലമായെഴുതുന്ന വിലാപകൃതികളിലെ ഒഴിച്ചാലും ഒഴിയാത്ത കൃത്രിമത മദനോക്‌തികൾക്ക്‌ പറ്റിയിട്ടില്ല. പക്ഷേ, വികാരത്തിന്റെ പരക്കം പാച്ചിലിൽ മനുഷ്യന്റെ കനക്കുറവു കാണിക്കുന്ന കുറെ പ്രലപനങ്ങൾ വന്നുപോയിട്ടുണ്ട്‌. നായകൻ ഏതൊരു നീതിസംഹിതയുടെനേരെ ഊർദ്ധ്വശ്വാസംകൊണ്ടൊരു ചോദ്യചിഹ്നമുയർത്തിയോ, അതിന്റെ സവിസ്തരമായ ഭാഷ്യമാണ്‌ ആ പ്രലപനങ്ങളെന്നിരുന്നാലും അവ കാവ്യശിൽപത്തിന്റെ വെടിപ്പൊന്നു കുറച്ചിരിക്കുന്നു. ശ്രീ ചങ്ങമ്പുഴയുടെ ശൈലിക്കു പേർപെറ്റ ചില മേന്മകളുണ്ട്‌ - കർണ്ണം കുളുർപ്പിക്കുന്ന സംഗീതമാധുര്യവും കണ്ണഞ്ചിക്കുന്ന രൂപപ്പൊലിമയും ഹൃദയം കവരുന്ന സാരള്യവും ബാല്യകൃതിയായ രമണനിൽത്തന്നെ തെളിഞ്ഞിട്ടുണ്ട്‌ അവയെല്ലാം. നോക്കുക:

‘കണ്ടിട്ടില്ല ഞാനീവിധം മലർ-

ച്ചെണ്ടുപോലൊരു മാനസം.

എന്തൊരദ്ഭുതപ്രേമസൗഭഗം!

എന്തൊരാദർശസൗരഭം!

ആ നിധി നേടാനാകയാൽ, സഖി,

ഞാനൊരു ഭാഗ്യശാലിനി!

സിദ്ധിയാണവൻ ശുദ്ധിയാണവൻ

സത്യസന്ധതയാണവൻ!

വിത്തമെന്തിനു, വിദ്യയെന്തിനാ

വിദ്യുതാംഗനു വേറിനി?

ആടുമേയ്ക്കലും കാടകങ്ങളിൽ-

പ്പാടിയാടിനടക്കലും

ഒറ്റഞ്ഞെട്ടിൽ വിടർന്നു സൗരഭം

മുറ്റിടും രണ്ടു പൂക്കൾപോൽ,

പ്രാണസോദരനായിടുമൊരു

ഗാനലോലനാം തോഴനും

വിശ്രമിക്കാൻ തണലെഴുമോരോ

പച്ചക്കുന്നും വനങ്ങളും

നിത്യശാന്തിയും തൃപ്തിയും രാഗ-

സക്‌തിയും മനശുദ്ധിയും-

ചിന്തതൻ നിഴൽപ്പാടു വീഴാത്തോ-

രെന്തു മോഹന ജീവിതം!'


  • * *


'അവനിയിൽ ഞാനാരൊരാട്ടിടയൻ

അവഗണിതൈകാന്തജീവിതാപ്തൻ!

പുഴകളും കാടും മലയുമായി-

ക്കഴിയും വെറുമൊരധഃപതിതൻ!

അവളോ-വിശാലഭാഗ്യാതിരേക-

പ്പവിഴപ്പൂങ്കാവിലെ രത്നവല്ലി!

കനകവസന്തത്തോടൊത്തുകൂടി-

ക്കതിരിട്ടുനിൽക്കേണ്ടും കൽപവല്ലി!'


  • * *

‘നിശിത മദ്ധ്യാഹ്നമാക്കാനനത്തിൻ-

നിറുകയിൽത്തീമഴ പെയ്‌തു നിൽക്കേ!

അവിടത്തെച്‌ഛാ‍യാതലങ്ങൾ, കാൺകെ-

ന്തനുപമശീതളകോമളങ്ങൾ!'


ദ്രാവിഡശീലുകളിൽ സംഗീതം പകർന്നുകൊടുക്കുന്നതിൽ ഇത്രകാലേ ഒന്നാംസമ്മാനം വാങ്ങിയ കവി വേറെയില്ലെന്നുവേണം പറയാൻ. നയനാവർജ്ജകമാംവണ്ണം വികാരങ്ങൾക്കു തങ്കരേക്കിട്ടു രൂപംകൊടുക്കുന്നതിനും ശ്രീ ചങ്ങമ്പുഴയ്ക്ക്‌ നല്ല മിടുക്കുണ്ട്‌. വേണ്ടിടത്തേ അതുചെയ്യാറുള്ളു. പക്ഷേ, ഇതിലുമധികം അദ്ദേഹത്തിന്റെ ശൈലിയെ സമകാലികന്മാരിൽനിന്നു വേർതിരിച്ചുത്കർഷപ്പെടുത്തുന്നത്‌ അതിന്റെ സാരള്യമാണ്‌. പറയാനുള്ളത്‌ അദ്ദേഹമങ്ങു പറഞ്ഞാൽ ഉടനെ മനസ്സിലാകുന്നു. അതാണ്‌ പലരെയും അന്ധാളിപ്പിക്കുമാറ്‌ അദ്ദേഹത്തിന്റെ കൃതികൾ സാധാരണന്മാർക്കിടയിൽക്കൂടി ചുഴിഞ്ഞിറങ്ങുന്നതിനിടയാക്കിയ ഹേതുക്കളിൽ പ്രധാനം. വിവക്ഷിതത്തിന്റെ വാക്കെന്നല്ലാതെ വാക്കിന്റെ വിവക്ഷിതം എന്ന നയം അദ്ദേഹത്തെ ബാധിച്ചിട്ടില്ലെന്നു തോന്നുന്നു. അദ്ദേഹം പഴമക്കാരുടെ നോട്ടത്തിൽ വ്യുത്പന്നനോ? അല്ലെന്നേ കാവ്യങ്ങൾ വിളിച്ചുപറകയുള്ളു. അതോ, മലയാളികൽക്കൊരനുഗ്രഹവുമായി. ലിംഗശ്ലേഷങ്ങൾക്കരികെ കുന്തിച്ചിരുന്നു യാതൊരു ഹൃദയസാത്മ്യവുമില്ലാത്ത ഒരുവക മായികാർത്ഥങ്ങൾ ഞെക്കിത്തുറുപ്പിച്ച്‌ അതൊരു വലിയ കലാവിദ്യയാണെന്നു ദുർവ്വാശിപിടിച്ച്‌, സാഹിത്യത്തിനുവേണ്ടി അത്യാർത്തിയോടെ വരുന്ന പാവപ്പെട്ട മലയാളികളെ അമ്പരപ്പിക്കാനും വഞ്ചിക്കാനും അദ്ദേഹത്തിനു തോന്നിയില്ലല്ലോ എന്നോർത്താണ്‌ അനുഗ്രഹമെന്നു പറഞ്ഞത്‌. പിന്നെ അർത്ഥസാന്ദ്രിമയുടെ കാര്യം ------ ധ്വനി ദീക്ഷകൊണ്ടുണ്ടാകേണ്ടതുതന്നെ. അതിലദ്ദേഹത്തിനു നിഷ്കർഷം ഇനി വരേണ്ടതായിട്ടാണിരിപ്പ്‌. പക്ഷേ, അതൊരുപോരായ്മയല്ല. ഇക്കാവ്യത്തിൽ നാടകീയമാണല്ലോ രൂപം. പാത്രഭാഷണങ്ങളിൽ തുറന്നുപറയലുകൾക്കാണ്‌ അധികം ഔചിത്യമെന്നു പ്രസിദ്ധം. ഒന്നും രണ്ടും ഭാഗങ്ങളിൽ സംഭാഷണങ്ങൾ ഓരോന്നിന്നും ആകപ്പാടെ ഒരടുക്കുണ്ട്‌. ധ്വനികാര്യത്തിന്റെ ഒരെത്തിനോട്ടം തന്നെ. അപ്പുറത്തേക്കു കടന്നപ്പോൾ പറഞ്ഞുപറഞ്ഞങ്ങേറിപ്പോയി. ഗ്രാമീണസൗന്ദര്യപ്പുളപ്പിന്റെ ഒരു പശ്ചാത്തലമൊരുക്കുക. അതിൽ ഗ്രാമീണാനുരാഗകഥയുടെ കോരിത്തരിപ്പിക്കുന്ന രംഗങ്ങൾ സ്വരൂപിച്ച്‌ യഥാസ്ഥാനം വിനിവേശിപ്പിക്കുക, പാത്രങ്ങളെയും കർമ്മഭാവങ്ങളെയും അത്യപായകരമായി ഔചിത്യക്ഷതി പറ്റാത്തവിധം ഇണക്കിക്കൊള്ളിക്കുക, യവനനാടകങ്ങളിലെ 'കോറസ്‌' പോലുള്ള ഗായകസംഘങ്ങളെക്കൊണ്ടിടക്കൊളുത്തിടുവിച്ചു കഥയെ സുഘടിതാവയവമാക്കുക -- ഇത്രയും ഈ കാവ്യത്തിലെ നേട്ടങ്ങളാണ്‌. യൂറോപ്യൻ സാഹിത്യത്തിൽനിന്ന്‌ ആരണ്യകകാവ്യങ്ങളുടെ കമനീയശിൽപ്പത്തെ നമ്മുടെഭാഷയിലേക്കൊന്നാമതായി അവതരിപ്പിച്ചത്‌ രമണന്റെ കർത്താവാണ്‌. അദ്ദേഹം തന്റെ ഏതാനും അനന്തരകൃതികളിൽ ആ കലാസമ്പ്രദായത്തെ അവഗണിക്കാൻ വയ്യാത്തൊരു സാഹിത്യവിഭാഗമാക്കത്തക്കവണ്ണം പരിപോഷിപ്പിച്ചിട്ടുണ്ട്‌. പല കാവ്യങ്ങളും പഴയ കോലങ്ങൾതന്നെ. പിന്നെയും പിന്നെയും ചായംതേച്ചുഴിഞ്ഞു വെയ്ക്കുന്നതിൽ മാത്രം മനസ്സിരുത്തിക്കൊണ്ടിരിക്കെ പുതിയൊരു കലാരൂപം ഇത്രയും പണിക്കുറ്റം തീർത്തുതന്നതിൽ ശ്രീ ചങ്ങമ്പുഴയ്ക്കു ശകാരമല്ലാതെ മറ്റൊന്നും അവകാശപ്പെടാനില്ലെന്നോ? അദ്ദേഹം ചെയ്‌തതെന്തെന്നു കാണാൻ കണ്ണില്ലാതെ, അല്ലെങ്കിൽ മനസ്സില്ലാതെ, അദ്ദേഹം ‘എന്തു ചെയ്‌തു, എന്തു ചെയ്‌തു' എന്ന്‌ വെല്ലുവിളിക്കുന്നവർ ഒരാവേശത്തിന്ന്‌ അങ്ങനെ പറയുമായിരിക്കും. വാസ്തവത്തിൽ ആ അഭിനവകലാരൂപം തീരെ കൊള്ളരുതാത്തൊന്നാണെന്നു തെളിയിക്കപ്പെ ടാത്ത കാലംവരെ അതൊരു അസഹിഷ്ണുതയുടെ വെറും പിടുത്തമായേ തീരു. മനുഷ്യന്റെ വികാരാംശത്തെപ്പോലെതന്നെ വിചാരാംശത്തെയും ഉജ്ജീവിപ്പിക്കുന്ന സാംസ്കാരികമായൊരു സിദ്ധൗഷധമല്ലായിരിക്കാം രമണൻ. പക്ഷേ, കരുണത്തിൽപ്പോയി തലതല്ലുന്ന ശൃംഗാരത്തെ തട്ടി ത്തടഞ്ഞനൗചിത്യങ്ങളിൽ വീണു കുട്ടിച്ചോറാകാതെ, നാവിൽ വെള്ളം തെളിയിക്കുന്ന ഭോഗലാലസയായി തരം താഴാതെ, ഉപനിബന്ധിക്കുവാൻ നല്ലചോരത്തിളപ്പുള്ളൊരു കവിക്കും വേണമെന്നു വെച്ചാൽ കഴിയുമെന്നതിനു രമണൻ നിദർശനമായിരിക്കുന്നുണ്ട്‌. എനിക്ക്‌ അതിലെ വികാരം 'രാധയുടെ കൃതാർത്ഥത' വരെയുള്ള സുപ്രഥിത കൃതികളിലേതോളം തന്നെ വൈഷയികമായി തോന്നിയിട്ടില്ല.

ജോസഫ്‌ മുണ്ടശ്ശേരി.

തൃശ്ശിവപേരൂർ

1945 ആഗസ്റ്റ്‌

"https://ml.wikisource.org/w/index.php?title=രമണൻ/അവതാരിക&oldid=52424" എന്ന താളിൽനിന്ന് ശേഖരിച്ചത്